Novel

നിലാവിന്റെ തോഴൻ: ഭാഗം 20

[ad_1]

രചന: ജിഫ്‌ന നിസാർ

“ഇവനിനിയും എഴുന്നേറ്റില്ലേ കർത്താവെ?”

ആത്മഗതം ചെയ്തു കൊണ്ട് ഡെയ്സി സ്റ്റെയറിന്റെ ചുവട്ടിൽ പോയി നിന്നിട്ട് മുകളിലേക്ക് നോക്കുന്നത് രണ്ടാം തവണയാണ്.

സാധാരണ ക്രിസ്റ്റി എഴുന്നേറ്റു വന്നിട്ട് അടുക്കളയിലെ ലൈറ്റും പുറത്തേക്കുള്ള ലൈറ്റുമെല്ലാം ഇട്ടിട്ട് ചായ തിളപ്പിക്കാൻ വെക്കും.

ആ സമയമാകുമ്പോഴേക്കും ഡെയ്സി എഴുന്നേറ്റു വരാറുണ്ട്.

അടുക്കളയിലേക്ക് ചെല്ലാതെ ഹാളിലെ മേശയിൽ അവനായി കൂട്ടിരിക്കാം.

അതും ഒരു ആശ്വാസമാണ്.

ഒരു ഗ്ലാസ്‌ ചായ അവനെടുത്തിട്ട് ഡെയ്സിക്കായി ഇച്ചിരി ബാക്കിയും വെക്കാറുണ്ട്.

“ഇന്നിനി വെട്ടില്ലേയാവോ? “

ക്രിസ്റ്റിയിറങ്ങി വരുന്നത് കാണാഞ്ഞിട്ട് വീണ്ടും ഡെയ്സി സ്വയം പറയുന്നുണ്ട്.

മുകളിലേക്ക് കയറി ചെന്നിട്ട് അവനെ വിളിച്ചുണർത്തി ഒരമ്മയുടെ അധികാരവും സ്നേഹവും കാണിക്കാൻ അതിയായ ആഗ്രഹമുണ്ടായിട്ടും.. ഒരു തരം നിസ്സഹായതയോടെ അവരാ സ്റ്റായറിന്റെ സ്റ്റീൽ കമ്പിയിൽ മുറുകെ പിടിച്ചു കൊണ്ട് താഴെ നിന്നു.

                             ❣️❣️

“ഇനി കൂടെ വരണോ? “

അറക്കൽ തറവാടിന്റെ ഏറ്റവും അടുത്താണ് ഇപ്പോൾ ക്രിസ്റ്റിയും പാത്തുവും.

വേണ്ടന്ന് അവൾ തലയാട്ടി കാണിച്ചു.

“നന്ദി.. മറക്കില്ലൊരിക്കലും “

പാത്തു വീണ്ടും അവനെ നോക്കി.

“ഓഓഓ.. ആയിക്കോട്ടെ “
അവനും ഒന്ന് കണ്ണടച്ച് ചിരിച്ചു കൊണ്ട് തലയാട്ടി.

ഇത്തിരി വെട്ടത്തിലും ആ അഴകുള്ള ചിരിയിലുടക്കി പോയിരുന്നു പാത്തുവിന്റെ ചിന്തകൾ മുഴുവനും.

ഏതോ മുജ്ജന്മ ബന്ധം പോലെയാ ചിരി അവളിൽ കൊരുത്തു വലിച്ചു.

“നമ്മള്… നമ്മള് മുന്നേ കണ്ടിട്ടുണ്ടോ?”
ശ്വാസം മുട്ടുന്നത് ഒട്ടും സഹിക്കാൻ വയ്യെന്നത് പോലെ പാത്തുവത് ചോദിച്ചപ്പോൾ ക്രിസ്റ്റിയാണ് വിറച്ചു പോയത്.

കുഞ്ഞി പാത്തുവിന്റെ കൊഞ്ചിയുള്ള ഇച്ഛാ വിളിയവന്റെ കാതിൽ കാതങ്ങൾ താണ്ടി വീണ്ടും വീണ്ടും മുഴങ്ങി കേട്ടു.

“അത്… അതെന്താ.. ഫാത്തിമ അങ്ങനെ ചോദിച്ചത്?”
വർദ്ധിച്ച നെഞ്ചിടിപ്പോടെ ക്രിസ്റ്റി അവളെ നോക്കി.

“നിങ്ങളെ… നിങ്ങളെ ഞാനെപ്പഴോ കണ്ടത് പോലെ തോന്നുന്നു. ഈ ചിരി എനിക്ക് മുന്നേ പരിചിതമെന്നത് പോലെ.. അത് പോലെ… നിങ്ങളുടെ.. നിങ്ങളുടെ വീടെനിക്ക്…എനിക്കെന്തൊക്കെയോ അറിയാമെന്നത് പോലെ.എനിക്കറിയില്ല.. എനിക്കറിയില്ല അതെങ്ങനെ പറഞ്ഞു തരണമെന്ന്. ഞാനെത്ര ആലോചിച്ചു നോക്കിയിട്ടും എനിക്കൊരു ഉത്തരം കിട്ടുന്നില്ല. അതാണ്‌… ചോദിച്ചത്. നമ്മൾ.. നമ്മൾ തമ്മിൽ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന് “

തെല്ലൊരു ആശങ്കയോടെ പാത്തു പറയുമ്പോൾ.. അടക്കാൻ കഴിയാത്ത വിധമൊരു ആഹ്ലാദത്തിന്റെ നിർവൃതിയിലായിരുന്നു ക്രിസ്റ്റി.

അതേ നിമിഷം തന്നെ അവന് അവളോടൊരു സഹതാപവും തോന്നിയിരുന്നു.

എന്റെ വിരൽ തുമ്പിൽ പിടിച്ചു നടന്നിരുന്ന.. എന്നെ ഒരുപാട് ഇഷ്ടമായിരുന്ന എന്റെ ചിരികൾക്കൊപ്പം ചിരിക്കാനും.. എന്റെ സങ്കടങ്ങളിൽ നീറാനും കഴിയുന്നൊരു നീ ഉണ്ടായിരുന്നു ഫാത്തിമ.. വളരെ വളരെ കാലങ്ങൾക്ക് മുന്നേ കണ്ടു മറന്നൊരു സ്വപ്നം പോലെ… ഓർക്കുന്നുവോ നീയത്? “

ഹൃദയമാണ് അവളോട് കലഹിച്ചത്.

അതേയ്… “

തന്നെ സൂക്ഷിച്ചു നോക്കി ഒന്നും മിണ്ടാതെ നിൽക്കുന്ന ക്രിസ്റ്റിയെ നോക്കി പാത്തു വിളിക്കുമ്പോൾ മാത്രമാണ് അവനാ കണ്ണുകൾ വെട്ടിച്ചു മാറ്റിയത്.

“എനിക്കറിയില്ല ഫാത്തിമ.. നീ നിന്റെ ഉമ്മാന്റെ വീട്ടിൽ അല്ലായിരുന്നോ? അങ്ങനെയുള്ളപ്പോൾ നിന്റെ ഈ സംശയങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. നമ്മൾ.. നമ്മൾ കണ്ടിട്ടുണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത് “

കള്ളചിരിയോടെ ക്രിസ്റ്റിയത് പറയുബോൾ പാത്തു വീണ്ടും അവന്റെ ചിരിയിലേക്ക് നോക്കി ഇല്ലെന്ന് തലയാട്ടി.

“എനിക്കെവിടെയോ കണ്ട് മറന്നത് പോലെ “
വീണ്ടും വീണ്ടും അവളത് തന്നെ ആവർത്തിച്ചു പറയുമ്പോൾ… അവനുള്ളിലൊരു പൂവാക പൂത്തുലഞ്ഞു പോയിരുന്നു.
അതെന്തിനാണെന്ന് ചോദിച്ചാൽ ഒരുപക്ഷെ അവന് ഉത്തരമില്ലെങ്കിലും.. ആ പൂക്കാലം അവനെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു, ആ നിമിഷം.
പാത്തു അപ്പോഴും എന്തൊക്കെയോ ചിന്തയോടെ നഖം കടിച്ചു നിൽക്കുന്നുണ്ട്.

നിഴൽ രൂപങ്ങൾ പോലെ അവൾക്കുള്ളിലുമൊരു വസന്തകാലം ഒളിഞ്ഞു കളിച്ചു.

“ഇനി… ഇനി ഒരിക്കൽ പോലും മറന്നു പോകാതെ ഞാനെന്റെ ഹൃദയത്തിൽ സൂക്ഷിച്ചു വെക്കും ഞാൻ. നിങ്ങളിപ്പോ… എനിക്കെന്റെ… പടച്ചോനെ പോലെയാണ്..”

പാത്തുവിന്റെ കണ്ണുകൾ നിറഞ്ഞു.

അത് വരെയും ചിരിച്ചു നിന്നവന്റെ മുഖം വാടി.
ചിരി മാഞ്ഞു.

“പേടിച്ചും വിറച്ചും എത്ര കാലമിങ്ങനെ ഓടി നടക്കാനാണ്? ഇതിനൊരു അവസാനം വേണ്ടേ ഫാത്തിമ?”

ക്രിസ്റ്റി നോവോടെ ചോദിച്ചു.

“ഇത് അവസാനിക്കും.. എന്റെ അവസാനത്തോടെ. അതല്ലാതെ ഈ സങ്കടങ്ങളിൽ നിന്ന് എനിക്കൊരു മോചനമുണ്ടെന്ന് തോന്നുന്നില്ല “
പുറം കൈ കൊണ്ട് കണ്ണുകൾ തുടച്ചിട്ട് നേർത്തൊരു ചിരിയോടെ പാത്തു പറഞ്ഞു.

“നീതി കിട്ടിയില്ലെങ്കിൽ.. നീ തീയാവുകയെന്നത് നിനക്ക് കൂടി വേണ്ടിയിട്ടാണ് പറഞ്ഞിട്ടുള്ളത്. പ്രതികരണശേഷി കൈ വിട്ട് കളയരുത്. പ്രതിഷേധങ്ങൾ കൊണ്ട് നേടി എടുക്കാൻ ശ്രമിക്കണം. നിന്റെ അവകാശം കൂടിയാണ്. മനസ്സിലാവുന്നുണ്ടോ?”

ഗൗരവത്തോടെ ക്രിസ്റ്റി പാത്തുവിനെ നോക്കി.
അവൾ ഉണ്ടന്നോ ഇല്ലെന്നോ പറയാതെ അവന്റെ കണ്ണിലേക്കു തന്നെ നോക്കി.

ഹൃദയങ്ങൾ തമ്മിലുള്ള ദൂരം ഒരു നോട്ടത്തിന്റെ നൂലിഴതുമ്പിൽ ഒളിച്ചത് പോലെ…

രണ്ടു ഹൃദയങ്ങളെ സ്നേഹത്താൽ കുരുക്കി കെട്ടാൻ ഒരു നോട്ടത്തിന്റെ ദൂരം തന്നെ ധാരാളം!

അത്രയും ആഴത്തിൽ ആ നോട്ടങ്ങൾ അലിഞ്ഞു പോയിരുന്നു.

“പേടിക്കേണ്ട… ആരും ഒന്നും ചെയ്യില്ല “
നേർത്ത സ്വരത്തിലത് പറയുമ്പോൾ അവന്റെ മുഷ്‌ടി ചുരുണ്ടു പോയിരുന്നു.

പാത്തു അവനിൽ നിന്നും നോട്ടം മാറ്റിയതുമില്ല.

“ഒട്ടും… ഒട്ടും പറ്റില്ലെങ്കിൽ അവനോട് ഇടഞ്ഞു നിൽക്കരുത്. ഇരുട്ടും മുന്നേ അങ്ങ് വന്നേക്കണം..”

ഒടുവിൽ.. ഞാൻ കാത്തിരിക്കും എന്നവളോട് പറയാൻ വന്നത് ക്രിസ്റ്റി വിഴുങ്ങി കളഞ്ഞു.

നിറഞ്ഞ കണ്ണൊടെ പാത്തു തല കുലുക്കി കാണിച്ചു.

“പോയിക്കോ.. ഇനിയും നിന്നാൽ എന്റെ കാര്യം ആകെ അവതാളത്തിലാവും. വെട്ട് കഴിഞ്ഞിട്ട് എനിക്ക് കോളേജിൽ പോവാനുള്ളതാ “

ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.

അതും പറഞ്ഞിട്ട് അവനൊന്നു കൂടി കണ്ണ് ചിമ്മി ചിരിച്ചു.

പാത്തു ഒന്ന് കൂടി തലയാട്ടി കൊണ്ട് മുന്നോട്ടു നടന്നു.

“അതേയ്…”

അവൾ പോകുന്നതും നോക്കി നിന്ന ക്രിസ്റ്റിക്ക് നേരെ തിരിഞ്ഞിട്ട് പാത്തു വീണ്ടും വിളിച്ചു.

“മ്മ്.. പറയ്‌ “

അവൻ നെഞ്ചിൽ കൈ കെട്ടി നിന്നിട്ട് ആവിശ്യപെട്ടു.

“പേര്.. പേര് ന്താ?”

ഒട്ടൊരു പതർച്ചയോടെയാണ് ചോദ്യം.

ക്രിസ്റ്റീയൊന്നു ചിരിച്ചു.

“എന്റെയോ?”

“മ്മ് “

“അറിഞ്ഞിട്ട് എന്നാത്തിനാ..?”

“ഒന്നുല്ല.. അറിഞ്ഞിരിക്കണമെന്ന് തോന്നി “
ഫാത്തിമ മുഖം കുനിച്ചു.

“ഞാൻ നിന്റെ പടച്ചോൻ ആണെന്നല്ലേ പറഞ്ഞത്?”

കുറുമ്പോടെ അവൻ തിരിച്ചു ചോദിച്ചു.

“മ്മ് “

“പടച്ചോന് ആരേലും പേരിടുവോ ഫാത്തിമാ?”

ക്രിസ്റ്റി അവളെ സൂക്ഷിച്ചു നോക്കി.

“എന്നാലും ഒന്ന് വിളിക്കാൻ…”
പാത്തു പാതിയിൽ നിർത്തി അവനെ നോക്കി.

“തത്കാലം നീ ദൈവമേ ന്ന് വിളിച്ചോ ഫാത്തിമ. ഞാൻ അതൊന്ന് ആസ്വദിക്കട്ടെ “

അവളുടെ മുഖത്തേക്ക് കുറുമ്പ് കയറുന്നുണ്ടോ എന്നാണ് ക്രിസ്റ്റി സൂക്ഷിച്ചു നോക്കിയത്.

കുഞ്ഞി പാത്തുവിനെ അവനെത്ര ദേഷ്യം പിടിപ്പിച്ചിരുന്നു!

അന്നത്തെ നല്ലൊരു വിനോദം എന്നതിനെക്കാളും.. വീർത്തു കെട്ടിയ ആ മുഖത്തെ ചേല് കാണാനുള്ള കൊതിയായിരുന്നു.

അതിനവൾ നൽകിയ സമ്മാനം…കടികളും നുള്ളും അടിയും ഇടിയുമെല്ലാം ഓർമയിൽ പോലും അവന് വിങ്ങി.

ഇല്ല.. പതിവ് നിസ്സംഗതയാണ് ഇപ്പോഴവളുടെ മുഖം നിറയെ.

കുറുമ്പും കുസൃതികളുമെല്ലാം കളഞ്ഞു പോയിരിക്കുന്നു..!

അപ്പോൾ മാത്രം അവനുള്ളമിത്തിരി വേദനിച്ചു.

ഒന്ന് കൂടി അവനെയൊന്ന് നോക്കി അവൾ തിരിഞ്ഞു നടന്നു.

ഫാത്തിമാ… “

ക്രിസ്റ്റി വിളിച്ചത് കേട്ട് അവൾ വീണ്ടും തിരിഞ്ഞു.

“കേൾക്കാൻ എനിക്കും… വിളിക്കാൻ നിനക്കും ഏറെയിഷ്ടമുള്ളൊരു പേരുണ്ടാകും. അത് കണ്ടെത്തും വരെയും… നിനക്ക് മുന്നിൽ എനിക്കൊരു പേര് വേണ്ട ഫാത്തിമാ “

കുഞ്ഞൊരു ചിരിയോടെ ക്രിസ്റ്റി വീണ്ടും കണ്ണ് ചിമ്മി ചിരിച്ചു.

“പോയിക്കോ…”

അവൻ പറഞ്ഞതിന്റെ പൊരുളറിയാതെ നിന്നവളോട് ക്രിസ്റ്റി വീണ്ടും പറഞ്ഞു.

തിരിഞ്ഞു നോക്കി കൊണ്ടവൾ കണ്ണിൽ നിന്നും മറന്നിട്ടാണ് ക്രിസ്റ്റി തിരിച്ചു നടന്നത്.

ചുണ്ടിൽ അപ്പോഴുമുണ്ട് ഒരു ചിരി.

“ടോമി… ഓടി വാ “

പിന്നിൽ അലസതയോടെ നടക്കുന്ന ടോമിയെ കൂടി വിളിച്ചിട്ട് ക്രിസ്റ്റിയ കുന്നുകൾ ഓടിയിറങ്ങി.

അവനു പിറകിൽ ടോമിയും ഓടി തുടങ്ങി.

ആവേശത്തിൽ ഓടിയിറങ്ങി വന്നവൻ.. മുറ്റത്തേക്കെത്തിയതും സഡൻ ബ്രെക്കിട്ടത് പോലെ നിന്ന് പോയി..

“ടോമി.. നമ്മള് പെട്ട..ഡാ “

അടുക്കളയിലും മുറ്റത്തും കത്തി കിടക്കുന്ന ലൈറ്റ് കണ്ടിട്ട്.. അവന്റെ കാലിൽ തൊട്ടുരുമ്മി നിൽക്കുന്ന ടോമിയോട് ക്രിസ്റ്റി പതിയെ പറഞ്ഞു.

മറിയാമ്മച്ചിയാണ് അടുക്കളയിലെങ്കിൽ തീർന്നു!

കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ വല്ല്യ പാടാണ് ആ മുന്നിൽ.

അമ്മയാണെൽ പിന്നെ ഒന്നും ചോദിക്കില്ലെന്നൊരു ആശ്വാസവുമുണ്ട്.

രണ്ടായാലും നേരിട്ടെ പറ്റു.

ഇന്നിനി വെറുതെ കളയാൻ ഒട്ടും സമയമില്ല. ഇപ്പോൾ തന്നെ പതിവിനെക്കാൾ വൈകി.

“നീ നിൽക്.. ജീവൻ ബാക്കി കിട്ടിയ ഞാൻ വരാം “

ഒരു നെടുവീർപ്പോടെ ടോമിയോട് പറഞ്ഞിട്ട് ക്രിസ്റ്റി അടുക്കളയുടെ നേരെ നടന്നു.

വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറുമ്പോൾ അവൻ പതറി കൊണ്ട് അകത്തേക്ക് നോക്കി.

അവിടെങ്ങും ആരുമില്ലന്ന് കണ്ടതും അവൻ ശ്വാസം വിട്ട് കൊണ്ട് നെഞ്ചിൽ കൈ ചേർത്തു.

പക്ഷേ അങ്ങോട്ട്‌ കയറിയതും സ്റ്റെയറ്റിൽ പിടിച്ചു കൊണ്ട് മുകളിലേക്ക് നോക്കി നിൽക്കുന്ന ഡെയ്സി.. അവനൊരേ സമയം സന്തോഷവും സങ്കടവും തോന്നി.

അവർ കേൾക്കാനായിട്ട് തന്നെയാണ് ക്രിസ്റ്റി ഒന്ന് മുരടനക്കിയത്.

തിരിഞ്ഞു നോക്കിയ ഡെയ്സിയുടെ കണ്ണിൽ.. ഇവനിതെപ്പോ പിന്നിൽ പൊട്ടി മുളച്ചുവന്നതെന്നാരു ചോദ്യമുണ്ടായിരുന്നു.

അന്ന് കട്ടൻ കാപ്പിയുടെ പിൻബലമില്ലാതെ തന്നെ ക്രിസ്റ്റി ഉത്സാഹത്തിലാണ്.

എന്നിട്ടും പതിവുപോലെ തന്നെ അവൻ രണ്ടു ഗ്ലാസ്‌ ചായക്കുള്ള വെള്ളം തിളപ്പിക്കാൻ വെച്ചത് കൂടുതൽ ചോദ്യങ്ങൾ അമ്മയെ ചുറ്റി വരിയാതിരിക്കാൻ വേണ്ടിയാണ്.

തന്നോട് അതേ കുറിച്ചൊന്നും ചോദിക്കില്ലങ്കിൽ കൂടിയും അതവരെ ശ്വാസം മുട്ടിക്കരുത് എന്നവന് നിർബന്ധമുണ്ടായിരുന്നു.

വല്ലാത്തൊരു ധൃതിയുണ്ടായിരുന്നു അന്നവന്റെ ചെയ്തികൾക്കെല്ലാം.

കുത്തനെയുള്ള കുന്നുകൾ പോലും അന്നവൻ അത് വരെയും തോന്നത്രയും ആവേശത്തിലാണ് ഓടി കയറിയതും തിരിച്ചതിറങ്ങിയതും.

വെട്ട് കഴിഞ്ഞു പാലെടുക്കാൻ വേണ്ടിയെടുക്കുന്ന ആ അരമണിക്കൂർ മുഴുവനും ക്രിസ്റ്റി ആലോചിച്ചത് പാത്തുവിനെ കുറിച്ച് തന്നെയാണ്.

അനുവാദമില്ലാതെ ചിന്തകളിൽ പോലും അവളാണ് നിറഞ്ഞു നിൽക്കുന്നത്.
അവൾക്ക് പിന്നിലെ കുരുക്കുകളെ കുറിച്ച് 
ഫൈസി ഓർമിപ്പിച്ചതതൊന്നും അവൻ മനഃപൂർവം ഓർത്തില്ല.

അവളെയെങ്ങനെ സേഫ് ആക്കും എന്നത് മാത്രം അന്നേരമവനിൽ ആശങ്ക പടർത്തി.

ജോലിയെല്ലാം ഒതുക്കി മുറിയിലെത്തിയതും ഹൃദയം വീണ്ടും തുടിച്ചു തുടങ്ങി.
കൂടുതൽ ഓർമകളിൽ കുരുങ്ങി കിടക്കാൻ സമയമില്ലെങ്കിൽ പോലും… നേർത്തൊരു ചിരിയോടെ ഓർമകളെല്ലാം അവളെ തട്ടി തടഞ്ഞു വീണ്ടും വീണ്ടും കുളിര് പകർന്നു.

“ഇന്നെന്താണ്.. പതിവില്ലാതെയൊരു ഇളക്കം?”
മൂളി പാട്ടോടെ അടുക്കളയിൽ ഓടി ചെന്നവനോട് മറിയാമ്മച്ചി ഒന്ന് ചുഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു.

“എനിക്കെന്താണ്.. ഇളകി കൂടെ?”
അതേ ഭാവത്തിൽ അവനും അവരുടെ കവിളിൽ പിടിച്ചു വലിച്ചു.

“ഒടുക്കം നാട്ടുകാര് ഒക്കെക്കൂടി കടന്നല് പോലെ ഒരു ഇളകലുണ്ട്. പൊന്നു മോൻ അത് മറക്കരുത് “

മറിയാമ്മച്ചി ഒരാക്കി ചിരിയോടെ പറഞ്ഞത് കേട്ട് ക്രിസ്റ്റിയുടെ നെഞ്ച് പിടച്ചു.

“എനിക്ക് ഒന്നാമതേ ഇന്ന് വൈകി. അതിനിടയിൽ നിങ്ങളുടെ വളിച്ച കോമഡി കേൾക്കാൻ തത്കാലം ടൈമില്ല.. കഴിക്കാൻ വല്ലതും ഉണ്ടെങ്കിൽ താ, എനിക്ക് പോണം “

ക്രിസ്റ്റി യാതൊരു ആവിശ്യമില്ലാഞ്ഞിട്ടും ഒച്ചയിട്ട് കൊണ്ട് പറഞ്ഞു.

അവിടെ ഉണ്ടായിരുന്ന മറ്റു രണ്ടു ജോലിക്കാരും മറിയാമ്മച്ചിയെ നോക്കുന്നുണ്ട്.

“എന്നോടെങ്ങാനും ആവിശ്യമില്ലാതെ ഒച്ചയിട്ടാ.. അടിച്ചു നിന്റെ കണ്ണ് ഞാൻ കലക്കും. പറഞ്ഞില്ലെന്നു വേണ്ട “
കയ്യിലുള്ള ചട്ടകം അവന്റ നേരെയോങ്ങി മറിയാമ്മച്ചി കലിപ്പിട്ടു കൊണ്ട് പറഞ്ഞു.

ക്രിസ്റ്റി അമർത്തി ചിരിച്ചു കൊണ്ട് കുനിഞ്ഞിരുന്നു.

“ഇന്നാ.. കഴിക്കങ്ങോട്ട്. അവിടേം ഇവിടേം വായിൽ നോക്കി നിന്നിട്ട് നേരം വൈകിന്ന് പറഞ്ഞിട്ട് അവന് എന്നോട് ചാടുന്നു “

അപ്പോഴും തീരാത്ത കെറുവോടെ മറിയാമ്മച്ചി വലിയ ശബ്ദത്തോടെ തന്നെ അവന് മുന്നിലേക്ക് പാത്രം നീക്കി വെച്ചു കൊടുത്തു.

താടിക്ക് കൈ കൊടുത്തു കൊണ്ടൊരു ചിരിയോടെ ക്രിസ്റ്റി ആ പിണക്കമെല്ലാം ആസ്വദിച്ചു.

അവന് വേണ്ടതെല്ലാം ഒരുക്കി കൊടുത്തിട്ട് അടുക്കള മുറ്റത്തേക്ക് ഇറങ്ങി പോയ അവര് പിന്നെ അവൻ കഴിച്ചു തീരുവോളം അങ്ങോട്ട്‌ വന്നില്ല.

നേരമില്ലാഞ്ഞിട്ടും ക്രിസ്റ്റി അവര് വിളമ്പിയത് മുഴുവനും കഴിച്ചു തീർത്തിട്ടാണ് എഴുന്നേറ്റത്.

അല്ലെങ്കിൽ പിന്നെ അത് കൂടി ചേർത്താവും പിണക്കത്തിന്റെ കാലപഴക്കം തീരുമാനിക്കുന്നത്.

കൈ കഴുകി മറിയാമ്മച്ചിയെ തിരഞ്ഞു കൊണ്ട് ക്രിസ്റ്റിയും മുറ്റത്തേക്കിറങ്ങി.

“ആഹാ.. ഇവിടിരിപ്പാണോ.. കള്ളി പെണ്ണ് “

വർക്ക് ഏരിയയുടെ തിണ്ണയിൽ പുറത്തേക്ക് നോക്കിയിരിക്കുന്ന മറിയാമ്മച്ചിയെ ക്രിസ്റ്റി പിന്നിലൂടെ പോയി പുണർന്നു.

“പിണക്കം ഞാൻ വന്നിട്ട് തീർക്കാം ട്ടാ.. ഞാനിന്ന് വല്ലാണ്ട് ബിസിയാണ്.. പോയി ട്ടാ “

ആ കവിളിൽ ചുണ്ട് ചോർത്തു കൊണ്ടവൻ വേഗം തിരിഞ്ഞു നടന്നു.

“ധൃതി പിടിച്ചിട്ടാ..ശകടത്തിൽ പറന്നു പോവണ്ടാ. പതിയെ പോയാൽ മതി..കേട്ടോ ഡാ.. വെളിവില്ലാത്തവനെ “
പിന്നിൽ നിന്നും അവരത് വിളിച്ചു പറയുബോൾ പിണക്കമൊന്നും ആ ഓർമയിൽ പോലുമില്ലായിരുന്നു.

“വെളിവില്ലാത്തത് നിങ്ങടെ കെട്ട്യോന് “

പോകും വഴി തന്നെ ക്രിസ്റ്റി ഉത്തരം കൊടുത്തിട്ടാണ് ഓടിയിറങ്ങിയത്.

ബുള്ളറ്റിൽ കയറിയിരുന്നിട്ടും ക്രിസ്റ്റിയുടെ കണ്ണുകൾ അകത്തേക്ക് തന്നെ പാഞ്ഞു.

ഡെയ്സിയെ തേടിയാണത്.

ഒന്നും മിണ്ടിയില്ലങ്കിൽ കൂടിയും.. അവൻ പോകും വരെയും അവിടെയും ഇവിടെയുമായി അവരുണ്ടാവാറുണ്ട്.

ഇന്നത് കാണാത്തതിന്റെ ഒരു… ഒരു…

ക്രിസ്റ്റി വീണ്ടും ഒന്നൂടെ പാളി നോക്കി.

ഒന്ന് രണ്ടു പ്രാവശ്യം യാതൊരു ആവിശ്യമില്ലാഞ്ഞിട്ടും ഹോണടിച്ചത് അവൻ അമ്മയെ വിളിച്ചതാണ്.

ബൈക്ക് ഒന്നിരപ്പിച്ചു കൊണ്ടവൻ വീണ്ടും വീണ്ടും കാത്തു.
ഒടുവിൽ അവന്റെ വണ്ടിയകലുന്ന ശബ്ദം കേട്ട്… ക്രൂരമായൊരു ചിരിയോടെ ആ നോവ് ആസ്വദിക്കുന്ന വർക്കിയുടെ മുന്നിൽ പിടഞ്ഞു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു ഡെയ്സി……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button