Novel

നിലാവിന്റെ തോഴൻ: ഭാഗം 19

[ad_1]

രചന: ജിഫ്‌ന നിസാർ

വാതിൽ ലോക്ക് ചെയ്തെന്ന് ഒന്നൂടെ വലിച്ചു നോക്കി ഉറപ്പിച്ചിട്ടാണ് ക്രിസ്റ്റി ശ്വാസം വിട്ടത്.

ഇനി ഈ പരിസരത്തേക്ക് ആ വീട്ടിലുള്ള ആരും കടന്ന് വരില്ലെന്ന് അവനുറപ്പായിരുന്നു.

വൃത്തിയായി വിരിച്ചിട്ട ബെഡിലേക്ക് കുറുകെ കിടന്നു കൊണ്ടവൻ അന്നേരം വരെയും അനുഭവിച്ച് തീർത്ത ടെൻഷനിറക്കി വെച്ച് കണ്ണടച്ച് കിടന്നു.

ഒന്നോ രണ്ടോ നിമിഷങ്ങൾക്ക് ശേഷമാണ് കൂടെ വന്നവളെയും അവളുടെ അവസ്ഥയെയും കുറിച്ചോർമ്മിച്ചത്.

കിടന്ന അതേ സ്പീഡിൽ അവൻ ചാടി എഴുന്നേറ്റു.

ക്രിസ്റ്റി എഴുന്നേൽക്കുന്നത് കണ്ടതും പാത്തു ഞെട്ടി കൊണ്ട് കൂടുതൽ ഭിത്തിയോട് ചേർന്നു നിന്നു.

അവൻ കൈ കൊണ്ട് നെറ്റിയിലൊന്ന് തട്ടി.
“റിയലി സോറി ഫാത്തിമ.. ഞാൻ.. ഉള്ളിലെ ടെൻഷൻ കൊണ്ട്.. പെട്ടന്ന് തന്നെ കുറിച്ചോർത്തില്ല..”
ക്രിസ്റ്റി പതിയെ കിടക്കയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

പാറി പറന്നു കിടക്കുന്ന മുടിയിഴകൾക്ക് മീതെ ഫാത്തിമ വീണ്ടും ഷാള് പിടിച്ചിട്ട് കൊണ്ടവനെ തന്നെ നോക്കി.

“ഇന്നിനിയൊന്നും പേടിക്കേണ്ട. ഈ മുറിയിലോ ഇതിന്റെ പരിസരത്തോ ഇവിടാരും വരില്ല. ധൈര്യമായിട്ട് കിടന്നുറങ്ങിക്കോ “

അവൻ ശാന്തമായി നേർത്തൊരു ചിരിയോടെ പറഞ്ഞിട്ടും അവളുടെ നീളൻ മിഴികളിൽ ആശങ്കയാണ്.

ഭയമാണ്…!

അതിനവളെയും തെറ്റ് പറയാനാവില്ലല്ലോ?

യാതൊരു പരിചയവുമില്ലാത്ത അന്യനായൊരു പുരുഷന്റെ കൂടെ.. പാതിരാത്രി അവന്റെ മുറിയിൽ..തനിച്ച്.

അവന് മനസ്സിലാവുന്നുണ്ട് അവളുടെ ഉള്ളിലൂടെ കടന്ന് പോകുന്ന ചിന്തകളെ.

“താനിവിടെ കിടന്നോ ഫാത്തിമാ. ഞാനാ ബാൽകണിയിലുണ്ടാവും. പുറത്ത് നിന്നും ഞാൻ ലോക്ക് ചെയ്യാം. അകത്തു നിന്നും നീയും കുറ്റിയിട്ടേക്ക് “

ക്രിസ്റ്റി അതും പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങാൻ തുനിഞ്ഞു.

“നന്ദി…”

വിറക്കുന്ന കൈകൾ അവന് നേരെ കൂപ്പി കൊണ്ട് പാത്തുവത് പറയുമ്പോൾ ഒരായുസ്സിന്റെ കടപാട് കൊണ്ടവളുടെ വാക്കുകൾ പോലും വിറച്ചു.

ഹൃദയം നിറഞ്ഞൊരു ചിരിയോടെ ക്രിസ്റ്റി മുഖം ചെരിച്ചു കൊണ്ടവളെയൊന്ന് നോക്കി.

അവളുടെ നിറഞ്ഞ മിഴികളുടെ അഴങ്ങളിലേക്ക് അവനൊന്നു കൂടി സൂക്ഷിച്ചു നോക്കി.

ഓർമയിൽ എവിടെയും നിനക്കെന്നെ കണ്ട് പിടിക്കാനാവുന്നില്ലേ പ്രിയപ്പെട്ട കൂട്ടുകാരി..?

മടുപ്പിക്കുന്ന ജീവിതയാഥാർഥ്യങ്ങളിൽ പെട്ടു വീണുടഞ്ഞു പോയോ.. ഇച്ഛ നിന്റെ മനസ്സിൽ നിന്നും?

നാവുകൾ ബന്ധിക്കപെട്ടവനെ പോലെ ക്രിസ്റ്റി ഹൃദയം കൊണ്ടവളോട് ചോദിച്ചു.

അല്ലെങ്കിലും അവളെയെങ്ങനെ തെറ്റ് പറയനാവും.?

അറക്കൽ സലാമിന്റെ മകളാണെന്ന് അവൾ സ്വയം പരിചയപെടുത്തുന്നത് വരെയും അവളെ തനിക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ?

ഓർമയിൽ ഒരു വസന്തം തീർക്കുന്നവളെ… വർഷങ്ങൾ കഴിഞ്ഞിട്ടും മറവിക്ക് വിട്ട് കൊടുക്കാതെ… തിരികെയെത്തുമെന്ന് യാതൊരു ഉറപ്പുമില്ലാഞ്ഞിട്ടും കാത്തിരുന്ന തനിക്കവളെ ഒറ്റ നോട്ടം കൊണ്ട് തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ?

പിന്നെ തന്റെയീ പരിഭവത്തിന്റെ അർഥമെന്താണ്?

ക്രിസ്റ്റി ചിരിയോടെ ഓർത്തു.

വീണ്ടും അവന്റെ കണ്ണുകൾ പാത്തുവിൽ തന്നെ തടഞ്ഞു.

ഇട്ടിരുന്ന ചുരിദാർ ആകെ മുഷിഞ്ഞിട്ടുണ്ട്.

നിലത്തിരുന്നിട്ടാവും, അതിലാകെ മണ്ണ് പറ്റിയിട്ടുണ്ട്.

“തനിക്… തനിക് ഫ്രഷ് ആവണമെങ്കിൽ.. ആയിക്കോ. അതാണ്‌ ബാത്റൂം “

മുഖം കുനിച്ചു നിൽക്കുന്ന പാത്തുവിനെ നോക്കി ക്രിസ്റ്റി പറഞ്ഞത് അവളുടെ മുഖത്തു തങ്ങി നിൽക്കുന്ന വിയർപ്പ് തുള്ളികൾ കൂടി കണ്ടിട്ട് തന്നെയാണ്.

ഒന്ന് കുളിച്ചാൽ ഇച്ചിരി ആശ്വാസം കിട്ടുമായിരിക്കും.

അവളൊന്നും മിണ്ടാതെ അവനെയൊന്ന് നോക്കി.

മാറിയിടാൻ ഡ്രസ്സ്‌ ഒന്നുമുണ്ടാവില്ലെന്നും അവനറിയാം. പക്ഷേ അവളോട് അതൊന്നും പറയാനുള്ള ഒരു അവസ്ഥയിലല്ല.

എത്രയും പെട്ടന്ന് താനീ മുറിയിൽ നിന്നും ഇറങ്ങി കൊടുക്കുകയാണ് ഇപ്പൊ അവളോട് ചെയ്യാവുന്ന ഏറ്റവും വലിയ സഹായം.

വാതിലിൽ നിന്നും കയ്യെടുത്തിട്ട് ക്രിസ്റ്റി വേഗം ഷെൽഫ് തുറന്നിട്ട്‌ അതിൽ നിന്നൊരു ടെക്സ്റ്റ്ടെയിൽസ് കവറെടുത്തു കിടക്കയിൽ വെച്ചിട്ട് അവളെ ഒന്ന് കൂടി നോക്കിയിട്ട് പുറത്തേക്കിറങ്ങി പോയി..

                            ❣️❣️❣️

അവനിറങ്ങിയ അതേ സെക്കന്റ് തന്നെ പാത്തു വാതിലടച്ചു ലോക്ക് ചെയ്തിട്ട് അതിലേക്ക് തന്നെ ചാരി നിലത്തേക്ക് ഊർന്നിറങ്ങിയിരുന്നു.

കരഞ്ഞു തളർന്ന കണ്ണുകൾ കടയുന്നുണ്ട്.
ശരീരം മൊത്തം തളർന്നു പോകുന്നുണ്ട്.

ഇന്നൊരു ദിവസം കൂടി രക്ഷപെട്ടു!

ആരെന്നും ഏതെന്നും അറിയാത്ത ഒരുവന്റെ കാരുണ്യം കൊണ്ട്.

വീണ്ടുമവൾ നന്ദിയോടെ ക്രിസ്റ്റിയെ ഓർത്തു.

എവിടെയോ കണ്ട് മറന്നത് പോലെയവന്റെ കണ്ണുകൾ..

കാലങ്ങക്കപ്പുറം പരിചിതമെന്നത് പോലെ അവന്റെ ചിരി…
അതെന്താണ് എന്ന് മാത്രം അവളെത്ര ആലോചിച്ചു നോക്കിയിട്ടും മനസ്സിലായില്ല.

ആ ഓർമയിൽ കൂടുതൽ ചികയാനുള്ള ഒരവസ്ഥയിൽ അല്ലായിരുന്നു അപ്പോഴവളും.

ഇന്നത്തെ രാത്രി ഇങ്ങനെയും രക്ഷപെട്ടു..

ഇനി നാളെ… അങ്ങനെയങ്ങനെ നിവർന്നു കിടക്കുന്ന ഒരുപാട് നാളെകൾ ആ നിമിഷം അവളെയൊരുപാട് പേടിപ്പിച്ചു.

കാൽ മുട്ടിലേക്ക് മുഖം പൂഴ്ത്തി എത്ര നേരമിരുന്നു ആലോചിച്ച് നോക്കിയിട്ടും ഉത്തരം കിട്ടാത്തൊരു വലിയ ചോദ്യമായി ആ നാളെകൾ അവളെ ശ്വാസം മുട്ടിച്ചു.

ക്ഷീണം കൊണ്ട് കണ്ണുകൾ അടഞ്ഞു പോകുന്നുണ്ട്.

പകൽ പോലും ആ മുറിയിലിരുന്ന് ഉറങ്ങാൻ പേടിയാണ്.

രണ്ടു ദിവസസത്തിന്റെ ഉറക്കവും ക്ഷീണവും അവളെ വല്ലാതെ തളർത്തി കളഞ്ഞിരുന്നു.

നിലത്ത് നിന്നും എഴുന്നേറ്റു കൊണ്ടവൾ ഒന്ന് കൂടി മുറിയിലാകമാനം നോക്കി.

നല്ല ചിട്ടയോടെ അടുക്കി സൂക്ഷിച്ചു വെച്ചിട്ടുണ്ടവൻ.

വീണ്ടും മനസിലേക്ക് അവനും അവനും മുഖവും കടന്നു വന്നു.

പേര് പോലും ചോദിച്ചില്ലല്ലോ എന്നവൾ അപ്പോഴാണ് ഓർത്തത്.

പടച്ചോന്റെ മുന്നിലെന്നത് പോലെ.. ഫാത്തിമയിപ്പോൾ അവന്റെ മുന്നിലും നന്ദിയുള്ളവളാണ്.

ആ നന്ദി കാണിക്കാൻ കേവലമൊരു പേരിന്റെ ആവിശ്യമെന്താണ്?
തലയിലെ തട്ടം ഊരി മാറ്റി അഴിഞ്ഞുലഞ്ഞു കിടന്നിരുന്ന മുടി എല്ലാം കൂടി വാരി പിടിച്ചു മുകളിലേക്ക് കെട്ടി വെച്ചു.

ഒന്ന് കുളിക്കണമെന്ന് ശരീരം പോലും അതിയായി മോഹിക്കുന്നുണ്ട്.

അത്രയും മുഷിഞ്ഞു പോയിരുന്നു.

കുളിച്ചു വൃത്തിയായിട്ടും ഈ മുഷിഞ്ഞ ഡ്രസ്സ്‌ തന്നെ ഇടണമല്ലോ എന്നോർത്ത് കൊണ്ടവൾ ആ ചിന്ത വേണ്ടന്ന് വെച്ചു.

കിടക്കയിൽ ക്രിസ്റ്റി എടുത്തു വെച്ച കവറിനെ കുറിച്ച് അപ്പോഴാണ് ഓർത്തത്.

പതിയെ അതെടുത്തു തുറന്നു നോക്കി.

ബ്ളാക്ക് കളറിലുള്ള ഒരു ട്രാക്ക് സൂട്ടും വെളുത്തൊരു ബനിയനുമാണ് അതിനുള്ളിൽ.

പുതിയതാണെന്ന് തെളിയിച്ചു കൊണ്ട് അതിൽ പ്രൈസ് ടാഗ് തൂങ്ങി കിടപ്പുണ്ട്.

തനിക്ക് വേണ്ടിയാവും അവനിത് കിടക്കയിൽ എടുത്തു വെച്ചതെന്ന് അവൾക്കുറപ്പായി.

നന്ദിയോടെ ഒരിക്കൽ കൂടി പാത്തു അവനെ ഓർത്തു പോയി.

പറയാതെ തന്നെ എത്ര പെട്ടന്നാണ് അവന് തന്റെ അവസ്ഥകളെ മനസ്സിലാകുന്നത്?

“ഈ ലോകത്തിലെ പുരുഷൻമാർക്കെല്ലാം ഒരേ മനസ്സാണെന്ന് നീ കരുതുന്നുണ്ടോ ഫാത്തിമ?”

കാതിലവന്റെ ചോദ്യം വീണ്ടും കേൾക്കുന്നത് പോലെ.

അല്ല.. അല്ല… ഈ ലോകത്ത് നിങ്ങളെ പോലെ ചിലർ കൂടി ഉള്ളത് കൊണ്ടാണ് ഇതിങ്ങനെ നില നിന്ന് പോകുന്നത് “

ഹൃദയം കൊണ്ടവൾ അവനോടെന്നത് പോലെ പിറുപിറുത്തു..

                                ❣️❣️

“ഡാ… ന്തായി? “

ഫൈസിയുടെ അക്ഷമ നിറഞ്ഞ ചോദ്യം.അവനൊരു മുള്ള് കൂമ്പാരത്തിന് മുകളിലാണ് ഇരിപ്പെന്നു തോന്നും ചോദ്യം കേട്ടാൽ.

ക്രിസ്റ്റിക്ക് ചിരി വന്നു.

“എന്താവാൻ.. എവരി തിങ് ഒക്കെ.. ഞങ്ങൾ സേഫ് ആയിട്ട് മുകളിൽ എന്റെ മുറിയിൽ എത്തി “

ക്രിസ്റ്റി പറഞ്ഞു നിർത്തി.

“എന്നിട്ട്…?”

ഫൈസിയുടെ ആകാംഷ ഏറി വന്നിരുന്നു.

“എന്നിട്ടൊന്നുമില്ല.. അവളെ മുറിയിലാക്കി ഞാനിവിടെ പെരുവഴിലായ് ഗയ്സ് “

ക്രിസ്റ്റി അത്യാവശ്യം ഫീലോടെ തന്നെ പറഞ്ഞു.

“ആണോ കുഞ്ഞേ.. എങ്കിലത് ഞഞ്ഞായി. താനെ എടുത്തു തലയിൽ വെച്ച വയ്യാവേലിയല്ലേ? അങ്ങോട്ട് അനുഭവിച്ചു തീർക്കെന്റെ കുമാരേട്ട..”

അതിനേക്കാൾ ഫീലോടെയാണ് ഫൈസിയും പറഞ്ഞത്.

“ഡാ…”
ഫൈസി വീണ്ടും വിളിച്ചു.

“മ്മ്..”
ക്രിസ്റ്റി അലസമായി ഒന്ന് മൂളി.

“കുഞ്ഞു കളിയല്ല കേട്ടോ. എല്ലാം മറന്നിട്ട് ഉറങ്ങി പോകരുത്. കാലത്തെ അവരെല്ലാം എന്നീക്കുന്നതിന്‌ മുന്നേ തിരിച്ചു വിട്ടോളണം.ഇല്ലെങ്കിൽ നാളെ ഈ നേരത്ത് സെൻട്രൽ ജയിലിൽ നീണ്ടു നിവർന്നു കിടക്കേണ്ടി വരും. അതുമല്ലങ്കിൽ ആ ഷാഹിദ് തല്ലി ഒടിച്ച കയ്യും കാലുമായി ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ….”

“നിർത്തെടാ തെണ്ടി… അവന്റെയൊരു നെഗറ്റീവടിക്കൽ “

ഫൈസി പറഞ്ഞു മുഴുവനാക്കും മുന്നേ ക്രിസ്റ്റി പല്ല് കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ ഉള്ളത് പറയും..”

ഫൈസി വാശി പോലെ പറഞ്ഞു.

“അതെന്റെ പട്ടി കേൾക്കും “

അതും പറഞ്ഞു കൊണ്ട് ക്രിസ്റ്റി ഫോൺ കട്ട് ചെയ്തു.

അവനറിയാം ഫൈസി തന്നെ ആശ്വാസിപ്പിക്കുവാൻ മനഃപൂർവം ആ സിറ്റുവേഷൻ ലാഘവത്തോടെ കാണാൻ ശ്രമിക്കയാണെന്ന്.

ആ ഓർമയിൽ തന്നെ ക്രിസ്റ്റിയുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു.
ഉറക്കമൊട്ടുമില്ലാത്തൊരു രാത്രി…

ബാൽകണിയിൽ കൊരുത്തിട്ട മരത്തിന്റെ ഊഞ്ഞാലിൽ കിടന്നു കൊണ്ട് ക്രിസ്റ്റി പുറത്തെ ഇരുട്ടിലേക്ക് നോക്കി.

ഒട്ടനവധി രാത്രികളിൽ അവനാ ഊഞ്ഞാലിൽ കിടന്നാണ് ഉറങ്ങാറുള്ളത്.

ഹൃദയമൊരു പ്രകാശഗോളം പോലെ..

തേടി നടന്നതെന്തോ കണ്ട് കിട്ടിയൊരു നിർവൃതി..

അന്നത്തെ ആ പത്തു വയസ്സുള്ള ക്രിസ്റ്റിയിൽ നിന്നും താൻ ഇച്ചിരി പോലും മുന്നോട്ടു പോന്നിട്ടില്ലന്ന് തോന്നി അവന് ആ നിമിഷം.

ആ കൊഞ്ചി വിളിയും കാതോർത്ത് കിടക്കുന്ന പാത്തുവിന്റെ പ്രിയപ്പെട്ട ഇച്ഛാ..

അതവളൊരിക്കലും താൻ പറഞ്ഞിട്ടറിയരുത് എന്നൊരു കുഞ്ഞു വാശി കൂടി ആ നിമിഷം മുതൽ അവനിൽ വലയമിട്ട് തുടങ്ങി.

എല്ലാം അറിയുബോൾ… ഓ… അത് നീയായിരുന്നോ? “എന്നൊരൊറ്റ ചോദ്യം കൊണ്ടവൾ തോൽപ്പിച്ച് കളയുമോ?
അതോ….

തന്നെ പോലെ എന്നോ കണ്ട് മറന്നൊരു സ്വപ്നം പോലെ… ഇപ്പോഴും ഓർമയിൽ സൂക്ഷിച്ചു കൊണ്ട്..

ശ്വാസം മുട്ടിയത് പോലെ ക്രിസ്റ്റി ചാടി എഴുന്നേറ്റു.

ഓർമകളിനിയുമീ വഴിയിൽ ചിതറി വീണിടും…

അവയിലെല്ലാം ഞാൻ നിന്നെ തിരഞ്ഞിടും..

തമ്മിലറിയുന്ന നാളിനായി….

ഇനിയുമെറേ ഞാൻ നിന്നെ കാത്തിടും..

ഹൃദയം മൊഴിയുന്നത് കേൾക്കെ… അവനെ പോലും അത്ഭുതപെടുത്തുന്നൊരു ഭാവത്തിൽ.. അത്രമേൽ മനോഹരമായൊരു ചിരിയോടെ… ഫീലോടെ ക്രിസ്റ്റിയിരുന്നു…..

  പുലർച്ചെ എപ്പഴോ കണ്ണടച്ചെങ്കിലും.. ഫോണിൽ അലാറമടിക്കുന്നത് കേട്ട് ക്രിസ്റ്റി കണ്ണ് തുറന്നു.

എന്നത്തേക്കാളും അരമണിക്കൂർ നേരത്തെ സെറ്റ് ചെയ്തു വെച്ചതാണ്.

താൻ സ്ഥിരമായി എഴുന്നേൽക്കുന്ന നേരം അമ്മയും എണീക്കാറുണ്ട്.

ഫാത്തിമയെ പുറത്തിറക്കിയിട്ട് വേണം തനിക്ക് ടാപ്പിഗിന് പോകാൻ.

അമ്മ എന്നീറ്റ് വരും മുന്നേ അത് ചെയ്യണം.

ക്രിസ്റ്റി പിന്നൊരു നിമിഷം പോലും കളയാതെ ചാടി എഴുന്നേറ്റു.

ബാൽകണിയുടെ ചാരി വെച്ച വാതിൽ തുറന്നു കൊണ്ടവൻ അകത്തേക്ക് നടന്നു.

ദിലുവിന്റെയും റിഷിയുടെയും മുറികളുടെ നേർക്കൊന്ന് നോക്കിയിട്ട് പതിയെ അവന്റെ മുറിയുടെ വാതിൽ തട്ടി വിളിച്ചു.

പുറത്ത് നിന്നുമുള്ള ലോക്ക് തുറന്നിട്ട്‌ വീണ്ടും അവൻ വാതിൽ തട്ടി.

ഒത്തിരി ദിവസങ്ങൾക്ക് ശേഷം മനഃസമാധാത്തോടെ ഉറങ്ങി കിടന്നിരുന്ന പാത്തുവിനെ ഉണർത്താൻ അവന് അൽപ്പനേരത്തെ പരിശ്രമം ആവിശ്യമായിരുന്നു.

വാതിൽ തുറന്നിറങ്ങി വന്നവളിലും ആ പരിഭ്രമം ഉണ്ടായിരുന്നു.

തലേന്ന് അവളിട്ട അതേ ചുരിദാർ തന്നെയാണ് വേഷം.

കിടക്കയിൽ എടുത്തു വെച്ചു പോയത് ഇനി ഇവൾക്കാണെന്ന് മനസ്സിലാവാഞ്ഞിട്ടാണോ.?

പാത്തു വാതിൽക്കൽ നിന്നും ഒഴിഞ്ഞു കൊടുത്തതും ക്രിസ്റ്റി അകത്തേക്ക് കയറി കൊണ്ട് ഓർത്തു.

പക്ഷേ തിരക്കിട്ട് ഊരി വെച്ചത് പോലെ കിടക്കയുടെ ഒരരുകിൽ അവൻ വെച്ചിട്ട് പോയ ഡ്രസ്സ്‌ ഉണ്ടായിരുന്നു.

“ആ വാതിലടച്ചേക്ക് “

തിരിഞ്ഞു നിന്ന് തന്നെ ക്രിസ്റ്റി ഓർമിപ്പിച്ചു.

“ഞാനെന്നും ഇതേ ടൈമിൽ എണീക്കാറുണ്ട്. ടാപ്പിങ്ങിനായിട്ട്. ഇന്നിത്തിരി നേരത്തെ എണീറ്റു.”

ഷെൽഫിൽ നിന്നും മാറി ഇടാനുള്ള ഡ്രസ്സ്‌ വലിച്ചെടുക്കുന്നതിനിടെ പാത്തുവിനോടായി ക്രിസ്റ്റി പറഞ്ഞു.

സാധാരണ കുളിച്ചു കഴിഞ്ഞു റൂമിൽ വന്നിട്ടാണ് ഡ്രസ്സ്‌ ചെയ്യാ‌റുള്ളത്.

ഇന്ന് അവൾ അതിനകത്തുള്ളത് കൊണ്ട് ശീലങ്ങളെല്ലാം മാറ്റേണ്ടി വന്നു.

“തന്നെ.. പുറത്ത് ചാടിച്ചിട്ട് വേണം എനിക്ക് ജോലിക്കിറങ്ങാൻ. വെളിച്ചം വന്നു തുടങ്ങിയ പിന്നെയത് റിസ്ക് ആണ്. അത് കൊണ്ട് പെട്ടന്ന് ഇറങ്ങണം. ഞാൻ.. ഞാൻ എണീക്കുന്ന അതേ ടൈം ആകുമ്പോഴേക്കും എന്റെ അമ്മയും എണീക്കാറുണ്ട്. അതിന് മുന്നേ ഇവിടുന്ന് ഇറങ്ങണം “

അത് കൂടി പറഞ്ഞിട്ട് ക്രിസ്റ്റി ബാത്റൂമിലേക്ക് കയറി പോയി.

അവൻ പോയതും പാത്തു ഒരു നിമിഷം കൂടി അതേ നിൽപ്പ് തുടർന്നു.

പിന്നെ മുറിയിൽ തന്നെയുണ്ടായിരുന്ന വാഷ് ബേസിനിൽ പോയി മുഖം നന്നായി കഴുകി.

പാറി പറന്നു കിടന്നിരുന്ന മുടിയൊന്ന് കൈകൾ കൊണ്ടൊതുക്കി വെച്ചു.

കിടക്കയിൽ അഴിച്ചു വെച്ച.. പാന്റും ടീ ഷർട്ടും വൃത്തിയായി കുടഞ്ഞു മടക്കി.
അത് കൊണ്ട് പോവാനും.. മുഷിഞ്ഞത് കൊണ്ട് ഇവിടെയിടാനും വയ്യാത്തൊരു ധർമ്മസങ്കടം അന്നേരമവളിലുണ്ടായിരുന്നു.

പത്തു മിനിറ്റിനുള്ളിൽ തന്നെ ക്രിസ്റ്റി തിരിച്ചിറങ്ങി വന്നു.
“ഇറങ്ങിയാലോ “

ടേബിളിൽ വെച്ച ഹെഡ് ലൈറ്റ് എടുത്തു കൊണ്ടവൻ അവളെ നോക്കി.

“മ്മ്..”
പാത്തു പതിയെ മൂളി.

“എങ്കിൽ വാ “
അതും പറഞ്ഞു കൊണ്ടവൻ മുന്നേ നടന്നു.

“പിന്നേയ്…”

പിറകിൽ നിന്നും ഫാത്തിമയുടെ സ്വരം.
ക്രിസ്റ്റി തിരിഞ്ഞു നോക്കി.

“എന്തേ…?”
അവൻ അവളെ നോക്കി ചോദിച്ചു.

“ഈ… ഈ ഡ്രസ്സ്‌..”
കിടക്കയിൽ മടക്കി വെച്ച ഡ്രസ്സ്‌ ചൂണ്ടി കൊണ്ട് അവൾ അവനെ നോക്കി.

“നിനക്ക് വേണമെങ്കിൽ എടുത്തോ?”

ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.

അവളൊന്നും മിണ്ടാതെ മുഖം കുനിച്ചു.

“വേണോ ഫാത്തിമാ?”

ക്രിസ്റ്റി വീണ്ടും ചോദിച്ചു.

വേണ്ടന്ന് മുഖം ഉയർത്തി നോക്കാതെ അവൾ തലയാട്ടി കാണിച്ചു.

“എങ്കിൽ അതവിടെ ഇട്ടേക്ക്.വല്ലപ്പോഴും ഇത് പോലെ വഴി തെറ്റി ഓടി കയറി വരുമ്പോൾ നിനക്ക് തന്നെ ഉപകാരപെട്ടേക്കും “
ക്രിസ്തിയൊരു ചിരിയോടെ പറഞ്ഞു.

“അത്.. അത് ഞാനിട്ടതാ “
പാത്തു പതിയെ പറഞ്ഞു.

“ആഹ്.. എനിക്കറിയാം. ഞാൻ അതിനാണല്ലോ തനിക്കത് തന്നതും “

“അത്… അത് മുഷിഞ്ഞതാണ്.. കഴുകണ്ടേ?”

ഇപ്രാവശ്യം പാത്തു അവനെ നോക്കി.

“അതോർത്തു നീ ടെൻഷനാവണ്ട ഫാത്തിമ. എന്റെ ഡ്രസ്സ്‌ എല്ലാം ഞാൻ തന്നെയാണ് വാഷ് ചെയ്യാറുള്ളത്. ഇന്ന് അതൂടെ ചെയ്യാം. ഡോണ്ട് വറി “
ക്രിസ്റ്റി കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് പറഞ്ഞു.

അവന്റെയാ ഭാവം… അവൾക്ക് മുന്നേ പരിചിതമെന്നത് പോലെ ഹൃദയമൊന്നു തുള്ളി വിറച്ചു.

“ഇനിയെന്താ നോക്കി നിൽക്കുന്നത്. വാ “
വീണ്ടും അനങ്ങാതെ നിൽക്കുന്നവളെ നോക്കി അവൻ ചോദിച്ചു.

“അതൊക്കെ… അതൊക്കെ ബുദ്ധിമുട്ടാവില്ലേ?”

ആ ചോദ്യത്തിനുള്ളിലെ സങ്കടം അവളുടെ വാക്കുകളിലും ഉണ്ടായിരുന്നു.

“അത് ഞാനങ്ങു സഹിക്കും. പക്ഷേ.. ഇനി ഇവിടിങ്ങനെ നിന്നാൽ സത്യമായും എനിക്കും നിനക്കുമത് വല്ല്യ ബുദ്ധിമുട്ട് തന്നെയാണ് ഫാത്തിമാ. സമയം പോകുന്നു…”

ക്രിസ്റ്റി പറഞ്ഞത് കെട്ട് അവൾ തലയാട്ടി.

“വാ “

ആ ഭാവം കണ്ടിട്ടൊരു ചിരിയോടെ ക്രിസ്റ്റി അവളെ വിളിച്ചു.

പാത്തു കൂടി പുറത്തേക്കിറങ്ങിയതും മുറിയിലെ ലൈറ്റ് അണച്ചിട്ട് വാതിൽ ലോക്ക് ചെയ്തു കൊണ്ട് ക്രിസ്റ്റി ചുറ്റും നോക്കി.

“ശ്രദ്ധിക്കണം… വാ “

നടക്കും മുന്നേ അവൻ അവൾക്കൊരു മുന്നറിയിപ്പ് കൊടുത്തു.

കയറിയത് പോലെ തന്നെ അങ്ങേയറ്റം സൂക്ഷിച്ചു കൊണ്ടാണ് ക്രിസ്റ്റി തിരിച്ചതിറങ്ങിയതും.

അടുക്കളയിൽ ലൈറ്റ് കാണാത്തത് അവന്റെ ശ്വാസം നേരെയാക്കി.
ധൃതിയിൽ അടുക്കള വാതിൽ വലിച്ചു തുറന്നിട്ട് അവൻ പുറത്തേക്കിറങ്ങി, അവൾക്കിരങ്ങൻ നീങ്ങി നിന്ന് കൊടുത്തു.

അകത്തുള്ളപ്പോൾ പുറത്തുള്ള കോരി തരിപ്പിക്കുന്ന തണുപ്പ് അറിഞ്ഞിരുന്നില്ല.പുറത്തേക്കിറങ്ങിയതും തണുപ്പവരെ ആക്രമിക്കുന്നത് പോലെ നാനാ ഭാഗത്ത് നിന്നും തുളച്ചു കയറി.

പാത്തു ഒന്ന് കുളിർന്നു കൊണ്ട് കൈകൾ മാറിലേക്ക് ചുരുട്ടി വെച്ചു.

ക്രിസ്റ്റിക്ക് പിന്നെ അത് പരിചിതമായത് കൊണ്ട്.. അവന് വല്ല്യ കുലുക്കമൊന്നുമില്ല.

പുറത്തേക്കിറങ്ങിയ സെക്കന്റ് തന്നെ ടോമി ഓടി വന്നിട്ട് അവരുടെ അരികിൽ നിന്നു.

ക്രിസ്റ്റി അവനെ നോക്കി ചുണ്ടിൽ കൈ ചേർത്ത് ശബ്ദമുണ്ടാക്കരുത് എന്ന് കാണിച്ചു.

“നീ.. പോവില്ലേ?”

നേർത്തൊരു വെളിച്ചമുണ്ട്.. പാത്തുവിനെ നോക്കി ക്രിസ്റ്റി ചോദിച്ചു.

“ഞാൻ. ഒറ്റക്കോ?

പാത്തു ദയനീയമായി അവനെ നോക്കി.

“അല്ല.. നമ്മക്കാ കവലയിൽ നിന്നും മൂന്നാലാളെ കൂടി കൂട്ട് വിളിക്കാം. ന്തേയ്‌?”
അവനൊന്നു കണ്ണുരുട്ടി.

പതിഞ്ഞ ശബ്ദത്തിലാണ് ചോദ്യവും ഉത്തരവുമെല്ലാം.

“പാതിരാത്രി ഇതിനേക്കാൾ ഇരുട്ടത്തല്ല്യോ നീ ഓടി വന്നത്?”

അവൻ വീണ്ടും ചോദിച്ചു.
അതിനുത്തരമെന്നും പറയാതെ പാത്തു തലകുനിച്ചു.

“മ്മ്.. നടക്കങ്ങോട്ട് “

ക്രിസ്റ്റി ഹെഡ് ലൈറ്റ് സെറ്റ് ചെയ്തു കൊണ്ട് പറഞ്ഞു.

അവരെക്കാൾ മുന്നേ ടോമി നടന്നു തുടങ്ങിയിരുന്നു.

“അവനറിയാം… ആരോരുമില്ലാത്തവർക്ക് സംരക്ഷണമാണ് വേണ്ടതെന്ന്.പേടിക്കേണ്ട “

ടോമിക്ക് പിറകിൽ നടക്കാൻ ഭയന്ന് നിന്ന ഫാത്തിമയോട് ക്രിസ്റ്റി ഓർമിപ്പിച്ചു.

“നിങ്ങളെ പോലെ.. ദൈവത്തെ പോലെ..”

ഹൃദയമന്ത്രം പോലെ പാത്തുവത് പതിയെ പറഞ്ഞു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button