Novel

നിലാവിന്റെ തോഴൻ: ഭാഗം 11

[ad_1]

രചന: ജിഫ്‌ന നിസാർ

അടുക്കളയുടെ ഒഴിഞ്ഞ മൂലയിലിരുന്ന് വാരി കഴിക്കുന്നുണ്ടെങ്കിലും പാത്തുവിന്റെ സംഘർഷഭരിതമായ മനസ്സിന്റെ പിടച്ചിൽ കാതോർത്തു നിന്നാൽ കേൾക്കാനായേക്കും.

ഹാളിൽ നിന്നും ഭക്ഷണതിരക്കൊഴിഞ്ഞു കഴിഞ്ഞിരിക്കുന്നു.

“പെട്ടന്നങ്ങോട്ട് വാരി കഴിക്കെന്റെ പെണ്ണേ നുള്ളി തൊലിച്ചിരിക്കാതെ..”

പാത്രങ്ങൾ പൊറുക്കി കൊണ്ട് വരുകയായിരുന്ന സഫിയാത്ത പാത്തു ചോറ് പാത്രത്തിൽ വിരലിട്ടു ചുഴറ്റി കൊണ്ടിരിക്കുന്നത് കണ്ടിട്ട് അൽപ്പം ശാസനയോടെയാണത് പറഞ്ഞത്.

ഞെട്ടിയത് പോലെ പാത്തു അവരെയൊന്നു തുറിച്ചു നോക്കി.

വരാനിരിക്കുന്ന നിമിഷങ്ങളെ ഭയപെടുന്നത് കൊണ്ടായിരിക്കാം.. ഒറ്റ വറ്റുപോലും കഴിക്കാനാവുന്നില്ല.

“എത്രനേരമായി ഇച്ചിരി ചോറും കയ്യിൽ പിടിച്ചിരിക്കുന്നു. നിനക്കൊപ്പം ഇരുന്നവരൊക്കെ ഒരുറക്കം കഴിഞ്ഞു കാണും “
സഫിയാത്ത വഴക്ക് പറയുവാണ്.

പാത്തുവിനൊരു സുഖമാണ് തോന്നിയത്.
ഭക്ഷണം കഴിക്കാത്തതിന് മക്കളെ അമ്മായി വഴക്ക് പറയുന്നത് നോക്കി കൊതിയോടെ നിന്നൊരു കുഞ്ഞി പാത്തു അവൾക്കുള്ളിൽ വീർപ്പു മുട്ടുന്നുണ്ടായിരുന്നുവപ്പോൾ…

                           ❣️❣️❣️

ഒരു സൂചി വീണാൽ കേൾക്കാവുന്നത്ര നിശബ്ദത.

അത് ഭേധിക്കേണ്ടത് തന്റെ ഉത്തരം കൊണ്ടായിരിക്കണമെന്ന് ക്രിസ്റ്റിക്ക് മനസ്സിലായി.

റോയിസിനോടുള്ള ദേഷ്യമടങ്ങുന്നില്ല എന്നതിന് പുറമെ കരയാനെന്നത് പോലെ ഒരുങ്ങി നിൽക്കുന്ന ദിലുവിന്റെ അവസ്ഥയെ കണ്ടില്ലെന്ന് നടിക്കാനുമാവുന്നില്ല.

“എന്താടാ നിന്റെ നാവിറങ്ങി പോയോ?”
അവന്റെയാ നിൽപ്പത്ര ദഹിക്കാത്തത് പോലെ സൂസൻ വീണ്ടും ഒച്ചയിട്ട് കൊണ്ടവന്റെ മുന്നിലേക്ക് കയറി നിന്നു.

“അത് നിങ്ങളുടെയും നിങ്ങളുടെ മോന്റെയും അതിമോഹം മാത്രമാണ്.ക്രിസ്റ്റിയുടെ വായടപ്പിക്കുകയെന്നത്.”
ക്രിസ്റ്റിയവരെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

‘വല്ല്യ വീരവാദം പറയാതെ എന്നാത്തിനാ ആ ചെക്കനെ തല്ലിതെന്നു പറയെട “
ശബ്ദങ്ങൾ ഓരോന്നായി ഉയർന്നു തുടങ്ങി.

അതിനൊപ്പം സൂസന്റെയും റോയ്സിന്റെയും ചുണ്ടിലൊരു ചിരി തെളിഞ്ഞു.

“ഞാൻ എന്തിനാ തല്ലിയതെന്നു തല്ല് കിട്ടിയവന് നല്ല വ്യക്തമായി മനസ്സിലായിട്ടുണ്ട്. അത്രേം മാത്രമേ ഞാനും ഉദ്ദേശിച്ചിട്ടുള്ളു. ഇനി അതിവിടെ കൂടി കൊട്ടി ഘോഷിച്ചിട്ട് നിങ്ങൾക്കൊന്നും കിട്ടാൻ പോകുന്നില്ല. അത് കൊണ്ട് തന്നെ ഞാനത് പറയാനും കരുതിയിട്ടില്ല. ഞാൻ പറയാൻ ഉദ്ദേശിക്കാത്ത കാര്യം എന്നെ കൊണ്ട് പറയിപ്പിക്കാൻ നിങ്ങള് പോരാ .. സാക്ഷാൽ കർത്താവ് ഈശോ മിശിഹാ തന്നെ ഇറങ്ങി വരേണ്ടി വരും “

ക്രിസ്റ്റിയുടെ മുഴങ്ങുന്ന സ്വരം ആ ഹാളിൽ പ്രതിധ്വനിച്ചു.

പെൺകൂട്ടങ്ങളുടെ കണ്ണിൽ വീണ്ടും വീണ്ടും അവനോടുള്ള ആരാധന നിറയുന്നത് റിഷി പല്ല് കടിച്ചു പിടിച്ചു കൊണ്ടാണ് വീക്ഷിച്ചത്.

“അതൊരു രക്ഷപ്പെടലാണല്ലോ മക്കളെ.?എന്റെ കൊച്ചിനെ തല്ലിയാ നിന്നെ ഞാൻ അങ്ങനെ വെറുതെ വിടില്ലെടാ. നീ കാരണം പറഞ്ഞിട്ട് പോയ മതി”

സൂസൻ വീണ്ടും ക്രിസ്റ്റിയെ വെല്ലുവിളിച്ചു.
ക്രിസ്റ്റിയുടെ കണ്ണുകൾ വീണ്ടും ദിൽനയുടെ നേരെയാണ്.

ആശ്വാസത്തിന്റെ ചെറിയൊരു വെട്ടമുണ്ടായിരുന്നത് വീണ്ടും… സൂസന്റെ വർത്താനത്തോടെ മങ്ങി പോയിരുന്നു.

അവന്റെ നോട്ടം നേരിടാൻ വയ്യെന്നത് പോലെ അവൾ വീണ്ടും മുഖം കുനിച്ചു.

“നിന്റെ അമ്മയെ നീ പിടിച്ചു കേട്ടുന്നോ അതോ ഞാൻ കേറി ഇടപെടണോ?”

ക്രിസ്റ്റി റോയ്‌സിനെ നോക്കി പതിയെ ചോദിച്ചു.അവനൊന്ന് ചിരിച്ചു തള്ളി ക്രിസ്റ്റി പറഞ്ഞത്.

“ഏതായാലും നീ കാണിച്ച തെണ്ടിത്തരം ഞാൻ കണ്ടതാണ്. ദിൽന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണെന്ന് എന്നെ പോലെ നിനക്കും അറിയാമല്ലോ?പോലീസ് കേസയാൽ പൊന്നുമോനെ ജീവിതം തൂങ്ങും. അത് വേണോ?എന്നെ കേറി ചൊറിഞ്ഞാൽ ഏതറ്റം വരെയും ഞാൻ പോകുമെന്ന് നിനക്കറിയാമല്ലോ. എന്ത് വേണം..? നീ തന്നെ തീരുമാനിച്ചോ.”

ഗൂഡമായൊരു ചിരിയോടെ പറയുന്ന ക്രിസ്റ്റിയെ റോയ്സ് പകച്ചുനോക്കി.
ഒറ്റ നിമിഷം കൊണ്ടവന്റെ ചിരി മാഞ്ഞു.
പകരമാവൻ വിയർത്തു തുടങ്ങി.

ക്രിസ്റ്റി പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുമെന്നത് ഉറപ്പാണ്.

അനുഭവങ്ങൾ ഒരുപാടുണ്ട്.

“വെടക്കാക്കി തനിക്കാക്കുക എന്നൊരു നയമാണ് നിന്റെം നിന്റെയാ അഭിനയ ചക്രവർത്തിനി അമ്മച്ചിയുടെയും പ്ലാനെന്നത് മനസ്സിലാവാതിരിക്കാൻ എല്ലാവരും നിന്റെയാ പൊങ്ങൻ പൊറുക്കി അങ്കിളിനെ പോലെ വിഡ്ഢികളല്ലെന്ന് പൊന്നു മോൻ മനസ്സിലാക്കിക്കോ “
റോയ്സിന്റെ അരികിലേക്ക് ചേർന്ന് നിന്നിട്ട് ചെറിയൊരു ചിരിയോടെ മറ്റാരും കേൾക്കാതെ ക്രിസ്റ്റിയത് പറയുമ്പോൾ… റോയ്സ് വിളറി വെളുത്തിരുന്നു.
മറ്റാർക്കും മനസ്സിലാകാത്ത ആ നഗ്ന സത്യം അവനെ നോക്കി പല്ലിളിച്ചു.

റോയ്സിന്റെ ഭാവങ്ങളെ അതി സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ക്രിസ്റ്റിക്ക് അവന്റെയാ പതർച്ച ശെരിക്കും മനസ്സിലായതുമാണ്.

“അല്ലേയ്.. ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയോ നീ.?നിന്നെ ഞാൻ വെറുതെ വിടില്ല ടാ “
കൂടി നിന്നവർ ക്രിസ്റ്റിക്ക് നേരെ തിരിയുമെന്നൊരു ഉറപ്പിൽ.. സൂസൻ ഒന്നൂടെ പവറായി.

“പെട്ടന്ന് തീരുമാനം പറയെടാ.. എനിക്കിത് കേട്ടിട് തല പെരുക്കുവാ “
ചെവിയിൽ വിരലിട്ട് കുടഞ്ഞു കൊണ്ട് ക്രിസ്റ്റി റോയ്‌സിനെ നോക്കി.

“അമ്മച്ചി.. ഒന്നിങ്ങു വന്നേ “

ഇനിയും അവിടെ നിൽക്കുന്നത് ബുദ്ധിയല്ലെന്ന് തോന്നിയത് കൊണ്ട് തന്നെ റോയ്സ് ധൃതിയിൽ സൂസന്റെ കൈ പിടിച്ചു വലിച്ചു.

“വിടെടാ എന്നെ.. എനിക്കിവനോട് രണ്ടു പറയണം “
അത്രേം നേരത്തെ കവല പ്രസംഗം കൊണ്ട് മതിയായില്ലെന്നത് പോലെ സൂസൻ റോയ്സിന്റെ കൈകളിൽ കിടന്നു പുളഞ്ഞു.

“അമ്മച്ചി.. പ്ലീസ്”

പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ടാണ് റോയ്സ് ഇപ്രാവശ്യം സൂസനെ നോക്കിയത്.

മകന്റെ ഭാവമാറ്റം അറിഞ്ഞെന്നത് പോലെ സൂസൻ ഒന്നടങ്ങി.

റോയ്സ് അവരെയും വലിച്ചു കൊണ്ട് അകത്തേക്ക് നടന്നു.

ക്രിസ്റ്റി നേർത്തൊരു ചിരിയോടെ അത് നോക്കി നിന്നു.

“നിനിക്കിപ്പോ സമാധാനമായോടാ?”
വർക്കിയുടെ കടുത്ത സ്വരം.

“ഇല്ല. ഒരു പൊടിക്ക് കുറവുണ്ട്. നിങ്ങൾ മുഴുവനുമാക്കി തരുവോ?”
അതേ കടുപ്പത്തിൽ ക്രിസ്റ്റി തിരിച്ചു ചോദിച്ചു.

“ഇവിടെ കൂടിയാവരെല്ലാം ഞാൻ ക്ഷണിച്ചിട്ട്, അത് സ്വീകരിച്ചു വന്നവരാണ്. നീയോ..?നിന്നെ…ഞാനോ എന്റെ കുടുംബമോ ക്ഷണിച്ചോടാ..?

തലയെടുപ്പോടെ നിൽക്കുന്ന ക്രിസ്റ്റിയെ ഒന്ന് തളർത്തിയെടുക്കാം എന്നോരൊറ്റ ഉദ്ദേശത്തോടെയാണ് വർക്കിയാ വിഷം അവന് നേരെ ചീറ്റിയത്.

ക്രിസ്റ്റിയുടെ കണ്ണുകൾ ഒരു നിമിഷം വീണ്ടും ഡെയ്സിയുടെ നേരെ നീണ്ടു.
പൊള്ളിയത് പോലെ അവരൊന്നു പിടഞ്ഞു.

“ഇതെന്റെ വീടാണ്. ഇവിടേക്ക് എന്നെയാരും ക്ഷണിക്കേണ്ടതില്ല “

ക്രിസ്റ്റിയുടെ വാക്കുകൾക്കൊപ്പം അവന്റെ മുഖം കൂടി വലിഞ്ഞു മുറുകി.

ചുറ്റും നിൽക്കുന്നവരുടെ മുറുമുറുപ്പുകൾ വീണ്ടും ഉയർന്നു കൊണ്ടേയിരുന്നു.

പിന്നെയവിടെ നിൽക്കാതെ ക്രിസ്റ്റി വേഗം മുകളിലേക്ക് കയറി.

“പപ്പാ അവനെ അങ്ങനെ വെറുതെ വിടരുതായിരുന്നു. അവൻ മാത്രം ഒരു മിടുക്കൻ .. അവനത് മനഃപൂർവം ചെയ്തതാ പപ്പാ.ഈ ഫങ്ക്ഷൻ കുളമാക്കാൻ വേണ്ടി “

പാതി കയറിയ അവന്റെ കാതുകളിൽ റിഷിയുടെ ദേഷ്യം നുരയുന്ന സ്വരം.

തല ചെരിച്ചു കൊണ്ടവൻ ദിൽനയുടെ നേരെയാണ് നോക്കിയത്.

താൻ അവിടെ നിന്നും കയറി പോന്നതിന്റെ ആശ്വാസത്തിലാണ്.. ഇനി സത്യങ്ങൾ ആരും അറിയില്ലെന്ന് കരുതി കാണും,കൂട്ടുകാരോടെന്തോ പറഞ്ഞിട്ട് ചിരിക്കുന്നുണ്ടവളും….
ക്രിസ്റ്റിയുടെ ചുണ്ടിലൊരു പുച്ഛം നിറഞ്ഞു.

      
                             ❣️❣️❣️

സമയം ഒച്ചിനെ പോലെയാണെന്ന് തോന്നി പാത്തുന്.

ഏറെക്കുറെ എല്ലാവരും സ്വന്തം മുറികളിലേക്ക് വലിഞ്ഞിട്ടുണ്ട്.
സഫിയാത്തയും മഞ്ജു ചേച്ചിയും .. പാത്രങ്ങളോടുള്ള മൽപിടുത്തം തീർന്നിട്ടില്ല.

പത്തു മണിയോടെ അവർ രണ്ടാളും സ്വന്തം വീട്ടിലേക്ക് പോവാറുണ്ട്.പിന്നെ രാവിലെയാണ് വരുന്നത്.

നടക്കാനുള്ള ദൂരമേയുള്ളൂ അവിടെ നിന്നും.ചിലപ്പോഴൊക്കെ സഫിയാത്തയുടെ മകനോ മഞ്ജുവിന്റെ സജീവേട്ടനോ തേടി വരാറുണ്ട്.

“ഇവിടെ ഇരുന്നു ഉറക്കം തൂങ്ങാതെ പോയി കിടന്നൂടെ പെണ്ണേ?”
പുറത്തേക്കുള്ള ഭിത്തിയിൽ ചാരി അവരെ നോക്കിയിരിക്കുന്ന പാത്തുവിനോട് സഫിയാത്ത വീണ്ടും പറഞ്ഞു.

ഉള്ളിലുള്ളത് അവരോട് തുറന്നു പറയാൻ കഴിയാത്തൊരു നിസ്സഹായതയുടെ കയ്പ്പ്നീർ പാത്തുവിന്റെ തൊണ്ടയിൽ ചുവച്ചു.

വീണ്ടും അവർ ജോലിയിലേക്ക് തന്നെ തിരിഞ്ഞു.

എന്തായാലും ആ മുറിയിൽ താൻ സേഫല്ല. അമീൻ ഇന്നലത്തെ വൈരാഗ്യം കൊണ്ട് ഇന്ന് നേരത്തെ വരും.

എന്ത് ചെയ്യും?

ഉത്തരം കിട്ടാത്തൊരു ചോദ്യം ഇരുട്ടി തുടങ്ങിയത് മുതൽ അവൾക്കുള്ളിൽ സംഘർഷത്തിലാണ്.

ആരോടു പറഞ്ഞാലാണ് ഈ ഭാരമൊന്ന് ഇറങ്ങി പോവുകയെന്നവൾ വേദനയോടെ ഓർത്തു.

“റാഫി വന്നെന്ന് തോന്നുന്നു. ഞങ്ങൾ ഇറങ്ങട്ടെ. ഇവിടിങ്ങനെ കുത്തിയിരിക്കാതെ എഴുന്നേറ്റു പോയി കിടക്കെന്റെ പാത്തോ ഇയ്യ്.”

പോവാനുള്ള ധൃതിയോടെ നനഞ്ഞ കൈകൾ തോളിൽ ചുറ്റിയിട്ട തട്ടത്തിൻ തുടച്ചു കൊണ്ട് സഫിയാത്ത വീണ്ടും പാത്തുവിനോട് പറഞ്ഞു.

റാഫി അവരുടെ മോനാണ്.

സഫിയാത്തക്ക് പിറകെ മഞ്ജു ചേച്ചിയും ഇറങ്ങാൻ തുടങ്ങി.

അവരിറങ്ങാൻ പോകുവെന്ന് തിരിച്ചറിഞ്ഞതും.. അത് വരെയും പാത്തുവിനെ ചൂഴ്ന്ന് നിന്നിരുന്ന വെപ്രാളം അതിന്റെ നൂറിരട്ടിയായി.

“ഞാനും.. ഞാനും കൂടി വന്നോട്ടെ നിങ്ങടെ കൂടെ?”

ചോദിക്കുമ്പോൾ പാത്തൂന് കരച്ചിൽ വന്നിരുന്നു.

“നല്ല കഥയായി. അറക്കലെ അടുക്കളകാരികളോടൊപ്പം മോളെ വിടുവോ ഇവിടുള്ള പ്രമാണിമാര്?”
മഞ്ജു ചേച്ചി കയ്യിലുള്ള കവർ ചുരുട്ടി കക്ഷത്തിൽ വെച്ച് ചെരുപ്പിടുന്നതിനിടെ പറഞ്ഞു.
സഫിയത്ത അവളെ തന്നെ നോക്കി നിന്നു ഒരു നിമിഷം.

“ന്തേ മോളെ?”

അലിവോടെ അവൾക്കരികിൽ വന്നു നിന്നിട്ട് അവർ വീണ്ടും ചോദിച്ചു.

“ഒന്നുല്ല..”

ഒരായിരം ഉത്തരങ്ങൾ മനസ്സിൽ ഒളിപ്പിച്ചു പിടിച്ചു കൊണ്ട് പാത്തു ആ ഒന്നുമില്ലായ്‌മയിൽ ഒതുങ്ങി.

“വേണ്ടാത്തതൊന്നും ആലോചിച്ചു സങ്കടപെടാണ്ട് പോയി കിടന്നേ ഇയ്യ്…”

പുറത്ത് നിന്നും റാഫി വിളിക്കുന്നത് കേട്ടപ്പോൾ സഫിയത്തയും ധൃതിയിൽ പുറത്തേക്കിറങ്ങി ചെരിപ്പിട്ടു.

“വാതിൽ കുറ്റിയിട്ട് കയറി പോയിക്കോ. അന്റെ മുറിയുടെ വാതിലടക്കാനും മറക്കണ്ട ട്ടൊ “

പോവും മുന്നേ ഒന്നൂടെ ഓർമിപ്പിച്ചു കൊണ്ടവർ ഇറങ്ങി പോയത് നോക്കി പാത്തു തളർന്നിരിന്നു.

പോവരുതെന്ന് പറയണമെന്നുണ്ടായിരുന്നു അവരോട്. പക്ഷേ അതും അവരോട് ചെയ്യുന്ന ക്രൂരതയാണ്.

രാവിലെ അഞ്ചിന് അറക്കലെ അടുക്കളയിലേക്ക് ഒഴുകിയ്യെത്തിയാൽ വച്ചും വിളമ്പിയും കഴുകിയും നേരാവണ്ണം ഒന്ന് നടു നിവർത്താൻ പോലും സമയമില്ലാത്തവരാണ്. എത്രയൊക്കെ ഒരുക്കി കൊടുത്താലും കുത്തു വാക്കുകൾ കൊണ്ട് പിടയുന്നവരാണ്.

അടുക്കള വാതിൽ ഭദ്രമായി അടച്ചു കൊണ്ടവൾ തിരിഞ്ഞു നടന്നു.

കയ്യെത്തിച്ചു ലൈറ്റ് ഓഫ് ചെയ്തു.

പേടിയോടെ… വിറയലോടെ തന്നെയാണ് മുകളിലേക്കുള്ള പടികൾ കയറിയത്.

മുകളിലെ ലൈറ്റെല്ലാം അണഞ്ഞു കഴിഞ്ഞിരുന്നു.

മുറ്റത്തു കത്തി കിടക്കുന്ന വലിയൊരു ബൾബിന്റെ നിഴല് പോലുള്ള ഇത്തിരി വെട്ടമുണ്ട് മുകളിലെ ഇടനാഴിയിൽ.

ഏറ്റവും ഒടുവിലത്തെ പടി കയറി ചെല്ലുമ്പോൾ അവളുടെ മുറിയിലേക്ക് ഇടം വലം നോക്കി കൊണ്ട് കയറി പോകുന്ന ആ രണ്ടു നിഴൽ രൂപങ്ങളെ പാത്തു വളരെ വ്യക്തമായി കണ്ടിരുന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button