Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 43

രചന: റിൻസി പ്രിൻസ്

ഒരു കൊഞ്ചലോടെ അവളെ ചേർത്തുപിടിച്ച് ശ്രീലക്ഷ്മി പറഞ്ഞപ്പോൾ മീനുവിനെയും മഞ്ജുവിനെയും ആണ് മീരയ്ക്കും ഓർമ്മ വന്നത്.  അതുകൊണ്ട് തന്നെ പെട്ടെന്ന് അവളെ മീരയും ചേർത്തുപിടിച്ചിരുന്നു.  മുറിയിലേക്ക് കയറി വന്ന സുധി കാണുന്നത് ഈ കാഴ്ചയാണ്.  ഒരു നിമിഷം അവന്റെ മനസ്സും നിറഞ്ഞിരുന്നു…

“എങ്ങനെയുണ്ട്  ഏട്ടാ ഇപ്പോൾ ചേച്ചിയെ കണ്ടിട്ട്,

 സുധിയെ കണ്ടതും പെട്ടെന്ന് ശ്രീലക്ഷ്മി ചോദിച്ചു.  തിരിഞ്ഞു നോക്കിയ മീരയ്ക്ക് അവനെ നോക്കാൻ അല്പം ചമ്മല് തോന്നിയിരുന്നു.. സൂപ്പർ എന്ന് അവൻ കൈ ഉയർത്തി കാണിച്ചു.

”  ഇത് നല്ല ഭംഗിയുണ്ട്…

സുധി പറഞ്ഞു.

അപ്പോഴേക്കും പുറത്തു നിന്നും സുധിയെ ആരോ വിളിച്ചിരുന്നു.  രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി അവൻ വീണ്ടും പുറത്തേക്ക് ഇറങ്ങി.  ശ്രീലക്ഷ്മിക്കൊപ്പം ഇറങ്ങിവരുന്ന മീരേ കണ്ടപ്പോൾ സുഗന്ധിയും സതിയും മനസ്സിലാവാതെ പരസ്പരം നോക്കി.

” അവൾ ഇട്ടിരിക്കുന്നത് ഏത് ഡ്രസ്സ് ആണമ്മേ..? നമ്മൾ വാങ്ങിയതിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ലല്ലോ.

സുഗന്ധി സതിയോടായി അടക്കം പറഞ്ഞു.

” ഞാനും അത് ഓർക്കുന്നത്. ചിലപ്പോൾ ആ കൂട്ടുകാരി പെണ്ണ് വല്ലോം സമ്മാനം കൊടുത്തതായിരിക്കും.

 സതി പറഞ്ഞു. കുറച്ച് സമയങ്ങൾ കൂടി കഴിഞ്ഞപ്പോഴാണ് മീരയുടെ വീട്ടിൽ നിന്നും അമ്മയും കൂട്ടരുമൊക്കെ വന്നത്. അമ്മയെ കണ്ടതും സ്വർഗം കിട്ടിയ സന്തോഷമായിരുന്നു മീരയ്ക്ക്. ഓടിച്ചെന്ന് കെട്ടിപ്പിടിച്ചിരുന്നു അവൾ അമ്മയെ. അവളെ കണ്ടതും അവരുടെ മനസ്സും നിറഞ്ഞിരുന്നു. മഞ്ജുവും മീനുവും ഒക്കെ വീട് നോക്കി കാണുന്ന തിരക്കിലാണ്. ശ്രീലക്ഷ്മിയാണ് അവരെ കൂട്ടിക്കൊണ്ടുപോയി എല്ലാ സ്ഥലങ്ങളും വൃത്തിയായി കാണിച്ചു കൊടുക്കുന്നത്.  സതിയും സുഗന്ധിയും വലുതായി മാധവിയേയും ബന്ധുക്കളെയും ഗൗനിച്ചതായി ഭാവിച്ചില്ല.  എന്നാൽ അമ്മാവനും അമ്മായിയും  നല്ല രീതിയിൽ തന്നെയായിരുന്നു അവരോട് ഇടപെട്ടിരുന്നത്.

 മനോഹരമായ ഒരു തടി അലമാരി ആയിരുന്നു അവർ കൊണ്ടുവന്നിരുന്നത്.

”  അത് സുധിയുടെ മുറിയിൽ തന്നെ വെച്ചേക്ക്. ഇവിടെ നല്ല വിലപിടിപ്പുള്ള വേറെ അലമാരി ഒക്കെ ഇരിപ്പുണ്ട്,  അതിനിടയിൽ ഈ അലമാരി കൊണ്ടുവന്ന് വച്ചാൽ അത് ഒരു അഭംഗിയാകും.

സതി പറഞ്ഞപ്പോൾ മാധവിയുടെ മുഖം ഒന്ന് മങ്ങിയിരുന്നു.  അമ്മാവൻ ഒന്ന് കൂർപ്പിച്ച് സതിയെ നോക്കി എങ്കിലും അത്രയും ഒന്ന് പറയാൻ സാധിച്ചല്ലോന്ന സമാധാനം സതിയിലും ഉണ്ടായിരുന്നു.  സുധിയുടെ ഗൾഫിലെ സുഹൃത്തുക്കൾക്കും മാറ്റുമായി ചെറിയ രീതിയിലുള്ള ഒരു ഫംഗ്ഷൻ രാത്രിയിൽ ഒരുക്കിയിട്ടുണ്ടായിരുന്നു.  റിസപ്ഷൻ ഉള്ള കസേരയിലിരുന്നപ്പോൾ  അവർക്ക് വേണ്ടി സ്റ്റീരിയോയിൽ നിന്നും ഒരു ഗാനം ഉണർന്നു.

“മാറുരുമ്മിയുറങ്ങുവാൻ  മനസ്സു പങ്കിടാൻ
ആർദ്രചന്ദനമണിയുമുള്ളിൽ കൊതി തുളുമ്പവേ 
കാതിലേതൊരു സാന്ത്വനം സ്നേഹമന്ത്ര നിമന്ത്രണം
ഇനിയുമെന്റെ കിനാവേ മിഴികൾ ചിമ്മിയുറങ്ങിയോ
രാത്രിലില്ലികൾ പൂത്തപോൽ
ഒരുമാത്രയീ മിഴി മിന്നിയോ
നെഞ്ചിലെ കുളിർവല്ലിയിൽ
കണിമഞ്ഞു മൈനകൾ മൂളിയോ”

 ആ വരികൾ കേട്ട് രണ്ടുപേരും പരസ്പരം അറിയാതെ നോക്കി പോയിരുന്നു. വൈകിട്ട് എത്തുന്നവർക്ക് വേണ്ടി ഫ്രൈഡ് റൈസും ചിക്കൻ കറിയും ആയിരുന്നു കരുതിയിരുന്നത്. മീരയുടെ വീട്ടിൽ നിന്ന് വന്നവരും ആ ഭക്ഷണം തന്നെയാണ് കഴിച്ചത്. തിരികെ പോകുന്നതിനു മുൻപ് അമ്മായിയുടെ മുഖത്തേക്ക് നോക്കി മാധവി പറഞ്ഞു.

”  എന്റെ കുഞ്ഞിനെ നോക്കിക്കോണേ,  ഒരു കാര്യവും തുറന്നു പറയില്ല. എന്ത് വിഷമം ഉണ്ടെങ്കിലും അത് മനസ്സിൽ തന്നെ ഒതുക്കുന്ന സ്വഭാവമാ,  എന്നെ വിട്ട് ഇതുവരെ എവിടെയും നിന്നിട്ടില്ല

 പറഞ്ഞപ്പോഴേക്ക് മാധവി കരഞ്ഞു പോയിരുന്നു.  അമ്മായിക്ക് അവരുടെ നിസ്സഹായവസ്ഥ കണ്ട് വേദന തോന്നിയിരുന്നു.  സതിയോട് പറയേണ്ട വാചകങ്ങളാണ് അവർ തന്നോട് പറഞ്ഞത്.  സതിയുടെ ഇടപെടലിലുള്ള ഭയം കൊണ്ടായിരിക്കാം തന്നോട് ഇത്തരത്തിൽ സംസാരിച്ചത് എന്ന് അവർക്ക് തോന്നിയിരുന്നു.

”  മാധവി ഒന്നുകൊണ്ടും പേടിക്കേണ്ട,  ഞങ്ങൾ ഇവിടെ അരികിൽ തന്നെയുണ്ട്. ഒരു ഫർലോങ്ങ് അപ്പുറത്തെ വീട്.  മോൾക്ക് ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. സുധിയെ പോലെയുള്ള ഒരു പയ്യനെ കിട്ടിയത് തന്നെ മോളുടെ ഭാഗ്യമാണ്. ഞങ്ങളുടെ കുട്ടി ആയതുകൊണ്ട് പറയുന്നതല്ല സുധിയെ പോലെ ഒരു നല്ല പയ്യനെ ഇന്നത്തെ കാലത്ത് കണ്ടുകിട്ടില്ല.

അഭിമാനത്തോടെ അമ്മായി പറഞ്ഞു…

” അതെനിക്കറിയാം ചേച്ചി..
ആ വിശ്വാസത്തിന്റെ പുറത്താ. ഞാൻ അവളെ ഇവിടേക്ക് വിട്ടത്. സുധിയെ ആദ്യം  കണ്ടപ്പോൾ തന്നെ എനിക്ക് അത് മനസ്സിലായിരുന്നു.

 മാധവി സാരി തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ചു പറഞ്ഞു..

”  എങ്കിൽ പിന്നെ ഒന്നുകൊണ്ടും മാധവി വിഷമിക്കേണ്ട സുധിയുടെ പെണ്ണ് എന്ന് പറഞ്ഞാൽ അത് ഇവിടെ എല്ലാവർക്കും വളരെയധികം സ്ഥാനമുള്ള കുട്ടി തന്നെയാണ്.  അവൾക്ക് ഇവിടെ ഒരു വിഷമവും വരില്ല,

ഏറെ സന്തോഷത്തോടെയാണ് മാധവി തിരികെ പോയത്.  മാധവി തന്നിൽ നിന്നും അകലുന്ന സമയത്തും വല്ലാത്തൊരു വേദന മീരയിൽ നിറഞ്ഞിരുന്നു.  എന്നാൽ കൃത്യമായ സമയത്ത് തന്നെ മീരയുടെ കൈകളിൽ സുധിയുടെ കൈകൾ കോർത്തിരുന്നു. മുഖത്തേക്ക് നോക്കിയപ്പോൾ ഇരു കണ്ണുകളും ചിമ്മി ഒന്നുമില്ലന്ന് അവൻ പറഞ്ഞു.  അത് തന്നെ അവൾക്ക് വലിയ ആശ്വാസമായിരുന്നു,

 സുധിയുടെ ചില സുഹൃത്തുക്കളും കുടുംബവുമൊക്കെ വൈകുന്നേരം ആണ് വന്നത്.  എല്ലാവരെയും കണ്ട് സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും സമയം ഏറെയായിരുന്നു, തിരികെ പോകുന്നതിനു മുൻപ് അയൽവക്കത്തുള്ള കുറച്ച് വീട്ടുകാർക്കും അമ്മാവനും അമ്മായിക്കും ഒക്കെ ബാക്കി വന്ന ഭക്ഷണം പാത്രത്തിൽ ആക്കി സതിയും സുഗന്ധിയും കൂടി കൊടുത്തു വിടുന്നുണ്ടായിരുന്നു.  ഇതിനിടയിൽ ശ്രീലക്ഷ്മിയുടെ മുറിയിൽ കയറി ഒന്ന് കുളിക്കുകയും ചെയ്തു മീര.  പിന്നെ ഒരു കോട്ടൺ നൈറ്റ് ഡ്രെസ്സും എടുത്തണിഞ്ഞിരുന്നു.  അത് കഴിഞ്ഞ് തിരികെ എത്തുമ്പോൾ ഉമ്മറത്തിരുന്ന് രമ്യ കുഞ്ഞിന് ചോറ് കൊടുക്കുകയാണ്. അവളെ നോക്കി ഒന്ന് ചിരിച്ചു.

” സമയം ഒരുപാട് ആയി ഭക്ഷണം കഴിച്ചിട്ട് കിടക്കാൻ നോക്ക്.

 രമ്യ അവളോട് ആയി പറഞ്ഞിരുന്നു. ഊണ് മേശയിലേക്ക് നോക്കിയപ്പോൾ സുഗന്ധിയും സതിയും കൂടി എല്ലാവർക്കും ഭക്ഷണം എടുത്ത് വയ്ക്കുകയാണ്.

നനഞ്ഞൊട്ടിയെ ഷർട്ടുമായി  സുധി കയറി വന്നു.

”  ഭക്ഷണം കഴിക്കാൻ തുടങ്ങുകയാണോ? ഞാൻ ഒന്ന് കുളിച്ചിട്ട് ഓടിവരാം,

മീരയുടെ മുഖത്തേക്ക് നോക്കി പറഞ്ഞതിനുശേഷം അവൻ അകത്തേക്ക് പോയിരുന്നു.  അവൻ വരാനായി അവളും കാത്തിരുന്നു. 

“സമയം ഒരുപാട് ആയി അവനെ പോയി ഭക്ഷണം കഴിക്കാൻ വിളിച്ചു കൊണ്ടുവാ…

 മീരയുടെ മുഖത്തേക്ക് നോക്കി സതി പറഞ്ഞു.  അവൾ തലയാട്ടി സുധിയുടെ മുറിയിലേക്ക്   നടന്നു.  മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ കുളികഴിഞ്ഞ് ഇറങ്ങാനായി നിൽക്കുകയാണ്. ഒരു  കാവി മുണ്ടും ബനിയനും ആണ് വേഷം. മുടി ഭംഗിയായി ചീകി ഒതുക്കി വച്ചിരുന്നു…

”  അമ്മ പറഞ്ഞു ഭക്ഷണം കഴിക്കാൻ വരാൻ,

 അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു.

” ഞാൻ റെഡിയായി കഴിക്കാം,

 അത്രയും പറഞ്ഞ് അവൻ മുൻപിൽ നടന്നിരുന്നു.  അവനെ അനുഗമിച്ചവളും നടന്നു. സുധി ഇരുന്നതും അവൻ അരികിൽ ഉള്ള കസേര നീക്കിയിട്ടു, മീരയുടെ മുഖത്തേക്ക് നോക്കി ഇരിക്കാൻ പറഞ്ഞു. ശ്രീലക്ഷ്മിയും രമ്യയും ശ്രീജിത്തും  അജയനും ഒക്കെ ഭക്ഷണം കഴിക്കാൻ തയ്യാറായിരിക്കുകയാണ്. ശ്രീജിത്ത്‌ രണ്ടുപേരെയും ഒന്ന് നോക്കി ചിരിച്ചിട്ട് വീണ്ടും ഫോണിൽ നോക്കി, ശ്രീലക്ഷ്മി മീരയെ നോക്കി കൈയ്യൂർത്തി ഹായ് കാണിച്ചു, രമ്യ ആരെയും ഗൗനിക്കുന്നില്ല, അജയൻ അല്പം മദ്യം കഴിച്ചതിനാൽ ഒരു ചിരിയിൽ ഒതുക്കി. 

 അടുക്കളയിൽ നിന്നും എത്തിയ സതി മീര ഇരിക്കുന്നത് കണ്ട ദേഷ്യത്തോടെ സുഗന്ധിയെ നോക്കി.  ശേഷം സുഗന്ധിയോടായി പറഞ്ഞു.

”  എല്ലാവരും കയറിയിരുന്നാൽ ആരാ ഭക്ഷണം  വിളമ്പിക്കൊടുക്കുന്നത്. ഇവൾക്കും വേണമെങ്കിൽ ഇവളുടെ ഭർത്താവിന്റെ അടുത്തിരുന്ന്  കഴിക്കാം, ആരും ഇല്ലാത്തതുകൊണ്ട് അവൾ എന്നെ സഹായിക്കാൻ വേണ്ടി വന്നത്.

 സുഗന്ധിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.  പെട്ടെന്ന് മീരക്ക് വല്ലായ്മ തോന്നിയിരുന്നു.  അവൾ എഴുന്നേൽക്കാൻ തുടങ്ങി.

” എന്തിനാ അമ്മേ വിളമ്പിക്കൊടുക്കുന്നത് ആർക്കുവേണമെങ്കിലും എടുത്തു കഴിക്കാമല്ലോ,

 സുധി പറഞ്ഞു.

 അപ്പോഴേക്കും മീര എഴുന്നേറ്റു കഴിഞ്ഞിരുന്നു. സതിയുടെ ചുണ്ടിൽ ഒരു വിജയിച്ചിരി നിറഞ്ഞു.

“ഇരുന്നോളൂ ഞാൻ വിളമ്പാ,

എഴുന്നേറ്റ് കൊണ്ട് രമ്യ പറഞ്ഞു.

”  വേണ്ട ചേച്ചി ഞാൻ വിളമ്പാം മീര പാത്രം എടുത്തു,

“ഞാനും കൂടാം,

ശ്രീലക്ഷ്മി അവളുടെ ഒപ്പം എഴുനേൽക്കാൻ തുടങ്ങി.

“വേണ്ട നീ ഇരുന്നോ…

സുധി പറഞ്ഞു, ഒപ്പം  സുധീം കൂടി എഴുന്നേറ്റപ്പോൾ സുഗന്ധിയും സതിയും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു.

” അമ്മയും സുഗന്ധിയും ഇങ്ങോട്ട് ഇരിക്ക്, ഇന്ന് ഞങ്ങളുടെ കല്യാണം അല്ലേ.  അപ്പോൾ എല്ലാവർക്കും ഭക്ഷണം വിളമ്പി തരേണ്ടത് ഞങ്ങളാണ്.  ഞങ്ങളുടെ ജീവിതത്തിലെ പ്രധാന ദിവസം എല്ലാവരെയും സന്തോഷത്തോടെ ഊട്ടേണ്ടത് ഞങ്ങളുടെ കടമയല്ലേ.

 സുധിയത് പറഞ്ഞപ്പോൾ സതിയും സുഗന്ധിയും പരസ്പരം നോക്കി പോയിരുന്നു.  ഒന്നും മിണ്ടാതെ അപ്പോഴേക്കും സുധി എല്ലാവരുടെയും പാത്രത്തിലേക്ക് ഭക്ഷണം വിളമ്പിയിരുന്നു.  മീരയുടെ മുഖത്തേക്ക് നോക്കി ഭക്ഷണം വിളമ്പാൻ അവൻ കാണിച്ചു. അവൻ വിളമ്പുന്നതിന് പിന്നാലെയായി അവളും ബാക്കി ഭക്ഷണം വിളമ്പി. ഒന്നും ചെയ്യാൻ സാധിക്കാതെ നിസ്സഹായവസ്ഥയോടെ സുഗന്ധിയും സതിയും ഇരുന്നു.  ചിരി അടക്കി ശ്രീലക്ഷ്മിയും രമ്യയും…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button