നിലാവിന്റെ തോഴൻ: ഭാഗം 4
[ad_1]
രചന: ജിഫ്‌ന നിസാർ
വലതു വശത്തു മാറി ഒറ്റപെട്ടു കിടക്കുന്ന മുറിയുടെ വാതിൽ തള്ളി തുറക്കുമ്പോൾ പോലും പാത്തുവിന്റെ കൈ വിറച്ചു.
അകത്തു കാത്തിരിക്കുന്നത് എന്താണെന്നറിയില്ല.
എന്ത് തന്നെയായാലും അതൊന്നും ഇവിടെയുള്ള ആരോടും പറയാനും കഴിയില്ല.
അറക്കൽ തറവാട്ടിലെ രാജകുമാരിയായി കൊണ്ട് നടന്നോളാമെന്ന് പറഞ്ഞു കൂട്ടി കൊണ്ട് വന്നിട്ടൊടുവിൽ.. പാതിരാത്രി സ്വന്തം മാനം രക്ഷിക്കാൻ ഇറങ്ങിയോടിയതോർക്കേ, അവളുടെ ഉള്ളം തേങ്ങി.
കരയാനിനി വയ്യെന്നത് പോലെ അവളുടെ കണ്ണീർ വറ്റിയ കണ്ണുകൾ നീറി കൊണ്ട് പ്രതിഷേധിച്ചു.
മാമന്റെ വീട്ടിലായിരുന്നപ്പോൾ ഇങ്ങനൊരു ദുരവസ്‌ഥയെ നേരിടേണ്ടി വന്നിട്ടില്ല.
മാമന് മൂന്നു മക്കളുണ്ടെങ്കിലും അവരിൽ ഏറ്റവും ചെറിയവനാണ് മകനായിട്ടുയുള്ളത്.
ആ വീട്ടിൽ നടക്കുന്ന എന്തെങ്കിലും ഫങ്ക്ഷൻ ഉണ്ടാവുമ്പോൾ മാത്രം പേടിച്ചാൽ മതിയായിരുന്നു.. തന്നിലേക്ക് നീളുന്ന കഴുകൻ കണ്ണുകളെയും കൈകളെയും.
ഒന്നോ രണ്ടോ പ്രാവിശ്യം അനുഭവമുള്ളത് കൊണ്ട് തന്നെ അത്തരം അവസ്ഥകളിൽ നിന്നും പരമാവധി വിട്ട് നിന്നിരുന്നു.
ആരും ശ്രദ്ധിക്കാതെ… ആരെയും ശ്രദ്ധിക്കാതെ..
ഇവിടെയെത്തിയപ്പോൾ മുതൽ… ആരെ വിശ്വസിക്കണം… ആരെ സംശയിക്കണം എന്നറിയാതെ വലഞ്ഞു പോയിരുന്നു.
കൂട്ടി കൊണ്ട് വന്നവർക്ക് പോലും ഇരട്ടമുഖമാണ്.
തന്നെ കൊണ്ടുവന്നവർക്ക് എന്തോ നേടിയെടുക്കാനുണ്ടെന്ന് ഇവിടെ എത്തിയതിനു ശേഷമാണ് മനസിലായതും.
ഏറെ പ്രതീക്ഷയൊന്നുമില്ലാതെയാണ് കൂടെ പോന്നതെങ്കിലും.. കാത്തിരിക്കുന്ന അഗ്നിപരീക്ഷണങ്ങളെ അറിഞ്ഞിരുന്നില്ല.
എരി തീയിൽ നിന്നും വറുചട്ടിയിലേക്ക് എന്നത് പോലായി തന്റെ കാര്യങ്ങൾ.
മാമന്റെ വീട്ടിൽ ഒരു വേലകാരിയുടെ റോളെങ്കിലും ഉണ്ടായിരുന്നു ജീവിച്ചു തീർക്കാൻ.
ഇവിടെ പക്ഷേ…
അകത്തേക്ക് കയറുമ്പോഴും ഹൃദയം അതിദ്രുതം മിടിക്കുന്നുണ്ട്.
“മിണ്ടാതെ അടങ്ങി നിന്നാ നിനക്ക് കൊള്ളാം. ഈ അമീൻ മോഹിച്ചതൊന്നും നടക്കാതെ പോയിട്ടില്ല ഇത് വരെയും “
കണ്മുന്നിൽ കാമം കൊണ്ട് തലതിരിഞ്ഞൊരുവൻ വന്നു നിന്ന് പറയുമ്പോൾ.. അവൻ പറഞ്ഞത് കൊണ്ട് മാത്രം അവന്റെ പേര് അമീൻ ആണെന്നറിയാം.
അവനും താനും ഈ തറവാട്ടിൽ ആരെന്ന് പോലുമറിയില്ല.
അതിന് മുന്നെയൊരുത്തൻ കൈ നീട്ടിയതിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു ആദ്യമായി അറക്കൽ തറവാട്ടിലെ നെറികെട്ട മുഖത്തിന് മുന്നിൽ പകച്ചു നിന്നത്.
തനിക്കവിടെ നൽകുന്ന സ്ഥാനം ശെരിക്കും മനസ്സിലായി.
ആണെന്നോ പെണ്ണന്നോ വ്യത്യാസമില്ല. എല്ലാത്തിനും ചെന്നായയുടെ മനസ്സും വാക്കുകളും.
ജീവിതം പഴയതിനേക്കാളും വഴി മുട്ടി പോകുമെന്ന് ഒറ്റ ദിവസം കൊണ്ട് മനസ്സിലായപ്പോൾ തോന്നിയ ശൂന്യത…
വാതിൽ തുറന്നു അകത്തേക്ക് കയറി കൊണ്ടവൾ മുറിയിൽ വലിച്ചു വാരിയിട്ടതെല്ലാം പൊറുക്കി കൂട്ടി കിടക്കയിലെക്കിട്ടു.
ചുറ്റും കണ്ണോടിച്ചു കൊണ്ട് നെടുവീർപ്പോടെ കിടക്കയുടെ ഒരു സൈഡിൽ ഇരുന്നു.
എന്ത് ചെയ്യണമെന്നോ എങ്ങനെ മുന്നോട്ടു തുടരണമെന്നോ യാതൊരു രൂപവുമില്ല.
അനുഭവിക്കുന്ന ദുരിതകടലുകളെ ആർക്ക് മുന്നിൽ വരച്ചു ചേർക്കണമെന്നുമറിയില്ല.
കോളേജ്.. പഠനം എന്നതെല്ലാം കുറേ കൂടി അകലേക്ക് മാഞ്ഞു തുടങ്ങിയിരുന്നു.
പ്രതീക്ഷയുടെ നേർത്തൊരു തിരി വെട്ടം പോലും അടുത്തെങ്ങും കാണാനില്ല..
“ഷാഹിദ് വരുന്നുണ്ട് അടുത്ത മാസം.. നിന്റെ ഉപ്പയുടെ പേരിലുള്ള സ്വത്തുക്കൾ തന്നെയാണ് മോളെ നിന്റെ തലക്ക് മുകളിൽ കെട്ടി തൂക്കിയ വാൾ “
പാത്തുവിന്റെ കാതിൽ.. സഫിയാത്തയുടെ വാക്കുകൾ വീണ്ടും വീണ്ടും കേട്ട് കൊണ്ടേയിരുന്നു.
ആരാണീ ഷാഹിദ്?
എന്താണ് തന്റെയും അവന്റെയും വരവുകൾക്ക് പിന്നിലെ ഒത്തു ചേരുന്ന കഥ?
ഇവരെ പോലെ തന്നെയാവുമോ ഇനി ഈ പറയപ്പെടുന്ന ഷാഹിദ്?
ചോദ്യങ്ങളെവളെ ശ്വാസം മുട്ടിച്ചു.
എന്തായാലും നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ല.
വരുന്നതെന്നായാലും നേരിട്ടെ മതിയാവൂ.
അതിനുള്ള കരുത്തും ധൈര്യവും പടച്ചോൻ നൽകാതിരിക്കില്ല.
അല്ലങ്കിൽ പിന്നെ.. ഇരുട്ടിനെ ഇപ്പോഴും പേടിയുള്ള താനാണ്.. പാതിരാത്രി ഒരു മെഴുകുതിരി വെട്ടം പോലുമില്ലാതെ ഒറ്റക്ക് അത്രയും ദൂരം ഓടിയത്.
പിന്നിൽ കുതിച്ചു വരുന്ന അമീനെ,ഇരുട്ടിനെക്കാളും ഭയപെട്ടിരുന്നു.
ഇത്തിരി വെട്ടം കണ്ടിടത്തേക്ക് ഓടി കയറി പതുങ്ങിയിരിക്കുമ്പോൾ.. അമീന്റെ പൈശാചികത നിറഞ്ഞ മുഖമല്ലാതെ മറ്റൊന്നും ഭയപ്പെടുത്തിയില്ല.
ആരുടെ വീടന്നോ.. എവിടെയാണെന്നോ ഒന്നുമറിയാതെ കൂനികൂടിയിരുന്നു.
അപ്പോഴും തന്റെ വിധിയോർത്തു ഉരുകുന്ന ഹൃദയത്തിന്റെ പരിഭവം കവിളിലൂടെ പടർന്നു.ഇരുപ്പിൽ കാല് മരവിച്ചപ്പോഴായിരുന്നു അവിടെ കണ്ടൊരു കാർബോഡ് ഷീറ്റ് മടക്കി അതിലേക്ക് കിടന്നത്.
ഉറങ്ങിപോയതെപ്പോഴെന്ന് പോലുമറിയാതെ…
നേർത്ത ഇരുട്ടിൽ അത്ഭുതത്തോടെ തന്നെ നോക്കുന്ന ആ മിഴികളെ അവൾ ഒന്നൂടെ ഓർത്തു നോക്കി.
കണ്മുന്നിൽ പെട്ടന്നൊരാളെ കണ്ടതിന്റെ ഷോക്കിലായിരുന്നു തന്നെ പോലെ അവനും!
കൂടുതൽ ചോദ്യങ്ങൾ വരുന്നതിന് മുന്നേ ഇറങ്ങി ഓടി പോരുകയായിയുന്നു.
തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ചയിൽ അവനാ റബ്ബർ തോട്ടത്തിലെ തൊഴിലാളിയായിരിക്കാനാണ് സാധ്യത.
ക്രിസ്റ്റിയെ ഓർത്തു കൊണ്ടവൾ ഒരു നിഗമനത്തിലെത്തി.
തലേന്നത്തെ ഭയവും… ഉറക്ക് ക്ഷീണവും കൊണ്ടവൾ ആകെയൊരു മന്ദതയിലായിരുന്നു.
ഒന്ന് കുളിച്ചാൽ ശെരിയാകുമായിരിക്കും.
പാത്തു തോളിൽ കിടന്ന ഷാൾ കിടക്കയിലേക്കിട്ട് കൊണ്ട് വാതിലടക്കാൻ ചെന്നു.
ഭദ്രമായിയടക്കാൻ കൂടി കഴിയാത്ത വിധം അതിന്റെ ലോക്ക് അഴിഞ്ഞു പോന്നിരുന്നു.
അല്ല.. പുറത്ത് നിന്നും തള്ളി തുറക്കാനുള്ള എളുപ്പത്തിനാവും, അതിന്റെ ലോക്ക് അഴിച്ചു മാറ്റിയിരിക്കുന്നു.
തളർച്ചയോടെ അവളാ വാതിലിൽ ചാരി നിന്ന് പോയി.
❤️❤️
ഇത്തിരി നേരത്തെ സംസാരിത്തിനൊടുവിൽ ഫോൺ കട്ട് ചെയ്യുമ്പോഴും ക്രിസ്റ്റിയുടെ ചുണ്ടിൽ മനോഹരമായാ ചിരിയുണ്ട്.
വീർപ്പിച്ചു പിടിച്ച മുഖത്തോടെ പിണങ്ങിയിരിക്കുന്നൊരുവളുടെ രൂപം അവനിൽ വാത്സല്യമുണർത്തി.
ഇന്നിപ്പോൾ അവിടെയൊന്നു പോകേണ്ടത് അത്യാവശ്യമായത് പോലായി.
കോളേജിലേക്ക് പോകും മുന്നേ അങ്ങോട്ടൊന്നു പോയി മുഖം കാണിച്ചില്ലെങ്കിൽ ആ പിണക്കത്തിന്റെ ആഴം വീണ്ടും കൂടും.
പിന്നെയതൊന്ന് ശെരിയാക്കിഎടുക്കുകയെന്നത് വല്ല്യ റിസ്ക്കാണ്.
ഫോണിൽ വീണ്ടും ഊളിയിടുമ്പോഴും..അവന്റെ മനസ്സിലാ ഓർമകൾ തന്നെയായിരുന്നു.
❤️❤️
“അവനോടെന്ന് പറഞ്ഞാലെന്താ? നിന്റെ വായിലെ മുത്ത് കൊഴിഞ്ഞു പോകുമോ? അവനും നിന്റെ ചേട്ടൻ തന്നെയാണെടി. എന്റേയീ വയറ്റിൽ തന്നെയാണ് അവനും കുരുത്തത്. അത് മറന്ന് പോകല്ലേ ദിൽന നീ”
സങ്കടം കൊണ്ട് ഡെയ്സിക്ക് കരച്ചിൽ വന്നിരുന്നു.
പക്ഷേ ഇതൊക്കെ കേട്ടിട്ടും മുന്നിലിരുന്ന് ചായ കുടിക്കുന്നവൾക്ക് വല്ല്യ മാറ്റമൊന്നുമില്ല.
ക്രിസ്റ്റിയുടെ കാര്യം എപ്പോൾ പറഞ്ഞാലും അവളുടെ മുഖത്തു കാണുന്ന സ്ഥായിയായ പുച്ഛം തന്നേ ഇപ്രാവശ്യവും.
“ഞാൻ പറയുന്നതൊന്നു കേൾക്ക് ദിലു നീ. നീ ഒന്ന് വിളിച്ച അവനൊരുപാട് സന്തോഷമാവും “
ഡെയ്സി വീണ്ടും കെഞ്ചുന്നത് പോലെ മകളെ നോക്കി.
“ദേ മമ്മാ.. ഞാനൊരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട് മമ്മയോട്.. എനിക്കങ്ങനെയൊരു ചേട്ടനെ ആവിശ്യമില്ലെന്ന്. എനിക്കേ.. സ്വന്തമായി ഉള്ളൊരു ചേട്ടനുണ്ട്. തത്കാലം ഞാൻ അത് വെച്ച് ഹാപ്പിയായി കൊള്ളാം.”
ദിൽന ഡെയ്സിയുടെ നേരെ ചീറി.
മകളുടെ സ്വഭാവം അറിയാവുന്ന ഡെയ്സി പിന്നൊന്നും മിണ്ടാതെ നിന്ന് പോയി.
മക്കളെ വേണ്ടതിനും വേണ്ടാത്തത്തിനും വർക്കി നന്നായി സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് തന്നെ അവർക്കെല്ലാത്തിനും പപ്പ മതി.
നല്ലത് ചെല്ലി കൊടുക്കാൻ ശ്രമിക്കുന്ന മമ്മയെപ്പോഴും പ്രതിപട്ടികയിലാണ്.
ഡെയ്സിയെ അവരെന്തു പറഞ്ഞാലും വർക്കി അവരെയൊന്നും പറയില്ലെന്നതും മമ്മയ്ക്ക് അവരുടെ മനസ്സിൽ ഒരു വേലക്കാരിയുടെ വിലപോലുമില്ലാതാക്കിയിരുന്നു.
ചുരുക്കത്തിൽ… ക്രിസ്റ്റിയെ പോലെ തന്നെ ഡെയ്സിയും ആ വീട്ടിലെ ഒരധികപറ്റാണ്.
“അല്ലേലും അവന്റെ മോന്ത നോക്കി എന്തേലും പറയാൻ തോന്നുവോ? ഒരു ഒടുക്കത്തെ ജാഡ. വല്ല്യ കൊമ്പത്തെ രാജകുമാരനാണെന്നാ അവന്റെ വിചാരം.”
ദിൽന പറയുന്നത് കേട്ടാണ് റിഷിൻ അങ്ങോട്ട് കടന്ന് വന്നത്.
ജോഗിംഗ് കഴിഞ്ഞുള്ള വരവാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം.
നന്നേ വെളുത്തിട്ടാണ് അവൻ. കഴുത്തിൽ തടിച്ചൊരു മാലയും കയ്യിൽ അതിനേക്കാൾ തടിയുള്ളൊരു ചെയിനും.
കയ്യില്ലാത്തൊരു ബനിയനും.. മുട്ടോളം ഇറക്കമുള്ളൊരു ഷോർട്സും.
നീണ്ട മുടിയിഴകളെ രണ്ടായി പകുത്തു തോളിലേക്ക് താഴ്ത്തി വെട്ടി ഒതുക്കിയിരിക്കുന്നു.ക്ളീൻ ഷേവ് ചെയ്ത മുഖം.
മൊത്തത്തിൽ ഒരു ചെത്തുപയ്യൻ സ്റ്റൈൽ.
“എന്നാ ഇവിടെ “
അവൻ ഡെയ്സിയുടെ നേരെ കൂർപ്പിച്ചു നോക്കികൊണ്ട് ടേബിളിൽ ചേർത്തിട്ടിരുന്ന കസേര വലിച്ചു നീക്കി അതിലേക്കിരുന്നു.
ചോദ്യം കേട്ടില്ലെന്ന് നടിച്ചു കൊണ്ട് ഡെയ്സി അവനു മുന്നിലേക്ക് പാത്രം നീക്കി വെച്ച് ദോശയെടുത്തു കൊടുത്തു.
“എന്താ മമ്മാ?”
കടുത്തു പോയ ഡെയ്സിയുടെ മുഖത്തേക്ക് നോക്കി റിഷി വീണ്ടും ചോദിച്ചു.
“ഓ.. അതൊന്നുമില്ല. നീ കഴിക്ക് “
പറയാനൊട്ടും താല്പര്യമില്ലന്നത് പോലെ ഡെയ്സി പറഞ്ഞു.
“ഒന്നുമുണ്ട്.. അങ്ങനങ്ങ് ഇല്ലെന്ന് പറഞ്ഞാലോ?”
ദിലു വിടാനുള്ള ഭാവമില്ലാത്തത് പോലെ.. ഡെയ്സിയെ കലിപ്പിച്ചു നോക്കി.
“ഇന്ന് നടക്കുന്ന ഫങ്ക്ഷൻ അറ്റന്റ് ചെയ്യാൻ ഞാനാ വൃത്തികെട്ടവന്റെ കാല് പിടിക്കാൻ. മമ്മയുടെ ഓർഡറാ “
ദിൽന പരിഹാസചിരിയോടെ ഡെയ്സിയെ നോക്കി.
“അങ്ങനാണോ ദിലു ഞാൻ പറഞ്ഞത്.?അവനോടൊന്ന് പറയാനല്ലേ? അവനും.. ഈ വീട്ടിലുള്ളവനല്ലേ?”
ഡെയ്സി ദിൽനയെ നോക്കി.
സങ്കടവും നിസ്സഹായവസ്ഥയും അപ്പോഴവരിൽ ഒരുപോലെ പ്രകടമായിരുന്നു.
ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ഇവരോട് അഭ്യർത്ഥിക്കുന്നത് ക്രിസ്റ്റിയുടെ കണ്ണിലെ ഒറ്റപ്പെടലിനെ ഭയന്നിട്ടായിരുന്നു.
നേരിട്ട് ഒരക്ഷരം പറയില്ലങ്കിൽ കൂടിയും വേദനിപ്പിക്കുന്ന ഒരു നോട്ടം പോലും അവനിൽ നിന്നും തന്നിലെക്ക് ഇത് വരെയും നീണ്ടിട്ടില്ല.
ഇവരെല്ലാം കൂടി എത്രയൊക്കെ അവഗണിച്ചാലും അതിന്റെ ദേഷ്യം അവനൊരിക്കലും തന്നോട് കാണിച്ചിട്ടുമില്ല.
അവനോടായി എന്താവിശ്യപെട്ടാലും.. ഏതു വിധേനയും അത് നടത്തി തരാൻ അവനെ കൊണ്ടാവും പോലെ ശ്രമിക്കും.
ഡെയ്സിക്ക് നെഞ്ച് വിങ്ങി.
“അതിപ്പോ രണ്ടും ഒരു പോലല്ല്യോ?”
ദിൽന വീണ്ടും പരിഹസിച്ചു.
“ഇവിടെ വരുന്നവരും വരാൻ വേണ്ടി ഞങ്ങൾ ക്ഷണിച്ചവരും നല്ല സ്റ്റാന്റേർടുള്ളവരാണ്. അവർക്കിടയിൽ.. അവനെ പോലൊരു തോട്ടം തൊഴിലാളി. അത് നടക്കില്ല മമ്മാ “
ദോശ കഷ്ണങ്ങൾ വായിലേക്ക് വെച്ച് കൊണ്ട് റിഷി പറയുന്നത് കേട്ടപ്പോൾ ഡെയ്സി പുച്ഛത്തോടെ അവനെയൊന്നു നോക്കി.
“ഇപ്പോഴീ പറഞ്ഞു തള്ളിയ.. ആ തോട്ടം തൊഴിലാളി ഒറ്റക്ക് അനുഭവിക്കേണ്ട സ്വത്തുക്കളെയാണ് മക്കളെ നിങ്ങളിങ്ങനെ അഹങ്കാരത്തോടെ കൂട്ടി പിടിച്ചു നടക്കുന്നത്. “
അവരോടത് പറഞ്ഞില്ലങ്കിൽ കൂടിയും ഡെയ്സിയുടെ ഉള്ളമത് ഉറക്കെ പറയുന്നുണ്ടായിരുന്നു.
“വിളിക്കാൻ പറ്റിയൊരാള്.. വെട്ടു പോത്തിന്റെ സ്വഭാവവും കാട്ട്പോത്തിന്റെ രൂപവും. അവനെയാണോ ഞാൻ എന്റെ ബ്രോ ആണെന്ന് പറഞ്ഞു അത്രേം ആളുകൾക്കിടയിൽ ഇൻട്രുഡ്യുസ് ചെയ്യേണ്ടത്. നടക്കില്ല മമ്മാ. എനിക്കത് ഓർക്കാൻ കൂടി വയ്യ “
ദിൽന വീണ്ടും അസഹിഷ്ണുതയോടെ മുഖം ചുളിച്ചു.
“പപ്പ പറയും പോലെ മമ്മയ്ക്ക് ഇപ്പോഴും കൂടുതൽ പ്രിയം അവനോടാ.. ഞങ്ങളെ അവനു മുന്നിൽ കെഞ്ചാൻ വിടുന്നത് അത് കൊണ്ടല്ലേ? “
റിഷിയുടെ ചോദ്യം.. നെഞ്ചിൽ പൊള്ളിക്കുന്നൊരു ഉത്തരമുണ്ടായിട്ട് കൂടിയും ഡെയ്സി അവനോടൊന്നും പറഞ്ഞില്ല.
“അവൻ ആ ഫങ്ക്ഷൻ അറ്റന്റ് ചെയ്യാതിരിക്കുക എന്നതാ ഞങ്ങളുടെ ആവിശ്യം. അപ്പഴാ അങ്ങോട്ട് പോയി ക്ഷണിക്കുന്ന.”
ദിൽന ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.
“അത് കൊണ്ട് മമ്മ ഇനി ഇമ്മാതിരി സെന്റി കൊണ്ട് വരരുത്. നടക്കില്ല. അവനെയൊരിക്കലും ഞങ്ങൾക്ക് അസെപ്റ്റ് ചെയ്യാനാവില്ല “
റിഷി ഗൗരവത്തിൽ പറഞ്ഞു.
“വേണ്ട.. നിങ്ങൾ പപ്പയും മക്കളും വിളിച്ചില്ലങ്കിലും ഞാൻ വിളിച്ചിട്ടുണ്ട് എന്റെ മോനെ. ഞാനാവശ്യപെട്ടാൽ എന്റെ കുഞ്ഞ് അതൊരിക്കലും തട്ടി കളയത്തില്ല. എനിക്കുറപ്പുണ്ട് “
ഡെയ്സി അവരിൽ നിന്നും തിരിഞ്ഞതും അടുക്കള വാതിലിൽ കൂടി ക്രിസ്റ്റി കടന്ന് വന്നതും ഒരുമിച്ചാണ്.
നേരിട്ട് തന്നെ നോക്കുന്നില്ലയെങ്കിൽ കൂടിയും അവനെല്ലാം കേട്ടിരിക്കാമെന്നത് ആ മിഴികളിൽ നിന്നും ഡെയ്സി കണ്ടു പിടിച്ചിരുന്നു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]