Novel

നിലാവിന്റെ തോഴൻ: ഭാഗം 2

[ad_1]

രചന: ജിഫ്‌ന നിസാർ

തിരികെ മുറിയിലെത്തിയിട്ടും ഡെയ്സിയുടെ ഹൃദയമൊട്ടും ശാന്തമായിരുന്നില്ല.

ശീതികരിച്ച മുറിയിൽ സുഖനിദ്രയിലാണ്ട് കിടക്കുന്ന വർക്കിയുടെ നേരെ അവരുടെ കണ്ണുകൾ നീണ്ടു.

ഓരോ നോട്ടവും.. ഇത്രേം വർഷങ്ങളുടെ പഴക്കം അവകാശപെടാനുണ്ടായിട്ടും ഭയമാണ് നൽകുന്നത്.

തന്റെ മകന് സംരക്ഷണം കൊടുക്കാത്ത.. അവനെ ദ്രോഹിക്കാൻ മാത്രം ശ്രമിക്കുന്ന ഭർത്താവിന്റെ ക്രൂരതക്കെതിരെ പ്രതികരിക്കാൻ കഴിയാത്ത ഒരു തരം നിസ്സഹായത അവരിൽ പ്രകടമായിരുന്നു.

ഇനി കിടന്നാലും ഒട്ടും ഉറക്കം വരില്ലെന്നത് നന്നായി അറിയാവുന്നത് കൊണ്ട് ഡെയ്സി എഴുന്നേറ്റു മുറിക്ക് പുറത്തേക്ക് നടന്നു.

മനസ്സ് അസ്വസ്ഥമാകുമ്പോൾ എപ്പോഴും ചെയ്യാറുള്ളത് പോലെ മാതാവിന്റെ രൂപ കൂടിന് മുന്നിൽ പോയി മുട്ട് കുത്തിയിരിന്നു.

ക്രിസ്റ്റിയുടെ കല്ലിച്ച മുഖം ഹൃദയഭിത്തിയിലുരസി ചോര പൊടിയുന്നു.

അസഹിഷ്ണുത നിറഞ്ഞ… അസഹ്യമായ വേദന നിറഞ്ഞ… ഡെയ്സിയുടെ മിഴികൾ തുളുമ്പി.

കൂപ്പിയ ആ കൈകൾ വിറച്ചു.

മനഃസമാദാനം നിറഞ്ഞൊരു ചിരിയെ പോലും ആസ്വദിച്ചിട്ടെത്ര നാളായി..?

വർക്കി ചെറിയാനെന്ന  വർക്കി പെട്ടന്നൊരു ദിവസം പരിചയപ്പെട്ടതോ ജീവിതത്തിലേക്ക് ക്ഷണിച്ചതോ ആയിരുന്നില്ല.

ഫിലിപ്പിച്ചായന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ.മനസാക്ഷി സൂക്ഷിപ്പുക്കാരൻ.ഏതു നേരത്തും.. കുന്നേൽ ബംഗ്ലാവിൽ കയറി വരാൻ സ്വതന്ത്ര്യമുള്ളവൻ.. നേരും നെറിയുമുള്ള വർക്കി ഫിലിപ്പിച്ചായന്റെ ചങ്കാണ്.

ആ ഒരിഷ്ടം അയാളിലേക്ക് കുന്നേൽ ബംഗ്ലാവിലുള്ളവർ മുഴുവനും വെച്ച് നീട്ടി.

അച്ഛനില്ലാത്ത അമ്മ വീട്ടുജോലി ചെയ്തു കഷ്ടപെട്ട് ജീവിക്കുന്ന ഡെയ്സിക്ക് വരം പോലെ കിട്ടിയ ബന്ധമായിരുന്നു കുന്നേൽ ഫിലിപ്പ് മാത്യുവിന്റെ മണവാട്ടിയെന്ന പട്ടം.

നയാ പൈസ പാരിതോഷികം വാങ്ങിക്കാതെ.. കുടുംബത്തിന്റെ മൊത്തം ആശീർവാദത്തോടെയാണ് ഫിലിപ്പ് ഡെയ്സിയുടെ കൈ പിടിച്ചു കൂടെ ചേർത്തത്.

സ്വപ്നം കാണാൻ കൂടി അർഹതയില്ലാത്ത സ്വപ്നതുല്യമായ ജീവിതമാണ് ഫിലിപ്പ് ഡെയ്സിക്ക് വേണ്ടി ഒരുക്കിയത്.

ആരെയും അസൂയപെടുത്തും വിധം അവരുടെ മനോഹരമായ ജീവിതത്തിലേക്ക് ക്രിസ്റ്റി കൂടി വന്നതോടെ കൂടുതൽ നിറമുള്ളതായി.

ക്രിസ്റ്റിക്ക് എട്ടു വയസ്സുള്ളപ്പോഴാണ് ഫിലിപ്പിനെ ദൈവം ബ്ലഡ് ക്യാൻസറിന്റെ രൂപത്തിൽ പരീക്ഷിക്കാൻ തുടങ്ങിയത്.

തുടക്കത്തിൽ തന്നെ അത് കണ്ടു പിടിച്ചു അതിനെതിരെ പോരാടി തോൽപ്പിക്കാൻ ഫിലിപ്പിന് മനകരുത്തുണ്ടായിട്ടും.. വിധി അയാളെ വെറുതെ വിട്ടില്ല.

ക്യാൻസർ ഭയപ്പെട്ട് തിരികെ കൊടുത്ത ജീവൻ ഒരു അപകടത്തിൽ അയാളോട് കരുണ കാണിച്ചില്ല. ആ പിടിയിൽ നിന്നും രക്ഷപെട്ടു പോരാൻ ഫിലിപ്പിന് ആയതുമില്ല.

അത് വരെയും അയാളുടെ തണലിൽ… പ്രണയത്തിൽ അലിഞ്ഞു ജീവിച്ചിരുന്ന ഡെയ്സി പെട്ടന്നൊരു ഒറ്റപെട്ട തുരുത്തിലേക്ക് എടുത്തെറിയപ്പെട്ടു.

തികച്ചും അപ്രതീക്ഷിതമായി നടന്ന പ്രിയപ്പെട്ടവന്റെ വിയോഗം അവരെ അപ്പാടെ തളർത്തി.

കുന്നേൽ ബംഗാവ് മുഴുവനും ആ അമ്മയ്ക്കും മോനും കൂടെയുണ്ടായിരുന്നു.

ഫിലിപ്പിന്റെ അസാന്നിത്യത്തിൽ, ഫിലിപ്പിന്റെ അപ്പച്ചൻ എബ്രഹാം മാത്തൻ തന്നെയാണ് വർക്കിയോട് കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യാൻ ആദ്യമായി ആവിശ്യപെട്ടതും.

വർക്കി ചെറിയാൻ ആകുമ്പോൾ കാര്യങ്ങൾ രണ്ടാമത് പഠിക്കേണ്ട ആവിശ്യമില്ലെന്ന് അയാൾ പറഞ്ഞത് വളരെ ശരിയായിരുന്നു.

ഫിലിപ്പിന്റെ അനിയൻ അലൻ അമേരിക്കയിൽ ഡോക്ടർ ആയിരുന്നു.പിന്നെയൊരു അനിയത്തി കൂടിയാണ് ഫിലിപ്പിനുള്ളത്.

ജന്മനാ ഇടതു കാലിനൊരു സ്വാധീനമില്ലാത്ത ലില്ലി കർത്താവിന്റെ മാലാഖയാവാനാണ് ഇഷ്ടപെട്ടത്.

ഒരേയൊരു മകളുടെ ആ തീരുമാനം ഫിലിപ്പിന്റെ അമ്മ ത്രേസ്യ ഒരുപാട് സങ്കടത്തോടെയാണ് അംഗീകരിച്ചത്.

അലക്സിന് പെട്ടന്ന് റിസൈൻ ചെയ്തു പോരാൻ കഴിയാത്ത സാഹചര്യമുള്ളത് കൊണ്ടും.. അയാൾക്കാതിൽ വല്ല്യ താല്പര്യമില്ലന്നത് കൊണ്ടും വർക്കി അവിടെ നല്ലൊരു ഓപ്‌ഷനായിരുന്നു.

പ്രതീക്ഷിച്ചത് പോലെ വർക്കിയുടെ കയ്യിൽ ബിസിനസ് ഭദ്രമായിരുന്നു.

ബിസിനസ് സംബന്ധിച്ചയെല്ലാം.. അപ്പോപ്പോൾ അയാൾ മാത്തനെ അറിയിക്കാനും മറന്നില്ല.

അങ്ങനെയൊരിക്കൽ മാത്തൻ തന്നെയാണ് ഡെയ്സിയോട് വർക്കിയുടെ കാര്യം ആവിശ്യപെട്ടത്.

“തിരികെ നിന്നെ ഏതായാലും ഞങ്ങൾ വിടില്ല മോളെ.. എന്റെ മോന്റെ പെണ്ണല്ല.. ഞങ്ങളുടെ മോള് തന്നെയാ നീയും. ഇരുപതഞ്ചു വയസ്സല്ലേ നിനക്കുള്ളത്.?നിന്റെ ജീവിതം തീർന്ന് പോയിട്ടില്ല. മോളിതിന് സമ്മതിച്ചു തരണം. അപ്പച്ചനും അമ്മച്ചിക്കുമുള്ള ഒരേയൊരു ആഗ്രഹം.. അതാണിപ്പോ നിന്നോട് ആവിശ്യപെടുന്നത്. എതിരൊന്നും പറയരുത് നീ.”
മാത്തന്റെ ആവിശ്യത്തിനു മുന്നിൽ ഒന്നും പറയാനാവാതെ ഡെയ്സി വിറങ്ങലിച്ചു നിന്ന് പോയി.

പോകെ പോകെ നിർബന്ധം ഏറിയേറി വന്നു.
അപ്പച്ചനും അമ്മച്ചിയും… കുന്നേൽ ബംഗ്ലാളിവിലെ മുഴുവൻ ആളുകളും വാക്കുകൾ കൊണ്ട് നിർബന്ധിച്ചു.

തന്റെ നല്ലതിനാണ് അവരങ്ങനെ പറയുന്നതെന്നുള്ള ന്യായത്തിനൊപ്പം പിടയുന്ന മനസ്സുള്ള തന്നെ അവരാരും കണ്ടില്ല.

അല്ല.. നല്ലൊരു ജീവിതം കിട്ടികോട്ടെയെന്ന് കരുതി അവരാരുമത് കണ്ടത് പോലെ നടിച്ചില്ല.

വർക്കിക്ക് യാതൊരു എതിർപ്പുമില്ലായിരുന്നു.അങ്ങേയറ്റം സന്തോഷത്തോടെ ആഹ്ലാദത്തോടെ.. കൂട്ടുക്കാരന് വേണ്ടി ചെയ്യുന്നൊരു ത്യാഗം പോലെ വർക്കി ചെറിയാൻ അങ്ങനെ ഡെയ്സിയുടെ ജീവിതത്തിന്റെ ഭാഗമായി.

അപ്പച്ചനും അമ്മച്ചിക്കും കൂടുതൽ സംരക്ഷണം കൊടുക്കാമെന്നു പറഞ്ഞു അയാളും കുന്നേൽ ബംഗ്ലാവിൽ തന്നെയായിരുന്നു താമസം.അയാൾക് അപ്പനും അമ്മയും മൂന്ന് ചേട്ടന്മാരും രണ്ട് പെങ്ങന്മാരുമുണ്ട്.
അവരെയെല്ലാം വിട്ടിട്ട് കുന്നേൽ ബംഗ്ലാവിൽ വന്നു നിൽക്കുന്ന വർക്കിയുടെ നല്ല മനസിനെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു ഡെയ്സിയും.

ആദ്യമാദ്യം വലിയ മാറ്റങ്ങളൊന്നും സംഭവിക്കാതെ കടന്ന് പോയ ദിവസങ്ങൾ.

പ്രതീക്ഷയറ്റ ജീവിതത്തിൽ ഒരു കുഞ്ഞു മെഴുകുതിരി വീണ്ടും കൊളുത്തി വെച്ചത് പോലെ.

അന്നും ഏറെ വേദനിച്ചത് ക്രിസ്റ്റിയെ കുറിച്ചോർത്തു തന്നെയാണ്.

ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും അവൻ വർക്കിച്ചായനോട് കാണിക്കുന്ന അകൽച്ച.. കുന്നേൽ ബംഗ്ലാവിനെ മൊത്തം ബാധിച്ചു.

വർക്കിച്ചായനും പഠിച്ച പണി പതിനൊട്ടും നോക്കിയിട്ടും അവൻ ഒരു തരി പോലും അയഞ്ഞില്ല.

പിന്നെ എല്ലാവരും അതവന്റെ അഹങ്കാരമായി എഴുതി തള്ളി പതിയെ പിന്തിരിഞ്ഞു നടന്നിരുന്നു.

വർക്കിയുടെ സന്മനസ്സ് ആവോളം പുകത്തിയ ആരും ക്രിസ്റ്റി അകന്ന് നിൽക്കുന്നതിൽ കാരണം ചികഞ്ഞതുമില്ല.

അവന്റെ അമ്മയായ ഡെയ്സി പോലും!

പതിയെ… വർക്കിയുടെ മാന്യതയുടെ മുഖമൂടികൾ ഓരോന്നായി അഴിഞ്ഞു വീണു തുടങ്ങി.

അപ്പോഴേക്കും ഡെയ്സി അയാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചു നിൽക്കുന്ന സമയമായിരുന്നു.

ക്രൂരത നിറഞ്ഞ വർക്കിയുടെ കൈ കരുത്തിനു മുന്നിൽ ഒന്നും ചെയ്യാനാവാതെ…സ്വത്തുകളെല്ലാം അയാൾ സൂത്രത്തിൽ അയാളിലേക്ക് മാറ്റിയിരുന്നു.

അപ്പച്ഛനെയും അമ്മച്ചിയേയും അയാൾ കുന്നേൽ ബംഗ്ലാവിൽ നിന്നും ഇറക്കി വിട്ടത് പോലും നിർജീവമായി നോക്കി നിൽക്കേണ്ടി വന്നു ഡെയ്സിക്ക്.

ലില്ലിയെയും കൂട്ടി അവരൊരു കുഞ്ഞു വാടക വീട്ടിലോട്ട് മാറി.

എന്നിട്ടും തീരാത്ത വർക്കിയുടെ ക്രൂരതകൾ ഓരോന്നും ഓരോ ദിവസവും അവരെ പല വിധത്തിൽ ദ്രോഹിച്ചു കൊണ്ടേയിരുന്നു.

ഓർമകൾ ചുറ്റി വരിഞ്ഞിട്ട് ഡെയ്സിക്ക് ശ്വാസം മുട്ടി.

ആ തണുത്ത പുലർച്ചെ പോലും അവർ വിയർത്തു തുടങ്ങി.

ഇന്നിനി എന്തൊക്കെയാണാവോ നടക്കാൻ പോവുന്നത്?

ആ ഓർമയിൽ പോലും അവരൊന്നു വിറച്ചു.

വീട്ടിൽ നടക്കുന്ന ഏതൊരു ആഘോഷവും… വർക്കിക്കും മക്കൾക്കും ക്രിസ്റ്റിയെ ചൊറിയാനുള്ള ഓരോ അവസരങ്ങളാണ്.

അപ്പന്റെ ക്രൂരത നിറഞ്ഞ അതേ മനസ്സാണ് റിഷിക്കും ദിലുവിനും.
അപ്പൻ പറയുന്നതാണ് മക്കൾക്ക് വേദവാക്യം.

ക്രിസ്റ്റി ഫിലിപ്പ് നിങ്ങൾക്ക് ആരുമല്ല. നമ്മുടെ വെറുമൊരു ആശ്രിതൻ മാത്രമെന്നാണ് വർക്കി മക്കൾക്ക് ചൊല്ലി കൊടുത്തിരിക്കുന്നത്.

അവരാ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു കൊണ്ടും നടക്കുന്നു.

നേരിട്ട് കേറി ചൊറിഞ്ഞാൽ അവൻ കാലേ വാരി ഭിത്തിയിലടിക്കുമെന്നൊരു ഭയം ഉള്ളിലുള്ളത് കൊണ്ട് നേരിട്ടുള്ള ഇടപാടിന് ശ്രമിക്കാറില്ല ആങ്ങളയും പെങ്ങളും.

മക്കളെന്നല്ല..വർക്കി ചെറിയാനും ക്രിസ്റ്റിയെ നേരിട്ട് വല്ലതും പറയാൻ ഇന്നോളം ധൈര്യമുണ്ടായിട്ടില്ല… അവൻ നിവർന്നു നിന്ന് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതിൽ പിന്നെ.

ഫിലിപ്പിച്ചായനെ പോലെ തന്നെയാണ് ക്രിസ്റ്റിയും.

സത്യം പറയാനും ന്യായമായത് ചെയ്യാനും അവനാരെയും പേടിയില്ല.

അവർക്കിടയിൽ വരാതെ മുകളിൽ അവന്റേത് മാത്രമായൊരു സാമ്രാജ്യമാണ് അവന്റെ ലോകം.

അവനിവിടം വിട്ട് പോവുകയെന്നതാണ് വർക്കിയുടെ ആവിശ്യമെങ്കിൽ… അവന്റപ്പൻ കഷ്ടപെട്ടുണ്ടാക്കിയതൊന്നും വർക്കിക്ക് നശിപ്പിക്കാൻ വിട്ട് കൊടുക്കില്ലെന്നത് അവന്റെയും തീരുമാനമാണ്.

ഫിലിപ്പിച്ചായൻ ഉള്ളത് മുതലേ കുന്നേൽ ബംഗ്ലാവിലെ അടുക്കളയിൽ നിറ സാന്നിധ്യമായിരുന്ന മറിയചേടത്തിയാണ് അവന്റെ പ്രിയപ്പെട്ട മറിയമ്മച്ചി.
അവരാണ് അവിടെ അവനു വേണ്ടി ഭക്ഷണമൊരുക്കുന്നതും അതവന് സ്നേഹത്തിൽ വിളമ്പി കൊടുക്കുന്നതും.

വർക്കിയുടെ ഭരണ പരിഷ്കാരത്തിൽ പടിയിറക്കി വിട്ട മറിയചേടത്തിയെ ക്രിസ്റ്റി തന്നെയാണ് അന്വേഷിച്ചു കണ്ടെത്തി തിരികെ കൊണ്ട് വന്നതും.
ഉറഞ്ഞു തുള്ളിയ വർക്കി അവന്റെ രൗദ്രഭാവത്തിൽ പകച്ചുപോയത് അന്നാദ്യമായിരുന്നു.

അന്നവൻ പത്തിൽ പഠിക്കുവാണ്.അന്ന് മുതൽ അവൻ വർക്കിയുടെ ശത്രുവായി മുദ്ര കുത്തപെട്ടു.

അന്ന് വരെയും ഇല്ലാത്ത ശത്രുത അന്ന് മുതൽ അവനിലേക്ക് എഴുതി ചേർക്കപെട്ടു.

എന്നിട്ടും തോൽപ്പിക്കാൻ ആയിട്ടില്ല വർക്കിക്ക്..ഇന്നും.

ഡെയ്സിയുടെ ചുണ്ടിൽ ക്രിസ്റ്റിയെ ഓർത്തൊരു മനോഹരമായ ചിരി പടർന്നു.

താൻ ആവിശ്യപ്പെട്ടത് കൊണ്ട്… ഇന്നത്തെ ഫങ്ക്ഷൻ ക്രിസ്റ്റി എന്തായാലും വിട്ട് കളയില്ല.

അപ്പനും മക്കളും ഇന്നിനി എന്ത് പറഞ്ഞിട്ടാണാവോ എന്റെ കുഞ്ഞിനെ വേദനിപ്പിക്കാൻ പോകുന്നത്.?

ഡെയ്സിയുടെ നെഞ്ച് വിങ്ങി..

                            ❤️❤️

അവൾ പോയ വഴിയേ ടോർച്ചടിച്ചു നോക്കിയിട്ടും ക്രിസ്റ്റിക്ക് ഒന്നും കാണാനായില്ല.

അവൻ വീണ്ടും ഷീറ്റ് പുരയിലേക്ക് വന്നുനോക്കി.

താഴെ രണ്ട് കാർബൺ ബോർഡുകൾ വിരിച്ചിട്ടുണ്ട്.

അതിലാവും കിടന്നിട്ടുണ്ടാവുക.

എന്നാലും ആരാണവൾ?

ഒട്ടും പേടിയില്ലാതെ ഒരു രാത്രി ഈ ഷീറ്റ് പുരക്കുള്ളിൽ ഒറ്റയ്ക്ക്  യാതൊരു സുരക്ഷയുമില്ലാതെ കിടന്നത് എന്തിനാണാവോ?

എങ്ങോട്ടാണ് അവളിറങ്ങി ഓടി പോയിട്ടുണ്ടാവുക?

ചോദ്യങ്ങൾ നീരാളിയെ പോലെ നാല് പാടും ചുറ്റി വരിഞ്ഞു.

കൂടുതൽ ചിന്തിച്ചു നിൽക്കാൻ സമയമില്ലെന്ന് കണ്ട് ക്രിസ്റ്റി കുന്ന് കയറി തുടങ്ങി.

അപ്പോഴും അവളെ തിരഞ്ഞിട്ടെന്ന പോലെ അവന്റെ കണ്ണുകൾ നാല് പാടും ചിതറി തെറിക്കുന്നുണ്ടായിരുന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button