Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 22

[ad_1]

രചന: റിൻസി പ്രിൻസ്

തിരികെ പോകാൻ ആയി  കയറുന്നതിന് മുമ്പാണ് തൊട്ടു പുറകിൽ ഒരു സാമിപ്യം അവൾക്ക് അറിയാൻ സാധിച്ച.. ത് പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് ചെറു ചിരിയോടെ നിൽക്കുന്ന സുധിയെ അവൾ കണ്ടത്, ഒരു നിമിഷം ശ്വാസം നിലച്ചുപോയി അവൾക്ക്…

ആ നിമിഷം ശരീരത്തിലേക്ക് ഒരു വിറയൽ പാഞ്ഞു കയറുന്നത് അവൾ അറിഞ്ഞിരുന്നു.  ശ്വാസം പോലും നിലച്ചുപോയ ഒരു നിമിഷം..!  അത്ഭുതത്തോടെ അവനും അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കിയിരുന്നു,

“എന്താ പേടിച്ചത് പോലെ നിൽക്കുന്നത്..?

 അല്പം തമാശയോടെ അവൻ ചോദിച്ചു.

ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൾ തലയനക്കി,

” വിവാഹനിശ്ചയം കഴിഞ്ഞിട്ടും ഇതുവരെ എന്നോട് നന്നായി താനൊന്ന് സംസാരിച്ചിട്ടില്ല എന്നെ അറിയാനും പരസ്പരം മനസ്സിലാക്കാനും ഒരു വർഷം വേണമെന്ന് താൻ പറഞ്ഞത് ന്യായമാണെന്ന് തോന്നിയതു കൊണ്ടാണ് ഞാൻ ഇത്രയും പെട്ടെന്ന് ഒരു വിവാഹ നിശ്ചയം നടത്തിയത്.   താൻ എന്നോട് ഒരു വാക്ക് പോലും മിണ്ടാതെ ഇങ്ങനെ മൗനവൃതം തുടർന്നാൽ നമ്മൾ എങ്ങനെയാടോ പരസ്പരം ഒന്നു മനസ്സിലാക്കുക,  തന്റെ മുഖഭാവവും ഈ രീതികളും ഒക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നത് തനിക്ക് എന്നേ ഇഷ്ടായിട്ടില്ലന്ന് ആണ്… ഞാനത് ആദ്യം തന്നോട് ചോദിച്ചതല്ലേ, അപ്പോൾ താൻ പറഞ്ഞു അമ്മയുടെ ഇഷ്ടത്തിന് അപ്പുറം ഒന്നുമില്ലന്ന്, പക്ഷേ ഇപ്പോഴും തന്റെ മുഖത്ത് ഒരു സന്തോഷം ഞാൻ കാണുന്നില്ല…

 അവന്റെ നിരാശ പടർന്ന സംസാരത്തിൽ അവൾ ഒരു നിമിഷം ഒന്ന് പതറി പോയിരുന്നു,

“ഞാ… ഞാൻ അങ്ങനെ അധികം സംസാരിക്കുന്ന കൂട്ടത്തിൽ അല്ല, 

ഒരുവിധത്തിൽ അവൾ പറഞ്ഞൊപ്പിച്ചു, ആ മുഖത്ത് ഒരു ആശ്വാസം നിഴലിക്കുന്നത് അവൾ കണ്ടു…

”  പക്ഷേ ഞാൻ നന്നായിട്ട് സംസാരിക്കുന്ന കൂട്ടത്തിലാണ്, സംസാരിക്കാത്ത ആളുകളുടെ കൂടെ ഇരിക്കാൻ തന്നെ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാ…  ആ സ്വഭാവം മാറുമായിരിക്കും അല്ലേ,  താൻ എന്നെ പോലെയോ ഞാൻ തന്നെ പോലായോ ഒക്കെ ആകുമായിരിക്കും അല്ലെ..?

അല്പം കുസൃതിയോടെ അവൻ ചോദിച്ചു.

” നേരിട്ട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് ആണെങ്കിൽ അതിനൊരു മാർഗ്ഗം ഉണ്ട്…

അവളുടെ കൈയ്യിൽ ഇരുന്ന മൊബൈൽ ഫോൺ അവൻ പെട്ടെന്ന് വാങ്ങിയെടുത്തു,  അവൾക്ക് നേരെ നീട്ടി ലോക്കഴിച്ച് തരാൻ പറഞ്ഞു… ഒരു നിമിഷം അവൾ ഒന്ന് അമ്പരപ്പെട്ടിരുന്നു,

” ലോക്ക് അഴിക്കടോ…

 ഒരിക്കൽ കൂടി അവൻ ഓർമ്മിപ്പിച്ചപ്പോൾ അവൾ പെട്ടെന്ന് തന്നെ മൊബൈലിന്റെ ലോക്ക് അഴിച്ച് അവന്റെ കൈകളിലേക്ക് കൊടുത്തു…
 ഡയൽ പാഡ് ഓപ്പൺ ചെയ്തു അവൻ തന്നെ അവന്റെ നമ്പർ ഡയൽ ചെയ്ത് സേവ് ചെയ്തു,  സേവ് ചെയ്ത് ഉടനെ തന്നെ ആ നമ്പറിലേക്ക് അവൻ ഒരു മിസ്കോളും കൊടുത്തു,

”  ഇതെന്റെ നാട്ടിലെ നമ്പർ ആണ്.. അവിടെ ചെന്നിട്ട് അവിടുത്തെ നമ്പർ അറിയിക്കാം,
 എന്റെ മുഖത്തോട്ട് നോക്കി സംസാരിക്കാനാവും തനിക്ക് ബുദ്ധിമുട്ട്. ആ ബുദ്ധിമുട്ട് ഫോണിലൂടെ ആകുമ്പോൾ ഉണ്ടാവില്ല…  നമുക്ക് പരസ്പരം അറിയേണ്ടതും അത്യാവശ്യമല്ലേ…?  വിവാഹമോതിരം കയ്യിലുണ്ട്, ഇനി അത്യാവശ്യം ഫോണിൽ ഒക്കെ ഒന്ന് സംസാരിക്കുന്നതിൽ തെറ്റൊന്നുമല്ല,

 അവൻ സംസാരം തുടരുകയാണ്,  എങ്ങനെയെങ്കിലും അകത്തേക്ക് ഒന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് അവസ്ഥയിലായിരുന്നു അവൾ…

” ഞാൻ വിളിച്ചാൽ  സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടോ..?

മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ  നിന്ന് ഉരുകുകയായിരുന്നു അവൾ…

”  ഇല്ല…! ഒരുവിധം അവൾ പറഞ്ഞു,

“എങ്കിൽ ഞാൻ പൊക്കോട്ടെ എന്നെ അവിടെ അന്വേഷിക്കുന്നുണ്ടാവും..

”  ഞാൻ പോവണ്ടന്ന് പറഞ്ഞില്ലല്ലോ,

ചിരിയോടെ അവൻ പറഞ്ഞു…

 അവനെയൊന്നു നോക്കി അവൾ അകത്തേക്ക് കടന്നിരുന്നു,  ചെറുപുഞ്ചിരിയോടെ ആ കാഴ്ച കണ്ണിൽ നിറച്ച് അവൻ അങ്ങനെ നിന്നു…

   ഭക്ഷണം കഴിച്ചപ്പോഴും രണ്ടുപേരും അരികിൽ തന്നെ ഇരുന്നാണ് കഴിച്ചത്, ഇടക്കിടെ അവളെ പാളി നോക്കുന്ന അവന്റെ മിഴികൾ കൃത്യമായി തന്നെ അമ്മാവൻ കണ്ടിരുന്നു..  ഒരു കുസൃതി നിറഞ്ഞ ചിരി അയാളിലും നിറഞ്ഞുനിന്നു…  ഭക്ഷണമൊക്കെ കഴിഞ്ഞ് എല്ലാവരും പോകാൻ ഇറങ്ങിയ സമയത്ത് മാധവിയാണ് അമ്മാവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചത്..

”  വിവാഹ തീയതി നിങ്ങൾ അറിയിക്കുമോ.?  അതോ..?

”  അതിനിപ്പോ ഒരു വർഷത്തെ സാവകാശം ഉണ്ടല്ലോ,  അതിനിടയിൽ നല്ലൊരു മുഹൂർത്തം നോക്കി നമുക്ക് നടത്താം… ചിങ്ങത്തിൽ തന്നെ നടത്താം. കാരണം ഇവന് ലീവ് കിട്ടുന്നതും ആ സമയത്ത് ആണല്ലോ,

” മോനെന്നാ പോകുന്നത്…

മാധവി സുധിയോട് തിരക്കി..

 “ഇനിയിപ്പോൾ ഒരുപാട് നാൾ നിൽക്കില്ല, ഒന്നോ രണ്ടോ ആഴ്ച. അതിനുശേഷം കയറി പോകേണ്ടിവരും,  ഇല്ലെങ്കിൽ പിന്നെ ആ സമയത്ത് ലീവ് കിട്ടില്ല.. അതിനു മുൻപ് ഞാൻ അറിയിക്കാം, സുധി എല്ലാവരുടെയും മുഖത്തേക്ക് നോക്കി പറഞ്ഞു…  ആത്മാർത്ഥമായി മാധവി ഒന്ന് പുഞ്ചിരിച്ചിരുന്നു,

പോകും മുൻപ് കണ്ണുകൾ കൊണ്ട് മൗനമായി അവളോട് ഒരു യാത്ര പറച്ചിൽ അവൻ നടത്തിയിരുന്നു..  പ്രതീക്ഷയോടെ തന്റെ കണ്ണുകളിലേക്ക് നോക്കി യാത്ര പറയുന്നവനെ നിരസിക്കാൻ അവൾക്ക് കഴിഞ്ഞില്ല,  ഒരു പുഞ്ചിരി അവനവൾ മറുപടിയായി നൽകി..  അത്രയെങ്കിലും ചെയ്തില്ലെങ്കിൽ മോശമാണെന്ന് അവൾക്ക് തോന്നി, തിരികെയുള്ള യാത്രയിൽ സതിയും സുഗന്ധിയും ഒന്നും സംസാരിച്ചിരുന്നില്ല …

വീട്ടിലെ ആഘോഷങ്ങൾ അവസാനിക്കുന്നതിനു മുൻപേ തന്നെ അവൾ മുറിയിലേക്ക് പോയിരുന്നു, ആരുമില്ലാതെ കുറച്ച് സമയം ഒറ്റയ്ക്കിരിക്കാൻ അവളുടെ മനസ്സ് തുടിച്ചു.   മുറിയിലേക്ക് കയറിയതും തന്റെ വലം കയ്യിലെ മോതിരവിരലിൽ ചേർന്ന് കിടക്കുന്ന മോതിരത്തിലേക്ക് അവളുടെ കണ്ണുകൾ പാറി ഇറങ്ങി,  സുധീഷ് എന്ന് എഴുതിയ മോതിരം…!  ജീവിതം തന്നെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് അവൾ ഓർത്തു. എത്രയോ പെൺകുട്ടികൾ ആയിരിക്കും ഇത്തരത്തിൽ സ്വന്തം മനസ്സിനോടും മനസ്സാക്ഷിയോടും ഒരു വലിയ വഞ്ചന ചെയ്തു പുതിയ ജീവിതത്തിലേക്ക് കടന്നിട്ടുണ്ടാവുക , സ്നേഹം കൊണ്ട് മുറിവേറ്റവൾക്ക് ഇനി ഒരുവനെ സ്നേഹിക്കാൻ സാധിക്കുമോ.?  അഥവാ സ്നേഹിച്ചാൽ തന്നെ ഒരാൾക്ക് നൽകിയ സ്നേഹത്തിന്റെ ബാക്കി മാത്രമല്ലേ താൻ അവന് നൽകുന്നത്.?  അതും ഒരു ചതിയല്ലേ.? ശരീരം കൊണ്ട് ചെയ്യുന്നത് മാത്രമല്ലല്ലോ തെറ്റ്,  മനസ്സുകൊണ്ട് ചെയ്യുന്നതും തെറ്റ് തന്നെയല്ലേന്ന് അവൾ ചിന്തിച്ചു..!  മനസ്സ് മുഴുവൻ ഒരാൾക്ക് നൽകി ശരീരം മാത്രം മറ്റൊരാൾക്ക് നൽകുക,  അതിലും വലിയൊരു തെറ്റ് എന്താണ്.? ഒരു പുരുഷൻ പൂർണമായും പരാജയപ്പെട്ടു പോകുന്നത് ഒരു സ്ത്രീയുടെ മനസ്സിൽ അവന് സ്ഥാനം ഇല്ലാതെ ആകുമ്പോഴാണ്,  തന്റെ കൈകളിൽ തിളങ്ങിനിൽക്കുന്ന പൊന്നക്ഷരങ്ങൾ പോലെ അയാളുടെ മുഖം എന്നെങ്കിലും തന്റെ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെടുമോ.?  തന്റെ പ്രിയപ്പെട്ടവനായി എന്നെങ്കിലും അവൻ അവരോധിക്കപ്പെടുമോ.? അവനുവേണ്ടി മാത്രമായി തന്റെ മനസ്സിൽ ഒരു പുഞ്ചിരി എന്നെങ്കിലും വിരിയുമോ.? ഏറെ പ്രണയത്തോടെ അവനായി തന്റെ ശരീരം വികാരങ്ങൾക്കായി കൊതിക്കുമോ.?  തന്റെ പുരുഷനായി അവനെ തനിക്ക് മനസ്സിൽ കുടിയിരുത്താൻ സാധിക്കുമോ.? അതൊ എന്നും മനസാക്ഷിയോട് കുറ്റബോധം പേറിയ മനസുമായി തന്റെ ജീവിതം സമാധാനം ഇല്ലാതെ തുടരുമോ.? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു, പക്ഷേ ഒരു സത്യം അവൾ ആ നിമിഷം തന്നെ തിരിച്ചറിഞ്ഞിരുന്നു..  ഇനി അവനാണ് തന്നിൽ പാതി അവകാശി,  അതിനുള്ള തീറാധാരമാണ് ഇന്ന് അവൻ തന്റെ കൈകളിൽ അണിയിച്ചത്,  ജീവിതം തന്നിൽ നിന്നും ഒരുപാട് വഴുതി പോയിരിക്കുന്നു.. ഇനി ഈ കാര്യത്തിൽ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് അവൾക്കു ഉറപ്പായിരുന്നു,  ഇനി ഈ വിധിയെ അംഗീകരിക്കുക മാത്രമാണ് തന്റെ മുൻപിൽ ഉള്ള ലക്ഷ്യം.   വിരലിൽ ചേർന്ന് കിടക്കുന്ന മോതിരം പോലെ തന്റെ ജീവിതത്തിലേക്കും അവനെ ചേർത്തുവയ്ക്കാൻ ഈശ്വരൻ തനിക്ക് ശക്തി തരട്ടെ എന്ന പ്രാർത്ഥന മാത്രമായിരുന്നു ആ നിമിഷം അവളിൽ നിറഞ്ഞു നിന്നത്… ഒരിക്കൽപോലും ശക്തമായി അവന്റെ മുഖം തന്റെ മനസ്സിലേക്ക് തെളിഞ്ഞു വരുന്നില്ലന്ന ചിന്ത അവളെ വീണ്ടും വേദനയിലാഴ്ത്തി..  ഓർക്കാൻ ശ്രമിച്ചിട്ട് പോലും ആ മുഖം തെളിഞ്ഞു വരുന്നില്ല,  അത്രമാത്രം അകലെയാണ് താൻ അവനിൽ നിന്നും,  ഒരു നിഴൽചിത്രമായി പോലും തന്റെ മനസ്സിൽ അവൻ അവശേഷിക്കുന്നില്ലെങ്കിൽ എത്രയോ ദൂരെയാണ് തങ്ങൾ..!  ഒരുപക്ഷേ അവന്റെ കിനാവുകളിൽ തന്റെ രൂപം നിറഞ്ഞു നിൽക്കുന്നുണ്ടാവുമോ..? ആ സ്വപ്നങ്ങളിൽ തന്റെ മുഖം തെളിയുമോ.,? ആ തീരത്തേക്ക് എത്താൻ തനിക്ക് ഒരുപാട് കാതം തണ്ടേണ്ടി വന്നേക്കാം,

   തിരികെ വീട്ടിലേക്ക് എത്തിയപ്പോഴും സതി മൗനമായിരുന്നു…..

” ഏട്ടാ ഞങ്ങൾ ഇറങ്ങാൻ പോവാ….

സുഗന്ധി അവന് അരികിലേക്ക് വന്നു പറഞ്ഞു,

”  എനിക്ക് നല്ല തലവേദന,  അതുകൊണ്ട് കിടന്നത്… നീ അന്ന് ഒരു വള വാങ്ങുന്ന കാര്യം പറഞ്ഞിരുന്നില്ലേ,  ഞാനത് മറന്നിട്ടില്ല…  അതിനുള്ള കാശ് നിന്റെ അക്കൗണ്ടിലേക്ക് ഞാൻ ഇട്ടിട്ടുണ്ട്,നാളെത്തന്നെ പോയി പുതിയൊരു വള വാങ്ങിക്കോട്ടോ.

അവളുടെ കവിളിൽ പിടിച്ച് അവൻ അത് പറഞ്ഞു, ആ നിമിഷം തന്നെ അവളുടെ മുഖം ഒന്ന് തിളങ്ങി…

”  ആണോ ഏട്ടാ ഞാൻ വിചാരിച്ചു ഏട്ടൻ അത് മറന്നുവെന്ന്,  പിന്നെ വിവാഹനിശ്ചയത്തിന്റെ കാര്യത്തിൽ കുറെ കാശ് പോയിട്ടുണ്ടാവില്ലന്ന് കരുതി ഞാൻ അത് ഓർമ്മിപ്പിക്കാൻ ഇരുന്നത്, ഉത്സാഹത്തോടെ അവൾ പറഞ്ഞു….

 “അങ്ങനെ ഞാൻ അത് മറക്കുവോന്നുമില്ലെടി, ഏട്ടൻ പോകുന്നതിനു മുമ്പ് വീട്ടിലേക്ക് ഇറങ്ങിയില്ലേ..?

” ഇറങ്ങാം

“ശരിയേട്ടാ വിളിച്ചു പറഞ്ഞിട്ട് വരണേ…

 സന്തോഷത്തോടെ അവൾ പറഞ്ഞു,  അവൻ തലയാട്ടി…

 എല്ലാവരും ഇറങ്ങി കഴിഞ്ഞപ്പോൾ അവൻ സതിയുടെ മുറിയുടെ അരികിലേക്ക് ചെന്നു…  കട്ടിൽ വെറുതെ കിടക്കുകയായിരുന്നു സതി,

“അമ്മേ..

 അവന്റെ വിളി കേട്ട് അവർ തലപൊക്കി നോക്കി,പിന്നെ എഴുന്നേറ്റിരുന്നു,

” എന്താടാ…

”  ആ കുട്ടിയെ അമ്മയ്ക്ക് ഇഷ്ടമായില്ലേ…?

അവൻ ഏറെ പ്രതീക്ഷയോടെ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു….

എന്ത് പറയണം എന്ന് അറിയാതെ ഒരു നിമിഷം അവരും ഒന്ന് ഉഴറി,

” പറഞ്ഞിട്ട് എന്താ കാര്യം…? ഞാൻ ആദ്യം പറഞ്ഞപ്പോൾ നീ അത് അംഗീകരിച്ചില്ലല്ലോ,  വിവാഹനിശ്ചയവും കഴിഞ്ഞു. ഇനി അത് പറഞ്ഞിട്ട് എന്ത് കാര്യം…

 താല്പര്യമില്ലാതെ സതി പറഞ്ഞു.

”  എനിക്ക് എന്തോ കണ്ടപ്പോൾ തന്നെ ആ കുട്ടിയെ ഒരുപാട് ഇഷ്ടായി, ഇത്രയും കാലത്തിനിടയ്ക്ക് എനിക്ക് അങ്ങനെ ഒരു ഇഷ്ടം ആരോടും തോന്നിയിട്ടില്ല..  ഞാൻ ഇങ്ങനെയൊന്നും ഇതുവരെ അമ്മയോട് പോലും പറഞ്ഞിട്ടില്ലല്ലോ , ഇതിപ്പോൾ ആദ്യമായിട്ടാ എനിക്ക് ചേരുന്നൊരു കുട്ടി എന്നൊരു തോന്നൽ,  അതുകൊണ്ടാ,  അമ്മ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കരുത്..  എനിക്കൊരു സന്തോഷവും ഇല്ല,  എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമല്ലേ ഇന്ന്,  ഈ ദിവസം അമ്മ ഇങ്ങനെ ഇരുന്നാൽ പിന്നെ എനിക്ക് എന്താ ഒരു സമാധാനം..!  രണ്ടുമൂന്നു ദിവസം കൂടി കഴിഞ്ഞാൽ ഞാൻ പോവല്ലേ, പിന്നെ എനിക്ക് സങ്കടാവും…

ഒരു നിമിഷം അവരുടെ മാതൃഹൃദയം ഒരല്പം ഉരുകി തുടങ്ങിയിരുന്നു,

” എനിക്ക് ഇഷ്ടക്കുറവ് ഒന്നും ഉണ്ടായിട്ടല്ല സുധി, നിന്റെ ബുദ്ധിമുട്ടുകൾ ഓർത്തിട്ട്  ആണ്… ഇനിയിപ്പോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല, എല്ലാം ഇത്രയായില്ലേ നീ വിഷമിക്കേണ്ട ആ കുട്ടിയെ എനിക്കിഷ്ടം ആയി

അവനോട് ആ നിമിഷം അങ്ങനെ പറയാനാണ് അവർക്ക് തോന്നിയത്…   അല്പം സമാധാനത്തോടെയാണ് അവൻ മുറിയിലേക്ക് ചെന്നത്,

 സമയം 8 മണിയാകുന്നതേയുള്ളൂ..  ക്ലോക്കിലേക്ക് നോക്കി പിന്നെ മൊബൈൽ എടുത്ത് അവൻ ആ നമ്പറിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി, നിമിഷനേരം കൊണ്ടാണ് ആ നമ്പർ അവൻ മനപാഠമാക്കി… വാട്സ്ആപ്പ് ഓൺ ചെയ്ത് നമ്പർ സെർച്ച് ചെയ്തപ്പോൾ  ശ്രീകൃഷ്ണന്റെ ഒരു ചിത്രമാണ് ഡിപി ആയി കണ്ടത്,  ലാസ്റ്റ് സീൻ നോക്കിയപ്പോൾ അത് രാവിലെയോ മറ്റോ ആണ്,  അതുകൊണ്ട് മെസ്സേജ് അയച്ചിട്ട് കാര്യമില്ലന്ന് തോന്നിയെങ്കിലും ഒരു ഹായ് മെസ്സേജ് വെറുതെ അയച്ചിട്ട് വിളിക്കണോന്ന് അവൻ സ്വന്തം മനസ്സാക്ഷിയോട് തന്നെ ചോദിച്ചു, ” ഒന്നു വിളിച്ചേക്കാം”  ചെറുചിരിയുടെ കൈയിലെ മോതിരത്തിലേക്ക് നോക്കി അവനാ നമ്പർ ഡയൽ ചെയ്തു,  ബെല്ല് അടിക്കും തോറും അവന്റെ ഹൃദയതാളം വർധിച്ചു വന്നു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button