Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 10

[ad_1]

രചന: റിൻസി പ്രിൻസ്

പിന്നല്ലാതെ നീ സന്യസിക്കാൻ പൊവാണോ…? എന്റെ മോൾ ഇപ്പോൾ രണ്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്…. നമ്മൾ രണ്ടും ഒരേ പ്രായം ആണെന്നുള്ള കാര്യം മറക്കണ്ട….

വിനോദ് പറഞ്ഞു…

” എന്റെ കാര്യങ്ങളൊക്കെ നിനക്കറിയില്ലേടാ…

ചിരിയോടെ പറഞ്ഞു  സുധി..

“അച്ഛൻ മരിച്ചതിനുശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ നിന്റെ ചുമലിൽ ആയി…  അമ്മാവൻ നിനക്ക് ഗൾഫിൽ ഒരു ജോലി ശരിയാക്കി തന്നു, നീ അവിടെ പോയി നിന്റെ വീട്ടുകാരെ നന്നായി നോക്കി…  പെങ്ങളുടെ കല്യാണം നടത്തി അനിയന്റെ പഠിത്തം നടത്തി,  അവന്റെ കല്യാണം നടത്തി,  വീട് ഒന്നു ചെറുതായി പുതുക്കിപ്പണിതു…. ഇത്രയൊക്കെ ചെയ്തില്ലേ,  ഇനിയിപ്പോൾ നിന്റെ ജീവിതത്തെക്കുറിച്ച് ആലോചിക്കേണ്ട സമയം ആണ്…. ഇല്ലെങ്കിൽ അവസാനകാലത്ത് ആരും ഉണ്ടാവാതെ വരും….

വിനോദ് പറഞ്ഞു….

” കല്യാണം വേണ്ടെന്നു ഞാൻ വിചാരിച്ചിട്ടില്ല, പിന്നെ എടുപിടിയിൽ  ഒരു കല്യാണം എന്ന് ഒക്കെ പറയുമ്പോൾ,

”  ഏതായാലും നീയും കൂടി ഒന്ന് ഉത്സാഹിച്ചാൽ മതി,

”  ഉണ്ട് ഇപ്പൊൾ എനിക്കുണ്ട് ആഗ്രഹം…! ഒരു കുടുംബ വേണം എന്നൊക്കെ,

ബന്ധു സന്ദർശനവും മറ്റുമായി ഒരാഴ്ച പെട്ടെന്നാണ് പോയത്….. അല്ലെങ്കിലും വീട്ടിൽ വന്നു കഴിഞ്ഞാൽ പിന്നെ ദിവസങ്ങൾക്ക് ശരവേഗം ആണല്ലോ,  ഇതിനിടയിൽ അമ്മാവൻ നാലഞ്ച് വീട്ടിൽ കൊണ്ടുപോയി പെണ്ണ് കാണിക്കാൻ  ആയി…. തന്റെ പ്രായം കേൾക്കുമ്പോൾ ഒന്നുകിൽ അവർക്ക് താൽപര്യമില്ലാതെ വരും,  അല്ലെങ്കിൽ തനിക്ക് എന്തെങ്കിലും കാരണം കൊണ്ട് അത് ഇഷ്ടം ആവാതെ വരും… അല്ലെങ്കിൽ പെണ്ണിനെ ഗൾഫിൽ കൊണ്ടുപോകണം എന്നാകും ആളുകൾ…. അങ്ങനെ ഇപ്പോൾ 6 കല്യാണ ആലോചനകൾ ആണ് നിന്ന് പോയത്,

 അങ്ങനെയിരിക്കെയാണ് അമ്മാവൻ  ഒരു ദിവസം ഫോണിൽ വിളിക്കുന്നത്…

” സുധി എന്തെടുക്കുവാ ….

”   ഞാൻ ഇവിടെ തന്നെ വെറുതെ ഇരിക്കാ,  പറമ്പിലൊക്കെ ഇറങ്ങണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു….

”  എങ്കിൽ നീ ഇങ്ങോട്ട് വാ….  നമുക്ക് നൂറനാട് വരെ പോകണം…..  അവിടെ ഒരു പെൺകുട്ടി ഉണ്ട്,

” എന്റെ അമ്മാവാ നമ്മൾ ഇപ്പൊൾ എത്രാമത്തെ വീട് ആണ്….

സുധിയ്ക്ക് മടി ആയി….

” ഇതുവരെ കണ്ട ആലോചനകളിൽ തന്നെ മൂന്നെണ്ണം മുടങ്ങിയത് പ്രായത്തിന്റെ കാര്യം പറഞ്ഞിട്ടാണ്….  അതുകൊണ്ട് അതൊക്കെ അവരോട് നേരത്തെ പറഞ്ഞു കുഴപ്പമില്ലെങ്കിൽ ഞാൻ വരാം….

”  അപ്പോൾ ബാക്കി മൂന്നെണ്ണം മുടങ്ങിയ കാര്യം നീ എന്താ പറയുന്നത്…?  അത് നിനക്ക് പെണ്ണിനെ ഇഷ്ടപ്പെടാത്തോണ്ടല്ലേ…

അമ്മാവൻ ചോദിച്ചു…

 ” പെണ്ണിനെ ഇഷ്ടപ്പെടാത്തത് അല്ലല്ലോ അമ്മാവാ..  എന്നെക്കാളും വലിയ പഠിപ്പുള്ള കുട്ടികളല്ലേ മൂന്നും,  ഒരാൾ എൻജിനീയർ ഒരാൾ എം ബി എ, മറ്റേയാൾ നഴ്സ് ഇതിനു മാത്രമുള്ള വിദ്യാഭ്യാസ ഒന്നും എനിക്കില്ല…. നമ്മുടെ കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ  എന്ന് കരുതിയിട്ട് ആണ്…

” ഏതായാലും ഇത് നടക്കും…. നൂറനാട് വീട്ടിലെ പെൺകുട്ടിയുടെ അച്ഛനും ഗൾഫിലായിരുന്നു,  ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്…  അവർക്ക് ഒരു ഗൾഫുകാരനെ മതി, അതിനാണ് താല്പര്യം….. ആ കുട്ടി ഇപ്പൊൾ ഫാഷൻ ഡിസൈൻ മറ്റോ പഠിച്ചുകൊണ്ടിരിക്കുകയാണ്….  നിനക്ക് ബുദ്ധിമുട്ട് ആയാലും സാരമില്ല,  നല്ല ആലോചനയാണ് നമുക്ക് അവിടെ ഒന്ന് പോകാം….  പിന്നെ എനിക്ക് ഇന്ന് വരാൻ പറ്റില്ല,  നീ ബ്രോക്കറേ കൂട്ടി പോയാൽ മതി….  നിനക്ക് ഇഷ്ടമാണെങ്കിൽ ഞങ്ങൾ വന്നാൽ മതിയല്ലോ,

”  നാളെയോ മറ്റോ പോവാ അമ്മാവ…. ഇനി ഇപ്പോൾ ഈ വൈകുന്നേരം മഴയും വരുന്നു,

സുധി താല്പര്യം ഇല്ലാതെ പറഞ്ഞു….

” ഒരു കുഴപ്പവുമില്ല, നീ ഇങ്ങോട്ട് വരു,  അല്ലെങ്കിൽ വിനയന്റെ കാർ കൂടി വാങ്ങിയിട്ട് വിനയനെ കൂടി കൂട്ടിക്കോ,  അല്ലേൽ വേണ്ട മൂന്ന് പേരും കൂടി ഒരു നല്ല കാര്യത്തിനു വേണ്ടി പോവണ്ട…. നമ്മൾ ഇത്രയും കാലം 3 പേരായിട്ട് പോയതു കൊണ്ടാണ് ഒന്നും നടക്കാതത് ബ്രോക്കർ  സാദാശിവനെ കൂട്ടി പോയാൽ മതി…. വിനയന്റെ വണ്ടിക്ക് ചെല്ല്….

” ശരി സമ്മതിച്ചു…!

സുധി ഉടനെ തന്നെ റെഡിയായിരുന്നു…. മകനെ കണ്ട് മനസ്സിലാവാതെ സതി ചോദിച്ചു…

”  നീ എവിടേക്കാ…?

” പെണ്ണുകാണാൻ പോവാ…

“ഇപ്പോഴോ…?

അപ്പോഴേക്കും ബ്രോക്കർ വീട്ടിലെത്തി കഴിഞ്ഞിരുന്നു….

”  ഇത് എന്താണെങ്കിലും നടക്കും ചേച്ചി,  ഉറപ്പ് കാര്യമാ…

 അവരുടെ മുഖത്തേക്ക് നോക്കി ബ്രോക്കർ പറഞ്ഞു…  അയാളെ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു…

”  ഏതായാലും ചേട്ടൻ ഇവിടെ നിൽക്ക്,  തൊട്ടപ്പുറത്ത് കൂട്ടുകാരന്റെ വണ്ടി ഉണ്ട്…. അതൊന്ന് എടുത്തിട്ട് വരാം…

 അതും പറഞ്ഞ്  സുധി പുറത്തേക്ക് നടന്നിരുന്നു…   അവൻ പോയി എന്ന് ഉറപ്പു വരുത്തി ബ്രോക്കറുടെ അരികിലായി വന്നു സതി കാര്യങ്ങൾ വിശദീകരിച്ചത്…..

” ബ്രോക്കറേ ഒരു കാര്യം ഞാൻ പറയാം….. അവന് ഒന്നും പറഞ്ഞും ചോദിച്ചും ശീലമില്ല….  ഈ പോകുന്ന വീട്ടിലൊക്കെ നമ്മുടെ ആവശ്യങ്ങൾ കൂടി പറയണ്ടേ, 15 പവനും ഒന്നരലക്ഷം രൂപയും കൊടുത്ത് ആണ് ആ സമയത്ത്  അവന്റെ പെങ്ങളെ  കെട്ടിച്ചത്,അന്ന് അവളുടെ ഭർത്താവിന് സർക്കാർ ജോലി പോലും ഇല്ല….  പിന്നെ ആണ് കിട്ടിയത്, എന്നിട്ടും  നമ്മൾ കൊടുത്തു….  തിരിച്ച് ഇപ്പോഴത്തെ നാട്ടുനടപ്പനുസരിച്ച് നമുക്ക് ഒരു 25 പവനും രണ്ടു ലക്ഷം രൂപയും കുറയാതെ കിട്ടണം….  ഒന്നുമല്ലെങ്കിലും ഒരു നല്ല ജോലി ഉണ്ടല്ലോ അവനു ഗൾഫിൽ…. കൂടുതൽ ഒന്നും നമ്മൾ ചോദിക്കുന്നില്ല, നമ്മുടെ കൊച്ചിന് കൊടുത്തത് തിരിച്ചു കിട്ടണം എന്നേയുള്ളൂ….  സുധി ഈ കാര്യങ്ങളെ കുറിച്ച് ഒന്നും പറയില്ല,  ബ്രോക്കർ ഒക്കെ വേണ്ടുന്ന പോലെ ചെയ്തോളൂ….

സതി നയത്തിൽ പറഞ്ഞു…

”  അത്  ഞാനേറ്റു ചേച്ചി….

 ബ്രോക്കർ ഉറപ്പുകൊടുത്തു,

 അപ്പോഴേക്കും കാറുമായി അവൻ എത്തിയിരുന്നു…  രണ്ടുപേരും ഒരുമിച്ചാണ് അവിടേക്ക് യാത്ര ചെയ്തത്,  അങ്ങോട്ടുള്ള യാത്രയിൽ മുഴുവൻ പെൺകുട്ടിയുടെ ഫോട്ടോ കാണിക്കുകയും വിശദീകരിക്കുകയും ഒക്കെയായിരുന്നു ബ്രോക്കർ…

”  അല്ല ഫോട്ടോ കണ്ടിട്ട് ഇഷ്ടമായോ പെണ്ണിനെ…

 ഒരു ആകാംക്ഷയോടെ ബ്രോക്കർ ചോദിച്ചു…

” ഫോട്ടോ കണ്ട് നമുക്ക് ഒരാളെ വിലയിരുത്താൻ പറ്റില്ലല്ലോ,  കുറച്ചുസമയം സംസാരിക്കുമ്പോൾ ആളിനെക്കുറിച്ച് മനസ്സിലാകും… കണ്ടിട്ട് കുഴപ്പമൊന്നുമില്ല…

” നേരിട്ട് ഇതിലും സുന്ദരിയാണ്….
 ഇവിടെ നിർത്തിക്കോ ഞാൻ അവരെ എവിടെയെന്ന് നോക്കിയിട്ട് വരാം…  എനിക്ക് തോന്നുന്നു മുറ്റത്തേക്ക് കാർ എത്താൻ ഒരു മാർഗ്ഗം ഉണ്ടെന്ന്,  ഇവിടുന്ന് ഇറങ്ങി കുറച്ച് നടന്നാണ് വീട്… ഞാൻ അവിടേക്ക് ഒന്ന് പോയിട്ട് വരാം…

”  ശരി…

 സുധി കാറിൽ തന്നെ ഇരുന്നു,  വെറുതെ മൊബൈൽ ഓൺ ആക്കി ഫേസ്ബുക്കിലും മറ്റും ഒരു സ്ക്രോളിങ് നടത്തി…  അത് കഴിഞ്ഞപ്പോഴാണ് വിഷണ്ണനായി തിരികെ വരുന്ന ബ്രോക്കറേ അവൻ കണ്ടത്….

”  എന്തു പറ്റി…?

അവൻ ചോദിച്ചു…

 ” ഒരു അബദ്ധം പറ്റി….

”  എന്താ…? ആ കുട്ടിയും വീട്ടുകാരും ഇവിടെയില്ല, കുറച്ചു മുമ്പ് ആ കുട്ടിയുടെ അച്ഛന്റെ അമ്മ മരിച്ചുപോയി…  അവർ ആ  വീട്ടിലേക്ക് പോയി…  പെട്ടെന്ന് നമ്മളോട് വിളിച്ചു പറയാൻ  പറ്റില്ലത്രേ, ആ ഒരു ധൃതിയല്ലേ….

“ശേ…. ഇവിടെ  വരെ വന്നത് വെറുതെ ആയല്ലോ….

 സുധി നിരാശയോടെ പറഞ്ഞു….

അപ്പോഴാണ് ബ്രോക്കറുടെ മനസ്സിൽ മറ്റൊരു ചിന്ത ഉദിച്ചത്….

” സാറെ…, ഇവിടെ തന്നെ തൊട്ടടുത്തുള്ള ഒരു വീട്ടിൽ ഒരു പെൺകുട്ടി ഉണ്ട്….  ആ കുട്ടിയുടെ അമ്മ എന്നോട് പറഞ്ഞായിരുന്നു നല്ല ആലോചനകൾ വന്നാൽ അറിയിക്കണമെന്ന്,  പക്ഷേ ഒരു കുഴപ്പമുണ്ട്…?

”  എന്താ…?

 മനസ്സിലാവാതെ സുധി ചോദിച്ചു,

”  അവർക്ക് വലിയ സ്ത്രീധനം ഒന്നും തരാൻ സാധിക്കില്ല….

”  സ്ത്രീധനം വേണമെന്ന്  ഇപ്പോൾ ആരാ പറഞ്ഞത്…?  എനിക്ക് സ്ത്രീധനം ഒന്നും വേണ്ട,
 ചേട്ടൻ ഏതായാലും അവർക്ക് നമ്മൾ ചെല്ലുന്നോട് കുഴപ്പമുണ്ടോ എന്ന് വിളിച്ചു ചോദിക്കു, ഇവിടെ വന്നിട്ട് ആ ചടങ്ങ്‌ അങ്ങ് തീർത്തിട്ട് പോകാം….

”  ഒരു മിനിറ്റ് സാറേ…  ഞാനിപ്പോ വരാം,

അയാൾ വീണ്ടും താഴേക്കിറങ്ങി…

 കുറച്ച് പുറത്തായി തുണി വിരിച്ചിട്ട കൊണ്ടിരിക്കുന്ന മാധവിയുടെ അരികിലേക്ക് ചെന്നു.

“, ചേച്ചി….ചേച്ചി ഒരു ചെറുക്കനെ കൊണ്ട് വരണമെന്ന് പറഞ്ഞില്ലായിരുന്നോ മോൾക്ക് വേണ്ടി..

” അതെ…

 പ്രതീക്ഷയോടെ അവർ അയാളുടെ മുഖത്തേക്ക് നോക്കി….

”  ഇപ്പോഴാണെങ്കിൽ എനിക്കൊപ്പം ഒരു നല്ല പയ്യൻ ഉണ്ട്…നല്ല സ്വഭാവമുള്ള പയ്യനാ, ചേച്ചി പറഞ്ഞതുപോലെ,   ഞങ്ങൾ അപ്പുറത്തെ വീട്ടിൽ വന്നതാ…  അവര് ഇന്ന് അത്യാവശ്യമായിട്ട് വേറെ എവിടെയോ പോയിരിക്കുവാ,  അതുകൊണ്ട് ഞാൻ ആ പയ്യനെ കൊണ്ട് ഇവിടേക്ക് വരാം എന്ന് വിചാരിച്ചത്…

” ഇപ്പഴോ…? ഇന്നു  ഒരു മുൻകരുതലും ഇല്ലാതെ   പെട്ടെന്ന് പറഞ്ഞാൽ എങ്ങനെയാ… 

“അതൊന്നും ചേച്ചി പേടിക്കേണ്ട…. കൊച്ച് അകത്ത് ഉണ്ടോ…?

” അവൾ എവിടെ പോകാനാ ഇവിടെത്തന്നെയുണ്ട്…

”  എങ്കിൽ പിന്നെ ഒരുങ്ങി നിൽക്കാൻ മാത്രം പറഞ്ഞാൽ മതി….  ബാക്കി കാര്യങ്ങളൊക്കെ ഞാനേറ്റു, 

” അല്ല അപ്പുറത്തെ വന്ന ആലോചന ആണെന്ന് പറയുമ്പോൾ അത് കുറച്ച് പൈസ ഉള്ളവർ ആയിരിക്കില്ലേ…?  നമ്മുടെ കൊക്കിലൊതുങ്ങുന്നതാവോ…?

 ” ഇതൊരു സാധാരണക്കാരൻ പയ്യൻ ആണെന്ന്…  ഗൾഫുകാരൻ ആണെന്ന് കേട്ടുകൊണ്ട് അപ്പുറത്തെ ആലോചന കൊണ്ടുവരാൻ പറഞ്ഞത്…  ഏതായാലും ഞാൻ ഇങ്ങോട്ട് വിളിക്കാം,  ചേച്ചി കൊച്ചിനെ തയ്യാറാക്കി നിർത്ത്…

”  ഞാൻ പണി കഴിഞ്ഞ് വന്നതേയുള്ളൂ… ഞാൻ അവളെ അകത്തോട്ട് ഒന്ന് പോയി വിളിക്കട്ടെ 

പെട്ടെന്ന് അവർ അകത്തേക്ക് കയറിപ്പോയി….  ബ്രോക്കർ കാറിന് അരികിലേക്കും…

ഒന്നുമറിയാതെ മീര അമ്മയ്ക്ക് വേണ്ടി കാപ്പി ഇടുകയായിരുന്നു…. അപ്പോഴാണ് അരികിലേക്ക് അവരോടി വരുന്നത്….

”  നീ ഒന്ന് വേഗം പോയി ഒരു നല്ല ചുരിദാറിട്ട്  മുഖം ഒക്കെ കഴുകിക്കെ…. 

”  എന്തിനാ അമ്മേ…?

 മനസ്സിലാവാതെ അവൾ അവരുടെ മുഖത്തേക്ക് നോക്കി…

” ആ ബ്രോക്കർ ഇപ്പോൾ ഒരു ചെറുക്കനെ കൂട്ടി കൊണ്ട് ഇങ്ങോട്ട് വരും  നിന്നെ പെണ്ണ് കാണാൻ വേണ്ടി…

 നെഞ്ചിൽ ഒരു ഇടിവെട്ട് ഏറ്റതുപോലെയാണ് അവൾക്ക് തോന്നിയത്……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button