Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 30

[ad_1]

രചന: റിൻസി പ്രിൻസ്

അവനോട് യാത്ര പറഞ്ഞു അവൾ വണ്ടിയിൽ നിന്നും ഇറങ്ങിയിരുന്നു, ഒരു സ്വപ്നലോകത്ത് എന്നതുപോലെ ആയിരുന്നു സുധി തിരികെ പോയത്…  അവളെ ആദ്യമായി കണ്ടതും അവളുടെ ഇഷ്ടക്കേട് നിറഞ്ഞ മുഖവും ഒക്കെ അവന്റെ മനസ്സിൽ തെളിഞ്ഞുനിന്നു,  ഇപ്പോൾ അവൾ പറഞ്ഞ വാക്കും..” ഇഷ്ടമാണ്!  ആ വാക്ക് ഒരു പ്രതിധ്വനി പോലെ കാതിൽ ഇങ്ങനെ അലയടിക്കുകയാണ്..  കിനാവുകൾ കൊണ്ട് അവൻ ഒരു കടൽ തീർത്തു അതിന്റെ തീരത്ത് അവനും അവന്റെ രാജകുമാരിയും മാത്രം….

വീട്ടിലേക്ക് എത്തിയപ്പോൾ സുഗന്ധിയും ഭർത്താവും ഒക്കെ വന്നിട്ടുണ്ടായിരുന്നു,  തന്നെ യാത്ര അയക്കാനുള്ള വരവാണെന്ന് അവന് മനസ്സിലായി,  ശ്രീലക്ഷ്മിയും സുഗന്ധിയും കൂടി എന്തോ പറഞ്ഞു വഴക്കാണ്,  അല്ലെങ്കിലും രണ്ടുപേരും ഒരുമിച്ചു കൂടിയാൽ അത് പതിവുള്ളതാണല്ലോ,  അതുകൊണ്ടു തന്നെ അതിലേക്ക് ശ്രദ്ധ കൊടുത്തിരുന്നില്ല,  മനസ്സ് അപ്പോഴും മറ്റൊരു മായാലോകത്ത് ആയിരുന്നു എന്നതാണ് സത്യം.

” നീ ഇത് എവിടെ പോയതാ..?  ഞാൻ എത്ര തവണ വിളിച്ചു.

 പരാതിയുമായി സതി എത്തി..

” ഞാൻ ഒരാളെ കാണാൻ വേണ്ടി പോയതാ,  ഒരു അത്യാവശ്യമുണ്ടായിരുന്നു..

”  സാധനങ്ങൾ വാങ്ങാൻ പോയതാണോ..?  അങ്ങനെയാണെങ്കിൽ പിന്നെ ബാഗിന് വെയിറ്റ് കൂടില്ലേ..?  സുഗന്ധിയും എന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ട് നിനക്ക് കൊണ്ടുപോകാൻ വേണ്ടി,

സതി പറഞ്ഞപ്പോൾ തന്നെ സുഗന്ധി എത്തിയിരുന്നു

 ” ചേട്ടായിക്ക് കപ്പയും ബീഫും ഭയങ്കര ഇഷ്ടമല്ലേ..?  ഞാനത് ഉണ്ടാക്കി കൊണ്ട് വന്നതാ,  വൈകിട്ട് ആകുമ്പോഴത്തേക്ക് വളിച്ചൊന്നും പോവില്ല അത് വാഴയിലയിലെ ഞാൻ ഭദ്രമായി വന്നിട്ടുണ്ട്, പിന്നെ കുറച്ച് സാധനങ്ങൾ അതൊക്കെ കടയിൽ നിന്ന് വാങ്ങിയതാ, ചിപ്സ് ഐറ്റംസ് ഒക്കെ…

” ഒരുപാട് വെയിറ്റ് വേണ്ട,  എനിക്ക് അങ്ങോട്ട് പോകുന്ന വഴി ഒരു കൂട്ടുകാരന്റെ വീട്ടിൽ കയറാൻ ഉണ്ട്.. അവിടുന്ന് കുറച്ചു സാധനങ്ങൾ തരും,  കുറച്ചു മാത്രം മതി, അത്രയും പറഞ്ഞു  ചിരിച്ചു അവൻ അകത്തേക്ക് കയറിയിരുന്നു…

 മുറിയിലേക്ക് ചെന്നതും മൊബൈൽ എടുത്തു നോക്കുകയാണ് ചെയ്തത്,  വാട്സാപ്പിൽ അവളുടെ മെസ്സേജ് വന്നു കിടപ്പുണ്ട്, വീട്ടിലെത്തി എന്ന്. ഒന്ന് തിരിച്ചു വിളിക്കാനും ആ ശബ്ദം കേൾക്കാനും കൊതി തോന്നി..  അവൻ പെട്ടെന്ന് തന്നെ ഫോൺ നമ്പർ ഡയൽ ചെയ്തു, ഇന്നലെ വരെ തോന്നാത്ത ഒരു പ്രത്യേക ഇഷ്ടം ഇന്ന് അവളോട് തോന്നുന്നുണ്ട്.. തന്റെ മുൻപിൽ മനസ്സ് തുറന്നവൾ, തന്നെ തുറന്നു സ്നേഹിക്കുവാൻ വേണ്ടിയാണ് എല്ലാ രഹസ്യങ്ങളും അവൾ തന്നോട് പങ്കുവെച്ചത്.  തനിക്ക് മുൻപേ മറ്റൊരുവൻ അവളുടെ പ്രിയപ്പെട്ടവൻ ആയിരുന്നു എന്നറിഞ്ഞ നിമിഷം ഉള്ളിൽ എവിടെയോ ഒരു വേദന കുമിളിച്ചു എന്നത് സത്യമാണ്,  പക്ഷേ അതിനു നീർക്കുമിളയുടെ ആയുസ് ഉണ്ടായിരുന്നുള്ളൂ,  തന്നെ അവൾ സ്നേഹിച്ചുവെന്ന് പറഞ്ഞ നിമിഷം ആ വേദന ആ വാക്കിൽ അലിഞ്ഞ് ഇല്ലാണ്ട് ആവുന്നത് അവൻ അറിഞ്ഞിരുന്നു…

” ഹലോ…

 പെട്ടെന്നുതന്നെ ഫോൺ എടുക്കപ്പെട്ടു,

”  ഞാൻ വീട്ടിൽ വന്നു…

”  ഇത്രേം പെട്ടെന്ന് വന്നോ..?

”  അവിടുന്ന് നേരെ പോന്നു,  ഇവിടെ സുഗന്ധി വന്നിട്ടുണ്ട്,  ഞാൻ നാളെ പോവല്ലേ…

 ആ നിമിഷമാണ് ആ കാര്യത്തെക്കുറിച്ച് മീരയും ഓർമിച്ചത്, ഒരു നിമിഷം അവൾക്ക് നെഞ്ചിൽ വീണ്ടും ഒരു വേദന ഉറഞ്ഞുകൂടി…

“നാളെ എപ്പോഴാ ഫ്ലൈറ്റ്…?
വെളുപ്പിനെ പോകണം

” ഇപ്പോൾ തോന്നുന്നു ഉടനെ പോകണ്ടായിരുന്നുവെന്ന്…

” ഇനി മാറ്റാൻ പറ്റുമോ…?

പ്രതീക്ഷ നിറച്ചവൾ ചോദിച്ചപ്പോൾ അവനും അത്ഭുതപ്പെട്ടു പോയിരുന്നു..

” ഇല്ലടോ

നിരാശയോട് പറഞ്ഞു..

” അവിടെ ചെന്നാൽ പിന്നെ വിളിക്കില്ലേ…?

അവളുടെ ചോദ്യത്തിൽ ഇത്തവണ അമ്പരന്നു പോയത് സുധിയാണ്, അവൾ തന്നെയാണോ സംസാരിക്കുന്നത് എന്ന് പോലും അവന് സംശയം തോന്നിയിരുന്നു..   പെട്ടെന്ന് കണ്ണുകളിൽ ഒരു കുസൃതി തിളങ്ങി,

”  എവിടുന്ന് അവിടെ ചെന്ന് വിളിക്കാൻ ഒന്നും സമയം കിട്ടില്ല..!  വെള്ളിയാഴ്ചയോ മറ്റോ സമയം കിട്ടുകയാണെങ്കിൽ വിളിക്കാം,

 അവൻ ഗൗരവത്തോടെ പറഞ്ഞപ്പോൾ അവൾക്ക് ഒരു വല്ലായ്മ തോന്നിയിരുന്നു,  കുറച്ചുസമയം മറുപുറം നിശബ്ദമായപ്പോൾ അവന്റെ ചോടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

“എന്തേ

അവൻ ഒരിക്കൽ കൂടി ചോദിച്ചു..

 ” അങ്ങനെയല്ലല്ലോ അന്ന് പറഞ്ഞത്….

“സമയം കിട്ടുമ്പോഴൊക്കെ വിളിക്കാം എന്നല്ലേ,

 പരിഭവത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ അവന് ചിരി പൊട്ടിത്തുടങ്ങിയിരുന്നു…  എങ്കിലും അത് അടക്കിപ്പിടിച്ചാണ് സംസാരിച്ചത്,

”  അന്നങ്ങനെയൊക്കെ പറഞ്ഞൂന്നേയുള്ളൂ.

 വീണ്ടും അപ്പുറത്ത് നിശബ്ദത പടർന്നപ്പോൾ അവന് മനസ്സിലായി അവൾക്ക് അത് വിഷമമായി എന്ന്…

”  എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച വിളിക്കാം,

“മ്മ്…

ഒന്ന് ഇരുത്തി മൂളി  അവൾ.. വേദനയുടെ മേൽക്കോയ്മ മുറ്റിനിന്ന ഒരു മൂളൽ….

” പിന്നെ തനിക്ക് നിർബന്ധമാണെങ്കിൽ ഞാൻ തനിക്ക് വേണ്ടി കുറച്ച് സമയം എങ്ങനെയെങ്കിലും കണ്ടെത്താം,

 ഒരു പ്രത്യേക ടോണിൽ അവൻ പറഞ്ഞു..

” നിർബന്ധമാണ്….
 ചെറുചിരിയോടെയാണ് അവൾ മറുപടി പറഞ്ഞത്…  അവന്റെ ഹൃദയം നിറഞ്ഞിരുന്നു,..

” ഞാൻ വെറുതെ പറഞ്ഞതല്ലേടോ? ഞാൻ അവിടെ ചെന്ന് എന്താണെങ്കിലും തന്നെ വിളിക്കാനുള്ള സമയം കണ്ടെത്തും,  തന്റെ മനസ്സ് അറിയാൻ വേണ്ടി പറഞ്ഞതല്ലേ..

 അവളുടെ പതിഞ്ഞ ചിരി അവന്റെ കാതുകളിലേക്ക് അലയടിച്ചു,

 ഫോൺ വെച്ചതിനുശേഷം സുധിയ്ക്ക് നിന്ന് തിരിയാൻ സമയം ഉണ്ടായിരുന്നില്ല,  വീട്ടുകാരെല്ലാവരും കൂടി മത്സരിച്ചവനെ സ്നേഹിക്കുകയാണ്.  ഇനി ഒരു വർഷം കഴിഞ്ഞെ കാണാൻ സാധിക്കു, ഉച്ചയോടെ ശ്രീജിത്തും രമ്യയും കൂടി ഹാഫ് ലീവെടുത്തു, ഇതിനിടയിൽ സുധിയുടെ ഏറ്റവും വിഷമം കുഞ്ഞിപ്പെണ്ണിനെ പിരിയുന്നത് ആയിരുന്നു, ഈ ചെറിയ സമയം കൊണ്ട് ശ്രീജിത്തിന്റെ കുഞ്ഞുമായി നന്നായി അടുത്തിരുന്നു സുധി.. ആദ്യം വന്നപ്പോൾ തന്റെ അരികിൽ പോലും വരാതിരുന്നവളാണ്.  ഇപ്പോൾ അവൾക്ക് എല്ലാത്തിനും വലിയച്ഛൻ മതി, അവൾക്ക് കുറുക്ക് കൊടുക്കുന്നതും കൊണ്ട് നടക്കുന്നതും നടത്താൻ പഠിപ്പിക്കുന്നതും ഒക്കെ സുധിയുടെ ജോലിയാണ്..  വൈകുന്നേരം ആയാൽ കുഞ്ഞി പെണ്ണിനെയും എടുത്തുകൊണ്ട് അവൻ നേരെ പോകുന്നത് കലുങ്കിനരികിലേക്കാണ്, അവിടെ കൂട്ടുകാർക്ക് ഒപ്പം സൊറ പറഞ്ഞിരിക്കുമ്പോൾ രാവിന്റെ സൗന്ദര്യം ആസ്വദിച്ച് അവന്റെ കയ്യിൽ ഇങ്ങനെ ഒതുങ്ങി ഇരിക്കും അവൾ..  കുഞ്ഞുമായി ഉള്ള സുധിയുടെ അടുപ്പം കണ്ട് രമ്യയ്ക്കും സുധിയോടുള്ള മനോഭാവത്തിൽ ഒരുപാട് മാറ്റം വന്നിരുന്നു  എന്നതാണ് സത്യം, പൊതുവേ അവൻ ഗൾഫിൽ ആയതുകൊണ്ട് വിവാഹശേഷം അധികമായി ഇടപഴകിയിട്ടുണ്ടായിരുന്നില്ല,  ഫോൺ വിളിക്കുമ്പോളും സംസാരിക്കുമെങ്കിലും സ്ത്രീകളോട് അത്ര അടുത്ത് സംസാരിക്കുന്ന വ്യക്തിത്വമല്ല സുധിയുടെ. എന്നാൽ കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കി ഇപ്പോൾ ശ്രീലക്ഷ്മിയെ പോലെ തന്നെ രമ്യയുമായും നല്ല രീതിയിലുള്ള ഒരു ഇഴയെടുപ്പും ഉണ്ടായിട്ടുണ്ടെന്ന് സുധിയ്ക്ക് മനസ്സിലായിരുന്നു.  രമ്യ ജോലിക്ക് പോകുന്നതുകൊണ്ടു തന്നെ കുഞ്ഞിനെ നോക്കുന്നത് സതി ആയിരുന്നു,  എന്നാൽ തിരികെ വരുമ്പോൾ കുഞ്ഞ് ആകെ ക്ഷീണിച്ചു വല്ലാതായിട്ടുണ്ടാവും.  സുധി വന്നതിനുശേഷം ആള് നല്ല ആക്ടീവ് ആണെന്ന് രമ്യ ശ്രദ്ധിച്ചു.  അത്രയ്ക്ക് ശ്രദ്ധയോടെയാണ് അവൻ നോക്കുന്നത്. പകൽ അവൻ  വീട്ടിൽ ഉണ്ടെങ്കിൽ രമ്യയ്ക്ക് സമാധാനമാണ്.  കുഞ്ഞു കരയില്ല, ഭക്ഷണമൊക്കെ കൃത്യമായി കഴിക്കും.  വീട്ടിൽ താൻ എത്തുമ്പോഴേക്കും സുഖനിദ്രയിൽ ആയിരിക്കും.  അതേ സമയം സുധി ഇല്ലാത്ത ദിവസം ആണെങ്കിൽ വീണ്ടും പഴയതുപോലെതന്നെ,  കരഞ്ഞു തളർന്ന് ഒരു ക്ഷീണവസ്ഥയിലായിരിക്കും, സതിയ്ക്കു കുട്ടികളെയൊക്കെ നോക്കാൻ വലിയ മടിയാണ്,  പക്ഷേ നോക്കാൻ പറ്റില്ലെന്ന് പറയാനും വയ്യല്ലോ..  അതുകൊണ്ട് വഴിപാട് തീർക്കുന്നതുപോലെ നോക്കുന്നു എന്ന് മാത്രം..

പിന്നീട് സുധി വിളിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും തിരക്കായത് കൊണ്ട് വാട്സ്ആപ്പ് മെസ്സേജുകളിലൂടെ മാത്രമായിരുന്നു മീരയുമായി സംസാരിച്ചത്,  ഒരു ശൂന്യത പെട്ടെന്ന് അവൾക്ക് അനുഭവപ്പെട്ടിരുന്നു..  കുറച്ചുസമയം അവന്റെ അസാന്നിദ്ധ്യത്തിൽ ഇത്രയും വേദന താൻ അനുഭവിക്കുന്നുവെങ്കിൽ അവൻ തന്നെ മനസ്സിലാക്കിയില്ലായിരുന്നുവെങ്കിൽ എന്തായിരുന്നു തന്റെ ജീവിതം എന്ന് അവൾ ചിന്തിച്ചിരുന്നു.
ഇത്രത്തോളം അവൻ പതിയെ തന്റെ ആത്മാവിൽ ഇടം നേടിയെന്നാണ് അവൾ ചിന്തിച്ചിരുന്നത്.  പതിയെ പതിയെ അവൻ തന്റെ ഉള്ളിൽ അവകാശം നേടുകയായിരുന്നു,  ഒരു സ്ലോ പോയസിനിങ് പോലെ,  ഇപ്പോൾ അവൻ ഇല്ലാതെ വയ്യ എന്നായിരിക്കുന്നു,

 സന്ധ്യയായപ്പോൾ അമ്പലത്തിലേക്ക് പോയിരുന്നു,  അവന്റെ പേരിൽ ആയിരുന്നു വഴിപാടുകൾ ഏറെയും.  യാത്രയിൽ അപകടങ്ങൾ ഒന്നും പറ്റരുത് എന്ന് ആത്മാർത്ഥമായി തന്നെ പ്രാർത്ഥിച്ചിരുന്നു, തിരികെ വന്നപ്പോൾ സുധി വിളിച്ചിട്ടുണ്ട്   മിസ്ഡ് കാൾ  കണ്ടപ്പോൾ ഒരു വേദന തോന്നി, ആ സമയത്ത് ഞാനിവിടെ ഇല്ലല്ലോന്ന്,  പിന്നീട് തിരികെ വിളിച്ചുവെങ്കിലും അവൻ ഫോൺ എടുത്തിരുന്നില്ല..  തിരക്കിൽ ആയിരിക്കുമെന്ന് അറിയാമായിരുന്നു,  പിന്നെ വിളിച്ചത് വൈകിട്ടാണ്,  അപ്പോഴേക്ക് ക്ഷീണിച്ചിട്ടുണ്ട് ആൾ, പെട്ടിയൊക്കെ അടിക്കുന്നതിന്റെ ക്ഷീണം ആണെന്ന് പറഞ്ഞപ്പോൾ വീണ്ടും ഹൃദയമൊന്നു തപിച്ചു…
 ഇനിയും ഒരു വർഷം കഴിഞ്ഞ് കാണാൻ പറ്റുകയുള്ളല്ലോന്ന  വേദന വന്നു മൂടി, 365 ദിനരാത്രങ്ങൾ, ആ രാത്രി രാവ് വൈകുവോളം ഫോണിൽ സംസാരിച്ചിരുന്നു,  ഒന്നും പറയാനില്ല മൗനം ആധിപത്യം ഉറപ്പിച്ച ഒരു ഫോൺകോൾ..!  രണ്ടുപേർക്കും ഒന്നും സംസാരിക്കാനില്ല, പക്ഷേ ഫോൺ കട്ട് ചെയ്യാനും വയ്യ.  വിരഹത്തിന്റെ ഏറ്റവും മൂർത്തമായ ഒരു ഭാവം,  വിവാഹത്തിനു മുൻപ് അവളെ പിരിയുന്നത് ഇത്ര വേദന നിറഞ്ഞ അനുഭവമാണ് തനിക്ക് എങ്കിൽ വിവാഹശേഷം ഈ പ്രവാസം തനിക്ക് എത്ര വേദന നൽകും എന്ന് ചിന്തിക്കുകയായിരുന്നു സുധി, അപ്പോൾ സമയം ഒരുപാട് ആയപ്പോൾ സുധി തന്നെയാണ് മുൻകൈയെടുത്ത് ഫോൺ കട്ട് ചെയ്തത്.  ആ രാത്രി രണ്ടുപേർക്കും ഉറങ്ങാൻ സാധിച്ചിരുന്നില്ല, കാലത്തെ അഞ്ചുമണിക്ക് ഉണരുമെന്ന് അവളോട് പറഞ്ഞതാണ് അവൻ ഫോൺ കട്ട് ചെയ്തത്.  വെളുപ്പിനെ ഉണർന്നവൻ തയ്യാറായി കഴിഞ്ഞപ്പോഴേക്കും ഫോണിൽ ബെൽ അടിച്ചു, നോക്കിയപ്പോൾ മീരയാണ്.  അവന് അത്ഭുതം തോന്നി.  സമയം 5. 35 ആയിട്ടേ ഉള്ളൂ,

”  ഹലോ റെഡിയായോ..?

പതിഞ്ഞ സ്വരം ഒരു മഞ്ഞുതുള്ളി പോലെ കാതിലേക്ക് പതിച്ചു..

”  ആ റെഡി ആയിക്കൊണ്ടിരിക്കുകയാണ്, കുറച്ചുകഴിയുമ്പോൾ ഇറങ്ങും,  താനന്ന് നേരത്തെ ഉണർന്നോ.? അതിന് ഉറങ്ങിയിട്ടില്ലല്ലോന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക്,  പക്ഷേ വാക്കുകൾ പുറത്തേക്ക് വന്നില്ല..! 

” സൂക്ഷിച്ചു പോകണം…

” മ്മ്….

” ചെന്ന ഉടനെ വിളിക്കണം,

” ശരി….

 പിന്നെന്ത് പറയണമെന്ന് അറിയാതെ അവളും ഉഴറി,

“മീര…

” എന്തോ

” എന്റെ പോക്ക് സ്വപ്നങ്ങളിലേക്ക് ഉള്ളതാണ്,  നമ്മൾ ഒരുമിച്ചുള്ള ജീവിതം സ്വപ്നം കണ്ട്… ഇനി എല്ലാ ദിവസവും ഞാൻ ഉറങ്ങുന്നത് തിരികെ വരുമ്പോൾ താനെന്റെ സ്വന്തമായിരിക്കും എന്ന പ്രതീക്ഷയിലാണ്, ഞാൻ ഇനി എല്ലാ ദിവസവും ഉണരുന്നത് നമ്മുടെ ജീവിതത്തെ കുറിച്ചുള്ള പ്രത്യാശയിൽ ആയിരിക്കും..

” ഞാനും….

 “ഒരുപാട് സംസാരിച്ചാൽ ഞാൻ ഇമോഷണൽ ആയിപ്പോകും… അവിടെ ചെന്നിട്ട് വിളിക്കാം,  അമ്മയോടും അനിയത്തിമാരോടും പറഞ്ഞേക്ക്…

അത്രയും പറഞ്ഞ് അവൻ ഫോൺ വെച്ചപ്പോൾ കണ്ണിലറിയാതെ ഒരു നീർമണി ഉറഞ്ഞു കൂടുന്നത് അവൾ അറിഞ്ഞിരുന്നു..  ഹൃദയം പൊട്ടിപ്പോകുന്ന വേദന,  എന്തിനാണ് ഇങ്ങനെ താൻ വേദനിക്കുന്നത്.?ദിവസങ്ങൾ മാത്രം പരിചയമുള്ള ഒരുവൻ തന്റെ ഹൃദയത്തിൽ ഇത്രത്തോളം ഇടം നേടിയിരുന്നോ.? സ്നേഹം ചിലപ്പോൾ നമ്മെ നൊമ്പരത്തിൽ ആഴ്ത്തും.. തന്റെ ആത്മാവിന്റെ ആരാമത്തിൽ ഒരു  പുഷ്പങ്ങളാൽ സുഗന്ധം പരത്തിയാണ് അവൻ യാത്രയായത്… ചില പ്രണയം ഇങ്ങനെയാണ് അത് ഏറെ നിഗൂഢമാണ്… സ്നേഹം അങ്ങനെ ആണ് ലഭിച്ചു കഴിഞ്ഞാൽ പിന്നെ അത് കൂടുതൽ വേണമെന്ന് തോന്നും… കൈകളിൽ കിടന്നിരുന്ന സ്വർണ മോതിരത്തിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു,  തങ്ക ലിപികളാൽ സുധീഷ് എന്നെഴുതിയ മോതിരം അവൾ കൈവിരലുകൾ കൊണ്ട് തലോടി..  പിന്നെ പതിയെ അതിൽ ചുണ്ടുകൾ ചേർത്തു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button