കിനാവിന്റെ തീരത്ത്... 💛🦋: ഭാഗം 29


രചന: റിൻസി പ്രിൻസ്
സംസാരിക്കാം... പക്ഷേ ഞാൻ സംസാരിക്കുമ്പോൾ എന്നോട് തോന്നുന്ന ഇഷ്ടം ചിലപ്പോൾ കുറഞ്ഞു പോയേക്കാം... പക്ഷേ സംസാരിക്കാതിരിക്കാൻ എനിക്ക് പറ്റുന്നില്ല, ഇല്ലെങ്കിൽ ഒരു കള്ളം ചെയ്തതുപോലെ എനിക്ക് തോന്നും...
അവളുടെ വാക്കുകളിൽ അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു തുടങ്ങിയിരുന്നു.. എന്താണ് അവൾ പറയുന്നത് എന്ന് അറിയാൻ അവനിൽ ആകാംഷ നിറഞ്ഞു
" അന്ന് പറഞ്ഞില്ലേ ആദ്യം എനിക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല എന്ന് തോന്നിയെന്ന്... അത് തോന്നൽ ആയിരുന്നില്ല എനിക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല, പക്ഷേ ഇഷ്ടക്കേടും ഉണ്ടായിരുന്നില്ല കേട്ടോ... അതിന് കാരണം എന്റെ മനസ്സിൽ മറ്റൊരു ഇഷ്ടം ഉണ്ടായിരുന്നു എന്നതാണ്,
ശക്തമായ ഒരു നടുക്കം സുധിയിൽ ഉണ്ടായി....
" ഇഷ്ടം എന്നുവച്ചാൽ...?
വാക്കുകൾ ഇടറാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചു...
" ഒരു ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാൻ തോന്നുന്ന ഒരു ഇഷ്ടം, രണ്ടുപേർക്കും ഉണ്ടായിരുന്നുവെന്ന് ഞാൻ വിശ്വസിച്ചു... പക്ഷേ അങ്ങനെ ആയിരുന്നില്ല,
അർജുനെ പരിചയപ്പെട്ടത് മുതൽ അവസാനം വരെയുള്ള ഓരോ വാക്കുകളും അവൾ വളരെ കൃത്യമായി തന്നെ അവനോട് പങ്കുവെച്ചിരുന്നു...
" കൂടെ പഠിക്കുന്ന ആൾ ആയിരുന്നോ...?
അവൻ ചോദിച്ചു
" അല്ല അവിടെ അടുത്തുള്ള മറ്റൊരു കോളേജിലാ പഠിച്ചത്, ബസ്റ്റോപ്പിൽ വച്ച് കണ്ടു കുറെവട്ടം, എന്റെ പിന്നാലെ നടന്നു... ആദ്യമൊക്കെ ഞാൻ എതിർത്തതാ ഈ പറഞ്ഞ പ്രശ്നങ്ങളൊക്കെ ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതുകൊണ്ട് ഞാൻ ആളോട് ഇതൊക്കെ പറഞ്ഞിട്ടുള്ളത് ആണ്... പക്ഷേ അപ്പോഴൊക്കെ ഒരു കുഴപ്പവുമില്ല എല്ലാം ശരിയാകും എന്ന് പറഞ്ഞു തന്ന ആളാണ്... എന്നിട്ട് സമയമായപ്പോൾ അച്ഛൻ സമ്മതിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് എന്നെ ഒഴിവാക്കി, ഒരു വാക്ക് പോലും പറയാതെ എന്നെ ബ്ലോക്ക് ആക്കി എവിടേക്കോ പോയി ....
അവളുടെ വാക്കുകളിൽ നിരാശ.. അവന്റെ ഹൃദയം നൊന്തു..
" ഇപ്പോഴും തനിക്ക് അയാളെ ഇഷ്ടാണോ...?
" അല്ല.... അതെനിക്ക് ദൃഢനിശ്ചയത്തോടെ തന്നെ പറയാൻ സാധിക്കും, എന്റെ കൂട്ടുകാരൊക്കെ ഞങ്ങളുടെ കാര്യത്തിൽ അവൻ സീരിയസ് അല്ലെന്ന് പറഞ്ഞിട്ടുണ്ട്... അപ്പോഴൊക്കെ ഞാൻ അവർക്ക് ഞങ്ങൾ തമ്മിലുള്ള ഇഷ്ടത്തിന് താല്പര്യക്കുറവുണ്ടെന്ന് കരുതിയത്, പക്ഷേ അവർ പറഞ്ഞതെല്ലാം സത്യമായിരുന്നു, ഇന്ന് ഇപ്പൊൾ എനിക്കറിയാം അത്, അത്രയും ആത്മാർത്ഥമായി ഞാൻ സ്നേഹിച്ചിട്ടും ഒരു വാക്കുകൊണ്ട് എല്ലാം മറക്കാൻ അവന് പറ്റി..! ഇത്രയും ദിവസം ഞാൻ ജീവനോടെ ഉണ്ടോന്ന് പോലും അന്വേഷിച്ചില്ല... അങ്ങനെയുള്ള ഒരാളെ സ്നേഹിച്ചത് തന്നെ ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ്, അയാളെ വീണ്ടും സ്നേഹിക്കുക എന്ന് പറഞ്ഞാൽ അത് അതിലും വലിയൊരു മണ്ടത്തരമല്ലേ..? എന്റെ മനസ്സിൽ സ്നേഹം ഒന്നുമില്ല, പക്ഷേ ഒരു വാക്കുകൊണ്ട് നമുക്ക് കഴിഞ്ഞുപോയ നിമിഷങ്ങളെ മറക്കാൻ പറ്റില്ലല്ലോ... ആദ്യമായിട്ട് ഇഷ്ടം തോന്നിയാളാണ്, ആദ്യമായിട്ട് മനസ്സറിഞ്ഞ് ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞിട്ടുള്ള ആളാണ്.. അങ്ങനെയുള്ള ചില ഫീലിംഗ്സ് ഒക്കെ എന്റെ മനസ്സിലുണ്ട്, ഇതൊക്കെ ആദ്യമേ പറയണമെന്ന് ഞാൻ വിചാരിച്ചത് ആണ്. അന്ന് വിവാഹം നടക്കരുത് എന്ന് കരുതി ഞാൻ ഒരു വർഷം സാവകാശം ചോദിച്ചത്, അത് പറയുമ്പോൾ വേറെ വിവാഹം നോക്കുമെന്ന് കരുതി, പിന്നെ വിവാഹനിശ്ചയം നടന്നപ്പോൾ എനിക്ക് ശരിക്കും സങ്കടം ആയിരുന്നു.. തുറന്നുപറയണമെന്ന് തോന്നിയെങ്കിലും അമ്മയോ മറ്റോ അറിഞ്ഞാൽ അത് വലിയ വിഷമമാവും എന്ന് കരുതി... പക്ഷേ ഇപ്പോൾ ഞാൻ പറയാതിരുന്നാൽ അത് ഞാൻ എന്റെ മനസ്സാക്ഷിയോട് ചെയ്യുന്ന തെറ്റ് ആയിരിക്കും,
അവൾ മെല്ലെ മുഖം ഉയർത്തി അവനെ നോക്കി...
" അതിനർത്ഥം ഇതുവരെ തോന്നാത്ത മനസാക്ഷി കുത്ത് ഇന്നലെ ഒറ്റദിവസംകൊണ്ട് തനിക്ക് തോന്നി എന്നാണോ..?
ഗൗരവത്തോടെയുള്ള അവന്റെ ചോദ്യം അവളെ തകർക്കാൻ കെൽപ്പ് ഉള്ളതായിരുന്നു....
" എനിക്കറിയില്ല..! അതിനു മറുപടി എനിക്ക് അറിയില്ല, പക്ഷേ എന്റെ മനസ്സ് കൈവിട്ടു പോകുന്നതു പോലെ എനിക്ക് തോന്നി... ഒരിക്കൽ കൂടി വേദനിക്കാൻ വയ്യാത്തത് കൊണ്ടാണ് തുറന്നു പറഞ്ഞത്, എന്തുവേണമെങ്കിലും തീരുമാനിച്ചോളൂ, പക്ഷേ വീട്ടിൽ വിവാഹം വേണ്ടെന്നു വയ്ക്കാൻ ഇതാണ് കാരണമെന്ന് മാത്രം പറയരുത്...
കണ്ണുകൾ നിറയാതെ ഇരിക്കാൻ അവൾ ഏറെ പണിപ്പെട്ടു... അവന്റെ ഗൗരവത്തിൽ തന്നെ ഇനി പ്രതീക്ഷ വേണ്ടന്ന് അവൾക്ക് തോന്നി...
" ഞാൻ ഈ വിവാഹം വേണ്ടെന്ന് വയ്ക്കണമെന്ന് ഇപ്പോൾ താൻ ആഗ്രഹിക്കുന്നുണ്ടോ...? അന്ന് വിവാഹം മാറിപ്പോകാൻ വേണ്ടി ഒരു വർഷം കാലയളവ് പറഞ്ഞതുപോലെ....
അവൻ ചോദിച്ചു...
" ഇല്ല...
അവന് മുഖം നൽകാതെ ഉള്ള മറുപടി..
" ഇത് നടക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടോ...?
ഒന്നിന് പുറകെ ഒന്നായി എത്തുന്ന അവന്റെ ചോദ്യങ്ങൾക്ക് എന്ത് മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു...
"' അങ്ങനെ ചോദിച്ചാൽ ഇത്രയൊക്കെ എന്നോട് മനസ്സ് തുറന്ന് സംസാരിച്ച ആൾക്ക് ഇതിനു മറുപടി പറയാൻ അറിയില്ലേ...?അങ്ങനെയൊരു ആഗ്രഹമുള്ളതുകൊണ്ടാണ് ഞാൻ ഇത് തുറന്നു പറയാൻ വേണ്ടി ഇവിടേക്ക് വന്നത്, ഈ സത്യം മറച്ചു ആ ജീവിതത്തിലേക്ക് ഞാൻ കടന്നുവരുന്നത് ശരിയല്ലെന്ന് തോന്നി, നമുക്കിടയിൽ ഒരു രഹസ്യങ്ങളും ഉണ്ടാകരുതെന്ന് തോന്നി... അതുകൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ ഇതൊക്കെ തുറന്നു പറഞ്ഞത്..
മടിച്ചു മടിച്ചു അവൾ പറഞ്ഞു.. അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിടർന്നു..
" ഈ വാക്കുകൾ സത്യമാണെങ്കിൽ നമുക്കിടയിൽ ഇനി രഹസ്യങ്ങൾ ഒന്നുമില്ല... പഠിക്കുന്ന സമയത്ത് ഒരിഷ്ടം ഉണ്ടായി ആത്മാർത്ഥമായിട്ട് സ്നേഹിച്ചു അത് ഒരു തെറ്റായിട്ട് ഞാൻ കരുതുന്നില്ല... ആർക്കും ഉണ്ടാകും... നമ്മൾ തമ്മിൽ പരിചയപ്പെട്ട നിമിഷം മുതൽ താൻ എങ്ങനെയാണോ അത് മാത്രമേ എന്നെ സംബന്ധിക്കുന്ന വിഷയമുള്ളു, അതിനപ്പുറം മറ്റൊന്നും എനിക്ക് തിരക്കേണ്ട കാര്യമില്ല... പിന്നെ ഇപ്പൊ ഈ പറഞ്ഞത്, ആ മനസ്സ് നന്നായി എനിക്ക് വായിക്കാൻ സാധിക്കും... അതിനപ്പുറം എനിക്ക് മറ്റൊന്നും വേണ്ട, തനിക്ക് എന്നെ ഇഷ്ടമാണെങ്കിൽ ഇനി ഇതോർത്ത് വിഷമിക്കേണ്ട... നമ്മൾ ഒരു ജീവിതം തുടങ്ങുമ്പോൾ അതൊരു പ്രശ്നാവില്ല,
വല്ലാത്തൊരു സന്തോഷം അവളുടെ കണ്ണുകളിൽ തിരയിളകുന്നത് അവൻ കണ്ടിരുന്നു.... നന്ദിയോടെ തന്റെ മുഖത്തേക്ക് നോക്കുകയാണ്,
" ഈ മോതിരം കയ്യിലല്ല എന്റെ മനസ്സിൽ ആണ് അണിയിച്ചത്....
ഏറെ ഇഷ്ടത്തോടവൻ പറഞ്ഞു..
" ഈ മോതിരം ഞാൻ അണിഞ്ഞ നിമിഷം മുതല് അവനെ ആത്മാർത്ഥമായിട്ട് മറക്കാൻ ശ്രമിക്കുകയായിരുന്നു...
സന്തോഷവും നിസ്സഹായതയും ഇടകലർന്ന മറുപടി..
" എനിക്ക് മനസ്സിലാവും..! ഇത് തുറന്നു പറയാൻ കാണിച്ച ഈ മനസ്സിൽ നിന്ന് തന്നെ എനിക്ക് മനസ്സിലാവും, അത് മതി അതിനപ്പുറം മറ്റൊന്നും ഞാനും ആഗ്രഹിക്കുന്നില്ല... ഇപ്പോൾ സമാധാനായില്ലേ,
ചിരിയോടെ തിരക്കി...
"ആയി....
നനഞ്ഞ കണ്ണുകൾ ഒന്ന് തിളങ്ങി...
" ഇനി മനസ്സിൽ ഞാൻ ഉണ്ടാവില്ലേ...?
ഏറെ പ്രതീക്ഷ നിറച്ചൊരു ചോദ്യം....
" ഇനി എന്റെ മനസ്സിൽ മറ്റൊരാൾക്കും ഒരിക്കലും സ്ഥാനം ഉണ്ടാവില്ല...
അവളുടെ ആ വാക്കുകളിൽ അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങിയിരുന്നു,
" ഇനി ഒന്നും പറയാനില്ലല്ലോ....
ചിരിയോടെ അവൾ ഇല്ലന്ന് തല ചലിപ്പിച്ചു....
" എങ്കിൽ കയറ്...! ഇനിയിപ്പോൾ ഒരു വർഷം കഴിഞ്ഞെ കാണാൻ പറ്റു, എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇപ്പൊ തന്നെ പറഞ്ഞോളൂ..
"ഇനി ഒന്നും പറയാനില്ല...
അവൾ ചമ്മലോഡ് പറഞ്ഞു ..
" കുറച്ചു മുമ്പ് എന്തോ ഇപ്പൊൾ ഇഷ്ടമാണെന്നോ മറ്റോ പറഞ്ഞില്ലേ..? അത് എന്റെ മുഖത്ത് നോക്കിയല്ല പറഞ്ഞത്, ഞാൻ ഒന്ന് കേൾക്കട്ടെ ഇനിയുള്ള ഒരു വർഷം എനിക്ക് ഓർമിച്ചു വയ്ക്കാൻ വേണ്ടി...
പെട്ടെന്ന് അവനൊരു കാമുകനായി മുഖത്ത് പ്രണയത്തിന്റെ ലാസ്യ ഭാവങ്ങൾ,
" അങ്ങനെയൊന്നും പറയാൻ എനിക്ക് അറിയില്ല സുധിയേട്ടാ.... എനിക്കിഷ്ടായി, ഒരുപാട്.. ഒരു വല്ലാത്ത ധൈര്യം വന്നതുപോലെ, സംസാരിക്കുമ്പോൾ ഒപ്പം നിൽക്കുമ്പോൾ അപ്പോഴൊക്കെ ഞാൻ ഒറ്റക്കല്ല തോന്നുന്നു...
ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി അവന്റെ ചുടിയിലും ബാക്കിയായി...
" സമയം ഉച്ചയാകുന്നു .... നമുക്ക് എന്തെങ്കിലും ജ്യൂസ് കുടിച്ചാലോ...?
യാത്രയ്ക്കിടയിൽ അവൻ തന്നെയാണ് ചോദിച്ചത്... അവൾ ചിരിയോടെ സമ്മതിച്ചു... കുറച്ചു ദൂരം ചെന്നപ്പോൾ വഴിയിൽ കരിക്ക് നിൽക്കുന്നത് കണ്ട് അവൻ തന്നെ വണ്ടി നിർത്തുകയും ചെയ്തു, അവളോട് അനുവാദം പോലും വാങ്ങാതെ രണ്ട് കരിക്ക് വാങ്ങി അവൻ ഒന്ന് അവൾക്കും നൽകി...
അത് കുടിക്കുന്നതിനിടയിലും ഒളികണ്ണിട്ട് അവൻ അവളെ തന്നെ നോക്കിയിരുന്നു, ഇടയ്ക്ക് മിഴികൾ തമ്മിൽ കോരുക്കുന്ന നിമിഷം രണ്ടുപേരും പരസ്പരം നോട്ടം മാറ്റും... ഉള്ളിൽ ഒരു പ്രണയത്തിന്റെ ഉറവ പൊട്ടി തുടങ്ങിയിരിക്കുന്നു, അത് പതിയെ ഒഴുകി ഇനിയൊരു കടലായി മാറണം, അതിന് കുറച്ച് സമയം ആവശ്യമാണ് എങ്കിലും ഈ നോട്ടം, ഈ മൗനം അതിനൊരു സുഖമുണ്ട്.. ഒരു വിരൽ ദൂരത്തിനപ്പുറം അവനുണ്ടെന്ന് ഒരു സമാധാനം, തനിക്ക് താങ്ങായി തന്നെ മനസ്സിലാക്കിയ ഒരുവൻ, ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന അവന്റെ പ്രണയം... കണ്ണുകളിൽ പോലും സുരക്ഷിതത്വം കാത്തു വച്ച നോട്ടം, എല്ലാത്തിലും ഉപരി വ്യക്തമായ നിലപാടുകൾ ഉള്ള ആണൊരുത്തൻ....
" അമ്പലത്തിനരികിൽ വിട്ടാൽ മതി... അല്ലെങ്കിൽ പിന്നെ ആരെങ്കിലും കാണും, അമ്മയോ മറ്റോ അറിഞ്ഞാൽ ഇഷ്ടമാവില്ല... കല്യാണത്തിന് മുൻപ് ഇങ്ങനെ കാണാൻ എന്നൊക്കെ പറഞ്ഞാൽ അമ്മയ്ക്ക് ദേഷ്യം ആകും,
" ശരി...
ചിരിയോടെ അവൻ മൂളി..
അമ്പലത്തിനരികിൽ അവൻ വണ്ടി കൊണ്ട് നിർത്തിയപ്പോൾ ഇറങ്ങാൻ അവൾക്കും അവളെ യാത്ര അയക്കാൻ അവനും ഒരല്പം മടിയുണ്ടായിരുന്നു.. ഈ നിമിഷം അവസാനിക്കാതിരുന്നെങ്കിലെന്ന് രണ്ടുപേരും ഒരുപോലെ ആഗ്രഹിച്ച നിമികൾ...! പരസ്പരം അകലാൻ മടിച്ച ഇരു മിഴികളും ഒന്നുകൊരുത്തു,
" പോയി വരട്ടെ....
അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു, ആദ്യമായാണ് ഇത്രയും ആർദ്രമായി ഏറെ പ്രണയത്തോടെ തന്റെ അരികിൽ നിന്നവൾ യാത്ര പറയുന്നതെന്ന് അവന് തോന്നി... അവളെ കണ്ടുമുട്ടിയ നിമിഷം മുതൽ അവളുടെ പ്രണയത്തോടെയുള്ള ഒരു നോട്ടത്തിനു വേണ്ടി താൻ എത്രയോ വട്ടം കാത്തിരുന്നിട്ടുണ്ട്, അത് ലഭിക്കാതെ വരുമ്പോൾ എത്ര വേദനയോടെ താൻ അകന്നു പോയിട്ടുണ്ട്... പക്ഷേ ഇന്ന് അങ്ങനെയല്ല തനിക്കറിയാം തന്റെ സാന്നിധ്യം ഈ നിമിഷം അവൾ ആഗ്രഹിക്കുന്നുണ്ട്, കുറച്ച് സമയം കൂടി തങ്ങൾക്ക് വേണ്ടി ലഭിച്ചിരുന്നുവെങ്കിൽ എന്ന് അവൾ ആഗ്രഹിക്കുന്നു..
" ചെന്നിട്ട് വിളിക്കണം...
അനുസരണയോടെ അവൾ തലയാട്ടി, തന്റെ പേരാൽ കൊത്തിയ തങ്ക മോതിരം അവളുടെ നീണ്ട വിരലുകളെ ഒന്നുകൂടി മനോഹരമാക്കിയതായി അവന് തോന്നി... എന്തോ ഒരു ഉൾപ്രേരണിയാല്‍ അവളുടെ വലം കൈയ്ക്ക് മുകളിലേക്ക് അവൻ അവന്റെ ഇടം കൈ ചേർത്തു.. ഒരു അമ്പരപ്പ് അവളിലും ഉണ്ടായി, ആദ്യ സ്പർശനം..! ഉടൽ വിറച്ചു...
" ഞാനുണ്ട് കൂടെ...! വിഷമിക്കേണ്ട കഴിഞ്ഞുപോയതൊക്കെ നല്ലതിനായിരുന്നു, എനിക്ക് വേണ്ടി ഈശ്വരൻ കാത്തുവെച്ചത് ആവാം.. എന്നിലേക്ക് എത്താൻ വേണ്ടിയായിരുന്നു ഈ നിമിത്തങ്ങൾ ഒക്കെയും, ഇനി ഈ മിഴികൾ നിറയാൻ ഞാൻ അനുവദിക്കില്ല..!
ഏറെ പ്രണയത്തോടെ അവൻ പറഞ്ഞു,
" സുധിയേട്ടാ...! ഒരുപാട് വട്ടം ഞാൻ വിഷമിപ്പിച്ചിട്ടുണ്ട് എനിക്കറിയാം ഒന്നും മനപ്പൂർവമല്ല എന്റെ മാനസികാവസ്ഥ അപ്പോൾ അങ്ങനെയായിരുന്നു...
കുറ്റബോധം മുറ്റി നിന്ന വാക്കുകൾ...
" അത് കഴിഞ്ഞടോ, അത് വിട്ടേക്ക് ശരിക്കും ഈ നിമിഷം മുതലാണ് നമ്മളെ സ്നേഹിച്ചു തുടങ്ങിയെന്ന് എനിക്ക് തോന്നുന്നത്... എനിക്ക് പരിചിതമില്ലാത്ത ഒരാളാണ് ഇപ്പോൾ മുൻപിൽ ഇരിക്കുന്നത്, ഇതായിരുന്നു ഞാൻ ആഗ്രഹിച്ചത്.... നിറഞ്ഞ മനസ്സോടെ എന്നെ സ്നേഹിക്കുന്ന തന്നെ, ഇനി എനിക്ക് സമാധാനമായിട്ട് പോകാല്ലോ... പോവാ, ഒരുപാട് സമയം വണ്ടി ഇങ്ങനെ നിർത്തിയിട്ടാൽ ആർക്കെങ്കിലും സംശയം തോന്നിയാലോ..
അവനോട് യാത്ര പറഞ്ഞു അവൾ വണ്ടിയിൽ നിന്നും ഇറങ്ങിയിരുന്നു, ഒരു സ്വപ്നലോകത്ത് എന്നതുപോലെ ആയിരുന്നു സുധി തിരികെ പോയത്... അവളെ ആദ്യമായി കണ്ടതും അവളുടെ ഇഷ്ടക്കേട് നിറഞ്ഞ മുഖവും ഒക്കെ അവന്റെ മനസ്സിൽ തെളിഞ്ഞുനിന്നു, ഇപ്പോൾ അവൾ പറഞ്ഞ വാക്കും.." ഇഷ്ടമാണ്! ആ വാക്ക് ഒരു പ്രതിധ്വനി പോലെ കാതിൽ ഇങ്ങനെ അലയടിക്കുകയാണ്.. കിനാവുകൾ കൊണ്ട് അവൻ ഒരു കടൽ തീർത്തു അതിന്റെ തീരത്ത് അവനും അവന്റെ രാജകുമാരിയും മാത്രം........കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]