Novel

നിലാവിന്റെ തോഴൻ: ഭാഗം 26

[ad_1]

രചന: ജിഫ്‌ന നിസാർ

ഫോൺ ബെല്ലടിക്കുന്നത് കേട്ടിട്ട് ക്രിസ്റ്റിയും പാത്തുവും ഒരുപോലെ ഞെട്ടി തരിച്ചു പോയിരുന്നു.

മുറിയിലാകെ നിറഞ്ഞു നിന്നിരുന്ന മൗനം പെട്ടന്നാരോ ഉടച്ചത് പോലെ..

പാത്തുവിനെ ഒന്ന് നോക്കിയിട്ട് ക്രിസ്റ്റി ഫോണെടുത്തു.

ഫൈസിയാണ്..

ആ പേര് കണ്ടതും ക്രിസ്റ്റിക്ക് ചിരി വന്നു.
“ഹലോ…”
പാത്തുവിനെ ഒന്ന് നോക്കി കണ്ണ് ചിമ്മി കാണിച്ചിട്ട് നല്ല ഈണത്തിൽ ക്രിസ്റ്റി പറഞ്ഞു.

“അകത്തെത്തിയോ?”

മുഖവുരയൊന്നുമില്ലാതെ ഫൈസിയുടെ ചോദ്യം.

“ഉവ്വ്..”

“സമാധാനം..”

“അത് അവിടെ നിക്കട്ടെ.. ഞാനും അവളും അകത്തു കയറിയെന്ന് നിനക്കെങ്ങനെ അറിയാം?”
ക്രിസ്റ്റി ചിരി അടക്കി പിടിച്ചു ചോദിച്ചു.

“ഞാൻ കാവടി നിരത്തി നോക്കിയെടാ.. എന്തേ… അത് പോരെ?”
ഫൈസിയുടെ മറുപടി കേട്ടതും ക്രിസ്റ്റി നിലവിട്ട് ചിരിച്ചു പോയിരുന്നു.

“ഇപ്പൊ പുറത്തെ മഴയെ ഓർത്തു നിനക്ക് വേവലാതിയുണ്ടോടാ അലവലാതി?”

കടുപ്പത്തിലുള്ള ചോദ്യം.

“തകർത്ത് പെയ്യുന്ന മഴ ഒരു അനുഗ്രഹമല്ലേ മോനെ ഫൈസി.. അങ്ങട്ട് പെയ്യട്ടെടാ. ഭൂമിയുടെ ദാഹം തീരണ്ടേ. അത് കൊണ്ട് നീ കണ്ണ് വെക്കല്ലേ?”

കള്ളത്തരം മുഴുവനുമുണ്ടായിരുന്നു ക്രിസ്റ്റിയുടെ വാക്കുകളിൽ.

“എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് കേട്ടോ. ഒടുക്കം പുലിവാലാകുമെന്നു തോന്നുമ്പോ.. വേണ്ട.. ഞാനൊന്നും പറയുന്നില്ല “

ഫൈസി പറഞ്ഞു.

ക്രിസ്റ്റി അതിനുത്തരമൊന്നും പറഞ്ഞില്ല.

“ഇന്നും ബാൽകണിയിൽ ചീറ്റലടിച്ചു കിടക്കാനാണോ പ്ലാൻ? അസുഖം വന്നു കിടപ്പിലായ നീയും തനിച്ചാണ് കേട്ടോ “

ഉള്ളിലെ സ്നേഹത്തിന്റെ കരുതലാണ് അവന്റെയാ മുന്നറിയിപ്പ്.

“അങ്ങനൊന്നും ഉണ്ടാവില്ലേടാ “

ക്രിസ്റ്റി നേർത്തൊരു ചിരിയോടെയാണ് സംസാരിക്കുന്നത്.

പാത്തു അവന്റെ ചിരിയിലേക്കും സംസാരത്തിലേക്കും നോക്കി നിൽപ്പുണ്ട്.

അവന്റെ ചിരിച്ച മുഖം കാണുമ്പോഴൊക്കെയും അവൾക്കുള്ളിലേക്ക് ഒരു വിറയൽ പാഞ്ഞു കയറും.

അവളെയൊന്നാകെ കുളിരണിയിച്ചു കൊണ്ട് ഏതോ സ്മൃതിയുടെ തലോടലുണ്ടാവും.

ഹൃദയമെന്തിനോ.. ഇടിഞ്ഞു താഴെ വീഴുന്നത് പോലെ പിടയും.

ഹേയ്.. “

വിരൽ ഞൊടിച്ചു കൊണ്ട് ക്രിസ്റ്റി വിളിക്കുമ്പോൾ പാത്തു ഞെട്ടി.

അവന്റെ മുഖത്തൊരു ചിരിയുണ്ട്.
ഫോൺ വിളിയെല്ലാം കഴിഞ്ഞിരുന്നു.

“എന്താണ്.. കിനാവ് കാണുവാണോ ഫാത്തിമ ?”
വീണ്ടും കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ക്രിസ്റ്റി ചോദിച്ചു.

ഇത്രയും നേരം അവനെ സൂക്ഷിച്ചു നോക്കി നിൽപ്പായിരുന്നുവെന്നും.. അതവൻ വെടിപ്പായി കണ്ടുവെന്നുമുള്ള ഓർമയിൽ 
അവൾക്ക് അവന്റെ നേരെ നോക്കാനൊരു ചമ്മൽ തോന്നി.

“എന്റെ കൂട്ടുകാരനാണ് വിളിച്ചത് “

ക്രിസ്റ്റി പറഞ്ഞത് കേട്ടപ്പോൾ പാത്തു തലയാട്ടി.

“അവനോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെ കാര്യം.”

പാത്തുവിന്റെ കണ്ണിൽ പ്രതീക്ഷ തെളിയുന്നത് ക്രിസ്റ്റി ശ്രദ്ധിച്ചിരുന്നു.

“പക്ഷേ എന്ത് ചെയ്യണമെങ്കിലും.. ആദ്യം അറക്കലിൽ നിന്നും നീ ചാടണം. അത് കൊണ്ടാണ് ഞാൻ പറഞ്ഞത്.. നിന്റെ പഠനത്തിന്റെ കാര്യം സീരിയസായി നീ അവിടെ പ്രസന്റ് ചെയ്യണം. അങ്ങനെയാവുമ്പോൾ ആ പേരിൽ വീട്ടിൽ നിന്നും ചാടാം. ഹോസ്റ്റലിൽ നിന്നിട്ട് പഠിക്കണം എന്ന് കൂടി പതിയെ അവിടെ പറയണം “

ക്രിസ്റ്റി പറയുന്നത് വളരെ ശ്രദ്ധയോടെ തന്നെയാണ് പാത്തു കേട്ട് നിൽക്കുന്നത്.

പക്ഷേ ആ കാര്യത്തിൽ അവൾക്ക് വല്ല്യ പ്രതീക്ഷയൊന്നുമില്ലന്ന് ആ മുഖം കാണുമ്പോൾ അറിയാം.

“ശ്രമിച്ചാൽ നടക്കും ഫാത്തിമ.”

അവൻ ഉറപ്പോടെ പറഞ്ഞു.

“പറഞ്ഞില്ലേ ഞാൻ… അതിജീവിക്കുകയെന്നത് നിന്റെ ആവിശ്യമാണ്. എത്രയൊക്കെ റിസ്ക് എടുത്തിട്ടായാലും അത് നേടിയെടുക്കുമെന്ന് നിനക്കൊരു വാശി വേണം “

ക്രിസ്റ്റി വീണ്ടും പറഞ്ഞു.

“എന്നും ഭയന്നും വിറച്ചും ജീവിച്ചാൽ മതിയോ നിനക്ക്.? സ്വന്തം കാര്യം പറയാനുള്ള തന്റേടമില്ലാത്തതാണ് ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ പരാജയം. ഇത്രയും കാലം എങ്ങനെ ആയിരുന്നു എന്നത് വിട്ടേക്ക് നീ. ഇനി അങ്ങോട്ട്‌… നീ നിനക്ക് വേണ്ടി ശബ്ദമുയർത്തുക.. നിനക്ക് വേണ്ടി ജീവിക്കുക “

ക്രിസ്റ്റി പറഞ്ഞു നിർത്തി കൊണ്ട് എഴുന്നേറ്റു.

“കിടന്നോ.. നേരം ഒരുപാടായി “

അതും പറഞ്ഞു കൊണ്ടവൻ പുറത്തേക്ക് നടന്നു.

“അതേയ്…”

പിന്നിൽ നിന്നും പാത്തു വിളിക്കുന്നത് കേട്ടപ്പോൾ വീണ്ടും അവൻ തിരിഞ്ഞു നോക്കി.

“നല്ല.. നല്ല മഴയല്ലേ. പുറത്ത്… തണുപ്പടിച്ചു കിടക്കാനൊക്കെ ബുദ്ധിമുട്ടല്ലേ.?”

പാത്തു വിക്കി കൊണ്ട് പറയുന്നത് കേട്ടപ്പോഴും അവളെന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്ത ഭാവമുണ്ടായിരുന്നു അവന്റെ മുഖത്ത് നിറയെ.

“ഞാൻ… ഞാനിവിടെ എവിടെയെങ്കിലും ഇരുന്നു കൊള്ളാം. നിങ്ങളിവിടെ തന്നെ കിടന്നോളു..”

പാത്തു പറഞ്ഞത് കേട്ടതും ക്രിസ്റ്റിയുടെ ഉള്ളിലൊരു പിടച്ചിലുണ്ടായിരുന്നു.

“എനിക് നിങ്ങളെ വിശ്വാസമാണെന്നാണ് അവളാ പറഞ്ഞത്.

അവനുള്ളം നിറഞ്ഞു.

ഓർമയിൽ വീണ്ടും അവനെയേറെ സ്നേഹിച്ചൊരു.. വിശ്വാസിച്ചൊരു കൂട്ടുകാരിയെ ഓർത്തു.

“സാരമില്ല ടോ.. ഞാനിവിടെ കിടക്കുമ്പോ തനിക്കൊരു ശ്വാസം മുട്ടലാവും. എനിക്കറിയാം എന്റെ ബുദ്ധിമുട്ട് ഓർത്തിട്ടാണ് നീ ഇപ്പോഴിതു പറഞ്ഞതെന്ന്. പേടിക്കേണ്ട.. ഇന്ന് പുറത്തേക്കിറങ്ങുന്നില്ല.. ഞാനീ മുറിക്ക് പുറത്ത് എവിടെങ്കിലും കിടന്നോളാം. താൻ കിടന്നോ “

മനോഹരമായൊരു മന്ദഹാസത്തോടെ ക്രിസ്റ്റി പുറത്തേക്കിറങ്ങി.

വീണ്ടും പാത്തുവിന്റെ കണ്ണ് നിറഞ്ഞു.. അവന്റെ വാക്കുകൾ ഓർത്തു കൊണ്ട്.

                           ❣️❣️❣️

“നിനക്കെന്താടാ ഉറക്കമൊന്നുമില്ലേ?”

പാതിരാത്രി വാതിൽ മുട്ടി തുറപ്പിച്ചു കൊണ്ട് അകത്തേക്ക് കയറുന്ന അമീനെ നോക്കി ഇശൽ പല്ല് കടിച്ചു.

“നീയുമുണ്ടോ?”
അവന്റെ പുറകെ തന്നെ ഇജാസും ഇളിച്ചു കൊണ്ട് അകത്തേക്ക് കയറി ചെന്നിരുന്നു.

“എണീറ്റെ എല്ലാരും. എനിക്കൊരു കാര്യം പറയാനുണ്ട്.”

വലിയൊരു കിടക്കയിൽ തലങ്ങും വിലങ്ങും കിടക്കുന്ന പെൺ പടകളെയെല്ലാം അമീൻ തട്ടി വിളിച്ചു.

സമയം പത്തു കഴിഞ്ഞിട്ടും ഒറ്റയൊന്നും ഉറങ്ങിയിട്ടില്ല. എല്ലാം മൊബൈലിൽ തോണ്ടി കിടപ്പാണ്.

“നിനക്കെന്താടാ ഭ്രാന്ത് പിടിച്ചോ അമീ?”

ഇശൽ വാതിൽ അടച്ചു കൊണ്ട് വീണ്ടും അവനരികിൽ വന്നു തോളിൽ അമർത്തിയൊരു അടിയോടെ പറഞ്ഞു.

“അടങ്ങി നിൽക്കേടി ഹംക്കേ. ഞാൻ പറഞ്ഞു തരാം “

തോള് തടവി കൊണ്ട് അമീൻ അവളെ നോക്കി കണ്ണുരുട്ടി.

ഹമീദിന്റെ മകളാണ് ഇശൽ. അവൾക്ക് നേരെ മൂത്തവൻ ഇമ്രാൻ.. ലണ്ടനിൽ പഠിക്കുകയാണ്. ഒരനിയത്തി കൂടിയുണ്ട് ഇശലിന്… ഇതൾ പത്തിലാണ് പഠിക്കുന്നത്.

“ഈ പാതിരാത്രി ആയപ്പോഴാണോ അമീ നിനക്ക് കാര്യം പറയാനുണ്ടായത്?”

ആരോടോ കാര്യമായി ചെയ്തിരുന്ന ചാറ്റിംഗ് നിന്ന് പോയതിന്റെ അങ്ങേയറ്റം നീരസമിണ്ടായിരുന്നു ഷംല അത് പറയുമ്പോൾ.

സലാമിന്റെ മൂത്ത പെങ്ങൾ റംലയുടെ മൂത്ത മകളാണ് ഷംല. അവൾക്ക് താഴെ രണ്ടാൺകുട്ടികള് കൂടിയുണ്ട്.

“കാര്യം പറയാൻ എപ്പോഴാണോ തോന്നുന്നത് അപ്പോൾ പറയണം. അതാണ്‌ ഗയ്സ് എന്റെ പോളിസി.. അത് കൊണ്ട്.. റിയലി സോറി “

കിടക്കയിലേക്ക് ഇരുന്നു കൊണ്ട് ഒരു തലയിണ മടിയിലേക്കെടുത്തു വെച്ച് അത്യാവശ്യം ഗൗരവത്തോടെ പറയുന്ന അമീന്റെ നടുപ്പുറം നോക്കി ഒരു കൊട്ട് കൊടുത്താണ് സജ്‌ന അവളുടെ കലിപ്പ് തീർത്തത്.

രണ്ടാമത്തെ പെങ്ങൾ സുഹ്‌റയുടെ മകളാണ് സജ്‌ന. അവൾക്കൊരു ഏട്ടൻ കൂടിയുണ്ട്. സമദ് പഠനമെല്ലാം കഴിഞ്ഞു ജോലിക്ക് കയറിയിട്ടുണ്ട്.

“ഹൂ… ഈ പിശാചുകൾ എല്ലാം കൂടി എന്നെ കൊല്ലുവോ പടച്ചോനെ “
അടി കിട്ടിയ വേദനയിൽ ഞെളിഞ്ഞു പിരിഞ്ഞ് കൊണ്ട് അമീൻ പല്ല് കടിച്ചു.

“ആഹ്.. ഇന്ന് അത്താഴം കഴിച്ചത് പോലും മ്മള് ഒരുമിച്ചിരുന്നു കൊണ്ടല്ലേ പഹയാ. അപ്പോഴൊന്നും പറയാനില്ലാതാ കാര്യം.. അനക്കെങ്ങനെ ഈ പാതിരാത്രി കിട്ടി.”

അഴിഞ്ഞുല്ലഞ്ഞു കിടക്കുന്ന മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് മാടി വെച്ച് കൊണ്ട് സിയാ കൂടി പറഞ്ഞതോടെ നാല് പെൺപിള്ളേരും കൂടി അമീനെ തുറിച്ചു നോക്കി.

നിയാസിന്റെ മൂത്ത മകളാണ് സിയാ. അവൾക്ക് താഴെ ഒരു മകള് കൂടിയുണ്ട് അയാൾക്ക്, റിയ.

നാലിനും വേറെ വേറെ മുറിയുണ്ടങ്കിൽ കൂടിയും എല്ലാരും കൂടി ആ മുറിയിലാണ് കിടക്കുന്നത്.

പ്ലസ്‌ ടൂകാരിയായ സിയയാണ് അവരിൽ ഏറ്റവും ചെറുത്.

ഇശൽ ഡിഗ്രി സെക്കൻഡ് ഇയറും.. ഷംലയും സജ്‌നയും ലാസ്റ്റ് ഇയറുമാണ്.

നാലും കട്ട കമ്പനികളാണേലും തമ്മിൽ ചേരാത്ത ഒരേയൊരു കാര്യം.. ഷാഹിദ് എന്നാ അവരുടെ പറയപ്പെടാത്ത പ്രാണനാഥനാണ്.

പരസ്പരം വഴക്കിടന്നത് പോലും അവന്റെ പേരിലാണ്.

“നിനക്കൊക്കെ ഉപകാരമുള്ളൊരു കാര്യം പറയാൻ ഉറക്കം പോലും കളഞ്ഞിട്ട് വന്ന പാവം എന്നെയാണ് നീയൊക്കെ കൂടി ഇക്കോലത്തിൽ എടുത്തിട്ട് അലക്കുന്നത്. മനസാക്ഷി വേണമെടി..”
അമീൻ ഒടുവിൽ സെന്റിയായി തുടങ്ങി.

നാല് പേരും അവനെ നോക്കി ചുണ്ട് കോട്ടി.

“ഓ മതിയെടാ… എന്താണ് നീ ഇത്രേം കഷ്ടപെട്ടു കണ്ടു പിടിച്ചുവെന്ന് വീമ്പ് പറയുന്ന ആ കാര്യം. ആദ്യം പൊന്നുമോൻ അതൊന്ന് പറഞ്ഞു താ “

ഇശൽ അവനരികിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു.

“ന്റെ ഇശു.. ഇയ്യാദ്യം ഒന്ന് മയത്തിൽ ചോദിക്ക്. ഇതൊരുമാതിരി കുറ്റവാളികളോട് ചോദിക്കുന്നത് പോലെ..”

അമീൻ കണ്ണ് ചുരുക്കി.

“അനക്ക് അടുത്തത് കിട്ടണ്ടങ്കിൽ വേഗം പറഞ്ഞോ അമീ “

ഷംല കൈ ചുരുട്ടി അവന് നേരെ നോക്കി.

“ഹാ… ഞാൻ പറയട്ടെ പെണ്ണേ.. ഇയ്യ് ഇവിടെ ഇരിക്ക് ആദ്യം.”

അമീൻ നയത്തിൽ അവളുടെ കൈ പിടിച്ചു കൊണ്ട് അരികിലിരുത്തി.

“പറയങ്ങോട്ട്…”

അവൾ വീണ്ടും കണ്ണ് ചുരുക്കി.

“ഇവിടെ കൊണ്ട് വന്നിട്ടില്ലേ ഒരു രാജകുമാരി.. അവളെ കുറിച്ചാ എനിക്ക് പറയാനുള്ളത് “

നാല് പേരെയും മാറി മാറി നോക്കി അമീൻ കൗശലത്തോടെ പറഞ്ഞത് കേട്ടതും ഇജാസ് ഒന്ന് കൂടി അവനെ നോക്കി.

ഇവനിത് എന്ത് ഭാവിച്ചാണ് പടച്ചോനെ..?

അറിയാതെ തന്നെ അവന്റെ കണ്ണുകൾ മേലേക്കുയർന്നു.

“ഓ… അതൊരുമാതിരി വെള്ളത്തിൽ വീണ പഞ്ഞി പോലൊരു സാധനം. അതിനെ കുറിച്ച് ന്താ പ്പോ അനക്കിത്ര പറയാൻ?”

സജ്‌ന ചുണ്ട് കോട്ടി.

“പിന്നല്ലാണ്ട്. എപ്പോ നോക്കിയാലും എവിടേലും കുത്തി പിടിച്ചു ഇരിക്കുന്നത് കാണാം.”

ഇശലും അവളോട് ചേർന്നിട്ട് പറഞ്ഞു.

“അങ്ങനെ അവളെ വില കുറച്ചു കാണണ്ട നിങ്ങളാരും. കാഞ്ഞ ബുദ്ധിയുള്ളവളാണ്.”
അമീൻ വീണ്ടും കൗശലത്തോടെ തന്നെ പറഞ്ഞു.

ഇജാസിനൊപ്പം തന്നെ ബാക്കി നാല് പേരുടെയും മുഖത്ത് നിറയെ സംശയങ്ങൾ നിറഞ്ഞു.

“പറയുന്നെങ്കിൽ മര്യാദക്ക് തെളിയിച്ചു മനുഷ്യന് മനസ്സിലാക്കുന്ന കോലത്തിൽ പറയുക. അല്ലെങ്കിൽ മിണ്ടാതെ വായും പൂട്ടി പോവുക. ഇതിലേതാണ് അമീനെ നീ ചെയ്യുന്നത് “

സജ്ന കലിപ്പോടെ പറഞ്ഞത് കേട്ടതും അമീൻ കിടക്കയിൽ നിന്നും എഴുന്നേറ്റു.

“എങ്കിൽ ശ്രദ്ധിച്ചു കേട്ടോ എല്ലാരും. ഇങ്ങോട്ട് അവളെ വിളിച്ചു വരുത്തിയത് ഷാദിക്ക് വേണ്ടിയാണെന്ന് എനിക്കറിയാവുന്നത് പോലെ തന്നെ നിങ്ങൾക്കും അറിയാലോ.. ഇല്ലേ?”

അൽപ്പം നാടകീയതയോടെ അമീൻ അവരെയെല്ലാം നോക്കി.

കലിപ്പും സംശയങ്ങളുമെല്ലാം മാറി ആ മുഖത്തൊക്കെയും വല്ലാത്തൊരു അവസ്ഥ വന്നു നിറയുന്നത് അമീൻ സംതൃപ്തിയോടെ നോക്കി കണ്ടു.

“കൊണ്ട് വന്നത് അങ്ങനെ പറഞ്ഞിട്ടാണെങ്കിലും ഷാദിയെ മ്മക്ക് അറിയാലോ? ഇവളെ പോലൊരു പഴങ്കഞ്ഞിയെ അവനൊരിക്കലും സ്വീകരിക്കില്ലെന്ന് നമ്മുക്ക് ആശ്വാസിക്കാമായിരുന്നു “

അമീൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി.

“ന്റെ പൊന്നു അമീ.. ഇയ്യ് പറയാനുള്ളത് ഒന്ന് വളച്ചു കെട്ടാതെ പെട്ടന്ന് പറഞ്ഞു തീർക്കുമോ? മനുഷ്യനിവിടെ ശ്വാസം മുട്ടി മരിക്കാറായി. അപ്പഴാ അവന്റെയൊരു സ്ലോ മോഷൻ “

ഇശൽ വീണ്ടും പല്ല് കടിച്ചു കൊണ്ട് കിടക്കയിൽ നിന്നും എഴുന്നേറ്റു അവനരികെ വന്നു നിന്നു.

“പറയല്ലേ… ഞാൻ “
അമീൻ അൽപ്പം ജാഡയിട്ട് കൊണ്ട് അവളെ ചാരി നിന്നു.

“എങ്കിൽ ഇനി നമ്മക്ക് ആ പ്രതീക്ഷ വേണ്ട മക്കളെ “

അവൻ വീണ്ടും ദയനീയമായി അവരെ നോക്കി.

ഇജാസ് അവന്റെ നവരസങ്ങളിൽ ശ്രദ്ധിച്ചു കൊണ്ട് നിൽപ്പുണ്ട്.

“അതെന്താടാ..?”

ആകാംക്ഷയോടെ അവരെല്ലാം അമീനെ നോക്കി.

“വന്നവളത്ര നിസ്സാരക്കാരിയല്ല. അത് തന്നെ കാരണം “
അതും പറഞ്ഞു കൊണ്ട് അമീൻ കിടക്കയിലേക്ക് തന്നെയിരുന്നു.

“ദേ അമീ.. മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നതിനും ഒരു അതിരുണ്ട് കേട്ടോ “

സിയാ വീണ്ടും അവനെ നോക്കി കണ്ണുരുട്ടി.

“അത് തന്നെയല്ലേ കുരുപ്പേ ഞാൻ പറയുന്നത്. ഷാദിക്ക് അവളെ വേണ്ടന്ന് തോന്നിയാലും… അവളില്ലാതെ വയ്യെന്ന് തോന്നിപ്പിക്കാൻ അവൾക്ക് അധികസമയമൊന്നും വേണ്ടി വരില്ലെന്ന് “

അമീൻ കിടക്കയിലേക്ക് ചാഞ്ഞു കിടന്ന് കൊണ്ട് പറഞ്ഞു.

“ഏയ്‌… അവളെ കണ്ടാൽ അങ്ങനൊന്നും തോന്നില്ലല്ലോ.. ഒരു സാധു ആണെന്ന് തോന്നുന്നു. അല്ലേടി?”

ഇശൽ മറ്റുള്ളവരെ നോക്കി ചോദിച്ചു.

“അങ്ങനെ അങ്ങ് നിസ്സാരമാക്കല്ലേ മക്കളെ. ഒന്നുമില്ലാതെ ഈ അമീൻ വെറുതെ പറയാറില്ലെന്ന് നിങ്ങൾക്കറിയാമല്ലോ?”

അമീൻ വീണ്ടും പറഞ്ഞതോടെ ഇശലിനെ സപ്പോർട്ട് ചെയ്തു തലയാട്ടിവരെല്ലാം വീണ്ടും അമീന്റെ ചുറ്റും കൂടിയിരുന്നു…

                           ❣️❣️❣️

“ആരും അറിയാനൊന്നും പോകുന്നില്ല ദിലു. ജസ്റ്റ്‌ ഒരു ഡേ മാത്രം. നീ സാധാരണ സ്കൂളിൽ പോകുന്നത് പോലെ വീട്ടിൽ നിന്നും ഇറങ്ങുക. ഞാൻ കാത്ത് നിൽക്കാം. അവിടുന്ന് നമ്മൾ ഒരുമിച്ച് പോകും.. നമ്മുടേത് മാത്രമായ കുറച്ചു നിമിഷങ്ങൾ.. സ്കൂൾ വിടുന്ന കറക്ട് ടൈമിൽ നിന്നെ ഞാൻ തിരികെ ഡ്രോപ്പ് ചെയ്യുന്നു..”

മനസ്സിലുള്ള പ്ലാൻ ദിൽനയോട് പറയുമ്പോൾ…റോയ്സ് വല്ലാത്ത ആവേശത്തിലായിരുന്നു.

ക്രിസ്റ്റി നോട്ടമിട്ട സ്ഥിതിക്ക് ഇനിയും കാത്ത് നിൽക്കുന്നതിൽ അർഥമില്ല.

അവനെ ശെരിക്കും അറിയാവുന്നത് കൊണ്ട് തന്നെ എത്രയും പെട്ടന്ന്.. എത്രത്തോളം ദിൽനയോട് അടുക്കാമോ അങ്ങനെയെല്ലാം ചെയ്യണമെന്ന് സൂസന്റെ ബുദ്ധിയാണ്.

ഇത്രത്തോളം കൊതിച്ചിട്ട് ഇനി കൈ വിട്ട് കളയുന്നതിനെ കുറിച്ച് ചിന്തിക്കാൻ കൂടി വയ്യായിരുന്നു.

ദിൽനയെ അകലാൻ കഴിയാത്ത വിധം ആകർഷിച്ചു നിർത്തുകയെന്നതും സൂസന്റെ ബുദ്ധിയാണ്.

അവളൊരു പക്വതയെത്താത്ത പെൺകുട്ടിയാണെന്നും സ്വന്തം സഹോദരന്റെ മകളാണെന്നും സൂസൻ അപ്പോൾ ഓർത്തതെയില്ലായിരുന്നു.

അവളുടെ അതേ പ്രായത്തിൽ തനിക്കൊരു മകളുണ്ട് എന്നത് പോലും ഓർക്കാതെ കെണി ഒരുക്കാൻ മകന് കൂട്ട് നിൽക്കുമ്പോൾ കയ്യിലേക്ക് വരാനിരിക്കുന്ന സ്വത്തുക്കളെ കുറിച്ച് മാത്രമാണ് അവരപ്പോൾ ഓർത്തത് മുഴുവനും.

“അതൊന്നും വേണ്ട. എനിക്ക്.. എനിക്ക് പേടിയാണ് “

ദിൽനയുടെ മറുപടി കേട്ടതും റോയ്സ് കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു.

“അങ്ങനെ പറയല്ലേ പൊന്നു.. ഞാനൊത്തിരി കൊതിച്ചു പോയി. നിന്നോടൊപ്പം ഇച്ചിരി സമയം. രണ്ടൂസം ആയിട്ട് എന്റെ മനസ്സിൽ അത് തന്നെയാണ്. നമ്മൾ ഒരുമിച്ചുള്ള സുന്ദരനിമിഷങ്ങൾ..”

റോയ്സ് ആർദ്രമായി പറഞ്ഞത് കേട്ടിട്ട്.. ദിൽന ധർമ്മസങ്കടത്തിലാണ്.

“എനിക്കും… എനിക്കും ആഗ്രഹമുണ്ട് റോയിച്ചാ.. പക്ഷേ.. എനിക്ക്.. എനിക്കെന്തോ ഇതൊക്കെ വല്ല്യ പ്രശ്നങ്ങളാവും എന്ന് തോന്നുന്നു..”

ദിൽന പറയുന്നത് കേട്ടതും റോയ്സിന്റെ ചുണ്ടിൽ ഒരു വിജയച്ചിരിയുണ്ടായിരുന്നു……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button