Novel

നിലാവിന്റെ തോഴൻ: ഭാഗം 39

[ad_1]

രചന: ജിഫ്‌ന നിസാർ

വൈകുന്നേരം ക്രിസ്റ്റി വീട്ടിലെത്തുമ്പോൾ.. അസുഖകരമായൊരു മൗനം അവിടമിലാകെ പൊതിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

എപ്പോഴത്തെയും പോലെ താഴെയെങ്ങും ആരുമില്ല. കുളിച്ചു കഴിഞ്ഞാണ് അവൻ ചായ കുടിക്കാനിറങ്ങി വരാറുള്ളത്.

സ്റ്റെപ്പ് കയറി അവൻ ചെല്ലുമ്പോൾ..ദിൽനയുടെ മുറിയിൽ നിന്നും ഡെയ്സിയുടെ ശബ്ദം കേൾക്കുന്നത് പോലെ തോന്നി അവന്.

ഒന്നുകൂടി കാതോർത്തു നിന്നപ്പോൾ സംഗതി തോന്നല്ലല്ല,  സത്യമാണെന്ന് അവന് ബോധ്യമായി.

അറിയാതെ തന്നെ അവന്റെ നെഞ്ചിലൊരു മിന്നലാളി.ഇന്നലെ വൈകുന്നേരം ദിൽന വന്നു കയറിയപ്പോഴുള്ള അതേ സിറ്റുവേഷൻ ഒരിക്കൽ കൂടി അവന് മുന്നിലൂടെ പാഞ്ഞു പോയി.

അങ്ങോട്ട്‌ കടന്നു ചെല്ലണമെന്നും.. കാര്യമെന്തെന്ന് അന്വേഷിച്ചു നോക്കണമെന്നും മനസ്സിൽ തോന്നിയെങ്കിലും.. അതിനുള്ള അവകാശമില്ലെന്നോർക്കേ..അതടക്കി കൊണ്ടവൻ അവന്റെ മുറിയുടെ നേരെ നടന്നു.

എന്നിട്ടും മുറിയുടെ വാതിൽ തുറന്നു അകത്തേക്ക് കയറും മുന്നേ ഒരിക്കൽ കൂടി ദിൽനയുടെ മുറിയുടെ നേരെയൊന്ന് നോക്കിയിട്ടാണ് പോയത്.

ഉള്ളിലെ ആധി… എന്തിനോ വേണ്ടി പെരുകി പെരുകി വലുതാവുന്നത് അവനറിയുന്നുണ്ടായിരുന്നു.
ബാഗ് മേശയിലേക്കും 
വാച്ചും വാലറ്റും ഷെൽഫിലേക്കുമെടുത്തു വെച്ചിട്ട് അവൻ കുളിക്കാനൊരുങ്ങി… ഷർട്ട് അഴിച്ചു മാറ്റി.

ബാത്റൂമിന്റെ വാതിൽ തുറന്നതും ആരോ ഭയങ്കരമായി ഒക്കാനിക്കുന്ന ശബ്ദം കേട്ടതും അവന്റെ നെറ്റി ചുളിഞ്ഞു.

വീണ്ടും അതിനേക്കാൾ വലിയ ശബ്ദത്തോടെ അതെ ശബ്ദം ഒന്നുക്കൂടി ആവർത്തിക്കുന്നത് കേട്ടതും കയ്യിലുള്ള ടവ്വൽ മേശപുറത്ത് വെച്ചിട്ടവൻ പുറത്തിറങ്ങി.

ഷർട്ട് അഴിച്ചു മാറ്റി ഒരു ഇന്നർ ബനിയനും പാന്റുമാണ് അവന്റെ വേഷം.

ദിൽനയുടെ മുറിയിൽ നിന്നുമാണ് ആ ശബ്ദമെന്ന് മനസ്സിലായതും പിന്നെയൊന്നും ഓർക്കാതെ അവനങ്ങോട്ട് ചെന്നു.

തുറന്നിട്ട വാതിലിക്കൽ എത്തിയതും അവൻ കണ്ടിരുന്നു.. കുനിഞ്ഞിരുന്നു ഓക്കാനിക്കുന്ന ദിൽനയെ.
അവളുടെ അരികിൽ പുറത്ത് തടവി കൊണ്ട് ഡെയ്സിയും.

ദിൽനയെ നോക്കിയ ക്രിസ്റ്റി ഞെട്ടി പോയിരുന്നു. ഒറ്റ ദിവസം കൊണ്ട് ഒരാൾക്കിത്രേം മാറ്റം വരുമോ? 

അത്രയും കോലം കെട്ട് പോയിരിക്കുന്നു!

“എന്താ… എന്താ പറ്റിയത്?”
ചോദ്യത്തോടെ അവൻ അകത്തേക്ക് കയറി.അവനറിയാതെ തന്നെ ഡെയ്സിയുടെ നേരെ അവന്റെ ചോദ്യമെത്തി നിന്നു.

കാലങ്ങൾക്ക് ശേഷം അവനൊന്ന് മിണ്ടിയതിന്റെ സന്തോഷം മുഴുവനുമുണ്ടായിരുന്നുവപ്പോൾ . ഡെയ്സിക്ക്…ശ്വാസം മുട്ടിലോടെ അവർ അവനെ നോക്കി അനങ്ങാതിരുന്നു.

“ദിലു… മോളെ….”

ഡെയ്സിയുടെ മേലേക്ക് ചാഞ്ഞു കിടക്കുന്നവളുടെ മുകളിലേക്ക് മറയുന്ന കണ്ണുകൾ.
ക്രിസ്റ്റി ഒരു കുതിപ്പിന് അവളെ പിടിച്ചു.

“കർത്താവെ…”

ആ ദേഹത്ത് കൈ വെച്ചതും ക്രിസ്റ്റി അറിയാതെ വിളിച്ചു പോയി.
അത്രയും ചൂടുണ്ടായിരുന്നു അവൾക്ക്.

“എപ്പോ തുടങ്ങിയ പനിയാണ്..?”
ഡെയ്സിയെ നോക്കി അവൻ വീണ്ടും ചോദിച്ചു.

അവരാവട്ടെ കൊതി തീർത്തത് പോലെ അവനെ നോക്കി നിൽക്കുന്നുണ്ട്.

“ഹോസ്പിറ്റലിൽ… ഹോസ്പിറ്റലിൽ കൊണ്ട് പോകാം.”
ആ നോട്ടത്തിൽ ഒന്ന് പതറി പോയെങ്കിലും കൈ പിടിയിൽ തളർന്നു കിടക്കുന്നവളുടെ ഓർമയിൽ അവനൊന്നു വിറച്ചു കൊണ്ട് പെട്ടന്ന് പറഞ്ഞു.

ദിൽനയെ കൈകളിൽ കോരി എടുത്തു കൊണ്ടവൻ പുറത്തേക്ക് ഓടി.
ഒന്ന് കൂടി അന്തിച്ചു നിന്നതിനു ശേഷം ഡെയ്സിയും അവന് പിറകെ ചെന്നു.

“മോളെ… ദിലു.. കണ്ണ് തുറക്ക്..”
താഴേക്ക് കുതിക്കുന്നതിനിടെ തന്നെ കൈകളിൽ വാടി തളർന്നു കിടക്കുന്ന ദിൽനയെ അവൻ വിളിച്ചുണർത്താൻ ശ്രമിക്കുന്നുണ്ട്.

ഡെയ്സി അവനൊപ്പമെത്താൻ വളരെ പാടുപ്പെട്ടു..

കാറിനരികിലെത്തി.. അവനൊന്ന് തിരിഞ്ഞു നോക്കി.

അവനരികിലെത്തിയ ഡെയ്സി കിതച്ചു കൊണ്ട്  ഡോർ തുറന്നു കൊണ്ട് അകത്തേക്ക് കയറിയിരുന്നു.വളരെയധികം 
ശ്രദ്ധിച്ചു കൊണ്ട് ക്രിസ്റ്റി ദിൽനയെ അവരുടെ മടിയിലേക്ക് കിടത്തി കൊടുത്തു.

ഡ്രൈവിംഗ് ഡോർ തുറക്കും മുന്നെയാണ് അവൻ തന്റെ ഡ്രസ്സ്‌ ശ്രദ്ധിക്കുന്നത്.

ഡോർ വലിച്ചടച്ചു കൊണ്ട് വീണ്ടും അകത്തേക്ക് തന്നെ ഓടി കയറി പോയവനെ ഡെയ്സി നിറഞ്ഞ കണ്ണോടെ നോക്കി.

മുറിയിലെത്തി..ധൃതിയിൽ ഷർട്ടും പേഴ്‌സും ഫോണും എടുത്തു കൊണ്ടവൻ തിരികെ ഇറങ്ങി. വീണ്ടും എന്തോ ഓർത്തു കൊണ്ട് അകത്തേക്ക് തന്നെ കയറി കയ്യിലൊരു പുതപ്പുമായി ഓടിയിറങ്ങി.

“മറിയാമ്മച്ചി…”കയ്യിലുള്ള പുതപ്പ് തോളിലിട്ട് 
ഷർട്ടിന്റെ ബട്ടൺ പിടിച്ചിടുന്നതിനിടെ അവൻ അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചു.

“എന്നതാടാ…?”
അവന്റെ വിളിയിലെ മാറ്റം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ ഒറ്റ വിളിയോടെ അവനരികിലേക്കെത്തിയ മറിയാമ്മച്ചി അവനെ നോക്കി ചോദിച്ചു.

“ദിലുന് പനി… ഛർദിയുമുണ്ട്. ഹോസ്പിറ്റലിൽ പോകുവാ “
അത് പറഞ്ഞു കൊണ്ടവൻ തിരികെ ഓടി.

“ഒറ്റക്കാന്നോ ടാ?”
അവന് പിറകെ ധൃതിയിൽ ചെന്നു കൊണ്ടവൻ ചോദിച്ചു.

“അല്ല…”
അതും പറഞ്ഞവൻ ഡ്രൈവിംഗ് സൈഡിലെ ഡോർ തുറന്നു.

“അമ്മ.. അമ്മയുണ്ട് “
പറയുന്നതിനിടെ തന്നെ അവന്റെ കണ്ണുകൾ പിന്നിലേക്ക് നീണ്ടു.

ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞത് പോലെയാണ് ഡെയ്സിക്ക് തോന്നിയത്.

“അമ്മ..”
നിറഞ്ഞ കണ്ണോടെ അവരുടെ ചുണ്ടുകൾ ശബ്ദമില്ലാതെ മന്ത്രിച്ചു.

“പുതച്ചു കൊടുക്ക്.. അവൾക്ക്.. അവൾക്ക് നന്നായി തണുക്കുന്നുണ്ടാവും “

കയ്യിലുള്ള പുതപ്പ് പിറകിലേക്ക് നീട്ടി കൊണ്ടവൻ പറഞ്ഞു.

അപ്പോഴും ഡെയ്സിയെ നോക്കുന്നില്ല.
വിറയലോടെ തന്നെ ഡെയ്സിയത് കൈ നീട്ടി വാങ്ങി.

തൊട്ടടുത്ത നിമിഷം വെടിയുണ്ട പോലെ അവൻ കാർ മുന്നോട്ട് എടുത്തു.
പോകും വഴി മറിയാമ്മച്ചിയെ നോക്കി കൈ വീശാനും മറന്നില്ല.

“പതിയെ പോ മോനെ”യെന്ന് പറയണമെന്നുണ്ടായിരുന്നു ഡെയ്സിക്ക്.
പക്ഷേ മടിയിൽ കിടന്നു തുള്ളി വിറക്കുന്നവളെ നോക്കെ… ആ സ്പീഡ് പോരെന്നാണ് തോന്നുന്നത്.
ഇടയ്ക്കിടെ വേവലാതിയോടെ പിറകിലേക്ക് തിരിഞ്ഞു നോക്കുന്ന ക്രിസ്റ്റിയുടെ മുഖത്തുള്ള ടെൻഷൻ..

ഡെയ്സിക്ക് അവനോട് അലിവ് തോന്നി.

ഓർമയുറച്ചേ പിന്നെ വർക്കിയുടെ വാക്കുകൾ മനസ്സിലേറ്റി അവനെ കുറ്റപ്പെടുത്താനും പുച്ഛിച്ചു തള്ളാനും മാത്രം ഉത്സാഹം കാണിച്ചവൾക്ക് വേണ്ടിയാണ് അവന്റെയീ സമർപ്പണമെന്ന് ഓർക്കുമ്പോൾ വീണ്ടും അവരുടെ കണ്ണുകൾ നിറഞ്ഞൊലിച്ചു.

എനിക്കെന്റെ സ്വന്തം ചേട്ടനുണ്ടെന്നും എനിക്കവനെ മാത്രം മതിയെന്നും ക്രിസ്റ്റിയുടെ കാര്യം പറയുമ്പോഴൊക്കെ വീമ്പ് പറഞ്ഞവളുടെ… പ്രിയപ്പെട്ട ചേട്ടനെ.. ദിലുവിന് പനിയുണ്ട് ഹോസ്പിറ്റലിൽ പോണമെന്നു പറഞ്ഞു വിളിച്ചിട്ട് മൂന്നോ നാലോ മണിക്കൂറായി കാണും.

വർക്കിയേ പിന്നെ വിളിച്ചിട്ട് കാര്യമില്ലെന്ന് വിളിക്കും മുന്നേ തന്നെ അറിയാമായിരുന്നു.

ഡെയ്സി വിളിക്കുമ്പോൾ പരമാവധി അതെടുക്കാതിരിക്കാൻ അയാൾ ശ്രമിക്കുമെന്ന് നല്ലത് പോലെയറിഞ്ഞിട്ടും.. അത്രയും അവശതയിലാണ് ദിൽനയെന്ന് ഓർത്തതും അറിയാതെ തന്നെ വിളിച്ചു പോവുകയായിരുന്നു.

രാവിലെ മുതൽ താഴേക്ക് കാണാത്തവളെ തിരിഞ്ഞു മുകളിലേക്ക് കയറി നോക്കിയത് ഉച്ചയോടെയാണ്.

രാവിലെ ആദ്യമിറങ്ങി വന്ന റിഷിയോട് അവളെവിടെ യെന്ന് ചോദിച്ചതുമാണ്.

“അവൾ എഴുന്നേറ്റില്ല “എന്നുള്ള ഒറ്റ മറുപടിയിൽ അവൻ കഴിച്ചെഴുന്നേറ്റു പോയി.

അതിനിടയിൽ വർക്കി എന്തൊക്കെയോ പറഞ്ഞു ഉടക്കാൻ വന്നത് കൊണ്ട് പിന്നെ അവളുടെ കാര്യം ഓർത്തില്ല.

അസ്വസ്ഥമായ മുറിയിൽ തന്നെ കിടന്നു പോയി.

ഉച്ചക്ക് കഴിക്കാൻ വേണ്ടെയെന്ന് മറിയാമ്മച്ചിയാണ് വന്നു വിളിച്ചത്… കടന്നു പോയ സമയത്തെ കുറിച്ച് 
അപ്പോഴാണ് ബോധം വന്നത്.. അതിൽ പിന്നെയാണ് ദിലുവിനെയും കുറിച്ച് ഓർമ വന്നത്.

അവളുടെ മുറിയിലേക്ക് ചെല്ലുമ്പോൾ മൂടി പുതച്ചു കിടക്കുന്നുണ്ട്.

തൊട്ട് നോക്കുമ്പോൾ തീ പോലെ പൊള്ളുന്നു.

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു പോയി.

പെട്ടന്ന് താഴെയെത്തി റിഷിക്ക് വിളിച്ചിട്ട്.. പെട്ടന്ന് വാ.. ദിലുവിന് ഒട്ടും വയ്യ. ഹോസ്പിറ്റലിൽ പോണമെന്നു പറയുമ്പോൾ അലസമായി ഒന്ന് മൂളിയിട്ട് ഫോൺ വെച്ചിട്ട് പോയി.

അടുക്കളയിൽ നിന്നുമിച്ചിരി കഞ്ഞിയെടുത്ത് മുകളിലേക്ക് വീണ്ടും കയറി ചെന്നു.

അങ്ങേയറ്റം അവശയായിരുന്നു ദിൽന.
താങ്ങി എഴുന്നേൽപ്പിച്ചു കഞ്ഞി കൊടുത്തു.

അപ്പോൾ തുടങ്ങിയ ഛർദിയാണ്.

പിന്നെ റിഷിക്ക് വിളിച്ചിട്ട് ഫോൺ എടുത്തതുമില്ല.
അങ്ങനെയാണ് വർക്കിയേ വിളിക്കുന്നത്.
അയാളും ഫോൺ എടുക്കുന്നില്ലെന്ന് കണ്ടതും ആകെ തളർന്നു പോയിരുന്നു.

വയറ്റിനുള്ളിൽ ഭക്ഷണമൊന്നും ഇല്ലാഞ്ഞിട്ടും ദിൽന നിർത്താതെ ഓക്കാനിക്കുന്നുണ്ടായിരുന്നു.
പോരാത്തതിന് തുള്ളി വിറക്കുന്നത്ര പനിയും.

വീണ്ടും ദിൽന ഓക്കാനിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് ഡെയ്സി ക്രിസ്റ്റിയിൽ നിന്നും കണ്ണുകൾ പിൻവലിച്ചത്.

“പേടിക്കേണ്ട.. ഇപ്പൊ എത്തും…”
പിന്നിലേക്ക് നോക്കിയപ്പോൾ.. ഡെയ്സിയുടെ നിറഞ്ഞ കണ്ണുകൾ കണ്ടതോടെ ക്രിസ്റ്റിയുടെ കാലുകൾ വീണ്ടും ആക്സിലേറ്ററിൽ അമർന്നു.

                          ❣️❣️❣️❣️

“ഏയ്‌… ഫൈസൽ മുഹമ്മദ്‌.. ഹൌ ആർ യൂ മാൻ? എത്ര നാളെയെടോ കണ്ടിട്ട്?”

സംസാരിക്കുന്നതിനിടയിലേക്ക് ഷാഹിദ് പെട്ടന്ന് കടന്ന് വന്നിട്ട് പറയുമ്പോൾ ഒരു നിമിഷം ഫൈസി തരിച്ചു പോയിരുന്നു.
അവനെ ആ നിമിഷം അവിടെ അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിളറി വെളുത്ത മുഖം പറയുന്നുണ്ടായിരുന്നു.

അറക്കൽ തറവാട്ടിൽ എത്തിയതാണ് ഫൈസി.

ഇവിടെയുള്ള ഒരുവളെ കാണാഞ്ഞിട്ട് ചങ്ക് കലങ്ങി നടക്കുന്നത് അവന്റെ പ്രിയപ്പെട്ടവനാണല്ലോ?

അവൾക്കെന്ത് പറ്റിയെന്നറിയണം.. അത് അവളുടെ വരവും കാത്തിരിക്കുന്ന ചങ്ങാതിയോട് പോയി അറിയിക്കണം.

ഈ ഉദ്ദേശത്തിലാണ് അറക്കലേക്ക് എത്തിയത്.
ക്രിസ്റ്റീയോട് പോലും പറഞ്ഞിരുന്നില്ല.. ഇങ്ങോട്ടുള്ള വരവിന്റെ കാര്യം.

ഒരു സർപ്രൈസ് പോലെ… മുന്നിൽ ചെന്നു നിന്നിട്ട് പറയുമ്പോൾ അവന്റെ മുഖം തെളിയുന്നത് കാണണം എന്ന് മാത്രമായിരുന്നു ഈ ആഗ്രഹത്തിന്റെ പിന്നിൽ.

എപ്പോ വേണേലും വന്നു കയറാവുന്ന ഒരു ബന്ധമുള്ളത് കൊണ്ട് തന്നെ കൂടുതൽ ആലോചിച്ചു നിൽക്കാതെ നേരെയിങ്ങു പോരുകയായിരുന്നു.

നിയാസ് മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.ഹമീദ് ആരോയോ കാണാൻ പോയിരുന്നു.

“ഇവിടേക്കിപ്പോ അന്നേ തീരെ കാണുന്നില്ല “യെന്ന പരാതി തന്നെയായിരുന്നു ഫൈസിയവിടെ കൂടുതൽ കേട്ടതും.പെൺപടകളെല്ലാം അവനോട് വന്നിട്ട് വിശേഷം പറയുന്നുണ്ട്.

അവരോടെല്ലാം അവനും വളരെ സൗഹൃദപരമായിട്ട് തന്നെയാണ് ഇടപ്പെട്ടതും.സംസാരിക്കുന്നതിനിടെ ഫാത്തിമയെ കുറിച്ചൊന്നു അന്വേഷിക്കാം എന്നോർത്തവന്റെ മുന്നിലേക്കാണ് ഷാഹിദ് കടന്നു വന്നത്.

“ഹേയ്… എന്താടോ…?”

ഫൈസിയുടെ തോളിൽ ഇടിച്ചു കൊണ്ട് ഷാഹിദ് വീണ്ടും ചോദിച്ചു.

“ഒന്നും.. ഒന്നുല്ലടാ. പെട്ടന്ന്.. നിന്നെ കണ്ടപ്പോ.. വന്നുവെന്ന് ആരും പറഞ്ഞതുമില്ല.”
വിളറിയ മുഖം മറച്ചു കൊണ്ട് ഫൈസി പെട്ടന്ന് ഷാഹിദ് നീട്ടിയ കൈയ്യിലേക്ക് സ്വന്തം കൈ ചേർത്ത് വെച്ച് കൊണ്ട് പറഞ്ഞു.

“ഷാഹിദ് കംപ്ലീറ്റ്ലീ.. വെറൈറ്റിയാണെന്ന് നിനക്കിനിയും മനസ്സിലായിട്ടില്ലേ ടാ?”
മനോഹരമായൊരു ചിരിയോടെ ഷാഹിദ് അവനോട് തിരികെ ചോദിച്ചു.

“ഇരിക്ക്..”
കസേര ചൂണ്ടി ഷാഹിദ് ഫൈസിയോട് പറയുന്നതിനൊപ്പം ഫൈസിക്കെതിരെയായി  അവനും ഇരുന്നു.

“എന്നിട്ട് പറ. എന്തുണ്ട് വിശേഷം. നീ ഈ വഴിയൊന്നും വരാത്തതാണല്ലോ..?എന്ത് പറ്റി പെട്ടന്നൊരു സന്ദർശനം..?”

ഷാഹിദ് പെട്ടന്ന് ചോദിച്ചപ്പോൾ അതിന് അവനെന്തുത്തരം കൊടുക്കുമെന്നറിയാതെ ഫൈസി ഇരുന്നു വിയർത്തു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button