Novel

നിലാവിന്റെ തോഴൻ: ഭാഗം 21

[ad_1]

രചന: ജിഫ്‌ന നിസാർ

ഭയത്തോടെ തന്നെയാണ് പാത്തു കയറി ചെന്നത്.
അടുക്കളയിൽ വെളിച്ചമുണ്ട്.

ചാരി വെച്ച വാതിനിടയിൽ കൂടി വെളിച്ചത്തിന്റെ നേർത്തൊരു വര മുറ്റത്തേക്ക് തെളിഞ്ഞു നിൽക്കുന്നു.

ഇനി സഫിയാത്തയുടെ ചോദ്യങ്ങളുണ്ടാവും.

അതിനെന്ത് ഉത്തരമാണ് പടച്ചോനെ കൊടുക്കേണ്ടത്?

എന്നും ഒരേ കാര്യം തന്നെ പറയുമ്പോൾ അവർക്കും സംശയങ്ങൾ തോന്നും.

അതിനവരെയും കുറ്റം പറയാനാവില്ല.

ചിന്തയോടെ തന്നെയാണ് ഫാത്തിമ അകത്തേക്ക് ചെന്നത്.

അവളുടെ പ്രാർത്ഥനയുടെ ഫലമായിരിക്കും… അകത്ത് മഞ്ജു ചേച്ചി മാത്രമുള്ളു.
ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കിയിട്ടും പാത്തുവിന് വേറെ ആരെയും കാണാൻ കഴിഞ്ഞില്ല.

അടുപ്പിൽ ഏതോ പാചകത്തിലാണ് മഞ്ജു. തിരിഞ്ഞു നിൽക്കുന്ന അവർ കാണാതെ ശ്വാസം അടക്കി പിടിച്ചു കൊണ്ടാണ് പാത്തു അവിടെ നിന്നും അകത്തേക്ക് വലിഞ്ഞത്.

പിന്നിൽ നിന്നുമൊരു വിളി പേടിയോടെ കാതോർത്തു കൊണ്ടാണ് അവളോരോ ചുവടും വെച്ചത്.
ഒടുവിൽ മുകളിലെ സ്വന്തം മുറിയുടെ മുന്നിലെത്തിയപ്പോഴാണ് അവളൊന്നു ശ്വാസം വിട്ടത്.

ഇടം വലം നോക്കി കൊണ്ട് ആരുമില്ലെന്ന് ഉറപ്പാക്കിയിട്ടാണ് പാത്തു മുറിയിലേക്ക് ചെന്നത്.

തലേന്ന് ചെയ്തത് പോലെ മുറിയുടെ ഉൾവശം ഒന്നാകെയൊന്നു പരിശോധന നടത്തിയിട്ടാണ് വാതിൽ ചാരി അതിന് തടവായി മേശ വലിച്ചിട്ടത്.

വെളിച്ചം പരന്നിട്ടില്ല.

ലൈറ്റ് ഇട്ടു കൊണ്ട് അവളാ കിടക്കയിലേക്ക് മലർന്ന് വീണു.

ഹൃദയമപ്പോഴും കണ്ണ് ചിമ്മിയുള്ള ക്രിസ്റ്റിയുടെ ചിരിയിലാണ്.

അതെവിടെയോ കണ്ടിട്ടുണ്ടെന്ന് അവൾക്കുറപ്പുണ്ട്.
പക്ഷേ എത്രയൊക്കെ ഓർമകളിൽ ചികഞ്ഞിട്ടും എവിടെ നിന്നാണെന്ന് മാത്രം അവൾക്കോർത്തെടുക്കാനായില്ല.

ഇനിയും ആ കിടപ്പ് തുടർന്നാൽ ഉറങ്ങി പോകുമെന്ന് തോന്നിയിട്ടാണ് ഫാത്തിമ എഴുന്നേറ്റ് ബാഗിൽ നിന്നും ബ്രഷും പേസ്റ്റും… പിന്നെ കുളിച്ചു മാറിയിടാനുള്ള ഡ്രസ്സുമെല്ലാം എടുത്തു പുറത്തേക്ക് നടന്നു.

കോളേജിലെങ്കിലും പോവാൻ കഴിഞ്ഞിരുന്നുവെങ്കിൽ…

വെറുതെ ഇരുന്നു മടുത്തു.
ആരോടുമൊന്നും മിണ്ടി പറയാൻ കൂടിയില്ല.
തന്നെ കാണുമ്പോൾ തന്നെ മുഖം വീർപ്പിച്ചു പിടിച്ചു നടക്കുന്നവരോട് വീണ്ടും വീണ്ടും അങ്ങോട്ട്‌ ചെന്ന് മിണ്ടാനുള്ള ഉൾകരുത്തുമില്ല.

ഓരോന്നോർത്തു കൊണ്ട് അവളിറങ്ങി പോകുന്നത് നോക്കി നിന്ന അമീനും ഇജാസും ഒന്ന് പരസ്പരം നോക്കി.

“പറഞ്ഞില്ലേ ഞാൻ… അവളെങ്ങും ഓടി പോവില്ലന്ന് . എവിടെയോ ഒരു ഷെൽട്ടർ കണ്ടു പിടിച്ചിട്ടുണ്ട് പിശാച്.”

അമീൻ ഇജാസിനെ നോക്കി വിജയിയെ പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇനിയത് കൂടി കണ്ട് പിടിക്കണം. ഒന്നിനും പറ്റിയില്ലേൽ എന്നെ മോഹിപ്പിച്ചതിനുള്ള ശിക്ഷയായി അവളെ ഞാൻ ഒറ്റി കൊടുക്കും. ഈ ഇറങ്ങി പോകുന്നത് ഞാൻ വളച്ചൊടിക്കും.. എന്നോടാ അവളുടെ കളി “

ക്രൂരത നിറഞ്ഞൊരു ചിരിയോടെ അമീൻ പാത്തു പോയ വഴിയേ നോക്കി.

                              ❣️❣️

“അവൻ സന്തോഷിക്കാവുന്ന ഒരവസരവും ഞാൻ അനുവദിക്കില്ല “

പകയോടെ ഡെയ്സിയെ നോക്കി വർക്കി മുരണ്ടു.

“ഇതെല്ലാം അവസാനിക്കുന്ന ഒരു ദിവസം വരും “

വല്ലാത്തൊരു ഉറപ്പോടെ ഡെയ്സി പറഞ്ഞു.

“അവനറിയില്ല എന്നെ “

ക്രൂരമായൊരു ചിരിയോടെ വർക്കി ഡെയ്സിയെ നോക്കി.

“ശരിയാണ്. അവനറിയില്ല നിങ്ങളെ പൂർണ്ണമായും.”
ഡെയ്സിയും അത് അംഗീകരിച്ചു.

വർക്കിയുടെ മുഖത്തൊരു വിജയതിളക്കം.

“വർക്കി ചെറിയാൻ കളി പഠിച്ചിട്ട് തന്നെയാണെടി കളത്തിലിറങ്ങിയത് “
അവളൊന്നു മീശ പിരിച്ചു.

“ആയിരിക്കും. പക്ഷേ… പക്ഷേ എന്റെ മോൻ എല്ലാമറിയുന്ന ദിവസം.. അന്ന് തീരാവുന്ന കളികളെ നിങ്ങൾക്കറിയൂ. പിന്നെയങ്ങോട്ട് അവൻ കളിച്ചു തുടങ്ങും “

വല്ലാത്തൊരു മുറുക്കത്തോടെ ഡെയ്സി പറയുമ്പോൾ… വർക്കിയുടെ ചിരി മാഞ്ഞു.

മുഖം വിളറി വെളുത്തു.
പിന്നെ വർക്കി എന്തെങ്കിലും പറയുന്നതിന് മുന്നേ അയാൾ ലോക്കിട്ട് വെച്ച വാതിൽ വലിച്ചു തുറന്നു കൊണ്ട് ഡെയ്സി പുറത്തേക്കിറങ്ങി പോയി.

                           ❣️❣️

“നിനക്കെന്താ..ഡാ ഫൈസി ഒരു അവലക്ഷണം പിടിച്ച നോട്ടം?”

അവനരികിൽ വന്നു വണ്ടി നിർത്തിയത് മുതൽ.. സൂക്ഷിച്ചു നോക്കുന്ന ഫൈസിയോട് ക്രിസ്റ്റി ചിരിയോടെ ചോദിച്ചു.

“മ്മ്ഹ്ഹ്.. ഒന്നുല്ല “

ഫൈസി മുഖം വെട്ടിച്ചു.

“ആഹ്.. ഒന്നും ഇല്ലാഞ്ഞാ മതി. അതാണ് നിനക്ക് നല്ലത് “
അവനെ നോക്കി ക്രിസ്റ്റി പറഞ്ഞു.

ബൈക്ക് സ്റ്റാൻഡിൽ ഇട്ടു കൊണ്ട് ക്രിസ്റ്റി താഴെയിറങ്ങി.

“ഓഹോ.. എനിക്കല്ലേ? ചെറ്റത്തരം മുഴുവനും കാണിക്കുന്നത് നീ. കുഴപ്പം വല്ലതും വരുന്നുണ്ടെങ്കിൽ അതെനിക്കും.. ആഹാ.. അന്തസ് “
ക്രിസ്റ്റിയെ നോക്കി ഫൈസി പല്ല് കടിച്ചു.

“അതിന് ഞാനെന്തോ ചെയ്തു?”
ക്രിസ്റ്റി അവനെ നോക്കി കൊണ്ട് ചോദിച്ചു.

“ഏയ്‌ നീ ഒന്നും ചെയ്തില്ലെടാ മോനെ. അർദ്ധരാത്രി പെണ്ണൊരുത്തിയെ വിളിച്ചു മുറിയിൽ കയറ്റിയത് ഈ ഞാനാണല്ലോ? “

ഫൈസി വീണ്ടും മുഖം വീർപ്പിച്ചു.

“സത്യത്തിൽ എന്താ ചെങ്ങായി നിന്റെ പ്രശ്നം?”

ബുള്ളറ്റിൽ നിന്നുമിറങ്ങി 
ക്രിസ്റ്റിയവന്റെ തോളിൽ കയ്യിട്ട് പിടിച്ചു.

“നീ വിട്ടേ ക്രിസ്റ്റി. അതൊന്നും പറഞ്ഞ നിനക്ക് മനസ്സിലാവില്ല. ഞാൻ വെറുതെ.. എന്തിനാ വായിട്ടലക്കുന്നത് “
ഫൈസി തോളു വെട്ടിച്ചു കൊണ്ട് കുനിഞ്ഞിരുന്നു.

“ലോകത്തിലെ ആരും പറഞ്ഞിട്ട് മനസ്സിലായില്ലെങ്കിലും.. നീ പറഞ്ഞ എനിക്ക് മനസിലാവുമെടാ ഫൈസി. നീ പറഞ്ഞാൽ ഞാൻ അനുസരിക്കുകയും ചെയ്യും. എന്നേക്കാൾ നന്നായി നിനക്കറിയാമല്ലോ അത് “
ക്രിസ്റ്റി നേർത്തൊരു ചിരിയോടെ പറഞ്ഞത് കേട്ട് ഫൈസി മുഖം ഉയർത്തി നോക്കി.

“എനിക്ക്.. എനിക്കെന്തോ.. ആ അറക്കൽ ഷാഹിദ്.. ഓനെ കുറിച്ചോർക്കുമ്പോ.. എനിക്കവനെ ശെരിക്കറിയാം ക്രിസ്റ്റി. അവൻ.. അവനീ കാണുന്നതൊന്നുമല്ല. ദുബായിലെ അറിയപ്പെടുന്ന ബിസിനസ്സുകാരന്റെ ഒറിജിനൽ മുഖം… ഒരു.. ഒരു ക്രിമിനലിന്റെയാണ്. വേദനയും കരച്ചിലും കണ്ടു ചിരിക്കുന്നൊരു സൈക്കോ.. വേണ്ടായിരുന്നു.. വേണ്ടായിരുന്നു ക്രിസ്റ്റി “

ഫൈസി ക്രിസ്റ്റിയെ നോക്കാതെയാണ് പറയുന്നത്.

അവൻ നേർത്തൊരു ചിരിയോടെ ഫൈസിയെ തന്നെ നോക്കിയിരിപ്പാണ്.

“ഞാൻ ഇപ്പോഴും പറയും ഫൈസി… ഞാനൊരു തെറ്റും ചെയ്തിട്ടില്ലയെന്ന് “

ക്രിസ്റ്റി വല്ലാത്തൊരു ഉറപ്പോടെ പറഞ്ഞു.

“ഇല്ല.. എനിക്കറിയാം. പക്ഷേ ക്രിസ്റ്റി…”

എന്തോ പറയാൻ വന്നത് പാതിയിൽ നിർത്തി ഫൈസി പിന്നൊന്നും പറയാതിരുന്നു.

“ഡാ…”
ക്രിസ്റ്റി വിളിക്കുമ്പോൾ അവനൊന്നു മൂളുക മാത്രം ചെയ്തു.

“ജീവനുള്ള ഒരു പാവം പെണ്ണ്. ആരും ഇല്ലതിന്.. അനുഭവിക്കുന്ന വേദനകളൊന്ന് ഷെയർ ചെയ്യാൻ പോലും. ജീവനും മാനവും കയ്യിൽ പിടിച്ചു കൊണ്ട് ഭയന്ന് വിറച്ചു നിൽക്കുന്നവളോട്.. ഞാനെങ്ങനെയാ ഫൈസി ലോജിക് പറയുന്നത്?”

ക്രിസ്റ്റി പതിയെ… വളരെ പതിയെ പറഞ്ഞു.
അപ്പോഴും ഫൈസി ഒന്നും പറഞ്ഞില്ല.
അതേ മൗനത്തോടെ തന്നെയിരുന്നു.

പാത്തുവിനെ കുറിച്ച്… തന്റെ മനസ്സിലുള്ളത്.. ആ മനോഹരമായ ഫീലിനെ കുറിച്ച് ഫൈസിയോട് പറയണോ എന്നാണ് ക്രിസ്റ്റി അന്നേരവും ആലോചിച്ചത്.

അത് കൂടി അറിയുമ്പോൾ, ഇവൻ മിക്കവാറും ഉടവാളെടുത്തു തുള്ളും എന്നറിയാവുന്നത് കൊണ്ട് തന്നെ അതവനോട് അപ്പോൾ പറയേണ്ട എന്ന തീരുമാനത്തിൽ  ക്രിസ്റ്റി ഉറച്ചു നിന്നു.

“ഇന്നത്തെ കാലമാണ് ക്രിസ്റ്റി. എല്ലാർക്കും സ്വന്തം കാര്യത്തിലും വല്ല്യൊരു കാര്യമില്ല. അവളാരോ ആയിക്കോട്ടെ. പിടിക്കപെട്ടാൽ അവൾക്ക് രക്ഷപെട്ടു പോകാൻ വേണ്ടി എന്തൊക്കെ വിളിച്ചു പറയുമെന്ന് നമ്മൾക്കൊരിക്കലും പറയാൻ കഴിയില്ല. ഇല്ലേ?”

ഗൗരവതോടെ ഫൈസി പറഞ്ഞു.

ക്രിസ്റ്റി ഒന്നും പറയാതെ ദൂരേക്ക് നോക്കിയിരുന്നു.

“എനിക്കറിയാം നിന്നെ. മനസിലാവുകയും ചെയ്യും. നിന്റെ സ്ഥാനത്തു ഞാനായിരുന്നാലും ഇത് തന്നെയേ ചെയ്യൂ. അപ്പോൾ നീ ഞാനീ പറയുന്നത് പോലെ എന്നോട് പറയുകയും ചെയ്യും. ശെരിയല്ലേ?”
ഫൈസിയൊരു ചിരിയോടെ ക്രിസ്റ്റിയെ നോക്കി.

അവൻ ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു.

“അവൾക്ക്… വേദനിപ്പിക്കുന്ന ഒരു കഥ പറയാനുണ്ട് ഫൈസി “
അൽപ്പനേരത്തെ മൗനതിന് ശേഷി ക്രിസ്റ്റി പറഞ്ഞു.

“ഉണ്ടാവും.. എനിക്കും തോന്നി. ആ കഥ നിന്നെ വേദനിക്കരുത് എന്ന് കരുതിയാണ് ഞാൻ…”

ഫൈസി അവനെ നോക്കി.

“അവളിനിയും വരും “

ഫൈസിയെ നോക്കാതെ ക്രിസ്റ്റി പറഞ്ഞു.

“എനിക്ക് തോന്നി “

ഫൈസിയും പറഞ്ഞു.

“അമീനാണ് ഇപ്രാവശ്യം വില്ലൻ. ഫാത്തിമയുടെ റൂമിന്റെ ഡോറിന്റെ ഹുക്ക് പോലും അവനെടുത്തു മാറ്റി. അത്രത്തോളം നിസ്സഹായായിട്ടാണ് അവളിറങ്ങി വരുന്നത് “

ക്രിസ്റ്റി പറയുന്നത് കേട്ടിട്ട് ഫൈസി ഒന്നും മിണ്ടിയില്ല.

“അവളെ… അവളെ നമ്മുക്കൊന്ന് രക്ഷപെടുത്തി കൊടുത്താലോ ഡാ?”

ഒട്ടൊരു പതർച്ചയോടെയാണ് ക്രിസ്റ്റി അത് ചോദിച്ചത്.

“എങ്ങനെ?”

അവൻ പ്രതീക്ഷിച്ചത് പോലൊരു പൊട്ടിത്തെറിയില്ലാതെയാണ് ഫൈസിയത് ചോദിച്ചത്.

“അതെനിക്കറിയില്ല.”

ക്രിസ്റ്റി പതിയെ പറഞ്ഞു.

“പക്ഷേ.. എനിക്കറിയാമായിരുന്നു… ഇതിങ്ങനെയേ വരൂ ന്ന്. അത് കൊണ്ടല്ലേ ഞാനാദ്യം തന്നെ വേണ്ടാ വേണ്ടാന്ന് പറഞ്ഞത് “
കുഞ്ഞോരു ചിരിയോടെ ഫൈസി പറയുമ്പോൾ അതേ ചിരി ക്രിസ്റ്റിയുടെ മുഖത്തും ഉണ്ടായിരുന്നു.

“എന്റെ കൂട്ടുകാരൻ ഒരു പരോപകാരി ആണെന്ന് എനിക്കറിയാമല്ലോ.”

ഫൈസിയവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

“നീ ടെൻഷനാവാതെ. നമ്മുക്ക് ആലോചിച്ചു ഒരു ഐഡിയ കണ്ടു പിടിക്കാം. അത്ര പെട്ടന്നൊന്നും നടക്കില്ലെന്നു നിനക്കും അറിയാമല്ലോ? അറക്കൽ ഷാഹിദ്.. അവനെ ഭയന്നെ മതിയാവൂ. പക്ഷേ അവളെ കൈ വിട്ടു കളയുന്നുന്നുമില്ല. ഇനി അവളെ സഹായിക്കാൻ പറ്റില്ലെന്നോർത്തു നീ വെറുതെ ആലോചിച്ചു കാട് കയറേണ്ട. കേട്ടോ “

ഒട്ടൊരു ഗൗരവത്തോടെയാണ് ഫൈസി അത് പറഞ്ഞത്.

ചിരിയോടെ തന്നെ ക്രിസ്റ്റിയൊന്നു മൂളി.

“നല്ലൊരു വഴി കണ്ടു പിടിക്കുന്നത് വരെയും നീ നന്നായി സൂക്ഷിക്കണം. എനിക്ക് പറയാനുള്ളത് അതാണ്‌ “
ഫൈസി വീണ്ടും മുന്നറിപ്പ് കൊടുത്തു.

“എനിക്കറിയാം ഡാ “

“ഉവ്വാ.. നിനക്കെല്ലാം അറിയാം.. എന്നിട്ടാണ് “
ഫൈസി മുഖം കോട്ടി കൊണ്ട് പറഞ്ഞു.

“ബാ.. ക്ലാസ്സിൽ പോകാം.”
ഫൈസി തന്നെയാണ് ആദ്യം എണീറ്റതും.

“കയറണോ?”
താല്പര്യമില്ലാത്തത് പോലെ ക്രിസ്റ്റി തിരിച്ചു ചോദിച്ചു.
“പിന്നെ… തീർച്ചയായും കയറണം. വെറുതെ കളയാനിനി ടൈമില്ല മിഷ്ടർ.ചെയ്തു തീർക്കാൻ ഒരുപാടുണ്ട് കുന്നേൽ ക്രിസ്റ്റി ഫിലിപ്പിന്. മറന്ന് പോയോ അതെല്ലാം?”

ഫൈസി വളരെ കാര്യമായി തന്നെ ചോദിച്ചു.

ക്രിസ്റ്റിയുടെ മുഖത്തും വല്ലാത്തൊരു ഭാവം നിറഞ്ഞു.

അവനെഴുന്നേറ്റ് കൊണ്ട് ബുള്ളറ്റിന്റെ മേലെ വെച്ചിരുന്ന ബാഗ് വലിച്ചെടുത്തു തോളിലിട്ടു.
ഒന്ന് രണ്ടടി നടന്നതും പോക്കറ്റിൽ നിന്നും അവന്റെ ഫോൺ ബെല്ലടിച്ചു.

“മീരയാണല്ലോ?”
ചിരിയോടെ ക്രിസ്റ്റി ഫോണെടുത്തു നോക്കിയിട്ട് പറഞ്ഞു.

“ഓഓഓ.. നിന്റെ  മറ്റൊരു ആശ്രിത..”

ഫൈസി ചുണ്ട് കോട്ടി.

“പോടാ.. എന്റെ അനിയത്തി.”
ക്രിസ്റ്റി തിരുത്തി കൊടുത്തു.

“മ്മ്.. ഇക്കണക്കിനു ബന്ധങ്ങൾ കുറേ കൂടും. “
അവനെ നോക്കാതെ ഫൈസി പറഞ്ഞു.

ക്രിസ്റ്റി അവനെയൊന്ന് കൂർപ്പിച്ചു നോക്കി.
അപ്പോഴേക്കും ഫോൺ ബെല്ലടിച്ചു തീരാറായിരുന്നു.

“നീ ആദ്യം അതെടുക്ക്. ഇല്ലെങ്കിൽ പിന്നെ ആ ചീവിട് അത് പറഞ്ഞിട്ട് മനുഷ്യന്റെ ചെവി തിന്നും “

ഫൈസി ഫോൺ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

ക്രിസ്റ്റി വേഗം കോൾ അറ്റന്റ് ചെയ്തു.

അവൻ സംസാരിച്ചു തീരുവോളം ഫൈസി അക്ഷമയോടെ അവിടെ തന്നെ നിന്നു.

ക്രിസ്റ്റി ചിരിയോടെ മീരയോട് സംസാരിക്കുന്നത് നോക്കി അവൻ പുച്ഛത്തോടെ ചുണ്ട് കോട്ടി.

“എന്താണ്. അനിയത്തി കുട്ടി രാ…വിലെ തന്നെ?”

കളിയാക്കി കൊണ്ട് ഫൈസി ചോദിച്ചു.

ഫോൺ തിരികെ പോക്കറ്റിൽ ഇട്ടു കൊണ്ട് ക്രിസ്റ്റി ഫൈസിക്കൊപ്പം നടന്നു തുടങ്ങി.

“നിനക്കെന്താ ഫൈസി അവളോടിത്ര ദേഷ്യം?”

ക്രിസ്റ്റി ചോദിക്കുന്നത് കേട്ട് ഫൈസി നടത്തം നിർത്തി അവനെ നോക്കി.

“ദേഷ്യമോ? എനിക്കോ… പോടാ.. എനിക്കെന്തിനാ ആ ഭ്രാന്തിയോട് ദേഷ്യം?”
ഫൈസി ചിരിച്ചു.

“ഭ്രാന്തോ?  എടാ.. അവള്.. അവള് കുട്ടിയല്ലേ?”

ക്രിസ്റ്റി വീണ്ടും നടന്നു കൊണ്ട് ചോദിച്ചു.

“പിന്നെ.. ഒരു കുണുവാവ. പ്ലസ് റ്റൂവല്ലേ അവളീ വർഷം. വയസ്സ് പതിനേഴായില്ലേ? എന്നിട്ടും അതിനുള്ള വല്ല പക്വതയുമുണ്ടോ നിന്റെയീ അനിയത്തി കൊച്ചിന്. ഇപ്പോഴും അഞ്ചു വയസ്സിന്റെ ബുദ്ധിയാ. പിള്ളേരെ കൂട്ടി തല്ല് പിടിച്ചു നടക്കാൻ ഒരു അനിയത്തിയും അതിന് കുട പിടിക്കാൻ ഒരു ചേട്ടനും. രണ്ടും കൊള്ളാം.. നല്ല മട്ടല് വെട്ടി രണ്ടു കിട്ടിയ തീരാവുന്ന അസുഖമൊള്ളു രണ്ടിനും “

ഫൈസി എപ്പോഴത്തെയും പോലെ യാതൊരു ആവിശ്യമില്ലാഞ്ഞിട്ടും കലിപ്പിട്ടു.

മീരയുടെ കാര്യം എപ്പോൾ പറഞ്ഞാലും അവനിതേ ഭാവമാണ്.

അവളുടെ കുഞ്ഞു കളിക്കുന്ന സ്വഭാവത്തോട് അവന് കടുത്ത എതിർപ്പുള്ളത് പോലെ.

“സത്യത്തിൽ എന്താ ഫൈസി നിന്റെ പ്രശ്നം? “

അവന്റെ ഭാവം കണ്ടിട്ട് ക്രിസ്റ്റി വീണ്ടും ചോദിച്ചു.

“നിന്നോട് ഞാൻ മലയാളയിലല്ലേ ചെങ്ങായി പറഞ്ഞത്.. എനിക്കൊരു പ്രശ്നവുമില്ല. അത് വിട്ടേക്ക് നീ. എന്നിട്ട് പറ.. ഇന്നെന്താ ഈ പുന്നാര ചേട്ടനെ കൊണ്ട് നിന്റെ അനിയത്തിക്കുള്ള ആവിശ്യം.? മോൻ അത് പറ”

ക്രിസ്റ്റി വീണ്ടും അവനെ നോക്കി.

“അവൾക്ക് ആവിശ്യം വരുമ്പോൾ മാത്രമാണോ എന്നെ വിളിക്കുന്നത്?”

ക്രിസ്റ്റി കണ്ണുരുട്ടി.

“ഏറെക്കുറെ അത് അങ്ങനെ തന്നെയാണ് “

“എന്നാര് പറഞ്ഞു നിന്നോട്?”

“അതൊക്കെ ആരേലും പറഞ്ഞിട്ട് വേണോ. ഞാൻ കാണുന്നതല്ലേ ടേട്ടന്റെ വിളി.?”
ഫൈസി ചിരിച്ചു.

“ഇനി അങ്ങനെ ആണെങ്കിൽ തന്നെ എന്താ ഫൈസി? അവൾക്ക് വിളിക്കാൻ ഞാനല്ലേ ഒള്ളു?”

ക്രിസ്റ്റി വീണ്ടും ചോദിച്ചു.

“ഓ ആയിക്കോട്ടെ..”
ഫൈസി തലയാട്ടി സമ്മതിച്ചു.

“അവൾക്ക്… സ്കൂളിൽ നിന്നും ടൂർ പോകണം ഞാൻ കാശ് കൊടുക്കാം എന്ന് പറഞ്ഞിരുന്നു. ഇന്നാ ലാസ്റ്റ് ഡേറ്റ്. എന്നോട് സ്കൂളിൽ ചെല്ലാൻ പറഞ്ഞു വിളിച്ചതാ “

ക്രിസ്റ്റി പറഞ്ഞു.

മ്മ് “

ചിരിയേ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് അമർത്തി ഫൈസി തലയാട്ടി.

“എനിക്ക് നിന്റെയീ .. ചിരി കാണുമ്പോഴാ “ക്രിസ്റ്റി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.

“ഒന്ന് ചിരിക്കുന്നതൊക്കെ ഇത്രേം ക്രിമിനൽ കുറ്റമാണോഡേയ്?”
ഫൈസി ക്രിസ്റ്റിയെ നോക്കി.

“മീരയുടെ കാര്യം പറഞ്ഞ എപ്പോഴും ഇങ്ങനാ. നമ്മൾ വഴക്കുണ്ടാക്കി തുടങ്ങും “

ക്രിസ്റ്റി പറഞ്ഞു.

“നമ്മളല്ല. നീ.. നീയാണ് വഴക്ക് തുടങ്ങുന്നത് “
ഫൈസി അത് തിരുത്തി കൊടുത്തു.

“ഞാനോ..? “

“ആഹ്.. നീ തന്നെ.. അവൻറെയൊരു അനിയത്തിയോടുള്ള ഒലിപ്പീര് “

“വേണ്ടടാ.പിന്നെ നിന്നെ പോലെ ഏതു നേരത്തും എയർ പിടിച്ചു നടക്കാം ഞാനും. ഫറയുടെ ഏറ്റവും വലിയൊരു പരാതി തന്നെ അതല്ലേ.. ഫൈസിക്കാന്റെ കലിപ്പ് “

ക്രിസ്റ്റി അവനെ നോക്കി ചുണ്ട് കോട്ടി.ഫൈസിയുടെ അനിയത്തിയാണ് ഫറ നസ്രിൻ.

“ആ.. എനിക്ക് നിന്നെ പോലെ ഒലിപ്പിച്ചു നടക്കാൻ സൗകര്യമില്ല.”

ഫൈസി ഒട്ടും അയവില്ലാതെ തന്നെ പറഞ്ഞു.

“അതെന്തോ ചെയ്യ് നീ. ഇന്ന് ഉച്ചക്ക് ശേഷമാണ് മീരയുടെ സ്കൂളിൽ പോണ്ടത്. നമ്മക്ക് ഉച്ചക്ക് ശേഷം ലീവാക്കാം. അല്ലേ?”
ക്രിസ്റ്റി ചോദിച്ചു.

“നീ നിന്റെ അനിയത്തിയെ കാണാൻ പോകുന്നതിന് നമ്മൾ എന്തിനാവോ ലീവ്ടുക്കുന്നത്. നീ മാത്രം എടുത്താൽ പോരേ?”
ഫൈസി പുരികം പൊക്കി കൊണ്ട് അവനോട് ചോദിച്ചു.

“നീ വരുന്നില്ലേ എന്റെ കൂടെ?”

ക്രിസ്റ്റി നടത്തം നിർത്തി കൊണ്ട് ചോദിച്ചു.

“പിന്നെ എനിക്കതല്ലേ പണി “
ഫൈസിയത് മനോഹരമായി പുച്ഛിച്ചു.

“നീ കൂടി വാടാ.. ഞാൻ ഒറ്റക്ക് പോണ്ടേ. പ്ലീസ്..”

ക്രിസ്റ്റി ഫൈസിയെ നോക്കി.

“ഞാനില്ല മോനെ. അവള് നിന്നെ കണ്ടാൽ അപ്പൊ തുടങ്ങും കുഞ്ഞു പിള്ളേരെ പോലെ… കൊഞ്ചുന്നത്.എനിക്കാണേൽ അത് കണ്ട കലിപ്പ് വരും. ഒടുവിൽ ഞാനും അവളും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും വഴക്കാവും. ഇത് തന്നെയല്ലേ എപ്പോ കണ്ടാലും നടക്കുന്നത്. അത് കൊണ്ടാണ് ഞാൻ പറഞ്ഞത്.. ഞാൻ വരുന്നില്ലെന്ന്. നിന്നെ പോലെ വഴിയേ പോണ വയ്യാവേലികൾ തലയിലെടുത്തു വെക്കാൻ എനിക്ക് ഭ്രാന്തില്ല. പൊന്നു മോന് ഒറ്റക്കങ്ങു പോയാൽ മതി. ഇക്കാര്യാത്തിൽ ഒരു ബ്ലീഷുമില്ല.”

അതും പറഞ്ഞു കൊണ്ട് ഫൈസി മുന്നോട്ടു നടന്നു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button