Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 40

രചന: റിൻസി പ്രിൻസ്

സുധിയുടെ സ്നേഹപ്രകാശം  ഒഴിച്ചാൽ അവിടെ തനിക്ക് ലഭിക്കാൻ പോകുന്നത് കൂരിരുട്ട് നിറഞ്ഞ അന്തരീക്ഷം ആയിരിക്കുമെന്നത് മീരയ്ക്ക് ഉറപ്പായിരുന്നു.
മണ്ഡപത്തിലേക്ക് ചെന്നിറങ്ങുമ്പോൾ സുധിയുടെ വാഹനം അവിടെ മുൻപേ ഇടം  പിടിച്ചിട്ടുണ്ട്. കുറച്ച് സമയങ്ങൾക്ക് ശേഷമാണ് മീര ഇറങ്ങിയിരുന്നത്.  മണ്ഡപത്തിലേക്ക് നടന്നു വരുന്ന മീരയിൽ തന്നെയായിരുന്നു എല്ലാവരുടെയും കണ്ണുകൾ. വേദിയിൽ അവന് അരികിലായി സജ്ജീകരിച്ച പീഠത്തിൽ അവന്റെ തോളോട് തോൾ ചേർന്നിരിക്കുമ്പോൾ അറിയാതെ മിഴികൾ അവനിലേക്ക് പാറി വീണിരുന്നു. തിരിച്ച് അവനിലും അതേ അവസ്ഥ തന്നെയായിരുന്നു.  വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധ മന്ത്രോച്ചാരണങ്ങൾക്കിടയിൽ പവിത്രമായ താലി ചരട് മീരയുടെ കഴുത്തിൽ സുധി മുറുക്കുമ്പോൾ അറിയാതെ മാധവിയുടെ മിഴികൾ നിറഞ്ഞു പോയിരുന്നു.  ഏറെ ചാരിതാർത്ഥ്യത്തോടെ തന്റെ മകളുടെ വിവാഹം കണ്ട് ആ അമ്മ മനസ്സ് നിറഞ്ഞിരുന്നു.  കണ്ണുകളടച്ച് നല്ലൊരു ജീവിതം തനിക്ക് നൽകണമേന്ന് മനമുരുകി തന്നെ മീരയും പ്രാർത്ഥിച്ചു. മാധവിയുടെ സഹോദരനായിരുന്നു മീരയെ സുധിയുടെ കൈകളിലേക്ക് കന്യാധാനം ചെയ്തു കൊടുത്തത്. താമരപ്പൂക്കളാൽ കോർത്ത വരണമാല്യം പരസ്പരം ചാർത്തി വേദിയിൽ ഫോട്ടോഗ്രാഫറുടെ നിർദേശങ്ങൾക്ക് അനുസരിച്ച് അവനോട് ചേർന്ന് നിൽക്കുമ്പോൾ ചുറ്റും നിന്ന മുഖങ്ങളിൽ നിറഞ്ഞുനിന്ന അനിഷ്ടം മീര കണ്ടിരുന്നില്ല.

 സതിയും സുഗന്ധിയും ഒട്ടും താല്പര്യമില്ലാതെയാണ് വേദിയിൽ നിന്നിരുന്നത്. വേദിയിലേക്ക് കയറി വന്ന ഓരോരുത്തരെയും പ്രത്യേകമായി തന്നെ സുധി അവൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടായിരുന്നു.  അതിൽ കൂടുതലും അവന്റെ സുഹൃത്തുക്കൾ തന്നെയായിരുന്നു.  അവളുടെ സുഹൃത്ത് എന്ന് പറയാൻ നന്ദന മാത്രമായിരുന്നു എത്തിയിരുന്നത്.  അവൾ വേദിയിലേക്ക് വന്ന് തന്റെ കൈകളിലേക്ക്  ഒരു മോതിരം ചാർത്തുമ്പോൾ മീരയുടെ മിഴികളും നിറഞ്ഞു പോയിരുന്നു.

” നിനക്ക് സന്തോഷം നിറഞ്ഞ ഒരു ജീവിതം തന്നെയായിരിക്കും കിട്ടുന്നത്.   അവളെ ചേർത്തുപിടിച്ച് അവളുടെ കാതിലായി നന്ദന പറഞ്ഞു.

” ചേട്ടാ ഇവൾ ഒരു പാവമാട്ടോ ഒരു തൊട്ട വാടിയാണ്…

സുധിയോട് ആയി നന്ദന പറഞ്ഞു.

” ഞാനും അങ്ങനെയൊക്കെ തന്നെയാ.

 ചെറുചിരിയോടെ നന്ദനയ്ക്ക് സുധിയും മറുപടി പറഞ്ഞു.

“ഇവളുടെ വീട്ടിൽ വരുമ്പോൾ വീട്ടിലേക്ക്  ഇറങ്ങു..

നന്ദന പറഞ്ഞതിന് ചെറു ചിരിയോടെ തന്നെ സമ്മതം മൂളിയിരുന്നു സുധി. എല്ലാവരെയും കണ്ട് പരിചയപ്പെട്ട് അവസാനത്തെ പന്തിയിലാണ് സുധിയും മീരയും ഭക്ഷണം കഴിക്കാനായിരുന്നത്.  നല്ല ക്ഷീണം ഉള്ളതുകൊണ്ടു തന്നെ സുധി മീരയെ ശ്രദ്ധിച്ചു  ഭക്ഷണം കഴിക്കുന്നുണ്ട്. മീരയ്ക്ക് ഭക്ഷണം കഴിക്കാൻ നിർദ്ദേശം നൽകുകയും ചെയ്യുന്നുണ്ടായിരുന്നു അവൻ.  ഇലയിൽ നിന്നും പപ്പടം എടുത്ത് അവളുടെ ഇലയിലേക്ക് നീക്കിവെക്കുന്നത് ആരോ കൃത്യമായി മൊബൈലിലും ക്യാമറയിലും ഒക്കെ പകർത്തുകയും ചെയ്തിരുന്നു.

” എന്തൊരു  കരുതലാ അളിയാ…

 സാമ്പാറുമായി വന്ന വിനോദാണ് അങ്ങനെയൊരു കമന്റ് പറഞ്ഞത്.  ചെറിയൊരു ചമ്മൽ തോന്നിയെങ്കിലും അവളെ നോക്കി ഇരുകണ്ണുകൾ ഒന്നിച്ച് ചിമ്മി കാണിച്ചിരുന്നു സുധി.  ഭക്ഷണം  കഴിഞ്ഞതിനുശേഷം സാരി മാറാനായി അവളെ സഹായിച്ചത് രമ്യയും ശ്രീലക്ഷ്മിയും ഒരുമിച്ചായിരുന്നു.  സെറ്റ് സാരി ഉടുത്താണ് സുധിയുടെ വീട്ടിലേക്ക് പോകാനായി തയ്യാറെടുത്തിരുന്നത്. സുധിയുടെ വാഹനത്തിലേക്ക് കയറുമ്പോൾ മാധവിയെ കെട്ടിപ്പിടിച്ച് സ്വയം മറന്ന് അവൾക്ക് കരഞ്ഞു പോയിരുന്നു. മാധവിയുടെ കണ്ണുകളിൽ സങ്കടവും അഭിമാനവും ഒക്കെ നിറഞ്ഞ് നിന്നിരുന്നു.  ആരുടെയും സഹായമില്ലാതെ സ്വന്തം മകളെ വളർത്തി സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്ന ഏതൊരു അമ്മയുടെയും കണ്ണിൽ കാണുന്ന അഭിമാനം ആ നിമിഷം മാധവിയുടെ കണ്ണുകളിലും തെളിഞ്ഞു നിന്നിരുന്നു.  തിരികെയുള്ള യാത്രയിൽ അവളുടെ വേദന അറിഞ്ഞിട്ടെന്നോണം അവന്റെ കൈകൾ അവളുടെ കൈയിൽ മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു.
 ഒരു വർഷക്കാലമായി പരിചയപ്പെട്ടില്ലെങ്കിലും ഇന്നുവരെ ശരീരത്തിലേക്ക് വെറുതെ പോലും ഒന്ന് സ്പർശിച്ചിട്ടില്ല, തന്റെ മാനസികാവസ്ഥ അത്രത്തോളം മനസ്സിലാക്കിയത് കൊണ്ടും കഴുത്തിൽ ചാർത്തിയ താലി ചരടിന്റെ ശക്തിയിലും ആണ് ഈ സ്പർശനം എന്ന് അവൾക്കും വ്യക്തമായിരുന്നു.  ആ നിമിഷം അവൾക്കും അത് ആവശ്യമായിരുന്നു.  അവൻ കയ്യിൽ മുറുക്കിയത് പോലെ തന്നെ തിരികെ അവളും അവന്റെ കൈകളിൽ മുറുകെ പിടിച്ചു.

” വിഷമിക്കേണ്ട രണ്ടുമൂന്നു ദിവസം കഴിഞ്ഞാൽ നമ്മൾ അവിടേക്ക് പോവല്ലേ..?

 അവളോട് അവൻ പറഞ്ഞിരുന്നു.  കുറച്ചു സമയങ്ങളുടെ ഇടവേളയ്ക്കിടയിൽ വീടിനു മുന്നിലേക്ക് വാഹനം കൊണ്ടു വന്നിരുന്നു.  നീളത്തിലുള്ള വലിയ വാർപ്പ് വീടാണ്  അവന്റെ. അവള് വീട് കണ്ട് അമ്പരന്നു പോയിരുന്നു.  ജീവിതത്തിൽ ഇതുവരെ ഇത്രയും വലിയൊരു വീട്ടിൽ താമസിച്ചിട്ടില്ല.  ചുറ്റും വലിയൊരു തൊടിയും ഉണ്ട്.  എന്തുകൊണ്ടാണ് സുധിയുടെ അമ്മയ്ക്കും പെങ്ങൾക്കും ഈ വിവാഹബന്ധം ഇഷ്ടപ്പെടാഞ്ഞത് എന്ന് ഇപ്പോൾ അവൾക്ക് വ്യക്തമായിട്ടുണ്ടായിരുന്നു.  അവന്റെ സാമ്പത്തിക സ്ഥിതി വെച്ച് നോക്കുമ്പോൾ ഇതിലും എത്രയോ വലിയൊരു ബന്ധം അവനെ തേടിയെത്തും.  അതു തന്നെയായിരുന്നു അവർ തന്നോട് കാണിച്ച ദേഷ്യത്തിന്റെ കാരണമെന്ന് ആ നിമിഷം മീരയ്ക്ക് മനസ്സിലായി. അവൾക്ക് അവളോട് തന്നെ ഒരു നിമിഷം  പുച്ഛം തോന്നി പോയിരുന്നു.

 എഴുതിരിയിട്ട നിലവിളക്ക് കൊളുത്തി തന്നെയാണ് അവളെ അകത്തേക്ക് ക്ഷണിച്ചിരുന്നത്.  സതിയുടെ കയ്യിൽ നിന്നും നിലവിളക്ക് വാങ്ങി അകത്തേക്ക് കയറുമ്പോൾ സുഗന്ധിയാണ് അവൾക്ക്  കൊടുത്തത്. പ്രാർത്ഥനാ മുറിയിൽ കൊണ്ടുവന്ന നിലവിളക്ക് കത്തിച്ച് രണ്ടു മനസ്സോടെ തന്നെയാണ് പ്രാർത്ഥിച്ചത്.  പ്രാർത്ഥന മുറിയിൽ നിന്നും തിരികെ ഇറങ്ങാൻ തുടങ്ങിയപ്പോൾ പടിയിൽ തട്ടി വീഴാൻ തുടങ്ങിയവളെ കൃത്യമായി തന്നെ ചേർത്തു പിടിച്ചിരുന്നു സുധി. തുടക്കത്തിൽ തന്നെയുള്ള സുധിയുടെ അവളോടുള്ള കരുതൽ സതിയ്ക്കും സുഗന്ധിക്കും ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.

” ശ്രദ്ധിച്ചു നടക്കടോ…!

 ചെറുചിരിയോടെ അവളോട് അവൻ പറഞ്ഞു.

മധുരം കഴിക്കലും ബന്ധുക്കളെ പരിചയപ്പെടലും ഒക്കെയായി ആകെ മടുത്തു പോയിരുന്നു മീര.  സതിയും സുഗന്ധിയും ഗൗരവവും ഒട്ടും വിടാതെയാണ് അവളോട് സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നത്. വലിയ സംസാരം ഒന്നുമില്ല.  ശ്രീലക്ഷ്മി മാത്രമാണ് വന്നപ്പോൾ മുതൽ കൂടെ കൂടിയിരിക്കുന്നത്.

” ആ കുട്ടി രാവിലെ മുതൽ ഒരേ നിൽപ്പല്ലേ നല്ല ക്ഷീണം കാണും, മുറി കാണിച്ചു കൊടുക്കു മോളെ…

ശ്രീലക്ഷ്മിയോട് അമ്മായി പറഞ്ഞു. സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു ആ നിമിഷം മീരയ്ക്ക്. ഇതിനിടയിൽ സുധി ആരോടൊക്കെയോ യാത്ര പറയുകയോ സംസാരിക്കുകയോ ചെയ്യുന്നുണ്ട്.  എങ്കിലും തന്നെ നോക്കുന്നുണ്ട്.  താൻ അരികിൽ നിന്ന് മാറുമ്പോഴെല്ലാം തന്നെ ചേർത്തു നിർത്തി ആരെയൊക്കെയോ പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്.

”  ഏട്ടാ ഞാൻ ചേച്ചിയെ റൂമിലേക്ക് കൊണ്ടോവാ…

 ശ്രീലക്ഷ്മി പറഞ്ഞപ്പോൾ ആരോടോ സംസാരിക്കുന്നതിനിടയിൽ ഒന്ന് തലയാട്ടി അവന്. ശേഷം അവളെ നോക്കി മുറിയിലേക്ക് പൊയ്ക്കോളൂ എന്ന് ആംഗ്യം കാണിക്കുകയും ചെയ്തു.  ആ സമാധാനത്തിലാണ് ശ്രീലക്ഷ്മിക്കൊപ്പം അവൾ മുറിയിലേക്ക് ചെന്നിരുന്നത്.

” ഇതാണ് ഏട്ടന്റെ സാമ്രാജ്യം.  ഇനിമുതൽ ചേച്ചിയുടെയും. ഭയങ്കര വൃത്തിയുള്ള കൂട്ടത്തിൽ ആണുട്ടോ ആൾ. ഡ്രസ്സ് ഒക്കെ വലിച്ചുവാരി ഇടുന്നതും എന്തെങ്കിലും സാധനം വച്ച് കാണാതിരിക്കുന്നതൊക്കെ ആൾക്ക് ഭയങ്കര ദേഷ്യമാണ്. ഞാനുമായി വഴക്ക് ഉണ്ടാക്കുന്നത് അതിനാണ്.

 ശ്രീലക്ഷ്മി പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചിരുന്നു.

“ശ്രീ….

അവളുടെ കൂട്ടുകാർ ആരോ വിളിക്കുന്നത് കേട്ടു,

”  ചേച്ചി ഇവിടെ ഇരുന്ന് ഒന്ന് ഫ്രഷ് ആകുമ്പോഴേക്കും ഞാൻ ഓടി വരാം.

” അത് സാരമില്ല കൂട്ടുകാരെയൊക്കെ കണ്ട് സംസാരിക്ക്…

ചിരിയോടെ മീര പറഞ്ഞു.

” ഞാൻ പോയി സുഗന്ധി ചേച്ചിയെ  പറഞ്ഞുവിടാം,

അത് പറഞ്ഞാണ് ശ്രീലക്ഷ്മി പോയത്. അപ്പോൾ തന്നെ അവൾ സുഗന്ധിയോട് ഇക്കാര്യം പറയുകയും ചെയ്തിരുന്നു.  എന്നാൽ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ കുഞ്ഞിനെയും എടുത്തുകൊണ്ട് സുഗന്ധി തന്റെ ജോലിയിലേക്ക് വ്യാപൃത ആയിരുന്നു. സുഗന്ധി സ്വന്തം കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സുഗന്ധി  പോകും എന്ന് പ്രതീക്ഷിച്ച കൂട്ടുകാർക്ക് അരികിലേക്ക് ശ്രീലക്ഷ്മി നടക്കുകയും ചെയ്തിരുന്നു.  കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് മുറിയിലേക്ക് സുധി കയറി വന്നത്.  ബാത്റൂമിൽ നിന്നും ശബ്ദം കേട്ടപ്പോൾ അവൾ കുളിക്കുകയാണെന്നാണ് അവൻ കരുതിയത്. എന്നാൽ ഒരു ടവൽ എടുത്ത് മുഖം കഴുകി ഇറങ്ങി വരുന്നവളെ കണ്ടപ്പോൾ അവൾ നന്നേ ക്ഷീണിച്ചുവെന്ന് അവന് തോന്നിയിരുന്നു.

“മടുത്തോ….
ചെറു ചിരിയോടെ അവൻ ചോദിച്ചു.

” ഇതൊക്കെ ഇതിന്റെ ഭാഗമല്ലേ..?  ഇതൊന്നും  ഊരാൻ എനിക്ക് പറ്റുന്നില്ല.  അപ്പോൾ ഒന്ന് മുഖം കഴുകിയേക്കാന്ന് ഓർത്തു.

ക്ലിപ്പുകൾ കാണിച്ചുകൊണ്ട് അവൾ പറഞ്ഞു.

” ഞാനും കൂടി സഹായിക്കാം.

മറുപടി പറയും മുൻപെ അവളെ തിരിച്ചു നിർത്തി ശ്രദ്ധയോടെ തലയിൽ ഉണ്ടായിരുന്ന ക്ലിപ്പുകൾ ഒക്കെ അവൻ കൂടി ചേർന്നാണ് അഴിച്ചു കൊടുത്തത്. മണ്ഡപം മുതൽ ഇങ്ങോട്ട് അവൻ നൽകുന്ന കരുതൽ കൂടുന്നത് അവൾ അറിഞ്ഞു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button