Novel

നിലാവിന്റെ തോഴൻ: ഭാഗം 27

[ad_1]

രചന: ജിഫ്‌ന നിസാർ

“എങ്ങനുണ്ട്… ഞാൻ പറഞ്ഞത് സത്യമാണെന്ന് ബോധ്യമായില്ലേ?”

അമീൻ വിജയലഹരിയോടെ ചിരിച്ചു.

ഫാത്തിമയുടെ മുറിയിൽ നിന്നവർ പരസ്പരം നോക്കി.

അവളെവിടെ പോയി? “

അമീൻ വിളിച്ചു കൊണ്ട് വന്ന പെൺപട മുഴുവനും ആ ചോദ്യത്തോടെ അവനെ നോക്കി.
ഫാത്തിമ മുറിയിലില്ല… എന്ന് അമീൻ പറഞ്ഞത് ശക്തമായ എതിർപ്പോടെ തള്ളി കളഞ്ഞവരെ, തെളിവോടെ അവൾ മുറിയില്ലെന്ന് കാണിച്ചു കൊടുക്കാൻ കൊണ്ട് വന്നതായിരുന്നു അമീൻ.

“ചോദിക്ക്.. അങ്ങനെ അങ്ങോട്ട് ചോദിക്ക് “

അമീൻ കൂടുതൽ ഫോമിലായി.

“നിന്ന് തള്ളാതെ കാര്യം പറയെടാ “
ഇശൽ അവന്റെ മുന്നിലേക്ക് കയറി നിന്നു.

“എങ്ങോട്ട് പോയെന്നും എന്തിനും പോയെന്നുമൊന്നും എനിക്കറിയില്ല. ഒന്നറിയാം. വന്നിട്ട് ഒരാഴ്ച ആവുന്നതിന് മുന്നേ അവൾക്കിവിടെ എന്തോ ചുറ്റി കളിയുണ്ട്.”

“ഇയ്യ് എങ്ങനറിഞ്ഞു അവൾ മുറിയില്ലില്ലെന്നത്?”
സജ്‌ന ആ ചോദ്യം ചോദിക്കുമ്പോൾ ഇജാസ് നെഞ്ചിടിപ്പോടെ അമീനെ നോക്കി.

ഇത്രേം നേരം അഭിനയിച്ചു പൊലിപ്പിച്ചവൻ ആ ചോദ്യത്തോടെ പതറി പോകുമെന്ന് കരുതി നിന്ന ഇജാസിനെ നിരാശപ്പെടുത്തുന്നതായിരുന്നു അമീന്റെ ഭാവങ്ങൾ.

അവനൊരു ഭാവമാറ്റവുമില്ല.

“നമ്മളെല്ലാം കിടന്നുവെന്ന് കരുതി കഴിഞ്ഞ രണ്ടു ദിവസവും അവളിറങ്ങി പോകുന്നത് ഞാൻ കണ്ടിരുന്നു.”

അമീൻ ഗമയോടെ പറഞ്ഞു.

“അതെന്താ.. നിന്നെ വിളിച്ചുണർത്തി യാത്ര പറഞ്ഞിട്ടാണോ അവള് പോയത്?”

സിയായുടെ കൂർപ്പിച്ച ചോദ്യം.

കൂട്ടത്തിൽ ചെറുതെങ്കിലും, അവൾക്കാണ് ഏറ്റവും മൂർച്ച.

കട്ടി കണ്ണടക്കുള്ളിൽ സംശയം നിറഞ്ഞ കണ്ണുകൾ.

“ഇന്നേ.. ഇന്നേ വിളിച്ചിട്ടൊന്നുമില്ല “
അമീൻ അവളെ നോക്കാതെ തിരിഞ്ഞു നിന്നു.

“പിന്നെ ഇയ്യ് എങ്ങനറിഞ്ഞു”

“ആദ്യത്തെ രണ്ടു ദിവസവും പോകുന്നത് കണ്ടപ്പോൾ ബാത്റൂമിലേക്കാണെന്ന് കരുതി ഞാൻ വിട്ട് കളഞ്ഞു. ഇന്നും അത് തന്നെ ആവർത്തിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക്… എനിക്കെന്തോ വശപിശക് തോന്നി ഞാൻ ഓളുടെ പിറകെ പോയി നോക്കിയത്. “

നാടകീയമായിട്ടാണ് അമീൻ പറയുന്നത്.

“എന്നിട്ട്.. ഇയ്യ് കണ്ടോ അവളെവിടെ പോയെന്ന്?”
ഷംല ആകാംഷയോടെ വീണ്ടും ചോദിച്ചു.

“ഞാൻ കണ്ടോ ന്ന് ചോദിച്ച… അടുക്കള വാതിൽ തുറന്നു മുറ്റത്തേക്കിറങ്ങുന്നത് ഞാൻ കണ്ടു പിന്നെ എങ്ങോട് പോയെന്ന് എനിക്കറിയില്ല. ബാത്റൂമിൽ ഇല്ലെന്ന് കണ്ടു ഞാൻ പിറകെ ചെല്ലുന്നതിന് മുന്നേ അവള് എങ്ങോട്ടോ പോയിരുന്നു “

“എന്നിട്ടും നീ എന്തേ ആരോടും പറയാഞ്ഞത്?”

സിയാ അവന് മുന്നിലേക്ക് വീണ്ടും കയറി നിന്നു.

“എന്റെ പൊന്ന് സിയാ… അവളെത് തരക്കാരിയാണെന്ന് എനിക്കറിയില്ലല്ലോ.?എന്റെ കഷ്ടകാലത്തിന് ഞാൻ കയറി പിടിച്ചിട്ടാണ് ഓടിപോയതെന്നെങ്ങാനും പറഞ്ഞ തീർന്നില്ലേ?”

അമീൻ ഗൂഡമായൊരു ചിരിയോടെ പറഞ്ഞത് കേട്ടതും ഇജാസ് തലയാട്ടി ചിരിച്ചു കൊണ്ടവനെ നോക്കി.

“സമ്മതിച്ചു തന്നിരിക്കുന്നു “
മനസ്സ് കൊണ്ടവൻ അമീനെ അഭിനന്ദനങ്ങൾ അറിയിച്ചു.

“പിന്നെ… അവളെങ്ങനെ വിളിച്ചു പറയുന്നത് കേട്ടിട്ട് വിശ്വാസിക്കാൻ ഇവിടുള്ളോർക്ക് തീരെ ബുദ്ധിയില്ലാന്നാണോ നിന്റെ വിചാരം?”

ഇശൽ ചൊടിയോടെ അമീനെ നോക്കി.

“അങ്ങനെ അല്ലെന്റെ ഇശു. കാര്യം നിന്റെയൊക്കെ പ്രിയപെട്ട ബാപ്പമാർ തന്നെയാണ്. പക്ഷേ അവരോട് പറഞ്ഞു ജയിക്കാനുള്ള കഴിവൊന്നും ഈ പാവം എനിക്കില്ലല്ലോ.?”
അമീൻ ഭയനീയമായി അവരെ നോക്കി.

“ഒന്നാമത് അവളെ ഷാദിയുടെ പേരും പറഞ്ഞു കൊണ്ട് വന്നതാ. ഞാനായിട്ട് ഒരു പ്രശ്നം ഉണ്ടാക്കി എന്ന് വേണ്ടല്ലോ?  അത് കൊണ്ടാണ് ഞാനത് നിങ്ങളോട് പറഞ്ഞത് “
അമീൻ വീണ്ടും അവരെയെല്ലാം നോക്കി.

“ഇനിയിപ്പോ ഞങ്ങൾ എന്ത് ചെയ്യും?”
സജ്‌ന അവനെ നോക്കി.

“ഇനി എന്തെങ്കിലും ചെയ്യാനാവുമെങ്കിൽ അത് ഇശലിനും സിയാക്കും മാത്രം കഴിയും. ഇവരെന്തു പറഞ്ഞാലും ഇവരുടെ ഉപ്പച്ചിമാര് വെള്ളം തൊടാതെ വിഴുങ്ങി കളയുമല്ലോ?”
ആമീൻ ചോദിച്ചു.

വീണ്ടും അവരുടെയെല്ലാം മുഖത്ത് വീണ്ടും സംശയം നിറഞ്ഞു.

“നീ വ്യക്തമായി പറഞ്ഞു താ അമീ “
അവരെല്ലാം വീണ്ടും അവന്റെ ചുറ്റും കൂടി.

“പറഞ്ഞു തരാം “

അവൻ ഗൂഡമായൊരു ചിരിയോടെ ഇജാസിനെ നോക്കി കണ്ണടച്ച് കാണിച്ചു.

                       ❣️❣️❣️

പതിവുപോലെ ക്രിസ്റ്റി അന്നും കുറച്ചു നേരത്തെ എണീറ്റു.

ഇന്നലെ നല്ല മഴയായത് കൊണ്ട് തന്നെ ഇന്നിനി വെട്ട് നടക്കില്ല.

എന്നാലും വെളിച്ചം പടരുന്നതിന് മുന്നേ ഫാത്തിമയെ പുറത്തിറക്കി വിടണമല്ലോ.

ബ്ലാങ്കറ്റു വിരിച്ചു ഹാളിലെ നിലത്താണ് അവൻ കിടന്നിരുന്നത്.

ദേഹത്ത് തുളഞ്ഞു കയറുന്നത് പോലെ തണുപ്പുണ്ട്.

ഒന്നൂടെ ചുരുണ്ടു കൂടാൻ കൊതിയുണ്ടായിരുന്നുവെങ്കിലും.. അവൻ അതടക്കി കൊണ്ട് എഴുന്നേറ്റു.

ബ്ലാങ്കറ്റ് മടക്കി.. അടുത്തുള്ള കസേരയിൽ വെച്ചിട്ട് അവൻ സ്വന്തം മുറിയുടെ നേരെ നടന്നു.

ഇപ്രാവശ്യം അവൻ പുറത്ത് നിന്നും ലോക്ക് അഴിച്ചതും വാതിൽ തുറന്നു.

ക്രിസ്റ്റി അകത്തു കടന്നതൊന്നും അറിയാതെ കഴുത്തുവരെയും മൂടി പുതച്ചു സുഖനിദ്രയിലാണ് പാത്തു.

ഒന്നോ രണ്ടോ സെക്കന്റ് ക്രിസ്റ്റിയുടെ കണ്ണുകൾ അവളുടെ മുഖത്തു തങ്ങി.

അവനറിയാതെ തന്നെ ചുണ്ടിൽ ഒരു ചിരി പടർന്നു.
അത് വരെയും അവനെ പൊതിഞ്ഞു നിന്നിരുന്ന അലസത മാറി.. പകരം ഉന്മേഷം നിറഞ്ഞു.

ഫ്രഷ് ആയി വന്നിട്ടവളെ വിളിക്കാം എന്ന് വിചാരിച്ചു കൊണ്ടവൻ വേഗം ബാത്റൂമിലേക്ക് കയറി.

തിരികെ വന്നിട്ട് തട്ടി വിളിച്ചപ്പോഴാണ് ഫാത്തിമ ഞെട്ടി ഉണർന്നത്.

“തിരിച്ചു പോവണ്ടേ..?”

കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു പകച്ചു നിൽക്കുന്നവളോട് ക്രിസ്റ്റിയൊരു ചെറുച്ചിരിയോടെ ചോദിച്ചു.

അവളൊന്നു തലയാട്ടി.

“എങ്കിൽ പോയിട്ട് ഫ്രഷ് ആയിട്ട് വാ “
അവൻ വീണ്ടും ആവിശ്യപെട്ടു.
അവളൊന്നുക്കൂടി തലയാട്ടി കാണിച്ചിട്ട് ബാത്റൂമിലേക്ക് കയറി.
ഷെൽഫിൽ നിന്നും ഹെഡ് ടോർച്ചും മൊബൈൽ ഫോണുമെല്ലാം റെഡിയാക്കി ക്രിസ്റ്റി അവളെ കാത്തിരുന്നു.

“പോയാലോ?”
അവളിറങ്ങി വന്നതും ക്രിസ്റ്റി ചോദിച്ചു.

ഷാള് കൊണ്ട് മുഖം തുടച്ചു കൊണ്ടവൾ മൂളി.
തലേന്ന് രാത്രിയിട്ട ഡ്രസ്സ്‌ തന്നെയാണ്.

“കട്ടനിട്ട് തരണോ?”

ക്രിസ്റ്റി അവളെ നോക്കി.

“വേണ്ട..”

“എങ്കിൽ നിന്റെ ഡ്രസ്സ്‌ എടുത്തോ..”

വാതലിനു നേരെ നടന്നു കൊണ്ടവൻ പറഞ്ഞു.
ആ കവറും കയ്യിലെടുത്തു കൊണ്ടവൾ അവന് പിറകെ നടന്നു.

അടുക്കള വാതിൽ തുറന്നതും അവരെ കാത്തിട്ടെന്ന പോലെ ടോമി അവിടെയുണ്ടായിരുന്നു.

അവനെ കണ്ടതും ഫാത്തിമയുടെ മുഖം മാറി.
അവൾ ക്രിസ്റ്റിയുടെ പിന്നിലേക്ക് പതുങ്ങി.

“വാ “

വാതിൽ ചേർത്തടച്ചു കൊണ്ട് ക്രിസ്റ്റി അവളെയും വിളിച്ചു മുന്നോട്ടു നടന്നു.
അവർക്ക് മുന്നിൽ വഴികാട്ടിയുടെ ഗമയോടെ ടോമിയും.

മഴ പെയ്തിറങ്ങിയ വഴിയിൽ റബ്ബറിലകളെല്ലാം നനഞ്ഞു ചീഞ്ഞു കിടന്നിരുന്നു.

“തെന്നി വീഴല്ലേ.. നോക്കി നടക്ക് “

പിന്നിൽ നടക്കുന്നവളോട് ക്രിസ്റ്റി ഓർമിപ്പിച്ചു.

അവളൊന്നു മൂളി കൊണ്ട് ഒന്നൂടെ ശ്രദ്ധിച്ചു നടന്നു.
അറക്കൽ തറവാടിന്റെ നേരെയുള്ള നടപ്പ് വഴിയുടെ മുന്നിലെത്തിയതും ക്രിസ്റ്റി സൈഡിലേക്ക് മാറി കൊണ്ട് പാത്തുവിനെ നോക്കി.

“പോയിക്കോ..”
കണ്ണടച്ച് ചിരിച്ചു കൊണ്ടവൻ പറഞ്ഞതും ടോമി അവന്റെ പിന്നിലേക്ക് മാറി.

അവൾക്ക് അവനെ ഭയമാണെന്ന് തിരിച്ചറിഞ്ഞത് പോലെ.

തല കുലുക്കി കൊണ്ട് കയ്യിലുള്ള കവറും നെഞ്ചിൽ ഒതുക്കി പിടിച്ചു കൊണ്ട് ഫാത്തിമ പതിയെ മുന്നോട്ട് നടന്നു.

ഒന്ന് രണ്ടടി വെച്ചിട്ട് വീണ്ടും അവൾ തിരിഞ്ഞു നിന്നു.

“എന്തേ?”
അവളെ തന്നെ നോക്കി നിൽക്കുകയായിരുന്ന ക്രിസ്റ്റി ചോദിച്ചു.

അവളൊന്നും അവനെ തന്നെ നോക്കി.
“ഇന്നും നന്ദി പറയാനാണോ ഫാത്തിമ?”
അവളുടെ നോട്ടം കണ്ടതും ക്രിസ്റ്റി കുസൃതിയോടെ ചോദിച്ചു.

അല്ലെന്നവൾ തലയാട്ടി.

“പിന്നെന്താ.. ധൈര്യമായിട്ട് പറഞ്ഞോ.”
അവൻ കുറച്ചു കൂടി അവളുടെ അരികിലേക്ക് നിന്ന് കൊണ്ട് പറഞ്ഞു.

“ഞാൻ.. എനിക്കൊരു കാര്യമറിയാൻ “
അവൾ അവനെ നോക്കി.

“ചോദിക്ക്. എനിക്കറിയാവുന്നതാണേൽ ഞാൻ പറഞ്ഞു തരാം “

ക്രിസ്റ്റി ചിരിച്ചു കൊണ്ട് പറഞ്ഞു.

“കുറേ കാലം മുന്നേ ഉള്ളതാ..”
പാത്തു നേർത്തൊരു ചിരിയോടെ പറഞ്ഞതും ക്രിസ്റ്റിയുടെ നെഞ്ചോന്ന് പിടച്ചു.

“ഞാൻ.. ഞാനിവിടെ നിന്നും ഉമ്മാന്റെ കൂടെ പോവുന്നതിനും മുന്നേയുള്ള കാര്യമാണ് “
ഫാത്തിമ വീണ്ടും പറഞ്ഞു.
ക്രിസ്റ്റി അവളെ തന്നെ നോക്കി നിന്നു.

“എന്റെ.. എന്റെ ഉപ്പാന്റെ ചെങ്ങായിയായിരുന്ന ഒരു അങ്കിൾ.. ആ പേര് എനിക്കോർക്കാൻ പറ്റുന്നില്ല. പക്ഷേ… എന്തൊക്കെയോ എന്റെ ഓർമയിൽ തെന്നി കളിക്കുന്നത് പോലെ.. നിങ്ങളുടെ കൂടെ.. ആ വീട്ടിൽ.. അവിടെനിക്ക് നേരത്തെ അറിയാമെന്നത് പോലെ “

പാത്തു നേർത്തൊരു ചിരിയോടെ പറഞ്ഞു.

ക്രിസ്റ്റിയുടെ നെഞ്ച് ശക്തമായി മിടിച്ചു.

“മുന്നേ.. മുന്നേയൊരിക്കൽ ഞാൻ ചോദിച്ചിരുന്നില്ലേ.. നിങ്ങളെ ഞാൻ അറിയോന്ന്? എനിക്കിപ്പോഴും അങ്ങനെ തോന്നുന്നു. എവിടെയോ കണ്ടത് പോലെ നിങ്ങളെ.. നിങ്ങളുടെ ചിരി “

പാത്തു വീണ്ടും വീണ്ടും അവനെ നോക്കി പറഞ്ഞു.

“ഇപ്പോഴും.. ഇപ്പോഴും നിന്റെ ചോദ്യമെന്താണെന്ന് എനിക്ക് മനസിലായില്ല ഫാത്തിമ “

അവൻ ഉള്ളിലെ പിടച്ചിൽ മറച്ചു വെച്ച് കൊണ്ട് അവളെ നോക്കി.

“ഇവിടെനിക്കൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു. കുഞ്ഞി പാത്തുവിന്റെ പ്രിയപ്പെട്ട ഇച്ഛാ.. ഓർമകളെല്ലാം മറവി കട്ടെടുത്തിട്ടും ഞാൻ അങ്ങേയറ്റം സൂക്ഷിച്ചു കൊണ്ട് നടന്ന എന്റെ ബാല്യത്തിലെ പ്രിയപ്പെട്ട കുറച്ചു ദിവസങ്ങളാണ്. ഇവിടെത്തിയത് മുതൽ ഓരോ നിമിഷവും ഞാൻ തേടുന്നതും അവനെയാണ്.”

അത് കൂടി കേട്ടത്തോടെ ക്രിസ്റ്റി അടുത്തുള്ള റബ്ബർ മരത്തിലേക്ക് ചാരി.
സന്തോഷം കൊണ്ടവന്റെ ഹൃദയം തുള്ളി വിറച്ചു.

ഇത്രയും കാലമായിട്ടും ഇന്നും അവളുടെ ഓർമകളിൽ ഇച്ഛാ യെന്ന താൻ ഭദ്രമാണെന്ന ഓർമ.. കുറച്ചൊന്നുമല്ല അവനെ ആഹ്ലാദത്തിലാക്കിയത്.

“ഉമ്മാന്റെ ക്കൂടെ പോകുമ്പോൾ അവസാനമായൊന്നു കണ്ടു യാത്ര പറയാൻ കൂടിയെനിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ.. പക്ഷേ എനിക്കെന്തോ.. എന്റെ മനസ്സിൽ എപ്പോഴും തോന്നും.. ഞാൻ മറക്കാതെ സൂക്ഷിച്ചു കൊണ്ട് നടക്കുന്നത് പോലെ ഇച്ഛയും എന്നെ ഓർക്കുന്നുണ്ടാവുമെന്ന്.. അത്രേം.. അത്രേം സ്നേഹമുണ്ടായിരുന്നു എന്നോട് “
അത് പറയുമ്പോൾ ഫാത്തിമയുടെ കണ്ണ് നിറഞ്ഞത് ആ അരണ്ട വെളിച്ചതിലും ക്രിസ്റ്റി കണ്ടിരുന്നു.

അവന്റെ ചങ്ക് പിടഞ്ഞു.

അവളെയൊന്നാകെ പുണർന്നു കൊണ്ട് ആ കണ്ണീർ തുടക്കുവാനാണ് തോന്നിയത്, അവനാ നിമിഷം.

“ഇപ്പോഴും.. ചോദ്യം എന്തെന്ന് എനിക്ക് ക്ലിയർ ആയില്ല “
അത് പറയുമ്പോൾ ക്രിസ്റ്റിയുടെ സ്വരം വിറക്കുന്നുണ്ടായിരുന്നു.

“അത്… എനിക്ക്… എനിക്കൊരു സംശയം “
പാത്തു വിക്കി കൊണ്ടവനെ നോക്കി.

“പറഞ്ഞോ ഫാത്തിമ…”

ആർദ്രമായി ക്രിസ്റ്റി അവളെ നോക്കി.

“നിങ്ങളുടെ.. നിങ്ങളുടെ പേരെന്താ?”

ഒരുനിമിഷം അവളെ നോക്കി നിന്നിട്ട് ക്രിസ്റ്റി ഉറക്കെ പൊട്ടിച്ചിരിച്ചു.

പാത്തുവിന്റെ കണ്ണുകൾ ഭയത്തോടെ നാല് പാടും ചിതറി തെറിക്കുന്നത് കണ്ടിട്ടാണ് പരിസരബോധം വന്നത് പോലെ ക്രിസ്റ്റി പെട്ടന്ന് ചിരിയൊതുക്കിയത്.

“ഇതായിരുന്നോ.. നിന്റെ ഇത്രേം വലിയ സംശയം?”
അവൻ ചിരിയോടെ തന്നെ അവളെ നോക്കി.

“നീയല്ലേ പറഞ്ഞത് ഞാൻ നിനക്ക് മുന്നിലെ ദൈവമാണെന്ന്?”
ക്രിസ്റ്റി വീണ്ടും ചോദിച്ചതും പാത്തുവിന്റെ മുഖത്ത് പരിഭവം നിറഞ്ഞു.

“തത്കാലം ഞാൻ ആ പേരിൽ തന്നെ അറിയപ്പെട്ടാൽ മതി..”
ക്രിസ്റ്റി കുസൃതിയോടെ പറഞ്ഞു.

“നീ അറിയേണ്ടതെല്ലാം അറിയും ഫാത്തിമ. പക്ഷേ അത് ഇപ്പോഴല്ല.”

തെളിയാത്ത അവളുടെ മുഖത്തേക്ക് നോക്കി ക്രിസ്റ്റി പറഞ്ഞു.

“ഇപ്പൊ നീ ചെല്ല്. വെളിച്ചം പടരാൻ ഇനി അതികനേരമില്ല. പിന്നെ നിനക്ക് അകത്തേക്ക് പോകുന്നത് ബുദ്ധിമുട്ടാവും.”

സംശയങ്ങൾ നിറഞ്ഞ അവളുടെ കണ്ണിലേക്കു നോക്കി ക്രിസ്റ്റി വീണ്ടും പറഞ്ഞു.

ഒന്നൂടെ അവനെ നോക്കി ഫാത്തിമ തിരിഞ്ഞു നടന്നു.. അകത്തവളെ കാത്തിരിക്കുന്ന കെണികളൊന്നും തന്നെ അറിയാതെ…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button