ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 96
രചന: റിൻസി പ്രിൻസ്
അവൾ അലമാരി തുറന്ന് ഒരു ബോക്സ് എടുത്ത് അവന് നേരെ നീട്ടി. അത് തുറന്നതും അവൻ ഞെട്ടി പോയിരുന്നു.
” ഓർമ്മയുണ്ടോ ഇത്..?
.അവൾ ചോദിച്ചപ്പോൾ അവൻ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി
അതുകണ്ട് ഒരു നിമിഷം അവനും അമ്പരന്നു പോയിരുന്നു. പണ്ടെപ്പോഴോ ക്രിസ്മസ് ഫ്രണ്ടിന് നൽകുവാൻ വേണ്ടി താൻ വാങ്ങിയ ഉണ്ണീശോയുടെ രൂപമാണ് അത്. അന്ന് അവൾ ആയിരുന്നു എന്റെ ക്രിസ്മസ് ഫ്രണ്ട്. വളരെ ഭദ്രമായി അതിന്റെ കവർ പോലും പൊട്ടിക്കാതെ മനോഹരമായി സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും അത് പുതിയതാണെന്ന് മാത്രമേ പറയുകയുള്ളൂ.
” ഇത് അന്ന് ഞാൻ തനിക്ക് തന്ന ക്രിസ്മസ് സമ്മാനമല്ലേ..?
ഓർമിച്ചുകൊണ്ട് അവൻ ചോദിച്ചു.
” അതെ ഇച്ചായൻ എനിക്ക് ആദ്യമായിട്ട് തന്ന സമ്മാനം, അതങ്ങനെ മറക്കാൻ പറ്റുമോ.?
“താൻ ഇതൊക്കെ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ടോ.?
വിശ്വസിക്കാൻ കഴിയാതെ അവൻ ചോദിച്ചു
” ഇതു മാത്രമല്ല ഒരുപാട് കാര്യങ്ങൾ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.. പക്ഷേ കാണാൻ പറ്റുന്നത് ഇതു മാത്രമാണെന്ന് മാത്രം, ബാക്കിയൊക്കെ എന്റെ മനസ്സിൽ ആണ്… അന്ന് റിയ ചേച്ചി എന്നെ പറഞ്ഞ് പറ്റിക്കുന്ന സമയത്ത് ഞാൻ വിചാരിച്ചിട്ടുണ്ട് എനിക്ക് ഒരുപാട് സമ്മാനങ്ങൾ ഒക്കെ റിയ ചേച്ചിയുടെ കയ്യിൽ കൊടുത്തു വിടും അതൊക്കെ സൂക്ഷിച്ചുവെച്ച് ഒരുപാട് നാൾ കഴിയുമ്പോൾ നമ്മുടെ കല്യാണം ഒക്കെ കഴിഞ്ഞ് നമ്മുടെ കുട്ടികളെയൊക്കെ കാണിച്ചു കൊടുക്കണം എന്നായിരുന്നു.. പിന്നല്ലേ അതൊന്നും സത്യമല്ലായിരുന്നു എന്ന് അറിഞ്ഞത്, പിന്നെ എന്റെ കയ്യിൽ ഇച്ചായൻ തന്നതായിട്ട് ആകെ ഉണ്ടായിരുന്നത് ഈ ഒരു രൂപം മാത്രമാണ്. നമ്മൾ തമ്മിൽ ഒരുമിക്കും എന്നൊന്നും പ്രതീക്ഷയുണ്ടായിട്ട് ഞാൻ കാത്തുസൂക്ഷിച്ചു വെച്ചതല്ലാട്ടോ, മനസ്സ് പറഞ്ഞു അത് സൂക്ഷിച്ചുവയ്ക്കാൻ, അതുകൊണ്ട് നന്നായി ഒന്ന് സർപ്രൈസ് ആയില്ലേ..?
അവൾ അത് പറഞ്ഞപ്പോൾ ചെറു ചിരിയോടെ അവൻ അവളെ തന്നോട് ചേർത്തുനിർത്തി.. ആ നിമിഷം തന്നെ അവളുടെ നെറ്റിയിൽ അവൻ ഒരു ചുംബനം നൽകുകയും ചെയ്തു..
“ഐ ലവ് യു…..
ഹൃദയത്തിൽ തട്ടിയാണ് അവനത് പറഞ്ഞത് എന്ന് അവൾക്ക് മനസിലായി… നനഞ്ഞു തുടങ്ങിയ അവന്റെ കണ്ണുകളിൽ നിന്നും അത് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചു.. ആ നിമിഷം തന്നെ അവളും അവനെ തിരികെ പുണർന്നിരുന്നു കുറച്ചുസമയം സ്വയം മറന്ന് രണ്ടാളും അങ്ങനെ നിന്നു.
പുറത്തു നിന്നും ഡോറിൽ സാലി തട്ടിയപ്പോഴാണ് സമയം ഒരുപാട് ആയി എന്ന് രണ്ടുപേർക്കും മനസ്സിലാക്കാൻ സാധിച്ചത്. അതോടെ രണ്ടുപേരും പുറത്തേക്കിറങ്ങി പോയിരുന്നു. വല്യമ്മച്ചി ഇരുവർക്കും വേണ്ടി എല്ലും കപ്പയും ഒക്കെ ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു. വളരെ സന്തോഷത്തോടെ എല്ലാവർക്കും ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് തമാശകളൊക്കെ പറഞ്ഞ് വൈകുന്നേരം ആണ് രണ്ടുപേരും അവിടെ നിന്നും തിരികെ സാമിന്റെ വീട്ടിലേക്ക് ചെന്നത്.. അവിടെ ചെന്നപ്പോൾ പിന്നെ ശ്വേതയുടെ വീട്ടിലെ വിശേഷങ്ങൾ ചോദിക്കലും പറച്ചിലും ഒക്കെയായി കുറെ സമയം പോയിരുന്നു. വലിയ പ്രത്യേകതകൾ ഒന്നുമില്ലാതെ അന്നത്തെ ദിവസവും കടന്നുപോയി…
രാത്രിയിൽ സാലിയോട് ഫോൺ വിളിച്ച് സംസാരിച്ചുകൊണ്ടിരുന്ന ശ്വേതയുടെ മടിയിലേക്ക് ഏറെ ക്ഷീണത്തോടെ സാം വന്ന് കിടന്നിരുന്നു. അവളുടെ കൈയെടുത്ത് തലമുടിയുടെ മുകളിലേക്ക് വച്ചുകൊണ്ട് മസാജ് ചെയ്യാൻ അവൻ ആക്ഷൻ കാണിച്ചു… ഫോണിൽ സംസാരിക്കുന്നതിനിടയിൽ തന്നെ അവളുടെ നീണ്ട വിരലുകൾ അവന്റെ മുടിയിഴകളിൽ മസാജ് ചെയ്ത് കടന്നുപോയി..പെട്ടെന്ന് തന്നെ ഫോൺ സംഭാഷണം അവസാനിപ്പിച്ച് അവൾ അവന്റെ മുഖത്തേക്ക് നോക്കി,
” തലവേദനയുണ്ടോ..? തലവേദന ഒന്നുമില്ല, പക്ഷേ നല്ല സുഖം ഇങ്ങനെ ചെയ്യുമ്പോൾ…
“ഓഹോ… പിന്നെ എന്റെ ലീവ് ഒക്കെ തീരാറായി, കഷ്ടി ഒരാഴ്ചയും കൂടി കാണും. അതിനുള്ളിൽ വിരുന്നു പോക്കും പരിപാടിയൊക്കെ തീരുമായിരിക്കും അല്ലേ…?
ശ്വേത ചോദിച്ചു
” അതിനുള്ളിൽ നമുക്കെല്ലാം തീർക്കാം എനിക്കും അധികം ലീവില്ല, വിരുന്നുപോകും കാര്യങ്ങളും ഒക്കെ തീർത്ത് നമുക്ക് മുന്നോട്ട് ജീവിതത്തിലേക്ക് കടക്കണം എങ്കിൽ കുറച്ച് പൈസയുടെ ആവശ്യം കൂടി വരും, അതുകൊണ്ട് ഇനിയും അവധിയെടുത്താൽ ശരിയാവില്ല സാലറി ഇല്ലാത്തതുകൊണ്ട് കാര്യങ്ങൾ പലതും പെന്റിംഗ് ആണ്… പപ്പായുടെ ഡയാലിസിനൊക്കെ നമ്മൾ ഇവിടെ തന്നെ നിന്നാൽ ശരിയാവില്ല,
സാം പറഞ്ഞു
” അതോർത്ത് ടെൻഷനാവേണ്ട അത്യാവശ്യം ക്യാഷ് ഒക്കെ എന്റെ അക്കൗണ്ടിൽ ഉണ്ട്, നമുക്ക് അത്യാവശ്യത്തിനുവേണ്ടി അത് എടുക്കാം, ഞാനങ്ങനെ പൈസ ഒരുപാട് ചെലവാക്കിയിട്ടില്ല.
“ഇപ്പോൾ അതൊന്നും വേണ്ട, ആവശ്യം വരുന്ന സമയത്ത് ചിന്തിച്ചാൽ പോരെ, ഇപ്പോൾ അത്രയ്ക്ക് ബുദ്ധിമുട്ടില്ല, അല്ലെങ്കിലും എനിക്ക് തന്റെ എന്റെ എന്നുള്ള വ്യത്യാസം ഒന്നുമില്ല, താൻ കുറച്ചു ക്യാഷ് തന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി കൊടുക്കണം, നമ്മൾ പോയാലും ഉടനെ വരോവൊന്നും നടക്കില്ല. തന്റെ അമ്മ ചിലപ്പോൾ ഇനി തന്നോട് ചോദിക്കാനും മടിക്കും.. തന്നെ ഒരുപാട് കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ചത് അല്ലേ, ഒരിക്കലും അമ്മയെ മറക്കാൻ പാടില്ല,
സാം പറഞ്ഞു…
“അക്കൗണ്ടിലേക്ക് ഒരു വർഷത്തേക്ക് ആവശ്യമുള്ള തുക ഞാൻ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് ഞാൻ
കല്യാണത്തിന് ഒരുങ്ങിയത് തന്നെ, അല്ലെങ്കിൽ ഒരു കാര്യവും പിന്നെ അമ്മ പറയില്ല.. അവന്റെ പഠിപ്പിനുള്ള ഫീസും കാര്യങ്ങളുമൊക്കെ നേരത്തെ തന്നെ അടച്ചിട്ടുണ്ട്.. എനിക്കറിയാം എന്നെ അമ്മ എത്രത്തോളം കഷ്ടപ്പെട്ടാണ് വളർത്തിയത് എന്ന്..
” നന്നായി എനിക്ക് അറിയാം, അല്ലെങ്കിലും കല്യാണം കഴിഞ്ഞു വീട്ടുകാരെ മറക്കേണ്ട കാര്യമൊന്നുമില്ല. പലരുടെയും വിചാരം കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടും വീട്ടുകാരും മാത്രം മതിയെന്ന് ആണ്.. ഞാൻ അങ്ങനെ ചിന്തിക്കുന്ന കൂട്ടത്തിൽ അല്ല, അത് തനിക്ക് അറിയാം എന്നുള്ള ഒരു വിശ്വാസം എനിക്കുണ്ട്. ലീവ് തീരാറായി നമുക്ക് തിരിച്ചു പോകണം എന്ന് ഞാൻ മമ്മിയോടും പറഞ്ഞിരുന്നു, അപ്പോൾ മമ്മിയും പറയുന്നത് ലീവ് കളയണ്ട നമ്മുടെ ലൈഫിലും ഇനി ആവശ്യങ്ങളൊക്കെ വരും എന്ന് ആണ്… അപ്പൊൾ പിന്നെ ലീവ് ഒന്നും കിട്ടില്ലന്ന്
“അതെന്താ ആവശ്യങ്ങൾ..?
മനസ്സിലാവാതെ ശ്വേത ചോദിച്ചു
“എടി ബുദ്ധു…. നമ്മളെ കല്യാണം ഒക്കെ കഴിച്ചില്ലേ ഇനി ചില ആളുകൾ ഒക്കെ നമ്മുടെ ലൈഫിലേക്ക് കടന്നുവരും, കുറച്ചു നാൾ കഴിയുമ്പോൾ ഒരു കൊച്ചു ശ്വേതയോ കൊച്ചുസാമോ ഒക്കെ വരുമ്പോൾ നമുക്ക് അറിയാൻ പറ്റില്ലല്ലോ ബെഡ് റെസ്റ്റ് വേണോ? ലീവ് എടുക്കേണ്ടി വരുമോ എന്നൊക്കെ, അപ്പോഴേക്കും എന്തെങ്കിലുമൊക്കെ കരുതൽ വേണ്ട, അത് ഉദ്ദേശിച്ചാണ് മമ്മി അങ്ങനെ പറഞ്ഞത്.
” ഒന്നു പോയെ ഇച്ചായ കല്യാണം കഴിഞ്ഞ് ഇത്രയ്ക്ക് ഇത്ര ദിവസമേ ആയിട്ടുള്ളൂ. അപ്പോഴേക്കും എന്തൊക്കെയാണ് പറയുന്നത്. നാണത്തോടെ അവൾ പറഞ്ഞപ്പോൾ അവൻ അവളുടെ മുഖത്തിന് അരികിലേക്ക് മുഖം ചേർത്ത് വച്ചുകൊണ്ട് ചോദിച്ചു,
” തനിക്ക് വല്ല ഫാമിലി പ്ലാനിങ് ഉണ്ടോ…? രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് മതി കുട്ടികൾ എന്നോ മറ്റോ..?
സാം ചോദിച്ചു…
“ഞാൻ അതിനെക്കുറിച്ച് ഒന്നും ചിന്തിച്ചിട്ട് പോലുമില്ല, കർത്താവ് നമുക്ക് എപ്പോഴാണോ ഒരു കുഞ്ഞിനെ തരാൻ ആഗ്രഹിക്കുന്നത് അപ്പൊ തന്നോട്ടെ, അതിപ്പോ എപ്പോഴാണെങ്കിലും ഞാൻ ഓക്കെയ അല്ലാതെ ഒരു വർഷം കഴിഞ്ഞെന്നോ രണ്ടു വർഷം കഴിഞ്ഞെന്നോ അങ്ങനെയുള്ള ലിമിറ്റേഷൻസ് ഒന്നും എനിക്കില്ല… നമുക്കൊരു കുഞ്ഞിനെ തരണമെന്ന് ദൈവം തോന്നിക്കുമ്പോ തന്നോട്ടെ,
” ഹോ സമാധാനമായി..!
ആശ്വാസത്തോടെ അവൻ പറഞ്ഞപ്പോൾ അവൾ മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി,
“പപ്പയ്ക്ക് ഒക്കെ വയ്യാതിരിക്കല്ലേ മമ്മിക്ക് എന്നോട് പറയാൻ മടിയുണ്ടാവും, എങ്കിലും എന്നോട് ഇങ്ങനെ സൂചിപ്പിച്ചു, നിങ്ങൾക്ക് എന്തെങ്കിലും ഫാമിലി പ്ലാനിങ് ഉണ്ടോ സെറ്റിൽ ആയിട്ട് മതി കുട്ടികളെന്ന് ആഗ്രഹം ഉണ്ടോ എന്നൊക്കെ, കല്യാണം കഴിഞ്ഞ് ഉടനെ തന്നെ അങ്ങനെ ചോദിക്കുന്നത് ശരിയല്ലെന്ന് മമ്മിക്കറിയാം, പക്ഷേ എനിക്കറിയാം പപ്പയുടെ മനസ്സിലെ അങ്ങനെ ഒരു ആഗ്രഹം ഉണ്ടാവും. അതുകൊണ്ടാവും മമ്മി അങ്ങനെ സംസാരിച്ചത് തന്നോട് സംസാരിക്കാൻ പറ്റില്ലല്ലോ ഇക്കാര്യത്തെക്കുറിച്ച്,
” എന്നിട്ട് എന്തു പറഞ്ഞു, ഞാനെന്തു പറയാൻ കല്യാണം കഴിഞ്ഞ് ഒരാഴ്ച പോലും ആവുന്നതിനു മുൻപ് ഇങ്ങനെ ചോദിക്കാൻ നാണമില്ലേ എന്ന് ചോദിച്ചു, അപ്പോൾ മമ്മി ഒന്നും പറഞ്ഞില്ല..
” അതെന്തിനാ അങ്ങനെ ചോദിച്ചത്, മമ്മിയ്ക്ക് വിഷമമായി കാണില്ലേ
“വിഷമം ഒന്നും കാണില്ല, മമ്മിക്കറിയാം ഞാൻ ഇങ്ങനെ തറുതല നിറഞ്ഞ മറുപടി മാത്രമേ പറയുന്നുള്ളൂ, പിന്നെ ഇക്കാര്യത്തിൽ എനിക്ക് തന്നെ അഭിപ്രായം പറയാൻ പറ്റില്ലല്ലോ. തന്റെ ഭാഗം കൂടി ചിന്തിക്കേണ്ട, ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഒരുപാട് അബീഷ്യൻസ് ഉണ്ടാവില്ലേ മാത്രമല്ല ഏത് കാര്യത്തിലും തന്റെ ഒപ്പീനിയൻ കൂടി അറിഞ്ഞിട്ട് മുന്നോട്ട് പോകുന്നതാണ് എനിക്കിഷ്ടം, അല്ലാതെ ഞാൻ ഒരു കാര്യം തീരുമാനിക്കുന്നു. താനത് അനുസരിക്കുന്നു. ആ ഒരു ലെവൽ എനിക്കിഷ്ടമല്ല, തനിക്ക് പ്രത്യേകിച്ച് പ്ലാനിങ്സ് ഒന്നുമില്ലാത്ത സ്ഥിതിക്ക് നമുക്ക് രണ്ടുപേർക്കും മുട്ടിപ്പായിട്ട് കർത്താവിനോട് പ്രാർത്ഥിക്കാം പിന്നെ നമുക്ക് ചെയ്യാവുന്നതൊക്കെ ചെയ്യുകയും ചെയ്യാം…
ഒരു കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് ചിരിയോടെ കൂർപ്പിച്ചു നോക്കി….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…