Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 16

[ad_1]

രചന: റിൻസി പ്രിൻസ്

എനിക്കിപ്പോ ഉടനെ എന്താണെങ്കിലും ഒരു കല്യാണം പറ്റില്ല, അയാൾ വരുമ്പോൾ അങ്ങനെ പറയാം…

 തൽക്കാലം ഒരു ആശ്വാസം കിട്ടിയ സമാധാനത്തോടെ അവൾ ഫോൺ കട്ട് ചെയ്തു..

രാവിലെ തന്നെ അവർ വരുന്നതിനു വേണ്ടിയുള്ള എല്ലാ ചിട്ടവട്ടങ്ങളും ഒരുക്കി കാത്തിരുന്നു  മാധവി…. തൊഴിലുറപ്പ് ചെയ്ത ജോലിയുടെ ഒക്കെ കാശ് കുറച്ചു ബാങ്കിൽ വന്നിട്ടുണ്ടായിരുന്നു,  അതുകൊണ്ടു തന്നെ അത് എടുത്തു ചിലവുകൾ നടത്തി, എല്ലാവർക്കും ആവശ്യമുള്ള ഭക്ഷണം തയ്യാറാക്കി, അവർ എത്തുമ്പോൾ ഉച്ചയാകും എന്നുള്ളത് കൊണ്ട് തന്നെ അത്യാവശ്യം കുറച്ചുപേർക്കുള്ള സദ്യ അടുത്തുള്ള ഒരു ഹോട്ടലിലാണ് മാധവി പറഞ്ഞിരുന്നത്… അടുത്ത വീടുകളിൽ നിന്നൊക്കെയായി രണ്ടുമൂന്ന് കസേരകളും ഡസ്കുമൊക്കെ വീട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്, ഒപ്പം വരുമ്പോൾ കൊടുക്കാനുള്ള നാരങ്ങവെള്ളവും പലഹാരങ്ങളും വാങ്ങിവെച്ചു,  നല്ലൊരു തുക തന്നെ അവരുടെ വീട്ടുകാർ വരുന്നതിന് തന്നെ മാധവിക്കു ചിലവായി…

”  ഇത്രയൊക്കെ ഒരുക്കിയിട്ട് ഇനിയിപ്പോ അവരെന്തെങ്കിലും കുറ്റം കണ്ടുപിടിച്ചു പോയാൽ ഈ കാശൊക്കെ നിനക്ക് നഷ്ടമാവുമല്ലോ മാധവി….!  അവളുടെ മുഖത്തേക്ക് നോക്കി സീത പറഞ്ഞു. നമ്മുടെ ഭാഗം നമ്മൾ നന്നായിട്ട് ചെയ്യാ,  അത്രയല്ലേ ഉള്ളൂ… പിന്നെ ഇഷ്ടമായില്ലച്ഛാ അത് മാറുന്ന തന്നെയല്ലേ നല്ലത്, ഇഷ്ടമില്ലാതെ ഒരുമിച്ച് ജീവിച്ചിട്ട് എന്ത് കിട്ടാനാ..?

 അങ്ങനെ ഒരു മറുപടിയിൽ മാധവി തന്റെ മറുപടി ഒതുക്കി,  മീരയുടെ മനസ്സിൽ മാത്രം നിർവികാരത തങ്ങിനിന്നു…

”  എന്താണ് ചെയ്യുക താൻ..?  നിസ്സഹായയായി പോകുന്നതുപോലെ,  വല്ലാത്തൊരു അവസ്ഥയിലാണ് ഈ നിമിഷം താൻ എന്ന് അവൾക്ക് തോന്നി…. കോളേജിലെ ഒരു പരിപാടിക്ക് വേണ്ടി വാങ്ങിയ സെറ്റ് സാരിയാണ് അവളുടുത്തിരുന്നത്…  ആ പരിപാടിക്ക് വേണ്ടി മാത്രമാണ് അത് ഉപയോഗിച്ചിട്ടുള്ളത്,  അതുകൊണ്ടു തന്നെ പുതിയത് പോലെ തോന്നിക്കുമായിരുന്നു നീളത്തിലുള്ള ചുരുളൻ മുടിയിൽ കുളിപ്പിന്നൽ ഇട്ടു,  ഒപ്പം തലമുടിയിൽ എവിടെനിന്നോ മീനു കുറച്ച് മുല്ലപ്പൂക്കൾ കൊണ്ടുവന്നു തിരുകി…  കണ്ണുകളിൽ നിറയെ അഞ്ജനവും പടർത്തി,  ഒരു കറുത്ത പൊട്ടും മുഖത്ത് അണിഞ്ഞു,

 നൂറനാട്ടിലേക്കുള്ള യാത്രയിൽ സന്തോഷവാനായിരുന്നു സുധി….  സുധിക്കൊപ്പം കൊഡ്രൈവർ സീറ്റിൽ ബ്രോക്കറും ഉണ്ടായിരുന്നു,  യാത്രയിൽ ഉടനീളം പെൺകുട്ടിയെ കുറിച്ച് തന്നെയായിരുന്നു ബ്രോക്കർ സംസാരിച്ചിരുന്നത്…  പെൺകുട്ടിയുടെ ഗുണഗണങ്ങളെക്കുറിച്ചുള്ള ബ്രോക്കറിന്റെ വാക്കുകൾ സതിക്ക് അസഹനീയമായാണ് തോന്നിയത്….  ജോലിത്തിരക്കിലുള്ളതിനാൽ ശ്രീജിത്ത് വരില്ലന്ന് അറിയിച്ചിരുന്നു,  അവധിയില്ലാത്തതിനാൽ രമ്യയും വരില്ല…. മാത്രമല്ല കൂട്ടുകാരിയുമായുള്ള വിവാഹം നടത്താത്തതിന്റെ വിദ്വേഷവും രമ്യക്കുള്ളിൽ ഉണ്ടായിരുന്നു…. സുഗന്ധിയും സതിയും അമ്മാവനും മാത്രമായിരുന്നു ഒപ്പം ഉണ്ടായിരുന്നത്,

” ഒരുപാട് ദൂരം ഉണ്ട് അല്ലേ അമ്മേ…?  സുഗന്ധി താല്പര്യമില്ലാത്തത് പോലെ പറഞ്ഞു….

”  നല്ല ദൂരമുണ്ട്…!  ഞാനത് നേരത്തെ തൊട്ട് പറഞ്ഞത് ആണ്…..

സതി ഏറ്റുപിടിച്ചു..

” നല്ല ദൂരമാണെന്ന് പറയാൻ ദിവസവും പോയി വരാൻ ഇവിടെ ജോലിക്ക് പോകുന്നതല്ലല്ലോ,  അമ്മാവൻ രണ്ടുപേരുടെയും വായടപ്പിക്കാൻ വേണ്ടി ആ ഒരു മറുപടി  പറഞ്ഞതോടെ രണ്ടുപേരും സംസാരിക്കാതെ ആയി….
 ഒരുവട്ടമേ വന്നിട്ടുള്ളൂവെങ്കിലും വഴിയൊക്കെ സുധിയ്ക്ക്  നിശ്ചയമായിരുന്നു….  അത്രത്തോളം ഹൃദയത്തിൽ ആമുഖം ഉടക്കി പോയല്ലോ…  അവൻ കാർ നിർത്തി ഇറങ്ങിയപ്പോൾ,  തെളിമയില്ലാത്ത മുഖത്തോടെ സതി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

” ഇതെന്താ ഇവിടെ മുറ്റത്തേക്ക് കാർ പോകില്ലേ….?

സതി ഈർഷ്യയോട് പറഞ്ഞു….

” ഇവിടുന്ന് രണ്ടുമൂന്ന് പടിക്കെട്ടുകൾ ഇറങ്ങണം,  താഴെയാണ് വീട്….

ബ്രോക്കർ പറഞ്ഞപ്പോൾ താല്പര്യമില്ലാതെ അവർ മുന്നോട്ട് നടന്നു….  ബ്രോക്കർ ആണ് മുൻപിൽ നടന്നത്, വഴിത്താര അവസാനിച്ച ആ കൊച്ചുവീട് കണ്ടപ്പോൾ തന്നെ സതിയും സുഗന്ധിയും മുഖത്തോടു മുഖം നോക്കി….

” ഇതാണോ വീട്…?  വിശ്വസിക്കാൻ സാധിക്കാത്ത  പോലെ സുഗന്ധി സതിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…

”  അതെ..!

 എന്ന് ബ്രോക്കർ പറഞ്ഞതും രണ്ടുപേരുടെയും മുഖം ഒരേപോലെ മങ്ങി….

” അമ്മേ, ഇവിടുന്ന് ഒന്നും കിട്ടാൻ പോകുന്നില്ല,  ഈ വീട് കണ്ടാൽ തന്നെ അറിയാം  ഏതോ ദാരിദ്ര്യം പിടിച്ചവരുടെ വീടാണെന്ന്…

 സതിയ്ക്കു മാത്രം കേൾക്കാൻ പാകത്തിന് പതിയെ സുഗന്ധി പറഞ്ഞു… 

” ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല….

 അവളുടെ മുഖത്തേക്ക് നോക്കി സതിയും പറഞ്ഞു,

” എങ്ങനെയും ഈ കല്യാണം മുടക്കണം… ഒരു രൂപ പോലും കിട്ടുമെന്ന് അമ്മ പ്രതീക്ഷിക്കേണ്ട,

 സതിയുടെ കാതിലായി സുഗന്ധി അത്രയും പറഞ്ഞു….

 രണ്ടുപേരും മുൻപിലേക്ക് നടക്കുമ്പോഴേക്കും സതിയുടെ മുഖത്ത് ദേഷ്യവും വിഷമവും പ്രകടമായിരുന്നു…  വീട് ലക്ഷ്യം വെച്ച് വരുന്ന ആളുകളെ കണ്ടപ്പോൾ തന്നെ മാധവി അകത്തേക്ക് നോക്കി അവർ വരുന്നുണ്ട് എന്ന് മകളോട് പറഞ്ഞു….  മീനു അത് മീരയുടെ അടുത്ത് എത്തിക്കുകയും ചെയ്തു…. അപ്പോൾ തന്നെ ശരീരത്തിൽ നിന്നും ഒരു വിറയൽ മുകളിലേക്ക് കയറുന്നത് അവൾ അറിയുന്നുണ്ടായിരുന്നു,

” വരു…  വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടില്ലല്ലോ…..

 എല്ലാവരോടുമായി മാധവി ചോദിച്ചു,  ഒരു പുഞ്ചിരി പോലും നൽകിയില്ല  സതി അവർക്ക്…

” എനിക്ക് ഓർമ്മയുണ്ടായിരുന്നു

 ചെറുചിരിയോടെ സുധി പറഞ്ഞു. 

“കയറിയിരിക്കു…

 മാധവി എല്ലാരോടും പറഞ്ഞു  ഓരോ കസേരകളിലായിരുന്നതും സുഗന്ധയും സതിയും  ഇരുന്ന് വീടും പരിസരവും നന്നായി വീക്ഷിക്കാൻ തുടങ്ങി.

”  ഇത് അമ്മാവൻ, ഇത് അമ്മ,  ഇത് അനുജത്തി, ഒരു അനുജത്തി കൂടിയുണ്ട് അവൾ പഠിക്കുവാ എഞ്ചിനിയറിങ്ങ് ചെന്നൈയിൽ,

എല്ലാവരെയും സുധി പരിചയപ്പെടുത്തി.

” എല്ലാരും ഇരിക്കു….

വളരെ ഭവ്യതയോടെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി മാധവി പറഞ്ഞു,  തെളിഞ്ഞ ഒരു പുഞ്ചിരി അമ്മാവനിൽ നിന്നും അവർക്ക് ലഭിച്ചു…

 സതിയും സുഗന്ധിയും ഒന്ന് ചിരിച്ചു എന്ന് വരുത്തി.

“നിങ്ങള് വർഷങ്ങളായിട്ട് ഇവിടെ തന്നെയാണോ താമസം…?

 അമ്മാവൻ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു,

”  എന്നെ കല്യാണം കഴിച്ചു കൊണ്ട് വന്നത് ഇവിടേക്ക് ആണ്.

” ഈ വീട് സ്വന്തം പേരിലാണോ…?

 സതി ആദ്യം ചോദിച്ചത് അതാണ്…   ഒരു നിമിഷം അമ്മാവൻ അവരുടെ മുഖത്തേക്ക് നോക്കി,

“അതെ ഞങ്ങളുടെ സ്വന്തം വീട് തന്നെയാണ് ഇത്….

 അവരുടെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാവാതെ തന്നെ മാധവി മറുപടി പറഞ്ഞു,

” ഏതായാലും കുട്ടിയെ വിളിക്കാം….

  അമ്മാവനാണ് പറഞ്ഞത്…

”  ഒരുപാട് പെണ്ണ് കണ്ട ആളാണ് ഇവന്…. ഒരു പെൺകുട്ടികളെയും ഇഷ്ടമായില്ല, അത്രത്തോളം ഇവനെ ഇഷ്ടപ്പെട്ട പെണ്ണിനെ ഞാൻ ഒന്ന് കാണട്ടെ…..

ചെറിയ ചിരിയോടെ അമ്മാവൻ പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞ മാധവി ഒന്ന് ചിരിച്ചു….

“ഞാനിപ്പോൾ വിളിക്കാം…

 അവരകത്തേക്ക് പോയി,

”  കോഴികൂട് പോലൊരു വീട്…  എന്തൊരു ചൂടായത്,

 ചുരിദാറിന്റെ ഷോൾ കൊണ്ട് വീശിക്കൊണ്ട് സുഗന്ധി പതിയെ പറഞ്ഞു…..

” നമ്മളീ വീട് വാങ്ങാൻ വന്നതല്ലല്ലോ…

 അമ്മാവൻ  മറുപടി കൊടുത്തു…

” വീടിലൊക്കെ എന്ത് കാര്യമാടി… നമ്മുടെ വീട് ഒരു മൂന്നാല് വർഷം മുൻപ് എങ്ങനെ ഇരുന്നത്…?  ഇപ്പോഴല്ലേ ഒരുവിധം നല്ലതായത്,  വീട്ടിൽ അല്ല വീട്ടിൽ താമസിക്കുന്നവരുടെ മനസ്സിലാണ് കാര്യം…

 സുധി അവളോട് തിരുത്തി…

 വിളറി  അവൾ എല്ലാവരെയും ഒന്നു നോക്കി…  സതിയുടെ മുഖത്ത് ദേഷ്യം നിറഞ്ഞുനിൽക്കുന്നത് കണ്ടപ്പോഴാണ് അവൾക്ക് അല്പം ആശ്വാസം തോന്നിയത്,  അവർക്ക് ഇവിടെ ഇഷ്ടം ആയിട്ടില്ല എന്ന് ആ മുഖഭാവത്തിൽ നിന്ന് തന്നെ സുഗന്ധിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു….

അപ്പോഴേക്കും അകത്തുനിന്നും ഒരു ട്രേയിൽ ജ്യൂസുമായി മീര എത്തിയിരുന്നു…. ഒരു നിമിഷം മീരയെ കണ്ട് സുഗന്ധിയും സതിയും ഒരുപോലെ അമ്പരന്നു,    നിലാവ് ഉദിച്ചു നിൽക്കുന്നത് പോലെ ഒരു പെൺകുട്ടി…  അതിസുന്ദരിയാണോ എന്ന് ചോദിച്ചാൽ അല്ല, ഇരുനിറം ആണ്… എന്നാൽ ആർക്കും ഇഷ്ടം തോന്നുന്ന ഒരു സൗന്ദര്യം അവളിൽ ഉണ്ടെന്നു തോന്നി.  ആ മുഖത്തേക്ക് നോക്കിയാൽ കുറേനേരം നോക്കി നിന്നു പോകും ആരാണെങ്കിലും  അത്രത്തോളം  ആരെയും ആകർഷിക്കുന്ന ഒരു സൗന്ദര്യം. ചുരുണ്ട് കട്ടിയുള്ള നീളൻ മുടിയാണ് ഏറ്റവും വലിയ പ്രത്യേകത, ഒപ്പം നീണ്ട നാസികയും അതാണ് അവളെ സുന്ദരിയാക്കുന്നത്. സുധി അവളുടെ മുഖത്തേക്ക് തന്നെ നോക്കി പോയിരുന്നു, കട്ടിയുള്ള വളഞ്ഞ പുരികകൊടിങ്ങൾക്കിടയിലെ കുഞ്ഞു കറുത്ത പൊട്ട്,  അതവളെ അതിസുന്ദരിയാക്കിയിരിക്കുന്നു.

 ആദ്യമവൾ ജ്യൂസ് നീട്ടിയത് അമ്മാവന് നേർക്ക് തന്നെയാണ്…

 ചെറുചിരിയോട് അവളെ നോക്കി തൃപ്തിയായതുപോലെ അദ്ദേഹമാജൂസ് എടുത്തു… ശേഷം സതിയ്ക്ക് അരികിൽ എത്തിയപ്പോൾ അവർ അത് നിരസിച്ചു….   സുധിയിൽ അത് വേദനയുണ്ടാക്കി…

”  മധുരവും പുളിയുള്ളതൊന്നും ഞാൻ കഴിക്കില്ല, എനിക്ക് പ്രമേഹം ഉണ്ട് പിന്നെ ഗ്യാസിന്റെ പ്രശ്നം ഉണ്ട്…  വേണ്ട,

 അവളുടെ മുഖത്തേക്ക് നോക്കി നിർദാക്ഷണ്യം അവരത് പറഞ്ഞു…

 താല്പര്യമില്ലാതെയാണെങ്കിലും അമ്മാവന്റെ രൂക്ഷനോട്ടം ഭയന്ന് സുഗന്ധി ജ്യൂസ് എടുത്തു. അവസാനം സുധിക്കരികിലേക്ക് എത്തിയപ്പോൾ  നിറചിരിയോടെ അവളെ നോക്കിയാണ് അവൻ ഗ്ലാസ്‌ എടുത്തത്,  ആ കുഞ്ഞു കണ്ണുകൾ വിടർന്നത് അവളോടുള്ള പ്രണയം കൊണ്ടായിരുന്നുവെന്ന് ആ നിമിഷം അവൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല,  ആദ്യ കാഴ്ചയിൽ തന്നെ അവന്റെ മനസ്സിളക്കിയ ആ പെൺകൊടിയേ അവൻ തീവ്രമായി പ്രണയിച്ചു തുടങ്ങിയിരുന്നു….  അപ്പോഴേക്കും ഒരു പാത്രത്തിൽ പലഹാരങ്ങളുമായി എത്തിയിരുന്നു  മാധവി…

” സദ്യ കരുതിയിട്ടുണ്ട്,  കഴിച്ചിട്ട് പോകണം…

മാധവി പറഞ്ഞു

” അതിന്റെ ആവശ്യമുണ്ടായിരുന്നില്ലല്ലോ….

 അമ്മാവനാണ് മറുപടി പറഞ്ഞത്,

”  നിങ്ങൾ ആദ്യമായിട്ട് വരുമ്പോൾ ഒന്നും തരാതെ എങ്ങനെയാ വിടുക…. അതുകൊണ്ട് ഇതൊക്കെ കുറച്ചു കഴിച്ചാൽ മതി, ഇല്ലെങ്കിൽ പിന്നെ ഊണ് കഴിക്കാനുള്ള വിശപ്പ് പോകും…

 മാധവി പറഞ്ഞു.

” സദ്യ കഴിക്കാൻ നിൽക്കാൻ ഒന്നും ഞങ്ങൾക്ക് സമയം കാണില്ല…  ഇങ്ങോട്ട് വന്നപ്പോൾ തന്നെ ഒരുപാട് സമയം എടുത്തു, ഇനി തിരിച്ചു പോകണമെങ്കിലും പെട്ടെന്ന് ഇറങ്ങണം,  സതിയാണ് മറുപടി പറഞ്ഞത്,

 ആ നിമിഷം മാധവിയുടെ മുഖം വാടുന്നത് അമ്മാവൻ കണ്ടിരുന്നു…  സുധി ഈ ലോകത്തെയല്ല അവന്റെ കണ്ണുകൾ പാറി നടക്കുന്നത് അവൾക്ക് അരികിലൂടെയാണ്,  അത് അയാൾ ശ്രദ്ധിക്കുകയും ചെയ്തു, ആ മുപ്പതുകാരൻ എത്രപെട്ടന്ന് ആണ് ഒരു കൗമാരക്കാരനിലേക്ക് ഒരു പരകായപ്രവേശം  നടത്തിയത്…  ഒരു നിമിഷം അയാൾക്ക് ചിരി പോലും വന്നു പോയിരുന്നു,

”  ഇത്തിരി താമസിച്ചാലും നിങ്ങള് ഭക്ഷണം കരുതിയ സ്ഥിതിക്ക് ഞങ്ങൾ കഴിച്ചിട്ടേ പോവുള്ളൂ….

 മാധവിക്കു ആശ്വാസമേകി അമ്മാവൻ അത് പറഞ്ഞപ്പോൾ സുഗന്ധിക്കും സതിയ്ക്കും അത് തീരെ ഇഷ്ടമായിരുന്നില്ല.

” ഈ വരവ് ഒരു ചടങ്ങ്  എന്നെ ഉള്ളൂ മാധവി,  സുധിയ്ക്ക് കുട്ടിയെ ഇഷ്ടായി… അതിനപ്പുറം ഞങ്ങൾക്ക് മറ്റൊന്നും നോക്കാനില്ല, പിന്നെ എല്ലാവർക്കും കുട്ടിയെ ഒന്ന് കാണാലോന്ന് കരുതി വന്നതാ…
 അയാളുടെ ആ വാക്കുകൾ ഏറെ നിരാശ പകർന്നത് സതിയിലായിരുന്നു…  വളരെ സന്തോഷത്തോടെയാണ് മാധവി എല്ലാവരുടെയും മുഖത്തേക്ക് നോക്കിയത്.

” അവൾക്ക് അച്ഛനില്ല ഞാൻ ഒറ്റയ്ക്കാണ് എല്ലാ കാര്യങ്ങളും നടത്തുന്നത്, അറിയാമല്ലോ,  നിങ്ങൾ എന്താ പ്രതീക്ഷിക്കുന്നേന്ന് എനിക്കറിയില്ല…. എന്നെക്കൊണ്ട് പറ്റാവുന്ന പോലെ ചെയ്യാമെന്ന് ആണ് ഞാൻ കരുതുന്നത്…. മാധവി പറഞ്ഞു,

” ഞങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല….!

മറുപടി പറഞ്ഞത് സുധിയാണ്,
 ഒരു നിമിഷം സുഗന്ധിയും സതിയും ഒരേ പോലെ ഞെട്ടി…

” സ്ത്രീധനം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഞാൻ സ്ത്രീധനം വാങ്ങില്ല, അത് നേരത്തെ ഉറപ്പിച്ചതാണ്…  അതിനു വേണ്ടി ബുദ്ധിമുട്ടുണ്ട. ഇപ്പൊൾ എന്താ ഉള്ളത് എന്നുവെച്ചാൽ അത് മാത്രം മതി,  അതിൽ കൂടുതൽ കല്യാണത്തിന് വേണ്ടി ഒന്നും വാങ്ങേണ്ട….  സുധിയുടെ ആ മറുപടി മാധവിയിൽ ആശ്വാസമാണ് പകർന്നതെങ്കിൽ സതിയിലത് പകർന്നത് നിരാശയും അമർഷവും ആയിരുന്നു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button