Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 25

[ad_1]

രചന: റിൻസി പ്രിൻസ്

ഒരു കാര്യം മാത്രം അവൾക്ക് വ്യക്തമായിരുന്നു, അർജുൻ  പതിയെ വിസ്മൃതിയിലേക്കാണ്ടു തുടങ്ങിയിരിക്കുന്നു…  തന്റെ മനസ്സിലെ അവന്റെ രൂപത്തിന് മങ്ങലേറ്റ് തുടങ്ങിയിരിക്കുന്നു,  അവിടെ പുതിയൊരു ചിത്രം ഉയർന്നു വരുന്നു… അതിന്റെ ചമയങ്ങൾ ആരോ കോറിയിടുകയാണ്, അതിന്റെ ചില നിറങ്ങൾ അവ്യക്തമായി തനിക്ക് കാണാൻ സാധിക്കുന്നുണ്ട്..  ആ ചിത്രത്തിന്  തെളിമേറുന്നത്  അവൾ അറിഞ്ഞു…

ചെറിയ ചെറിയ സന്ദേശങ്ങളിലൂടെയും വിളികളിലൂടെയും ഒക്കെ പതിയെ അവൻ തന്റെ ജീവിതത്തിന്റെ ചെറിയൊരു ഭാഗമായി മാറുന്നത് മീര അറിയുന്നുണ്ടായിരുന്നു…  പ്രത്യേകിച്ച് മമത  ഒന്നും തോന്നിയില്ലെങ്കിൽ പോലും അവന്റെ സന്ദേശങ്ങൾ വൈകുമ്പോൾ ഒരു ദിവസം അവൻ വിളിക്കാതെ ഇരിക്കുമ്പോൾ തന്റെ ജീവിതത്തിൽ ചെറിയൊരു ശൂന്യത അവൾക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു,  പതിയെ എങ്കിലും അവനുമായി ഒരു നല്ല ആത്മബന്ധവും സൗഹൃദവും ഉടലെടുത്തത് അവൾ അറിഞ്ഞു,  ഇതുവരെ ഒരിക്കൽ പോലും താൻ അവനെ അങ്ങോട്ട് വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തിട്ടില്ല,  എന്നാൽ താൻ പ്രതീക്ഷിക്കുന്ന സമയത്ത് അവന്റെ മെസ്സേജ് വന്നില്ലെങ്കിൽ തനിക്ക് എവിടെയൊക്കെയോ ഒരു ഏകാന്തത തോന്നാറുണ്ട്…

 മൂന്നുദിവസം കൂടി കഴിഞ്ഞാൽ ഗൾഫിലേക്ക് തിരികെ പോകാൻ തയ്യാറെടുക്കുകയാണ് സുധി…  അതിനിടയിൽ ചെറിയൊരു ഷോപ്പിംഗ് കൂടി നടത്തി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപ്രതീക്ഷിതമായി ഒരാൾ ഓടിവന്ന് നെഞ്ചിലേക്ക് ചാഞ്ഞത്… അങ്ങനെ തന്റെ നെഞ്ചിലേക്ക് ചായാൻ അവകാശമുള്ളവൾ ആരാണെന്ന് അവന് അറിയാമായിരുന്നു

”  നീ എപ്പോ വന്നെടി…

അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തിക്കൊണ്ട് തന്നെ അവൻ ചോദിച്ചു,  ഏട്ടൻ വന്നപ്പോൾ മുതല് ഞാൻ ഇങ്ങോട്ട് വരാൻ ആണ് തയ്യാറെടുക്കുന്നത്,  പക്ഷേ  പരീക്ഷ കഴിഞ്ഞിട്ട് അല്ലാതെ പെട്ടെന്ന് വരാൻ പറ്റുമോ? പിന്നെ ഞാൻ എനിക്ക് പനിയാണെന്നും പറഞ്ഞു ഒരു വിധത്തിൽ അവിടെ നിന്നും ലീവ് വാങ്ങിയത്,  ചേട്ടന്റെ കൂടെ രണ്ടുദിവസം അല്ലേ ഈ വട്ടം നിൽക്കാൻ പറ്റു എന്ന ഒരു വിഷമമേ ഉള്ളൂ… പക്ഷേ ഏട്ടനെ കാണാതിരിക്കാൻ എനിക്ക് പറ്റില്ലല്ലോ, 

വിഷമത്തോടെ ശ്രീലക്ഷ്മി പറഞ്ഞു..

” നീ വന്നില്ലായിരുന്നെങ്കിൽ നിന്നെ ബാംഗ്ലൂർ വന്ന് കണ്ടിട്ട് ഞാൻ എന്താണെങ്കിലും പോകുമായിരുന്നുള്ളൂ, അത് നീ പേടിക്കേണ്ട, 

കുഞ്ഞു പെങ്ങളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി അവൻ പറഞ്ഞു…

”  എങ്കിലും നീ വിവാഹനിശ്ചയത്തിന് പോലും വരാതിരുന്നപ്പോൾ എനിക്ക് ഒരു നേരിയ സങ്കടമുണ്ടായിരുന്നു. പിന്നെ, ഞാൻ തന്നെ ഹെഡ് മിസ്സ്‌ട്രസിനെ വിളിച്ചപ്പോൾ അവര് പറഞ്ഞത് പരീക്ഷ നടക്കുകയാണ്, അതിന്റെ ഭാഗമായിട്ട് ഒരുപാട് പ്രോജക്ടുകളും ഒക്കെ ഉണ്ട് അതുകൊണ്ട് ഇടയ്ക്ക് ക്ലാസ്സ് കളയുന്നത് ശരിയല്ലെന്ന്…  പിന്നെ അത്ര വലിയ വിവാഹാ നിശ്ചയം ഒന്നും ആയിരുന്നില്ലല്ലോ, അതുകൊണ്ടു തന്നെ നിന്നെ ഇതിനിടയ്ക്ക് ബുദ്ധിമുട്ടിക്കേണ്ട എന്ന് അമ്മയും പറഞ്ഞു,

, ”  എങ്കിലും ഏട്ടാ, ഏട്ടന് ആകെയുള്ള ഒരു കുഞ്ഞ് അനുജത്തി അല്ലേ ഞാൻ…  ഞാനില്ലാതെ ആ കല്യാണ നിശ്ചയം നടത്തിയത് മോശമായിപ്പോയി. ആ ചേച്ചിനെ ഞാൻ ഒന്ന് കണ്ടു പോലും ഇല്ല,

”  അതിനെന്താ നിന്നെ ഒന്ന് കാണിച്ചു തന്നാൽ പോരെ…?  നീ വാ കുറെ കാര്യങ്ങൾ ചോദിക്കാനുണ്ട്… നീ എപ്പോൾ വന്നു,  എങ്ങനെ എത്തി,

” ഞാൻ എല്ലാവർക്കും ഒരു സർപ്രൈസ് തരാൻ വേണ്ടിയാ ഇങ്ങോട്ട്  ആരോടും പറയാതെ വന്നത്, ഇവിടെ വന്നപ്പോൾ അമ്മ മാത്രമേ ഉള്ളൂ,  ജിത്തുവേട്ടനും രമ്യ ചേച്ചിയും കൂടി അവരുടെ വീട്ടിൽ പോയിരിക്കുകയാണെന്ന് പറഞ്ഞു. കുഞ്ഞി പെണ്ണിനെയും കൊണ്ട് പോയിരിക്കുവാണ്… അതുകൊണ്ട് ഞാൻ ഇവിടെ ബോറടിച്ചിരിക്കുകയായിരുന്നു…
 ഇനി ചേട്ടനും എന്തെങ്കിലും പ്രോഗ്രാം ഉണ്ടായിട്ട് രാത്രിയിലോ മറ്റോ വരുവൊള്ളൂന്ന് ഞാൻ പേടിച്ചിരിക്കുകയായിരുന്നു,  നീ എങ്ങനെ വന്നതെന്ന് പറഞ്ഞില്ലല്ലോ,  എന്റെ കൂടെയുള്ള നീനയുടെ പപ്പയും മമ്മിയും ഇവിടേക്ക് വരുന്നുണ്ടായിരുന്നു അവരെപ്പറ്റി ഞാൻ പറഞ്ഞിട്ടില്ലേ..? ഭയങ്കര ടീംസാ, അവർ ഫ്ലൈറ്ററിനാ വന്നത്, എനിക്കും കൂടി ഒരു ഫ്ലൈറ്റ്  ടിക്കറ്റ് ബുക്ക് ചെയ്യട്ടെ എന്ന്,  ചോദിച്ചു ഞാൻ വേണ്ടെന്നൊക്കെ പറഞ്ഞത് ആണ്, പക്ഷേ അവർ സമ്മതിച്ചില്ല,  പിന്നെ ഞാൻ വിചാരിച്ചു ചുളുവിന് ഒരു ഫ്ലൈറ്റ് ടിക്കറ്റ് കിട്ടുന്നതല്ലേ,എന്തിനാ വേണ്ടെന്ന് വയ്ക്കുന്നത്  എന്ന്, അവര് അടുത്ത ദിവസം പോകുന്നുണ്ട്,  തിരിച്ച് അവരുടെ കൂടെ തന്നെ പോകാം ഞാൻ കരുതുന്നത്.. 

”  അവരല്ലേ അവിടെ സെറ്റിൽഡ് ആണെന്ന് നീ പറഞ്ഞത്, അങ്കിളിന് അവിടല്ലേ പിന്നെ ആന്റിക്കും ജോലിയുണ്ട്,

”  അങ്ങോട്ട് പോകുമ്പോഴത്തേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തോളാം,  ഇനി നീ അതിന് അവരെ ബുദ്ധിമുട്ടിക്കേണ്ട,

”  അവർക്ക് അതൊന്നും ഒരു ബുദ്ധിമുട്ടല്ല, നീനയെ പോലെയാ ഞാനും,  അങ്ങനെ ആണ് എന്നെ അവർ കാണുന്നത്,  ഞാൻ മിക്ക വീക്സിലും അവിടെ പോയിട്ട് നല്ല ഫുഡ് ഒക്കെ തട്ടുന്നത്.. നീനയുടെ മമ്മി ഉണ്ടാക്കുന്ന ബീഫ് റോസ്റ്റ് ഒന്ന് കഴിച്ചു നോക്കണം എന്തൊരു ടേസ്റ്റ് ആണെന്ന് അറിയുമോ…

”  അമ്മ കേൾക്കണ്ട…

ശബ്ദം താഴ്ത്തി അവൻ പറഞ്ഞു,

”  ഏട്ടൻ എന്താണ് ഇത്ര പെട്ടെന്ന് പോകുന്നത്…?

”  ഞാനിപ്പോൾ ഉടനെ പോയില്ലെങ്കിൽ പിന്നെ കല്യാണസമയത്ത് ലീവ് ഒന്നും കിട്ടില്ലെടി,  അതുകൊണ്ടാ..

”  ഹോ ഒരു മുൻ കരുതൽ, 

 ശ്രീലക്ഷ്മിക്ക് വാചാലമായി, അവൾക്ക് അവനോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു,  ശ്രീലക്ഷ്മിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം സുധിയോടാണ് എന്ത് കാര്യവും ആദ്യം പറയുന്നതും അവനോടാണ്…  ആ വീട്ടിലെ ഏറ്റവും കൂടുതൽ അവനെ സ്നേഹിക്കുന്നത് ശ്രീലക്ഷ്മിയാണെന്ന് തോന്നിയിട്ടുണ്ട്,  അവന്റെ മുഖം ഒന്നു മാറിയാൽ അവൾക്ക് അത് മനസ്സിലാക്കാൻ സാധിക്കും..  അവൾക്ക് ബുദ്ധി ഉറക്കുന്നതിനു മുൻപേ അച്ഛന്‍ മരിച്ചു പോയതാണ്, പിന്നെ എല്ലാം അവൾക്ക് ഏട്ടൻ ആയിരുന്നു,  ഏട്ടനെന്നതിലുപരി ഒരു അച്ഛന്റെ സ്നേഹം കൂടിയാണ് അവൻ അവൾക്ക് നൽകിയിട്ടുള്ളത്…  അതുകൊണ്ടുതന്നെ അവനരികിൽ അല്പം കൊഞ്ചലും അവൾക്ക് കൂടുതലാണ്…

”  എനിക്ക് ചേച്ചിയെ ഒന്ന് കാണണമല്ലോ ഞാന് ഒന്ന് കണ്ടില്ലല്ലോ…. നമുക്ക് രണ്ടുപേർക്കും കൂടെ ഒന്ന് പോയാലോ,

”  അത് മോശമല്ലേ അങ്ങനെ അവിടെ പോകുന്നത്…  വിവാഹത്തിന് മുൻപ്,

സുധി പറഞ്ഞു…

”  അതിനിപ്പോ എന്ത് മോശം ഏട്ടൻ തന്നെ പോവുകയാണെങ്കിൽ പ്രശ്നമുള്ളൂ,  അവരെന്തെങ്കിലും ചോദിക്കാണെങ്കിൽ നമുക്ക് പറയാലോ എനിക്ക് കാണാൻ വേണ്ടി വന്നതാണെന്ന്, പിന്നെ ഗൾഫിനു പോകുന്നതിനു മുമ്പ് ഏട്ടൻ ഒന്നൂടെ ഒന്ന് കാണുകയും ചെയ്യാം…  അവൾ അത് പറഞ്ഞപ്പോൾ അവന്റെ ഉള്ളിലും അങ്ങനെയൊരു മോഹം ഉദിച്ചിരുന്നു,  പക്ഷേ എങ്ങനെയാണ് അവിടേയ്ക്ക് കയറി ചെല്ലുന്നത് എന്ന ഒരു ബുദ്ധിമുട്ട് ഉള്ളതു കൊണ്ടാണ് പലപ്പോഴും അതിന് മുതിരാതിരുന്നത്,

”  ആലോചിക്കാം….

 അല്പം ഗൗരവത്തോടെ തന്നെ അവൻ പറഞ്ഞു,

” എന്തൊരു വെയിറ്റാണ് എന്ന് നോക്കിക്കേ? എനിക്കറിയാം ഏട്ടന്റെ മനസ്സിൽ ആഗ്രഹമുണ്ടെന്ന്, എന്നിട്ട് ഞാൻ പറഞ്ഞപ്പോൾ വലിയൊരു ജാഡ… അത്ര ബുദ്ധിമുട്ടാണെങ്കിൽ വേണ്ട,  ഞാൻ കല്യാണത്തിന് കണ്ടോളാം…

  അവന്റെ മനസ്സ് അറിയാനായി അവൾ പറഞ്ഞു,

“അല്ല അത് വേണ്ട, നീ കണ്ടിട്ടില്ല എന്നല്ലേ പറഞ്ഞത്, നിനക്ക് കാണണോന്ന് ആഗ്രഹം കാണുലോ, ഞാൻ ഒന്ന് ആലോചിച്ചിട്ട് പറയാം…  ഒരുപാട് ആലോചിക്കാൻ പോകാണ്ട, ഭക്ഷണം കഴിച്ചിട്ട് നമ്മൾ നേരെ ഇറങ്ങിയാൽ മതി, അപ്പോൾ നമ്മുക്ക് വലിയ താമസമില്ലാതെ തിരിച്ചു വീട്ടിലോട്ടും വരാം,

“ഇന്നോ…?ഇന്ന് പോകുന്നത് മോശമല്ലേ.? ഞാൻ ഇനി പോവാൻ മൂന്നുദിവസം കൂടി ഇല്ലേ,അതിനുമുമ്പേ പോകാമെന്ന് പറഞ്ഞാൽ മോശമല്ലേ…? മൂന്നു ദിവസം മുമ്പ് അല്ലേ പോകേണ്ടത്,  ഒരു മാസം മുമ്പ് അവിടെ ചെന്ന് യാത്ര പറയുന്നുതോന്നുമല്ലല്ലോ,  ഈ മൂന്നു ദിവസത്തിന്റെ ഇടയ്ക്ക് ആണ് പോകേണ്ടത്, അവരൊന്നും കരുതില്ല, 

ശ്രീലക്ഷ്മി പ്രോത്സാഹിച്ചു…

 ”  നീയെങ്കിൽ അമ്മയോട് ഒന്ന് ചോദിച്ചു നോക്കൂ,അങ്ങനെ പോകുന്നതു കൊണ്ട് കുഴപ്പമുണ്ടോന്ന്…

” അത് പറഞ്ഞപ്പോഴാണ് ഞാൻ ഓർത്തത് ഞാൻ വന്നപ്പോൾ തൊട്ട് ഈ കല്യാണത്തിന്റെ കാര്യം അമ്മയോട് ചോദിക്ക്യാ,  ഒരുമാതിരി വലിയ താല്പര്യമില്ലാത്ത മട്ടിലാ മറുപടി ഒക്കെ പറയുന്നത്,

 അവൾ തുറന്നു ചോദിച്ചു…

”  അമ്മയ്ക്ക് എന്തോ അത് ഉറപ്പിച്ചപ്പോൾ മുതൽ ഒരു ഇഷ്ടക്കുറവുണ്ട്,  അത് എന്താണെന്ന് എനിക്കറിയില്ല,  അമ്മ പറയുന്നത് അവിടെ മൂന്ന് പെൺകുട്ടികൾ അല്ലേ? അവര് അവിടേക്ക് എന്നെ കൊണ്ടുപോകുമോ എന്നൊക്കെയാണ്,  അതൊക്കെ അമ്മയുടെ ഭയമായിരിക്കും…

”  അവര് ഫിനാൻഷ്യലി  അല്പം ഡൗൺ ആണ് അല്ലേ ചേട്ടാ..?

“അല്പം അല്ല, നന്നായിട്ട് ഡൗൺ ആണ്, അത് നിന്നോട് അമ്മ പറഞ്ഞൊ..?

അവൻ ചോദിച്ചു…

“അമ്മ പറയണ്ട കാര്യമില്ലല്ലോ,  അമ്മയുടെ ഇഷ്ടക്കുറവ് കാണുമ്പോൾ എനിക്ക് ഊഹിക്കാവുന്നതല്ലേ,  രമ്യ ചേച്ചിയുടെ കല്യാണം വന്നപ്പോഴും അമ്മ  ഇങ്ങനെ ആയിരുന്നല്ലോ,  പിന്നെ രമ്യ ചേച്ചിയുടെ അച്ഛന്റെയും അമ്മയുടെയും കൈയ്യിൽ പൂത്ത കാശുണ്ടെന്ന് അറിഞ്ഞപ്പോൾ അല്ലെ അമ്മ കല്യാണത്തിന് ചിരിച്ചു കാണിച്ചത് തന്നെ… അമ്മയ്ക്ക് വലിയ താല്പര്യം ഇല്ലാത്ത നിന്നപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു പണം എണ്ണാൻ പറ്റാത്ത ദുഃഖം ആണെന്ന്…

”  നീ ഒന്ന് പോടീ അങ്ങനെ അമ്മ പണം മാത്രം മോഹിക്കുന്ന ഒരാളാണെന്ന് എനിക്ക് തോന്നിയിട്ടില്ല,

”  പിന്നെ മക്കളുടെ കാര്യത്തിൽ എല്ലാ അമ്മമാർക്കും ഉണ്ടാവില്ലേ ചെറിയ ചില പേടികളൊക്കെ, അത് തന്നെയായിരിക്കും അമ്മയ്ക്കും,  ഞാൻ അമ്മയിൽ നിന്ന് അകന്നു പോകുമോ എന്നൊക്കെയുള്ള ഒരു ഭയം ആയിരിക്കും…

”   അതൊന്നുമല്ല ഏട്ടാ,  അമ്മയ്ക്ക് സ്ത്രീധനം കിട്ടില്ല എന്നുള്ള വിഷമം ആണ്…  അമ്മയുടെ മുഖത്ത് എനിക്ക് മനസ്സിലായി,  ഞാൻ അമ്മയോട് ഉച്ചയ്ക്ക് ചോദിക്കുകയും ചെയ്തു… അതാണോ അമ്മയുടെ പ്രശ്നം  എന്ന്, അപ്പോൾ എനിക്ക് മനസ്സിലായി എന്തോ കാര്യമായിട്ടുണ്ടെന്ന്,  ഞാൻ ഉച്ചയ്ക്ക് തന്നെ ഇക്കാര്യത്തെക്കുറിച്ച് അമ്മയോട് പറഞ്ഞപ്പോൾ അമ്മ ചവിട്ടി തുള്ളി  രണ്ട് ഡയലോഗും പറഞ്ഞിട്ട് ഒറ്റ പോക്ക്,  അപ്പോഴേ എനിക്ക് സംശയം തോന്നിയത് ആണ്… ഇപ്പോഴാണ് സംഗതിയുടെ റൂട്ട് പിടികിട്ടിയത്,  പിന്നെ ഏട്ടാ അമ്മയും വീട്ടിലുള്ളവരൊക്കെ പല അഭിപ്രായങ്ങൾ പറയും, ഈ ഞാൻ പോലും… ഒന്നും കാര്യമാക്കാൻ നിൽക്കരുത്,  ജീവിതം ഏട്ടന്റെ ആണ്… ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടതും ഏട്ടനാണ്, അമ്മ ദുർമുഖം കാണിച്ചു എന്ന് കരുതി ഏട്ടൻ ഈ കല്യാണത്തിന്ന് മാറാൻ ഒന്നും നിൽക്കരുത്…

ശ്രീലക്ഷ്മി ഓർമിപ്പിച്ചു…

 ” വിവാഹ നിശ്ചയം വരെ കഴിഞ്ഞ ഒരു പെൺകുട്ടിക്ക് ആശ കൊടുത്തിട്ട് ഞാൻ അങ്ങനെ പിന്മാറുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? ചേട്ടന്റെ കാര്യമല്ലേ,  അമ്മ രണ്ട് കരച്ചിലും കരഞ്ഞ്,  ഒരു ഡയലോഗു അടിച്ചാൽ ചിലപ്പോൾ ഏട്ടൻ ഫ്ലാറ്റ്, ഞാനൊരു കാര്യം ഓപ്പൺ ആയിട്ട് പറയാം, ഈ കുടുംബത്തിൽ ആർക്കും ഏട്ടൻ വിചാരിക്കുന്നത് പോലെ ഏട്ടനോട് അത്ര ആത്മാർത്ഥത ഒന്നുമില്ല,   പ്രത്യേകിച്ചമ്മക്കും ജിത്തു വേട്ടനും അവരെ സംബന്ധിച്ചിടത്തോളം ഇങ്ങനെ പണം കൊടുത്തു കൊണ്ടിരിക്കണം, അതിനുള്ള ഒരു എ ടി എം മിഷ്യൻ… അമ്മയ്ക്ക് ഈ വീട് ശരിയാക്കണം എന്നുള്ളതാണ് പുതിയ ആഗ്രഹം,  അതിനേട്ടന്റെ കല്യാണം ഇങ്ങനെ നീട്ടിവയ്ക്കാൻ തുടങ്ങിയിട്ട് എത്ര നാളുകളായി…  അമ്മാവൻ ഇവിടെ ഞാൻ ഉള്ളപ്പോൾ തന്നെ എത്ര ആലോചനകൾ കൊണ്ട് വന്നിട്ടുണ്ട്, അവസാനം അമ്മാവൻ ഏട്ടൻ വന്നപ്പോൾ പിടിച്ച പിടിയാലേ കല്യാണം നടത്താൻ തീരുമാനിച്ചത് ആണ്… ഇനിയിപ്പോൾ ഏട്ടൻ ഒരു കാരണവശാലും ഇതിൽ നിന്ന് മാറരുത്, എല്ലാവരും പോകും ഒരു സമയം കഴിയുമ്പോൾ,  ഈ പറയുന്ന ഞാൻ പോലും… ഏട്ടൻ മാത്രവും അന്ന് ഏട്ടൻ ചേർത്തു പിടിച്ചവരും പണം ചിലവാക്കിയവരും ഒന്നും ഉണ്ടാവില്ല  ഒന്ന് താങ്ങാൻ,  ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും നമ്മുടെ സ്വന്തം എന്ന് കരുതാൻ  നമ്മുടെ പങ്കാളി തന്നെ വേണം,പിന്നെ ഏട്ടനോട് ഒരു കാര്യം കൂടി ഞാൻ പറയാം ഒരു പത്ത് ദിവസം ഏട്ടൻ അവിടുന്ന് ജോലിയും കളഞ്ഞു ഇവിടെ വന്ന് നിൽക്കാണെങ്കിൽ ഇവരുടെയൊക്കെ തനിസ്വഭാവം പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും… കല്യാണമാണ് വരാൻ പോണത്,  ഇനിയെങ്കിലും ചെലവുകൾ ഒക്കെ ഒന്ന് കുറച്ച് ഏട്ടന് വേണ്ടി ഒന്ന് ജീവിക്കാൻ തുടങ്ങണം..  കുറച്ചു സമ്പാദ്യം ഒക്കെ ഇനി ആവാം. എല്ലാം അങ്ങ് വീട്ടുകാർക്ക് വേണ്ടി കൊടുക്കാൻ നിൽക്കണ്ട ,

അത്രയും പറഞ്ഞു അവൾ അകത്തേക്ക് കയറി പോയപ്പോൾ സുധിയ്ക്കും ഒരു വല്ലായ്മ തോന്നിയിരുന്നു…  തന്റെ മനസ്സിലെ ചില വിഗ്രഹങ്ങൾ ഉടഞ്ഞു പോകുന്നത് പോലെ,  ചില വിശ്വാസങ്ങൾക്ക് മങ്ങലേൽക്കുന്നതുപോലെ…  താൻ ഈ വീട്ടിലെ ഒരു കറവപ്പശു ആയിരുന്നുവോന്ന് അവൻ അവനോട് തന്നെ ചോദിച്ചു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button