Novel

നിലാവിന്റെ തോഴൻ: ഭാഗം 37

[ad_1]

രചന: ജിഫ്‌ന നിസാർ

“അവൾ നിനക്കെതിരെ പറയില്ലെന്ന് ഉറപ്പാണല്ലോ. അല്ലേടാ? “

സൂസൻ റോയ്‌സിനെ നോക്കി.

“നൂറു വട്ടം “

ചുണ്ടിലൊരു പുച്ഛത്തോടെ റോയ്സ് അമ്മയെ നോക്കി ചിരിച്ചു.

“കാര്യങ്ങളൊക്കെ നമ്മളുദ്ദേശിച്ചത് പോലെ നടന്ന മതിയായിരുന്നു “
ഒരു നെടുവീർപ്പോടെ സൂസൻ മധുരം ചേർത്ത ചായ കപ്പുകളിൽ നിറച്ചു.

“നടക്കും അമ്മേ. റോയ്സൊന്ന് വിചാരിച്ച അത് നടന്നു കഴിഞ്ഞു എന്ന് വേണം കരുതാൻ. പുറത്തിരിപ്പുള്ള അമ്മയുടെ പുന്നാര ബ്രോ… ഇനി ഇങ്ങോട്ട് വരുന്നത് എന്നെ മകൾക്ക് വേണമെന്ന് കെഞ്ചി കൊണ്ടായിരിക്കും. ഇതെന്റെ വാക്കാണ്. അമ്മ കുറിച്ച് വെച്ചോ “

താടിയൊന്ന് ഉഴിഞ്ഞു കൊണ്ടവൻ സൂസന് കുറുകെ നടന്നു കൊണ്ട് പറഞ്ഞു.

“ശ്.. പതിയെ പറ നീ. ചേട്ടനെങ്ങാനും കേട്ടാൽ പിന്നെ തീർന്നു. സ്വന്തം പെങ്ങൾ അല്ലാഞ്ഞിട്ടും അങ്ങേർക്ക് എന്നോടാ വല്ല്യ കാര്യം. നിനക്ക് ദിൽനയെ ഞാൻ കണ്ട് വെച്ചതും അത് കൊണ്ടല്ല്യോ?”

ചുണ്ടിൽ വിരൽ ചേർത്ത് വെച്ച് സൂസൻ കണ്ണുരുട്ടി.

“കേട്ടാലും ഒരു ചുക്കും ചെയ്യില്ല…അമ്മയുടെ ചേട്ടൻ. അതിനുള്ളതെല്ലാം ഈ റോയ്സ് ചെയ്തിട്ടുണ്ട്. ഇനി അങ്ങോട്ട്… റോയ്സ് ആക്ജ്ഞപ്പിക്കും.. അമ്മയുടെ ചേട്ടൻ അനുസരിക്കും..”

വിരൽ ഞൊടിച്ചു കൊണ്ടവൻ ആവേശത്തിൽ പറയുമ്പോൾ സൂസന്റെ കണ്ണുകൾ അടുക്കളയിൽ നിന്നും ഹാളിലേക്ക് നീണ്ടു.

വർക്കിയുണ്ട് അവിടെ. ഇന്നലെ കുന്നേൽ ബംഗാവിൽ വെച്ച് ക്രിസ്റ്റി റോയ്സിനോട് അങ്ങേയറ്റം മോശമായി പെരുമാറിയത് ചേട്ടൻ മനസാക്ഷിയില്ലാതെ നോക്കി നിന്നുവെന്ന് പൊടിപ്പും തുങ്ങലും വെച്ച് സൂസൻ വിളിച്ചു ആവലാതി പറഞ്ഞതിന്റെ തീർപ്പ് കൽപ്പിക്കുവാൻ വന്നതാണ് അയാൾ.പണ്ടും അങ്ങനെയാണ്.
നേരെയുള്ള പെങ്ങളെക്കാൾ അയാൾക്ക് സൂസനോടാണ്.

“അമ്മയുടെ ആ മണ്ടൻ ചേട്ടനെയല്ല നമ്മൾ ഭയക്കേണ്ടത്. അവനെയാണ്. കണ്ണിൽ കനലൊളിപ്പിച്ചു കൊണ്ടുരുത്തനുണ്ടല്ലോ അവിടെ. ക്രിസ്റ്റി.. ക്രിസ്റ്റി ഫിലിപ്പ്. അവനെ നമ്മൾ ഭയന്നെ മതിയാവൂ. കത്തി പടരാൻ കനലൊരു തരി മാത്രം മതി.”

ഇടതു കവിളിൽ തടവി അത് പറയുമ്പോൾ റോയ്‌സിന്റെ കണ്ണിൽ പകയാളി. പല്ലുകൾ ഞെരിഞ്ഞു.

“അവൻ വെറും ഓലപ്പടക്കമാണ് മോനെ. ആദ്യത്തേ പൊട്ടിത്തെറി മാത്രമേ കാണൂ. പിന്നെ പുകഞ്ഞങ് നിന്നോളും “
പാത്രത്തിൽ പലഹാരങ്ങൾ നിരത്തുന്നതിനിടെ സൂസൻ മകനെ ആശ്വാസിപ്പിച്ചു.

“അത് നമ്മുടെ വെറും തോന്നലാണ് അമ്മേ.അവനെ അത്ര പെട്ടന്നൊന്നും പ്രെഡിക്റ്റ് ചെയ്യാൻ പറ്റില്ല. എപ്പോ.. എന്തിന്.. എവിടെ എന്നൊന്നുമില്ല. അനീതിക്കെതിരെ അവന്റെ പ്രതികരണം അതി രൂക്ഷമായിരിക്കും. അങ്ങനൊരു പ്രതേകത കൂടിയുണ്ട് കുന്നേൽ ബംഗ്ലാവിലെ കിരീടമില്ലാത്ത രാജകുമാരന് “

വീണ്ടും ഇടതു കവിളിൽ തഴുകി.. പുച്ഛത്തോടെ റോയ്സ് പറഞ്ഞു.

“പക്ഷേ ഇപ്രാവശ്യം ഞാനും അറിഞ്ഞു വല വീശിയിട്ടുണ്ട്. അവനും വരും എനിക്ക് മുന്നിൽ ഇരക്കാൻ. വരുത്തിക്കും ഞാൻ. അങ്കിളിനോട് അവന് വെറുപ്പും ദേഷ്യവുമൊക്കെ ഉണ്ടേലും.. ഡെയ്സിയാന്റി കരയുന്നത് അവന് സഹിക്കാൻ കഴിയില്ല. അതെനിക്ക് നല്ലത് പോലെ അറിയാവുന്ന കാര്യമാണ്.”

വിജയചിരിയോടെ റോയ്സ് തല ചെരിച്ചു അമ്മയെ നോക്കി.

സൂസന്റെ മുഖത്തും മകനെ കുറിച്ച് അഭിമാനമാണ് നിറഞ്ഞു കാണുന്നത്.

“വരണം.. അവൻ വരണം. എന്നിട്ട് എനിക്കുണ്ട് അവനോടിച്ചിരി കണക്ക് ചോദിക്കാൻ “

വീണ്ടും റോയ്സിന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു.

“ആഹ്.. അതൊക്കെ ചോദിക്കാം. ഇപ്പൊ നീ ഈ ചായ കൊണ്ട് കൊടുക്ക്. അല്ലേൽ നിന്റപ്പനും ചേട്ടനും കൂടി തള്ളി തള്ളി ഈ വീട് മറിച്ചിടും “

ചായ ഗ്ലാസ്‌ ഒതുക്കി വെച്ച ട്രേ അവന് മുന്നിലേക്ക് നീക്കി വെച്ച് കൊണ്ട് സൂസൻ ഓർമ്മിപ്പിച്ചു..

അതേ സമയം.. ക്രിസ്റ്റിയെ എങ്ങനെ ഒതുക്കി കളയാമെന്ന ഗഹനമായ ചിന്തകളിലാണ് വർക്കിയും സൂസന്റെ കെട്ട്യോൻ തോമസും.

ക്രിസ്റ്റിയെ ഒതുക്കാൻ മുന്നേയും പല പ്രാവശ്യം രണ്ടാളും ഒരുമിച്ച് ശ്രമിച്ചിട്ട്.. ഒടുവിൽ അവൻ തിരിച്ചു കൊടുത്ത നിരവധി പണികൾ ഓർമയിലുണ്ടന്നത് കൊണ്ട് തന്നെ… അവരൊരു വഴി ആലോചിച്ചു നോക്കും മുന്നേ… അതിനവൻ തിരിച്ചു കൊടുക്കുന്ന കെണിയാണ് ആദ്യം കണ്ടു പിടിക്കുന്നത്.

“ഇനി ചായ കുടിച്ചിട്ട് ആവാം അങ്കിൾ”

അതി വിനയത്തോടെ റോയ്സ് പറഞ്ഞതും വർക്കി വിഷമത്തോടെ അവനെ നോക്കി.

ഇന്നലെ ക്രിസ്റ്റി അവിടെ വെച്ച് അങ്ങനൊക്കെ ചെയ്തെങ്കിലും  അതിന്റെ യാതൊരു വിധ പിണക്കങ്ങളുമില്ലന്ന് മാത്രമല്ല… അവനിപ്പോഴും വർക്കി അങ്കിളിന് വേണ്ടി എന്തും ചെയ്യും എന്നുള്ള മനോഭാവമാണ്.

“ഒന്നും മനസ്സിൽ വെച്ചേക്കല്ലേ മോനെ..”

വർക്കി വീണ്ടും പറഞ്ഞു.

വന്നിട്ടിത് മൂന്നോ നാലോ പ്രാവശ്യമാണ് വർക്കി അവനോടത് പറയുന്നത്.

ക്രിസ്റ്റിക്ക് എതിരെ തനിക്കൊപ്പം നിൽക്കാൻ തന്റെ കുടുംബം മൊത്തമുണ്ടെന്നത് തന്നെയായിരുന്നു വർക്കിയുടെ എക്കാലത്തെയും ഏറ്റവും വലിയൊരു സമാധാനം.

നേർക്ക് നേർ അവനോട് കളിച്ചു ജയിക്കാനാവില്ലെന്നത് അനേകം തവണ അനുഭവിച്ചറിഞ്ഞതാണ്.

“ഞാൻ അതൊന്നും മനസിൽ സൂക്ഷിച്ചു നടന്നിട്ടില്ല അങ്കിൾ. എനിക്ക് കിട്ടിയത് അവൻ അങ്കിളിന് കരുതി വെച്ചതാണെന്നാ എനിക്ക് തോന്നുന്നത്.അങ്കിളിന് കിട്ടാനുള്ള ഏറ്റു വാങ്ങി എന്നോർക്കുമ്പോൾ എനിക്ക് സന്തോഷമാണ് “

ഗൂഢമായൊരു ചിരിയോടെ റോയ്സ് അത് പറയുമ്പോൾ… വർക്കിയുടെ മുഖം വിളറി പോയിരുന്നു.

“അങ്കിൾ അതൊന്നും ഓർത്തു വിഷമിക്കണ്ട. ഇനി അധികം വളരാൻ നമ്മൾ അവന് അവസരമൊരുക്കണോ എന്ന് ഗൗരവവത്തോടെ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നലെ അങ്കിളിന് പകരം എനിക്ക് കിട്ടി.. നാളെയത് നേരിട്ട് തരാനും അവൻ മടിക്കില്ലെന്ന് ഉറപ്പാണ് “കൗശലത്തോടെ റോയ്സ് വർക്കിയേ നോക്കി പറഞ്ഞു..

                          ❣️❣️❣️

“ദേ… ക്രിസ്റ്റി എന്റെ ക്ഷമയുടെ ഏറ്റവും അവസാന സ്റ്റേജിലാണിപ്പോ ഞാൻ. ഇനിയും എന്നെ നീ പരീക്ഷിക്കരുത്. ഞാൻ നില വിട്ട് വല്ലതും ചെയ്തു പോകും കേട്ടോ..”

എത്ര പറഞ്ഞിട്ടും.. എന്തൊക്കെ പറഞ്ഞിട്ടും തെളിയാത്ത ക്രിസ്റ്റിയുടെ മുഖം.

ഫൈസി ദേഷ്യത്തിലാണ്.

ആര്യൻ രണ്ട് പേരെയും മാറി മാറി നോക്കി ഇരുന്നു.

ഒരുത്തൻ പടക്കം പോലെ കണ്മുന്നിൽ നിന്ന് പൊട്ടി ചിതറുന്നത് കണ്ടിട്ടും.. യാതൊരു കുലുക്കവുമില്ലാത്ത മറ്റൊരുത്തന്റെ ഇരിപ്പ്.

ആര്യൻ തലയാട്ടി കൊണ്ട് രണ്ടാളെയും നോക്കി.

‘നീ ഇവിടിരിക്ക് ഫൈസി “

ഇരിപ്പിടത്തിനടുത്ത് കൂടി നടന്നു പോകുന്ന കുട്ടികൾ അവരെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും ആര്യൻ ഫൈസിയെ അവനരികിൽ പിടിച്ചിരുത്തി.

“ഇവനെന്താണെടാ ഇങ്ങനെ..? എത്ര പറഞ്ഞിട്ടും ഇവനെന്താ ഒന്നും മനസ്സിലാവാത്തത്..?എല്ലാം കൂടി ഓർക്കുമ്പോൾ എനിക്ക്…”

തലയിൽ കൈ താങ്ങി കൊണ്ട് ഫൈസി കുനിഞ്ഞിരുന്നു.
താഴെയുള്ള ഗ്രൗണ്ടിൽ കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നുണ്ട്. കയ്യിലൊരു പിടി… വാക പൂക്കളുമായിരിക്കുന്ന ക്രിസ്റ്റിയുടെ നോട്ടം അങ്ങോട്ടാണ്.

ഫൈസി എന്തൊക്കെ പറഞ്ഞിട്ടും അവനൊരക്ഷരം മിണ്ടുന്നുണ്ടായിരുന്നില്ല.

“ഇനി നീയും കൂടങ്ങു തൊടങ്ങിക്കോ.. മോന്ത വീർപ്പിച്ചു പിടിക്കല്. അതോടെ പൂർത്തിയായി “

ഫൈസിയുടെ മങ്ങിയ മുഖം കൂടി കണ്ടതോടെ ആര്യൻ കടുപ്പത്തിൽ പറഞ്ഞു.

“ഞാൻ പിന്നെ.. തലയും കുത്തി നിക്കണോ. മര്യാദക്ക് പറഞ്ഞിട്ട് ഇവന് മനസ്സിലാവണ്ടേ..?ആവിശ്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ അല്ലാതെ തന്നെയുണ്ട് ഈ നാറിയുടെ തലക്ക് മുകളിൽ. അന്നേ ഞാൻ പറഞ്ഞതാ.. ആ വയ്യാവേലി കൂടി തലയിലെടുത്തു വെക്കേണ്ടന്ന്. അന്നത് കേട്ടില്ല. വല്ല്യ ആദർശം പറഞ്ഞിട്ട് അവൻ മദർ തെരേസ കളിച്ചു.എന്നിട്ടിപ്പോ.. അവന്റെയൊരു മൗനം…”

ഫൈസി ക്രിസ്റ്റിയെ നോക്കി പല്ല് കടിച്ചു.

ക്രിസ്റ്റിയുടെ മിഴികൾ കൂടി ചലിച്ചില്ല..അത്രേം കേട്ടിട്ടും.

“നിനക്കൊന്നും പറയാനില്ലേടാ?”
ആര്യൻ ക്രിസ്റ്റിയുടെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു.

“അവനെന്തു തേങ്ങകൊലയാണ് ഇനി പറയുന്നത്?”

ഫൈസി ചുണ്ട് കോട്ടി.

“ഇത് പോലൊരു അവസ്ഥയിൽ നമ്മൾ ഇവനെ കണ്ടിട്ടില്ലല്ലോ ഫൈസി..?ഇതിനേക്കാൾ എത്രയോവലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഉലയാതെ നിന്ന് അത് നേരിട്ടവനാണ് ക്രിസ്റ്റി ഫിലിപ്പെന്നു നമ്മളോളം വേറെ ആർക്കാ അറിയാവുന്നത്.?ഇതിപ്പോ…നീ ദേഷ്യപെടാതെ ചോദിക്ക്. അവൻ.. അവൻ നമ്മള് ചോദിച്ച പറയുമെടാ..”

ആര്യൻ പറഞ്ഞു നിർത്തിയിട്ടു വീണ്ടും ഫൈസിയെ നോക്കി.
അവന്റെ കണ്ണുകളും ക്രിസ്റ്റിയിലാണ്.

ചുവന്നു കലങ്ങിയ ആ കണ്ണുകൾ അവന്റെ ഹൃദയം വരച്ചു കാണിക്കുന്നത് പോലെ..

ഫൈസി എഴുന്നേറ്റു… ക്രിസ്റ്റിയുടെ അരികിൽ ചെന്നിരുന്നു. തോളിൽ കൂടി കയ്യിട്ട് പിടിച്ചു കൊണ്ട് അവനെ ചേർത്ത് പിടിച്ചു.

ക്രിസ്റ്റി അവനെ നോക്കി.അൽപ്പം സമയം രണ്ടാളും ഒന്നും മിണ്ടാതെ തമ്മിൽ നോക്കിയിരുന്നു.

“ഫാത്തിമ…. ഫാത്തിമ കയറിയിറങ്ങി പോയത്.. കുന്നേൽ ബാംഗ്ലവിലല്ല. എന്റെ ചെങ്ങായീടെ ഖൽബിലാണല്ലേ..?”

ആർദ്രമായ ആ ചോദ്യം.. ക്രിസ്റ്റിയെ ഉലച്ചു കളയാൻ പാകത്തിനുള്ളതായിരുന്നു.കണ്ണുകളൊന്ന് പിടഞ്ഞു..

അവൻ വേഗം നോട്ടം മാറ്റി.
ആര്യനും അത്ഭുതത്തോടെ ക്രിസ്റ്റിയെ നോക്കി.

“നിനക്ക്… നിനക്കവളോട് പ്രണയമാണല്ലേ..?”

വീണ്ടും ഇടനെഞ്ചിൽ തുളച്ചു കയറുന്ന ഫൈസിയുടെ ചോദ്യം.

ക്രിസ്റ്റിയുടെ കയ്യിലുള്ള വാക പൂക്കൾ ഞെരിഞ്ഞമർന്നു.

                       ❣️❣️❣️❣️
“എനിക്ക്.. എനിക്ക് പേടിയാ റിഷിയേട്ടാ?”

മുന്നിൽ നിൽക്കുന്നവളുടെ വിളറിയ മുഖം.
റിഷിൻ ഒന്ന് കൂടി അവളെ ചേർത്ത് പിടിച്ചു.

“ആഹ്.. അങ്ങനങ്ങ് പേടിച്ചാലോ ഡിയർ. നിനക്കെന്നെ വിശ്വാസമില്ലേ..?”

ഗൂഡമായൊരു ചിരിയോടെ റിഷിയുടെ കൈകൾ അവളെ വരിഞ്ഞു മുറുക്കി.

“ഏട്ടന് അറിയാലോ എന്റെ അവസ്ഥ. നിങ്ങളെ പോലെയല്ല. ഞങ്ങളുടെ കോളനിയിൽ ഇത് വല്ലതും അറിഞ്ഞാ പിന്നെ എന്നെ ജീവനോടെ വെച്ചേക്കില്ല… അവിടാരും പ്രായമായ അച്ഛന്റേം അമ്മയുടെയും പിന്നെ ഗതികെട്ട ഞങ്ങളുടെ കോളനിയുടെയും ഏക പ്രതീക്ഷ ഞാനാണ്. എന്റെ അവസ്ഥ മുന്നേ ഞാൻ പറഞ്ഞതല്ലേ..?എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ എന്റെ സ്നേഹം ഞാൻ അറിയിച്ചത്.?റിഷി ഏട്ടൻ സ്നേഹം പറഞ്ഞോണ്ട് പിന്നിൽ നടന്നേനെ വീഴ്ത്തി കളഞ്ഞതല്ലേ..? എന്നാലും എന്റെ പൊസിഷൻ ഞാൻ മറക്കാൻ പാടില്ലല്ലോ.?എന്നേക്കാൾ എത്രയോ നല്ല കുട്ടികളെ കിട്ടുമായിരുന്നു. എന്നിട്ടും എന്ത് കണ്ടിട്ടാണാവോ.. ഈ പട്ടിണി പാവത്തിനെ ഇങ്ങനെ സ്നേഹം കൊണ്ട് മൂടുന്നത്. അതിനുള്ള അർഹതയുണ്ടോ എനിക്ക്?”

കരഞ്ഞു കൊണ്ടവൾ അവനെയും ചുറ്റി പിടിക്കുമ്പോൾ റിഷിന്റെ ചിരിക്ക് പതിവില്ലാതെ ഭംഗിയേറി… ചുണ്ടുകൾ കോടി പോയത് അവൾ കണ്ടതുമില്ല.

“റിഷിൻ ചെറിയാന് ഇത്രേം കാലത്തിനിടെ ഒരാളോട് മാത്രമേ ഇഷ്ടം തോന്നിയിട്ടൊള്ളു. ആ ഒരാളെ മാത്രമേ എന്റെ ഹൃദയത്തിനുള്ളിലേക്ക് എഴുതി ചേർത്തിട്ടുമൊള്ളൂ. ആരിനി പകരം വന്നാലും ആ ഒരാൾക്കു മാത്രമേ റിഷിനിൽ അവകാശമുള്ളു.. ആ.. ഒരാളാണ് നീ.. എന്റെ.. എന്റെ മാത്രം ഗൗരി.”

അവളുടെ കവിളിൽ കൈ ചേർത്ത് വെച്ച് കൊണ്ട് റിഷിൻ പറഞ്ഞതും ഞൊടിയിട കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു.

ചുവന്നു തുടുത്ത ചുണ്ടുകൾ.. വിറക്കുന്നത് റിഷിൻ കൊതിയോടെ നോക്കി നിന്നു.

അവനറിയാം.. താൻ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുമെന്ന്.
അത്രമാത്രം കഷ്ടപെട്ടാണ് ഗൗരിയെന്ന ആ പാവം പെൺകുട്ടിയിലേക്ക് അവന്റെ കള്ളപ്രേമം ചേർത്ത് വെച്ചത്.

നഗരതിരക്കുകളിൽ നിന്ന് മാറി… അകലെയാണ് അവളുടെ വീട്… അല്ല. കോളനി.

റിഷിന്റെ അരികത്തു പോലും നിൽക്കാൻ കഴിയാത്ത അവളുടെ അസൗകര്യങ്ങൾ നിറഞ്ഞൊരു കോളനിയിലെ… ഒരുപാട് പേരുടെ സ്വപ്നവും വഹിച്ചാണ്.. ഗൗരിയെന്ന പെൺകുട്ടി ആ കോളേജിലേക്ക് എത്തി പെട്ടത്.

പഠിക്കാൻ അതി സമർഥയാണ് എന്നതിനൊപ്പം തന്നെ അവളുടെ സൗന്ദര്യവും വർണനക്കതീതമായിരുന്നു.

എന്തൊക്കെ സംഭവിച്ചാലും പിന്നിൽ അണി നിരക്കാൻ.. പിടിപാടുള്ള ആരുമില്ലെന്നതും അവളുടെ സൗന്ദര്യവും അവനെ അവളുടെ കാമുകനാക്കി.

അവൾക്ക് മുന്നിൽ അവൻ തകർത്തു അഭിനയിച്ച് രസിച്ചു.

ഗൗരി അത്ര പെട്ടന്നൊന്നും പിടി തരില്ലെന്ന് ഉറപ്പായതോടെ അവൻ അവന്റെ ലക്ഷ്യത്തിന് വേണ്ടി ശ്രമിച്ചു തുടങ്ങി.
അവന്റെ കൂട്ടുകാരുടെ കട്ട സപ്പോർട്ട് കൂടി ആയതോടെ അവനും ഹരം കേറി.

കൂടെയൊരു യാത്രക്ക് വിളിച്ചതിന്റെ റിസൾട്ടാണ് അവന്റെ നെഞ്ചിൽ ചേർന്ന് നിന്ന് കരയുന്നത്.

“വേണ്ട.. നിനക്കിഷ്ടമില്ലെങ്കിൽ വേണ്ട. ഞാൻ ഇനിയത് പറയില്ല. നിനക്കിഷ്ടമില്ലാത്തതൊന്നും നിന്റെ ഏട്ടൻ ചെയ്യുന്നില്ല. പോരെ…?”

ഗൂഢമായൊരു ചിരിയോടെ റിഷിൻ ഗൗരിയെ ഒന്ന് കൂടി ഇറുകെ പുണർന്നു.

അവൾക്കവനോടുള്ള സ്നേഹം ഇച്ചിരി കൂടി വളർന്നു… വിശ്വാസവും………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button