നിലാവിന്റെ തോഴൻ: ഭാഗം 45
[ad_1]
രചന: ജിഫ്‌ന നിസാർ
ആളൊഴിഞ്ഞ വരാന്തയിലെ കസേരയിൽ ക്രിസ്റ്റി തളർന്നിരുന്നു.
എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും.. കണ്മുന്നിൽ തകർന്നിരിക്കുന്ന ദിൽനയുടെ രൂപം അവനെ നോവിച്ചുകൊണ്ടേയിരുന്നു.. ഓരോ നിമിഷവും.
അതിനേക്കാൾ.. ദേഹത്തിഴയുന്ന പുഴുവിനെ പോലെ അവനെ അസ്വസ്ത്ഥതപ്പെടുത്തിയത് വർക്കിയുടെ വാക്കുകളാണ്
തനിക്ക് മുന്നിൽ ആദ്യമായിട്ടാണ് അയാളിങ്ങനെ പരസ്യമായി..
തനിക്കറിയാത്ത എന്തോ ഒന്ന് അവരുടെ ഉള്ളിൽ തിളക്കുന്നുണ്ട്.
താൻ കരുതിയത് പോലെ അത്ര സ്നേഹത്തോടെയല്ല അവരുടെ ജീവിതമെന്നവന് ആദ്യമായി തോന്നി.
ദേഷ്യം പിടിക്കുമ്പോൾ.. വർക്കി പലതും വിളിച്ചു പറയുന്നത് കേൾക്കാറുണ്ട്. മറിയാമ്മച്ചി പറയുന്നത് പോലെ.. അതവരുടെ ജീവിതം.. അതിലേക്ക് കേറി ഇടപെടാൻ തോന്നാറില്ല.
പക്ഷേ ഇന്ന് പറഞ്ഞ നീചമായ വാക്കുകൾ.. ഒരാളോട് ദേഷ്യപ്പെടുന്നതിന്റെ എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു.
ദേഷ്യത്തിനും വെറുപ്പിനും അപ്പുറമെന്തോ… ഒന്നയാളുടെ വാക്കുകളിൽ മുഴച്ചു നിന്നിരുന്നു.
ആ വാക്കുകൾ തനിക് മുന്നിൽ വെച്ചായത് കൊണ്ടുള്ള ദയനീയത മാത്രമാണ് ഡെയ്സിയുടെ മുഖത്തുണ്ടായിരുന്നതെന്നും ക്രിസ്റ്റി ഓർത്തു.
അങ്ങനെ നോക്കുമ്പോൾ.. അതിന് മുന്നേയും അവരാ വാക്കുകൾ അയാളിൽ നിന്ന് കേട്ടിരിക്കാമെന്നല്ലേ അർഥം?
അവരുടെ ജീവിതത്തിൽ താനൊരു കല്ലു കടി ആവരുതെന്ന് കരുതിയിട്ടാണ് എല്ലാത്തിൽ നിന്നും താനായിട്ട് തന്നെ അകന്ന് നിന്നതും.
വർക്കിയേ സ്നേഹിക്കാൻ അമ്മയ്ക്ക് മുന്നിലെ തടസ്സമാവരുതെന്ന് ചിന്ത… അത് തെറ്റായിരുന്നുവോ?
അകറ്റി നിർത്തിയിട്ടും ആ ജീവിതത്തിന് പാകപിഴകൾ ഏറെയുണ്ടെന്നു തന്നെയല്ലേ ഇന്നയാൾ പറഞ്ഞു തള്ളിയ വാക്കുകൾ വെളിപ്പെടുത്തുന്നത്?
ചിന്തകൾ അവനെ നീരാളി പോലെ ചുറ്റി പിടിച്ചു ശ്വാസം മുട്ടിച്ചു.
ഡോക്ടർ ജയേഷ്, ദിൽനയുടെ വിഷയം പോലീസിൽ അറിയിച്ചാലുള്ള കാര്യമോർത്തതും അവനുള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു കയറി.
തന്നോട് തോന്നുന്ന വാശിയാവും വർക്കിക്കിപ്പോഴും വലുത്. അതിനിടയിൽ എരിഞ്ഞു തീരുന്ന മകളുടെ ജീവിതവും ജീവനുമൊന്നും അയാളെ സ്പർശിക്കുക കൂടിയില്ലെന്ന് അവന് തോന്നി.
അവനവിടെയിരിക്കെ തന്നെയാണ് റിഷിൻ ധൃതിയിൽ അങ്ങോട്ട് വരുന്നതും അവനെയൊന്ന് നോക്കിയിട്ട് കലിയോടെ ദിൽന കിടക്കുന്ന മുറിയുടെ വാതിൽ തള്ളി തുറന്നു കൊണ്ട് അകത്തേക്ക് കയറിയതും.
അകത്തു നിന്നും വീണ്ടും പൊട്ടിതെറികളും കരച്ചിലും…
ആ ബഹളങ്ങളെല്ലാം കേട്ടിട്ടും അവൻ അനങ്ങാതെ അവിടെ തന്നെയിരുന്നു.
ആ മനസ്സിലപ്പോഴും ഇതിൽ നിന്നെങ്ങനെ ദിൽനയെ രക്ഷിച്ചെടുക്കും എന്നത് മാത്രമായിരുന്നു.
“ഡാ..”
അകലെ നിന്നും ഫൈസിയുടെ ശബ്ദം കേട്ടത് പോലെ തോന്നിയിട്ടാണ് തല കുനിച്ചു, മുഖം കൈകൾ കൊണ്ട് പൊതിഞ്ഞു കൊണ്ടിരുന്ന ക്രിസ്റ്റി മുഖം ഉയർത്തി നോക്കിയത്.
തോന്നിയതല്ല.
സത്യമാണ്.
തനിക്കരികിലേക്ക് ധൃതിയിൽ നടന്നു വരുന്നുണ്ടവൻ .
ഹൃദയത്തിനു മുകളിൽ നിന്നും ഭാരമുള്ളതെന്തോ എടുത്തു മാറ്റിയത് പോലൊരു സുഖം തോന്നി, ക്രിസ്റ്റിക്ക് അവനെ കണ്ടയാ നിമിഷം!
അവനെങ്ങനെ അറിഞ്ഞാവോ?
ക്രിസ്റ്റി ചിന്തിച്ചു നിൽക്കുന്നതിനിടെ തന്നെ ഫൈസി അവനരികിൽ എത്തിയിരുന്നു.
“ദിൽനക്ക് എങ്ങനെയുണ്ട്?”
ആദ്യം അവൻ ചോദിച്ചതതാണ്.
“കുറവുണ്ട്.. നീ എങ്ങനറിഞ്ഞു?”
ക്രിസ്റ്റി ഫൈസിയെ നോക്കി.
“അതവിടെ നിൽക്കട്ടെ നിന്റെ ഫോൺ വീട്ടിലാണോ? വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ?”
ഫൈസി അത് പറഞ്ഞതും ക്രിസ്റ്റി ഷർട്ടിന്റെ പോക്കറ്റിൽ തടവി.
അതിൽ ഫോണില്ലെന്ന് കണ്ടതും അവന്റെ കൈകൾ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോൺ വലിച്ചെടുത്തു.
“സൈലന്റ് മോഡണ്. അതാ അറിയാഞ്ഞത് “
പറയുന്നതിനൊപ്പം അവനത് ഓൺ ചെയ്തതും ഒരുപാട് പേര് വിളിച്ചതിന്റെ പരിഭവം പറഞ്ഞു തീർക്കുന്നത് പോലെ ഫോൺ ഉറക്കെ പ്രതികരിക്കാൻ തുടങ്ങി.
“മീരാ കുറെ പ്രാവശ്യം വിളിച്ചിട്ടുണ്ടല്ലോ?”
ആകുലതയോടെ ക്രിസ്റ്റി ഫൈസിയെ നോക്കി
“അവൾ തിരികെ എത്താൻ വൈകും. സ്കൂളിൽ ട്രോപ്പ് ചെയ്യാൻ ചെല്ലാൻ പറയുന്നതിന് വേണ്ടി വിളിച്ചതാ “
അവന്റെ നോട്ടം കണ്ടതും ഫൈസി പറഞ്ഞു.
“കർത്താവെ.. വിളിച്ചിട്ട് കുറേ സമയം ആയല്ലോ?”
അവന്റെ ശബ്ദത്തിൽ വെപ്രാളമുണ്ടായിരുന്നു.
“പേടിക്കേണ്ട.. നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോ അവളെന്നെയും വിളിച്ചിരുന്നു. ഞാൻ സ്കൂളിൽ നിന്നും പിക് ചെയ്തു വീട്ടിൽ എത്തിച്ചിയിട്ടുണ്ട് “
ഫൈസി പറഞ്ഞതും അവന്റെ മുഖം തെളിഞ്ഞു.
“ഡോക്ടറെ കാണാൻ കയറിയപ്പോ ഫോൺ സൈലന്റ് മോഡിലിട്ടതാ. പിന്നെയത് മറന്നു പോയി “
ക്രിസ്റ്റി പറഞ്ഞത് കേട്ടതും ഫൈസി തലയാട്ടി.
“മീരയെ ഒന്ന് വിളിച്ചേക്ക്. നിന്നെ വിളിച്ചിട്ട് കിട്ടിയെല്ലെന്നും പറഞ്ഞു കണ്ണുരുട്ടി നിൽപ്പുണ്ട്. ഞാൻ ഏറ്റു പോന്നതാ.. നിന്റെ അരികിലെത്തിയിട്ട് നിന്നെ കൊണ്ട് വിളിപ്പിക്കാം എന്നത് “
അവിടെയുള്ള കസേരയിലേക്ക് ഇരുന്നു കൊണ്ട് ഫൈസി പറഞ്ഞതും അവനെയൊന്ന് നോക്കി ക്രിസ്റ്റി മീരയുടെ നമ്പറിൽ വിളിച്ചു.
ഫൈസി പറഞ്ഞത് പോലെ കാത്തിരിപ്പായിരുന്നു അവളെന്ന് ക്രിസ്റ്റിക്ക് മനസ്സിലായി.
ഒറ്റ ബെല്ലിന് തന്നെ ഫോണെടുത്തു.
ചുരുങ്ങിയ വാക്കുകൾ കൊണ്ട് അവളോട് കാര്യങ്ങൾ പറഞ്ഞിട്ട് അവൻ ഫോൺ കട്ട് ചെയ്യുന്നത് വരെയും നേർത്തൊരു ചിരിയോടെ ഫൈസി അവനെ നോക്കിയിരുന്നു.
“വീട്ടിൽ പോയിരുന്നോ നീ?”
ഫോൺ കട്ട് ചെയ്തു കൊണ്ട് ഫൈസിയുടെ അരികിലെക്കിരുന്നു കൊണ്ട് ക്രിസ്റ്റി ചോദിച്ചു.
“മ്മ്.. വിളിച്ചിട്ട് കിട്ടാഞ്ഞപ്പോ ഞാൻ നേരെ വീട്ടിലോട്ട് വിട്ടു. നിന്റെ മറിയാമ്മച്ചിയാണ് പറഞ്ഞത്.. ദിൽനയെയും കൊണ്ട് ഹോസ്പിറ്റലിൽ പോന്നതാണെന്ന് “
ഒന്ന് മൂളിയിട്ട് ക്രിസ്റ്റി വീണ്ടും മുഖം കുനിച്ചു.
“സത്യത്തിൽ… എന്തെങ്കിലും പ്രശ്നമുണ്ടോ ഡാ?”
ക്രിസ്റ്റിയുടെ മുഖം കണ്ടത് കൊണ്ടാണ് ഫൈസി അങ്ങനൊരു സംശയം അവനോട് ചോദിച്ചത്.
അവനെ നോക്കി ഒരു നിമിഷം ഇരുന്നതിന് ശേഷമാണ് ക്രിസ്റ്റി ഉണ്ടെന്ന് തലയാട്ടിയത്.
“സീരിയസാണോ?”
“എന്ന് ചോദിച്ച… ആണ്.”
ഒരു നെടുവീർപ്പോടെ ക്രിസ്റ്റി നിവർന്നിരുന്നു.
“ആഹ്.. നീ ആദ്യം പ്രശ്നം എന്തെന്ന് പറ ചെങ്ങായ്. ലോകത്ത് പരിഹാരങ്ങളില്ലാത്ത പ്രശ്നങ്ങളായി മാത്രമൊന്നും പൊട്ടി മുളച്ചിട്ടില്ല”
ഫൈസി അവന്റെ തോളിൽ തട്ടി.
“ഇതിന്റെ പരിഹാരം കാണാൻ കൊറച്ചു വിയർക്കേണ്ടി വരും ഫൈസി..”
പതിഞ്ഞ ശബ്ദത്തിൽ ക്രിസ്റ്റി പറഞ്ഞതും ഫൈസിയുടെ നെറ്റി ചുളിഞ്ഞു.
ദിൽനയുടെ അവസ്ഥയെ കുറിച്ചും.. അവളങ്ങനെ ആയി തീർന്നതെങ്ങനെയെന്നു ഡോക്ടർ പറഞ്ഞതിനെ കുറിച്ചും… ഒടുവിൽ റോയ്‌സിനെ കുറിച്ചുള്ള സംശയങ്ങളും ക്രിസ്റ്റി ഫൈസിക്ക് മുന്നിൽ തുറന്നു വെച്ചു.
അപ്പോഴും ഡെയ്സിയുടെയും വർക്കിയുടെയും ജീവിതത്തിലെ താനേറെ ഭയക്കുന്ന താളപിഴകളെ കുറിച്ചവൻ ഫൈസിയോട് മനഃപൂർവം പറഞ്ഞതുമില്ല.
തനിക്ക് കുറച്ചു കൂടി കാര്യങ്ങൾ അറിയാനുണ്ട്. എന്നിട്ട് മതി അവനത് അറിയുന്നതെന്നൊരു തോന്നൽ ക്രിസ്റ്റിയിൽ ഉണ്ടായിരുന്നു.
“സംഗതി വിചാരിച്ചതിനേക്കാൾ സീരിയസ് ആണല്ലോ ക്രിസ്റ്റി “
എല്ലാം കേട്ട് കഴിഞ്ഞ ഫൈസി അവനെ നോക്കി.
അവനൊന്നും മിണ്ടാതെ തലയാട്ടി സമ്മതിച്ചു.
“എന്താ പൊറുക്കിയുടെ സ്റ്റാന്റ്?”
“പൊറുക്കി അവളെ കുറേ എടുത്തിട്ട് അടിച്ചു. പിന്നെ അമ്മ പോരാഞ്ഞിട്ടാണ് മക്കളെ നശിച്ചു കാണേണ്ടി വന്നതെന്നൊരു ആരോപണമിറക്കി സേഫ് സോണിൽ കയറി നിൽപ്പുണ്ട്. ചെറ്റ “
ഡെയ്സിയുടെ മുഖമോർത്തതും ക്രിസ്റ്റിയുടെ പല്ലുകൾ ഞെരിഞ്ഞു.
“ദിൽനയുടെ അവസ്ഥയെന്താ? പുച്ഛത്തിനൊക്കെ വല്ല മാറ്റവുമുണ്ടോ?”
ആ അവസ്ഥയിലും അവളോടുള്ള അനിഷ്ടം അവന്റെ സ്വരത്തിലുണ്ടായിരുന്നു.
“അവളാകെ ഉലഞ്ഞു പോയിട്ടുണ്ടടാ . പൊറുക്കിയിപ്പോ റിഷിനെ കൂടി വിളിച്ചു വരുത്തിയിട്ടുണ്ട് . അവനകത്തേക്ക് കയറി പോണത് കണ്ടു. ഇനി അപ്പനും മോനും കൂടി അവളെ തല്ലി കൊല്ലുമോ ആവോ?”
ക്രിസ്റ്റിയുടെ കണ്ണുകൾ വീണ്ടും ആ വാതിലിന് നേരെ നീണ്ടു, അത് പറയുമ്പോൾ.
അതിനകത്തു നിന്നുമിപ്പോൾ ശബ്ദങ്ങളൊന്നും കേൾക്കുന്നില്ല.
“നന്നായി പോയി. കൊറച്ചു തല്ലൊക്കെ കിട്ടണം. ഓരോ എടാകൂടത്തിൽ പോയി തല വെച്ചു കൊടുത്തതിന്റെ സമ്മാനം കിട്ടിയില്ലെന്നു പിന്നീട് തോന്നരുതല്ലോ? ഒപ്പം കൂടിയവന്റെ അനാവശ്യമായ തൊട്ട് നോട്ടങ്ങൾ മനസ്സിലാവാതിരിക്കാൻ അവളത്ര കൊച്ചു കുട്ടിയൊന്നുമല്ലല്ലോ.?അപ്പൊ കൊറച്ചു കിട്ടട്ടെ. അല്ലപിന്നെ.”
ഫൈസി അത് പറഞ്ഞത് ക്രിസ്റ്റിയെ നോക്കാതെയാണ്.
“എനിക്കതൊന്നുമല്ല ഫൈസി ടെൻഷൻ.ആ ഡോക്ടർ പോലീസിൽ അറിയിച്ചാൽ.. ഇത് ഇവിടെയൊന്നും നിൽക്കില്ല. അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ദിൽനയെ തന്നെയാവും.”
മനസ്സിൽ വീർപ്പു മുട്ടിക്കുന്ന ആ കാര്യം അതേ ശ്വാസം മുട്ടലോടെയാണ് ക്രിസ്റ്റി ഫൈസിയോട് പറഞ്ഞതും.
“നീ വെറുതെ ഓരോന്നു ആലോചിച്ചു ടെൻഷനാവണ്ട. നിന്നെ അവരുടെ കുടുംബത്തിൽ എടുത്തിട്ടില്ലല്ലോ ഇത് വരെയും. വേണമെങ്കിൽ പൊറുക്കിയും മകനും കൂടി ഊരി പോരട്ടെ.”
ഫൈസി അവരോടുള്ള അനിഷ്ടം മറച്ചു വെച്ചിട്ടില്ല.
“പൊറുക്കിയെയും മകനെയുമൊന്നും ഓർത്തിട്ടല്ലടാ.അവരെ ഇതൊന്നും ബാധിക്കില്ല. ഇപ്പോഴും എനിക്കെതിരെ എന്ത് ചെയ്യാം എന്നായിരിക്കും അവരുടെ പരട്ട തലയിൽ നുരഞ്ഞു പൊന്തുന്നത് .അവളുടെ ഭാവി..അമ്മ…”
ക്രിസ്റ്റിയുടെ ശബ്ദം നേർത്തു.
അവനുദ്ദേശിച്ചത് ഫൈസിക്ക് മനസ്സിലായി.
“നീ ബേജാറാവണ്ട. നമ്മക്കാ ഡോക്ടറെ പോയെന്നു കാണാം “
അവന്റെ തെളിയാത്ത മുഖം കണ്ടതും ഫൈസി പെട്ടന്ന് തീരുമാനം മാറ്റി.
“അങ്ങേര് കോപ്പറേറ്റ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല “
ക്രിസ്റ്റി ഡോക്ടർ ജയേഷിന്റെ നിലപാട് മുൻകൂട്ടി കണ്ടത് പോലെ പറഞ്ഞു.
“അതെന്തേലും ആവട്ടെ. നമ്മക്ക് ഒന്ന് ട്രൈ ചെയ്തു നോക്കാം. എന്നിട്ടും അയാൾ പിടി തന്നില്ലേൽ പിന്നെ നെക്സ്റ്റ് സ്റ്റെപ്പ് നോക്കാം. സിറ്റി പോലീസ് കമ്മീഷണർ എന്റുമ്മാന്റെ കസിനാണ്. നിനക്കറിയില്ലേ.. റഷീദിക്കാനെ?”
ഫൈസി അത് പറഞ്ഞതും ക്രിസ്റ്റിയുടെ മുഖം തെളിഞ്ഞു.
“നീ ധൈര്യമായിട്ടിരിക്ക്.”
ഫൈസി വീണ്ടും അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.
“ഉമ്മാന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്. വൈകുമെന്ന് വീട്ടിൽ പറഞ്ഞിട്ടില്ല. ഇന്നിനി അത് മതിയാവും.”ക്രിസ്റ്റിയെ നോക്കിയൊന്ന് കണ്ണടച്ചു കാണിച്ചിട്ട് ഫൈസി വീട്ടിലേക്ക് വിളിച്ചു.
ക്രിസ്റ്റിയുടെ കൂടെ ഹോസ്പിറ്റലിൽ ആണെന്നും എത്താൻ കുറച്ചു വൈകുമെന്നും പറഞ്ഞിട്ട് പെട്ടന്ന് തന്നെ അവനാ സംസാരം അവസാനിപ്പിച്ചു.
“ബാ.. എഴുന്നേറ്റേ. നമ്മുക്കൊരു ചായ കുടിച്ചു വരാം “
ഫോൺ തിരികെ പോക്കറ്റിൽ ഇട്ട് കൊണ്ട് ഫൈസി എഴുന്നേറ്റു കൊണ്ട് ക്രിസ്റ്റിയെ നോക്കി.
“ഇങ്ങോട്ട് വാടാ. കൊറേ നേരമായില്ലേ തല പുകഞ്ഞിരിക്കുന്നു “
പിന്നെയും മടിച്ചു നിന്ന ക്രിസ്റ്റിയെ വലിച്ചു പൊക്കി ഫൈസി കാന്റീൻ ലക്ഷ്യമാക്കി നടന്നു.
ഹോസ്പിറ്റലിലെ തിരക്കുകൾ ഒരുവിധം ഒതുങ്ങിയിരുന്നു.
എങ്കിലും.. ഒട്ടും ശാന്തമല്ലാത്തൊരു അന്തരീക്ഷമാണ് അവിടെ.
കാന്റീനിലും തിരക്കൊന്നുമില്ല.
അങ്ങിങ്ങായി ചായ ഊതി കുടിച്ചു കൊണ്ട് ഫോണിൽ മുഴുകിയിരിക്കുന്ന ചുരുക്കം ചിലർ.
സമയം ഒരു മണി കഴിഞ്ഞത് കൊണ്ട് തന്നെ ഒന്നും കഴിക്കാൻ തോന്നിയില്ല. രണ്ടാളും ഓരോ ചായക്ക് പറഞ്ഞു കാത്തിരുന്നു.
കലുഷിതമായ മനസ്സോടെയിരിക്കുന്ന അവനോടിപ്പോ അറക്കലേക്ക് പോയ കാര്യം പറയേണ്ടന്ന് തോന്നി ഫൈസിക്ക്.
അവനോടത് പറയണോ വേണ്ടയോ എന്ന്.. ഹോസ്പിറ്റലിൽ എത്തും വരെയും ആലോചിച്ചു നോക്കിയതാണവൻ .
ഇത്തിരി ആശ്വാസം കിട്ടുമെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി അവളെ കണ്ടത് പറയാം.. എന്ന് തീരുമാനത്തോടെയാണ് അവനരികിലേക്ക് എത്തിയതും.
പക്ഷേ അവിടെത്തി.. അവന്റെ മനസ്സിലെ ടെൻഷനറിഞ്ഞതും.. ഇനി മറ്റൊരു ടെൻഷൻ കൂടി കൊടുക്കേണ്ടന്ന് തോന്നി.
ഫാത്തിമയെ കണ്ടെന്നും.. അവളവിടെ സേഫ് ആണെന്നും അറിയിക്കുമ്പോൾ.. ഇത്ര പെട്ടന്ന് അതെങ്ങനെ സംഭവിച്ചു എന്നവൻ തീർച്ചയായും ചോദിക്കും.
അതിന് മറുപടിയായി ഷാഹിദ് നാട്ടിലെത്തിയ കാര്യം പറയേണ്ടിയും വരും.
അതവനെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തുമെന്നുറപ്പാണ് .
ഒടുവിൽ അവനോടത് ഇപ്പൊ പറയെണ്ടന്ന് തന്നെ ഫൈസി തീരുമാനിച്ചു.
“ഡാ..”
കയ്യിൽ തട്ടി ക്രിസ്റ്റി വിളിക്കുമ്പോ ഫൈസി ഞെട്ടി.
“എന്തോർത്തിരിക്കുവാ. ചായ കുടിക്ക്. അത് തണുത്തു പോകും. തണുത്ത ചായക്ക് ജീവനില്ലെന്നല്ലേ നിന്റെ കണ്ട് പിടിത്തം “
ചെറിയൊരു ചിരിയോടെ ക്രിസ്റ്റി പറഞ്ഞു.
അവൻ പാതിയോളം കുടിച്ചു തീർന്നിട്ടുണ്ട്.
ഫൈസി പിന്നൊന്നും പറയാൻ നിൽക്കാതെ ചായയെടുത്ത് കുടിച്ചു.
ക്രിസ്റ്റി കുടിച്ചഴുന്നേറ്റ് ബാത്റൂമിൽ പോയി.. മുഖമെല്ലാം നന്നായി കഴുകി തിരിച്ചെത്തുമ്പോഴേക്കും ചെറിയൊരു തൂക് പാത്രം കാന്റീനടുത്തു തന്നെയുള്ള സ്റ്റോറിൽ നിന്നും വാങ്ങിച്ചു അതിൽ ചായയും വാങ്ങി ഫൈസി കാത്ത് നിന്നിരുന്നു.
“നിന്റെ അമ്മയില്ലേ മുറിയിൽ. അവരും വൈകുന്നേരം വന്നതല്ലേ?”
ക്രിസ്റ്റിയുടെ നോട്ടം കണ്ടതും ഫൈസി പറഞ്ഞു.
അതിനുത്തമൊന്നും പറയാതെ തോളു കൊണ്ട് മുഖമൊന്നു തുടച്ചു അവനും ഫൈസിക്കൊപ്പം നടന്നു.
തിരിച്ചവർ മുറിയിലെത്തുമ്പോഴും… വർക്കിയും റിഷിനും പോര് കോഴികളെ പോലെ ദിൽനയെ നോക്കിയിരിപ്പാണ്.
ഡെയ്സി കട്ടിലിൽ കണ്ണടച്ച് കിടക്കുന്ന ദിൽനയുടെ അരികിൽ ഇരിക്കുന്നുണ്ട്.
വാതിൽ തുറന്നു ക്രിസ്റ്റിക്കൊപ്പം ഫൈസി കൂടി അകത്തേക്ക് കയറി.
അവരെ കണ്ടതും വർക്കിയും റിഷിനും ഒന്നു പരസ്പരം നോക്കിയിട്ട് മോന്ത ഒന്ന് കൂടി കയറ്റി പിടിച്ചു.
ഫൈസി അങ്ങോട്ടൊന്നു നോക്കുക കൂടി ചെയ്യാതെ.. ഡെയ്സിക്ക് നേരെ കയിലുള്ള തൂക്ക് പാത്രം നീട്ടി.
ചായയാണ്. കുടിക്ക് “
അതും പറഞ്ഞിട്ടവൻ ക്രിസ്റ്റിയെ നോക്കി.
കണ്ണടച്ചു കിടക്കുന്ന ദിൽനയെ തന്നെ സൂക്ഷിച്ചു നോക്കി നിൽപ്പാണ്.
കരിനിലിച്ചു പൊട്ടിയ അവളുടെ ചുണ്ടിലേക്കും കഴുത്തിലേക്കും.. വിരൽ പാടുകൾ തെളിഞ്ഞു കാണുന്ന വെളുത്ത കവിളിലേക്കും അവന്റെ നോട്ടം തെന്നി വീണു.
അവന്റെ മുഷ്ടികൾ ചുരുണ്ടു.
അവളെത്ര വേദന സഹിച്ചു കാണും.
ആ ഓർമയിൽ അവനുള്ളവും വേദനിച്ചു.
അറിയാതെ തന്നെ അവന്റെ കൈകൾ അവളുടെ നെറ്റിയിൽ തലോടി.
പനിയെല്ലാം നല്ലത് പോലെ കുറഞ്ഞിട്ടുണ്ട്.
എങ്കിലും വാടിയൊരു പൂവ് പോലെ തളർന്നു കിടക്കുന്നു.
“പോവല്ലേ…. ഇനിയിപ്പോ ഇവിടെ പ്രതേകിച്ചു നിന്റെ ആവിശ്യമൊന്നും കാണില്ല “
വർക്കിയേ കനപ്പിച്ചു നോക്കിയാണ് ഫൈസി അത് പറഞ്ഞത്.
മ്മ്.. “
ക്രിസ്റ്റി ദിൽനയെ ഒന്ന് കൂടി നോക്കിയിട്ട് തിരിഞ്ഞു.
“രാവിലെ വരാം..”
ഡെയ്സിക്ക് നേരെ നോക്കിയില്ലേലും അതവൻ അവർക്ക് വേണ്ടിയാണ് പറഞ്ഞത്.
“ഹോസ്പിറ്റലാണ്. അത് മറക്കണ്ട. അപ്പനും മോനും “
വാതിൽ തുറന്നു പുറത്തേക്കിറങ്ങും മുന്നേ അവനൊന്നു കൂടി ഓർമ്മിപ്പിച്ചു.
❣️❣️❣️
ക്രിസ്റ്റി വീട്ടിലെത്തുമ്പോൾ സമയം മൂന്ന് മണിയോട് അടുത്തിരുന്നു.
ഫൈസിയാണ് അവനെ അവിടെ ഡ്രോപ്പ് ചെയ്തു പോയതും.
ബെല്ലടിച്ചു കാത്ത് നിന്നവന് മുന്നിൽ മറിയാമ്മച്ചിയാണ് വാതിൽ തുറന്നു കൊടുത്തത്.
“എങ്ങനെയുണ്ടെഡാ കൊച്ചിന്?”
അവനെ കണ്ടതും അവർ ചോദിച്ചു.
“പനി കുറഞ്ഞിട്ടുണ്ട്. ഡ്രിപ് ഇട്ടേച്ചു കിടത്തിയിരിക്കുവാ “
അകത്തേക്ക് കയറുന്നതിനിടെ അവൻ പറഞ്ഞു.
“നിനക്ക് കഴിക്കാൻ വല്ലതും വേണോ?”
“വേണ്ട… നിങ്ങള് പോയി കിടന്നോ. ഞാനൊന്ന് കിടക്കട്ടെ. നല്ല ക്ഷീണം “
വാതിലടച്ചു തിരിഞ്ഞു കൊണ്ടവൻ പറഞ്ഞു.
“ക്ഷീണം കാണാണ്ടിരിക്കുവോ.. കോളേജ് വിട്ടു വന്നപാടെ ഓടിയതല്ലേ. പോയി കിടക്കെന്നാ “
അതും പറഞ്ഞിട്ടവർ തിരിഞ്ഞു നടന്നു.
ഇനി കിടന്നാൽ ടാപ്പിങ് ചെയ്യാൻ എഴുന്നേൽക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും ക്രിസ്റ്റി അങ്ങനെ പറഞ്ഞത്.. അല്ലെങ്കിൽ മറിയാമ്മച്ചി ഉറക്കമൊഴിഞ്ഞു കാവലിരിക്കും എന്നറിയാവുന്നത് കൊണ്ടാണ്.
ഹാളിലെ വെളിച്ചം കെടുത്തി അവൻ സ്വന്തം മുറിയിലേക്ക് കയറി പോയി.
ഫോൺ ചാർജിലിട്ട്.. വാച്ചും പേഴ്‌സും മേശയിലേക്ക് വെച്ചിട്ട് അവൻ പോയെന്നു കുളിച്ചു.
അതോടെ ഉറക്കക്ഷീണമെല്ലാം പോയി.
താഴേക്ക് പോയി ഒരു ചായായിട്ട് കുടിച്ചു കൊണ്ടവൻ വെട്ടിനു പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങി.
❣️❣️❣️
അടുക്കള വാതിൽ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങും മുന്നേ ഫാത്തിമ ഒന്ന് കൂടി കയ്യിലുള്ള ഫോണിലേക്ക് നോക്കി സമയമത് തന്നെയാണെന്ന് ഉറപ്പിച്ചു.
ഉറക്കമില്ലാത്ത ഒരു രാത്രിയുടെ ഏതോ നിമിഷത്തിലെടുത്ത തീരുമാനമാണ്.. അവനെ കണ്ടേ തീരുവെന്നത്.
ഏറെക്കുറെ ഈ നേരത്താണ് അവൻ തന്നെ തിരികെ എത്തിക്കാറുള്ളത്.
ആ ഒരു കണക്ക് കൂട്ടലോടെയാണ് പുറത്തേക്കിറങ്ങിയതും.
അറക്കലെ തൊടിയിൽ നിന്നും ക്രിസ്റ്റിയുടെ റബ്ബർ തോട്ടത്തിലേക്കുള്ള വഴിയിലേക്ക് കയറിയതും അവളുടെ നെഞ്ചിടിക്കാൻ തുടങ്ങി.
എന്തിനാണ് ഇനിയും കാണാൻ വന്നതെന്ന് അവൻ ചോദിച്ചാൽ എന്ത് ഉത്തരമാണ് കെടുക്കേണ്ടതെന്ന് അപ്പോഴും അറിയില്ലായിരുന്നു.
ഇന്നവൻ വെട്ടാൻ വരില്ലേ ആവോ?
ഇനിയവൻ മറന്നു പോയി കാണുമോ?
ചിന്തകൾ കടന്നൽ പോലെ അവളെ വളഞ്ഞിട്ട് കുത്തി രസിച്ചു.
എന്നിട്ടും കാണണമെന്നുള്ള ഹൃദയത്തിന്റെ വാശി തന്നെയാണ് മുന്നോട്ട് പിടിച്ചു വലിച്ചു കൊണ്ട് പോയത്.
നേരിയ വെളിച്ചമുള്ള വഴിയിൽ കൂടി നടക്കുമ്പോൾ ഭയം തോന്നിയത് അവന് മുന്നിൽ പോയി നിന്നിട്ടെന്ത് പറയുമെന്നോർത്തിട്ടാണ്.
ഒടുവിൽ ഏറെ തിരയേണ്ടി വന്നില്ല.. തലയിൽ പിടിപ്പിച്ച വെളിച്ചമോടെ അവളുടെ ദൈവത്തെ കണ്ട് പിടിക്കുവാൻ……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]