Novel

നിലാവിന്റെ തോഴൻ: ഭാഗം 30

[ad_1]

രചന: ജിഫ്‌ന നിസാർ

വാതിൽ പുറത്തേക്ക് ലോക്ക് ചെയ്തു കൊണ്ട് ക്രിസ്റ്റി നോക്കിയത് സ്റ്റെയറിന് മുകളിലെ റെയിലിൽ പിടിച്ചു നഖം കടിച്ചു താഴേക്ക് നോക്കി നിൽക്കുന്ന ദിൽനയെയാണ്.

സ്കൂളിൽ പോകാനുള്ള അതേ വേഷത്തിൽ തന്നെയാണ്.

തോളിൽ വലിയ ബാഗുമുണ്ട്.

“ഇവളിതെങ്ങോട്ടാ.. ഇത്രേം നേരത്തെ?”
കയ്യിലെ വാചിലേക്കൊന്ന് നോക്കിയിട്ട് ക്രിസ്റ്റി സ്വയം പറഞ്ഞു.

സമയം ഏഴ് മണി ആവുന്നേയുള്ളൂ.
ലില്ലിയെ കൊണ്ട് ഷാനിക്കയേ കാണാൻ പോകണമെന്നുള്ളത് കൊണ്ടാണ് അവൻ നേരത്തെയിറങ്ങിയത്.

ഇത്രയും നേരത്തെ ഇവൾ പോകാറില്ലല്ലോ?

താൻ വെട്ട് കഴിഞ്ഞു വരുമ്പോഴാവും മിക്കവാറും പോകാൻ റെഡിയായി ഹാളിൽ ഭക്ഷണം കഴിക്കുന്നത് കാണാം 

ഇന്നിനി സ്പെഷ്യൽ ക്ലാസ് വല്ലതും കാണുവോ?

പാത്താം ക്ലാസ്സിൽ ആണല്ലോ..?

എന്നാലും ഈ ഏഴ് മണിക്ക് മുന്നേ…?

സ്വയം ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും അവനെയൊരുപാട് അസ്വസ്ത്ഥതപ്പെടുത്തി.

ക്രിസ്റ്റിയുടെ കണ്ണുകൾ വീണ്ടും അവൾക്ക് നേരെ നീണ്ടു.പതിയെ നടന്നു കൊണ്ടവൻ അവളുടെ അരികിൽ പോയി നിന്നു.
അവൻ അടുത്തെത്തിയത് പോലുമറിയാതെ അവളെതോ ചിന്തയിലാണ്.

ക്രിസ്റ്റി  അവളെ സൂക്ഷിച്ചു നോക്കി.

അങ്ങേയറ്റം അസ്വസ്ഥമാണാ മനസ്സും മുഖവുമെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവന് മനസ്സിലായി.

ഏതോ നിമിഷം ഒന്ന് തിരിഞ്ഞു നോക്കിയ ദിൽന തൊട്ടരികിൽ ക്രിസ്റ്റിയെ കണ്ടതും വിളറി വെളുത്തു.

റെയിലിൽ പിടിച്ചിരുന്ന അവളുടെ നീണ്ട വിരലുകൾ പോലും വിറക്കുന്നത് ക്രിസ്റ്റി കണ്ടിരുന്നു.
എന്നിട്ടും അവന്റെ നോട്ടം രൂക്ഷമായി അവളുടെ നേരെ തന്നെ ആയിരുന്നു.

കണ്മുന്നിൽ അവനെ കാണാതെ എന്തൊക്കെ വിളിച്ചു പറഞ്ഞാലും നേർക്ക് നേർ ക്രിസ്റ്റിയെ കാണുമ്പോൾ.. ദിൽന എപ്പോഴും വെള്ളത്തിൽ വീണത് പോലെ വിറച്ചു പോവാറുണ്ടെന്നത് അവനറിയാം.

ഇനിയും താനവിടെ നിന്നാൽ  അവൾ കരയുമെന്ന് തോന്നിയപ്പോൾ ക്രിസ്റ്റി അവളെ ഒന്ന് കൂടി നോക്കിയിട്ട് സ്റ്റെപ്പിറങ്ങി പോയി.

താഴെ എത്തി അടുക്കളയിലേക്ക് തിരിയും മുന്നേ അവനൊന്നു കൂടി തിരിഞ്ഞു നോക്കിയപ്പോൾ നെഞ്ചിൽ കൈ ചേർത്ത് ശ്വാസം വിടുന്ന ദിൽനയെ കണ്ടതും അത് വരെയും എടുത്തണിഞ്ഞ ഗൗരവം വിട്ടിട്ട് അവൻ ചിരിച്ചു പോയി.

“വല്ല്യ സന്തോഷത്തിലാണല്ലോ.. എന്നാ പറ്റിയെടാ?”
ചിരിച്ചു കൊണ്ട് കയറി വരുന്ന അവനെ കണ്ടതും അവനേക്കാൾ സന്തോഷം മുഖം നിറച്ചു കൊണ്ട് മറിയാമ്മച്ചി അവനെ നോക്കി ചോദിച്ചു.

അവനൊന്നു കണ്ണ് ചിമ്മി കാണിച്ചിട്ട് ടേബിളിൽ ഇരുന്നു.

“എന്തേ.. ഞാനൊന്ന് സന്തോഷിക്കുന്നത് പിടിക്കുന്നില്ലേ നിങ്ങക്ക്.?അതോ.. എന്റെ സങ്കടം മാത്രം ഉന്നം വെച്ച് ജീവിക്കുന്ന ആ പൊറുക്കിയുടെ ടീമിലെടുത്തോ നിങ്ങളെ?”

മുന്നിലേക്ക് അവരെടുത്ത് കൊടുത്ത ചൂടുള്ള പുട്ടിലേക്ക് ബീഫ് ചേർത്ത് കുഴക്കുന്നതിനിടെ ക്രിസ്റ്റി മറിയമ്മച്ചിയെ നോക്കി ചോദിച്ചു.

“അതിനാ പൊറുക്കിയുടെ ചത്ത്‌ പോയ അപ്പൻ ഒന്നൂടെ എണീറ്റു വരേണ്ടി വരും “

പൊറുക്കിയോടുള്ള ദേഷ്യം മുഴുവനും മുഖത്ത് നിറച്ചു കൊണ്ട് മറിയമ്മച്ചി ചുണ്ട് കോട്ടി.
ആസ്വദിച്ചു കഴിക്കുന്നതിനിടെ ക്രിസ്റ്റി ചിരിച്ചു കൊണ്ട് തലയാട്ടി.

“എന്റെ കൊച്ചിനെ എപ്പോഴും സന്തോഷതോടേം സമാധാനതോടേം കാണാൻ കഴിയണേ കർത്താവെ എന്റെ കണ്ണടയുവോളം എന്നത് മാത്രവാ എന്റെ പ്രാർത്ഥന “

മറിയമ്മച്ചിയുടെ കൈകൾ വാത്സല്യത്തോടെ അവനെ തഴുകി.

അവനൊന്നും മിണ്ടാതെ അവരെ നോക്കി കണ്ണ് ചിമ്മി.

“എന്നതാ ഇന്ന് നേരത്തെ?”
മറിയമ്മച്ചി ചോദിച്ചു.

ലില്ലിയുടെ കാര്യം ക്രിസ്റ്റി അവരോട് പറഞ്ഞു കൊടുത്തു.

“പാവം.. അതിന്റെയൊരു വിധി “
നെടുവീർപ്പോടെ എങ്ങോ നോക്കി മറിയമ്മച്ചി പരിതപിച്ചു .

“നിനക്കിപ്പോ എന്നാത്തിനാ ദിലു ഇത്രേം കാശ്? സ്കൂളിൽ കൊടുക്കാമെന്നുമില്ലല്ലോ?”

വീണ്ടും എന്തൊക്കെയോ പറഞ്ഞു ആവലാതിപ്പെട്ടിരിക്കുന്ന മറിയമ്മച്ചിയുടെ സംസാരത്തിനിടെ ഹാളിൽ നിന്നും ഡെയ്സിയുടെ ശബ്ദം ഉയർന്നു കേട്ടതും ക്രിസ്റ്റിയുടെ ശ്രദ്ധ ഒരു നിമിഷം അങ്ങോട്ടായി.

കഴിക്കുന്നതിന്റെ സ്പീഡ് കുറഞ്ഞു.
അവന്റെ മാറ്റം അറിഞ്ഞതും മറിയമ്മച്ചിയും നിശബ്‍ദയായി.

വർക്കി ഡെയ്സിയോട് കയർക്കുന്നത് ക്രിസ്റ്റി വ്യക്തമായി കേട്ടിരുന്നു.

കഴിക്കുന്നത് നിർത്തി കൈ കുടഞ്ഞു കൊണ്ടവൻ എഴുന്നേറ്റു.

“അതവരുടെ കെട്ട്യോന്റേം കെട്ട്യോൾടേം പ്രശ്നമാണ് കുഞ്ഞേ. നീ അതിലോട്ടു കേറി കൊടുക്കേണ്ട.. നിനക്ക് വേദനിക്കും “
കൈ കഴുകി പല്ല് കടിച്ചു കൊണ്ട് തിരിഞ്ഞ ക്രിസ്റ്റിയെ നോക്കി മറിയമ്മച്ചി പറഞ്ഞു.

അവനൊന്നും പറഞ്ഞില്ല.

“ഇഷ്ടപ്പെട്ടത് വല്ലതും വെച്ചുണ്ടാക്കി കൊടുത്താ അതാ കൊച്ചിന് കഴിക്കാൻ മനഃസമാധാനം കെടുക്കേല… വൃത്തിക്കെട്ടതുങ്ങള് “
ക്രിസ്റ്റി കഴിച്ചു ബാക്കിയാക്കിയ പാത്രത്തിലോട്ട് നോക്കി മറിയമ്മച്ചി പിറുപിറുത്തു.

“നീ പോവാനിറങ്ങിയതല്ലേ.. പെട്ടന്ന് പോയിക്കേ അങ്ങോട്ട്‌ .. അവരുടെ പ്രശ്നം അവര് തന്നെ തീർത്തോളും..നീ ഇടപെടേണ്ട.പോ..”

പിന്നെയും ഹാളിലെ സംസാരത്തിലേക്ക് കാതോർത്ത് നിൽക്കുന്ന ക്രിസ്റ്റിക്ക് നേരെ മേശയുടെ അരികിൽ അവൻ വെച്ച ബാഗ് എടുത്തു നീട്ടിയിട്ട് മറിയമ്മച്ചി പറഞ്ഞു.

അവനൊന്നും മിണ്ടാതെ അത് വാങ്ങി പുറത്തേക്ക് നടന്നു.

“നിനക്ക് വൈകുന്നേരമല്ലേ ട്യൂഷൻ.?എന്തിനാ ഇത്രേം നേരത്തെ പോകുന്നത്?”

തന്റെ മനസ്സിലുള്ള അതേ ചോദ്യം ഡെയ്സി ദിലുവിനോട് ചോദിക്കുന്നത് കേട്ടാണ് ക്രിസ്റ്റി ഹാളിലേക്ക് ചെന്നത്.

അതിനുള്ള അവളുടെ ഉത്തരം അറിയാൻ അവനുമൊരു തിടുക്കം തോന്നി.

ക്രിസ്റ്റിയുടെ നടത്തം സ്പീഡ് കുറഞ്ഞു.

“എനിക്ക്.. എനിക്ക് സ്പെഷ്യൽ ക്ലാസ്സ്…”

അവളത് പറഞ്ഞു നോക്കിയത് ക്രിസ്റ്റിയുടെ നേരെയാണ്.

വീണ്ടും ആ മുഖത്തൊരു പിടച്ചിൽ.

ഭയത്തിനും അപ്പുറം അതൊരു വെപ്രാളമായിട്ടാണ് ക്രിസ്റ്റിക്ക് തോന്നിയത്.

അവളുടെ മുഖത്തുള്ള അതേ അസ്വസ്ഥത അവനിലേക്കും പടർന്നു.
അത് വരെയും ഉണ്ടായിരുന്നു സന്തോഷം എത്ര പെട്ടന്നാണ് ഓടി ഒളിച്ചത്.

അശുഭകരമായ ഏതോ ഒരു ഫീൽ അവനെ ചുറ്റി പൊതിഞ്ഞു.

പിന്നിൽ നിന്നും ഡെയ്സിയുടെ ചോദ്യവും ദിലുവിന്റെ ഉത്തരങ്ങളും കേട്ട് കൊണ്ടാണ് അവൻ പുറത്തേക്കിറങ്ങിയത്.

വീണ്ടും വർക്കിയുടെ ശബ്ദം ഉയരുന്നത് ബൈക്കിൽ കയറുമ്പോൾ അവൻ കേട്ടിരുന്നു.
അയാൾ വാദിക്കുന്നത് ദിലുവിന് വേണ്ടിയാണ്.അതെപ്പോഴും അങ്ങനെയാണ്. മക്കൾക്ക് മുന്നിൽ സ്വയം ആളാവാനും ഡെയ്സിയെ ഇടിച്ചു താഴ്ത്തി അതിൽ കൂടി ക്രിസ്റ്റിയെ വേദനിപ്പിക്കാനും കിട്ടുന്ന ഒരവസരവും വർക്കി വെറുതെ കളയാറില്ല.

അവളെ അനാവശ്യമായി ചോദ്യം ചെയ്തെന്നും പറഞ്ഞിട്ട് ഡെയ്സിയെ വീണ്ടും വഴക്ക് പറയുന്നത് കേട്ട് കൊണ്ടാണ് അവൻ വണ്ടി ഓടിച്ചു പോയതും..

                          ❤️‍🩹❤️‍🩹

“ഫാത്തിമയ്ക്ക് എന്നെ മനസ്സിലായോ?”
അവൾക്ക് മുന്നിൽ വന്നിട്ട് കൈ കെട്ടി നിന്നിട്ട് ഷാഹിദ് ചോദിച്ചു.

പകച്ചുപോയ അവൾ ഒന്ന് ചുറ്റും നോക്കി.

പല ഭാവങ്ങൾ നിറഞ്ഞ മുഖങ്ങളാണ് എല്ലാവർക്കും.
പെൺകുട്ടികൾ തിളങ്ങുന്ന കണ്ണോടെ… ആരാധനയോടെ അവന് നേരെ നോട്ടം കൊരുത്തു നിൽക്കുമ്പോൾ … ഭയമോ.. വേവലാതിയോ എന്നറിയാത്ത വിധം മറ്റു ചിലർ.

“ഉത്തരം പറയു ഫാത്തിമ.. “
വീണ്ടും മധുരമോടെയുള്ള ഈണത്തിൽ ആ ചോദ്യം.
ഫാത്തിമ അവന് നേരെ തന്നെ നോക്കി.

ഇരുട്ടിനെ തോൽപ്പിക്കുന്ന വിധമൊരു കറുത്ത ഷർട്ടും ആഷ് കളർ പാന്റും.

വൃത്തിയായി ഇൻ ചെയ്തിട്ടുണ്ട്.

മുട്ടോളം മടക്കി വെച്ച ഷർട്ടിന്റെ കൈ മടക്ക് പോലും ചുളിവ് വന്നിട്ടില്ല.

നെറ്റിയിലേക്ക് വീഴ്ത്തില്ലെന്ന് വാശിയുള്ളത് പോലെ മുകളിലേക്ക് ചീകി ഒതുക്കി വെച്ച നീണ്ട മുടിയിഴകൾ.

എല്ലാത്തിനും ഉപരി.. അവന്റെ കണ്ണിലെ ഭാവം.. ചുണ്ടിലെ ചിരി.

ഫാത്തിമ ഇല്ലെന്ന് തലയാട്ടി.

ഷാഹിദ് വരുമെന്ന് പറയുന്നുണ്ട് എന്നല്ലാതെ അന്നവനെ അവളൊരിക്കലും അവടെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.

“ഷാഹിദ്… ഷാഹിദാണ് ഞാൻ “

മനം മയക്കുന്ന ചിരിയോടെ അവനത് പറഞ്ഞതും ഫാത്തിമ ഞെട്ടി കൊണ്ടവനെ നോക്കി.

വന്നത് മുതലും വരുന്നതിന് മുന്നേയും ഒരുപാട് കേട്ട പേരാണ്.
ഇവിടുള്ളവരുടെ വെറുപ്പിനെ മുൻനിർത്തി നെയ്‌ത്തെടുത്തൊരു രൂപമുണ്ടായിരുന്നു, അവനെ കുറിച്ച് മനസ്സിൽ.

പക്ഷേ മുന്നിൽ നിൽക്കുന്നവന് അതുമായി നേരിയൊരു സാമ്യം പോലുമില്ലെന്നാണ് ഫാത്തിമ ഓർത്തത്.

തന്നേ നോക്കി നിൽക്കുന്നവളിലേക്ക് ഷാഹിദിന്റെ കണ്ണുകളും പതിഞ്ഞു.

കരഞ്ഞു ചുവന്ന കണ്ണിൽ നിറഞ്ഞ … തന്നേ കണ്ടപ്പോഴുദിച്ച അമ്പരപ്പ് കാണാനെന്തു ചേലാണ്!

വെളുത്തു തുടുത്ത അവളുടെ കവിളിലേക്കും.. വിടർന്നു നിൽക്കുന്ന ചുണ്ടിലേക്കും ഞൊടിയിട കൊണ്ട് അവന്റെ നോട്ടമിടറി വീണു.

തലയിൽ പിടിച്ചിട്ട തട്ടത്തിനുള്ളിൽ അമ്പിളി കീറുപോലെ തിളങ്ങുന്ന അവളുടെ മുഖം.
ഷാഹിദ് ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട് ഒന്ന് ശ്വാസമെടുത്തു.

“ഇപ്പൊ അറിയോ എന്നെ?”
വീണ്ടും ചിരിച്ചു കൊണ്ട് ഷാഹിദ് ചോദിക്കുമ്പോൾ.. അതേയെന്നവൾ തലയാട്ടി കാണിച്ചു.

“ദാ.. ഇത് വരെയും ഫാത്തിമയ്ക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ അതിനെല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു. ഇനി.. ഇനി അങ്ങനൊന്നും ഉണ്ടാവില്ല. ഇതെന്റെ വാക്കാണ്. പോരെ “

അവളെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഷാഹിദ് പറഞ്ഞു.
ഫാത്തിമ ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.

അവന്റെയാ ചിരിക്ക് മുന്നിൽ ഒന്നും പറയാൻ അവൾക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.

നെഞ്ചിലെന്തോ അസ്വസ്ഥത പൊതിയുന്നു. ആ നോട്ടം നേരിടുമ്പോഴെല്ലാം.
അവൾ മുഖം കുനിച്ചു.

“മുറിയിലേക്ക് പൊയ്ക്കോളൂ . ഇനി ഞാനിവിടുണ്ട്. എന്തുണ്ടായാലും എന്നോട് പറഞ്ഞാൽ മതി.”

ഷാഹിദ് വീണ്ടും പറഞ്ഞു.

അവനെ ഒന്ന് കൂടി നോക്കിയിട്ട് ധൃതിയിൽ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലേക്ക് ഓടുന്നവളെ നോക്കി… അവൻ അവിടെ തന്നെയുണ്ടായിരുന്നു.

അതേ ചിരിയോടെ..

                             ❤️‍🩹❤️‍🩹

“ഇതല്ലങ്കിൽ വേറൊരു ജോലിക്ക് നമ്മൾ ശ്രമിക്കും. കിട്ടിയില്ലേലും വിഷമിക്കരുത്. കേട്ടോ ലില്ലിയാന്റി “

ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ ക്രിസ്റ്റി ഓർമ്മിപ്പിച്ചു.

ലില്ലി അമിതമായ പ്രതീക്ഷയിലാണെന്ന് അവനാദ്യം തന്നെ തോന്നിയിരുന്നു. അതായിരുന്നു അവന്റെ ഏറ്റവും വലിയ ടെൻഷനും.

“അപ്പൊ… അപ്പൊയിത് കിട്ടില്ലെടാ മോനെ? “

അവന്റെ തോളിൽ പിടിച്ച ലില്ലിയുടെ കൈകൾ മുറുകി.

“എന്നല്ല ലില്ലിയാന്റി ഞാൻ പറഞ്ഞത്. അഥവാ കിട്ടിയില്ലെങ്കിൽ എന്നാണ്. അത് വേണമെന്ന് നമ്മൾക്ക് വാശി പിടിക്കാൻ ആവില്ലല്ലോ? ഒരു വെക്കൻസിയുണ്ട്.. നാളെ വന്നു നോക്കെന്നാണ് അവര് പറഞ്ഞത്. കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം “
ക്രിസ്റ്റി പറഞ്ഞത് കേട്ട് ലില്ലി ഒന്ന് മൂളുക മാത്രം ചെയ്തു.

ഏട്ടരയ്ക്ക് മുന്നേ തന്നെ ക്രിസ്റ്റിയും ലില്ലിയും അവിടെത്തിയിരുന്നു.

ഫൈസി പറഞ്ഞതിനേക്കാൾ എടുപ്പുണ്ടായിരുന്നു ടൗൺ മധ്യത്തിൽ തന്നെ തലയുയർത്തി നിൽക്കുന്ന sky സൂപ്പർ മാർക്കറ്റിന്.

അവരെത്തി പത്തു മിനിറ്റോളം കഴിഞ്ഞിട്ടാണ് ആര്യന്റെ കൂടെ ഫൈസി അങ്ങോട്ട് എത്തിയത്.

ലില്ലി അങ്ങേയറ്റം ടെൻഷനോടെ കൈകൾ തമ്മിൽ പിരിച്ചുടക്കുന്നുണ്ട്.

ഫൈസിയെ നോക്കി ക്രിസ്റ്റി കണ്ണുകൾ കൊണ്ട് അത് കാണിച്ചു കൊടുത്തു.

ഏകദേശം ഒൻപതു മണിയോടത്തതും.. ഫൈസിയുടെ ഉപ്പച്ചിയും ഒപ്പം പ്രൌഡമായ മറ്റൊരാളും അവരുടെ അരികിലേക്ക് വന്നു.

“ഷാനവാസ്..”

വന്നയാൾ അവരെ നോക്കി ഗൗരവത്തോടെ പറഞ്ഞു.

ആ രൂപവും.. അയാളിലെ ഗൗരവവും കണ്ടതും ക്രിസ്റ്റി ലില്ലിയെ ഒന്ന് പാളി നോക്കി.
തീർത്തും പ്രതീക്ഷയറ്റത് പോലെ.. അവരുടെ കണ്ണുകളും അവന്റെ നേരെയായിരുന്നുവപ്പോൾ……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button