നിലാവിന്റെ തോഴൻ: ഭാഗം 42
[ad_1]
രചന: ജിഫ്‌ന നിസാർ
അറകലിൽ നിന്നും ഇറങ്ങി ബൈക്കിലേക്ക് കയറി അത് സ്റ്റാർട് ചെയ്തതും ഫൈസിയുടെ ഫോൺ ബെല്ലടിച്ചതും ഒരുമിച്ചാണ്.
വണ്ടി ഓഫ് ചെയ്തു കൊണ്ടവൻ ഒന്നുയർന്നിട്ട് പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു.
സ്‌ക്രീനിൽ തെളിഞ്ഞ നമ്പറും പേരും കണ്ടതും അവന്റെ നെഞ്ചോന്ന് പതഞ്ഞു പൊങ്ങി.മുഖത്തൊരു കള്ളച്ചിരി തെളിഞ്ഞു.
പെട്ടന്ന് തന്നെ അവൻ കൈയ്യുയർത്തി വാച്ചിലേക്ക് നോക്കി.
10.15 pm
ഈ നേരത്ത് ഇതിനാണാവോ?
ഫൈസിയുടെ നെറ്റി ചുളിഞ്ഞു.
അതിനിടെ ഫോൺ ബെല്ലടിച്ചു നിന്നിരുന്നു.
ആ ആലോചനയോടെ തന്നെയാണ്.. അവനാ നമ്പറിൽ തിരികെ വിളിച്ചതും.
“ഹലോ..”
കരച്ചിലിന്റെ വക്കോളമെത്തിയ ആ സ്വരം കാതിലൂടെ നേരെ ഇടനെഞ്ചിലാവണം പതിഞ്ഞത്.
അവനൊന്നു വിറച്ചു പോയി.
“ഹലോ…”
തിരികെ ഉത്തരമൊന്നും കൊടുക്കാഞ്ഞിട്ട് വീണ്ടും ആ ഭയം നിറഞ്ഞ വിളി കേൾക്കവേ.. ഫൈസി കണ്ണടച്ച് പിടിച്ചു.
“ഹലോ… ആരാണ്?”
അപ്പുറം ആരെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും അവൻ അങ്ങനെയാണ് ചോദിച്ചത്.
“ഞാൻ.. ഞാൻ മീരായാണ്.”
ഇപ്രാവശ്യം ഒന്ന് കൂടി പതിഞ്ഞു പോയിരുന്നു ആ സ്വരം.
“ആഹ്.. എന്ത..എന്താ വിളിച്ചത്?”
ഗൗരവം വിട്ടൊരു കളിയില്ലെന്നുറപ്പിച്ചത് പോലെ അവന്റെ സ്വരം കടുത്തു.
പക്ഷേ ആ ചുണ്ടിൽ മനോഹരമായൊരു ചിരി മിന്നി കളിക്കുന്നുണ്ടായിരുന്നത് അവളാറിഞ്ഞിട്ടുണ്ടാവില്ല..
അവനും.
“ഞാൻ.. ഞാനിവിടെ സ്കൂളിൽ എത്താനായി. “
കരഞ്ഞു തുടങ്ങിയെന്നു തോന്നുന്നു. സ്വരത്തിലും ആ നനവുണ്ട്.
ഫൈസിയുടെ ചിരി മാഞ്ഞു.
“സ്കൂളിൽ..? അതും ഈ നേരത്ത്..?”
വീണ്ടും വാച്ചിലേക്ക് നോക്കി അവന്റെ സ്വരം ഉയർന്നു.
“ആഹ്.. ഏഴ് മണിക്ക് തിരികെ എത്തേണ്ടതായിരുന്നു. ബസ്സിന്.. ബസ്സിനൊരു പ്രോബ്ലം. വിചാരിച്ചതിലും ലേറ്റായി. വീട്ടീന്ന് ആരെങ്കിലും കൂട്ടാൻ വരാൻ വിളിക്കാൻ പറഞ്ഞു സാർ. പക്ഷേ.. പക്ഷേ ഇച്ഛായെ വിളിച്ചിട്ട് കിട്ടുന്നില്ല..”
വിതുമ്പി കൊണ്ടവൾ പറഞ്ഞതും അവനൊരു ആശ്വാസം തോന്നി.
ഇതായിരുന്നോ ഇവളിത്രേം കരഞ്ഞു വിളിച്ചത്?
വെറുതെ മനുഷ്യന്റെ നല്ല ജീവനെടുക്കാൻ.. പിശാച്..
വീണ്ടും ഫൈസിക്ക് ചിരി വന്നു.
“ഒന്ന് വിളിച്ചു നോക്കുവോ ഇച്ഛായെ.? സ്കൂളിൽ വരാൻ പറയുവോ.? അര മണിക്കൂർ കൊണ്ട് അവിടെത്തും.. ഞാൻ.. ഞാനൊരുപാട് തവണ വിളിച്ചു ബെല്ലടിക്കുന്നുണ്ട്. പക്ഷേ ഫോൺ.. ഫോൺ എടുക്കുന്നില്ല. അതാ.. അതാ ഞാൻ വിളിച്ചത് “
ഈ സമയത്ത് വിളിച്ചത് കൊണ്ട് ഫൈസി ഇനി അതിന് വഴക്ക് പറയുമോ എന്ന ഭയമുണ്ടായിരുന്നു മീരയുടെ വാക്കുകളിൽ.
അതവന് നന്നായി മനസ്സിലായതുമാണ്.
“എടുക്കുന്നില്ലേ? അതെന്താ? അവനെ വിളിച്ചാൽ ഏതു നേരത്തും എടുക്കുന്നതാണല്ലോ?”
ഫൈസിയുടെ ഉള്ളിലെ ചോദ്യങ്ങൾ അവനറിയാതെ തന്നെ പുറത്ത് ചാടി.
“എനിക്കറിയില്ല.. പേടിയാവുന്നു..വേറെ വേറെ ആരുമില്ല എനിക്കൊന്ന് വിളിക്കാൻ. ഒന്ന് വിളിച്ചിട്ട് ഇച്ഛായോട് പറയുവോ? പ്ലീസ് “
വീണ്ടും കരച്ചിൽ പുരണ്ട അവളുടെ വാക്കുകൾ.
ആ വാക്കുകൾ..അതവന്റെ നെഞ്ചിലാണ് പൊട്ടി ചിതറിയത്.
നോവിന്റെ വലിയൊരു ചുഴിയിൽ അവൻ പിടഞ്ഞു പോയി.
“കരയണ്ട.. ഞാൻ.. ഞാൻ വിളിച്ചു നോക്കട്ടെ.”
ഫൈസി പെട്ടന്ന് പറഞ്ഞു.
“ഭയപ്പെടേണ്ട. നീ സ്കൂളിൽ ഇറങ്ങുമ്പോ അവിടെ നിന്നെ കൂട്ടാൻ ആളുണ്ടാവും. അതോർത്തു ഒരു പേടിയും നിനക്കിനി വേണ്ട “
ഫൈസി പറഞ്ഞു.
നനുത്തൊരു മൂളൽ തിരികെ കിട്ടി.. ഉത്തരമായിട്ടും.. നന്ദിയായിട്ടും.
“വെച്ചേക്ക്.. ഞാൻ അവനെ വിളിച്ചു നോക്കട്ടെ “
ഫൈസി വീണ്ടും പറഞ്ഞു.
“ഒക്കെ..”
മറുവശം കട്ടായതും പെടുന്നനെ അവനെയൊരു ശൂന്യത പൊതിഞ്ഞു.
ഫോണെടുക്കാതെ ഇവനിത് എവിടെ പോയാവോ? “
ക്രിസ്റ്റിയുടെ നമ്പർ കോളിലിടുമ്പോഴും ഫൈസിയുടെ മനസ്സിൽ അത് തന്നെയായിരുന്നു.
രണ്ട് റൗണ്ട് ബെല്ലടിച്ചു തീർന്നിട്ടും അവനാ ഫോൺ എടുത്തില്ലയെന്നത് ഫൈസിയുടെയും ഹൃദയമിടിപ്പ് കൂട്ടി.
ഫോൺ പോക്കറ്റിലേക്കിട്ട് എന്ത് വേണമെന്നറിയാതെ അവൻ ഒരു നിമിഷം അതേ ഇരിപ്പ് തുടർന്നു.
“അര മണിക്കൂർ കൊണ്ട് ഞങ്ങൾ സ്കൂളിൽ എത്തും.. ഇച്ഛായോടൊന്ന് പറയണേ..”
കാതിൽ മീരയുടെ സ്വരം.
അവൻ വീണ്ടും വാച്ചിലേക്ക് നോക്കി. അവൾ പറഞ്ഞ ടൈമിൽ സ്കൂളിൽ എത്തണമെങ്കിൽ ഇനി ഒരു മിനിറ്റ് പോലും വെറുതെ കളയാനില്ല.
പിന്നെ ഒന്നും ഓർത്തു നിൽക്കാതെ അവൻ ബൈക്ക് സ്റ്റാർട് ചെയ്തു.
നഗരതിരക്കിലൂടെ അതിവേഗം അവന്റെ ബൈക്ക് കുതിച്ചു പാഞ്ഞു.
കാറ്റിൽ പാറി കളിക്കുന്ന മുടിയിഴകൾ ഒതുക്കി അവനപ്പോഴും ഓർത്തത് ക്രിസ്റ്റിയെന്തേ ഫോൺ എടുക്കാഞ്ഞതെന്നാണ്.
അറക്കൽ പോയ വിശേഷങ്ങൾ അവനോട് പറയാൻ വിളിക്കാനിരിക്കെയാണ് മീരാ വിളിച്ചത്.
അവളുടെ ഓർമയിൽ വീണ്ടും അവനിലേക്കൊരു ചിരിയെത്തി.
അശാന്തമായ ഹൃദയം മിടിപ്പ് പതിയെയൊരു താളം തേടി പിടിച്ചു.
മുന്നോട്ട് കുതിക്കുന്നത്തിനൊപ്പം ഓടി വന്നു പൊതിയുന്ന കാറ്റിൽ അവൻ കുളിർന്നു പോയിരുന്നു.
ഒടുവിൽ… സ്കൂൾ ഗേറ്റിലേക്ക് അവന്റെ ബൈക്കും.. മീരാ പോയ ബസ്സും ഒരുമിച്ചാണ് എത്തി ചേർന്നത്.
❣️❣️❣️
ഡോക്ടർ ഓരോ വാക്ക് പറയുമ്പോഴും അഗാധമായൊരു ചുഴിയിൽ പെട്ട് വട്ടം കറങ്ങുന്നത് പോലെ ക്രിസ്റ്റി ഉഴറുന്നുണ്ടായിരുന്നു.
“ആർക്കും ഒന്നും അറിയേണ്ട. ആരെയും ഒന്നും അറിയിക്കുകയും വേണ്ട. എല്ലാർക്കും തിരക്കുകൾ. എന്നിട്ട് പറയും കുടുംബത്തിന് വേണ്ടിയാണെന്ന്. അതേ കുടുംബം കണ്മുന്നിൽ നശിച്ചു പോകുന്നത് അറിയാതെ പോകുന്നൊരു ദുരവസ്ഥ…”
ഡോക്ടർ ജയേഷ് വല്ലാത്ത അരിശത്തിലാണ്.
“പതിനഞ്ചു വയസ്സുള്ളൊരു പെൺകുട്ടി.. അവൾ നമ്മുക്ക് കുട്ടിയായിരിക്കാം. അത്രകണ്ട് സൂക്ഷിച്ചു കൊണ്ട് നടന്നില്ലെന്നും വരാം. പക്ഷേ..ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടികൾ പോലും സുരക്ഷിതരല്ലാത്ത നമ്മുടെ ലോകത്തിൽ… എത്രയൊക്കെ പൊതിഞ്ഞു പിടിച്ചു നടന്നാലും തെറ്റിലേക്ക് നയിക്കപ്പെടാം. നൂറായിരം അവസരങ്ങൾ കണ്മുന്നിലിങ്ങനെ നീണ്ടു നിവർന്നു കിടക്കയല്ലേ….. നമ്മളെയും നമ്മുടെ ഫാമിലിയെയും സംരക്ഷണം കൊടുത്തു കൂട്ടി പിടിക്കുകയെന്ന ഉത്തരവാദിത്തം വളരെയധികം റിസ്ക് ഉള്ളതാണ് “
അയാൾക്ക് കൊടുക്കാനൊരു ഉത്തരം പോലുമില്ലാതെ ആ മുന്നിൽ ക്രിസ്റ്റി പകച്ചിരുന്നു.
ശ്രദ്ധിച്ചില്ല… ലോകത്തിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞു കൊടുത്തില്ല എന്നൊക്കെ ജയേഷ് മുന്നിലിരുന്ന് പറയുമ്പോഴും.. ക്രിസ്റ്റിയുടെ ഉള്ളിലൂടെ ഒരു നേരിപ്പോട് പുകഞ്ഞു തുടങ്ങിയിരുന്നു.
റോയ്സും അവന്റെ അമ്മച്ചിയും അവരുടെ ലക്ഷ്യത്തിലേക്കുള്ള ആദ്യകാൽവെപ്പ് വിജയം കണ്ടിരിക്കുന്നു.
ഇന്നലെ വൈകുന്നേരം റോയിസിനൊപ്പം ദിൽനയെ അങ്ങനൊരു സാഹചര്യത്തിൽ കണ്ടത് മുതൽ.. നെഞ്ചിലൂടെ ഒരു അസ്വസ്ഥത മിന്നി മായുന്നുണ്ടായിരുന്നു.
എത്രയൊക്കെ തട്ടി മാറ്റിയിട്ടും അവളുടെ ആ നിൽപ്പ്.. നെഞ്ചിൽ കൊളുത്തി പിടിച്ചിരുന്നു.
ഇങ്ങനൊരു കാര്യം ഉള്ളിന്റെയുള്ളിൽ തിളച്ചു മറിയുന്നതിനെ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചിരുന്നു.
ഇന്നത് മറ നീക്കി പുറത്തിറങ്ങി തനിക് നേരെ വന്നിരിക്കുന്നു.
“എവിടെ നിങ്ങളുടെ പേരന്റസ്.?വിളിക്കവരെ.. എനിക്ക് ഇനി സംസാരിക്കാനുള്ളത് അവരോടാണ്. അത് കഴിഞ്ഞിട്ട് വേണം ഇത് പോലീസിൽ റിപ്പോർട്ട് ചെയ്യാൻ.”
അവനൊന്നും മിണ്ടാതെയിരിക്കുന്നത് കണ്ടതും ജയേഷ് വീണ്ടും പറഞ്ഞു.
“പോലീസിൽ…”
അറിയാതെ തന്നെ ക്രിസ്റ്റിയുടെ സ്വരം ഉയർന്നു.
അവനുള്ളിൽ ദിലുവിന്റെ തളർന്നു തൂങ്ങിയ മുഖം ഓർമ വന്നു.
അതോടൊപ്പം തന്നെ റോയ്സിന്റെയും സൂസന്റെയും ഗൂഡമയ ചിരിയും അവന്റെ ഉള്ളിലേക്ക് ഇരച്ചെത്തി.
“ആഹ്.. ഇത് പോലൊരു കേസ് റിപ്പോർട്ട് ചെയ്താൽ അത് പോലീസിൽ അറിയിക്കുക എന്നത് കൂടി എന്റെ ഡ്യൂട്ടിയിൽ പെട്ടതാണ്.”
ഗൗരവത്തോടെ തന്നെ ഡോക്ടർ പറഞ്ഞു.
“നോ.. പ്ലീസ് സർ. അവള്.. അവളുടെ ഭാവി.. നോ സർ “
അവൻ വെപ്രാളത്തോടെ എഴുന്നേറ്റു.
“മിസ്റ്റർ… അവളുടെ ഭാവിയെ കുറിച്ചല്ല.. ഞാനിപ്പോ ആ കുട്ടിയുടെ ജീവനെ കുറിച്ചാണ് ചിന്തിക്കുന്നത്. അവളെ ഇത് പോലൊരു അവസ്ഥയിലേക്ക് തള്ളി വിട്ടൊരു മഹാൻ ഉണ്ടാവുമല്ലോ? അവനെ ഒരിക്കലും രക്ഷപെട്ടു പോകാൻ വിടില്ലെന്നാണ് ആഗ്രഹിക്കുന്നത്. കാരണം ഞാനും.. ഞാനും ഒരച്ഛനാണ് “
അത് പറയുമ്പോൾ… ജയേഷിന്റെ സ്വരം വല്ലാതെ കടുത്തു പോയിരുന്നു.
“താൻ പോയിട്ട് നിങ്ങളുടെ അച്ഛനെയും അമ്മയെയും ഇങ്ങോട്ട് പറഞ്ഞു വിട് “
വീണ്ടും അയാളത് പറഞ്ഞതും ക്രിസ്റ്റി എഴുന്നേറ്റു.
വാതിൽ തുറന്നു പുറത്തേക്കിറങ്ങി പോകുമ്പോഴും.. അവന്റെ മനസ്സിൽ റോയ്സിന്റെ ക്രൂരത നിറഞ്ഞ ചിരിയായിരുന്നു.
ആ ഓർമയിൽ തന്നെ അവന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു.
“എന്റെ മകളുടെ കാര്യം അന്വേഷിച്ചു പോകാൻ അവനാരാടി? നീ.. നീ നിന്റെ മകനെ വല്ല്യ ആളാക്കാൻ വേണ്ടി കരുതി കൂട്ടി അവനെയും വിളിച്ചു പോന്നതല്ലേ? അല്ലേ.. ന്ന്?”
അതൊരു ഹോസ്പിറ്റൽ ആണെന്നും ചുറ്റും ഒരുപാട് ആളുകൾ തന്റെ പ്രഹസനം കണ്ടു നിൽക്കുന്നുണ്ടെന്നും മറന്നു കൊണ്ട് വർക്കി ശബ്ദമുയർത്തി.
അതിലേക്കാണ് ക്രിസ്റ്റി വാതിൽ തുറന്നു ചെന്നത്.
അയാളുടെ വാക്കുകൾ കൂടി കേട്ടത്തോടെ അവന്റെ മുഖം കൂടുതൽ ഇരുണ്ടു കൂടി.
“നിങ്ങളേം റിഷിയെയും ഞാൻ.. ഞാനൊരുപാട് വിളിച്ചിരുന്നു. കിട്ടിയില്ല. അവൻ.. അവനുണ്ടായത് കൊണ്ട് അവളിപ്പോ ജീവനോടെയുണ്ട്. അത്രേം.. അത്രേം…”
കൂടി നിൽക്കുന്നവർക്കിടയിൽ അപമാനഭാരം കൊണ്ട് ഡെയ്സിയുടെ സ്വരം വിറച്ചു പോയിരുന്നു.മുഖം കുനിഞ്ഞു.
വീട്ടിൽ എത്തിയ അയാളോട് അവിടെ നിന്നാരോ ദിൽനയെ കൊണ്ട് ഹോസ്പിറ്റലിൽ പോയെന്ന് പറഞ്ഞു കേട്ടതും.. മകൾക്ക് ഒട്ടും വയ്യെന്നതിനേക്കാൾ… അവളെ കൊണ്ട് പോയത് ക്രിസ്റ്റിയാണ് എന്നാ വാർത്തയായിരുന്നു ടെൻഷനടിപ്പിച്ചത് മുഴുവനും.
യാതൊരു വിധ സഹകരണത്തിനും വിടാതെ മക്കളുടെ മനസ്സിലേക്ക് അവനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞു വിഷം കുത്തി നിറച്ചത്… അവൻ.. അവനങ്ങനെ സന്തോഷിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടായിരുന്നു.
“നീ ഒലത്തി കാണും…”ഡെയ്സി പറഞ്ഞത് സത്യമാണെന്ന് അറിഞ്ഞിട്ടും..അയാൾ വീണ്ടുമൊരു ലഹളക്കൊരുങ്ങുന്നത് കണ്ടതും ക്രിസ്റ്റി വേഗം ആ അടുത്തേക്ക് ചെന്നു.
“ഇതൊരു ഹോസ്പിറ്റൽ ആണ്. നിങ്ങൾ മറന്നാലും ചുറ്റും കൂടിയവർക്ക് ആ ബോധമുണ്ട്. ഷോ കാണിക്കുമ്പോൾ അതൂടെ ഓർക്കുന്നത് നല്ലതാ .”
വർക്കിയോടുള്ള മുഴുവനും ദേഷ്യമുണ്ടായിരുന്നു അവന്റെ വാക്കുകളിൽ.
അത് കൊണ്ട് തന്നെ അത് അങ്ങേയറ്റം പരുഷമായിരുന്നു.
“അതെന്നെ പഠിപ്പിക്കാൻ നീ ആരാടാ?”
അവിടൊരു സീൻ ഉണ്ടാക്കുക എന്നതാണ് വർക്കിയുടെ ഉദ്ദേശമെന്ന് മനസ്സിലാക്കിയതും.. പല്ല് കടിച്ചു കൊണ്ട് ക്രിസ്റ്റി ചുറ്റും നോക്കി.
കണ്ണ് നിറച്ചു നിൽക്കുന്ന ഡെയ്സിയെ നോക്കിയപ്പോൾ അവനുള്ളം വേദനിച്ചു.
ദിലുവിന്റെ കാര്യമറിയിക്കുമ്പോൾ അവരുടെ അവസ്ഥയെ കുറിച്ചാണ് അവനപ്പോഴും ഓർത്തത്.
“ഡോക്ടർ… ഡോക്ടർ വിളിക്കുന്നു “
അവരെ നോക്കി അത്ര മാത്രം പറഞ്ഞിട്ട് അവൻ മുന്നോട്ടു നടന്നു.
“ആഹ്.. ഡോക്ടർ വിളിക്കും. ഡോക്ടർക്കറിയാം. രോഗിയുടെ വിവരങ്ങൾ അറിയിക്കേണ്ടത് വേണ്ടപ്പെട്ടവരെ ആണെന്ന്..അല്ലാതെ നിന്നെ പോലൊരു.. @#₹&%അല്ലെന്ന് “
അവനെ നോക്കിയിട്ടു കേട്ടാലറക്കുന്ന തെറിയുടെ അകമ്പടിയോടെ വർക്കി പറഞ്ഞതും ക്രിസ്റ്റി കണ്ണടച്ചു മുഷ്ടി ചുരുട്ടി ദേഷ്യം ഒതുക്കി.അവനയാളെ അവിടെയിട്ട് ചവിട്ടി കൂട്ടാനുള്ള ത്വരയുണ്ടായിരുന്നു.ക്ഷമയുടെ ഏറ്റവും അവസാനപടിയിൽ അവൻ അവനെ തന്നെ ഒതുക്കിയിരുത്തി.
“നടക്കങ്ങോട്ട്…”
ഡെയ്സിയോട് കലിപ്പിച്ചു പറഞ്ഞിട്ട് അയാൾ ഡോക്ടറുടെ മുറിയിലേക്ക് കയറുന്നത് നെഞ്ചിടിപ്പോടെ നോക്കി ക്രിസ്റ്റി ആ കസേരയിൽ തളർന്നിരുന്നു.
ദിൽനയുടെ ജീവിതം… ഒരു ഞാണിൽ കിടന്നു സ്വന്തം കണ്മുന്നിൽ തൂങ്ങി ആടുന്നത് അവന് കാണാനായി.
കൈകൾ കൊണ്ടവൻ നെറ്റി താങ്ങി കുനിഞ്ഞിരുന്നു..
ഡോക്ടറുടെ മുറിയിലേക്ക് കയറുമ്പോൾ സൈലന്റ് മോഡിലാക്കിയ ഫോൺ അപ്പോഴും അവന്റെ പോക്കറ്റിൽ കിടന്നു നിലവിളിക്കുന്നതറിയാതെ കിസ്റ്റി അതേ ഇരിപ്പ് തുടർന്നു……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]