Novel

നിലാവിന്റെ തോഴൻ: ഭാഗം 13

[ad_1]

രചന: ജിഫ്‌ന നിസാർ

“നാളെയിനി എന്തോ ചെയ്യും അപ്പച്ചാ?”
ലില്ലിയുടെ ദയനീയ ചോദ്യം.

മാത്തച്ഛന്റെ മുഖത്തും എന്ത് വേണമെന്നറിയാത്ത വേവലാതി നിറഞ്ഞിരുന്നു.

“എന്നാ പാപം ചെയ്തിട്ടാണ് കർത്താവെ?”
അവരുടെ അരികിലിരുന്ന ത്രേസ്യ മുകളിലേക്ക് കൈകളുയർത്തി കണ്ണ് നിറച്ചു.

“മോനെ ഒന്ന് വിളിച്ചു നോക്കിയാലോ?”

മാത്തച്ചൻ ലില്ലിയെ  നോക്കി.

“ആരെ?”

“കഷ്ടപെട്ടാണ് നമ്മളിവിടെ കഴിയുന്നതെന്നറിഞ്ഞിട്ടും തിരിഞ്ഞു പോലും നോക്കാത്ത അലനച്ചായനെയോ? “
ലില്ലിയുടെ മുഖം കൂർത്തു.

വാക്കുകൾ കടുത്തു.

“വിളിച്ചാ വന്നത് തന്നെ”
ലില്ലി ചുണ്ട് കോട്ടി കൊണ്ട് അപ്പച്ചനെ നോക്കി.

“അവനെയല്ലെടി പെണ്ണേ..അവനൊരു മനുഷ്യനാണോ..? ഞാൻ പറഞ്ഞത് നമ്മടെ ചെക്കനെ.. ക്രിസ്റ്റിയെ “
ചുണ്ടിലൊരു ചിരിയോടെ മാത്തച്ചൻ പറഞ്ഞു.

“എന്നാത്തിനാ അച്ചായാ അതിനെ വിളിച്ചു എടങ്ങേറാക്കുന്നത്? കയ്യിൽ ഉള്ളതനുസരിച്ചു മാസാമാസം ഇവിടെ കൊണ്ട് വന്നു തരുന്നില്ലേ അത്?കൂട്ടത്തിൽ അതിന്റെ കാര്യങ്ങളും നടന്നു പോകണ്ടേ. വേറെയാരാ അവനെ സഹായിക്കാൻ. വർക്കിയുടെ സ്വഭാവം നമ്മൾക്കറിയാലോ?”

വാത്സല്യവും സങ്കടവും ഇഴകലർന്ന് പോയിരുന്നു ത്രേസ്യ അത് പറയുമ്പോൾ.

“അമ്മച്ചി പറഞ്ഞത് നേരാ അപ്പച്ചാ . ക്രിസ്റ്റി അവനെ കൊണ്ടാവും പോലെ നമ്മൾക്കുള്ളത് എത്തിച്ചു തരുന്നുണ്ട്. വീണ്ടും വീണ്ടും അവനെ ബുദ്ധിമുട്ടിച്ചാ കർത്താവ് പൊറുക്കുകേല.. അവനാ വീട്ടിൽ അത്രേം അനുഭവിക്കുന്നുണ്ട് എന്ന് നമ്മക്ക് അറിയാവല്ലോ? എങ്ങനെ ജീവിക്കേണ്ട ചെക്കനായിരുന്നു. ഫിലിപ്പിച്ചായൻ ഉണ്ടായിരുന്നുവെങ്കിൽ നമ്മൾക്കാർക്കും ഈ ഗതി വരത്തില്ലല്ലോ?”
ചുവരിൽ വെച്ച ഫിലിപ്പിന്റെ ഫോട്ടോ നോക്കി ലില്ലി കണ്ണ് തുടച്ചു.

മാത്തന്റെയും ത്രേസ്യയുടെയും കൂടി കണ്ണുകൾ ആ ഫോട്ടോയിൽ ഉടക്കി നിന്നിരുന്നു ആ നിമിഷം.

“ഒറ്റ പണ്ടാര പനി കൊണ്ട് കിട്ടിയ ഗുണമാണിത്. ആ ജോലി കൂടി പോയതോടെ വിശേഷമായി “

ലില്ലി അമർഷത്തോടെ പറഞ്ഞു.

അടുത്തുള്ള ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലിക് പോവാറുണ്ടായിരുന്നു സ്റ്റെല്ല.
ഒരു കാലിനു സ്വാധീനം കുറവുള്ളത് കൊണ്ട് തന്നെ ഭരിച്ച ജോലികളൊന്നും ചെയ്യാൻ വയ്യ.

ആദ്യം ഉണ്ടായിരുന്ന അതിന്റെ ഓണർക്കും കുടുംബത്തിനും ലില്ലിയെ വല്ല്യ കാര്യമായിരുന്നു. അവളുടെ അവസ്ഥ അറിയുന്ന അവർ നല്ലൊരു സഹായവുമായിരുന്നു.

പിന്നെയവർക്ക് ജോലിയിൽ പ്രമോഷൻ കിട്ടി സ്ഥലം മാറി പോകേണ്ടത് നിർബന്ധമായപ്പോൾ കമ്പ്യൂട്ടർ സെന്റർ വേറെ ഒരാൾക്ക് വിറ്റു.
അവർക്ക് ലില്ലിയൊരു ബാധ്യത പോലായിരുന്നു.

അവളെയെങ്ങനെ ഒഴിവാക്കും എന്നോർത്ത് നിന്നവർക്കുള്ള അവസരമായിരുന്നു ലില്ലി പനി പിടിച്ചു ഒരാഴ്ച ലീവെടുത്തത്.

ആ കാരണം മറയാക്കി അവിടെ നിന്നുമവർ ലില്ലിയെ പറഞ്ഞു വിട്ടു.

വർക്കിയുടെ ക്രൂരതയിൽ കുന്നേൽ തറവാട്ടിൽ നിന്നും പടിയിറക്കി വിട്ട അപ്പച്ചനെയും അമ്മച്ചിയേയും കണ്ടില്ലെന്ന് നടിച്ചു തിരികെ സെമിനാരിയിലേക്ക് തിരികെ പോവാൻ ലില്ലിക്ക് കഴിഞ്ഞില്ല.

പ്രായമായ… അവശത നിറഞ്ഞ മാതാപിതാക്കളെ പരിപാലിക്കാൻ ശ്രമിക്കാതെ കർത്താവിന്റെ മണവാട്ടി ചമയുന്നത് കൊണ്ടൊന്നും നേടാനില്ലെന്ന് ലില്ലിക്ക് തോന്നിയിരുന്നു.

വിവാഹമെന്ന മാർക്കറ്റിൽ തനിക്കുള്ള വിലയിടിവ് സ്വയം മനസ്സിലാക്കിയത് കൊണ്ട് തന്നെ അങ്ങനൊരു സ്വപ്നവും കൊണ്ട് നടക്കുന്നില്ല.

അവളുടെ ജോലിയിൽ നിന്നും കിട്ടുന്ന കുഞ്ഞു വരുമാനവും എല്ലാ മാസവും ക്രിസ്റ്റി കൊണ്ട് വന്നേൽപ്പിക്കുന്ന സാധനങ്ങളുമായി തിങ്ങി ഞെരുങ്ങിയാണാ കുടുംബം ജീവിക്കുന്നത്.

വർക്കി കുന്നേൽ തറവാട്ടിൽ നിന്നും ഇറക്കി വിട്ടത്തോടെ അവരുടെ  ജീവിതത്തിന്റെ വർണങ്ങളും നഷ്ടപെട്ടിരുന്നു.

പെരുമ്പാമ്പിന്റെ കുഞ്ഞിനെ പാല് കൊടുത്തു വളർത്തി.. ഒടുക്കമത് ഒന്നാകെ വിഴുങ്ങി കളഞ്ഞത് പോലായിരുന്നു വർക്കിയേ കുടുംബത്തിലേക്ക് കൈ പിടിച്ചു കയറ്റിയ മാത്തച്ചന്റെ അവസ്ഥ.

അലൻ ഉള്ളതെല്ലാം വർക്കിക്ക് കൊടുത്തെന്ന ആരോപണത്തോടെ പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല.ഫിലിപ്പിന്റെ മരണത്തോടെ അന്നയാളോട് മാത്തൻ കേഴും പോലെ പറഞ്ഞതാണ്… കുന്നേൽ ഗ്രൂപ്പിന്റെ അമരകാരനാവാൻ.

അന്നത് ഒരു പാഴ് വാക്ക് പോലെ കേട്ട് തള്ളിയവനാണ്…

എല്ലാം കൊണ്ടും തോറ്റു പോയൊരു വൃദ്ധനും കുടുംബവും.

അവരുടെ ഒരേയൊരു ആശ്വാസമെന്നത് ക്രിസ്റ്റി മാത്രമാണ്.
ആഴ്ചയിലൊരിക്കൽ അവൻ മറക്കാതെ വരും.

ഇച്ചിരി നേരം അവർക്കൊപ്പം ചിലവഴിക്കും.മനസ്സ് മരവിച്ചിരിക്കുന്ന അവരോട് കളി പറയാനും അവർക്ക് വേണ്ടത് പോലെ സഹായങ്ങൾ ചെയ്യാനും തിരക്കോ… സമയകുറവോ ഒരിക്കലും കാരണമാക്കിയിട്ടില്ലവൻ.

ഒന്നും അങ്ങോട്ട്‌ ആവിശ്യപെടാതെ തന്നെ എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ അവനൊരു പ്രതേക മിടുക്കാണ്.

അപ്പോഴെല്ലാം മാത്തച്ചനും ത്രേസ്യയും മകനെ കുറിച്ചോർത്തു കണ്ണ് നിറയ്ക്കും…നെഞ്ച് പിടയ്ക്കും.

കാരണം ഫിലിപ്പ് മാത്യു എന്ന അപ്പന്റെ അതേ മാതൃകയാണ് ക്രിസ്റ്റി ഫിലിപ്പ് എന്ന അവരുടെ കൊച്ചു മകൻ  ജീവിതത്തിൽ പകർത്തി കൊണ്ട് നടക്കുന്നത്.

“ഇച്ചിരി പോലും അരിയിരിപ്പില്ലെടി മോളെ?”
ത്രേസ്യ ആകുലതയോടെ ലില്ലിയെ നോക്കി.

ഇല്ലെന്ന് തലയാട്ടി ഇടതു കാല് വലിച്ചു കൊണ്ട് ലില്ലി അകത്തേക്ക് നടക്കുന്നത് നോക്കി മാത്തനും ത്രേസ്യയും നെടുവീർപ്പോടെ പരസ്പരം നോക്കി..

“എന്റെ.. എന്റെ തെറ്റാണ്. എല്ലാം നല്ലതിനാവും എന്ന് കരുതിയിട്ട് ചെയ്തതാ. കർത്താവാണെ.. ഇങ്ങനൊന്നും ഞാൻ കരുതിയില്ല “

കാലപഴക്കം ചെന്ന് ദ്രവിച്ച് പെയിന്റ് അടർന്നു തുടങ്ങിയ ചുവരിലേക്ക് മാത്തൻ ചാരിയിരുന്നു.

“ഇനി എന്നാത്തിനാ അതൊക്കെ പറഞ്ഞു വിഷമിക്കുന്നത്. വരാനുള്ളത് വഴിയിൽ തങ്ങൂലന്നല്ലേ.?”

ത്രേസ്യ ദുർബലമായ കൈകൾ കൊണ്ട് ഭർത്താവിന്റെ കൈകളിൽ തലോടി കൊണ്ട് പറഞ്ഞു.

ദിവസത്തിൽ ഒരിക്കലെങ്കിലും അയാളത് പറഞ്ഞു വേദനിക്കാറുണ്ട്.

അതിനവര് സാക്ഷിയുമാണ്.

സത്യങ്ങളെല്ലാം അറിയുമ്പോഴേക്കും മാത്തനൊന്നും ചെയ്യാൻ കഴിയാത്ത വിധം വർക്കി ചെറിയാൻ എല്ലായിടത്തും പിടി മുറുക്കിയിരുന്നു.

ചതിക്കപെട്ടല്ലോ എന്നയോർമയിൽ അയാൾ കൂടുതൽ ദുർബലനായി പോയിരുന്നു.

എതിർക്കാൻ കൂടി കഴിയാത്ത വിധം വർക്കി തളർത്തി കളഞ്ഞു..

“വെറുതെ ഓരോന്നും ആലോചിച്ചു അസുഖം വരുത്തി വെക്കല്ലേ. അതിനും ആ ചെക്കൻ കിടന്ന് നെട്ടോട്ടം ഓടുന്നത് നമ്മൾ കാണണ്ടേ?”

ത്രേസ്യ അൽപ്പം ശാസനയോടെയാണ് അത് പറഞ്ഞത്.

“എനിക്ക് സഹിക്കാൻ വയ്യടിയെ… എനിക്കാ തെറ്റ് പറ്റിയില്ലായിരുന്നുവെങ്കിൽ എത്ര പേര് രക്ഷപെട്ടു പോകുമായിരുന്നു. നരകിച്ചു ജീവിക്കേണ്ടി വരില്ലായിരുന്നു. എന്റെ… എന്റെ കുഞ്ഞേത്ര സഹിച്ചു..”

മാത്തച്ചന്റെ തൊണ്ടയിടറി.

“അത് കൊണ്ടൊന്നും നമ്മടെ കൊച്ച് തളർന്നില്ലല്ലോ അച്ചായ.. അവൻ അവന്റെ അപ്പനെ പോലെ ഉശിരുള്ള ആൺകുട്ടിയാണ്. വർക്കിയുടെ കളികളൊക്കെയും അവസാനിക്കാറായി. എന്റെ ചെക്കനവന്റെ കഴുത്തിനു പിടിച്ചു പുറത്തേക്ക് തള്ളുന്നത് കാണാൻ ആയുസ്സ് തരണേ കർത്താവേ.. ന്നാ ഞാനിപ്പോ പ്രാർത്ഥിക്കാറുള്ളത് “

ത്രേസ്യ വല്ല്യ ആവേശത്തിലാണത് പറഞ്ഞത്.

വാർദ്ധക്യം തളർത്തിയ മാത്തച്ചന്റെ കണ്ണുകളിലേക്കും പ്രതികാരത്തിന്റെ അക്നി ആളി പിടിക്കുന്നുണ്ടായിരുന്നു അത് കേട്ടപ്പോൾ..

കൈകൾ ചുരുട്ടി പിടിച്ചു കൊണ്ടയാൾ തലയാട്ടി…

                            ❣️❣️❣️

“ശേ.. എന്നാലും എവിടെ പോയി ഒളിച്ചു ഇത്രേം പെട്ടന്ന്?”

പാത്തു കൈ പിടിയിൽ നിന്നും നഷ്ടപെട്ടു പോയതിന്റെ അമർഷവും രോഷവും കൊണ്ടാണ് അമീൻ ചുറ്റും നോക്കിയത്.

അവളുടെ മുറിയുടെ വാതിൽ കടന്ന് കയറും മുന്നേ വെറുതെയൊന്നു തിരിഞ്ഞു നോക്കിയപ്പോൾ കാറ്റ് പോലെ തിരിഞ്ഞിറങ്ങിയോടുന്നവളുടെ നിഴലാണ് കണ്ണിൽ പെട്ടത്.

പിറകെ ഓടിയിറങ്ങി ചെന്നിട്ടും കണ്ടു പിടിക്കാനായില്ല.അവൾ ചാരിയിറങ്ങി പോയ അടുക്കള വാതിൽ വലിച്ചു തുറന്നു മൊബൈൽ ഫോണിന്റെ വെട്ടം തെളിയിച്ചു കൊണ്ട് അമീൻ ചുറ്റും നോക്കി.അവന് പിറകെ ഇജാസും 

പാത്തു രക്ഷപെട്ടു പോയതിന്റെ ഇച്ഛാഭംഗം അവനിൽ ചെറുതല്ലായിരുന്നു.

“നീ വന്നേ.. ഇവിടെ എവിടെങ്കിലും തന്നെ കാണും “
ഇജാസിന്റെ കൈ പിടിച്ചു കൊണ്ട് അമീൻ മുന്നോട്ടു നടക്കാൻ തുടങ്ങി.

“ഞാനെങ്ങും വരുന്നില്ല. ഇയ്യങ്ങോട്ട് പോയ മതി “
ഇജാസ് അവന്റെ കൈ കുടഞ്ഞു മാറ്റി.

സലാമിന്റെ പെങ്ങന്മാരുടെ മക്കളാണ് അമീനും ഇജാസും.
ഒരേ പ്രായവും ഒരേ കുരുത്തകേടും നിറഞ്ഞ കൂട്ടുകാര് കൂടിയാണവർ.ഡിഗ്രി വിദ്യാർത്ഥികളാണ്.
അമീനാണ് പാത്തുവിനെ കുറിച്ച് ഇജാസിനോട് പറഞ്ഞിട്ട് അവനെ കൂടി ഇളക്കി എടുത്തത്.

ഇജാസിനെ പറഞ്ഞു മയക്കി പാത്തുവിന്റെ മുറിയിലെത്തിക്കാൻ അവന് വല്ല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

“ഹേയ്.. ഇയ്യ് ബാ ഇജു.. ഓളെ മ്മക്ക് കണ്ടു പിടിക്കാം. അതികമൊന്നും പോയിട്ടുണ്ടാവില്ല ആ ശെയ്ത്താൻ “
അമീൻ വീണ്ടും ഇജാസിനെ പിടിച്ചു വലിച്ചു.

“പൊന്നുമോനെ.. നീ പറഞ്ഞത് കേട്ട് ഞാനൊന്ന് ഇളകി എന്നത് നേര് തന്നെ. പക്ഷേ നമ്മളീ ചെയ്യുന്നത് തീ കളിയാണ്. അത് മറക്കണ്ട “
ഇജാസ് മുന്നറിയിപ്പ് പോലെ പറഞ്ഞു.

മൊബൈൽ ഫോണിന്റെ വെട്ടത്തിൽ അമീൻ അവനെ തുറിച്ചു നോക്കി.

“അവളെയല്ല.. പേടിക്കേണ്ടത് അവനെയാണ്… ഷാഹിദിനെ. അറിയാലോ അനക്കോനെ. ഇടഞ്ഞ ആന പോലാണ്. അവന് വേണ്ടി പറഞ്ഞു വെച്ച നേർച്ച കോഴിയാണാ പെണ്ണ്.”

ഇജാസിന്റെ ശബ്ദത്തിൽ പോലും ഭയം നിറഞ്ഞു.

“ഇവിടുള്ള ആരേലും ഷാദിക്ക് നേരെ ശബ്ദം ഉയർത്തി പറയുന്നത് പോലും കേട്ടിട്ടുണ്ടോ ഇയ്യ്? പറയൂല… അത്രേം പവറ്ണ്ട് അവന് നമ്മടെ ഫാമിലിയിൽ.ആ ഓന് പറഞ്ഞു വെച്ച പെണ്ണിനെ മ്മള് തൊട്ടെന്ന് ഓനറിഞ്ഞാ.. ന്റള്ളോ…”

ഇജാസ് രണ്ടു കയ്യും തലയിൽ വെച്ചു കൊണ്ട് അമീനെ നോക്കി.

“എടാ.. ഇതൊക്കെ ആരാറിയാൻ..? ആ പെണ്ണൊരു തൊട്ടാവാടിയാണ്. ഓളത് ആരോടും പറയില്ല പേടിച്ചിട്ട് . പറഞ്ഞാലും ആരെങ്കിലും വിശ്വാസിക്കുവോ.? അത്രേം നല്ല കുട്ടികളല്ലേ നമ്മള് “
അമീൻ ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചു കൊണ്ട് ഇജാസിന്റെ തോളിൽ തട്ടി.

“ഇയ്യന്തൊക്കെ പറഞ്ഞാലും ഞാനില്ല മോനെ. എനിക്ക് കൊറച്ചു കാലം കൂടി ഈ കോഴിത്തരം കാണിച്ചു ജീവിക്കണം. ഷാദി ഇതറിഞ്ഞ നമ്മടെ മയ്യത്തെടുക്കും. വെറുതെ എന്തിനാ…ഇയ്യ് എന്താന്ന് വെച്ച ചെയ്‌തോ.. ഞാനില്ല..”
ഇജാസ് തീർത്തും കയ്യൊഴിഞ്ഞു.

“എടാ… പൊട്ടാ. നിനക്ക് തോന്നുന്നുണ്ടോ ഷാദി അവളെ സ്നേഹിക്കാനാണ് കൂടെ കൂട്ടുന്നതെന്ന്? നമ്മുക്കറിയാലോ അവനങ്ങനെ ഒന്നിലും രണ്ടിലുമൊന്നും ഒതുങ്ങുന്ന ആളല്ലെന്ന്. അവനെന്തോ വ്യക്തമായ ഉദ്ദേശമുണ്ട്. അത് നടപ്പിലാക്കാൻ അവനെന്തും ചെയ്യും. അതിലോട്ടുള്ള പിടി വള്ളിയാണ് ഇങ്ങോട്ട് കൊണ്ട് തള്ളിയ ആ മുതലും. അല്ലാതെ അവളെ പോലെ ഒരെണ്ണത്തിനെ യാതൊരു കാര്യവുമില്ലാതെ നമ്മുടെ മാമൻമാരും ഉമ്മച്ചിമാരും കയ്യേൽക്കുമോ?”

അമീൻ ഗൂഡമായൊരു ചിരിയോടെ ഇജാസിനെ നോക്കി…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button