Novel

നിലാവിന്റെ തോഴൻ: ഭാഗം 22

[ad_1]

രചന: ജിഫ്‌ന നിസാർ

“എന്റേട്ടൻ വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും “

മുഖം വീർപ്പിച്ചു കൊണ്ട് മീര വാദിച്ചു.

“വരുമായിരിക്കും..”
അവളുടെ കൂടെയുള്ള റിയ അവളെ ഒന്നുകൂടി ദേഷ്യം പിടിപ്പിക്കാണെന്നവണ്ണം പറഞ്ഞു.

ക്രിസ്റ്റിയെ കാത്തിരിപ്പാണ്.

ഉച്ചക്ക് ചോറുണ്ട് കഴിഞ്ഞു ഗേറ്റിലേക്ക് നോക്കി വന്നിരുന്നതാണ് മീര.
അവളുടെ വാല് പോലെ തന്നെ റിയയും ടീനയുമുണ്ട്.

ആ സ്കൂളിൽ പഠിക്കുന്ന ഒട്ടുമിക്ക കുട്ടികളും മീരയുടെ കൂട്ടുകാരാണ്.

ഒരഞ്ചു മിനിറ്റ് അവളോട് സംസാരിക്കാൻ അവസരം കിട്ടിയവരാരും അവളെ ജീവിതത്തിൽ ഒരിക്കലും പോലും മറന്നു പോകാനിടയില്ലാത്ത വിധം ഹൃദയത്തിലേറ്റിയിട്ടാവും തിരിഞ്ഞു നടക്കുന്നത്.

അത്രത്തോളം രസകരമായിട്ടാണ് അവളോരോ സൗഹൃദങ്ങൾക്കും തിരി കൊളുത്തുന്നത്.

ഒരഞ്ചു മിനിറ്റ് ആരോടും സംസാരിക്കാതിരിക്കുക എന്നതാണ് ജീവിതത്തിൽ അവളേറ്റവും കൂടുതൽ നേരിടുന്ന വെല്ലുവിളിയും.

ആ സ്കൂളിലെ ഏറ്റവും മുതിർന്ന കുട്ടികളാണ് അവരെല്ലാം. അതിന്റെ യാതൊരു വിധ അഹങ്കാരവുമില്ല.
പ്ലസ് റ്റൂ വരെയും മാത്രമുള്ളു അവിടെ.

“ബെല്ലടിക്കാൻ ഇനി വെറും പതിനഞ്ചു മിനിറ്റ് മാത്രമുള്ളു മീരാ.. ഇനി ഇന്ന് നിന്റെ ചേട്ടൻ വരുമെന്ന് എനിക്ക് തോന്നുന്നില്ലടി “

പറ്റിയാൽ ക്രിസ്റ്റിയെ ഒന്ന് വായിൽ നോക്കി ഇമ്പ്രസ് ചെയ്യിക്കാം എന്നൊരു ഉദ്ദേശത്തോടെ നിൽക്കുന്ന ടീനയുടെ സ്വരത്തിൽ ഒരു കുഞ്ഞു നിരാശ നീന്തി തുടിച്ചു.

“ഏട്ടൻ വരുമെന്ന് എന്നോട് പ്രോമിസ് ചെയ്തതാ. അങ്ങനെ എനിക്ക് പ്രോമിസ് തന്നതൊന്നും ഇക്കാലം വരെയും ഏട്ടൻ തെറ്റിച്ചിട്ടില്ല “
ആത്മവിശ്വാസത്തോടെ തന്നെ മീരാ പറഞ്ഞു.

അവളുടെ മിഴികൾ അപ്പോഴും ഗേറ്റിന്റെ നേരെ തന്നെയാണ്.

“ഇന്നാണ് ലാസ്റ്റ് ഡേറ്റേന്ന് പറഞ്ഞിട്ടില്ലേ മീരാ നീ?”

റിയ അവളെ നോക്കി ടെൻഷനോടെ ചോദിച്ചു.

മീരാ ഉണ്ടെന്ന് തലയാട്ടി.

“നീയും ഇവളും ഉണ്ടെന്ന് പറഞ്ഞു വാശി പിടിച്ചു കരഞ്ഞിട്ടാ ന്റെ വീട്ടിൽ നിന്നും സമ്മതിച്ചത്.. ദൈവമേ.. ഇനി അതിനെനിക്കും വഴക്ക് കേൾക്കേണ്ടി വരുവോ?”

റിയ വേവലാതിയോടെ മീരയെയും ടീനയെയും നോക്കി.

“എന്റേട്ടൻ വരും “
മീരയപ്പോഴും അത് തന്നെ പറഞ്ഞു.
അവളാ പറഞ്ഞു നിർത്തിയ അതേ നിമിഷം തന്നെയാണ് ക്രിസ്റ്റിയുടെ ബുള്ളറ്റ് ഗേറ്റ് കടന്നു വന്നതും.

പരിസരം പോലും നോക്കാതെ മീരാ ആർത്തു വിളിച്ചു കൊണ്ട് ചാടി എഴുന്നേറ്റു അവന് നേരെ ഓടി.

ക്രിസ്റ്റി ചിരിയോടെ ബുള്ളറ്റ് നിർത്തി അവളെ നോക്കി.

“ഈ ഈനാം പേച്ചിയുമുണ്ടോ “സഡൻ ബ്രെക്കിട്ടത് പോലെ മീരാ നിന്ന് പോയി.

ക്രിസ്റ്റിക്ക് പിന്നിലിരുന്നു അവളെ നോക്കി പല്ല് കടിക്കുന്ന ഫൈസിയെ അവളപ്പൊഴാണ് കണ്ടത്.

ആത്മഗതം അവൾ ഉദ്ദേശിച്ചതിലും അൽപ്പം സ്വരം കൂടി പോയിരുന്നു.

“അത് നീ ഈ മരപ്പട്ടിയോട് ചോദിക്ക്. ഞാനില്ലാന്ന് ആവതും പറഞ്ഞിട്ട് കേൾക്കാതെ.. അവന്റെയൊരു “

അവളെ നോക്കി കലിപ്പോടെ പറഞ്ഞു കൊണ്ട് ഫൈസി ക്രിസ്റ്റിയുടെ മുതുകിന് നല്ലൊരു തല്ല് വെച്ചു കൊടുത്തു.

ഹൂ… നല്ലത് പോലെ വേദനിച്ച ക്രിസ്റ്റി കണ്ണുകൾ അടച്ചു കൊണ്ട് പല്ല് കടിച്ചു.

മീരയുടെ ആർപ്പ് വിളി കേട്ടിട്ട് ചുറ്റും ഒരുപാട് കുട്ടികൾ അവരെ നോക്കുന്നത് ഫൈസി കണ്ടു.

അവൻ വീണ്ടും അവളെ തുറിച്ചു നോക്കി.

അവളാവട്ടെ, അങ്ങേയറ്റം പുച്ഛത്തോടെ അവനെ നോക്കി ചുണ്ട് കോട്ടി.

“എന്തോ നോക്കിയിരിക്കുവാ ഇനി നീ? ആ പേടകത്തിൽ നിന്നുമിറങ്ങി പോയി വന്ന കാര്യം നടത്തിയിട്ടു വാ. മനുഷ്യന് പോയിട്ട് വേറേം ജോലിയുള്ളതാ “

വണ്ടിയിൽ നിന്നുമിറങ്ങാതെ അവരെ നോക്കിയിരിക്കുന്ന ക്രിസ്റ്റിയെ നോക്കി ഫൈസി പറഞ്ഞു.

“പിന്നെ… ഇയാള് ജില്ലാ കലക്റല്ലേ?”
മീരാ വളരെ പതിയെ പറഞ്ഞിട്ടും ഫൈസിയത് കേട്ടിരുന്നു.

“അല്ലേടി… ഞാൻ നിന്റെ…..”

അതും പറഞ്ഞിട്ട് അവൻ അവളുടെ നേരെ ചെന്നു.

ഡാ “

ക്രിസ്റ്റി പിന്നിൽ നിന്നും വിളിച്ചു.

“തുടങ്ങിയോ.. നിങ്ങള് രണ്ടും?”

ക്രിസ്റ്റി വണ്ടിയിൽ നിന്നുമിറങ്ങി കൊണ്ട് ചോദിച്ചു.

“അത് കൊണ്ടല്ലെടാ നിന്നോട് ഞാൻ വരുന്നില്ലെന്ന് പറഞ്ഞത്?”

ക്രിസ്റ്റി അവന്റെ നേരെ നോക്കി കണ്ണുരുട്ടി.

“മീരേ… വന്നേ..നമ്മക്കാ ഫീസ് അടച്ചിട്ട് വരാം “

അവന്റെ ദേഷ്യം മനസ്സിലായത് പോലെ ക്രിസ്റ്റി മീരയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് ഓഫീസിനു നേരെ നടന്നു.

“ഇപ്പൊ വരാം ഫൈസി “
പോകും വഴി അവനൊന്നു തിരിഞ്ഞു നോക്കി പറഞ്ഞു.

നിർത്തിയിട്ട വണ്ടിയിലേക്ക് ചാരിയിരുന്നിട്ട് അവരെയൊന്നു നോക്കി എന്നതല്ലാതെ ഫൈസി ഒന്നും മിണ്ടിയില്ല.

ക്രിസ്റ്റിയുടെ കയ്യിൽ തൂങ്ങി വരുന്നവൾക്ക് നേരെ നോക്കി ടീനയും റിയയും ചിരിച്ചു.

“ഞാൻ പറഞ്ഞില്ലെടി.. എന്റേട്ടൻ വരുമെന്ന് “

ഒന്നുകൂടി ക്രിസ്റ്റീയോട് ചേർന്നു നിന്നിട്ട് മീര അൽപ്പം അഹങ്കാരത്തോടെ തന്നെ അവരോട് വിളിച്ചു പറഞ്ഞു.

അവര് രണ്ടാളും ക്രിസ്റ്റിയുടെ നേരെ നോക്കി ചിരിച്ചു.
“ഹും.. ചിരിക്കണ്ട രണ്ടും. ഏട്ടൻ വരില്ലെന്ന് ഇവര് പറഞ്ഞേട്ടാ….”
മീരാ അവരുടെ ചിരി കണ്ടപ്പോൾ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.

“അല്ല.. ഇത്രേം നേരമായിട്ടും കാണാതെ വന്നപ്പോൾ… ഇന്നല്ലേ ലാസ്റ്റ് ഡേറ്റ്.. അത് കൊണ്ട് “

റിയ ക്രിസ്റ്റി നോക്കുന്നത് കണ്ടപ്പോൾ പെട്ടന്ന് പറഞ്ഞു.

അവനൊന്നും പറയാതെ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു.മീരയപ്പോഴും അവന്റെ കയ്യിൽ തൂങ്ങി നിൽപ്പാണ്.

ആ ചിരിയുടെ മനോഹാരിതയിൽ മയങ്ങി പോയിരുന്നു അവർ രണ്ടാളും.

ഓഫീസിൽ എത്തുന്നത് വരെയും കണ്മുന്നിൽ കാണുന്ന ഏതൊരാളോടും മീരാ ആവേശത്തിൽ വിളിച്ചു പറയുന്നുണ്ട് ഇതെന്റെ ഏട്ടനാണെന്ന്.

അപ്പോഴൊക്കെയും അവളുടെ കൈകൾ അവനിൽ മുറുകും.

അവളെയൊട്ടും നിരാശപ്പെടുത്താതെ തന്നെ ക്രിസ്റ്റി എല്ലാവരോടും ചിരിയോടെ കൈ വീശി കാണിച്ചു.

“എന്റെ കുറുമ്പിനു കുട പിടിക്കുന്ന ഒരാളുണ്ടായിട്ടാ ഞാനിത്രേം വടക്കായി പോയതെന്ന് സാർ പറഞ്ഞില്ലേ. ദേ.. ആ കുട പിടിച്ചു തരുന്ന മുതലാ ഇത്. ഇങ്ങോട്ട് ചോദിക്ക് സാറേ.. ചോദിക്കാനുള്ളത് മുഴുവനും “

ഫീസ് അടക്കാൻ വേണ്ടി ടീച്ചേഴ്സിന്റെ റൂമിൽ എത്തിയപ്പോൾ.. അവിടെയുള്ളൊരു സാറിനോട് വല്ല്യ കാര്യത്തിൽ മീരാ വിളിച്ചു പറയുന്നത് കേട്ടിട്ട് ക്രിസ്റ്റീയൊന്നു ഞെട്ടി.

അയാളൊന്നു ചിരിച്ചിട്ട് ക്രിസ്റ്റിയെ നോക്കി കണ്ണടച്ച് കാണിച്ചു.

“ഡീ.. നീയെനിക്ക് തല്ലു വാങ്ങിച്ചു തരുവോ?”

ക്രിസ്റ്റി ശബ്ദം കുറച്ചു അവളുടെ കാതോട് ചേർന്നിട്ട് പതിയെ ചോദിച്ചു.

“ഏയ്.. ഏട്ടനെ തല്ലി താഴെയിടാനുള്ള പവറൊന്നും ബെന്നി സാറിനുണ്ടാവില്ല “
മീരാ അവൻ പറഞ്ഞത് പോലെ സ്വകാര്യമായി തന്നെ ക്രിസ്റ്റീയോട് പറഞ്ഞു.

“എന്താണ് ഏട്ടനും അനിയത്തിയും തമ്മിലൊരു സ്വകാര്യം?”

അവരുടെ ഭാവം കണ്ടിട്ട് ഏതോ ഒരു ടീച്ചർ വിളിച്ചു ചോദിക്കുന്നുണ്ട്.

“ഏയ്‌ ഒന്നുല്ല മിസ് “
ക്രിസ്റ്റി എന്തെങ്കിലും പറയും മുന്നേ മീരാ വിളിച്ചു പറഞ്ഞു.

“മീരാ… എങ്ങനുണ്ട്.. ഇവളുടെ പഠനമൊക്കെ?”

ക്രിസ്റ്റി അവരോടെല്ലാമായിട്ട് ചോദിച്ചു.

“അതിലെന്താ ക്രിസ്റ്റി ഇത്ര ചോദിക്കാൻ?  മീര മിടുക്കിയാണ്.ഈ കൊല്ലത്തെ ഞങ്ങളുടെ റാങ്ക് പ്രതീക്ഷയല്ലേ ഇവള്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ… ഈ വർഷവും ഇവളുടെ വിജയം ആവർത്തിക്കും എന്നതിൽ ഞങ്ങൾക്കാർക്കും യാതൊരു സംശയവുമില്ല.”

മീരയുടെ ക്ലാസ് ടീച്ചർ ചിരിച്ചു കൊണ്ടത് പറയുമ്പോൾ മീരാ പുരികമുയർത്തി കൊണ്ട് ക്രിസ്റ്റിയെ നോക്കി.

അവന്റെ കരുത്തുറ്റ കൈകളും അഭിമാനത്തോടെ അവളെ പൊതിഞ്ഞു പിടിച്ചു.

ഫീസല്ലാം അടച്ചു തിരിച്ചു പോരും വഴിയും മീരാ ആരെയെല്ലാമോ വിളിച്ചു കൂവി ക്രിസ്റ്റിയെ കാണിക്കുന്നുണ്ട്.

അവനതെല്ലാം ആസ്വദിക്കുന്നുമുണ്ട്.

“ഇനി ഒരാഴ്ച കൂടിയല്ലേ ഒള്ളു ടൂർ പോകാനുറച്ച ഡെറ്റിന്?”

ക്രിസ്റ്റി ഫൈസിക്ക് നേരെ നടന്നു കൊണ്ട് ചോദിച്ചു.

ഫൈസിയെ തുറിച്ചു നോക്കി കൊണ്ടാണ് മീരാ മൂളിയത്.

“ഏട്ടൻ എന്തിനാ ആ കാട്ടുമാക്കനെ കൂട്ടി വന്നത്?”
ഫൈസിയെ നോക്കി ശബ്ദം കുറച്ചു കൊണ്ട് ചോദിച്ചു.

ഡീ… ക്രിസ്റ്റി ഒന്ന് കണ്ണുരുട്ടി കൊണ്ട് അവളെ അടിക്കാനായി കൈ ഓങ്ങി. അതിന് മുന്നേ മീരാ ഒഴിഞ്ഞു മാറി മുന്നോട്ട് ഓടി.

ബെല്ലടിച്ചു കഴിഞ്ഞത് കൊണ്ട് കുട്ടികളെല്ലാം ക്ലാസിലേക്ക് കയറിയിരുന്നു.

“പോവാ ഡാ “

ബുള്ളറ്റിന്റെ കീ ഫൈസിക്ക് നേരെ ഇട്ടു കൊടുത്തു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

അത് ക്യാച് ചെയ്തു പിടിച്ചു കൊണ്ട് ഫൈസി കയറിയിരുന്നു.

“ഏട്ടൻ ഇനിയെപ്പഴാ വരുന്നത്?”

മീര വീണ്ടും അവന്റെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് ചോദിച്ചു.

“പിന്നെ… അവൻ ഉഗാണ്ടയിലേക്കല്ലേ പോവുന്നത്?”
ഫൈസി ചുണ്ട് കോട്ടി.

“ഞാൻ ഇയാളോട് ചോദിച്ചില്ല “

മീരാ അവനെ നോക്കി കണ്ണുരുട്ടി.

“അതിനാര് നിന്നോട് പറഞ്ഞു “

അവനും അത് പോലെ തന്നെ ചെയ്തു.

“ഞാനെന്റെ എട്ടനോട് പലതും പറയും.. അയിന് തനിക്കെന്താ?”
മീര വീണ്ടും ഫൈസിയെ നോക്കി ചോദിച്ചു.

“ഞാനെന്റെ കൂട്ടുകാരനോട് പലതും പറയും. അതിന് തനിക്കെന്താ?”
അവനും വിട്ടു കൊടുത്തില്ല.

“ഓ.. ഇനി അതും പറഞ്ഞു തുടങ്ങേണ്ട രണ്ടും. മീരേ.. നീ ക്ലാസ്സിൽ പോയെ.. ഫൈസി നീ വണ്ടിയെടുക്ക് “

അവർക്കിടയിൽ കയറി നിന്ന് കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

മീരയെ ഒന്ന് പുച്ഛത്തോടെ നോക്കിയിട്ട് ഫൈസി ബുള്ളറ്റ് സ്റ്റാര്ട് ചെയ്തു.

“പോട്ടെ മോളെ “

ക്രിസ്റ്റി കൈ വീശി കാണിച്ചു.

അവൾ ചിരിച്ചു കൊണ്ട് തിരിച്ചും അവന് നേരെ കൈ വീശി.

“ക്ലാസ്സിൽ കയറി പോടീ..ഇവിടെ നിന്ന് ഇളിക്കാതെ “
വണ്ടി മുന്നോട്ടെടുക്കുന്നതിനിടെ ഫൈസി മീരയെ നോക്കി പറഞ്ഞു.

“നീ പോടാ…”

അവളും അവനെ നോക്കി കൊഞ്ഞനം കുത്തി കാണിക്കുന്നത് അവൻ സൈഡ് ഗ്ലാസ്സിൽ കൂടി വളരെ വ്യക്തമായി കണ്ടിരുന്നു.

ബൈക്ക് നിർത്തി അവൻ തിരിഞ്ഞ് നോക്കും മുന്നേ മീര സ്റ്റെപ്പുകൾ തിരിച്ചോടി കഴിഞ്ഞിരുന്നു.

                              ❣️❣️

“ഇനിയെന്താ പ്ലാൻ.. വീട്ടിലോട്ടല്ലേ? “

മീരയുടെ മുഖത്തെ നിർവൃതിയെ കുറിച്ചോർത്തു കൊണ്ടിരുന്ന ക്രിസ്റ്റി ഫൈസിയുടെ ആ ചോദ്യം കേട്ടിരുന്നില്ല.ഫൈസിയുടെ തോളിലേക്ക് ചാഞ്ഞിരിപ്പാണ് അവൻ.

ഡാ “

തോളൊന്ന് വെട്ടിച്ചു കൊണ്ട് ഫൈസി വിളിച്ചു.
“ന്താടാ?”
ക്രിസ്റ്റി മുഖം ഉയർത്തി നോക്കി കൊണ്ട് ചോദിച്ചു.

“ഇനിയെന്താ നിന്റെ പരിപാടിയെന്ന്. സമയം മൂന്നാവുന്നുള്ളു “
ഫൈസി ചോദിച്ചു.

“വല്യപ്പച്ചനെ പോയെന്നു കണ്ടാലോ? കുറച്ചായി ആ വഴി പോയിട്ട്. “

ക്രിസ്റ്റി ചോദിച്ചു.

“പോയേക്കാം “

ഫൈസിയും ചിരിച്ചു കൊണ്ട് സമ്മതിച്ചു.

“ആദ്യം നീ മാർക്കറ്റിലോട്ട് വിട്. ഇച്ചിരി സാധനങ്ങളും വാങ്ങിച്ചിട്ട് പോവാം.”

ക്രിസ്റ്റി പറഞ്ഞത് കേട്ട് ഫൈസി ഒന്നും മിണ്ടാതെ വണ്ടിയുടെ സ്പീഡ് കൂട്ടി.

പത്തു മിനിറ്റ് കൊണ്ട് ടൗണിലെ സൂപ്പർ മാർക്കറ്റിനു മുന്നിൽ ഫൈസി വണ്ടി നിർത്തി.

“നീ ഇറങ്ങി വാങ്ങിക്ക്. ഞാൻ ബൈക്ക് പാർക്ക് ചെയ്തിട്ട് വരാം “

ഫൈസി പറഞ്ഞത് കേട്ട് ക്രിസ്റ്റി തലയാട്ടി കൊണ്ട് താഴെയിറങ്ങി.

“ഒരുപാടൊന്നും വാങ്ങിക്കാനില്ലടാ. ഈ മാസം ഉന്തി തള്ളി നിക്കാൻ ഇനിയും ദിവസങ്ങളുണ്ട്. ചിക്കിലി കുറവാണ്. അത്യാവശ്യം വേണ്ടുന്നത് വാങ്ങിക്കാം. സ്റ്റെല്ലാന്റിയും പനി പിടിച്ചിട്ട് ജോലിക്ക് പോണില്ലെന്ന് പറഞ്ഞിരുന്നു വിളിച്ചപ്പോൾ..”

ഒരു ദീർഘനിശ്വാസത്തോടെ ക്രിസ്റ്റി പറഞ്ഞു.

ഫൈസി അതിനുത്തരമൊന്നും പറയാതെ വണ്ടിയെടുത്തു പോയി.

അവൻ തിരികെ വരുമ്പോഴേക്കും ക്രിസ്റ്റി പറഞ്ഞത് പോലെ അത്യാവശ്യം വേണ്ടുന്ന ചില സാധനങ്ങൾ മാത്രം ബാസ്കറ്റിലേക്ക് എടുത്തിട്ടിരുന്നു.

“തീർന്നോ?”
ഫൈസി അവനരുകിൽ ചെന്നിട്ട് ചോദിച്ചു.

“മ്മ്.. തത്കാലം ഇത് മതി “
ക്രിസ്റ്റി നേർത്തൊരു ചിരിയോടെ പറഞ്ഞു.

അവന്റെ കയ്യിൽ കാശിന്റെ നല്ല കുറവുണ്ടെന്ന് ഫൈസിക്ക് മനസിലായി.
ഇല്ലെങ്കിൽ അവനൊരിക്കലും ഇത് പോലെ ചെയ്യാറില്ല.

ക്രിസ്റ്റിയെ ഒന്ന് നോക്കിയിട്ട് ഫൈസി അവന്റെ കയ്യിൽ നിന്നുമാ ബാസ്കറ്റ് പിടിച്ചു വാങ്ങി.

വേണ്ടന്ന് ക്രിസ്റ്റി ആവതും പറഞ്ഞിട്ടും ആ വലിയൊരു ബാസ്കറ്റ് നിറയെ സാധനങ്ങൾ വലിച്ചിട്ട് കൊണ്ട് ഫൈസി അതുമായി ബില്ലടിക്കാൻ ചെന്നു.

സ്വന്തം കാർഡ് ഫൈസി എടുത്തു നീട്ടിയപ്പോൾ ക്രിസ്റ്റി വീണ്ടും തടഞ്ഞു.

“ബഹളം വെക്കാതെടാ തെണ്ടി.. ആൾക്കാര് ശ്രദ്ധിക്കുന്നു “

ഫൈസി ക്രിസ്റ്റിയെ നോക്കി പതിയെ പറഞ്ഞു.

അവൻ പറഞ്ഞത് ശെരിയാണ്.

നിറയെ തിരക്കുള്ള ഷോപ്പാണ്. ഒട്ടുമിക്ക ആളുകളും അവരെ തന്നെ നോക്കുന്നുണ്ട്.

ബില്ലടിച്ചു സാധനങ്ങൾ പാക്ക് ചെയ്യും വരെയും പിന്നൊന്നും അവൻ മിണ്ടിയില്ല.

ഒട്ടും പ്രതീക്ഷിക്കാതെയാണ് അവന്റെ കണ്ണുകൾ ആ കാഴ്ചയിലുടക്കി പോയത്.

“വാടാ.. പോവാം. ഇത് തീർന്നു.”

വലിയ രണ്ട് മൂന്ന് പ്ലാസ്റ്റിക്ക് കവറുകൾ അരികിൽ വെച്ചു കൊണ്ട് ഫൈസി പറഞ്ഞു.

വലിഞ്ഞു മുറുകിയ മുഖത്തോടെ ക്രിസ്റ്റി ഫൈസിയെ നോക്കി.

“എന്താടാ?”

അവന്റെ മുഖം കണ്ടതും ഫൈസിയുടെ നെറ്റി ചുളിഞ്ഞു.

അവൻ ചൂണ്ടിയാ വിരലിനറ്റത്തേക്ക് ഫൈസിയുടെയും നോട്ടം നീണ്ടു………..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button