Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 32

[ad_1]

രചന: റിൻസി പ്രിൻസ്

അവൻ തിരികെ പോയിക്കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ അതുമായി പൊരുത്തപ്പെടുവാൻ അവൾക്കും അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു.  എങ്കിലും പതിയെ അതുമായി അവൾ പൊരുത്തപ്പെട്ട് എന്നതാണ് സത്യം. ഇതിനിടയിൽ അഡ്മിഷൻ ശരിയായിരുന്നു വീട്ടിൽ നിന്നും അധികം ദൂരമില്ലാതെയാണ് പോയി വരുവാനുള്ള സൗകര്യമുള്ള കോളേജിൽ തന്നെയായിരുന്നു കിട്ടിയത്.  ഈ സന്തോഷവാർത്ത അറിഞ്ഞതും ആദ്യം അത് പറഞ്ഞത് അവനോട് തന്നെയാണ്, അലോട്ട്മെന്റിൽ പേര് കണ്ടപ്പോൾ തന്നെ വാട്സാപ്പിൽ അവന് വോയിസ് മെസ്സേജ് അയച്ചിരുന്നു. അവൻ അത് കണ്ടത് വൈകുന്നേരം ആയിരുന്നു, ഡ്യൂട്ടിയിൽ ആണെങ്കിൽ പോലും അവളുടെ വാക്കുകളിൽ നിറഞ്ഞുനിന്ന സന്തോഷമറിഞ്ഞ് അവൻ പെട്ടെന്ന് തന്നെ അവളെ വിളിച്ചു..

” ഹലോ…

 ഏറെ സന്തോഷത്തോടെയാണ് ഫോണെടുത്ത് സംസാരിച്ചത്,

”  ഈ സമയത്ത് പതിവില്ലല്ലോ,

”  തന്റെ മെസ്സേജ് കണ്ടിട്ട് വിളിച്ചതാ,  ഡ്യൂട്ടി ടൈം  ആണ്. ഒത്തിരി നേരം സംസാരിക്കാൻ പറ്റില്ല,

അവൻ പറഞ്ഞു…

” വല്ല കെട്ടിടത്തിന്റെ മുകളിലാണോ.?

പേടിയോടെ അവള് ചോദിച്ചു, ആ സംസാരം കേട്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നത്,

”  എന്താടോ എപ്പോഴും എനിക്കവിടെയാണോ ജോലി..?   ഇപ്പോൾ ഭൂമിയിൽ തന്നെയാണ്  നിൽക്കുന്നത്. താൻ പറഞ്ഞോളൂ…

“മെസ്സേജ് കണ്ടില്ലേ..

” കണ്ടതുകൊണ്ടല്ലേ ഞാനിപ്പോൾ പെട്ടെന്ന് വിളിച്ചത്, ഭയങ്കര സന്തോഷത്തിലാണല്ലോ ആൾ,

” ഒരുപാട് സന്തോഷമായി.. പിന്നെ കുറച്ചു ദൂരം ഉണ്ട് വീട്ടീന്ന്, ഞാൻ നേരത്തെ പോയിക്കൊണ്ടിരുന്ന കോളേജിന്റെ അത്ര അടുത്തല്ല.  വരുമ്പോൾ ഒരു ആറുമണിയോടെ അടുപ്പിച്ചാകും,

അവൾ പറഞ്ഞു..

” അത് വലിയ ബുദ്ധിമുട്ടില്ലല്ലോ

അവൻ ചോദിച്ചു..

 ” ഇല്ല നാളെത്തന്നെ പോകണം എന്നാ കരുതുന്നത് അഡ്മിഷൻ എടുക്കാനേ,  ആദ്യം കുറച്ചു പൈസ കൊടുക്കേണ്ടിവരും,  നാളെ പോസ്റ്റോഫീസിൽ പോയി കാശൊക്കെ എടുത്തിട്ട് അമ്മയെയും കൂട്ടി ലീവ് എടുത്തിട്ട് പോകാമെന്നാ കരുതിയത്, അമ്മയ്ക്ക് ഈ ആഴ്ച മുഴുവൻ കുടുംബശ്രീയുടെ പണിയുണ്ട്.  അതുകൊണ്ട് എന്റെ കൂടെ വരാൻ പറ്റുമോന്ന് അറിയില്ല… അമ്മ ഇന്ന് അവരുടെ സാറിനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞത്. സുധിയേട്ടന് മെസ്സേജ് അയച്ചു കഴിഞ്ഞിട്ടാണ് ഞാൻ അമ്മയോട് കാര്യം പറഞ്ഞത്,  ഇവിടെ ഉണ്ടായിരുന്നില്ല,  പണിക്ക് പോയിരിക്കുകയായിരുന്നു ഞാൻ ഫോൺ വിളിച്ച് പറഞ്ഞു,

 വാചാല ആവുകയാണ്.. ഇതിനുമുമ്പ് ഇത്രയും സന്തോഷത്തോടെ അവൾ തന്നോട് സംസാരിച്ചിട്ടില്ലന്ന് അവൻ ചിന്തിക്കുകയായിരുന്നു,  തനിക്കൊന്നു പറയാൻ പോലും ഗ്യാപ്പ് തരാതെ സംസാരിക്കുകയാണ് പെണ്ണ്.

”  അഡ്മിഷനും പിന്നെ കുറച്ച് സാധനങ്ങളും ഒക്കെ വാങ്ങണ്ടേ? എല്ലാത്തിനും കൈയ്യിൽ പൈസ ഉണ്ടോ..?

ശ്രെദ്ധയോട് അവൻ തിരക്കി..

”  അതിനുള്ളതൊക്കെ ഞാൻ നേരത്തെ തന്നെ റെഡിയാക്കി വെച്ചിട്ടുണ്ട്, അമ്മയെക്കൊണ്ട് എല്ലാം കൂടി പറ്റില്ലന്ന് എനിക്ക് അറിയാമായിരുന്നു,”നാളെ അത് പോയി എടുത്താ മതി…

”  തൽക്കാലം അത് അവിടെ കിടക്കട്ടെ,  എടുക്കേണ്ട,പ്പൊൾ

സുധി പറഞ്ഞു..

“എടുക്കാതെ പിന്നെങ്ങനെയാ..

അമ്പരപ്പോടെ അവൾ ചോദിച്ചു..

 ” അതവിടെ കിടക്കട്ടെടോ, തന്റെ സമ്പാദ്യമല്ലേ, തത്കാലം അത് അനക്കണ്ട, നാളെ അത്യാവശ്യത്തിനുള്ള കാശ് ഞാൻ അയച്ചു തരാം…

” അത് വേണ്ട

അവൾക്ക് മടി തോന്നി.

”  അതെന്താ ഞാൻ അന്യനാണോ..?

നിരാശയോട് ചോദിച്ചു…

“:അതുകൊണ്ട് അല്ല സുധിയേട്ടാ,  അങ്ങനെ വാങ്ങുന്നത് ശരിയല്ലല്ലോ…

” അങ്ങനെ വാങ്ങുന്നത് ശരിയല്ലെങ്കിൽ കല്യാണം കഴിഞ്ഞു ഒരു രൂപ പോലും വാങ്ങരുത്,

അവളെ നിശബ്ദ ആക്കിയവൻ..

“അങ്ങനെയല്ലല്ലോ കല്യാണത്തിനു മുൻപ് ഞാൻ അങ്ങനെ സുധിയെട്ടനോട് വാങ്ങാ,അത് അറിഞ്ഞാൽ അമ്മ പോലും   വഴക്ക് പറയുകയുള്ളൂ,

”  ആരും അറിയണ്ട,  നമ്മൾ മാത്രം അറിഞ്ഞാൽ മതി,  കല്യാണം കഴിഞ്ഞായിരുന്നു താൻ പഠിക്കാൻ പോകുന്നതെങ്കിൽ തന്റെ കയ്യിൽ നിന്ന് പണം എടുക്കാൻ ഞാൻ സമ്മതിക്കുമോ..?  മാത്രമല്ല കല്യാണം കഴിഞ്ഞിട്ടില്ലന്നല്ലേ ഉള്ളൂ, മനസ്സുകൊണ്ട് നമ്മൾ ഒന്നല്ലേ..?

 അവന്റെ ആ ചോദ്യത്തിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു,  എങ്കിലും മറ്റൊന്നിനു വേണ്ടി അല്ലല്ലോ പഠിക്കാൻ വേണ്ടിയല്ലേ..?  താൻ ഇപ്പോൾ പഠിച്ച് ടീച്ചറായാൽ അതിലേറ്റവും കൂടുതൽ ഉണ്ടാവുന്ന ഗുണം ആർക്കാണ്..? എനിക്കല്ലേ,  തനിക്ക് നല്ലൊരു ജോലിയൊക്കെ കിട്ടിയാൽ എനിക്ക് നാട്ടിൽ കൂടാല്ലോ, ഞാൻ ഈ പൈസ ഒക്കെ ശമ്പളത്തിൽ നിന്ന് വാങ്ങിച്ചോളാടോ…!

 ചിരിയോടെ അവൻ പറഞ്ഞു.

“‘ എങ്കിലും എനിക്ക് എന്തോ മടി പോലെ,

“ഇനിയും മടി തോന്നുന്നുണ്ടെങ്കിൽ അതിനർത്ഥം എന്നോട് ഇപ്പോഴും തനിക്ക് എന്തോ അകലം ഉണ്ടെന്നാണ്,

” അയ്യോ അങ്ങനെ പറയല്ലേ സുധിയേട്ടാ…
 എന്തോ താല്പര്യമില്ലാത്തത് കേട്ടതുപോലെ അവൾ പറഞ്ഞു,

”  തൽക്കാലം ഇങ്ങോട്ട് ഒന്നും പറയണ്ട,  കാശ് ഞാൻ എത്തിച്ചോളാം.  അന്ന് നമ്മൾ ലാസ്റ്റ് കണ്ട അമ്പലം ഇല്ലേ, ആ അമ്പലത്തിലേക്ക്  ഞാൻ പറയണ സമയത്ത് വരണം, എപ്പോൾ എന്ന് ഞാൻ പറയാം,  തന്റെ വീട്ടിൽ പറയണ്ടാട്ടോ…  താൻ പറഞ്ഞതുപോലെ ചിലപ്പോൾ തന്റെ അമ്മയ്ക്ക് അതൊരു അഭിമാനക്കുറവായിട്ട് തോന്നും, ഇഷ്ടായെന്നു വരില്ല…

 മറുത്തൊന്നും പറയാൻ അനുവദിക്കാതെ അവൻ മറ്റു കാര്യങ്ങളിലേക്ക് സംഭാഷണം തിരിച്ചുവിട്ടിരുന്നു..  അവൾക്ക് ഓരോ ദിവസവും അവനോട് ബഹുമാനം തോന്നുകയാണ്,  അറിയാതെയാണെങ്കിലും ആ സമയം അവൾ അർജുനെ കുറിച്ച് ഓർക്കും. സ്നേഹത്തിന്റെയും സ്വത്തിന്റെയും ത്രാസിൽ സ്നേഹത്തിന്റെ വില അവൻ കുറച്ചു കണ്ട നിമിഷത്തെക്കുറിച്ച് അവൾ ചിന്തിക്കുകയായിരുന്നു.  ഇവിടെ ഒരുവൻ തന്നെ അമ്പരപ്പിക്കുകയാണ്,  പുരുഷൻ എന്നാൽ എങ്ങനെയാവണം എന്നതിന് ഉദാഹരണമാണ് സുധി എന്ന് അവൾക്ക് തോന്നിയിരുന്നു.  സൗന്ദര്യവും സ്വത്തും മാത്രമല്ല ഉറച്ച നിലപാടുകൾ ഉള്ള തന്റേടമാണ് ഒരു പുരുഷന് വേണ്ടത്,  ഇവിടെ ഇതാ എല്ലാം ഒത്തിണങ്ങിയ ഒരുവനെ താൻ നേരിട്ട് കണ്ടിരിക്കുന്നു.

 ഫോൺ വെച്ച് കഴിഞ്ഞപ്പോൾ തന്നെ സുധി നേരെ നാട്ടിൽ വിനോദിന്റെ നമ്പറാണ് ഡയൽ ചെയ്തത്, പണ്ടുമുതലേ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആദ്യം വിളിക്കുന്നത് അവനെയാണ് താൻ. താൻ നാട്ടിലില്ലെങ്കിലും തന്റെ കുറവുകൾ ഒക്കെ നികത്തുന്നത് അവനാണ്.  വീട്ടിലേക്കുള്ള കാര്യങ്ങളിൽ ആണെങ്കിലും അങ്ങനെ തന്നെ,  ഒന്ന് രണ്ട് ബെല്ലിന് ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്,  അവൻ ഡ്രൈവിങ്ങിൽ ആയിരിക്കുമെന്ന് തോന്നിയിരുന്നു സുധിക്ക്..

” എന്താടാ…?

 നെറ്റ് നമ്പർ കണ്ടപ്പോൾ തന്നെ ആളാരാണെന്ന് വിനോദിന് മനസ്സിലായിരുന്നു,

”  നീ രാവിലെ ഫ്രീ ആണോ അതോ ഓട്ടം ഉണ്ടോ..?

” ചങ്ങനാശ്ശേരിയ്ക്ക് ഒരു ഓട്ടം ഉണ്ട്, പക്ഷേ രാവിലെ അല്ല വൈകുന്നേരം, പച്ചക്കറി എടുക്കാൻ പോവാനാ, നമ്മുടെ ഷെഫീക്കിന്റെ കടയിലേക്ക്.. എന്താടാ..?

”  നിനക്ക് പറ്റാണെങ്കിൽ എനിക്കൊരു സഹായം ചെയ്യുമോന്ന് അറിയാനാ..

”  നീയെന്താ ഇങ്ങനെയൊക്കെ  പറയുന്നത്, കാര്യം എന്താണെന്ന് വെച്ചാൽ തെളിച്ചു പറയടാ..

”  ഞാൻ നിന്റെ അക്കൗണ്ടിലേക്ക് കുറച്ച് പൈസ ഇടാം. നീ ഒരാൾക്ക് കൊണ്ട് കൊടുക്കോ,  രാവിലെ കൊടുക്കണം ഒരു 10 മണിക്ക് മുമ്പ് കിട്ടിയ അത്രയും നല്ലത്..

”  ആഹ്.. കുഴപ്പമില്ല കൊടുക്കാം, എവിടെയാ..?  നമ്മുടെ ഇവിടെ തന്നെയല്ലേ,

” ഇവിടെയെല്ല നൂറനാട് വരെ പോകണം,

“നൂറനാട് നിന്റെ കൊച്ചിന്റെ വീടാണല്ലോ…  അവിടേക്കാണോ പോകണ്ടേ..?

ചെറു ചിരിയോടെ അവൻ ചോദിച്ചപ്പോൾ ഒരു ചമ്മല് തോന്നിയിരുന്നു,

”  വീട്ടില് പോവണ്ട അവിടെ ഒരു അമ്പലമുണ്ട്. അത് എവിടെയാണെന്ന് ഞാൻ നിന്നോട് പറഞ്ഞു തരാം,  അവിടെ പോയാൽ മതി..

” ഓ മനസ്സിലായി… ഒരു കാര്യം ചെയ്യാം ഞാൻ വെളുപ്പിനെ പച്ചക്കറി എടുക്കാൻ ചങ്ങനാശ്ശേരിക്ക് പോകാം,  അത് കഴിയുമ്പോഴേക്കും അമ്പലത്തിലേക്ക് വന്നാൽ മതിയെന്ന് പറ, സമയം ഒരു ഒൻപതു മണി പറ, ആ സമയം ആകുമ്പോൾ ഞാൻ അവിടേക്ക് എത്താം..

” ആ ഓക്കേ അതുമതി, പൈസ നിന്റെ അക്കൗണ്ടിലേക്ക് ഞാൻ ഇടാം..

” നിന്റെ കയ്യിൽ ഇല്ലെങ്കിൽ നീ ഇടണ്ട എന്റെ അക്കൗണ്ടിൽ പൈസ ഉണ്ട്, കിട്ടുമ്പോൾ പിന്നെ അയച്ചാൽ മതി…ഇല്ലാത്ത പൈസ ഇപ്പോൾ നീ ആരോടും ചോദിച്ചു മേടിച്ച് ഇടാൻ നിക്കണ്ട,

”  ഇല്ലടാ എന്റെ കൈയിലുണ്ട്,  ഞാൻ നിന്റെ അക്കൗണ്ടിലേക്ക്  ഇട്ടേക്കാം

”   ശരി ഓക്കേ എന്നാ.

 അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തിരുന്നു അവൻ ആരോടും പറയില്ല എന്നുള്ള വിശ്വാസം ഉണ്ട്, പണ്ടുമുതൽ അങ്ങനെയാണ്.

  വൈകുന്നേരം വിളിച്ചപ്പോൾ വിനോദ് വരുന്ന കാര്യത്തെക്കുറിച്ച് അവളോട് സുധി പറഞ്ഞിരുന്നു.  എതിർക്കാൻ പലവുരു നോക്കിയെങ്കിലും അവൻ സമ്മതിക്കില്ലന്ന് മനസ്സിലായത് കൊണ്ട് പിന്നീട് ആ ശ്രമം അവൾ ഉപേക്ഷിച്ചു.  കാലത്തെ ഒരു 100 കള്ളം പറഞ്ഞാണ് അമ്പലത്തിലേക്ക് ഇറങ്ങിയത്, അമ്മ കൂടി ഒപ്പം വരുന്നുവെന്ന് പറഞ്ഞപ്പോൾ ചങ്ക് ഇടിച്ചതാണ്,  എന്നാൽ ഈശ്വരൻ അവിടെയും തുണയായി,  മീനുവിനെ ക്ലാസ്സ് ഉള്ളതുകൊണ്ട് ആ സമയത്ത് അമ്മയ്ക്ക് ഇറങ്ങാൻ പറ്റിയില്ല.  പിന്നീട് വന്നോളാം എന്ന് പറഞ്ഞപ്പോൾ കാത്തുനിൽക്കാതെ താനും പെട്ടെന്ന് അമ്പലത്തിലേക്ക് പോയിരുന്നു,

 ശ്രീകോവിൽ ഉള്ളിലേക്ക് നോക്കി പ്രാർത്ഥിക്കുമ്പോൾ അവൾക്ക് ഒരു നൂറു നന്ദി പറയാൻ ഉണ്ടായിരുന്നു ഈശ്വരനോട്,  സുധി എന്നൊരു ഭാഗ്യത്തെ തനിക്ക് വേണ്ടി കാത്തു വച്ചതിന്.  വഴിതിരിച്ചു വിടാതെ തന്നിലേക്ക് തന്നെ എത്തിച്ചതിന്, താൻ അവനിൽ നിന്നും അകലാൻ ശ്രമിച്ചപ്പോഴും തന്നെ അവനിലേക്ക് അടുപ്പിച്ചതിന്,  ഇന്ന് മീരയ്ക്ക് അറിയാം തന്റെ സുകൃതമാണ് അവന് എന്ന്. അവന്റെ ഓരോ വാക്കുകളിലും നിറഞ്ഞു നിൽക്കുന്ന സ്നേഹം. സംസാരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിടുകയാണ് ഇതുവരെ മോശമായി ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല, ആദ്യം പരിചയപ്പെട്ട നിമിഷം മുതൽ അവൻ തനിക്ക് നൽകുന്ന ബഹുമാനം അത് അവളെ അമ്പരപ്പിച്ചിരുന്നു. രണ്ടു വർഷത്തിനിടയിൽ പലതവണ പല വഷളത്തരങ്ങളും പറയാറുണ്ടായിരുന്നു അർജുൻ. അപ്പോഴൊക്കെ പിണങ്ങി ഫോൺ കട്ട് ചെയ്യുകയാണ് താൻ.  തനിക്ക് അത് ഇഷ്ടമല്ല എന്ന് മനസ്സിലാക്കിയ നിമിഷമാണ് അവൻ അത്തരം സംസാരങ്ങൾ പോലും നിർത്തിയത്.  എന്നാൽ സുധി അങ്ങനെയല്ല തന്റെ പേര് കൊത്തിയ വിവാഹമോതിരം കയ്യിൽ കിടക്കുന്നവനാണ്,  തന്നോട് ഇതുവരെ മോശമായ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല.  ഒരു പെണ്ണിന് അവളുടെ പുരുഷനിൽ ഏറ്റവും കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്ന ഒന്ന് അവൾക്ക് നൽകുന്ന ബഹുമാനമാണ്,  അവളുടെ വ്യക്തിത്വത്തിന് നൽകുന്ന അംഗീകാരമാണ്. അത് സുധിയിൽ നിന്ന് ലഭിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഓരോ കാര്യങ്ങൾക്കും അവൻ നൽകുന്ന പ്രചോദനം ,എല്ലാ കാര്യങ്ങൾക്കും തന്നോട് ചോദിക്കുന്ന അഭിപ്രായം,  അതിലൊക്കെ അവൻ തനിക്ക് നൽകുന്ന വിലയുണ്ടായിരുന്നു..

 ശ്രീകോവിലിൽ നിന്നും തൊഴുതി ഇറങ്ങിയപ്പോൾ തന്നെ കണ്ടിരുന്നു ആൽത്തറയിൽ പരിചിതമായ ഒരു കാർ, അന്ന് സുധി വന്നതും ഈ വണ്ടിയിൽ തന്നെയായിരുന്നു. അവിടേക്ക് നടന്നപ്പോൾ കാറിൽ നിന്നും ആളിറങ്ങിയിരുന്നു, ആളെ പെട്ടെന്ന് തന്നെ അവൾക്ക് മനസ്സിലാക്കി എടുക്കാൻ സാധിച്ചു. നിശ്ചയത്തിന് കണ്ടിട്ടുണ്ടായിരുന്നു..

”  ഞാൻ വിനോദ് സുധിയുടെ  കൂട്ടുകാരനാണ്,

” പറഞ്ഞിട്ടുണ്ടായിരുന്നു

 ഒരു പുഞ്ചിരി അവന് സമ്മാനിച്ച അവൾ പറഞ്ഞു..

 ഒരു കവർകെട്ട് അവൾക്ക് നേരെ അവൻ നീട്ടി അല്പം മടിയോടെയാണെങ്കിലും അവൾ അത് വാങ്ങി.

” അവൻ വിളിക്കാറില്ലേ..?

 ചെറു ചിരിയോടെ ആൾ കുശലാന്വേഷണം നടത്തി,

” വിളിച്ചിരുന്നു…രാവിലെ ഡ്യൂട്ടിക്ക് പോയിട്ടുണ്ടെന്ന് മെസ്സേജ് അയച്ചു, 

“തിരക്കാവും…

 അവൻ നന്നായി ഒന്ന് പുഞ്ചിരിച്ചു,

” എങ്കിൽ പിന്നെ ഞാൻ ചെല്ലട്ടെ, വീട്ടിൽ വിടണോ..?
അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു

സുധിയോട് അവനുള്ള സ്നേഹവും കരുതലും ആ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.

“വേണ്ട കുറച്ചു ദൂരെയേയുള്ളൂ നടക്കാം…

“അപ്പോൾ ശരി,  സുധി വിളിക്കുമ്പോൾ പറഞ്ഞേക്ക്..

 അത്രയും പറഞ്ഞ ആൾ കാറിൽ കയറി പോയപ്പോൾ അവൾ കയ്യിലിരുന്ന കവറിലേക്ക് നോക്കി.   അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.  മനപ്പൂർവ്വം അല്ലെങ്കിൽ പോലും എപ്പോഴൊക്കെ താൻ അവനെ വേദനിപ്പിച്ചിട്ടില്ലെന്നുള്ള വേദനയായിരുന്നു ആ കണ്ണുനീരിൽ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button