Novel

നിലാവിന്റെ തോഴൻ: ഭാഗം 1

[ad_1]

രചന: ജിഫ്‌ന നിസാർ

തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് ഒരു നുള്ള് തേയില ചേർത്ത് കൊണ്ട് ക്രിസ്റ്റി ഗ്യാസ് ഓഫ് ചെയ്തു.

പിന്നിലുള്ള നിഴലനക്കം തിരിഞ്ഞു നോക്കാതെ തന്നെ അവനറിഞ്ഞിരുന്നു.

എന്നിട്ടും ചെയ്യുന്ന ജോലിയിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ.

പതിവുപോലെ നടക്കുന്ന പരിപാടികളാണ്.

മധുരം ചേർത്തിളക്കിയ ചായഗ്ലാസും കൊണ്ടവൻ തിരിഞ്ഞപ്പോഴും അടുക്കള വാതിലിനോട് ചാരി ഡെയ്സി നിൽപ്പുണ്ട്.

അവർക്കെന്തോ പറയാനുണ്ടെന്ന് അവനുറപ്പുണ്ടായിരുന്നു.
തമ്മിൽ ഞെരിയുന്ന കൈ വിരലുകളിൽ ക്രിസ്റ്റിയുടെ നോട്ടമെത്തി നിന്നു.

ഒന്നും മിണ്ടാതെ അവരുടെ അരികിൽ പോയി നിന്നപ്പോഴും അവനൊന്നും മിണ്ടിയില്ല.

പറഞ്ഞോളൂ എന്നൊരു ഭാവത്തിൽ മുന്നിൽ നിൽക്കുന്ന മകനെ ഡെയ്സി വേദനയോടെ നോക്കി.

“മോനെ…”
അറച്ചറച്ചു കൊണ്ടവർ വിളിക്കുമ്പോഴും കിസ്റ്റിയാ മുഖത്തേക്ക് നോക്കിയില്ല.

കയിലുള്ള ചായഗ്ലാസ്സിൽ അവന്റെ കൈകൾ മുറുകി.

“ഇന്ന്…. ഇന്ന് ദിലുമോളുടെ.. പിറന്നാളാണ്.. വൈകിട്ട് ഫങ്ക്ഷനുണ്ട്”

പതറി കൊണ്ടവർ അത്രയും പറഞ്ഞു നിർത്തിയതും ക്രിസ്റ്റിയുടെ ചുണ്ടിലൊരു പുച്ഛം വിരിഞ്ഞു.

ക്ഷണമാവും..!

അതിന് നിങ്ങളുടെയാ കെട്ട്യോൻ വർക്കി ചെറിയാനെന്ന പൊറുക്കി സമ്മതിച്ചു തരുവോ?

എനിക്കവകാശപെട്ട എന്റപ്പന്റെ സ്വത്തു മുഴുവനും ഒറ്റയ്ക്ക് വിഴുങ്ങാൻ നടക്കുന്ന നിങ്ങളുടെയാ പ്രിയപ്പെട്ട ഭർത്താവിന്റെ ഏറ്റവും വലിയ ശത്രുവല്ലേ ഞാൻ.?

അയാളും അയാളിൽ നിന്നും നിങ്ങളിലൂടെ ജന്മമെടുത്ത എന്റെ അനിയനെന്നും അനിയത്തിയെന്നും ഞാൻ മാത്രം കരുതുന്ന റിഷിൻ ചെറിയാനും ദിൽന ചെറിയാനും ഈയുള്ളവനെ കാണുന്നത് പോലും വെറുപ്പല്ലേ?

കിസ്റ്റിയുടെ വലിഞ്ഞു മുറുകിയ മുഖത്തേക്ക് നോക്കുമ്പോഴൊക്കെയും എപ്പോഴത്തെയും പോലെ ഡെയ്സിയുടെ ഹൃദയം വിങ്ങി.

സഹിക്കാൻ വയ്യാത്ത വേദന കൊണ്ടവർ ചുവരിലേക്ക് ചാരി.

അവൻ ചെയ്യുന്നതിലെ ശരികളെ അറിഞ്ഞത് മുതൽ.. പിന്നെ കിസ്റ്റിയെ ചോദ്യം ചെയ്യാൻ അവർക്കായിട്ടില്ല.

ന്യായം അവന്റെ ഭാഗത്തായിരിക്കെ.. തിരുത്തേണ്ടത് അവനെയല്ലെന്നൊരു തോന്നൽ..കണ്മുന്നിൽ അവനുണ്ടായിട്ടും അവനായി ഉണ്ടാക്കിയെടുത്തൊരു അകലം.. അതിനുള്ളിൽ വീർപ്പു മുട്ടി പിടയാൻ തുടങ്ങിയിട്ടത്ര വർഷങ്ങളായി..?

ഡെയ്സിയെ മറി കടന്ന് ക്രിസ്റ്റി അടുക്കള പുറത്തെ വരാന്തയിലേക്കിറങ്ങി.

കോടമഞ്ഞിന്റെ തണുപ്പ് വാതിൽ തുറന്നിറങ്ങിയ അവനെ വാരി പുണർന്നു.

കുളിർന്നു കൊണ്ടവൻ ഗ്രില്ലിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി.

കത്തി കിടക്കുന്ന ലൈറ്റിന്റെ പ്രകാശത്തിനുമപ്പുറം കട്ട പിടിച്ചു കിടക്കുന്ന ഇരുട്ടിലേക്ക് അവന്റെ നോട്ടം തറച്ചു.

സമയം നാല് മണി ആയിട്ടേയുള്ളൂ.

എന്നും ഉണർന്നു ശീലമുള്ളത് കൊണ്ട് തന്നെ അവനിതു പുതുമയുള്ള കാര്യമോ കാഴ്ചയോ അല്ലായിരുന്നു.

ചോര നീരാക്കി,അപ്പൻ ഫിലിപ്പ് അധ്വാനിച്ചു കൂട്ടിയ കോടി കണക്കിന് സ്വത്തുക്കളിൽ നിന്നും ഒരു രൂപപോലും കിട്ടാൻ ആ പൊറുക്കിയുടെ കാല് പിടിക്കേണ്ടി വന്നൊരു നിമിഷം.. അന്ന് മനസ്സിലേക്ക് കയറി കൂടിയ വാശിയിൽ സ്വന്തമായി അധ്വാനിച്ചു തുടങ്ങിയ ക്രിസ്റ്റിയെ തോൽപ്പിക്കാൻ പഠിച്ചപണി പതിനെട്ടും പൊറുക്കി നോക്കുന്നുണ്ടെന്ന് അറിയാവുന്നത് കൊണ്ട് ജയിച്ചു കയറാൻ അവന് വല്ലാത്തൊരു ആവേശമായിരുന്നു.

അപ്പന്റെ പേരിലുള്ള റബ്ബർ തോട്ടത്തിലെ ടാപ്പിങ് പഠിക്കാനായി അന്നവിടെ ജോലിക്ക് നിന്നിരുന്ന ജോസേട്ടനെ തേടി ചെല്ലുമ്പോൾ വെറും പതിനഞ്ചു വയസ്സാണ് പ്രായം.

അത് മുടക്കാനും പൊറുക്കി മടിച്ചില്ല.

ജോസേട്ടനെ പറഞ്ഞു വിരട്ടാൻ നോക്കിയത് എട്ടു നിലയിൽ പൊട്ടി പോയപ്പോൾ.. പിന്നെ അയാൾ സെന്റിമെന്റലിൽ കൂടി തളർത്താൻ അമ്മച്ചിയെ രംഗത്തിറക്കി.

അപ്പൻ ക്യാൻസർ ബാധിച്ചു… അതിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടിട്ട് ഒരു അപകടത്തിൽ അയാൾ മരിക്കുമ്പോൾ അപ്പന്റെ പ്രിയപ്പെട്ട ക്രിസ്റ്റി മോന് പത്തു വയസ്സാണ്.

നിഴൽ പോലെ കൂടെ നടന്നിരുന്ന അപ്പന്റെ ആകസ്മിക മരണം കുഞ്ഞു ക്രിസ്റ്റിയെ അടിമുടിയുലച്ചു കളഞ്ഞിരുന്നു.

അതിനേക്കാളവൻ തളർന്നു പോയത് അപ്പന്റെ പ്രിയപ്പെട്ട കൂട്ടുകാരനായ വർക്കി ചെറിയാൻ സ്വന്തം അമ്മച്ചിയിൽ ഒരു മിന്നു കെട്ടി അവകാശം സ്ഥാപിച്ചപ്പോഴായിരുന്നു.

അപ്പന്റെ ഫോട്ടോയ്ക്ക് മുന്നിൽ വിരലോടിച്ചു നിന്ന കുഞ്ഞു ക്രിസ്റ്റിയുടെ വേദന അന്നാർക്കും മനസ്സിലായില്ല.ഇനിയീ ലോകത്ത് തനിക്ക് സ്വന്തമെന്ന് കരുതിയിരുന്ന അമ്മച്ചിക്ക് പോലും….പുതിയൊരു അവകാശി.

വർക്കി ചെറിയാനെന്ന പൊറുക്കിയുടെ ഒറിജിനൽ ഉദ്ദേശം അമ്മച്ചി അറിയുന്നതിന് മുന്നേ അമ്മയുടെ വയറ്റിൽ അവൻ വിത്ത് വിതച്ചു കഴിഞ്ഞിരുന്നു.

അമ്മച്ചി അറിഞ്ഞും അറിയാതെയും വർക്കിയുടെ അവഗണനകളും ഉപദ്രവങ്ങളും ഏറ്റു വാങ്ങി കൊണ്ട് കുഞ്ഞു ക്രിസ്റ്റിയും വളർന്നു.

അവനുള്ളിൽ പൊറുക്കിയോടൊപ്പം അമ്മച്ചിയോടുള്ള ദേഷ്യവും വളർന്നു.

രാജകുമാരനെ പോലെ വളരേണ്ട മകൻ മാത്രം ആ വലിയ ബംഗ്ലാവിൽ ഒരു അടിമയെ പോലെ ജീവിച്ചു തീർക്കുന്നത് കണ്ടിട്ട് അപ്പന്റെ ആത്മാവെത്ര വേദനിച്ചു കാണും..!

ആ ഓർമയിൽ മാത്രം അവൻ വേദനിക്കും.

മരവിച്ച മനസ്സിൽ… അനാവശ്യ ദേഷ്യം വലിഞ്ഞു കയറി കൂടിയിരുന്നു.

അനിയനോടുള്ള വാത്സല്യത്തെ പോലും പൊറുക്കി നിഷ്കരുണം തള്ളി പറഞ്ഞപ്പോൾ.. പിന്നെ റിഷിനെയും അവന് പിറകെയുണ്ടായ ദിൽനയെയും അടുപ്പിച്ചിട്ടില്ല.

ആരും വേണ്ടാന്നൊരു വാശി.

തോറ്റു കൊടുക്കില്ലെന്നുള്ള ഇച്ഛാശക്തി.

അടുത്തറിയാത്തവർക്കൊക്കെ ക്രിസ്റ്റി ഫിലിപ്പ് അഹങ്കാരിയാണ്..

പണത്തിന്റെ അഹങ്കാരം..
പ്രധാപത്തിന്റെ അഹങ്കാരം..

ചായയൊന്നു മൊത്തി കൊണ്ട് നിന്ന അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.

വെളുപ്പിനെ എഴുന്നേറ്റു.. ഒന്നരയയേക്കറോളം വരുന്ന റബ്ബർ മരങ്ങളിലാണ് ഈ ക്രിസ്റ്റി ഫിലിപ്പിന്റെ അഹങ്കാരമെന്ന് ആരറിയുന്നു?

വണ്ടിയിൽ റബ്ബർ ഷീറ്റ്കൾ അട്ടിയിട്ട് കൊണ്ട് പോയി വിൽക്കുന്നവനെ നാട്ടുകാർ അസൂയയോടെ നോക്കുമ്പോൾ.. അതിന് പിന്നിലുള്ള അവന്റെ കഷ്ടപാടുകൾ ആരും അറിഞ്ഞിട്ടില്ല.

അവനാരെയും അറിയിച്ചിട്ടുമില്ല!

അത് കൊണ്ടാണ് പഠനമടക്കം അവന്റെ കാര്യങ്ങളെല്ലാം കഴിഞ്ഞു കൂടുന്നതെന്നും ആർക്കുമറിയില്ല.

അവർക്ക് മുന്നിലെ ക്രിസ്റ്റി രാജകുമാരനല്ലേ..?

“ദിലു മോളുടെ പിറന്നാളാണ്.. വൈകിട്ട് ഫങ്ക്ഷനുണ്ട് “

ക്രിസ്റ്റിയുടെ കാതിൽ വീണ്ടും ഡെയ്സിയുടെ വാക്കുകൾ.

നീയിവിടെ വേണമെന്ന് ഉറപ്പിച്ചു പറയാനിപ്പോഴും അമ്മച്ചിക്ക് ധൈര്യം പോരാ.

അവനൊരു നോവ് തോന്നി.

അപ്പന്റെ മരണത്തോടെ അമ്മയുടെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട ആ കുഞ്ഞു ക്രിസ്റ്റി അവനുള്ളിലിരുന്ന് വീർപ്പു മുട്ടി.

കൂടുതൽ ഓർത്തു നിന്നാൽ വീണ്ടും വേദനിക്കുമെന്നുറപ്പുള്ളത് കൊണ്ടാണ് ക്രിസ്റ്റി കയ്യിലുള്ള ചായ പെട്ടന്ന് കുടിച്ച് തീർത്തു കൊണ്ട് അടുക്കളയിലേക്ക് തന്നെ കയറിയത്.

അവൻ ചെല്ലുമ്പോഴും ഡെയ്സി അവിടുണ്ട്.

വർക്കിയുടെ കടന്ന് കയറ്റം ആ അമ്മയ്ക്കും മകനുമിടയിൽ വലിയൊരു വിടവ് തീർത്തിട്ടുണ്ട്.

മനഃപൂർവമല്ലങ്കിൽ കൂടിയും.. വർക്കിയുടെ വാക്കിനും കൈ കരുത്തിനും മുന്നിൽ അമ്മച്ചിക്കൊന്നും ചെയ്യാനാവില്ലെന്നറിയാമായിരുന്നിട്ടും.. ക്രിസ്റ്റി അവരോട് നേർക്ക് നേരെ മിണ്ടിയിട്ട് തന്നെ വർഷങ്ങളായി.

എത്രയൊക്കെ അവഗണിച്ചാലും വേദനിപ്പിച്ചാലും അമ്മച്ചിയെ അവിടെയിട്ട് ഇറങ്ങി പോവാൻ കഴിയില്ലെന്നുള്ള ഒറ്റ കാരണം കൊണ്ടാണ് അവനവിടെ പിടിച്ചു നിൽക്കുന്നതും.

ഒന്നും മിണ്ടാതെ കയ്യിലുള്ള ഒഴിഞ്ഞ ചായ ഗ്ലാസ്‌ കഴുകി വെച്ചവൻ പുറത്തേക്ക് നടന്നു.

വരാമെന്നു പറഞ്ഞില്ലെങ്കിലും ഡെയ്സിക്കുറപ്പുണ്ട്.. താൻ ആവിശ്യപെട്ടാൽ എന്ത് അവഗണന സഹിച്ചിട്ടായാലും അവനിവിടെ ഉണ്ടായിരിക്കുമെന്ന്.

വർക്കിച്ചായനും..റിഷിക്കും ദിലുവിനും അവനങ്ങനെയൊരു മനുഷ്യജീവി ഈ വീട്ടിലുണ്ടെന്ന ഭാവം പോലുമില്ല.

അവനായിട്ട് അവർക്കിടയിൽ നുഴഞ്ഞു കയറാനും ശ്രമിക്കാറില്ല.

എല്ലാരുമുണ്ടായിട്ടും.. എല്ലാമുണ്ടായിട്ടും അവനെന്നും തനിച്ചാണ്.

അതിൽ വേദനിക്കാൻ മാത്രം അവകാശമുള്ളൊരു ഗതികെട്ട അമ്മയാണ് താൻ.

ഡെയ്സി വേദനയോടെ ക്രിസ്റ്റിയിറങ്ങി പോയ വഴിയിലേക്ക് നോക്കി.

                                ❣️❣️❣️

റബ്ബർ പാലിന്റെ കറയുണങ്ങി പിടിച്ച ഒരു പാന്റും ഷർട്ടുമിട്ട് ക്രിസ്റ്റി റെഡിയായി.

അരയിൽ പാല് കിട്ടാൻ വേണ്ടി മരങ്ങൾ ചുരണ്ടുമ്പോൾ കിട്ടുന്ന വേസ്റ്റ് ഇടാനുള്ള ഒരു പ്ലാസ്റ്റിക് കൊട്ട കെട്ടി വെച്ചിട്ടുണ്ട്. ഈ വേസ്റ്റിനും മാർക്കറ്റിലെത്തിച്ചാൽ മോശമല്ലാത്തൊരു തുക തടയും.

തലയിൽ നല്ലത് പോലെ കത്തുന്നൊരു ഹെഡ് ടോർച്ചും ഫിറ്റ് ചെയ്തു കൊണ്ട് ക്രിസ്റ്റി അങ്കത്തിനൊരുങ്ങി.

ഏകദേശം അഞ്ചു മണിയോടെ തുടങ്ങുന്ന പരിപാടി തീരാൻ ഒന്നൊന്നര മണികൂർ വേണം.

കുത്തനെയുള്ള കുന്ന് കയറി ഏറ്റവുമൊടുവിൽ നിന്നും വെട്ടിയൊതുക്കി വരും.
അവസാനത്തേ മരവും വെട്ടി കഴിഞ്ഞു ഒരു അരമണിക്കൂർ റസ്റ്റ്‌ എടുത്തതിന് ശേഷം വീണ്ടും ഒന്നുക്കൂടി ആ കുന്ന് കയറും.. ഇപ്രാവശ്യം കയ്യിൽ ഒരു വലിയ ബക്കറ്റ് കൂടി കരുതും, റബ്ബർ പാല് ശേഖരിക്കാൻ.

മൂന്നോ നാലോ ബക്കറ്റ് റബ്ബർ പാലുണ്ടാവും.
അതെല്ലാം താഴെ കൊണ്ട് വന്നു ഡിഷിൽ ഷീറ്റാവാൻ കൂട്ടി വെക്കണം.

ചുരുക്കത്തിൽ… പിടിപ്പത് പണിയാണ്.നന്നേ ക്ഷീണിച്ചു കൊണ്ടാണ് ജോലി തീരുന്നത്.
എങ്കിലും അതിനുള്ള പ്രതിഫലം കയ്യിൽ വരുമ്പോൾ… സ്വന്തം കാര്യങ്ങൾ നല്ലത് പോലെ നടന്നു പോകുമ്പോൾ.. അതിന് വേണ്ടി പൊറുക്കിയോട് കൈ നീട്ടേണ്ടി വരില്ലെന്നുള്ള ആശ്വാസം തോന്നുമ്പോൾ… ഈ അധ്വാനത്തിന്റെ കഷ്ടപാടുകൾ മനഃപൂർവം മറന്ന് കളയും.

കൂട്ടുകാർക്കിടയിൽ രണ്ടോ മൂന്നോ പേർക്ക് മാത്രമറിയാം.. ക്രിസ്റ്റിയെന്ന രാജകുമാരന്റെ അധ്വാനത്തെ കുറിച്ചും ഇച്ഛാശക്തിയെ കുറിച്ചും.
ബാക്കിയുള്ളവർക്ക് മുന്നിൽ… പണകൊഴുപ്പിൽ വിലസുന്ന യുവരാജാവ് തന്നെയാണ് ക്രിസ്റ്റി ഫിലിപ്പ്.

അവനായിട്ട് അത് തിരുത്താനും മിനക്കെട്ടിട്ടില്ല ഇത് വരെയും.

റബ്ബർ വെട്ടാനുള്ള കത്തിയെടുക്കാൻ വേണ്ടിയാണ് ക്രിസ്റ്റിയാ.. ഷീറ്റ് പുരയിലേക്ക് കയറിയത്.

അത്യാവശ്യം അടച്ചുറപ്പുള്ള അവിടെ വെച്ചാണ് റബ്ബർ ഷീറ്റുകൾ മിഷീനിലിട്ട് അടിച്ചെടുക്കുന്നത്.

വെട്ടം കുറഞ്ഞൊരു കുഞ്ഞു ബൾബ് രാത്രിയിൽ തന്നെ അവിടെ കത്തിച്ചിടാറുണ്ട്.

പന്നി ശല്യകൊണ്ടാണ്..
കത്തിയെടുത്തു തിരിഞ്ഞതും എന്തിലോ തടഞ്ഞിട്ട് ക്രിസ്റ്റി മുന്നോട്ട് വീഴാനാഞ്ഞു.

ചുവരിൽ പിടിച്ചു ബാലൻസ് ചെയ്തവൻ വീഴാതെ പിടിച്ചു നിന്നു.

പക്ഷേ തൊട്ടു മുന്നിലെ കാഴ്ചയിൽ അവൻ ഞെട്ടി പകച്ചു പോയിരുന്നു.

പാറി പറന്ന മുടിയിഴകൾക്ക് മീതെ ഒരു തട്ടം വലിച്ചിട്ട് കൊണ്ട് അവനെ പേടിയോടെ നോക്കുന്ന രണ്ടു പിടക്കുന്ന മിഴികൾ..

ആ പെൺകുട്ടിയുടെ കാലിൽ തടഞ്ഞാണ്‌ താൻ വീഴാൻ പോയതെന്ന് അവനു മനസ്സിലായി.

അവനെന്തെങ്കിലും ചോദിക്കും മുന്നേ ചാടി എഴുന്നേറ്റു കൊണ്ടവൾ  മങ്ങിയ വെളിച്ചതിലൂടെ ഓടി മറഞ്ഞു പോയിരുന്നു.
കണ്മുന്നിൽ നിന്നും മായും മുന്നേ… ഒരിക്കൽ കൂടി ആ മിഴികൾ തനിക്ക് നേരെ നോക്കി പിടയുന്നത് ക്രിസ്റ്റിയപ്പോൾ കണ്ടിരുന്നു…

തുടരും…

[ad_2]

Related Articles

Back to top button