Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 36

[ad_1]

രചന: റിൻസി പ്രിൻസ്

“നീ എന്താ ഇപ്പോൾ പറയുന്നത്..?

മീരയുടെ മുഖത്തേക്ക് നോക്കി മാധവി ചോദിച്ചു..

 ” അമ്മയുടെ അവസ്ഥ മനസ്സിലാക്കി അല്ലേ സുധിയേട്ടൻ പണം കൊടുത്തുവിട്ടത്.  അത് നമ്മൾ സ്വീകരിച്ചില്ലെങ്കിൽ സുധിയേട്ടനെ നാണം കെടുത്തുന്നത് പോലെയാണ്,  അതുകൊണ്ട് സുധിയേട്ടൻ പറഞ്ഞതുപോലെ തന്നെ നമുക്ക് ചെയ്യാം..  പിന്നീട് വേണമെങ്കിൽ ആ പണം നമുക്ക് തിരിച്ചു കൊടുക്കാല്ലോ,

അങ്ങനെ പറഞ്ഞാണ് മീര മാധവിയെ ആശ്വസിപ്പിച്ചത്.  അങ്ങനെ തന്നെ ചെയ്യാം എന്ന് അവരും വിചാരിച്ചിരുന്നു.

 ജ്വല്ലറിയിലേക്ക് ചെന്നപ്പോൾ കയ്യിൽ ഉണ്ടായിരുന്ന പണം അനുസരിച്ച് അരപ്പവന്റെ വീതം 8 വളകളാണ് വാങ്ങിയത്. ഒപ്പം രണ്ടര പവന്റെ ഒരു നെക്കിലേസും അരപ്പവന്റെ അത്യാവശ്യം പൊലിമ തോന്നുന്ന ഒരു ജിമിക്കിയും. മീരയുടെ പഴയ മാലയും വളയും മോതിരവും കമ്മലും ഒപ്പം തൊഴിലുറപ്പിലെയും കുടുംബശ്രീയിലെയും മറ്റും പലരും പിരിച്ചു തന്ന കുറച്ച് പണവും ചേർത്ത് രണ്ടു പവന്റെ ഒരു കൊലുസുകൂടി വാങ്ങിയിരുന്നു,  എല്ലാം കൂടി കൂട്ടി വന്നപ്പോഴേക്കും ഏകദേശം 7 പവനോളം സ്വർണമുണ്ട്. ചെറിയ ആശ്വാസം തോന്നിയിരുന്നു മാധവിക്ക്. പത്തു പവന്‍ തികച്ചില്ല എങ്കിലും അഞ്ചു പവൻ കൊടുത്തല്ലല്ലോ മകളെ വിടുന്നത്  എന്ന ഒരു സമാധാനം.  സുധി തന്ന പണം മുഴുവൻ അവനും അവന്റെ അമ്മയ്ക്കും വേണ്ടി തന്നെയാണ് ഉപയോഗിച്ചത്.  അതിൽ നിന്ന് ഒരു രൂപ പോലും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ചിലവഴിക്കാതിരിക്കാൻ മാധവി ശ്രദ്ധിച്ചിരുന്നു. സുധിയ്ക്ക് രണ്ടു പവൻ വരുന്ന ഒരു ചെയിനും സതിയ്ക്ക് രണ്ടു പവന്റെ ഒരു വളയും തന്നെയാണ് എടുത്തിരുന്നത്.

 പോസ്റ്റ് ഓഫീസിലുണ്ടായിരുന്ന തന്റെ സമ്പാദ്യമായ മുപ്പതിനായിരം രൂപ എടുത്ത് അമ്മയുടെ കയ്യിൽ കൊടുക്കണം എന്ന് അവൾക്ക് തോന്നിയിരുന്നു.  ഈ സമയത്ത് അമ്മയ്ക്ക് അത് സഹായം ആയേനെ. പക്ഷേ അത് താൻ എടുത്തില്ല എന്ന് അറിഞ്ഞാൽ സുധിയുടെ കയ്യിൽ നിന്നാണ് പണം വാങ്ങിയത് എന്ന് അറിഞ്ഞാൽ പിന്നെയും അമ്മയ്ക്ക് അഭിമാനക്ഷതം ഉണ്ടാകും.  മറ്റൊരു സാഹചര്യത്തിൽ ആ പണം അമ്മയ്ക്ക് തന്നെ തിരികെ നൽകാമെന്ന് അവൾ കരുതിയിരുന്നു.  ജ്വല്ലറിയിൽ നിന്നും തിരികെ കയറിയിരുന്നത് ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക്കാണ് അത്യാവശ്യം വലിയൊരു കടയിൽ കയറി മീരയ്ക്ക് വേണ്ടി കുറച്ച് വസ്ത്രങ്ങൾ മാധവി വാങ്ങിയിരുന്നു. വേണ്ടയെന്ന് മീര പറഞ്ഞുവെങ്കിലും മാധവിക്ക് അത് വാങ്ങാതെ ഒരു സമാധാനം ഉണ്ടായിരുന്നില്ല.  അത്യാവശ്യം നല്ലതെന്ന് തോന്നുന്ന തരത്തിലുള്ള കുറച്ച് വസ്ത്രങ്ങളാണ് മീരയ്ക്ക് വേണ്ടി മാധവി തിരഞ്ഞെടുത്തത്.  ഒപ്പം വിവാഹത്താലേന്ന് ചെറുക്കനും കൂട്ടരും വരുമ്പോൾ ധരിക്കാനായി ഒരു സെറ്റ്സാരിയും വാങ്ങിയിരുന്നു.  കല്യാണത്തിന് ദാവണി മതിയെന്ന് മീനു വാശി പിടിച്ചിരുന്നു,  മീര കണ്ണുകൾ കൊണ്ട് അമ്മയുടെ കയ്യിൽ പണം കുറവാണ് എന്ന് പറഞ്ഞപ്പോൾ, ചുരിദാർ മതി എന്ന് അവൾ പറഞ്ഞുവെങ്കിലും മക്കളുടെ ആഗ്രഹം അറിഞ്ഞിട്ടും നടത്തി കൊടുക്കാതിരിക്കാൻ മാധവിക്ക് കഴിയുമായിരുന്നില്ല.  കയ്യിലുണ്ടായിരുന്ന പണം അനുസരിച്ച് മാധവി വലിയ വിലയില്ലാത്ത ഒരു ദാവണി തന്നെയാണ് മീനുവിനായി തിരഞ്ഞെടുത്തത്.  കുഞ്ഞുമോൾക്ക് ഇഷ്ടമുള്ളത് മറ്റൊരു ദിവസം അവളെ കൂടി വന്ന് എടുക്കാം എന്ന് തീരുമാനിച്ചാണ് ഇറങ്ങിയിരുന്നത്.  തിരികെ പോകും വഴി രണ്ടുപേർക്കും ചിക്കൻ ബിരിയാണിയും വാങ്ങി കൊടുത്തിരുന്നു മാധവി.  മാധവിയുടെ സാരിയും കുഞ്ഞുമോൾക്കൊപ്പം തന്നെ എടുത്തോളാം എന്നാണ് മീരയോടും മീനുവിനോടും പറഞ്ഞത്, സത്യത്തിൽ ഇത്രയും വാങ്ങി കഴിഞ്ഞപ്പോൾ തന്നെ പണം തീർന്നിരുന്നു. അവർക്ക് രണ്ടുപേർക്കും കൂടി വാങ്ങാൻ തികയുമായിരുന്നില്ല.

 തിരികെ വീട്ടിൽ ചെന്നതിനുശേഷം ചിട്ടിയോ മറ്റോ പിടിച്ച് ബാക്കി കാര്യങ്ങൾ നടത്താമെന്നാണ് മാധവി കരുതിയിരുന്നത്. പിന്നീടങ്ങോട്ട് തിരക്കുകൾ തന്നെയായിരുന്നു.  തുണിയും മറ്റും തയ്ക്കാൻ കൊടുത്തതും അത് തിരിച്ചു കിട്ടിയതും ഒക്കെയായി അത്യാവശ്യം നല്ലൊരു തുക തന്നെ ചിലവായിരുന്നു. കുഞ്ഞുമോൾക്ക് ലോങ്ങ്‌ പാവടയും ഹാൻഡ് വർക്ക്‌ ബ്ലൗസ്സും ആണ്  വാങ്ങിയത്. മാധവിയ്ക്കും സാരി വാങ്ങി.  ഇതിനിടയിൽ പറമ്പിൽ നിൽക്കുന്ന മൂന്ന് മരങ്ങൾ ഒരുമിച്ചു തന്നെ മാധവി വിറ്റിരുന്നു.  രണ്ടു മരങ്ങളുടെ പണം കൊണ്ടാണ് വീട് അത്യാവശ്യമൊന്ന് മോടിപിടിച്ചത്.  മറ്റൊരു മരം പൂർണമായും അലമാരി ഉണ്ടാക്കുവാൻ വേണ്ടി തന്നെ മില്ലിൽ കൊടുത്തു.  അലമാരി ചെറുക്കന്റെ വീട്ടിലേക്ക് കൊടുക്കേണ്ട ചടങ്ങുള്ളതുകൊണ്ട് അങ്ങനെ തന്നെ ചെയ്യാം എന്ന് മാധവി തീരുമാനിച്ചിരുന്നു. ഇനി അതുകൂടി വാങ്ങാൻ പോയാൽ തന്റെ കയ്യിൽ നിൽക്കില്ലന്ന് അവർക്ക് ഉറപ്പായിരുന്നു.

 സുധിയുടെ വീട് കോട്ടയത്ത് ആയതുകൊണ്ട് തന്നെ ഇവിടെ വരെ എല്ലാവർക്കും വിവാഹത്തിന് എത്തുന്നത് ബുദ്ധിമുട്ടാണ് എന്ന് സുധിയുടെ അമ്മ വിളിച്ച് അറിയിച്ചു.  അതുകൊണ്ട് കോട്ടയത്തിനും നൂറനാടിനും ഇടയിലുള്ള ഒരു ഓഡിറ്റോറിയത്തിൽ തന്നെയാണ് വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. വിവാഹം ഓഡിറ്റോറിയം ബുക്ക് ചെയ്തു കൊള്ളാം എന്ന് മാധവി പറഞ്ഞിട്ടും അത് താൻ ബുക്ക് ചെയ്തോളാം എന്ന് സുധിയ്ക്ക് നിർബന്ധം ആയിരുന്നു.  അത് ശ്രീജിത്തിനെ കൊണ്ട് സുധി തന്നെയാണ് ബുക്ക് ചെയ്യിപ്പിച്ചത്.  അതിന്റെ പണം മാധവിയോടെ അവൻ വാങ്ങിയില്ല. തന്റെ കുടുംബത്തിൽ നിന്നും ഒരുപാട് ബന്ധുക്കൾ ഉള്ളതുകൊണ്ട് ചെറിയ ഓഡിറ്റോറിയം ആയാൽ തികയില്ലന്നും വലിയ ഓഡിറ്റോറിയം മാധവിയുടെ കണക്കിൽ നിൽക്കില്ല എന്നും സുധി ഉറപ്പിച്ചു പറഞ്ഞു.  തന്നെ അന്യനായി കാണണ്ട എന്നുകൂടി അവൻ പറഞ്ഞതോടെ എതിർക്കാൻ മാധവിക്ക് കഴിയുമായിരുന്നില്ല.

 വിവാഹ ക്ഷണക്കത്തുകൾ ഒക്കെ വളരെ കുറച്ചു മാത്രമാണ് മാധവി അച്ചടിപ്പിച്ചിരുന്നത്.  വിവാഹത്തിന്  എല്ലാവരെയും കൊണ്ടുപോകാൻ പറ്റാത്തതുകൊണ്ട് അത്യാവശ്യമുള്ള ആളുകൾക്ക് വേണ്ടി ചെറിയൊരു പരിപാടിയും മാധവി ഒരുക്കിയിരുന്നു കല്യാണതലേന്ന്. കാരണം എല്ലാരുടെയും ലിസ്റ്റ് എടുത്ത് വരുമ്പോൾ 3 ബസ്സിൽ കൂടുതൽ ആളുകളാണ് വരുന്നത്. ആരെയും വിടാൻ പറ്റില്ല കുടുംബത്തിലെ ആദ്യവിവാഹമാണ്. എല്ലാവരെയും ഇവിടെ നിന്നും കോട്ടയത്തേക്ക് കൊണ്ടുപോവുക എന്ന് പറഞ്ഞാൽ അത് തന്റെ കഴിവിന് സാധിക്കുന്നതല്ല എന്ന് മാധവിക്ക് ഉറപ്പായിരുന്നു.  അതുകൊണ്ടു തന്നെ തലേന്ന് ഒരു പാർട്ടി എന്ന ഒരു തീരുമാനത്തിലാണ് മാധവി എത്തിയിരുന്നത്.

  ഇതിനിടയിൽ  ബ്ലൗസിന്റെ  അളവ് ചോദിക്കുവാൻ വേണ്ടി മാത്രം സതി ഒരിക്കൽ മാധവിയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. മീരയോടെ ഒരു വാക്കുപോലും സതി സംസാരിച്ചില്ലന്നത് മാധവിയിൽ വേദന ഉണർത്തിയിരുന്നു. ബ്ലൗസ് കൊടുത്തു വിടണം എന്ന് മാത്രമാണ് മാധവിയോടെ പറഞ്ഞത്. അത് എങ്ങനെ കൊടുത്തു വിടും എന്ന് ചോദിക്കുന്നതിനു മുൻപേ തന്നെ ഫോൺ കട്ട് ചെയ്യുകയും ചെയ്തിരുന്നു. ആകെപ്പാടെ മാധവിക്ക് വല്ലാത്ത ഒരു വേദനയായിരുന്നു, മീരയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ എന്ന ആകുല ചിന്തയായിരുന്നു.  എന്നാൽ സുധിയുടെ സ്വഭാവത്തെപ്പറ്റി ഓർക്കുമ്പോൾ ഈ വിവാഹം വേണ്ടെന്നു വയ്ക്കാനും മാധവിയ്ക്ക് കഴിയുന്നില്ല.  സുധിയെക്കുറിച്ച് മാത്രമാണ് അവർ ആ നിമിഷം ചിന്തിച്ചിരുന്നത്. സുധിയെ പോലെ ഒരു പയ്യന്റെ കയ്യിൽ അവൾ സുരക്ഷിതയായിരിക്കുമെന്ന് വിശ്വാസം അവർക്കുണ്ടായിരുന്നു.  എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ സുധി നോക്കും എന്ന പ്രതീക്ഷയിലാണ് അവർ മുൻപോട്ടു പോയിരുന്നത്. അവസാനം ഇക്കാര്യത്തിലും ഒരു പരിഹാരം സുധി തന്നെ കണ്ടുപിടിച്ചു.  വിനോദിനെ ഒരിക്കൽ കൂടി വിടാമെന്നും വിനോദ് അടുത്താഴ്ച അവിടെ ഓട്ടത്തിന് വരുമ്പോൾ ബ്ലൗസ് കൊടുത്തു വിട്ടാൽ മതി എന്നും സുധി തന്നെ മാധവിയെ വിളിച്ച് പറഞ്ഞിരുന്നു.  അവർക്കും വലിയൊരു ആശ്വാസമായിരുന്നു.

 വിവാഹത്തിന് ഒരാഴ്ച  ബാക്കി നിൽക്കെയാണ് സുധി ഗൾഫിൽ നിന്നും വിമാനം കയറിയത്.  സുധി വരുന്നുവെന്ന് അറിഞ്ഞ നിമിഷം മുതൽ മീരയിൽ സന്തോഷവും പരിഭ്രാന്തിയും ഒരേ പോലെ നിറഞ്ഞു.   എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നു പോയത്.  ഇതിനിടയിൽ താൻ അർജുനെ ഓർത്തിട്ടില്ലന്ന് അവൾ ചിന്തിച്ചു. നാളെ കാലത്ത് സുധി നാട്ടിലെത്തും. പിന്നെ ഒരു 5  ദിവസത്തെ വ്യത്യാസത്തിനുള്ളിൽ വിവാഹമായി.  താനവന്റെ സ്വന്തമാക്കാൻ പോവുകയാണ്,  ഈ വീട്ടിൽ നിന്നും മറ്റൊരു കുടുംബത്തിലേക്ക് പറിച്ചു നടന്നു.  അവിടെ തന്നെ കാത്തിരിക്കുന്നത് എന്തൊക്കെയാണെന്ന് അറിയില്ല.   ഒരു പ്രതീക്ഷയുടെ നാളം മാത്രം മുൻപിൽ ഉണ്ട്. ആ വെളിച്ചത്തിന്റെ പേര് സുധി എന്നാണ്.  ആ പ്രകാശത്തെ മാത്രം വിശ്വസിച്ച് പുതിയൊരു യാത്ര ആരംഭിക്കുകയാണ്….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button