Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 44

രചന: റിൻസി പ്രിൻസ്

സുധിയത് പറഞ്ഞപ്പോൾ സതിയും സുഗന്ധിയും പരസ്പരം നോക്കി പോയിരുന്നു.  ഒന്നും മിണ്ടാതെ അപ്പോഴേക്കും സുധി എല്ലാവരുടെയും പാത്രത്തിലേക്ക് ഭക്ഷണം വിളമ്പിയിരുന്നു.  മീരയുടെ മുഖത്തേക്ക് നോക്കി ഭക്ഷണം വിളമ്പാൻ അവൻ കാണിച്ചു. അവൻ വിളമ്പുന്നതിന് പിന്നാലെയായി അവളും ബാക്കി ഭക്ഷണം വിളമ്പി. ഒന്നും ചെയ്യാൻ സാധിക്കാതെ നിസ്സഹായവസ്ഥയോടെ സുഗന്ധിയും സതിയും ഇരുന്നു.  ചിരി അടക്കി ശ്രീലക്ഷ്മിയും രമ്യയും..

” ഞാനൊരു തമാശ പറഞ്ഞതല്ലേ അതിന് നീ ഇങ്ങനെ ഭക്ഷണം വിളമ്പാൻ നിന്നാലോ…?

 സുധി അത് കാര്യമായി എടുത്തു എന്ന് മനസ്സിലായതും സതി ചിരിച്ചുകൊണ്ട് അതൊരു തമാശയാക്കാൻ നോക്കി.

” ആഹ്… അതേ അമ്മ അടുക്കളയിൽ വെച്ച് എന്നോട് പറഞ്ഞിരുന്നു ഇങ്ങനെ ഏട്ടനോട് പറയുമെന്ന്,

 സതിയെ  പിന്തുണച്ചുകൊണ്ട് സുഗന്ധിയും പറഞ്ഞു..

”  സാരമില്ല ഏതായാലും ഞങ്ങൾ വിളമ്പാൻ എഴുന്നേറ്റില്ലേ,  ഇനിയിപ്പോ ഭക്ഷണം എല്ലാവർക്കും ഒരുമിച്ച് കഴിക്കാം.

 സുധി അങ്ങനെ പറഞ്ഞപ്പോൾ മറ്റൊരു മറുപടി സതിയ്ക്ക് മുൻപിൽ ഉണ്ടായിരുന്നില്ല…  ഭക്ഷണം കഴിച്ച് കഴിഞ്ഞതും സുഗന്ധിക്കും സതിയ്ക്കും ഒപ്പം പാത്രങ്ങളുമായി മീരയും പുറകെ ചെന്നിരുന്നു, കഴിച്ച പാത്രം മാത്രം കഴുകി വെച്ച ആരെയും ഗൗനിക്കാതെ രമ്യ മുറിയിലേക്ക് പോയിരുന്നു.  പിന്നീട് കുഞ്ഞിനെ ഉറക്കാനുള്ള ജോലിയിൽ മുഴുകുകയും ചെയ്തു. സുധി ഇനിയും കൂടുതലായി എന്തെങ്കിലും മീരയോട് തങ്ങൾ ചെയ്താൽ  അത് മനസ്സിലാക്കുമെന്ന് ഭയന്നതുകൊണ്ടുതന്നെ സുഗന്ധിയും സതിയും അതിന് മുതിർന്നിരുന്നില്ല. ചെറുചൂടുള്ള പാല് ഗ്ലാസിലേക്ക് ഒഴിച്ചതിനു ശേഷം മീരയുടെ കൈകളിലേക്ക് വച്ചു കൊടുത്തിരുന്നു സതി.

”  ഇനിയുള്ള ജോലിയൊക്കെ ഞങ്ങൾ ചെയ്തോളാം നീ ചെല്ല്… ഒരുപാട് സമയം ആയില്ലേ, ചെല്ല് താൽപര്യമില്ലെങ്കിലും പരമാവധി സ്വരമയപ്പെടുത്തി സതി മീരയോടായി സംസാരിച്ചു.  അവൾ തലയാട്ടി, ശേഷം പാലു വാങ്ങി മുറിയിലേക്ക് നടന്നു.  അകത്തേക്ക് കയറിയപ്പോഴും സുധി എത്തിയിട്ടില്ല. ഫോണിൽ ആയിരിക്കും എന്ന് തോന്നി.

മഞ്ജു കൊണ്ടുതന്നെ ബാഗ് കട്ടിലിൽ വച്ചിട്ടുണ്ട്.  പെട്ടെന്ന് അത് തുറന്നു. അതിൽ നിന്നും ഫോൺ എടുത്തു ചാർജ് ഇല്ലാതെ ഓഫ് ആയി പോകാൻ തുടങ്ങുകയാണ്. പെട്ടെന്ന് ചാർജർ എടുത്ത് അതൊന്നു കുത്തിയിട്ടു. പിന്നെ ബാഗിൽ എന്തൊക്കെയാണ് അവൾ തനിക്ക് വേണ്ടി വച്ചിരിക്കുന്നത് എന്ന് ഒന്നു നോക്കി.  അത്യാവിശം വേണ്ട വസ്ത്രങ്ങളും അമ്മ മേടിച്ചു തന്ന പുതിയ വസ്ത്രങ്ങളും ഒക്കെ തന്നെ അതിൽ വച്ചിട്ടുണ്ട്. അവൾക്ക് ഒരു ആശ്വാസം തോന്നിയിരുന്നു.  അതിൽ നിന്നും ഒരു നൈറ്റ് ഡ്രസ്സ് എടുത്തു കൊണ്ട് അവൾ ബാത്റൂമിലേക്ക് കയറി. ദേഹം മാത്രം ഒന്ന് കഴുകി ഇറങ്ങി. പിന്നെ ആ ബാഗ് അതേപോലെ കട്ടിലിന് അടിയിലേക്ക് വച്ചു. ഇനി അലമാരിയിൽ എടുത്ത് തന്റെ വസ്ത്രങ്ങൾ വച്ചാൽ അത് സുധിയ്ക്ക് ഇഷ്ടമായില്ലെങ്കിലോ എന്നൊരു തോന്നൽ അവളിൽ നിറഞ്ഞു നിന്നിരുന്നു.  കുട്ടിക്കാലം മുതലുള്ള ഒരു ശീലമാണ്. ആരുടെയും അനുവാദമില്ലാതെ അവരുടെ സ്വകാര്യതകളിൽ കടന്നുചെല്ലാൻ അനുവദിക്കാത്ത മനസ്സ്.  താലികെട്ടിയ ഭർത്താവാണെന്ന് പറഞ്ഞാലും അവന്റെ സമ്മതത്തോടു മാത്രമേ അലമാരി പോലും തുറക്കാൻ പാടുള്ളൂ എന്ന് അവൾക്ക് തോന്നിയിരുന്നു. കബോർഡിൽ നിറച്ചും ഇന്ന് സുധിയുടെ സുഹൃത്തുക്കളും ബന്ധുക്കളും നൽകിയ സമ്മാനപ്പൊതികളുടെ ഒരു കൂമ്പാരം തന്നെ കിടക്കുകയാണ്.  തനിക്ക് അങ്ങനെ സമ്മാനങ്ങൾ നൽകാനൊന്നും അധികമാരും ഉണ്ടായിരുന്നില്ല, നന്ദന കൈകളിലേക്ക് അണിയിച്ച് തന്ന മോതിരത്തിലേക്ക് അവൾ നോക്കി. രണ്ട് ഗ്രാമോളം അടുത്തു വരും.  പാവം അവൾ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടാവും ഈ ഒരു മോതിരം വാങ്ങാൻ.  അത് മീരക്ക് ഉറപ്പായിരുന്നു.  തന്റെ അവസ്ഥകളൊക്കെ അറിയാവുന്നത് കൊണ്ടായിരിക്കും ഇത്രയും വിലപിടിപ്പുള്ള ഒരു സമ്മാനം അവൾ നൽകിയത്. അവളുടെ വീട്ടിലും വലിയ സാമ്പത്തിക സ്ഥിതി ഉള്ളവർ ഒന്നുമല്ല. അച്ഛന് കൂലിപ്പണിയാണ് ആ വരുമാനം കൊണ്ടാണ് വീട് കഴിയുന്നത് തന്നെ. അവിടെ എല്ലാവർക്കും വലിയ ഇഷ്ടമാണ് തന്നെ. പിന്നെ അമ്മയുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും അവർക്കറിയാം. അവളുടെ വിവാഹത്തിന് നല്ലൊരു സമ്മാനം തന്നെ വാങ്ങി കൊടുക്കണം എന്ന് അവൾ തീരുമാനിച്ചിരുന്നു.  അപ്പോഴേക്കും മുറിക്കുള്ളിലേക്ക് സുധി കടന്നു വന്നിരുന്നു.

” ഗൾഫിൽ നിന്ന് വന്ന ഒരു കോളാണ് അതുകൊണ്ട് പെട്ടെന്ന് നിർത്താൻ പറ്റിയില്ല,  അവിടെയുള്ള സുഹൃത്തുക്കൾക്കൊന്നും വിവാഹം കൂടാൻ പറ്റിയില്ലല്ലോ.  ഫോൺ കോളും വീഡിയോകളും ഒക്കെ ആയിട്ട് കുറച്ചു സമയം എടുത്തു. അതാ താമസിച്ചത്…!

 ഒരു ക്ഷമാപണം എന്നതുപോലെ അവളോട് പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു.

” ആകെ വിയർത്തു  ഞാനൊന്നു കുളിച്ചിട്ട് ഓടിവരാം.

അവളോട് പറഞ്ഞു അവൻ ബാത്റൂമിലേക്ക് കയറിയപ്പോൾ മൊബൈലിൽ ചാർജ് കുറച്ച് ആയെന്ന് മനസ്സിലാക്കി വീട്ടിലേക്കൊന്നു വിളിക്കാം എന്ന് കരുതി മീര ഫോണുമായി കട്ടിലിലേക്ക് ഇരുന്നിരുന്നു.

”   അമ്മ കാര്യായിട്ട് മരുമകൾക്ക് പാലൊക്കെ കൊടുത്തു വിടുന്നത് കണ്ടല്ലോ.

സുഗന്ധി അത്ര താല്പര്യം ഇല്ലാതെ സതിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..

”  ഞാൻ അങ്ങനെ എപ്പോഴും അവളോട് ദേഷ്യം കാണിച്ചാൽ സുധിയ്ക്ക് മനസ്സിലാവും,  അല്ലെങ്കിൽ തന്നെ എനിക്ക് കല്യാണത്തിന് താല്പര്യമില്ലെന്ന് അവൻ അറിയായിരുന്നു.  പിന്നെ നമ്മൾ വാങ്ങിയ ഡ്രസ്സ് ഒക്കെ അവൻ കണ്ടിട്ടുണ്ടാവും,  അതല്ലേ അവൻ ഇന്ന് തന്നെ പുതിയ ഡ്രസ്സ് ഒക്കെ അവൾക്ക് വേണ്ടി മേടിപ്പിച്ചത്.

സതി പറഞ്ഞു..

 “ഏട്ടൻ മേടിച്ച ഡ്രസ്സ് ആയിരുന്നോ…?

അമ്പരപ്പോടെ സുഗന്ധി ചോദിച്ചു.

” അതെ ആ വീണയോട് ഞാൻ തഞ്ചത്തിൽ കാര്യങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത് ആണ്. അതുകൊണ്ടാ ഞാൻ പറഞ്ഞത് പ്രത്യക്ഷത്തിൽ സുധി പോകുന്നത് വരെയെങ്കിലും അവളോട് വലിയ ഇഷ്ടക്കേട് കാണിക്കാതിരിക്കുന്നത് നല്ലത്,  ഇന്നുതന്നെ കണ്ടില്ലേ ഞാൻ അവളോട് വിളമ്പാൻ പറഞ്ഞപ്പോഴേക്കും അവനും കൂടി എഴുന്നേറ്റത്.  തുടക്കത്തിൽ തന്നെ അവളുടെ കൂടെയാണ് അവൻ, അവനെ വെറുപ്പിക്കാതെ നിർത്തേണ്ടത് നമ്മുടെ മിടുക്കാ, അവനെ അവൾക്ക് നേരെ തിരിക്കണം,

സതി പറയുന്നതിൽ കാര്യമുണ്ടെന്ന് സുഗന്ധിക്കും തോന്നിയിരുന്നു.

” പക്ഷേ അവൾക്ക് ഞാൻ സമാധാനം കൊടുക്കില്ല.  കാരണം അവളോട് ഞാൻ പറഞ്ഞത്  ആണ് ഈ വിവാഹത്തിന് എനിക്ക് താല്പര്യമില്ലെന്ന് അവൾക്ക് മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് പറഞ്ഞത്. എന്നിട്ടും അവൾ എന്റെ മോന്റെ തലയിൽ ഇങ്ങോട്ട് കയറി വന്നെങ്കിൽ അവളെ ഇവിടെ ഞാൻ അധികനാൾ വാഴിക്കില്ല.

 സതി വിറോട് പറഞ്ഞു.

”  രമ്യയുടെ കൂട്ടുകാരി രണ്ടാംകെട്ടുക്കരി ആണെന്നതായിരുന്നല്ലോ ഇവിടെ അമ്മാവന് കുഴപ്പം,  സുധി ഒരു രണ്ടാം കെട്ടുകാരൻ ആയാൽ ആ കുട്ടിയെ കല്യാണം കഴിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഇല്ലല്ലോ. ഏതായാലും ആ പെണ്ണിന്റെ കല്യാണം ഇനി ഉടനെ നടക്കാൻ പോകുന്നില്ല. ഒരു ഒന്ന് രണ്ട് മാസത്തിനു ശേഷം ഇവൾ ഇവിടുന്ന് കൂടും കിടക്കെടുത്ത് പോകും.  എങ്ങനെയെങ്കിലും രമ്യയോട് പറഞ്ഞു സുധിയെ കൊണ്ട് ആ പെൺകുട്ടിയെ കല്യാണം കഴിപ്പിക്കണം.  അങ്ങനെയാണെങ്കിൽ പിന്നെ നമ്മൾ രക്ഷപ്പെട്ടില്ലേ സുഗന്ധി,  കാറും സ്ഥലവും സ്വർണവും പൈസയും ജോലിയും എന്നുവേണ്ട അവൾക്ക് ഇല്ലാത്തത് ആയിട്ട് ഒന്നുമില്ല.

സതി കൊതിയോടെ പറഞ്ഞു..

 ” അമ്മ എന്തൊക്കെയാ ഈ പറയുന്നത്, ഇവൾ ഇനി ഇവിടുന്ന് പോകുമെന്ന് തോന്നുന്നുണ്ടോ..?  എവിടെയോ ചെറ്റകുടിലിൽ കിടന്നവർക്ക് ഇത്രയും സൗകര്യങ്ങൾ കിട്ടിയാൽ ആട്ടും തുപ്പും സഹിച്ചാണെങ്കിലും അവൾ ഇവിടെ കിടക്കില്ലേ..? ഇനി ഇതൊന്നും നടക്കുന്ന കാര്യമല്ല അമ്മേ,

സുഗന്ധി നിരാശയോടെ പറഞ്ഞു..

“ഒന്നോ രണ്ടോ ദിവസം പിടിച്ചു നിൽക്കുമായിരിക്കും. അല്ലെങ്കിൽ സുധി പോകുന്നത് വരെ. സമാധാനം കിട്ടാതെ വരുമ്പോൾ തന്നെ പെട്ടിയും കിടക്കയും എടുത്തു പൊക്കോളും,  നീ നോക്കിക്കോ…

 മനസ്സിൽ എന്തൊക്കെ ഉറപ്പിച്ചത് പോലെ സതി പറഞ്ഞു.

കുളി കഴിഞ്ഞ് സുധി ഇറങ്ങിയപ്പോഴേക്കും ബെഡ്ഷീറ്റ് ഒക്കെ നന്നായി കുടഞ്ഞു വിരിയ്ക്കുകയാണ് മീര. അവളെ ഒന്ന് നോക്കി ചെറുചിരിയോടെ അവൻ കണ്ണാടിക്ക് മുൻപിലേക്ക് നിന്നു.  ശേഷം ക്രീമിന്റെ ബോട്ടിൽ തുറന്ന് അല്പം കയ്യിൽ ഇട്ടു മുഖത്ത്  ഇട്ടു.

” ആകെ മടുത്തു പോയി അല്ലേ?

 ചിരിയോടെ കട്ടിലിലേക്ക് ഇരുന്നുകൊണ്ട് അവൻ ചോദിച്ചു.

”  സുധിയേട്ടനും മടുത്തിട്ടുണ്ടാവില്ലേ..?

 അവളും തിരികെ ചോദിച്ചു.

”  പറയാനുണ്ടോ..  പിന്നെ എനിക്ക് എക്സ്പീരിയൻസ് ആയതാ. ശ്രീജിത്തിന്റെ കല്യാണത്തിനും സുഗന്ധിയുടെ കല്യാണത്തിന് ഒക്കെ ഇതേ മടുപ്പ് തന്നെയാണ് ഞാൻ അനുഭവിച്ചിട്ടുള്ളത്.  എല്ലാ കല്യാണങ്ങൾക്ക് ഓടി എനിക്കത് ശീലമായി. തനിക്കിത് ആദ്യത്തെ എക്സ്പീരിയൻസ് അല്ലേ, താൻ എന്താ ഇങ്ങനെ നിൽക്കുന്നേ, ഇവിടെ ഇരിക്ക്.

  അവളുടെ കയ്യിലേക്ക് പിടിച്ച് തനിക്ക് അരികിലേക്ക് അവൻ ഇരുത്തി. ഒരു നിമിഷം അവൾക്ക് ചെറിയൊരു ചമ്മൽ തോന്നിയിരുന്നു. ആദ്യമായാണ് ഇങ്ങനെ ഇത്രയും അരികിൽ.

”  ഇഷ്ടായോ ഇവിടൊക്കെ…?

 അവളുടെ ഇടംകൈ തന്റെ മടിയിലേക്ക് വച്ചുകൊണ്ട് അവൻ ചോദിച്ചു.  ചെറുചിരിയോടെ അവൾ തലയാട്ടി.

”  ചെറിയ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാവും ഇല്ലാന്ന് ഞാൻ പറയുന്നില്ല.  എനിക്കിപ്പോൾ തന്നോട് മാത്രമേ പറയാൻ പറ്റൂ,  എന്റെ സ്വന്തമെന്ന് എനിക്ക് തന്നെ മാത്രം അല്ലേ പറയാൻ പറ്റൂ. ഞാൻ ഇക്കാര്യം അമ്മയോട് സുഗന്ധിയോടോ പറഞ്ഞാൽ അവരതിന് വേറെ വ്യാഖ്യാനങ്ങളെ നൽകൂ, കല്യാണം കഴിഞ്ഞു വന്ന് ഉടനെ ഞാൻ തന്നോട് അവരുടെ പക്ഷം ചേർന്ന് പറയാണെന്ന് കരുതരുത്.  ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം വിവാഹം കഴിയുന്നതോടെ ആരെയും വെറുപ്പിക്കാതെ നിന്നു പോകണം എന്ന് ആഗ്രഹിക്കും. അതേയുള്ളൂ എനിക്കും.  താൻ വന്നപ്പം മുതൽ ചില കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായിട്ടുണ്ട്.

 അവൻ എന്താണ് പറയുന്നത് എന്ന് വ്യക്തമായി അവൾക്ക് മനസ്സിലായിരുന്നു.

” വിവാഹത്തിന് അമ്മയ്ക്ക് താല്പര്യക്കുറവ് ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ മറ്റൊരു വിവാഹാലോചന വന്നിരുന്നു ഇതിനൊപ്പം തന്നെ.  എനിക്ക് അതിനോട് വലിയ താല്പര്യം ഇല്ലായിരുന്നു.  അമ്മയ്ക്ക് ആ വിവാഹാലോചനയോട് കുറച്ചു താൽപര്യം കൂടുതൽ ഉണ്ടായിരുന്നു  മാത്രമല്ല അത് രമ്യയുടെ ഒരു സുഹൃത്ത് കൂടിയായിരുന്നു. അതുകൊണ്ട് അമ്മയ്ക്ക് അതിനോട് ഒരു അല്പം ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നു എന്നത് സത്യം.  അതിന്റെ ഒരു പ്രതിഷേധമാണ് ഈ കാട്ടി കൂട്ടുന്നതൊക്കെ.  അല്ലാതെ സ്നേഹമില്ലാഞ്ഞിട്ടൊന്നുമല്ല,  പ്രായമായ ആളുകളല്ലേ താൻ കുറച്ചൊക്കെ ഒന്ന് കണ്ടില്ല കേട്ടില്ല എന്ന് നടിച്ചാൽ മതി.  ഒട്ടും സഹിക്കാൻ പറ്റുന്നില്ലെങ്കിൽ എന്നോട് പറഞ്ഞാൽ മതി.  എനിക്ക് മനസ്സിലാവും അത് ഹാൻഡിൽ ചെയ്യേണ്ടത് എങ്ങനെയാണെന്ന്.

സുധി ഗൗരവത്തോടെ പറഞ്ഞു..

” എനിക്ക് മനസിലായി സുധിയേട്ടൻ ഉദ്ദേശിക്കുന്നത് എന്താണെന്ന്.  അതൊന്നും സാരമില്ല. സുധിയേട്ടൻ എന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.  അങ്ങനെ ഒരു ഭാഗ്യത്തെ എനിക്ക് സമ്മാനിച്ചത് സുധിയേട്ടന്റെ അമ്മയല്ലേ.? ആ അമ്മ ചൊല്ലിത്തന്ന വഴികളിലൂടെയല്ലേ സുധിയേട്ടൻ നടന്നിട്ടുള്ളത്.  അതിന്റെ മേന്മ സുധിയേട്ടനിൽ പലവട്ടം ഞാൻ കണ്ടിട്ടുണ്ട്.  അങ്ങനെയുള്ള സുധിയേട്ടന്റെ അമ്മയെ ഞാനായിട്ട് വിഷമിപ്പിക്കില്ല.  ഇത് ഞാൻ സുധിയേട്ടന് തരുന്ന വാക്ക് ആണ്..

പക്വതയോടെയുള്ള അവളുടെ സംസാരം അവനിൽ സന്തോഷം നിറച്ചിരുന്നു.  ഒന്നും സംസാരിക്കാതെ കുറച്ച് സമയം അവളെ തന്നെ അവൻ നോക്കിയിരുന്നു. പിന്നെ ഒന്നും ആലോചിക്കാതെ തന്റെ കൈകളാൽ ചേർത്ത് അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.  ആദ്യം ഒരു ഞെട്ടൽ ഉണ്ടായെങ്കിലും ആ ചേർത്തുപിടിക്കാൻ അവളും ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. തന്റെ നെഞ്ചിൽ ചാഞ്ഞിരിക്കുന്നവളുടെ തലമുടിയിൽ അലിവോടെ അവൻ തഴുകി.. അവളുടെ മുഖം കൈക്കുമ്പിളിലേക്ക് എടുത്ത് അവളെ തന്നെ അവൻ നോക്കിയിരുന്നു. ഏതോ ഒരു നിമിഷത്തെ വികാരത്തിന്റെ പുറത്ത് അവന്റെ അധരങ്ങൾ അവളുടെ നെറ്റിത്തടത്തിലേക്ക് നീണ്ടു. അവൾക്ക് അരികിലേക്ക് അവന്റെ മുഖം നീണ്ടു വന്നതും കണ്ണുകൾ അടച്ച് അവന്റെ ആദ്യപ്രണയമുദ്രയെ സ്വീകരിക്കാൻ അവളും  തയ്യാറായിരുന്നു. അപ്പോൾ തന്നെ കതകിൽ ഒരു തട്ട് കേട്ടു.  രണ്ടുപേരും സ്വബോധത്തിലേക്ക് വന്നു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button