Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 26

[ad_1]

രചന: റിൻസി പ്രിൻസ്

അവൾ മനസ്സിൽ കോറിയിട്ട വാക്കുകൾ ആ ദിവസം മുഴുവൻ അസ്വസ്ഥമാകാനുള്ള കാരണമാണെന്ന് സുധി അറിഞ്ഞിരുന്നു… അങ്ങനെയൊന്നും ആയിരിക്കില്ലേ എന്ന് അവൻ മനസ്സറിഞ്ഞ് പ്രാർത്ഥിച്ചു,  എങ്കിലും തന്റെ അമ്മയെയും അനുജനെയും കുറിച്ച് ഒരിക്കലും മോശമായി ചിന്തിക്കാൻ അവന് സാധിച്ചിരുന്നില്ല എന്നതാണ് സത്യം…

”   ഏട്ടാ..!

ഉച്ചയോടെ അടുപ്പിച്ചപ്പോഴാണ് അവൾ വീണ്ടും മുറിയിലേക്ക് വന്നത്….

” വൈകുന്നേരം പോകുന്നുണ്ടോ..?  കഴിച്ചിട്ട് നമുക്ക് ഇറങ്ങിയാലോ പിന്നെ ഞാൻ തൽക്കാലം അമ്മയോട് പറഞ്ഞില്ല,  അമ്മയോട് പറയണ്ട അമ്മ എന്തെങ്കിലും ഒഴിവു പറയും,  പോകാതിരിക്കാൻ വേണ്ടി…  അമ്മയ്ക്ക് ഒരു കാര്യം ഇഷ്ടമല്ലെങ്കിൽ പിന്നെ നമ്മൾ അത് ചെയ്യാതിരിക്കാൻ ഏത് അറ്റം വരെ വേണമെങ്കിൽ അമ്മ പോകും, അതുകൊണ്ട് നമ്മൾ വേറൊരു ഷോപ്പിങ്ങിന് പോകുവാണെന്ന് പറഞ്ഞാൽ മതി…

  അവനൊന്ന് ആലോചിച്ചു ഈ സമയത്ത് ഒരു യാത്ര നല്ലതാണെന്ന് അവന് തോന്നി,  മീരയെ ഒരിക്കൽക്കൂടി കാണുകയും ചെയ്യാം..  രണ്ട് ദിനങ്ങൾ കൂടി കഴിഞ്ഞാൽ താൻ കടലിനക്കരേയ്ക്ക് പോകും,  പിന്നെ 365 ദിവസങ്ങൾക്ക് ശേഷം മാത്രമേ അവളെ ഒരു നോക്ക് കാണാൻ സാധിക്കുകയുള്ളൂ…

”  ശരി പോവാം… ഞാൻ  ഒന്ന് ഫ്രഷ് ആയിട്ട് വരാം…

അത്  പറഞ്ഞ  ശേഷം അവൻ ബാത്റൂമിലേക്ക് പോയി…  നന്നായി ഒന്ന് മുഖം കഴുകി,  മനസ്സ്  അസ്വസ്ഥമാകുന്നത് സുധി അറിഞ്ഞിരുന്നു…  എങ്കിലും പരമാവധി മറ്റു ചിന്തകളിലേക്ക് മനസ്സിനെ വിട്ടുകൊടുത്താണ് അവൻ ഭക്ഷണം കഴിക്കാൻ ഇരുന്നത്… സ്നേഹത്തോടെ ഭക്ഷണം സതി വിളമ്പിയപ്പോൾ അവൾ പറഞ്ഞ വാക്കുകൾ ഒക്കെ അവന്റെ മനസ്സിൽ നിന്നും എവിടെക്കോ മറഞ്ഞു തുടങ്ങിയിരുന്നു,  തന്റെ അമ്മയ്ക്ക് ഒരിക്കലും തന്നോട് അങ്ങനെ ചെയ്യാൻ സാധിക്കില്ലെന്ന് ഒരു മൂഡ്ഡസ്വർഗത്തിൽ വീണ്ടും അവൻ അകപ്പെട്ടു….  രണ്ടുപേരും കൂടി ഒരുങ്ങി ഇറങ്ങിയപ്പോൾ തന്നെ ഉമ്മറത്തിരുന്ന സതി കാര്യം തിരക്കി….

”  എവിടെ പോവാ ആങ്ങളയും പെങ്ങളും കൂടി….

” ഞങ്ങൾ ഒരു ഷോപ്പിങ്ങിന് പോകാ, നാളെ ഏട്ടൻ പോവല്ലേ അതുകൊണ്ട് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്, ഞാനും കൂടി വരാമെന്ന് പറഞ്ഞു…

 മറുപടി പറഞ്ഞത് ശ്രീലക്ഷ്മിയാണ്  അവനെക്കൊണ്ട് കൂടുതലൊന്നും സംസാരിക്കാൻ അനുവദിക്കാതെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ശ്രീലക്ഷ്മി പുറത്തേക്കിറങ്ങിയിരുന്നു…

 രണ്ടുപേരും ബൈക്കിലേക്ക് കയറിയ നിമിഷം എന്തോ ഒരു കള്ളത്തരം തോന്നിയിരുന്നു,  കൂടുതൽ ചോദിച്ചാലും ശ്രീലക്ഷ്മി ഉള്ളതു കൊണ്ട് സുധിയിൽ നിന്നും ഒന്നുമറിയാൻ സാധിക്കില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു..  അതുകൊണ്ട് അവർ മൗനം പാലിച്ചു,

 അങ്ങോട്ടുള്ള യാത്രയിൽ മുഴുവൻ ശ്രീലക്ഷ്മിക്ക് ചോദിക്കാൻ ഉണ്ടായിരുന്നത് മീരയെ കുറിച്ചാണ്,  ഫോട്ടോ എങ്കിലും അവൾ നേരിൽ കാണാൻ എങ്ങനെയാണ് മുടിയുണ്ടോ വിടർന്ന് കണ്ണുകളാണോ അങ്ങനെ തുടങ്ങി ഒരുപാട് ചോദ്യങ്ങൾ ആയിരുന്നു, 

“‘അവരെയൊന്ന് വിളിച്ചു പറയാതെ ചെല്ലുന്നത് മോശമല്ലേ…?

 അങ്ങോട്ടുള്ള യാത്രയിൽ സുധി ശ്രീലക്ഷ്മിയോട് പറഞ്ഞു,

 “വിളിച്ചു പറഞ്ഞ് ചെല്ലാൻ നമ്മൾ വിരുന്നിനോന്നും പോവല്ലല്ലോ ചേട്ടാ,  ഒരു അൺഎക്സ്പെക്ടഡ് വിസിറ്റ്,  അതാണ് രസം.. 

”  ആ കുട്ടിയുടെ അമ്മ ജോലിക്ക് പോകുന്ന ആളാ. നമ്മള് ചെല്ലുമ്പോൾ അമ്മ അവിടെ ഇല്ലെങ്കിൽ മോശമല്ലേ…?

” നമ്മൾ അവിടെ ചെല്ലുമ്പോഴേക്കും ഒരു നാലുമണി നാലേകാൽ ആവില്ലേ,  സാധാരണ ജോലിക്കൊക്കെ പോയാലും ഒരു അഞ്ചു മണിയാവുമ്പോ വരില്ലേ…  എന്താണെങ്കിലും നമുക്ക് അമ്മയെ കാണാൻ പറ്റുമല്ലോ,

ശ്രീലക്ഷ്മി ന്യായീകരിച്ചു…

 മടിച്ചു മടിച്ചാണ് അവളുടെ വീടിന് താഴേക്കുള്ള പടിക്കെട്ടുകൾ സുധി ഇറങ്ങിയിരുന്നത്… എങ്കിലും ഹൃദയം പടപടാ ഇടിക്കുന്നത് അവൻ അറിഞ്ഞിരുന്നു…   അവിടേക്ക് നടന്നപ്പോൾ തന്നെ ആ സ്ഥലം ശ്രീലക്ഷ്മിക്ക് ഒരുപാട് ഇഷ്ടമായിരുന്നു,  ഒരു കുഞ്ഞു വീട് കാട്ടി അതാണ് വീട് എന്ന് സുധി പറഞ്ഞപ്പോൾ എന്തുകൊണ്ടാണ് സതിക്ക് വിവാഹാലോചനയുടെ എതിർപ്പ് വന്നത് എന്ന് വ്യക്തമായി ശ്രീലക്ഷ്മിക്ക് മനസ്സിലായിരുന്നു….

 മുറ്റത്ത് അയയിൽ തുണി വിരിച്ചുകൊണ്ടിരുന്ന ഒരു കൊച്ചു പെൺകുട്ടിയിലാണ് ശ്രീലക്ഷ്മിയുടെ മിഴികൾ ഉടക്കിയത്…  സുധിയെ കണ്ടതും അവൾ അത്ഭുതം ഊറുന്നത് കണ്ടു,  പിന്നെ  ഒന്ന് പുഞ്ചിരിച്ചു,  ആരോട് പറയാനായി അകത്തേക്കോടി…..

  ചിരിയോടെ സുധിയും ശ്രീലക്ഷ്മിയും പരസ്പരം നോക്കി,

“അനുജത്തിയാണ് രണ്ടാമത്തെ ആളാണെന്ന് തോന്നുന്നു,

 ശ്രീലക്ഷ്മിയോട് സുധി പറഞ്ഞു…

”  തോന്നുന്നുന്നോ..? കെട്ടാൻ പോകുന്ന പെണ്ണിന്റെ അനിയത്തി മൂത്തതാണോ ഇളയതാണോ എന്ന് പോലും ഏട്ടൻ അറിയില്ലേ..?

”  ഞാൻ എല്ലാവരെയും പഠിച്ചു വരുന്നതല്ലേ ഉള്ളൂ…

ചിരിയോടെ അവൾ പറഞ്ഞു…

 ശ്വാസം വിടാതെ ഓടി അകത്തേക്ക് വന്ന മീനുവിനെ കണ്ടു മാധവി  അമ്പരന്നു….
പണി കഴിഞ്ഞ് വന്നതേയുണ്ടായിരുന്നുള്ളൂ അവർ…

” മീര ചേച്ചിയെ കല്യാണം കഴിക്കാൻ പോകുന്ന ആ ചേട്ടനും കൂടെ ഒരു പെണ്ണും വന്നിട്ടുണ്ട്…

 മാധവിയും ആ വാക്ക് കേട്ട് അമ്പരന്നിരുന്നു അവർ…  പെട്ടെന്ന്  മാധവി ഉമ്മറത്തു ചെന്നു അപ്പോൾ വാതിൽക്കൽ തന്നെ നിൽക്കുകയാണ് സുധീം ശ്രീലക്ഷ്മിയും…. സുധിയെ കണ്ട് അമ്പരന്നുവെങ്കിലും അമ്പരപ്പ് മറച്ചുവെച്ചുകൊണ്ട് ഹൃദയം നിറഞ്ഞ ചിരിച്ചുകൊണ്ട് മാധവി അവർ കരികിലേക്ക് നടന്നിരുന്നു…..

”  മോൻ എന്താ ഒരു അറിയിപ്പുമില്ലാതെ…

 മാധവി ചോദിച്ചു,

”  ഞാൻ മറ്റന്നാളെ ഗൾഫിലേക്ക് തിരിച്ചു പോവുകയാണ് അമ്മേ, അപ്പൊൾ ഒന്ന് യാത്ര പറയണമല്ലോ..  അതിനു വേണ്ടി വന്നതാ, പിന്നെ ഇത്  എന്റെ ഇളയ സഹോദരി ആണ്, ശ്രീലക്ഷ്മി..!  അന്ന് പറഞ്ഞിരുന്നില്ലേ ഒരാളും കൂടി ഉണ്ടെന്ന്,  അവളപ്പോൾ മീരയെ കണ്ടിട്ടില്ല,  കൂടെ വരുന്നൂന്ന് പറഞ്ഞു. അതുകൊണ്ട്  ആണ്..

അവന് പറയാൻ തന്നെ മടി തോന്നിയിരുന്നു,

”  ആണോ അതിനെന്താ കേറി വാ മക്കളെ… മോൻ പെട്ടെന്ന് പോവാണല്ലേ… 

മാധവി ചോദിച്ചു,

”   ഞാൻ കുറച്ചുകൂടി ലീവ് എടുത്താ വന്നത് അത് ക്യാൻസൽ ചെയ്തിട്ടാ പോകുന്നത്…അല്ലെങ്കിൽ പിന്നെ കല്യാണസമയത്ത് ലീവ് കിട്ടില്ല,

”  രണ്ടാളും അകത്തേക്ക് വാ…

 ഏറെ സന്തോഷത്തോടെ മാധവി ക്ഷണിച്ചു,

അകത്തേക്ക് കയറി നിമിഷം മുതൽ തന്നെ ശ്രീലക്ഷ്മിയുടെ കണ്ണുകൾ ആരെയോ തിരയുന്നത് മാധവി കണ്ടിരുന്നു…

”  മീര കുളിക്കാൻ ആറ്റിൽ പോയേക്കുവാ മോളെ, ഇപ്പൊൾ വരും  നിങ്ങൾ ഇരിക്കെ..  ഞാൻ കാപ്പി എടുക്കാം,

മാധവി പറഞ്ഞു..

” അയ്യോ വേണ്ട അമ്മേ,  ഒന്നും വേണ്ട അമ്മ വന്നിട്ടല്ലേ ഉണ്ടാവുകയുള്ളൂ,  ബുദ്ധിമുട്ടാവും ഞങ്ങള് വരുന്ന വഴിക്ക് കാപ്പി കുടിച്ചിട്ട്  ആണ് വന്നത്…

 സുധി പറഞ്ഞു 

” വെറുതെയാ ആന്റി ഞങ്ങൾ കാപ്പിയൊന്നും കുടിച്ചില്ല…  ബുദ്ധിമുട്ടില്ലെങ്കിൽ കാപ്പിയെടുത്തോ,  ഞാൻ കുടിച്ചോളാം…

 ശ്രീലക്ഷ്മി പറഞ്ഞപ്പോൾ മാധവി നന്നായി ഒന്ന് ചിരിച്ചിരുന്നു…  സുധിയുടെ അമ്മയുടെയും മൂത്ത സഹോദരിയുടെയും സ്വഭാവമല്ല ശ്രീലക്ഷ്മിക്ക് എന്ന് മാധവിക്കു മനസ്സിലായിരുന്നു…

” എന്ത് ബുദ്ധിമുട്ട്,  ഞാൻ കാപ്പി ഇടാൻ തുടങ്ങുകയായിരുന്നു. അപ്പോഴാ നിങ്ങൾ വന്നത്, രണ്ടുപേർക്കും കൂടി കൂടുതൽ ഇടണം എന്നല്ലേ ഉള്ളൂ..  നിങ്ങൾ ഇരിക്കെ…

 ചിരിയോടെ മാധവി അകത്തേക്ക് പോയപ്പോൾ മീനു പുറത്തേക്ക് വന്നിരുന്നു,  സുധി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…. തിരിച്ച് മീനുവും

“‘ ഇന്ന് സ്കൂളിൽ പോയില്ലേ,

 സുധി ചോദിച്ചു..

”  പോയിട്ട് വന്നത്  ആണ് ചേട്ടാ…

ചിരിയോടെ അവൾ പറഞ്ഞു,

“എത്രയിലാണ്…

 ശ്രീലക്ഷ്മിയാണ് ചോദിച്ചത്,

”  പ്ലസ് ടു…

”   അപ്പോൾ എന്റെ പ്രായമൊക്കെ ഉള്ളൂ,  ഞാൻ ജസ്റ്റ് പ്ലസ് ടു കഴിഞ്ഞിട്ടേയുള്ളൂ… ഇപ്പോൾ എൻജിനീയറിങ്ങിന് ജോയിൻ ചെയ്തു, ഒരു വയസ്സിന്റെ ഡിഫറൻസ് കാണുള്ളൂ…

 ശ്രീലക്ഷ്മി പറഞ്ഞപ്പോൾ മീനുവും നന്നായി ചിരിച്ചിരുന്നു,  രണ്ടുപേരും തമ്മിൽ പെട്ടെന്ന് തന്നെ ഇണങ്ങി എന്ന് സുധിക്ക് തോന്നിയിരുന്നു…

”  ഒരാളും കൂടിയില്ലേ, ആളെ പക്ഷേ കണ്ടില്ലല്ലോ…

 ഇരുവരുടെയും സംസാരത്തിനിടയിൽ കയറി സുധി ചോദിച്ചു,

” അവൾക്ക് ട്യൂഷൻ ഉണ്ട് വരുമ്പോൾ ആറു മണിയാകും…

മീനു പറഞ്ഞു…

”  ഏട്ടനെ കാണേണ്ടത് അവളെയാണോ അതോ വേറെ ആരെങ്കിലും ആണോ..?

മീനുവിന്റെ മുൻപിൽ വച്ച് പെട്ടെന്ന് ശ്രീലക്ഷ്മി അങ്ങനെ ചോദിച്ചപ്പോൾ വിളറി പോയിരുന്നു സുധി…. മീനുവിന്റെ ചുണ്ടിലെ ചിരി കൂടി കണ്ടപ്പോൾ സുധി വല്ലാതെയായി,കണ്ണുരുട്ടി ഒന്ന് ശ്രീലക്ഷ്മിയെ നോക്കി..  അവൾ ഒരു കള്ളച്ചിരി ചിരിച്ചു…

 ഒന്നുമറിയാതെ കുളികഴിഞ്ഞ് ബക്കറ്റിൽ തുണിയുമായി കയറി വരികയായിരുന്നു മീര, അപ്രതീക്ഷിതമായി ഉമറത്തെ അതിഥികളെ കണ്ടപ്പോൾ അവളും ഒന്ന് അമ്പരന്നു പോയിരുന്നു..  ഒരു നീളൻ പാവാടയും കോട്ടൺ ചുരിദാറിന്റെ ടോപ്പും ആണ് വേഷം…  ബക്കറ്റിൽ നിറച്ചും തുണിയുണ്ട്, തലയിൽ ഒരു ചുവന്ന തോർത്ത് കൊണ്ട് ചുറ്റികെട്ടിയിട്ടുണ്ട്… ചമയങ്ങൾ ഒന്നുമില്ലാത്ത മുഖം…  ഒറ്റനോട്ടത്തിൽ തന്നെ ശ്രീലക്ഷ്മിക്ക് അവളെ ഇഷ്ടമായി, പെട്ടെന്ന് രണ്ടുപേരെയും കണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയായിരുന്നു അവൾക്ക്….

”  ഇതെന്ത് കുളിയാ ചേച്ചി, ചേട്ടൻ വന്നിട്ട് കുറെ നേരമായി…

 മീനുമാണ് അത് പറഞ്ഞ് അവളുടെ കയ്യിൽ നിന്നും ബക്കറ്റ് വാങ്ങിയത്,

” ഇതാണല്ലേ ആള്…

പെട്ടെന്ന് ഇരുന്നേടത്തുനിന്നും എഴുന്നേറ്റ് ശ്രീലക്ഷ്മി ചോദിച്ചു…  സുധിയുടെ തെളിഞ്ഞ മുഖത്ത് തന്നെ അതിനുള്ള മറുപടിയുണ്ടായിരുന്നു,  അവളെഴുന്നേറ്റ് മീരയുടെ അരികിലേക്ക് വന്നു…

 മീരയപ്പഴും അത്ഭുതത്തോടെ സുധിയുടെ മുഖത്ത് തന്നെ നോക്കി നിൽക്കുകയാണ്…

” ചേച്ചി ഞാൻ ശ്രീലക്ഷ്മി..!, സുധിയേട്ടന്റെ ഏറ്റവും ഇളയ അനിയത്തി,  വിവാഹനിശ്ചയത്തിന് എനിക്ക് വരാൻ പറ്റിയില്ല… ഞാൻ ഇന്ന് വന്നതേയുള്ളൂ,  ഞാൻ ബാംഗ്ലൂരിലാ പഠിക്കുന്നത്…  ഇന്ന് വന്നപ്പോൾ പിടിച്ച പിടിയാലേ ചേട്ടനെ കൂട്ടിക്കൊണ്ടുവന്നത് ആണ് ചേച്ചിയെ ഒന്ന് കാണാൻ വേണ്ടിയിട്ട്….

മീരയുടെ കയ്യിലേക്ക് കയറിപ്പിടിച്ച് പെട്ടെന്ന് പരിചയമായി  ശ്രീലക്ഷ്മി സംസാരിച്ചു… ചെറുചിരിയോടെ അവളെ സംസാരരീതി നോക്കിക്കാണുകയാണ് മീരയും,

“‘ ഒരുപാട് നേരായോ വന്നിട്ട്…

മീര അവളോട് ചിരിയോടെ തിരക്കി…

 ” കുറച്ചു നേരമായി,  ഇരിക്ക് ഞാനിപ്പോ വരാം…

 രണ്ടുപേരോടുമായി പറഞ്ഞ് അവൾ അകത്തേക്ക് കയറി,

 അകത്തേക്ക് നടക്കുന്നതിനിടയിൽ ഒന്ന് പാളി സുധിയെ നോക്കിയിരുന്നു..   ആ നിമിഷം തന്നെ അവനും അവളുടെ മുഖത്തേക്ക് നോക്കി,  നോട്ടങ്ങൾ പരസ്പരം കൂട്ടിമുട്ടി…  രണ്ടുപേരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു,

”  നീ എവിടെയായിരുന്നു…?  അകത്തേക്ക് കയറിയതും മാധവി ചോദിച്ചു,

” അലക്കാനുള്ള കല്ല് കിട്ടിയില്ല…  ഒരുപാട് പേരുണ്ടായിരുന്നു ഇന്ന് കടവത്ത്… അതുകൊണ്ട് താമസിച്ചു പോയത്,  ഞാൻ അറിഞ്ഞില്ല വരുമെന്ന്…

” ഓ പിന്നെ… ഫോൺ ഒക്കെ വിളിച്ചിട്ട് നിന്നോട് പറഞ്ഞില്ലേ വരുന്ന കാര്യം,

മാധവി ഒന്ന് കുത്തി ചോദിച്ചു…

 സുധിയുമായി വിവാഹത്തിന് മുൻപ് ഫോണിൽ സംസാരിക്കുന്നതിനോട് മാധവിക്കു വലിയ താല്പര്യമില്ല,  ഒളിച്ചും പാത്തും ഒക്കെ ഫോണിൽ മെസ്സേജ് അയക്കുന്നതും സംസാരിക്കുന്നതും ഒക്കെ മാധവി കാണാറുണ്ടായിരുന്നു..   വിവാഹ ഉറപ്പിച്ചതുകൊണ്ട് തന്നെ കടുപ്പിച്ച് പറ്റില്ലന്ന് പറയാനും സാധിക്കില്ല…  ഇത്തരം വാക്കുകളിലൂടെയാണ് ഈ പ്രതിഷേധം മാധവി അറിയിക്കാറുള്ളത്…

”  എന്നോട് ഒന്നും പറഞ്ഞില്ല അമ്മേ,

” എന്തേലും ആവട്ടെ,   നീ പെട്ടെന്ന് ആ തോർത്ത് മാറ്റിയിട്ട് ഈ ചായ കൊണ്ട് കൊടുക്ക്..  ഞാൻ അവല് വിളയിച്ചു വെച്ചിട്ടുണ്ട് അതും കൂടി കൊണ്ട് കൊടുക്ക്…

 അവൾ പെട്ടെന്ന് മുറിയിലേക്ക് ചെന്ന് തോർത്ത്  അയയിലേക്ക് ഇട്ടു,  ശേഷം മുടിയിൽ വെറുതെ ഒരു കുളിപ്പിന്നലിട്ട് ചായയുമായി ഉമ്മറത്തേക്ക് ചെന്നു… പുറകെ അവലുമായി മാധവിയുമെത്തി,

ഉമ്മറത്തു എത്തിയപ്പോൾ സുധി മാത്രമേയുള്ളൂ,  അവൻ മൊബൈലിൽ എന്തോ നോക്കിക്കൊണ്ടിരിക്കുകയാണ്…

”  ശ്രീലക്ഷ്മി….

 അവൾ നോക്കുന്നത് കണ്ടു കൊണ്ടാണ് അവൻ മുഖമുയർത്തിയത്,

” അവളെ മീനു വിളിച്ചുകൊണ്ടുപോയി അവിടെ സ്ഥലങ്ങളോ മറ്റോ കാണിക്കാൻ….

”  ഇതും കൂടി കഴിക്ക് മോനെ…

 അവല് അവന് അരികിലേക്ക് നീക്കിവെച്ചുകൊണ്ട് മാധവി പറഞ്ഞു,

” ചേച്ചി ഒന്നിങ്ങു വന്നേ….!

 അപ്പുറത്തെ വീട്ടിൽ നിന്നും ശോഭന ഉറക്കെ വിളിച്ചപ്പോൾ സുധിയോടെ ഇപ്പോൾ വരാമെന്ന് പറഞ്ഞ് മാധവി അവിടേക്ക് പോയിരുന്നു…   ദൈവം തന്റെ പ്രാർത്ഥന കേട്ടതുപോലെയാണ് സുധിക്ക് തോന്നിയത്…  രണ്ടുപേരും ഒറ്റയ്ക്കായ നിമിഷങ്ങൾ,  ട്രെയിൽ നിന്നും ഒരു ചായ ഗ്ലാസ് എടുത്ത് അവൾ സുധിക്ക് നേരെ നീട്ടി… അറിയാതെ എന്നതുപോലെ അവളുടെ നീണ്ട കൈവിരലുകളിൽ അവൻ ഒന്ന് സ്പർശിച്ചു, അവൾ വിരൽ വലിച്ചു മാറ്റി, ആ നിമിഷം തന്നെ മിഴികൾ കോർത്തു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button