നിലാവിന്റെ തോഴൻ: ഭാഗം 25
[ad_1]
രചന: ജിഫ്‌ന നിസാർ
“തല തുടക്ക് “
അവളെയൊന്ന് നോക്കിയതിനു ശേഷം ക്രിസ്റ്റി കയ്യിലുള്ള തോർത്ത് നീട്ടി കൊണ്ട് പറഞ്ഞു.
വിറക്കുന്ന കയ്യോടെ ഫാത്തിമ അത് വാങ്ങി.
നനഞ്ഞൊട്ടിയ ദേഹത്തോടെ അവന്റെ മുന്നിൽ നിവർന്നു നിൽക്കാൻ അവൾക്കൊരു ജ്യാളതയുണ്ടെന്ന് മനസ്സിലാക്കിയ ക്രിസ്റ്റി വേഗം തിരിഞ്ഞു നിന്നു.
അവന്റെയും ദേഹം പാതിയോളം നനഞ്ഞു പോയിരുന്നു.
നനവുള്ള മുടിയിഴകൾ കൈ കൊണ്ട് കോതി ഒതുക്കി അവൻ പുറത്ത് തിമിർത്തു പെയ്യുന്ന മഴയിലേക്ക് തുറിച്ചു നോക്കി നിന്നു.
“തീർന്നില്ലേ?”
തിരിഞ്ഞു നോക്കാതെ ക്രിസ്റ്റി ചോദിച്ചു.
“മ്മ്..”
മഴയിൽ കുതിർന്നത് പോലൊരു മൂളലാണ് പകരം കിട്ടിയത്.
“എങ്കിൽ വാ, അകത്തേക്ക് പോകാം “
അവൻ തിരിഞ്ഞ് നിന്ന് അവളെ നോക്കി കൊണ്ടവളെ നോക്കി.
തല തുവർത്തിയിട്ടുണ്ട്.
നനഞ്ഞുലഞ്ഞ മുടിയിഴകൾ മുഖത്തിന്റെ പാതിയോളം മറച്ചിട്ടും വിറക്കുന്ന ചുണ്ടുകൾ രണ്ടും അവൾ കൂട്ടി പിടിച്ചത് കാണാം.
ഇട്ടിരുന്നു ചുരിദാറിൽ നിന്നും വെള്ളം ഇറ്റി വീഴുന്നത് ക്രിസ്റ്റി ടോർച്ചിന്റെ വെട്ടത്തിൽ കണ്ടു.
അവനവളോട് അങ്ങേയറ്റം സഹതാപം തോന്നി ആ നിൽപ്പ് കണ്ടപ്പോൾ.
“ഞാൻ.. ഞാനിവിടെ..”
വിറച്ചു വിറച്ചു കൊണ്ടവൾ പറഞ്ഞു തുടങ്ങിയത് അവന്റെ ഒറ്റ നോട്ടത്തോടെ നിർത്തി കളഞ്ഞു.
‘”ഇന്നലെ പറഞ്ഞത് തന്നെ എനിക്കിന്നും പറയാനൊട്ടും താല്പര്യമില്ല. അതിനായ് കളയാൻ സമയവുമില്ല. വരുന്നെങ്കിൽ വാ “
ഇച്ചിരി കടുപ്പത്തിൽ അത്രയും പറഞ്ഞു കൊണ്ടവൻ വീണ്ടും കൈകൾ തലയ്ക്കു മുകളിൽ വെച്ചിട്ട് മഴയിലേക്കിറങ്ങി.
പിന്നിലേക്ക് ടോർച്ചു തെളിയിക്കുമ്പോൾ അവൾ പുറകെ തന്നെ വരുമെന്ന് അവനുറപ്പായിരുന്നു.
വീണ്ടും നനഞ്ഞു കൊണ്ട് അവരാ അടുക്കളപ്പുറത്തെ തകര ഷീറ്റിന് കീഴിൽ വന്നു നിന്നു.
“ഡ്രസ്സ് ഒന്ന് വെള്ളം പിഴിഞ്ഞ് കള. അകത്തു കയറുമ്പോ വെള്ളം ഇറ്റി വീണിട്ട് തെളിവുണ്ടാക്കി കൊടുക്കേണ്ട “
അടക്കിയ ശബ്ദത്തിൽ ക്രിസ്റ്റി പറഞ്ഞു.
അവൻ പറയുന്നത് കേട്ടിട്ടും അവളുടെ കണ്ണുകൾ നാല് പാടും ചിതറി തെറിക്കുന്നുണ്ട്.
“എന്തായീ നോക്കുന്നേ?”
ക്രിസ്റ്റി ചോദിച്ചു.
“ആ പട്ടി…”
പാത്തു അത് പറയുന്നത് പോലും ഭയത്തോടെയാണ്.
“എന്തോന്ന്…?”
ക്രിസ്റ്റി വീണ്ടും ചോദിച്ചു.
“ഇവിടെ ഇന്നലെ ഉണ്ടായിരുന്ന ആ പട്ടി. അതെവിടെ പോയാവോ “
വീണ്ടും ഫാത്തിമ ചുറ്റും കണ്ണുകൾ പായിച്ചു.
“ടോമി.. അതാണാവന്റെ പേര് “
അവളാ പറഞ്ഞത് ഇഷ്ടപെടാത്തത്തിന്റെ മുഴുവൻ മുഷിപ്പുമുണ്ടായിരുന്നു അപ്പോഴവന്റെ സ്വരത്തിൽ.
“അവനെ ഇന്ന് തുറന്നു വിട്ടിട്ടില്ല ഞാൻ “വീണ്ടും ക്രിസ്റ്റി പറഞ്ഞത് കേട്ട് അവൾ തലയാട്ടി.
കയ്യിലുള്ള തോർത്ത് ക്രിസ്റ്റിക്ക് നേരെ നീട്ടിയിട്ട് ഫാത്തിമ മുടിയെല്ലാം കൂടി മുകളിലേക്ക് വാരി കെട്ടി വെച്ചിട് ചുരിദാറിന്റെ ടോപ്പ് നന്നായി ഒന്ന് പിഴിഞ്ഞ് കളഞ്ഞു.
“വേഗം നോക്ക്..”
ഒറ്റ കൈ കൊണ്ട് മുടി തോർത്തി ക്രിസ്റ്റി ധൃതി കൂട്ടി.
തോളിൽ കിടന്നു ഷാൾ കൂടി വലിച്ചെടുത് പിഴിഞ്ഞ് അവളത് നിവർത്തിയിട്ടു.
അപ്പോഴും നന്നായി വിറക്കുന്നുണ്ട്.
“വാ “
തോർത്ത് തോളിൽ ഇട്ടു അടുക്കള വാതിൽ തള്ളി തുറന്നു കൊണ്ടവൻ അകത്തേക്ക് കയറി.
ഫാത്തിമ കൂടി കയറിയത്തിന് ശേഷം വളരെ ശ്രദ്ധയോടെ അത് ചേർത്തടച്ചു കൊണ്ട് തിരിഞ്ഞ് നടന്നു.
തലേന്നത്തെ അനുഭവം പോലെ തന്നെ മുഖകിലെത്തിയിട്ടാണ് രണ്ടാളും നേരെയൊന്ന് ശ്വാസം വിട്ടത്.
അവളെയൊന്ന് നോക്കിയിട്ട് ഷെൽഫിൽ നിന്നും അവൾക്ക് ധരിക്കാൻ കൊടുത്ത അതേ ഡ്രസ്സ് തന്നെ എടുത്തു നീട്ടുമ്പോൾ ഫാത്തിമ മുഖം ഉയർത്തി അവനെയൊന്ന് നോക്കി.
“പോയി ഫ്രഷ് ആയിട്ട് വാ. നനഞ്ഞു നിന്നാൽ പിന്നെ അത് മതിയാവും വല്ല അസുഖവും വരാൻ. കിടന്നു പോയാൽ അവർക്ക് മുന്നിൽ ലോക്കാവും.”
ഒന്ന് മടിച്ചവളെ നോക്കി അവനൊരു മന്ദഹാസത്തോടെ ഓർമ്മിപ്പിച്ചതും അറിയാതെ തന്നെ ഫാത്തിമ അത് കൈ നീട്ടി വാങ്ങി.
തോളിൽ കിടന്നു തോർത്ത് കൂടി അവൾക്ക് നേരെ നീട്ടിയിട്ട് ക്രിസ്റ്റി പുറത്തേക്കിറങ്ങി.
❣️❣️❣️
ഇജാസിന്റെ മുഖത്തൊരു പരിഹാസച്ചിരിയുണ്ട്.
അതിലേക്ക് നോക്കുമ്പോഴൊക്കെയും അമീന്റെ പല്ലുകൾ ഞെരിഞ്ഞു.
“ഓള് കളിക്കാൻ അറിയാവുന്നവളാണെടാ മോനെ “
ഫാത്തിമയുടെ മുറിയിൽ ആകെയൊന്ന് കണ്ണോടിച്ചു നോക്കി കൊണ്ട് ഇജാസ് വീണ്ടും പറഞ്ഞു.
“”എങ്കിൽ ഓളെ കളി പഠിപ്പിച്ചിട്ട് തന്നെ കാര്യം. ഓൾക്കറിയില്ല ഈ അമീനെ “
താടി ഉഴിഞ്ഞു കൊണ്ട് അമീൻ പകയോടെ മൊഴിഞ്ഞു.
“എന്റെ പൊന്ന് അമീ. ഇനിയെങ്കിലും ഓളെ വിട്ടു പിടിക്കുന്നതാണ് നിന്റെ ആരോഗ്യത്തിനും മാന്യതക്കും ഏറ്റവും നല്ലത്.”
ഇജാസ് അവനെയൊന്നുക്കൂടി ഓർമ്മിപ്പിച്ചു.
“ഓള് പറഞ്ഞത് ഇയ്യും കേട്ടില്ലേ? രണ്ടും കല്പ്പിച്ചു തന്നെയാണ് ഓളും. ഷാഹിദ് ഇതറിഞ്ഞാ.. ന്റെ അള്ളോഹ്..”
ആ ഓർമയിൽ പോലും ഇജാസ് വിറച്ചു.
“ഇല്ലെടാ.. വിടില്ല ഞാനവളെ. എനിക്ക് മുന്നിൽ വന്നു നിന്നിട്ട് വെല്ലുവിളിച്ചവളെ ഞാൻ വെറുതെ വിടാണോ.? നടക്കില്ലത്.ഞാനാണ് പിറകില്ലെന്ന് അറിയിക്കാതെ തന്നെ ഓളെ ഞാൻ കുരുക്കും. അതിനുള്ള വഴി എനിക്കറിയാം “
കൗശലത്തോടെ അമീൻ വീണ്ടും ചിരിച്ചു.
“ഞാനല്ല… ഇവിടെ ഷാഹിദിന്റെ ബീവി പട്ടം കാത്ത് നിൽക്കുന്ന നിരവധി തരുണീമണികളില്ലേ? അവനെ കൈവിട്ടു പോകുമെന്ന് ഭയന്നിട്ടല്ലേ അവളുമാര് ഫാത്തിമയെ കൂട്ടത്തിൽ ചേർക്കാത്തത്. തത്കാലം അവരാണ് എന്റെ കരുക്കൾ. അവരെ വെച്ചിട്ട് തന്നെ അവളെ ഞാൻ കുരുക്കും. നീ നോക്കിക്കോ?
കുതന്ത്രങ്ങളോരോന്നും അവനുള്ളിൽ വിഷം ചീറ്റി മൂളി പറക്കാൻ തുടങ്ങിരുന്നു.. ആ നിമിഷം മുതൽ.
❣️❣️❣️
റെഡിയാക്കിയ കട്ടൻ ചായ ശ്രദ്ധയോടെ ക്രിസ്റ്റി ഒരു ജഗ്ഗിലേക്ക് പകർന്നു.
തിളച്ച ചായ ഗ്ലാസ്സിൽ എടുത്താൽ അതുമായി സ്റ്റെപ്പ് കയറി മുകളിൽ എത്തുകയെന്നത് റിസ്ക്കാണ്.
അതുമല്ല.. അതുമായി പോകുന്ന നേരം കഷ്ടകാലത്തിനു ആരെങ്കിലും അപ്രതീക്ഷിതമായി മുന്നിലേക്ക് വന്നെത്തിയാൽ… അതോടെ തീർന്നു.
നേരിട്ട്, മറിയാമ്മച്ചി ഒഴികെ ആരും ചോദ്യം ചോദിക്കില്ലെങ്കിൽ കൂടിയും താൻ നീരീക്ഷിക്കപ്പെടാൻ സാധ്യതയേറും.
അങ്ങനെയാവുമ്പോൾ ഫാത്തിമയുടെ കാര്യമാണ് കഷ്ടത്തിലാവുക.
അവൾക്കൊരിക്കലും സംരക്ഷണമൊരുക്കാൻ പിന്നീട് കഴിഞ്ഞെന്ന് വരില്ല.
നിരവധി കണക്ക് കൂട്ടലുകളായിരുന്നു അവന്, രണ്ടു ഗ്ലാസ് ചായ തിളക്കും വരെയും.
അതിന്റെ റിസൾട്ടാണ് ഇപ്പൊ ജഗിൽ എത്തി നിൽക്കുന്നത്.
ഇത് പോലെ പഠിക്കാനിരിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ.. മുകളിലേക്ക് കൊണ്ട് പോകാറുള്ളത് കൊണ്ട് തന്നെ സംശയിക്കപ്പെടാൻ സാധ്യതയുണ്ടാവില്ല എന്നതും അവനുറപ്പുണ്ടായിരുന്നു.
മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തിട്ട് അത് പോക്കറ്റിലിട്ടിട്ട് അവൻ അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തു.
ഒരു കയ്യിൽ ജഗ്ഗും മറു കയ്യിൽ രണ്ടു ഗ്ലാസ്സുമാവുമ്പോൾ ആ ലൈറ്റ് കൊടുത്തുവാൻ വീണ്ടും ഇറങ്ങി വരേണ്ടി വരുമെന്ന് കരുതിയാണ് അവനങ്ങനെ ചെയ്തത്.
ഹാളിലെ സ്റ്റെപ്പിനരികിൽ അവൻ എത്തിയതും ഡെയ്സിയുടെ മുറിയുടെ വാതിൽ തുറന്നു കൊണ്ട് അവരിറങ്ങി വന്നതും ഒരുമിച്ചായിരുന്നു.
ഒരു നിമിഷത്തെ വെപ്രാളത്തിൽ ക്രിസ്റ്റി ഞെട്ടി പോയിരുന്നു.
അറിയാതെ തന്നെ അവന്റെ കണ്ണുകൾ മുകളിലേക്ക് പാഞ്ഞു.
അതേ സമയം അവനെ അവിടെ പ്രതീക്ഷികാത്ത ഒരു പകപ്പ് ഡെയ്സിയിലും ഉണ്ടായിരുന്നു.
കണ്ണുകൾ തമ്മിലിടയുമെന്ന് തോന്നിയ അതേ നിമിഷം തന്നെ ക്രിസ്റ്റി നോട്ടം തെറ്റിച്ചു.
പതിയെ അവൻ മുകളിലേക്ക് കയറി പോകുന്നത് നോക്കി ഡെയ്സി അപ്പോഴും താഴെയുണ്ടായിരുന്നു.
കാൽ കൊണ്ട് വാതിൽ പതിയെ ചവിട്ടി തുറന്നു കൊണ്ട് ക്രിസ്റ്റി ചെല്ലുമ്പോൾ ഫാത്തിമ കുളിച്ചു കഴിഞ്ഞു വന്നിരുന്നു.
നനഞ്ഞു മുടിയിഴകൾ തോർത്തിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്.
നനഞ്ഞു ആ ഷാൾ ഒന്നൂടെ പിഴിഞ്ഞ് കുടഞ്ഞിട്ട് അത് തന്നെ മാറിന് കുറുകെയിട്ടിട്ടുണ്ട്.
അവൾ അഴിച്ചു മാറ്റിയ ഡ്രസ്സ് ചുരുട്ടി കൂട്ടി കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ടിട്ട് ക്രിസ്റ്റി കയ്യിലുള്ള ജഗ്ഗും ഗ്ലാസും മുറിയിലെ കുഞ്ഞു ടേബിളിൽ വെച്ചിട്ട്, ഷെൽഫിൽ നിന്നൊരു പ്ലാസ്റ്റിക്ക് കവറെടുത്തു കൊണ്ട് അവൾക്ക് നേരെ നീട്ടി.
“ഇതിനകത്തിട്ടേക്ക് “
അവൻ പറഞ്ഞു.
ഒന്ന് തലയാട്ടി കൊണ്ട് ഫാത്തിമ അത് വാങ്ങി.
ഷെൽഫിൽ നിന്നും ഒരു ഷർട്ട് കൂടി എടുത്തു കൊണ്ട് ക്രിസ്റ്റി ബാത്റൂമിന് നേരെ നടന്നു.
ഷർട്ട് നന്നായി നനഞ്ഞിട്ടുണ്ട്. അതൊന്ന് മാറ്റിയിട്ടു കൊണ്ട് അവനിറങ്ങി വന്നപ്പോഴും ഫാത്തിമ മുറിയുടെ മൂലയിൽ അതേ നിൽപ്പാണ്.
“ചായ കുടിച്ചില്ലേ നീ?”
അവൻ ഇറങ്ങി വന്നു ചോദിച്ചു.
അവളൊന്നും മിണ്ടിയില്ല.
അവൻ തന്നെ രണ്ടു ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ട് അവൽക്കരികിലെത്തി.
“കുടിക്ക്. ഈ തണുപ്പൊന്ന് മാറട്ടെ.”
അവൻ നീട്ടിയ ഗ്ലാസ് ഫാത്തിമ ആർത്തിയോടെയാണ് വാങ്ങിയത്.
ആ അവസ്ഥയിൽ അതവൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നു.
വിറയൽ ക്രമേണ അമർന്നത് പോലെ.
അവളുടെ കണ്ണുകൾ നന്ദിയോടെ ക്രിസ്റ്റിയുടെ നേരെ നീണ്ടു.
അവനും കിടക്കയിലിരുന്നു കൊണ്ട് കട്ടൻ ആസ്വദിച്ചു കുടിക്കുകയാണ്.
“ജഗിൽ ഇനിയുമുണ്ട്. വേണമെങ്കിൽ എടുത്തു കുടിക്ക് “
അവളെ നോക്കി ക്രിസ്റ്റി വീണ്ടും പറഞ്ഞു.
“മതി…”
ഫാത്തിമ പതിയെ പറഞ്ഞു.
“ഒരുപാട് നേരമായിരുന്നോ അവിടെ വന്നിരുന്നിട്ട്?”
ക്രിസ്റ്റി അവളെ നോക്കി.
“മ്മ്.. മഴ തോരുമെന്ന് കരുതി.. പക്ഷേ…”
വളരെ പതിയെ ആണ് പറയുന്നത്.
“കയ്യിലൊരു വെളിച്ചം പോലുമില്ലാതെ…”
ക്രിസ്റ്റി ഒരു നെടുവീർപ്പോടെ അവളെ നോക്കി.
ഫാത്തിമ ഒന്നും പറയാതെ മുഖം കുനിച്ചു.
“ഓരോ ദിവസം കഴിയുന്തോറും കൂടുതൽ റിസ്ക് ആവുകയാണ് ഫാത്തിമ. ശാശ്വതമായൊരു പരിഹാരം കണ്ടെത്തിയെ മതിയാവൂ “
ക്രിസ്റ്റി വീണ്ടും പറഞ്ഞത് കേട്ട് അവൾ അവനെയൊന്ന് നോക്കി.
“എനിക്കിങ്ങോട്ട് നിന്നെ വിളിച്ചു കയറ്റാൻ പരിമിതികളുണ്ട്. അറിയാലോ.. പിടിക്കപ്പെട്ടാൽ എന്നെയും നിന്നെയും കേൾക്കാൻ പോലും ആരുമുണ്ടാവില്ല “
അവൻ വീണ്ടും അവളെ നോക്കി.
“നീ… എന്തെങ്കിലും പഠിക്കാൻ പോയിരുന്നോ?”
അവന്റെ ചോദ്യം കേട്ടിട്ട് അവൾ ഒന്ന് തലയാട്ടി.
“ഏതായിരുന്നു?”
“ഡിഗ്രി.. സെക്കന്റ് ഇയർ “
ഫാത്തിമ ആവേശത്തിലാണ് മറുപടി പറഞ്ഞത്.
“ഇവിടെ നിന്നും പഠിക്കാൻ പോണമെന്നൊന്നും പറഞ്ഞില്ലെ നീ?”
ഇല്ലെന്ന് തലയാട്ടുമ്പോൾ അവളുടെ മുഖം വാടി പോയി.
“എങ്കിൽ.. ഏതു വിധേനയും താനത് അറകലിൽ അവതരിപ്പിക്കാൻ ശ്രമിക്കണം. ആവിശ്യം നിന്റെയാണ്.. അംഗീകരിച്ചു തരുവോളം ശ്രമിക്കണം. പോരാടുക എന്നത് നിന്റെ ഉത്തരവാദിത്തമാണ്. തോറ്റു കൊടുക്കില്ലെന്ന് വാശിയോടെ ശ്രമിക്കണം.മനസ്സിലായോ?”
ക്രിസ്റ്റി ചോദിക്കുമ്പോൾ… വല്ല്യ പ്രതീക്ഷയൊന്നുമില്ലാത്തത് പോലെ പാത്തുവിന്റെ മുഖം വീണ്ടും മങ്ങി.
ആ വലിയ വീടിനുള്ളിൽ തന്റെ സ്ഥാനം എന്തെന്ന് മനസ്സിലായത് പോലെ ഒരു വിളറിയ ചിരിയുണ്ടായിരുന്നു അവളിൽ.
“ഒറ്റ പറച്ചില് കൊണ്ടൊന്നും പോസിറ്റീവ് റിസൾട് പ്രതീക്ഷിക്കരുത്. നിരന്തരം പ്രയക്നിക്കാൻ തയ്യാറാവണം നീ. ഒരു ദിവസം കൊണ്ട് നേടായില്ലെങ്കിലും ഏതെങ്കിലും ഒരു ദിവസം… തീർച്ചയായും നേടാനാവും.”
ക്രിസ്റ്റി അവളെ തന്നെ നോക്കി………..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]