Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 20

[ad_1]

രചന: റിൻസി പ്രിൻസ്

 

അന്ന് രാത്രി തന്നെ അവൾ നന്ദനയെ വിളിച്ചു നടന്ന കാര്യങ്ങൾ എല്ലാം  വിശദമായി പറഞ്ഞു….

” അത് പ്രശ്നമാണല്ലോ മോളെ,

നന്ദന ആകുലപ്പെട്ടു…

” ഞാൻ വിചാരിച്ചില്ല അയാൾ ഇങ്ങനെ ഒരു നീക്കം നടത്തുമെന്ന്…. ഞാൻ അങ്ങനെ പറയുമ്പോൾ വേറൊരു ആലോചന നോക്കുമെന്ന് ആണ് കരുതിയത്, 

” സാരമില്ല ഒരു വർഷം സമയമില്ലേ…?

നന്ദന ആശ്വസിപ്പിച്ചു….

“വെറുതെ പറഞ്ഞു വയ്ക്കുന്ന ഒരു വർഷം അല്ലല്ലോ, മോതിരമാറൽ എന്നൊക്കെ പറയുമ്പോൾ….

മീരയുടെ വാക്കുകളിൽ നിറഞ്ഞു നിന്നു വെപ്രാളം…

 ” നീ പറഞ്ഞു കേട്ടിടത്തോളം അയാൾ നല്ല മനുഷ്യനാണെന്ന് ആണ് തോന്നുന്നത്,  അതുകൊണ്ടല്ലേ സ്ത്രീധനം വേണ്ടെന്ന് വച്ചത്, പിന്നെ നീ പറഞ്ഞതു പോലെ ഒരു വർഷം സാവകാശം തന്നതും ഒക്കെ,  അങ്ങനെയാണെങ്കിൽ ഒരു വർഷം കൊണ്ട് അയാൾ പറ്റുമോന്ന് നോക്കിയിട്ട് ആ ജീവിതത്തിലോട്ട് മുൻപോട്ട് പോകുന്നതുകൊണ്ട് എന്താ തെറ്റ്…?  നീ അല്ലെങ്കിൽ തന്നെ ഇനി ആർക്കുവേണ്ടി കാത്തിരിക്കാ..?  നിന്നെ ചതിച്ചിട്ട് നിന്റെ സ്നേഹത്തിന് ഒരു വിലയും നൽകാതെ കറിവേപ്പില പോലെ നിന്നെ ഉപേക്ഷിച്ചു പോയ അർജുന് വേണ്ടിയോ…?

നന്ദനയ്ക്ക് ദേഷ്യം തോന്നി…

 ” നീ ഒന്ന് ചുമ്മാതിരിക്ക്  നന്ദു, അർജുനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല, അർജുനനോട് എനിക്കൊരു തരിമ്പ് പോലും സ്നേഹമില്ല, പക്ഷേ അർജുനെ മറക്കാനോ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളെ ഓർക്കാതിരിക്കാno എനിക്ക് കഴിയുന്നില്ല,  അതിനർത്ഥം ഞാൻ ഇപ്പോഴും അർജുനെ സ്നേഹിക്കുന്നുവെന്നല്ല,

തൊണ്ടകുഴിയിൽ നിന്ന് ഒരു തേങ്ങൽ വീർപ്പുമുട്ടി…

“എനിക്ക് മനസ്സിലായി…!  പക്ഷേ എല്ലാത്തിൽ നിന്നും മറക്കാനുള്ള ഒരു മരുന്ന് തന്നെയാടി ഇത്,  സ്നേഹത്തെ സ്നേഹം കൊണ്ട് മാത്രമേ തോൽപ്പിക്കാൻ പറ്റൂ…  ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ നീ എന്നെ തെറ്റിദ്ധരിക്കരുത്, നിന്നോടുള്ള വിശ്വാസക്കുറവ് കൊണ്ടല്ല,  നിന്റെ പേടിയും വെപ്രാളവും കണ്ടിട്ട് ചോദിക്കാ… നീയും അർജുനനും തമ്മിൽ അരുതാത്ത എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ….?

മടിച്ചു മടിച്ചു അവൾ ചോദിച്ചു…

“നന്ദനെ…………..!!!!!!!! അതൊരു മുന്നറിയിപ്പായിരുന്നു,  ഞാൻ അത്തരക്കാരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ…?

അവൾക്ക് ദേഷ്യവും വിഷമവും ഒരുമിച്ചു വന്നു….

”  അതുകൊണ്ടല്ല,  നീ മാത്രമല്ല, കാമുകനെ വിശ്വസിച്ച് ശരീരം പങ്കുവെക്കുന്നവരൊന്നും അത്തരക്കാരല്ല,  അവനോടുള്ള സ്നേഹം കൊണ്ടായിരിക്കും അതിന് സമ്മതിച്ചു പോകുന്നത്….  അത് ആരുടെയും തെറ്റാണെന്ന് പറയാൻ പറ്റില്ല, ചിലർക്ക് സ്നേഹം ഒരു ബലഹീനതയാണ്,  ആ ബലഹീനതയെ ചിലവന്മാര് മുതലെടുക്കുന്നത്, അങ്ങനെ നിന്നോട് ഒരു ക്രൂരത അവൻ ചെയ്തിട്ടുണ്ടോന്ന് അറിയാൻ വേണ്ടി മാത്രം ഞാൻ ചോദിച്ചതാ….  ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നും നടന്നിട്ടില്ല,  പക്ഷേ എന്റെ മനസ്സിൽ അർജുനോട് ഇപ്പോഴും എന്തോ ഒരു സെന്റിമെന്റ്സ് ഉണ്ട്, അത് സ്നേഹമല്ല,  ഒരു കാലത്ത് എല്ലാമായിരുന്നില്ലേ…?   ഒരുമിച്ച് ഒരു ജീവിതം സ്വപ്നം കണ്ടതല്ലേ,

വേദനയോട് പറഞ്ഞു…

 “മ്മ്…..! എങ്കിൽ പിന്നെ നീ വിഷമിക്കേണ്ട കാര്യമില്ല,  അവനെ പതുക്കെ പതുക്കെ മനസ്സിൽ നിന്ന്  അകറ്റി നിർത്തുക, ഒരു വർഷം നിനക്ക് മുൻപിൽ ഉണ്ട്, നിനക്ക് പഠിക്കാം ആ സമയം കൊണ്ട്, ഒപ്പം നിനക്ക് നിന്റേതായിട്ടുള്ള ഒരു നിലയിൽ എത്താം. അത് കഴിഞ്ഞ് ഈ വിവാഹത്തിന് സമ്മതമല്ലെങ്കിൽ നീ അല്ലെന്ന് പറയണം,

നന്ദന പറഞ്ഞു…

“അങ്ങനെ പറഞ്ഞാൽ അത് ആ ചേട്ടനോട് ചെയ്യുന്ന ചതിയല്ലേ…?  അയാൾക്ക് ഇപ്പോൾ തന്നെ 32 വയസ്സോ മറ്റോ ഉണ്ട്,  ഞാൻ ഇങ്ങനെ പ്രതീക്ഷ കൊടുത്തിട്ട് അവസാനം വിവാഹം കഴിക്കാൻ പറ്റില്ലന്ന് പറഞ്ഞാൽ അയാൾക്ക് മറ്റൊരു പെൺകുട്ടിയെ കണ്ടു പിടിക്കാനുള്ള സമയം കൂടിയല്ലേ നഷ്ടമാകുന്നത്, 

” എല്ലാ വശവും കൂടി നീ ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്താ പറയാ, അല്ലെങ്കിൽ പിന്നെ ഞാൻ പറഞ്ഞതു പോലെ അയാൾ ഒരു നല്ല ആളാണെങ്കിൽ നീ അയാളെ തന്നെ അങ്ങ് കല്യാണം കഴിക്കാൻ  നോക്ക്, അതിനിപ്പോ എന്താ കുഴപ്പം..? 

” പ്രധാന പ്രശ്നം അതൊന്നുമല്ല,  ആളുടെ അമ്മയ്ക്കും ചേച്ചിക്കും എന്നെ ഒട്ടും ഇഷ്ടായിട്ടില്ല, എന്റെ മുഖത്തുനോക്കി തന്നെ പറഞ്ഞു….

”  എന്തു പറഞ്ഞു….

” എനിക്ക് ആളുടെ അത്രയും നിറം ഇല്ലെന്നൊക്കെ പറഞ്ഞു,

”  അങ്ങനെ പറഞ്ഞൊ..?

“മ്മ്… അങ്ങനെ തന്നെയാ പറഞ്ഞത്, അതുകൊണ്ടും കൂടി എനിക്ക് ഒരു ടെൻഷൻ ഉണ്ട്…   ഈ കല്യാണം നടന്നാൽ ഞാൻ എങ്ങനെ ഇവിടെ ജീവിക്കാ,

” നീ ഈ കാര്യം നിന്റെ അമ്മയോട് പറ,, അമ്മയില്ലാത്ത പൈസ ഉണ്ടാക്കി നിശ്ചയമൊക്കെ നടത്തുന്നതിനു മുൻപ് നിനക്ക് സമ്മതം അല്ലെങ്കിൽ സമ്മതമല്ലെന്ന് പറഞ്ഞേക്ക്,

” അങ്ങനെ പറയാമായിരുന്നു പക്ഷേ അതിന് ഞാനൊരു കാരണം പറയണ്ടേ? പഠിക്കുന്ന കാര്യം പറഞ്ഞാൽ അമ്മ സമ്മതിക്കില്ല, വേറെ ഒരു കാരണവും പ്രത്യക്ഷത്തിൽ അയാളെ ഇഷ്ടമല്ലെന്ന് പറയാൻ എന്റെ മുന്നിലില്ല… കാണാൻ ആണെങ്കിലും പെരുമാറ്റത്തിൽ ആണെങ്കിലും അയാൾക്ക് പ്രോബ്ലം ഇല്ല,

”  അമ്മയും പെങ്ങളും നിന്നോട് പറഞ്ഞ കാര്യം പറയണം…  അത്രയും ബുദ്ധിമുട്ട്  ഉള്ള ഒരു കുടുംബത്തിലേക്ക് കയറി ചെല്ലാൻ നിനക്ക് താല്പര്യമില്ലന്ന് അമ്മയോട് പറയണം,

” അതുവേണ്ട അമ്മയ്ക്ക് സങ്കടമാകും, മാത്രമല്ല  അമ്മ ബ്രോക്കറെ വിളിച്ച് ഇക്കാര്യം അയാളോട് പറയാണെങ്കിൽ അയാളുടെ വീട്ടിലും എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ..?  അതും മോശമല്ലേ,

”  നീ ഇങ്ങനെ എല്ലാവരെയും സേവ് ചെയ്തു മുന്നോട്ടു പോകാൻ നോക്കിയാൽ അത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല, തൽക്കാലം നിനക്ക് താല്പര്യമില്ലെങ്കിൽ നീ ഈ കാര്യം തന്നെ അമ്മയോട് പറയുക…  ഇല്ലെന്നുണ്ടെങ്കിൽ ഇതുമായിട്ട് മുൻപോട്ട് പോവുക  

” ഇഷ്ടമല്ല എന്നായിരുന്നു എന്റെ മറുപടിയെങ്കിൽ അത് ഇയാൾ ഇവിടെ വന്നപ്പോൾ തന്നെ ഞാൻ പറയണമായിരുന്നു, അപ്പോൾ ഞാൻ അമ്മയുടെ ഇഷ്ടത്തിനേക്കാൾ വലുതായിട്ട് എനിക്ക് ഒന്നുമില്ലന്നാണ് പറഞ്ഞത്, എന്നിട്ട് പെട്ടെന്ന് ഞാൻ ഇഷ്ടമല്ലെന്ന് പറയുമ്പോൾ അയാളെ ഞാൻ അപമാനിച്ചത് പോലെ ആകും…  പക്ഷേ ഇഷ്ടമാണെന്ന് പറയാനും എനിക്ക് പറ്റുന്നില്ല, ഒരു വല്ലാത്ത അവസ്ഥയിലാണ് ഞാൻ….

മീര തന്റെ അവസ്ഥ പറഞ്ഞു…

” നീ ഒരു കാര്യം ചെയ്യ്, തൽക്കാലം ഇത് മുൻപോട്ട് പോകട്ടെ, നടക്കാൻ വിധിയുള്ളതാണെങ്കിൽ നടക്കും….  ഇല്ലെങ്കിൽ എങ്ങനെയെങ്കിലും ഇത് മാറിപ്പോകും, അങ്ങനെ വിശ്വസിച്ചാൽ മതി….

നന്ദന പറഞ്ഞു…

” പക്ഷേ ഉടനെ മോതിരം മാറ്റം വേണമെന്ന് അവര് പറയുന്നത്,

”  ഒരു വർഷത്തെ സമയമുണ്ട്,  അതിനുള്ളിൽ എന്തെങ്കിലും അത്ഭുതങ്ങൾ നടക്കുമോന്ന് നോക്കാം….

നന്ദന പറഞ്ഞതുപോലെ തന്നെ ചെയ്യുന്നതാണ് നല്ലതെന്ന് അവൾക്കും തോന്നി,

  എല്ലാവരുടെയും മുഖത്തെ സന്തോഷത്തെ താനായി തല്ലിക്കെടുത്തണ്ടന്ന് തോന്നി,  അതിലുപരി ഒന്നുമറിയാത്ത ചെറുപ്പക്കാരനോട് ഒരു നീതികേട് കൂടി കാണിക്കേണ്ടന്ന് മനസ്സു പറഞ്ഞു….

                           💙

    ”   ചേട്ടൻ ഇത്ര പെട്ടെന്ന് പോകുമെന്ന് ഞാൻ കരുതിയില്ല, 

സുഗാന്ധി അവന്റെ അരികിൽ ചെന്ന് പറഞ്ഞു ..

” പെട്ടെന്ന് പോകാൻ വേണ്ടി വന്നതല്ലല്ലോ ഞാൻ…. ഇതിപ്പോ മോതിരം മാറ്റം കഴിയാണെങ്കിൽ പിന്നെ വിവാഹസമയത്ത് ഒരുപാട് ലീവ് ഒന്നും കിട്ടില്ല,  ഇങ്ങനെ നിന്നാൽ ആ സമയത്ത് കല്യാണത്തിന്റെ കാര്യങ്ങൾക്ക് ഞാൻ ഇവിടെ വേണ്ട…? അതുകൊണ്ടാ ഞാൻ ഈ തവണത്തെ അവധി അല്പം കുറച്ചു മതിയെന്ന് തീരുമാനിച്ചത്,  സുഗന്ധിയോടായി അവൻ പറഞ്ഞു….  ആ പെൺകുട്ടിയെ എനിക്ക് അത്ര ഇഷ്ടമായില്ല,  ഏട്ടന് അത്ര ചേരുന്നില്ലന്ന് തോന്നുന്നു,

അവന്റെ മുഖം പെട്ടന്ന് മങ്ങി…

” എനിക്ക് ഒരുപാട് ഇഷ്ടായി,

സുധി പറഞ്ഞു… പെട്ടെന്നാണ് അവന്റെ ഫോൺ ബെല്ലടിച്ചത്…

” അമ്മാവനാ….

ചിരിയോടെ അവൻ ഫോണുമായി പുറത്തേക്ക് പോയപ്പോൾ ഇനി എന്തു പറഞ്ഞാണ് ഈ വിവാഹത്തിൽ നിന്നും അവനെ വ്യതിചലിപ്പിക്കുന്നത് എന്നായിരുന്നു സുഗന്ധി ചിന്തിച്ചിരുന്നത്….

 ” ഈ മാസം പതിനാറാം തീയതി നല്ലൊരു മുഹൂർത്തം ഉണ്ട്, ഞാൻ നോക്കിപ്പിച്ചു, പിന്നെ കുട്ടിയുടെ ജാതകം ഞാൻ ബ്രോക്കറെ കൊണ്ട് വാങ്ങിപ്പിച്ചിരുന്നു,  നിന്റെ ജാതകവുമായി ഒത്തു നോക്കി…  ഇന്നത്തെ കാലത്ത് അതിലൊന്നും ഒരു കാര്യവുമില്ല,  എങ്കിലും  പത്തിൽ 7 പൊരുത്തമുണ്ട്,

 ” പതിനാറാം തീയതി പറയുമ്പോൾ അടുത്ത ആഴ്ചയല്ലേ അമ്മാവാ…

“അതെ….അടുത്ത ആഴ്ച,  മാധവിയോടും കൂടി ചോദിക്കണം ആ ഡേറ്റ് അവർക്ക് പറ്റുമോന്ന്,  കാരണം നമുക്ക് പ്രത്യേകിച്ച് ആരെയും വിളിക്കാൻ ഒന്നുമില്ല,  നമ്മൾ അടുത്ത കുടുംബക്കാർ മാത്രല്ലേ ഉള്ളൂ, അതുകൊണ്ട് അടുത്ത ആഴ്ചത്തേക്ക് നടക്കുകയാണെങ്കിൽ അത് നല്ലതല്ലേ, 

” അമ്മാവൻ തന്നെ അവരോട് ഒന്ന് ചോദിച്ചു നോക്കൂ,

” ഞാൻ ചോദിച്ചിട്ട് നിന്നെ അറിയിക്കാം, പതിനാറാം തീയതി നിനക്ക് അസൗകര്യമൊന്നും ഇല്ലല്ലോ,

” എനിക്ക് അസൗകര്യമൊന്നുമില്ല, ഇവിടെ അമ്മയോടും ശ്രീജിത്തിനോട് ഒക്കെ ചോദിക്കണ്ടേ,

” അത് മാധവിയോട് ചോദിച്ചതിനു ശേഷം ഞാൻ വന്ന സംസാരിച്ചോളാം. ഇപ്പോൾ ഞാൻ ഈ കാര്യം പറഞ്ഞത്. നീ തൽക്കാലം ആരോടും പറയാൻ നിൽക്കണ്ട,

” ശരി അമ്മാവാ…

 മാധവിക്കും സൗകര്യമുള്ള ഒരു ദിവസം തന്നെയായിരുന്നു അത്,  മാധവിയുടെ ഭാഗത്തുനിന്നുള്ള മറുപടി കിട്ടിയതോടെ അമ്മാവൻ തന്നെ നേരിട്ട് വീട്ടിലേക്ക് വന്നു സതിയോടും ശ്രീജത്തിനോടും ഡേറ്റിനെ കുറിച്ച് പറഞ്ഞപ്പോൾ സതി ആദ്യം എതിർപ്പ് തന്നെയാണ് പ്രകടിപ്പിച്ചത്,  അധികമാരെയും വിളിക്കാനില്ലെങ്കിലും കുടുംബക്കാരെ വിളിക്കേണ്ട എന്ന സതിയുടെ ചോദ്യത്തിനും അമ്മാവനെ മറുപടിയുണ്ടായിരുന്നു,  വിവാഹത്തിന് എല്ലാവരെയും വിളിക്കാമെന്നും ഇപ്പോൾ അധികമാരും അറിയാതെ രഹസ്യമായി ചടങ്ങ് നടത്താമെന്നും അമ്മാവൻ പറഞ്ഞു, അഥവാ  കല്യാണം മാറി പോവുകയാണെങ്കിൽ അതുതന്നെയാണ് നല്ലതെന്ന് സതിയ്ക്കും തോന്നിയിരുന്നു,  അതുകൊണ്ട് മനസ്സില്ലാ മനസ്സോടെ അവരത് സമ്മതിച്ചു…

 ശ്രീജിത്തിനും രമ്യയ്ക്കും ഈ കാര്യത്തിൽ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല, തന്റെ കൂട്ടുകാരിയെ സുധിയെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് അത്രമേൽ രമ്യ ആഗ്രഹിച്ചിരുന്നു,  അത് നടക്കാത്തതിന്റെ ദേഷ്യം മുഴുവൻ ശ്രീജത്തിനോട് ആണ് അവൾ കാണിച്ചിരുന്നത്…

മീരയുടെ സഹോദരിമാർ രണ്ടുപേരും ചേച്ചിയെ കൊണ്ട് പപ്പായ ഫേഷ്യലും മറ്റും ചെയ്യിപ്പിക്കുകയായിരുന്നു പണി,  തൊടിയിൽ വിളഞ്ഞു പഴുത്ത് കിടക്കുന്ന പപ്പായ കൊണ്ട് ഫേഷ്യൽ ചെയ്യുവാനും അവളെ പരിപോഷിപ്പിക്കുവാനും രണ്ടുപേരും മുൻപന്തിയിൽ നിൽക്കുകയായിരുന്നു…

 കുടുംബശ്രീയിൽ നിന്നും ഉള്ള ലോൺ എടുത്ത് മാധവി അര പവന്റെ ഒരു മോതിരം പണിയാൻ കൊടുത്തു,  സുധിയുടെ പേര് കൊത്തിയ മോതിരം പണിതുകൊണ്ടുവന്ന മാധവി എല്ലാവരെയും അത് കാണിച്ചു,  കുട്ടികളെല്ലാം ആകാംക്ഷയോടെ നോക്കി ആ മോതിരത്തിലേക്ക്,  ഒരുമാത്ര  മീരയും ഒന്ന് നോക്കി…. സുധീഷ് എന്ന് തങ്ക ലിപികളിൽ എഴുതിയ മോതിരം, നാളെ തന്റെ കയ്യിൽ അവൻ അണിയിക്കേണ്ടത്… താൻ ആഗ്രഹിച്ചത് എന്തായിരുന്നു…?  ഈ സ്ഥാനത്ത് അർജുൻ ആയിരുന്നുവെങ്കിൽ ഇപ്പോൾ എന്ത് സന്തോഷത്തോടെ ആയിരിക്കും ഈ നിമിഷങ്ങളൊക്കെ കടന്നു പോവുക,  അതായിരുന്നു അവൾ ആ നിമിഷം ചിന്തിച്ചിരുന്നത്… ഓർമകൾ ഹൃദയവാതിൽ തള്ളിതുറക്കാൻ കാത്തുനില്കുന്നത് അറിഞ്ഞവൾ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ ചലിപ്പിച്ചു…

 അവിടെയും മോതിരം പണിയലൊക്കെ കഴിഞ്ഞിരുന്നു,  സുധി തന്നെയാണ് ഒരു പവന്റെ ഒരു മോതിരം പണിതത്, മോതിരം കൊണ്ടുവന്ന് ആരുമില്ലെന്ന് ഉറപ്പുവരുത്തി റൂമടച്ച് അവനത് തുറന്നു നോക്കി,  മീര എന്ന് സ്വർണ്ണത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ആ മോതിരം കണ്ടപ്പോൾ മനസ്സിൽ ഒരു കുളിര് നിറയുന്നതവൻ അറിഞ്ഞു. ആദ്യ കാഴ്ചയിൽ തന്നെ തന്റെ മനസ്സിലേക്ക് കയറി കൂടിയവൾ,  അവളിൽ നാളെ തനിക്ക് പാതി അവകാശം ലഭിക്കാൻ പോകുന്നു,  അവന് ലോകം കീഴടക്കിയ സന്തോഷമാണ് തോന്നിയത്. അന്ന് രാത്രി മീര ഉറങ്ങിയില്ല….  എല്ലാവരും ഉറങ്ങി കഴിഞ്ഞപ്പോൾ തലയിണയിൽ അമർത്തിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു,  കുറേ ദിവസമായി മനസ്സിൽ നിറഞ്ഞുനിൽക്കുന്ന സംഘർഷം മുഴുവൻ കണ്ണുനീരാക്കി അവളാ തലയിണയിൽ ഒഴുക്കി കളഞ്ഞു….  ഇനി ഒരു തുള്ളി കണ്ണുനീർ പോലും അർജുൻ വേണ്ടി ഒഴുകിക്കളയരുതെന്ന് അവൾ തീരുമാനിച്ചിരുന്നു, അവനോട് തോന്നിയ സ്നേഹത്തിന് അവന് ഔദാര്യമായി താൻ നൽകുന്ന  അവസാന തുള്ളി കണ്ണുനീർ കണങ്ങൾ ആണിത്…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button