കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 27
[ad_1]
രചന: റിൻസി പ്രിൻസ്
അപ്പുറത്തെ വീട്ടിൽ നിന്നും ശോഭന ഉറക്കെ വിളിച്ചപ്പോൾ സുധിയോടെ ഇപ്പോൾ വരാമെന്ന് പറഞ്ഞ് മാധവി അവിടേക്ക് പോയിരുന്നു… ദൈവം തന്റെ പ്രാർത്ഥന കേട്ടതുപോലെയാണ് സുധിക്ക് തോന്നിയത്… രണ്ടുപേരും ഒറ്റയ്ക്കായ നിമിഷങ്ങൾ, ട്രെയിൽ നിന്നും ഒരു ചായ ഗ്ലാസ് എടുത്ത് അവൾ സുധിക്ക് നേരെ നീട്ടി… അറിയാതെ എന്നതുപോലെ അവളുടെ നീണ്ട കൈവിരലുകളിൽ അവൻ ഒന്ന് സ്പർശിച്ചു, അവൾ വിരൽ വലിച്ചു മാറ്റി, ആ നിമിഷം തന്നെ മിഴികൾ കോർത്തു..
ഒന്നുമറിയാത്തതുപോലെ അവൻ അവളുടെ മുഖത്തേക്ക് നോക്കി,
” എവിടെ പോയതായിരുന്നു….
” ഞാൻ പുഴയിലെ കുളിക്കാൻ വേണ്ടി പോയതാ,
” പുഴയിലാണോ എന്നും കുളിക്കുന്നത്…?
” നനയ്ക്കാൻ ഒരുപാടുള്ള ദിവസം ഇവിടെ അടുത്തുനിന്ന് ചേച്ചിമാരൊക്കെ ഉണ്ട്, ഞങ്ങളെല്ലാരും കൂടി പോയിട്ട് കുളിക്കും…എന്താ വരുന്ന കാര്യം ഒന്ന് പറഞ്ഞു പോലുമില്ലല്ലോ…?
മടിച്ചു മടിച്ച് അവൾ പറഞ്ഞു,
” എന്തേ വന്നത് ഇഷ്ടമായില്ലേ…?..
അവൻ മറുചോദ്യമെയ്തു
” അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ…
” അപ്പൊൾ ഇഷ്ടായി…
അവളെ കുരുക്കിൽ ആക്കി വീണ്ടും അവന്റെ ചോദ്യം എത്തി,
” ഉച്ചയ്ക്ക് മെസ്സേജ് അയച്ചപ്പോൾ പുറത്തു ആണ് എന്ന് അല്ലെ പറഞ്ഞത്, ഇങ്ങോട്ട് വരുന്ന കാര്യം പറഞ്ഞില്ലല്ലോ.. അതാണ് ഞാൻ ഉദ്ദേശിച്ചത്,
” എനിക്ക് തോന്നി എന്റെ പെണ്ണിനെ ഒന്ന് കാണാൻ…
ഒരു കുസൃതിയോട് അവൻ പറഞ്ഞു…
” എന്റെ പെണ്ണ്” എന്ന അവന്റെ സംബോധനയിൽ അറിയാതെ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി പോയിരുന്നു….
” ആ കണ്ണിൽ തിര തല്ലുന്ന തന്നോടുള്ള പ്രണയം വ്യക്തമായി അവൾക്ക് മനസ്സിലാക്കി എടുക്കാൻ സാധിച്ചു… ഒരു നിമിഷം നാണം കൊണ്ടോ കുറ്റബോധം കൊണ്ടും ആ മിഴികളെ നേരിടാൻ ആവാതെ അവൾ ദൃഷ്ടി മാറ്റി കളഞ്ഞിരുന്നു…
“ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി, ശ്രീലക്ഷ്മിക്ക് കാണണമെന്നും കൂടി പറഞ്ഞപ്പോൾ ഒന്നും വന്നേക്കാം എന്ന് കരുതി
“ചായ കുടിക്ക് തണുത്ത് പോകും…
അവൾ ഓർമ്മിപ്പിച്ചു,
” ഞാന് പോവാണ് തിരിച്ച് ഗൾഫിനു …
ചായ കുടിച്ചു കൊണ്ട് അവൻ പറഞ്ഞു…
ഹൃദയത്തിൽ എവിടെയോ ഒരു വേദന കുന്നുകൂടുന്നത് അവൾ അറിഞ്ഞു….എന്തിനാണ് മനസ്സ് ഇത്രയും വേദനിക്കുന്നത്.?ഒരു മൊട്ടുസൂചി കൊണ്ട് നെഞ്ചിൽ ആരോ കുത്തിയത് പോലെ വിങ്ങുന്ന ഒരു വേദന പെട്ടെന്ന് തന്നെ വലയം ചെയ്യുന്നു… അത്രയും പ്രിയപ്പെട്ട ഒരാൾ അകന്നു പോകുന്നതുപോലെ, തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല..
” ഇത്ര പെട്ടെന്നോ..?
അറിയാതെ അവൾ ചോദിച്ചു പോയിരുന്നു,
” പോകണം ഇല്ലെങ്കിൽ പിന്നെ കല്യാണത്തിന് ലീവ് കിട്ടില്ല…
” മ്മ്… പോയാൽ ഇനി എപ്പോഴാ മടങ്ങി വരവ്,
” അതിനി ഉടനെ ഒന്നും ഉണ്ടാവില്ല ഒരു വർഷം എടുക്കും..കല്യാണ സമയം ആവുമ്പോഴേക്കും മടങ്ങിവരാം,
ആ മുഖം വാടുന്നത് കണ്ടപ്പോൾ ഉള്ളിൽ ചെറുതല്ലാത്ത ഒരു സന്തോഷം ഉടലെടുക്കുന്നത് അവൻ അറിഞ്ഞിരുന്നു.. തന്റെ യാത്ര അല്ലെ ആ വേദനയ്ക്ക് കാരണം….തന്റെ അകലം അവളിൽ വേദന നിറയ്ക്കുന്നുണ്ടല്ലോ അവൾ തന്നെ സ്നേഹിച്ചു തുടങ്ങിയെന്നല്ലേ അതിനർത്ഥം, അങ്ങനെ 100 ചോദ്യങ്ങൾ അവന്റെ മനസ്സിലും ആ നിമിഷം മിന്നി മാഞ്ഞു….
” എന്നാ പോകുന്നത്..?
” മറ്റെന്നാള് പോകണം… കാലത്താണ് ഫ്ലൈറ്റ്, അവിടെ എത്തിയതിനുശേഷം ഞാൻ വിളിച്ചോളാം, വേറെ നമ്പരാ തിരിച്ചുവരുമ്പോൾ എന്നെ ഉൾക്കൊള്ളാനുള്ള മനസ്സുണ്ടാവും എന്ന വിശ്വാസത്തിലാണ് ഞാൻ പോകുന്നത്, ഇവിടുത്തെ പോലെയല്ല അവിടെ ചെന്ന് സമയം കിട്ടുമ്പോൾ ആയിരിക്കും വിളിക്കാനും മെസ്സേജ് അയക്കാനും ഒക്കെ പറ്റുന്നത്.. മറുപടി തരണേ,
ഒരു അപേക്ഷ പോലെ അവൻ പറഞ്ഞപ്പോൾ അവൾക്ക് പാവം തോന്നിയിരുന്നു…
“ഞാൻ ഇപ്പോഴും സംസാരിക്കുന്നുണ്ടല്ലോ, ചിലപ്പോൾ ഞാൻ മെസ്സേജ് കാണാറില്ല മറുപടി അയക്കാൻ താമസിക്കുന്നത് അതാണ്….
അവന്റെ മനസ്സിലെ വേദന തന്നിലൊരു നീറ്റൽ ഉണ്ടാക്കിയതുകൊണ്ട് അങ്ങനെ മറുപടി പറയാനാണ് അവൾക്ക് തോന്നിയത്…
” അതാ പറഞ്ഞത് അവിടെ ചെല്ലുമ്പോൾ എനിക്ക് സമയം കാണില്ല കിട്ടുന്ന സമയത്ത് ആയിരിക്കും വിളിക്കുന്നത്, അന്നേരം പറ്റുന്നതും തിരക്കുകളിൽ നിന്നും എനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കണം…
മെല്ലെ അവൾ തലയാട്ടി..
” അമ്മയോട് ഞാനിപ്പോൾ പറയാം, പഠിക്കുന്ന കാര്യം…
” വേണ്ട അമ്മ കരുതും ഞാൻ പറഞ്ഞിട്ടാണെന്ന്,
” അങ്ങനെയൊന്നും കരുതിയില്ലെന്നേ ഞാൻ പറഞ്ഞോളാം, ആദ്യായിട്ട് എന്നോട് ആവശ്യപ്പെട്ട ഒരു കാര്യമല്ലേ…
അപ്പോഴേക്കും അവിടേക്ക് മാധവി എത്തിയിരുന്നു,
” മോൻ പോവുകയാണെന്ന് അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ഉണ്ടാക്കി വയ്ക്കായിരുന്നു.. ചമ്മന്തി പൊടിയോ കായ വറുത്തതോ അങ്ങനെ എന്തെങ്കിലും,
” അത് സാരമില്ല അമ്മേ അതൊക്കെ അവിടെയും കിട്ടുന്നത് ആണ്… ഇവിടെ കിട്ടുന്ന എല്ലാ സാധനങ്ങളും ഇപ്പൊൾ അവിടെയും കിട്ടും, അതും ഫസ്റ്റ് ക്വാളിറ്റിയിൽ തന്നെ… ഞാൻ യാത്ര പറയാൻ വേണ്ടി വന്നതാ,പിന്നെ ഞാൻ പോയിട്ട് തിരികെ വരാൻ എന്താണെങ്കിലും ഒരു വർഷം എടുക്കുമല്ലോ.. ആ സമയം മീര വെറുതെ നിൽക്കേണ്ട അയാൾക്ക് ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ പഠിച്ചോട്ടെ, അതിന് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല… എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് കരുതി അമ്മ അത് എതിർക്കണ്ട… പഠിക്കാൻ കഴിയുന്നിടത്തോളം പഠിക്കട്ടെ, അതൊക്കെ ഒരു സമയത്ത് നടക്കും,
അവൻ പറഞ്ഞു…
” എനിക്ക് ഒരു എതിർപ്പും ഇല്ല, മോനും മോന്റെ വീട്ടുകാർക്കും കുഴപ്പമില്ലെങ്കിൽ അവള് പഠിച്ചോട്ടെ, പഠിക്കണം എന്നുള്ളത് അവളുടെ സ്വപ്നമായിരുന്നു.. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തൊട്ടേ അതിനു വേണ്ടി അവള് സമ്പാദ്യവും കരുതിവച്ചിട്ടുണ്ട്, പിന്നെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആയാലോ എന്ന് കരുതി ഞാൻ വേണ്ടെന്ന് പറഞ്ഞത്…മോന് താൽപര്യമുണ്ടെങ്കിൽ അവള് പഠിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ, നാളെ അവൾക്ക് ഒരു ജോലി കിട്ടിയാൽ മോനും അത് ഒരു ആശ്വാസമാണല്ലോ…
അവൻ ഒന്ന് ചിരിച്ചു
” മഴക്കോളുണ്ട് ഞാൻ അപ്പുറത്ത് കുറെ തുണി വിരിച്ചിട്ടുണ്ട് അത് എടുത്തിട്ട് ഇപ്പോൾ വരാമേ…
മാധവി അതും പറഞ്ഞ് അകത്തേക്ക് കയറിയപ്പോൾ സുധിയുടെ മുഖത്തേക്ക് മീര ഒന്ന് നോക്കി,
” ഇപ്പോൾ സമാധാനമായല്ലോ?
സുധി ചോദിച്ചപ്പോൾ അവൾ ഒന്ന് തലയാട്ടി കാണിച്ചു….
” എങ്കിൽ പിന്നെ ഒരുപാട് നിൽക്കുന്നില്ല, അമ്മ പറഞ്ഞതുപോലെ മഴ വരാൻ പോകുന്നു. സന്ധ്യാവും ഞങ്ങൾ അങ്ങ് ചെല്ലുമ്പോൾ.. ഞാൻ അവളെ വിളിച്ചിട്ട് വരാം…ഇറങ്ങി ഞാൻ വിളിക്കാം ഞാൻ
അവളെ ഒന്ന് നോക്കട്ടെ.
അതും പറഞ്ഞു അവൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവൾ… വല്ലാത്ത ഒരു നഷ്ടബോധം, എന്തൊക്കെയോ പറയാൻ തോന്നുന്നു… പക്ഷെ വാക്കുകൾ ഇല്ല… അവൻ നടന്നു പോകുന്നതിന്റെ ഒപ്പം അവളും നടന്നു,
” സുധിയേട്ടാ….
ഒരു നിമിഷം അവളുടെ നാവിൽ നിന്നും അങ്ങനെ ഒരു വിളി വന്നപ്പോൾ അവനും അമ്പരന്നു, പെട്ടെന്നവൻ അവിടെനിന്ന് അവളെ ഒന്ന് തിരിഞ്ഞു നോക്കി…
തന്നെ അഭിമുഖീകരിക്കാൻ സാധിക്കാത്ത ഒരു ഭാവമാണ് ആ മുഖത്ത്,
” എന്താ വിളിച്ചേ…?
കണ്ണുകളിൽ പ്രണയം നിറച്ച് അവൻ ചോദിച്ചു,
” കേട്ടില്ലേ…?
വീണ്ടും വിളിക്കാൻ മടി തോന്നിയവൾ മറു ചോദ്യമെയ്തു…
” ഒന്നൂടെ വിളിച്ചേ, ഒന്ന് കേൾക്കട്ടെ… വിളിക്കെടോ…
” അതിനി വരുമെന്നു തോന്നുന്നില്ല…
” ഒന്നൂടെ പ്ലീസ്…
” അതിപ്പോ വിളിച്ചപ്പോൾ വന്നു പോയതാ. ഇനി അങ്ങനെ വരില്ല…
” ശരി എന്തിനാ വിളിച്ചത്,
” നാൾ, നാളെതാ എനിക്ക് വഴിപാട് കഴിപ്പിക്കാൻ, അമ്പലത്തിൽ…
അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു, കൈകെട്ടി അവളെ തന്നെ ഒരു ചെറുചിരിയോടെ നോക്കി നിൽക്കുകയാണ് അവൻ….
കുറച്ചു നേരമായിട്ടും അവനിൽ നിന്നും മറുപടി കിട്ടാതായതോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി,തന്റെ മുഖത്ത് നിന്നും കണ്ണു എടുക്കാതെ നിൽക്കുകയാണ്…
” ചോദിച്ചത് കേട്ടില്ലേ…?
അവൾ ഒന്നുകൂടി അവനോട് ചോദിച്ചു,
” പെട്ടെന്ന് ഒരു സ്വപ്നലോകത്ത് നിന്ന് എന്നതു പോലെ മടങ്ങിവന്നവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…
” പൂയം…. ഈ പ്രാർത്ഥനകളിൽ ഞാൻ ഉണ്ടാവും ഇനിമുതൽ എന്ന് വിശ്വസിച്ചോട്ടെ..?
അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു, ചെറു ചിരിയോടെ അവൾ തലയാട്ടി,
അപ്പോഴേക്കും കലപില വർത്താനവുമായി ശ്രീലക്ഷ്മി അപ്പുറത്തുനിന്നും കയറി വരുന്നത് കണ്ടിരുന്നു, രണ്ടുപേരും തങ്ങളിൽ നിന്നും പെട്ടെന്ന് ശ്രദ്ധ അവളിലേക്ക് മാറ്റി… രണ്ടുപേരും ഒരുമിച്ച് നിൽക്കുന്നത് കണ്ട് ശ്രീലക്ഷ്മി ഒന്നും പരുങ്ങി,
” ഞാനിപ്പോ വന്നത് കുഴപ്പമായോ…?
ശ്രീലക്ഷ്മി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു, അവൻ അവളെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു…
” അല്ല നീണ്ടൊരു വിരഹം നിങ്ങളെ കാത്തിരിക്കുകയല്ലേ..? അതിനു മുൻപ് എന്തെങ്കിലും പ്രണയത്തോടെ പറയാൻ ഉണ്ടെങ്കിൽ അതിന് തടസ്സമായോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്,
” ഇവൾടെ നാക്കിന് പണ്ട് തൊട്ടേ ലൈസൻസ് ഇല്ല… താൻ ഒന്നും വിചാരിക്കരുത് കേട്ടോ,
മീരയുടെ മുഖത്തേക്ക് നോക്കി സുധി പറഞ്ഞു.. ഒരു ചെറുപുഞ്ചിരി അവളിൽ തെളിഞ്ഞിരുന്നു… അത് അവനെ അമ്പരപ്പെടുത്തി കളഞ്ഞിരുന്നു, കുറച്ചുനേരം കൂടി അവിടെയിരുന്ന് വർത്തമാനം പറഞ്ഞതിനു ശേഷം ആണ് രണ്ടുപേരും യാത്ര പറഞ്ഞിറങ്ങിയത്…
പോകും മുൻപ് മൗനമായി സുധി അവളെ ഒന്ന് നോക്കി… മിഴികൾ കൊണ്ട് രണ്ടുപേരും ഒരു യാത്ര പറച്ചിൽ നടത്തിയിരുന്നു, തന്നിൽ വന്നു തുടങ്ങുന്ന മാറ്റങ്ങളെ അത്ഭുതത്തോടെയാണ് മീര നോക്കി കണ്ടത്.. ഉള്ളിനുള്ളിൽ ഒരു പെൺകൊടി അവന്റെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി, അവൻ അരികിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് എപ്പോഴൊക്കെയോ താൻ കൊതിച്ചു തുടങ്ങിയിരിക്കുന്നു.. അവനോട് സംസാരിക്കുമ്പോൾ അവന്റെ അരികിൽ നിൽക്കുമ്പോൾ തനിക്ക് ലഭിക്കുന്ന സന്തോഷം അത് ഒരു പ്രത്യേക സന്തോഷമാണെന്ന് അവൾക്ക് തോന്നി…. അർജുനൊപ്പം ഇരിക്കുമ്പോൾ പോലും ഇത്രയും താൻ സന്തോഷിച്ചിട്ടില്ല, സുരക്ഷിതമായ ഒരാളിന് അരികിലാണ് താനെന്ന് വിശ്വാസം തന്നിൽ നിറഞ്ഞുനിൽക്കുന്നു.. അതുകൊണ്ടല്ലേ അവൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ തന്റെ ഉള്ളൊന്ന് പിടഞ്ഞത്, മനസ്സ് അവിടെ കുടുങ്ങി തുടങ്ങിയെന്ന് അവൾക്ക് തോന്നി….
എത്ര അത്ഭുതകരമാണ് പെണ്ണിന്റെ സൃഷ്ടി, മനസ്സ് കവർന്നവനെ എത്ര പെട്ടെന്നാണ് വിസ്മൃതിയിലേക്ക് മാറ്റി മറ്റൊരു പേര് അവിടെ എഴുതാൻ കഴിയുന്നത്… അത് സ്ത്രീകൾക്ക് മാത്രം ലഭിക്കുന്ന ഒരു അപൂർവ്വ കഴിവാണെന്ന് അവൾക്ക് തോന്നി, അന്ന് രാത്രിയും എന്തുകൊണ്ടോ മനസ്സ് പിടഞ്ഞത് പോലെ അവൾക്ക് തോന്നി… ഇത്രയും ദിവസവും തന്നോട് സംസാരിച്ചുകൊണ്ടിരുന്ന തനിക്ക് ആത്മവിശ്വാസം പകർന്നുകൊണ്ടിരുന്ന ഒരാൾ തന്നിൽ നിന്നും പെട്ടെന്ന് പറന്ന് അകന്നത് പോലെ, ഒരു ദിവസം വീട്ടിൽ കയറി വന്ന പൂച്ചകുട്ടി മറ്റൊരു ദിവസം ഇറങ്ങി പോകും പോലെ…. തനിക്ക് കയ്യെത്തി പിടിക്കാവുന്ന ദൂരത്തിൽ അല്ലാതെ അവൻ മാഞ്ഞുപോകുന്നുവെന്ന ഒരു ചിന്ത തന്നെ വല്ലാത്തൊരു അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിച്ചുവെന്ന് അവൾക്ക് തോന്നി… അവനെക്കുറിച്ച് ചിന്തിച്ച നിമിഷം തന്നെ ഫോൺ ബെല്ലടിച്ചു, നോക്കിയപ്പോൾ സുധിയാണ്.. ഈ സമയത്ത് അങ്ങനെ ഫോൺ വിളി ഉള്ളതല്ല, സാധാരണ മെസ്സേജ് അയക്കുകയാണ് ചെയ്യുക… ഇന്ന് പതിവിന് വിപരീതമായി ആള് വിളിച്ചു. ഫോൺ എടുക്കാതിരിക്കാൻ അവൾക്ക് തോന്നിയിരുന്നില്ല, കാരണം ആ ഒരു വിളി അവളും പ്രതീക്ഷിച്ചിരുന്നു…
” ഹലോ ഉറങ്ങിയിരുന്നോ…?
അവൻ ആദ്യം ചോദിച്ചത് അതാണ്,
” സമയം എട്ടുമണി ആവുന്നല്ലേ ഉള്ളു… ഇപ്പോഴേ ഉറങ്ങുമോ..?
“ഓഹോ… ഞാൻ കരുതി ഉറങ്ങിയിട്ടുണ്ടാവുമെന്ന്,
” ഇല്ല ഭക്ഷണം കഴിച്ചു കഴിഞ്ഞതേയുള്ളൂ…
” ഞാന് വീട്ടിൽ വന്നത് മോശമായോ…? അമ്മ എന്തെങ്കിലും പറഞ്ഞൊ…?
മടിയോടെ അവൻ ചോദിച്ചു,
” അമ്മ ഒന്നും പറഞ്ഞില്ല ഒന്നും തന്നു വിടാൻ പറ്റില്ലല്ലോ എന്നുള്ള സങ്കടം ഉണ്ടായിരുന്നു എന്ന് തോന്നുന്നു…
“ആർക്ക് അമ്മയ്ക്കോ…?..
” അതെ…
” അമ്മയ്ക്കേ ഉള്ളു സങ്കടം അല്ലേ? ഞാൻ വെറുതെ എന്തൊക്കെയോ പ്രതീക്ഷിച്ചു…
അവൻ വാക്കുകളിൽ അല്പം പരിഭവം കലർത്തി… അപ്പോഴാണ് അവൻ പറഞ്ഞതിന്റെ അർത്ഥം അവൾക്കു മനസ്സിലായത്,
” ആ കാര്യത്തിൽ എനിക്ക് സങ്കടമില്ല.. പക്ഷേ…
അവൾ ഒന്ന് നിർത്തി, അവനിൽ ആ പക്ഷേ ഒരു പ്രത്യാശ നിറച്ചിരുന്നു…
” പക്ഷേ….
അവൻ വീണ്ടും എടുത്തു ചോദിച്ചു, അവളുടെ ചുണ്ടിൽ ഒരു നറുപുഞ്ചിരി നാമ്പിട്ടു……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]