Novel

നിലാവിന്റെ തോഴൻ: ഭാഗം 3

[ad_1]

രചന: ജിഫ്‌ന നിസാർ

പാത്തോ “

ആരും കണ്ടിട്ടില്ലെന്ന ധാരണയോടെ പിൻവശത്തു കൂടി അകത്തേക്ക് കയറാനൊരുങ്ങിയവൾ.. കടുപ്പത്തിലുള്ള വിളി കേട്ട് ഞെട്ടി പോയി.

ഓടി പിടഞ്ഞു വന്നതിന്റെ കിതപ്പിനൊപ്പം ഹൃദയം ഭയത്തോടെയൊന്നു തുടിച്ചു.

“ഈ നേരത്ത് ഇയ്യവിടെ പോയതാ പാത്തോ?”

സഫിയാത്തയാണ്.

അവൾക്കല്പം ആശ്വാസം തോന്നി.

വന്നത് മുതൽ അറക്കൽ തറവാട്ടിൽ അവളോട് ഇത്തിരി കരുണയോടെ സംസാരിക്കുന്ന അടുക്കളകാരിയാണ് സഫിയാത്ത.

“അല്ല.. പെണ്ണേ.. ഇയ്യെന്താ മിണ്ടാത്തെ . അന്നോടല്ലേ ഞാനീ ചോദിക്കുന്നത് മുഴുവനും?”

സഫിയാത്ത അവൾക്ക് മുന്നിൽ വന്നു നിന്നിട്ട് കണ്ണുരുട്ടി.

“ഞാൻ… ഞാൻ വെറുതെ പുറത്തേക്കിറങ്ങിയൊന്നു നടന്നതാ സഫിയാത്ത..”

ലേശമൊരു പരവേശത്തോടെ ഫാത്തിമ സഫിയയെ നോക്കി.

‘അനക്കെന്താ പാത്തോ ഭ്രാന്തണ്ടാ.? ഈ നേരത്ത്..ഇവിടുള്ളോര് അറിഞ്ഞ.. അയിനെ കുറിച്ച് ആലോചിച്ചാ ഇയ്യ്..? “

സഫിയാത്ത അവളെ നോക്കി ചോദിച്ചു.

“ഒന്നുല്ല… ആരും അറിയില്ല. ഇങ്ങള് ആരോടും പറയാഞ്ഞ മതി. അല്ലേലും.. അല്ലേലും ഞാൻ ഇവിടെന്താ.. അടിമ വല്ലോം ആണോ സഫിയാത്ത? ഒന്ന് പുറത്തിറങ്ങി നടക്കാൻ കൂടി കഴിയാതെ. ഇതിനാണോ.. ഇവരെന്നെ പൊന്നേ തേനേ ന്നും പറഞ്ഞു തലശ്ശേരിന്ന് കൂട്ടീട്ട് വന്നത്?ന്റെ കോളേജിൽ പോക്ക് പോലും നടക്കുന്നില്ല. നിക്ക്.. നിക്കിവിടെ ശ്വാസം മുട്ടുന്നു. “

പാത്തു സഫിയാത്തയുടെ കയ്യിൽ അമർത്തി പിടിച്ചു പറയുമ്പോൾ അവളുടെ സ്വരം ഇടറി.

കണ്ണുകൾ നിറഞ്ഞു.

“ന്താ.. ന്റെ പാത്തോ.. അന്നോട് ഞാൻ പറയ്യാ. നിക്കറിയൂല, ന്താ ഇവരുടെ മനസ്സിലെന്ന് . പക്ഷേ ഒന്നറിയാം.. ഷാഹിദ് രണ്ടു മാസം കഴിഞ്ഞു വരുമെന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. അന്നേ ഇപ്പൊ ഇവരിങ്ങോട്ട് കൂട്ടിയതെങ്കിൽ… അതൊരിക്കലും വെറുതെ ആവില്ല.. കാഞ്ഞ ബുദ്ധിയുള്ളവരാ. അന്റുപ്പാന്റെ കണക്കില്ലാത്ത സ്വത്തുക്കൾ തന്നെയാണ് മോളെ അന്റെ..തലക്ക് മുകളിൽ തൂങ്ങിയാടുന്ന വാള് . “

ബാക്കി പറയാതെ നിർത്തിയ സഫിയാത്തയെ പാത്തു ഭയത്തോടെ നോക്കി.

കണ്ണുനീർ ആ കവിളിലേക്ക് ഒഴുകി..

“നിക്ക്.. നിക്ക് പേടിയാവുന്നു “

വിതുമ്പി കൊണ്ടവൾ അവരെ നോക്കി.

എങ്ങനെ ജീവിക്കേണ്ടവളായിരുന്നു അറക്കൽ തറവാട്ടിലെ ആലി ഹാജിയുടെ ഈ പേരകുട്ടി!

ആലി ഹാജിക്ക് അഞ്ചു മക്കളാണ്.

മൂത്തവൻ സലാമിന്റെയും ഹാജറയുടെ ഒരേയൊരു മകളാണ്.. ഫാത്തിമ.

സലാമിന് താഴെ.. രണ്ടു അനിയൻമാരും രണ്ടു അനിയത്തിമാരുമുണ്ട്.
കൂട്ടുകുടുംബമായാണ് അറക്കൽ തറവാട്ടിൽ കാലങ്ങളായി ജീവിച്ചു പോകുന്നത്.

ആലി ഹാജി ഉള്ളടത്തോളം കാലം.. നേരും നെറിയും ഉള്ളവരായിരുന്നു അറക്കൽ തറവാട്ടിലെ പ്രമാണിമാർ.

അതിന് ശേഷം.. പണമെന്നത് മാത്രം രക്തത്തിൽ അലിഞ്ഞു ചേർന്നത് കൊണ്ട്.. പലപ്പോഴും പലതും അനീതികളല്ലാതെയായി.

യാതൊരു അസുഖങ്ങളുമില്ലായിരുന്ന.. ആലി ഹാജി.. പ്രിയപെട്ടവനും.. മൂത്ത മകനുമായ സലാമിന്റെ ആകസ്മിക മരണത്തിന്റെ ബാക്കിയായാണ് നെഞ്ച് പൊട്ടി മരിച്ചു വീണത്.

അയാളുടെ ബലമായിരുന്നു മൂത്ത മകൻ.

പെടുന്നനെ നടന്ന ഒരു അപകടം.. അയാളെയും മകനെയും ഒരുമിച്ച് കൊണ്ട് പോയത് പോലായി.

സലാം മരിക്കുമ്പോൾ.. കുഞ്ഞി പാത്തുവിന് അഞ്ചോ ആറോ വയസാണ്.

അറക്കൽ തറവാട്ടിലെ കൂട്ട് കുടുംബത്തിന്റെ ചട്ട കൂടുകളെ പൊതുവെ വെറുത്തിരുന്ന ഹാജറ സലാമിനെ പേടിച്ചായിരുന്നു അവിടെ ജീവിച്ചു പോയിരുന്നത്.

അത് കൊണ്ട് തന്നെ സലാമിന്റെ വിയോഗത്തിൽ, അറക്കൽ തറവാട്ടിലുള്ളവരെല്ലാം ഒന്നടങ്കം എതിർത്തിട്ടും അതൊന്നും വകവെക്കാതെ.. കുഞ്ഞി പാത്തുവിനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയി.

ഒന്നോ രണ്ടോ വർഷത്തിന് ശേഷം… പണ്ടത്തെ ഇഷ്ടകാരനൊപ്പം ഹാജറ ജീവിതം തുടങ്ങുമ്പോൾ കുഞ്ഞി പാത്തു തീർത്തും ഒറ്റപെട്ടു പോയിരുന്നു.
ജീവിതം ആഘോഷിക്കുന്ന ഹാജറ അവളെ കാണാനോ കൂടെ കൂട്ടാനോ ശ്രമിച്ചതുമില്ല.

എണ്ണിയാൽ ഒതുങ്ങാത്ത യാതനകൾ സഹിക്കാൻ കുഞ്ഞി പാത്തു അന്ന് മുതൽ നിർബന്ധിതയായി.

മാതാപിതാക്കൾക്ക് വേണ്ടാതെ കുടുംബവീടുകളിൽ ഒറ്റപെട്ടു പോകുന്ന ഒരു പെൺകുട്ടി സഹിക്കേണ്ടുന്ന എല്ലാ ദുരിതങ്ങളും അവളിലും ആവർത്തിച്ചു.

ഭയത്തോടെയല്ലാതെ.. ഉണ്ണാറില്ല.. ഉറങ്ങാറില്ല..

അമ്മാവൻ എല്ലായിടത്തും കാണുന്നത് പോലെ.. ഇച്ചിരി മനസാക്ഷി കാണിച്ചാലും.. അമ്മായിക്കും അവരുടെ മക്കൾക്കും നോവിച്ചു രസിക്കാനുള്ള ഒരു ജന്മം മാത്രമായി പാത്തു.

പഠിക്കാൻ മിടുക്ക് കാണിച്ചവളെ അതിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചത് മാത്രം അവൾ ശക്തിയായി എതിർത്തു.

സലാമിന്റെ മരണശേഷം..ഹാജറയുടെ തറവാട്ടിൽ… അവരുടെ ഉപ്പയും ഉമ്മയും ജീവിച്ചിരുന്ന കാലത്താണ് അവളിത്തിരി സന്തോഷിച്ചിട്ടുള്ളത്.

പക്ഷേ പടച്ചോൻ അതിനും അതികം ആയുസ്സ് കൊടുത്തില്ല.

മകൾ അന്യമതത്തിൽപ്പെട്ടൊരുവനൊപ്പം.. ഒരു താലി ചരടിന്റെ ബലം പോലുമില്ലാതെ ജീവിക്കുന്നതിന്റെ മാനകേടും.. മനപ്രയാസവും ഒരു വർഷം കൊണ്ട് വല്യുപ്പയെയും വല്യുമ്മയെയും മരണത്തിന്റെ പിടിയിലൊതുക്കി.

പലവഴിക്ക് കൊത്തി പിരിഞ്ഞു പോയ സഹോദരങ്ങൾക്ക് കുഞ്ഞിപാത്തുവൊരു തടസ്സം തന്നെയായിരുന്നു.

ശകാരവാക്കുകൾ കേട്ടും കുത്ത് വാക്കുകൾ കൊണ്ട് പിടഞ്ഞും… സലാമിന്റെ രാജകുമാരി ജീവിച്ചു തീർത്തത് നീണ്ട പതിനെട്ടു വർഷങ്ങൾ!

ഡിഗ്രി ഒന്നാം വർഷത്തിലാണ് അത് വരെയും ഒരു ഫോൺ വിളി കൊണ്ട് പോലും അവളെ അന്വേഷിച്ചു നോക്കാത്ത അറക്കൽ തറവാട്ടിലെ ബന്ധുക്കൾ പാത്തുവിനെ തിരഞ്ഞു വന്നത്.അതൊരു തുടക്കം മാത്രമായിരുന്നു.

പിന്നീടങ്ങോട്ട് ബന്ധം പുതുക്കുന്നത് കുറച്ചു കൂടി ജോറായി നടന്നു.
സലാമിന്റെ മകളിനി അറക്കൽ തറവാട്ടിലെ രാജകുമാരിയാണെന്നും പറഞ്ഞു കൂട്ടി കൊണ്ട് പോരുമ്പോൾ… അമ്മാവൻ മനസ്സ് കൊണ്ടും… അമ്മായി അസൂയ കൊണ്ടും ആശീർവദിച്ചു.

ആദ്യം അതിശയമായിരുന്നു.

ഓർമകൾ പലതും സൂക്ഷിച്ചു കൊണ്ട് നടക്കാത്തതിനാൽ… ചിതലരിച്ചു നശിച്ചു പോയിരുന്നു.

വന്നവർ പരിചയപെടുത്തിയിട്ടും പലതും അവൾക്ക് ഓർത്തെടുക്കാനായില്ല.

മറവിക്ക് വിട്ട് കൊടുക്കില്ലെന്ന് വാശിയുള്ളത് പോലെ ഇന്നും മനസ്സിൽ കെടാതെ കൊളുത്തി വെച്ചൊരു വിളക്ക് പോലെ ജ്വലിക്കുന്ന രണ്ടു മുഖങ്ങളൊഴികെ.. ബാക്കിയെല്ലാം അവളിൽ നിന്നും ഒരുപാട് ദൂരെയാണ്.

ഒന്നവളുടെ പ്രിയപ്പെട്ട ഉപ്പച്ചി…

ആറാം വയസ്സിൽ ഒട്ടും പ്രതീക്ഷിക്കാതെ പ്രിയപ്പെട്ട കൂട്ടുകാരനൊപ്പമുള്ള ഒരു യാത്രയിൽ ജീവൻ പൊലിഞ്ഞ… അവളുടെ സന്തോഷങ്ങളുടെ രാജാവ്.

പിന്നൊന്ന് അവളെയേറെ ചിരിപ്പിച്ച… ഒരു ഒന്നാം ക്ലാസ്സുകാരിയുടെ കുറുമ്പുകൾക്ക് മുഴുവനും കൂട്ട് നിന്നിരുന്ന അവളുടെ പ്രിയപ്പെട്ട കളി കൂട്ടുകാരൻ.

അവളെക്കാൾ അഞ്ചോ ആറോ വയസ്സിനു മൂത്ത അവനെ അവൾ സ്നേഹത്തോടെ.. സ്വന്തമെന്ന അവകാശത്തോടെ ഇച്ചാ എന്ന് വിളിച്ചിരുന്നു.

ബാല്യത്തിലെ ഏറ്റവും സുന്ദരമായ ഓർമകൾക്കെല്ലാം അവന്റെ ഗന്ധമാണ്.

അവന്റെയാ നിഷ്കളങ്ക നിറഞ്ഞ ചിരിയുടെ വർണ്ണമാണ്.

അച്ഛൻമാർ തമ്മിലുള്ള സൗഹൃദം മക്കളിലേക്കും പടർന്നു പടർന്നു പിടിച്ചത് പോലെ.. പാത്തുവും അവളുടെ ഇച്ഛനും..

തറവാട്ടിൽ സമപ്രായമാരായ നിരവധി കുട്ടികൾ ഉണ്ടായിട്ടും.. പാത്തുവിന് പ്രിയം ഓളുടെ ഇച്ഛനെയാണ്.

അതികം ആയുസ്സില്ലാത്തത് കൊണ്ടായിരിക്കും… അവർ തമ്മിലുള്ള ബന്ധത്തിന് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.

ഉപ്പച്ചിയുടെ വേർപാട് നൽകിയ വേദനയോളം വലുതായിരുന്നു.. പ്രിയപ്പെട്ട ഇച്ഛനെ കാണാതെ.. അവനോടൊരു യാത്ര പോലും പറയാതെ ഉമ്മിയുടെ കയ്യും പിടിച്ചു കൊണ്ട് അറക്കൽ തറവാടിന്റെ പടിയിറങ്ങി പോവേണ്ടി വന്നുവെന്നതും.
മറക്കില്ലെന്ന് വാശിയുള്ളത് പോലെ.. ആ കളികൂട്ടുകാരനെ ഇന്നും ഹൃദയത്തിൽ സൂക്ഷിച്ചു കൊണ്ട് നടക്കുന്നുണ്ട്.
ഇനിയൊരിക്കൽക്കൂടി കാണുമെന്നു യാതൊരു ഉറപ്പിമില്ലാഞ്ഞിട്ടും.. ഇവിടെത്തിയ ഓരോ നിമിഷവും അവന്റെയോർമകളിനിയുമീ.. നെഞ്ചിൽ ഭദ്രമായിരുന്നു.

“വേണ്ടാത്തതോന്നും ഓർത്തിട്ട് ന്റെ കുട്ടി ബേജാറാവണ്ട. പടച്ചോൻ ഒരു വഴി കാണാതിരിക്കില്ല. കരയാണ്ടിരിക്ക്. ഇനി അത് ഇവിടുത്തെ ആരേലും കണ്ടോണ്ട് വന്നാ പിന്നെ ഇന്ന് അന്റെ മെക്കിട്ട് കേറാൻ അതായിരിക്കും കാരണം “

ഇടവലം നോക്കി ഭയത്തോടെയാണ് സഫിയാത്ത അത് പറയുന്നത്.

പാത്തു പിന്നൊന്നും പറയാൻ നിൽക്കാതെ പുറം കൈ കൊണ്ട് കണ്ണുകൾ തുടച്ചിട്ട് വേഗം അകത്തേക്ക് നടന്നു.

അടുക്കള കടന്ന് നീണ്ട ഒരു ഇടനാഴിയാണ്.
അതും കഴിഞ്ഞ് വിശാലമായ ഹാൾ.

അതിന്റെ ഇടതു സൈഡിൽ മരത്തിന്റെ ഒരു ഗോവണി.

ഒരുപാട് പരിഷ്കാരികാളായിട്ടും അറക്കൽ തറവാട്ടിൽ പഴമയാണ് മുന്നിട്ട് നിൽക്കുന്നതൊക്കെയും.

പക്ഷേ.. ആധുനികതയുടെ എല്ലാ സൗകര്യങ്ങളുമുണ്ട്.

ധൃതിയിൽ മുഖം കുനിഞ്ഞു ഗോവണി കയറി പോകുമ്പോഴും തലേന്ന് വാതിൽ വലിച്ചു തുറന്നു പുറത്തേക്ക് കുതിക്കും മുന്നേ… അമീൻ പറഞ്ഞ വാക്കുകൾ… പാത്തുവിനെ വിറപ്പിക്കുന്നുണ്ട്.

മുന്നോട്ടു വലിച്ചു നീക്കുന്ന കാലുകൾ വിറച്ചു കൊണ്ടവളെ.. കൂടുതൽ തളർത്തി 

                           ❤️❤️

ഓരോ മരത്തിനു കീഴിൽ നിൽക്കുമ്പോഴും ക്രിസ്റ്റിയുടെ കണ്ണുകൾ ഇടം വലം തുടിച്ചത് അവളെ തിരഞ്ഞിട്ടായിരുന്നു.

എങ്ങോ… എപ്പഴോ.. കണ്ട് മറന്നത് പോലെ പിടക്കുന്ന ആ കണ്ണുകൾ അവനെ കുരുക്കി കളഞ്ഞിരുന്നു.
വളരെ കാലം മുന്നേ എനിക്കിവളെ അറിയാമെന്ന് ഹൃദയമവനെ വെല്ലുവിളിച്ചു.

പക്ഷേ.. ഒന്നിനും വ്യക്തമായൊരു ചിത്രം കിട്ടുന്നില്ല.

അന്നത്തെ അവസാനത്തെ മരത്തിന്റെയും വെട്ട് കഴിഞ്ഞു അവൻ ഒന്ന് ശ്വാസമെടുത്തു.

ഇനിയൊരു അരമണിക്കൂർ ഫ്രീയാണ്.

അപ്പോഴേക്കും മരത്തിൽ തറച്ചു വെച്ച ചിരട്ടയിലേക്ക് റബ്ബർ പാൽ ഒഴുകിയെത്തും.
പിന്നെയത് ബക്കറ്റിലേക്ക് വടിച്ചെടുത്തു കൊണ്ട് പോയി.. ഷീറ്റാക്കാൻ കൂട്ടി വെക്കണം.

വെളിച്ചം നന്നായി പരന്നു കഴിഞ്ഞിരിക്കുന്നത് കൊണ്ട് അവൻ ഹെഡ് ടോർച് ഊരി മാറ്റി.

റബ്ബർ തോട്ടത്തിന്റെ ഇടതു സൈഡിൽ… ഒരു തോട് ഒഴുകുന്നുണ്ട്.
ആ അരമണിക്കൂർ അവൻ അവിടെയാണ് പോയിരിക്കാറുള്ളത്.

അത്രമേൽ പ്രിയപെട്ടയിടം.

കുന്നേൽ ബംഗ്ലാവിനോളം തന്നെ പഴക്കമുണ്ട് ആ തോടിനും.

അതികം വെള്ളമൊന്നുമില്ല.. എങ്കിലും ഉള്ളത് നല്ലത് പോലെ ഒഴുകി പോവുന്നുണ്ട്.
അത് കൊണ്ട് തന്നെ.. നല്ല വൃത്തിയാണ്.

രണ്ടു സൈഡിലും… നിറയെ കൈതോലകളാണ്.

ഇടയിലുള്ള വലിയ മരങ്ങളുടെ തടിച്ച വേരുകളിൽ ചാരി വെള്ളത്തിലേക്ക് കാല് നീട്ടിയിരിക്കാം.

നല്ല തണുപ്പുള്ള വെള്ളത്തിലേക്ക് കാൽ നീട്ടി വെക്കുമ്പോൾ..പരലുകൾ കാലിൽ വന്നു ഇക്കിളി കൂട്ടുന്നത് ക്രിസ്റ്റിക്ക് ഒരുപാട് ഇഷ്ടമുള്ള പരിപാടിയാണ്.

തോളിൽ കിടന്ന തോർത്ത്‌.. മരത്തിൽ കൊളുത്തി വെച്ച ശേഷം അവൻ പതിവുപോലെ കാല് മാത്രം വെള്ളത്തിലേക്ക് ഇറക്കിവെച്ചിരുന്നു.

അത് വരെയും ചൂഴ്ന്ന് നിന്നിരുന്ന ക്ഷീണമെല്ലാം ആ തഴുകലിൽ അലിഞ്ഞില്ലാതെയായി പോയിരുന്നു.

തടിച്ചൊരു വേരിലേക്ക് ചാരിയിരുന്നു കൊണ്ടവൻ പോക്കറ്റിൽ കിടന്ന ഫോണെടുത്തു.

വാട്ട്‌സാപ്പിൽ വന്നു കിടക്കുന്ന മെസേജുകളെല്ലാം ഒന്നോടിച്ചു നോക്കി.

ആവിശ്യമുള്ളതിനെല്ലാം റിപ്ലൈ കൊടുത്തു.

“ഫ്രീയാകുമ്പോ ഒന്ന് വിളിക്കണേ.. ഇച്ഛാ “

മീര എന്നെഴുതിയ നമ്പറിൽ നിന്നുള്ള മെസ്സേജാണ്.
ക്രിസ്റ്റിയുടെ ചുണ്ടിലൊരു ചിരി മിന്നി മാഞ്ഞു.

തൊട്ടടുത്ത നിമിഷം തന്നെ അവനാ നമ്പറിൽ കോൾ ചെയ്തു.

ഇച്ഛാ “

ഒന്നോ രണ്ടോ ബെല്ലിന് ശേഷമുള്ളയാ വിളിയിൽ ക്രിസ്റ്റിയുടെ കാതിൽ.. ബാല്യത്തിന്റെ അവശേഷിപ്പെന്നത് പോലെയാ വിളി മുഴങ്ങി.

ഒരിക്കൽ കൂടിയാ വിളി കേൾക്കാനുള്ള കൊതിയോടെ.. ക്രിസ്റ്റി മനഃപൂർവം വിളി കേട്ടില്ല.

ബാല്യത്തിലെവിടെയോ കേട്ട് മറന്നൊരു കൊഞ്ചി ചിരിയുടെ അലകളെ തലോടി കൊണ്ടവന്റെ ഓർമകൾ കടന്ന് പോയി..

ചുണ്ടിലപ്പോൾ തെളിഞ്ഞ… ചിരിക്ക് വാത്സല്യത്തിന്റെ ചേലായിരുന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button