Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 21

[ad_1]

രചന: റിൻസി പ്രിൻസ്

എല്ലാവരും ഉറങ്ങി കഴിഞ്ഞപ്പോൾ തലയിണയിൽ അമർത്തിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു,  കുറേ ദിവസമായി മനസ്സിൽ നിറഞ്ഞുനിൽക്കുന്ന സംഘർഷം മുഴുവൻ കണ്ണുനീരാക്കി അവളാ തലയിണയിൽ ഒഴുക്കി കളഞ്ഞു….  ഇനി ഒരു തുള്ളി കണ്ണുനീർ പോലും അർജുൻ വേണ്ടി ഒഴുകിക്കളയരുതെന്ന് അവൾ തീരുമാനിച്ചിരുന്നു, അവനോട് തോന്നിയ സ്നേഹത്തിന് അവന് ഔദാര്യമായി താൻ നൽകുന്ന  അവസാന തുള്ളി കണ്ണുനീർ കണങ്ങൾ ആണിത്

 വിവാഹനിശ്ചയത്തിനുള്ള എല്ലാ ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞിരുന്നു,  അടുത്തുള്ള ഒരു വീട്ടിൽ ഉള്ളവരെ മാത്രമാണ് ചടങ്ങിന് വേണ്ടി മാധവി ക്ഷണിച്ചിരുന്നത്  അധികമാരോടും പറഞ്ഞിരുന്നില്ല.

അന്ന് പുലരി തെളിഞ്ഞപ്പോൾ മുതൽ വല്ലാത്ത വെപ്രാളവും ഭയവും ആയിരുന്നു മീരയിൽ നിറഞ്ഞു നിന്നിരുന്നത്, കസവു കരയുള്ള സെറ്റും മുണ്ടും ആയിരുന്നു വിവാഹ നിശ്ചയത്തിനു വേണ്ടി തിരഞ്ഞെടുത്തിരുന്നത്, പുലരി തൂവാനം നിറച്ചു നിന്നെങ്കിലും അവളുടെ മനം കാർമേഘം നിറഞ്ഞത് ആയിരുന്നു…. രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞു വന്ന് സെറ്റും മുണ്ടും ഉടുത്തിരുന്നു, രണ്ട് കൈകളിലും സ്വർണ്ണനിറത്തിൽ ഉള്ള കല്ലുകൾ വച്ച വളകളാണ് ധരിച്ചത്,  കഴുത്തിൽ ഗോൾഡ് കവറിങ് ഒരു കുഞ്ഞു നെക്‌ലീസും അണിഞ്ഞിരുന്നു,  വെള്ള കല്ല് പതിപ്പിച്ച ജിമിക്കിയായിരുന്നു കാതുകൾക്ക് അഴകേകിയത്,

 സുധിയുടെ വീട്ടിൽ നിന്നുമുള്ളവർ രാവിലെ തന്നെ പുറപ്പെട്ടിരുന്നു, അമ്മാവൻ പറഞ്ഞത് അനുസരിച്ച് 11:30 നാണ് മുഹൂർത്തം,  ആ സമയത്ത് നൂറനാട് എത്തണമെന്നുണ്ടെങ്കിൽ പത്തനംതിട്ടയിൽ നിന്ന് നേരത്തെ തന്നെ  നിന്നും ഇറങ്ങേണ്ടത് അത്യാവശ്യമാണ്…  സുധിയ്ക്കും ക്കും അമ്മാവനും ഒഴികെ മറ്റാർക്കും സന്തോഷമുണ്ടായിരുന്നില്ല ഈ ചടങ്ങിന് പോലും,  അതുകൊണ്ടുതന്നെ നൂറനാടെക്ക് ഉള്ള യാത്രയിൽ എല്ലാവരും മൗനത്തിൽ ആയിരുന്നു, അത് മാനസികമായി സുധിയിൽ ഒരു വേദന നിറച്ചിരുന്നു എന്നത് സത്യമാണ്…  പക്ഷേ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന സന്തോഷത്തിന്റെ അഗ്നിയെ കെടുത്തുവാൻ ആ മൗനത്തിന് സാധിച്ചിരുന്നില്ല എന്നത് മറ്റൊരു സത്യമാണ്……

ഹൃദയം നിറഞ്ഞു തുളുമ്പുന്ന ഒരു അവസ്ഥയിലായിരുന്നു സുധി,  ഇത്രമേൽ താനവളെ ആഗ്രഹിച്ചിരുന്നോന്ന് പോലും ഒരു നിമിഷം അവന് സംശയം തോന്നി….  എന്തോ മുജ്ജന്മ ബന്ധം പോലെ ആദ്യമായി അവളെ കണ്ട നിമിഷം തന്നെ തന്റെ ആരോ ആണെന്ന് മനസ്സിൽ ഇരുന്നു ഏതോ ഒരു അദൃശ്യ ശക്തി തന്നോട് ചൊല്ലിയിരുന്നു…. പിന്നീട് ഒരു കാരണം കൊണ്ട് ഇത് നടക്കാതെ പോകരുത് എന്നുള്ള പ്രാർത്ഥനകൾ ആയിരുന്നു,  ഇപ്പോൾ പകുതി സമാധാനത്തിൽ എത്തി നിൽക്കുകയാണ്.

” രമ്യയുടെ വീട്ടുകാരെ കൂടി വിളിക്കേണ്ടതായിരുന്നു….

എരിതീയിൽ എണ്ണ പകരാൻ എന്നതുപോലെ സുഗന്ധി പറഞ്ഞു, അത് കേട്ടതും രമ്യയുടെ മുഖം വാടുന്നത് ശ്രീജിത്ത് കണ്ടിരുന്നു….

”  എല്ലാവരെയും വിളിച്ച് വിവാഹം നടത്താമല്ലോ,  ഇതിപ്പോൾ നമ്മൾ വീട്ടിലുള്ളവർ  മാത്രം മതി, രമ്യയുടെ വീട്ടിൽ വിളിച്ചാൽ ചേച്ചിയുടെ വീട്ടിലും വിളിക്കേണ്ടി വരില്ലേ,  ഇതിപ്പോ ചേച്ചിയേം അളിയനെയും മാത്രമല്ലേ വിളിച്ചുള്ളൂ, അളിയൻ തേനി റൂട്ട് ആയോണ്ട് വരാൻ കഴിഞ്ഞില്ല….. അങ്ങനെ ഒരിടത്ത് വിളിക്കുമ്പോൾ ഒരുപാട് സ്ഥലങ്ങളിൽ വിളിക്കേണ്ടി വരും, 

” അതെ ശ്രീജിത്ത് പറഞ്ഞതാണ് അതിന്റെ ശരി…..

അമ്മാവൻ അത് അനുകൂലിക്കുകയും ചെയ്തിരുന്നു,  ഈ സംസാരങ്ങൾ ഒന്നും സുധി ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം,  അവന്റെ മനസ്സിൽ നിറയെ മീരയുടെ മുഖം മാത്രമായിരുന്നു…. അവൾ ഇന്ന് തന്റെ പാതി അവകാശിയാകുന്ന സന്തോഷവും….

 വീടിനു മുൻപിലേക്ക് കാർ ചവിട്ടിയ നിമിഷം തന്നെ എവിടുന്നോ പൊട്ടിവീണത് പോലെ ബ്രോക്കറും പ്രത്യക്ഷപ്പെട്ടിരുന്നു, വിവാഹം പകുതിയായ സന്തോഷം അയാളുടെ മുഖത്തും തെളിഞ്ഞു കാണാമായിരുന്നു…. കാർ വന്നുവെന്ന് മീനും ഓടിവന്ന് പറഞ്ഞപ്പോൾ തന്നെ മീരയുടെ വെപ്രാളം വർധിച്ചിരുന്നു,  അവൾ വിയർക്കാൻ തുടങ്ങി….

 എല്ലാവരും അകത്തേക്ക് വന്ന നിമിഷം അത് ഉച്ചസ്ഥായിലായി എന്നതാണ് സത്യം, സതി ഇഷ്ടമാവാത്തത് പോലെ രൂക്ഷമായി അവളെ ഒന്ന് നോക്കി,  താനൊരു മുൻകരുതൽ നൽകിയതല്ലേ എന്ന് ഓർമിപ്പിക്കുന്നത് പോലെ,  പിന്നെയും നീ എന്തിനാണ് ഇങ്ങനെ കെട്ടിയ ഒരുങ്ങി നിൽക്കുന്നത് എന്നൊരു ധ്വനി  അതിനുള്ളത് പോലെ അവൾക്ക് തോന്നി….  അത്രമേൽ അവരുടെ അനിഷ്ടം ആ മുഖഭാവത്തിൽ നിന്നും മനസ്സിലാക്കി എടുക്കാൻ സാധിക്കുമായിരുന്നു,   ആ നോട്ടം കണ്ടപ്പോൾ തന്നെ അവൾ അകത്തേക്ക് പോയിരുന്നു..

” ചായ എടുക്കാം, എല്ലാവർക്കും…

 മാധവി പറഞ്ഞു…

”  ഞങ്ങൾ വരണ വഴിക്ക് ചായയൊക്കെ കുടിച്ചിട്ടാ മാധവി വന്നത് , തൽക്കാലം വെള്ളം വേണ്ടവർക്ക് ഒക്കെ ഓരോ ഗ്ലാസ് വെള്ളമെടുത്തോ ഇനിയിപ്പോൾ മുഹൂർത്തം തുടങ്ങാൻ 15 മിനിറ്റ് വ്യത്യാസമേ ഉള്ളൂ. ആ ചടങ്ങ് തീർത്തിട്ട് ചായയോ സദ്യയോ എന്താണെന്ന് വെച്ചാൽ നമുക്ക് കഴിക്കാമല്ലോ,  ഇപ്പോഴത്തെ കാലത്ത് ഈ മുഹൂർത്തത്തിൽ ഒന്നും വിശ്വസിക്കുന്നവരില്ല എങ്കിലും ഒരു ജീവിതം തുടങ്ങുമ്പോൾ അത് അതിന്റെതായ രീതിയിൽ നന്നായി തുടങ്ങുന്നത് തന്നെയല്ലേ നല്ലത്…

 അമ്മാവൻ പറഞ്ഞിരുന്നു

 വെയിലില്ലാത്ത സ്ഥലം നോക്കി വണ്ടി പാർക്ക് ചെയ്തതിനു ശേഷം ഒരുമിച്ച് വരാനിരുന്നതാണ് ശ്രീജിത്തും രമ്യയും,അതുകൊണ്ട് എല്ലാവരും വന്ന് കുറച്ചു സമയങ്ങൾക്ക് ശേഷമാണ് അവർ അകത്തേക്ക് കയറി വന്നത്…  മീരയെ കണ്ടിട്ടില്ലാത്തതു കൊണ്ട് അകത്തേക്ക് നോക്കുകയാണ് രമ്യ… രമ്യയുടെ നോട്ടം കണ്ടിട്ട് എന്നതുപോലെ മാധവി അവരെ ഒന്ന് നോക്കി,

” എന്റെ അനുജനും ഭാര്യയുമാണ്,

 സുധി അവരെ പരിചയപ്പെടുത്തി

 ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി മാധവി അവർക്ക് നൽകി, തിരിച്ച് ചിരിക്കാതിരിക്കാൻ സാധിച്ചിരുന്നില്ല രമ്യയ്ക്ക്…. ആത്മാർത്ഥമായി തന്നെ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു ശ്രീജിത്ത്‌…

” മോളെ കണ്ടിട്ടില്ലല്ലോ,  ഞാനിപ്പോൾ വിളിക്കാം…. മീരേ……ഇങ്ങോട്ട് വന്നേ,

മാധവി അകത്തേക്ക് നോക്കി വിളിച്ചപ്പോൾ അകത്തുനിന്നും മീര പുറത്തേക്കിറങ്ങി…  വന്നപ്പോൾ രമ്യ അവളെ അടിമുടി ഒന്നു നോക്കി,   ഒറ്റനോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കാൻ സാധിക്കുന്ന മുഖസൗന്ദര്യം ആണ് അവൾക്കെന്ന് രമ്യയ്ക്ക് തോന്നിയിരുന്നു….  നീളൻ മുടിയും നീണ്ട നാസികയുമാണ് അവളുടെ സൗന്ദര്യം, ആകാരഭംഗിയിൽ മുൻപിൽ ആണ് അവൾ എന്ന് തോന്നിയിരുന്നു….  കടഞ്ഞെടുത്തത് പോലെ ഒരു രൂപം,  എന്നാൽ അതിസുന്ദരിയും അല്ല,  ആർക്കും ആകർഷണം തോന്നുന്ന ഒരു ഐശ്വര്യം തുളുമ്പുന്ന മുഖം…   ഒരുവേള അവളോട് അസൂയ തോന്നിയിരുന്നു രമ്യയ്ക്ക്,

”  സുധി മോന്റെ അനുജനും ഭാര്യയും,

 മാധവി അവളെ പരിചയപ്പെടുത്തി…

  ചിരിയോടെ രമ്യയെ നോക്കി മീര ഒന്ന് ചിരിച്ചു വരുത്തി  അവൾ, ശ്രീജിത്തിന് അവളെ ഇഷ്ടമായെന്ന് മുഖഭാവത്തിൽ നിന്നു തന്നെ സുധിക്ക് മനസ്സിലായിരുന്നു…

” പഠിക്കുകയാണോ…?

രമ്യ അല്പം ഗൗരവത്തോടെ തന്നെ ചോദിച്ചു, ഡിഗ്രി കഴിഞ്ഞു…

”  ഇനി ബിഎഡ് ചെയ്യണം എന്നാണ് ആഗ്രഹം,

”  ഓ……

താൽപര്യമില്ലാതെ രമ്യ ഒന്ന് മൂളി, എങ്കിൽ പിന്നെ സമയം കളയാതെ ചടങ്ങ് നടത്താം അല്ലേ അമ്മ ശ്രീജിത്ത് ചോദിച്ചപ്പോൾ രൂക്ഷമായി രമ്യ അവനെ ഒന്ന് നോക്കി, ആ നോട്ടം അവൻ കണ്ടില്ലെന്നു നടിച്ചു…  അവളുടെ മുഖത്തെ ഇഷ്ടക്കുറവ് അവന് മനസ്സിലായിരുന്നു,

  പെരുവിരലിൽ നിന്നും ഒരു വിറയൽ ശരീരത്തിലേക്ക് ശക്തിയായി ആവാഹിക്കപ്പെടുന്നത് മീര അറിഞ്ഞു…  ഇനിയും കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നിൽ അവൻ അവന്റെ അധികാരത്തിന്റെ ആദ്യ മുദ്ര ചാർത്തും,  ആ ചിന്ത അവളെ വീണ്ടും വേദനയിലാഴ്ത്തി…  ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ എന്തെല്ലാം സ്വപ്നങ്ങൾ നിറച്ചു വച്ച് നിൽക്കേണ്ടതാണ്  ഈ നിമിഷം,  പക്ഷേ തനിക്ക് യാതൊരുവിധത്തിലുള്ള സന്തോഷങ്ങളും തോന്നുന്നില്ല…  ഇവിടെനിന്ന് ഇറങ്ങിയോടാൻ ആണ് തോന്നുന്നത്,

 മാധവി പെട്ടെന്ന് അകത്തുനിന്നും ഒരു ചെറിയ മോതിര ബോക്സുമായി വന്നിരുന്നു… കത്തിച്ചുവച്ച നിലവിളക്കിന്റെ അരികിലെ താലത്തിലേക്ക് അവരാ മോതിരം വച്ചു. കയ്യിൽ കരുതിയിരുന്ന മോതിരം സതിയും അവിടേക്ക് വച്ചിരുന്നു.  മോതിരത്തിന്റെ കട്ടിയിലേക്കാണ് ആദ്യം സതിയുടെ നോട്ടം ചെന്നത്…  അവർ പെട്ടെന്ന് മാധവി വച്ച മോതിരം  എടുത്തു നോക്കി, കയ്യിൽ പിടിച്ച് തൂക്കം നോക്കി…

” ഇത് എത്ര ഉണ്ട്….

ഗൗരവത്തോടെ സതി ചോദിച്ചു, ഒരു നിമിഷം അമ്മാവനും സുധിയും വല്ലാതെ ആയി പോയിരുന്നു…

”  അത് അരപ്പവനും കഴിഞ്ഞ കുറച്ചു കൂടിയുണ്ട്,

 അല്പം ജാള്യതയോടെ തന്നെ മാധവി അത് പറഞ്ഞു…

“അര ഉള്ളു അല്ലെ പെട്ടെന്ന് ചളിങ്ങി  പോവില്ല ഇതൊക്കെ….

 താല്പര്യമില്ലാതെ സതി പറഞ്ഞു,  ആ നിമിഷം തന്നെ അമ്മാവൻ രൂക്ഷമായി അവരെ ഒന്ന് നോക്കി….

”  തൂക്കത്തിൽ അല്ല ബന്ധങ്ങളുടെ കെട്ടുറപ്പിലാണ് കാര്യം ,  പണത്തിലും വലുതാണല്ലോ ബന്ധങ്ങൾ….

 അമ്മാവൻ ഒന്ന് ഊന്നി പറഞ്ഞു.

” ചടങ്ങ് നടക്കട്ടെ….

 അമ്മാവൻ തീർത്തു പറഞ്ഞപ്പോൾ എല്ലാവർക്കും സമാധാനമായി,  പക്ഷേ മാധവിക്ക് ഒരു വല്ലാത്ത കുറ്റബോധം തോന്നിയിരുന്നു…  ആദ്യം തന്നെ താൻ മോശമായി ചെയ്തതായി അവർക്ക് തോന്നുമോ എന്ന ആശങ്കയായിരുന്നു അവരിൽ നിറഞ്ഞു നിന്നിരുന്നത്…. അമ്മ അപമാനിക്കപ്പെട്ടത് പോലെയാണ് മീരയ്ക്കും തോന്നിയിരുന്നത് , സുധിയുടെ അമ്മയ്ക്ക് ഈ വിവാഹത്തിന്  താൽപര്യമില്ലെന്ന് ഇതോടെ അവൾക്ക് അടിവരയിട്ട് ഉറപ്പിക്കാൻ സാധിച്ചിരുന്നു….

 നിലവിളക്ക് കൊളുത്തി മാധവി മാറി നിന്നപ്പോൾ അമ്മാവൻ തന്നെയാണ് മോതിരമെടുത്ത് സുധിയുടെ കൈയിലും മീരയുടെ കൈകളിലുമായി നൽകിയത്,  ഒരു നിമിഷം ആ മോതിരം വാങ്ങുമ്പോൾ മീരയ്ക്ക് കൈകൾ വിറച്ചിരുന്നു…  ഉള്ളം കയിലിരുന്ന് അതുതന്നെ ചുട്ടുപൊള്ളിക്കുന്നത് പോലെ അവൾക്ക് തോന്നി, ഒരു വലിയ കള്ളത്തരം മറച്ചുവെച്ചു കൊണ്ട് താൻ ആരെയോ ചതിക്കുന്നതുപോലെയാണ് അവൾക്ക് തോന്നിയത്…  നിസ്സഹായതയോടെ അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി, കണ്ണുകളിൽ പ്രതീക്ഷനിറച്ചു വെച്ച് നിൽക്കുകയാണ് അവൻ പുതിയൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ട്…. വീണ്ടും അവനോട് സഹതാപമാണ് തോന്നിയത്,

“മോതിരം ഇട്ടോളൂ…..

അമ്മാവൻ പറഞ്ഞ നിമിഷം നിറഞ്ഞ മനസ്സോടെ സുധി ഈശ്വരനെ പ്രാർത്ഥിച്ചു കൊണ്ട് അവളുടെ വലം കയ്യിലെ മോതിരവിരലിലേക്ക് തന്റെ പേര് കൊത്തിയ മോതിരമണിയിച്ചു…കൈകൾക്ക് പൊള്ളൽ ഏൽക്കുപോലെ അവൾ വേദനിച്ചു…. 

” ഇനി കുട്ടി ഇട്ടോളൂ…..

 അമ്മാവൻ പറഞ്ഞ നിമിഷം അവളും എല്ലാവരെയും ഒന്നു നോക്കി, ഈശ്വരനോട് ആത്മാർത്ഥമായി തന്നെ പ്രാർത്ഥിച്ച് അവന്റെ കൈവിരലിലേക്ക് മോതിരമണിയിച്ചു….  ആരും കാണാതെ ഒരുതുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും അടർന്ന് താഴേക്ക് പതിച്ചു,

 താല്പര്യമില്ലാതെ സതിയും സുഗന്ധിയും മുഖം കുനിച്ചു.  ഒരു അസുലഭ നിമിഷത്തിന് സാക്ഷ്യം വഹിച്ചതുപോലെ മാധവിയുടെ കണ്ണുകളിൽ ചാരുത നിറഞ്ഞു….

”  ഇനി ഭക്ഷണം കഴിക്കാം….

മാധവി പറഞ്ഞു,

“കുറച്ചുനേരം കൂടി കഴിയട്ടെ മാധവി….

അമ്മാവൻ പറഞ്ഞു…

എല്ലാവരും മുറ്റത്തും അകത്തും ഒക്കെയായി അവരവരുടെ കാര്യങ്ങളിൽ മുഴുകി നിന്നപ്പോൾ ഭക്ഷണം എടുത്തു വയ്ക്കുവാനായി മാധവി അകത്തേക്ക് പോയിരുന്നു,  മീനുവും മഞ്ജുവും അവരെ സഹായിക്കാൻ അകത്തേക്ക് പോയി,  സുധിക്ക് ഫോൺ വന്നതിനാൽ അവൻ പുറത്തേക്കിറങ്ങി പോയിരുന്നു….  ഒരു കാഴ്ചവസ്തുവിനെ പോലെ ഉമ്മറത്ത് നിൽക്കുകയാണ് മീര, രമ്യ ആണെങ്കിൽ ഇടയ്ക്കിടെ ഫോണിൽ നോക്കുന്നതിനിടയിൽ അവളുടെ മുഖത്തേക്ക് നോക്കുന്നുണ്ട്,  അകത്തെ മുറിയിൽ നിന്നും ഫോൺ ബെൽ അടിക്കുന്നത് കേട്ടപ്പോൾ പെട്ടെന്ന് ഒരു അവസരം കിട്ടിയത് പോലെ അവൾ അകത്തേക്ക് പോയിരുന്നു… നോക്കിയപ്പോൾ നന്ദനയാണ്,

”  ഹലോ….

പെട്ടെന്ന് അവൾ ഫോൺ എടുത്തു,  എന്നാൽ അപ്പുറത്തു നിന്ന് പറയുന്നതൊക്കെ വ്യക്തമായി കേൾക്കാൻ സാധിക്കുന്നില്ല, അവൾ അടുക്കള വാതിലിൽ കൂടി പുറത്തേക്ക് ഇറങ്ങിയിരുന്നു…  വീണ്ടും തിരികെ വിളിച്ചു, എങ്കിലും നെറ്റ്‌വർക്ക് പ്രശ്നം കൊണ്ട് അവൾക്ക് വിളിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല… കുറച്ചുകൂടി നീങ്ങി നിന്ന് വിളിച്ചു നോക്കിയെങ്കിലും യാതൊരു ഫലവും ഉണ്ടായിരുന്നില്ല,  തിരികെ പോകാൻ ആയി  കയറുന്നതിന് മുമ്പാണ് തൊട്ടു പുറകിൽ ഒരു സാമിപ്യം അവൾക്ക് അറിയാൻ സാധിച്ച.. ത് പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് ചെറു ചിരിയോടെ നിൽക്കുന്ന സുധിയെ അവൾ കണ്ടത്, ഒരു നിമിഷം ശ്വാസം നിലച്ചുപോയി അവൾക്ക്……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button