Novel

നിലാവിന്റെ തോഴൻ: ഭാഗം 49

[ad_1]

രചന: ജിഫ്‌ന നിസാർ

“ഇക്കോ…”

കുളിച്ചു കഴിഞ്ഞു തല തുവർത്തി മുറിയിലേക്ക് വരുന്ന ഫൈസിയെ നോക്കി ഫറ അൽപ്പം ഈണത്തിൽ തന്നെ വിളിച്ചു.

അവന്റെ ഒരേയൊരു അനിയത്തിയാണ് ഫറ നസ്രീൻ.

ഡിഗ്രി ലാസ്റ്റ് ഇയർ വിദ്യാർത്ഥിനിയാണ്.

“ന്താടി…”ഗൗരവം ഒട്ടും കുറക്കാതെയാണ് ഫൈസി വിളി കേട്ടതും.

“ആഹ്… എന്തൊരു സാധനാണ് പടച്ചോനെ ഇത്. അനക്കൊന്നു മയത്തീ വിളി കേട്ടൂടെടോ ചെങ്ങായ് “

ഫറ അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.

അവളുടെ എക്കാലത്തെയും പരാതിയാണ്.. ആകെയുള്ള ഒരേയൊരു ഇക്കാക്ക അവളോട് നല്ല പോലെ സംസാരിക്കുന്നില്ല.. അവളെ പരിഗണിക്കുന്നില്ല.. പെങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് ആങ്ങളമാർ എന്നാ പൊതു തത്വം പൊക്കി പിടിച്ചു നടക്കാൻ അവൾക്കൊപ്പം നിൽക്കുന്നില്ല എന്നൊക്കെ.

ക്രിസ്റ്റിയാണ് അവളുടെ മെയിൻ പരാതി പെട്ടി.

“നിന്ന് കൊ lണിയാണ്ട് ഇയ്യ് കാര്യം പറ ഫറ?”

കയ്യിലുള്ള തോർത്ത്‌ മുറിയിലെ ഹാങ്കറിൽ വിരിച്ചിട്ട് ഫൈസി പറഞ്ഞു.

“ഓഓഓ. ഇനിക്കന്നോട് ഒന്നും പറയാനില്ല. അല്ലേൽ തന്നെ പറഞ്ഞിട്ട് എന്തിനാ. മൂങ്ങ പോലെയുള്ള അന്റെ മൂളൽ കേൾക്കാനോ. ഇനിക് വേറെ പണി ഇല്ലാഞ്ഞിട്ടാ?”
അവൾ അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു.

“എങ്കിൽ പോയിട്ടാ പണി ചെയ്യടി. വെറുതെ നിന്ന് ഇന്നേ ചൊറിയാണ്ട് “

ഫൈസി അതേ പുച്ഛത്തോടെ അവളെയും നോക്കി.
“അതേയ്…”
ഷർട്ടിന്റെ ബട്ടൺ ഇടുന്നതിനിടെ വീണ്ടും ഫറയുടെ വിളിയെത്തി.

“മ്മ്..”
തിരിഞ്ഞു നോക്കാതെ അവനൊന്ന് മൂളി.

“ഈ കീ ചെയ്ൻ ഇനിക് തരുഓ.. ഇനിക്കിത് നല്ലോണം ഇഷ്ടയെടാ ഇക്കോ.. പ്ലീസ് “

പിന്നിലേക്ക് മടക്കി പിടിച്ച കൈകൾ അവന് നേരെ നീട്ടി കൊണ്ടവൾ വീണ്ടും കൊഞ്ചി.

അവളുടെ കൈകളിൽ മീരയുടെ ഗിഫ്റ്റ്..

ഒരു കുതിപ്പിന് ഫൈസി അത് കയ്യിലാക്കി.

“വെറുതെയല്ല അണക്കിന്റെ റൂമിലൊരു ചുറ്റി കളി. കള്ളത്തി “

അവൻ അവളെ നോക്കി കണ്ണുരുട്ടി.

“കള്ളിയോ. ഇജ്ജ് ഇന്റെ ഇക്കയല്ലേ. അന്റെ മുറി ന്ന് പറയുമ്പോ അത് ഇന്റേം കൂടിയല്ലേ. ഇജ്ജ് ഇന്റെ മുത്തല്ലേ.. അതെനിക്ക് താടാ ഇക്കോ.. ഇനിക്കതു അത്രേം ഇഷ്ടയോണ്ടല്ലേ ഡാ.. പ്ലീസ് “

ഫറ വീണ്ടും അവന്റെ കയ്യിൽ തൂങ്ങി കൊണ്ട് കൊഞ്ചി.

“പൊന്നു മോളെ.. ഇജ്ജ് ഇന്റെ ജീവൻ വേണെങ്കിൽ ചോദിക്ക്. തരാം ഞാൻ. പക്ഷേ.. ഇത് മാത്രം.. ഇത് മാത്രം ഞാൻ തരൂല. ഇജ്ജിനി എന്തൊക്കെ പറഞ്ഞാലും ഞാൻ തരൂല “

ആ കീ ചെയ്ൻ മുകളിലേക്ക് ഉയർത്തി അതിലേക്ക് നോക്കി ഫൈസി ചിരിയോടെ പറഞ്ഞു.

“അതെന്താണ്. ഇതിൽ ഇത്രേ പ്രതേകത.. അതെനിക്ക് താടാ ഇക്കോ. ഇന്റെ സ്കൂട്ടിന്റെ കീയിൽ കൊരുത്തിട്ടാ പൊളിക്കും “
വീണ്ടും ഫറ അവനെ തോണ്ടി.

“അന്റെ ആ ലൊടുക്ക് സ്കൂട്ടിക്ക് ഞാൻ വേണമെങ്കിൽ ഒരു സ്വർണകീ ചെയ്ൻ തന്നെ ഉണ്ടാക്കി തരാം. പക്ഷേ ഇത് മാത്രം ചോദിക്കണ്ട “
കട്ടായം പോലെ പറഞ്ഞിട്ട് അവനത് ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു.

“സത്യം പറഞ്ഞോടാ ഇക്കോ.. ഇതണക്ക് ആരോ തന്നതല്ലേ..?”

ഫറ നടുവിൽ കൈ കുത്തി നിന്നിട്ട് അവനെ കൂർപ്പിച്ചു നോക്കി.

“ആണെങ്കിൽ..”

വെള്ള മുണ്ടെടുത്തു ഉടുക്കുന്നതിനിടെ ഫൈസി അവളെ നോക്കാതെ ചോദിച്ചു.

“ഞാനിപ്പോ ഉമ്മാനോട് പോയി പറഞ്ഞു കൊടുക്കും “
ഭീക്ഷണി പോലെ ഫറ അവന് നേരെ വിരൽ ചൂണ്ടി.

“എങ്കിൽ സമയം കളയണ്ട് പെട്ടന്ന് ആയിക്കോട്ടെ. ഇനിക്കത്രേം ജോലി കുറഞ്ഞു കിട്ടുമല്ലോ?”
അവനും ചിരിയോടെയാണ് പറഞ്ഞത്.
അവന്റെയ ഭാവം… ഫറക്ക് അത്ഭുതമാണ് തോന്നിയത്.

ഒറ്റ വാക്കിലോ ഒരു മൂളലിലോ വലിയ ചോദ്യങ്ങളെ പോലും വെട്ടി ചുരുക്കുന്നവൻ ഇന്നൊരുപാട് സംസാരിക്കുന്നു.

പെരുമഴക്കാലത്തെ വെയിൽ പോലെയുള്ള അവന്റെ ചിരി.. അതാ ചുണ്ടുകളിൽ ഒട്ടിച്ചു ചേർത്തത് പോലെ തിളങ്ങുന്നു.

വല്ലാത്തൊരു മാറ്റം…!

“ആരാ ആള്.. ഇന്നോട് പറ ഇക്കോ “

വീണ്ടും ഫറ അവനരുകിലേക്ക് പറ്റി കൂടി.

“ഏതാള് ?”
അവനൊന്നും മനസ്സിലാവാത്ത പോലെ അവളെ നോക്കി.

“അനക്ക് സ്വന്തം ഹൃദയം പറിച്ചെടുത്തിട്ട്  കീ ചെയിനിൽ കൊരുത്തിട്ട് തന്നൊരു ആളില്ലേ.. അതാരാ ന്ന്?”

കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകി ഒതുക്കുകയായിരുന്ന ഫൈസി ഒരു നിമിഷം സ്റ്റക്ക് ആയി പോയി.

“സ്വന്തം ഹൃദയം പറിച്ചെടുത്തു കീ ചെയ്യിനിൽ കൊരുത്തിട്ട് തന്ന ആ ഒരാൾ അവന്റെ കണ്മുന്നിൽ തെളിഞ്ഞു.

ആണോ…?

ഇതവളുടെ ഹൃദയമാണോ?
തന്നെ പോലെ.. തുറന്നു പറയാത്തൊരു ഇഷ്ടത്തിന്റെ ഭാരവും പേറിയാണോ അവളുടെയും യാത്ര.

ആ കണ്ണുകളിൽ പ്രണയത്തിന്റെ കാണാ കടലോളിപ്പിച്ചു പിടിച്ചിട്ടുണ്ടോ അവളും?

“അപ്പൊ ഇയ്യ് തരൂല ല്ലേ?”
ഫറ വീണ്ടും ചോദിക്കുന്നു.. അവനവളെ തുറിച്ചു നോക്കി.
“അന്നോട് ഞാനിത്ര നേരം വായിട്ടലച്ചത് പിന്നെ എന്ത് തേങ്ങയാണ്?”
ഫൈസി കലിപ്പിട്ടു.
അല്ലെങ്കിൽ അവളിറങ്ങി പോവില്ലെന്ന് അവനറിയാം.

“ഓഓഓ.. തൊടങ്ങി.. ഓന്റെയാ ഒടുക്കത്തെ ചാടി കടിക്കല് “
അവൾ മുഖം വീർപ്പിച്ചു.

“പോടീ…”
അവൻ വീണ്ടും കണ്ണുരുട്ടി.

“ഞാൻ പോണ്.. പക്ഷേ ഞാൻ കണ്ടു പിടിക്കും.. ഇയ്യ് നോക്കിക്കോ “
വെല്ലുവിളി പോലെ അത് പറഞ്ഞിട്ട് പോണവളെ അവനൊരു നിമിഷം നോക്കി.

പിന്നെ ചിരിയോടെ വാതിൽ അടച്ചിട്ട് അവനതിൽ ചാരി നിന്നു.
പോക്കറ്റിൽ നിന്നും അതീവ സ്നേഹത്തോടെ അവനാ കീചെയ്ൻ കയ്യിലെടുത്തു.

നീ നിന്റെ ഹൃദയം എന്നെ ഏൽപ്പിച്ചതാണോ..? 

തുറന്നു പറയാതെ നീ സൂക്ഷിച്ച നിന്റെ ഇഷ്ടം എന്നെ അറിയിച്ചതാണോ?

ആണേലും അല്ലേലും ഇനിയീ ഹൃദയമെന്റെയാണ്. ഈ ഫൈസൽ മുഹമ്മദിന്റെ സ്വന്തം.

പതിയെ… വളരെ പതിയെ അവൻ അത് നോക്കി മന്ത്രിച്ചു..
                           ❣️❣️❣️

താഴെക്കിറങ്ങി ചെന്ന ക്രിസ്റ്റിയെ ആദ്യം കണ്ടത് റോയ്സാണ്.

ഇരുന്നിടത്ത് നിന്നും അറിയാതെ പൊങ്ങിയ അവനെ സൂസൻ അവിടെ തന്നെ വലിച്ചിരുത്തി.

അപ്പോഴും മുഖമുയർത്തി നോക്കാത്ത ദിൽനയുടെ നേരെയാണ് ക്രിസ്റ്റിയുടെ കണ്ണുകൾ.

അവൾക് നേരെ ചെന്നവൻ ആ നെറ്റിയിൽ കൈ ചേർത്ത് വെച്ചതും ഞെട്ടി കൊണ്ടവൾ പിറകിലേക്ക് നീങ്ങി.
ആ വിറയൽ ക്രിസ്റ്റി സ്വന്തം കൈവെള്ളയിൽ അനുഭവിച്ചറിഞ്ഞു.

അവന്റെ രൂക്ഷമായ നോട്ടം റോയ്സിന് നേരെ ചെന്നു പതിഞ്ഞു.

സൂസൻ മുറുകെ പിടിച്ചിട്ടുള്ള ധൈര്യം പോരാഞ്ഞത് കൊണ്ട് അവൻ അപ്പോഴും ക്രിസ്റ്റിയെ നോക്കുന്നില്ല.

ആ കണ്ണുകൾ വർക്കിക്ക് നേരെയാണ്.
അവിടെയാണ് അവന്റെ പ്രതീക്ഷ മുഴുവനും.

“ഇവളുടെ പനി ശെരിക്കും മാറാതെ എന്തിനാ ഡിസ്ചാർജ് ചെയ്തു പോന്നത്?”
യാതൊരു മുഖവുരയുമില്ലാതെ ക്രിസ്റ്റി ചോദിച്ചു.

ആരോടെന്നൊന്നുമില്ല.. ആർക്കും ഉത്തരം പറയാം എന്നൊരു ഭവമാണ് അവന്റെ മുഖം നിറയെ.

ഡെയ്സിയുടെ രൂക്ഷമായ നോട്ടം വർക്കിയിൽ ചെന്നു പതിഞ്ഞു.അവർക്ക് ഹോസ്പിറ്റലിൽ നടന്നത് ഓർമയിൽ തികട്ടി വന്നു.

രാവിലെ സൂസൻ വിളിച്ചിട്ടാണ് അയാൾ ഹോസ്പിറ്റലിലേക്ക് വന്നത്.

മകന് പറ്റിയ ഒരു കുസൃതി പോലെ… ദിൽന വിളിച്ചിട്ടാണ് അവൻ പോയത് എന്നുള്ള മുൻ‌കൂർ ജാമ്യത്തോടെ സൂസൻ തന്നെയാണ് വർക്കിയോട് കാര്യം പറഞ്ഞത്.

പാതി ജീവനോടെ കിടക്കുന്ന ദിൽനയുടെ നേരെ വീണ്ടും അയാളുടെ ആക്രമണം തടയാനെത്തിയ ഡെയ്സിക്ക് നേരെ കേട്ടാലറക്കുന്ന തെറികളോടെ മകളുടെ വഴി പിഴച്ച നടത്തത്തെ കുറിച്ചയാൾ അലറി പൊളിച്ചു.

മരവിച്ചത് പോലെ കിടക്കുന്ന ദിൽനയുടെ നേരെയാണ് പഴികൾ മുഴുവനും.
റോയ്സ് അവൾ വിളിച്ചപ്പോൾ കൂടെ പോയി.. അവളായിട്ട് അവന്റെ ചാരിത്ര്യം നശിപ്പിച്ചു എന്നൊക്കെയുള്ള ഭാവത്തിലാണ് വർക്കിക്ക് മുന്നിലിരിക്കുന്നത്.

ഡെയ്സിക്ക് നേരെയും ദിൽനക്ക് നേരെയും വർക്കിയുടെ രോഷം ആളി കത്തിക്കാനാണ് സൂസൻ ശ്രമിച്ചത് മുഴുവനും.

തോമസ് മകനെ ചേർത്ത് പിടിച്ചു കൊണ്ട് നിന്നതല്ലാതെ.. ഒന്നും പറഞ്ഞതുമില്ല.

“കഴിഞ്ഞത് കഴിഞ്ഞു വർക്കിച്ച. ഇനി അതിനെ കുറിച്ച് പറഞ്ഞിട്ട് എന്നതാ കാര്യം.? ദിലു എനിക്കെന്റെ സ്വന്തം മോള് തന്നെ അല്ല്യോ? അങ്ങനെ ആണ് ഞാനവളെ കണ്ടിട്ടുള്ളത്.എനിക്കവളോടുള്ള വാത്സല്യം എല്ലാവർക്കും അറിയാവുന്നതല്ലേ? അങ്ങനെയുള്ളപ്പോ അവൾക്കൊരു തട്ട് കേട് വരുമ്പോൾ എനിക്ക് നോക്കി നിൽക്കാനൊക്കുവോ? കാര്യം അവളായിട്ട് തുടങ്ങി വെച്ചതാണെലും.. എന്റെ മോനുമില്ലേ അവൾക്കൊപ്പം. അത് കൊണ്ട് ഞാനായിട്ട് ഈ തെറ്റാങ് തിരുത്തുവാ.”

സൂസൻ നയത്തിൽ വർക്കിയുടെ അരികിൽ ചെന്നിട് പറഞ്ഞു.

“ഇനി അങ്ങോട്ട്‌ അവര് രണ്ടാളും ഒന്നിച്ചങ് ജീവിക്കട്ടെ. ഇഷ്ടമുണ്ടായിട്ടാണല്ലോ അവളെന്റെ ചെക്കനെ ഒപ്പം വിളിച്ചത്. അവനവളോടും ഇഷ്ടമുണ്ടാവും. അതാവും അവൻ കൂടെ പോയതും. എങ്കിൽ പിന്നെ.. ഇനി അങ്ങോട്ട്‌ ആ ഇഷ്ടം പങ്ക് വെച്ചിട്ട് അവരങ് ജീവിക്കട്ടെ. എനിക്ക് എന്റെ സഹോദരന്റെ അഭിമാനമാണ് വലുത്. അതിന് വേണ്ടി സൂസൻ എന്തും ചെയ്യും “

സൂസൻ വർക്കിയുടെ നേരെ വിശ്വാസത്തിന്റെ അവസാനത്തെ ആണിയും അടിച്ചു കയറ്റി.

അപ്പോഴെല്ലാം വർക്കി കൊല്ലാനുള്ള ദേഷ്യത്തോടെ ദിൽനയെ നോക്കി.

ശേഷം ഡെയ്സിയെയും.

കേട്ട വാർത്തയുടെ ഷോക്ക് കൊണ്ട് ഡെയ്സി അടിമുടി ഉലഞ്ഞു പോയിരുന്നു.

മകൾ പിഴച്ചു പോയെന്ന് കേൾക്കുന്ന ഒരമ്മയുടെ അവസ്ഥ… അത് ഹൃദയഭേദകമാണ്.
കാരണം… മകളെക്കാൾ വിരൽ നീളുന്നത് അവളുടെ അമ്മയുടെ നേരെയാവും.

അവളെക്കൾ പഴി കേൾക്കേണ്ടതും അവളെ പ്രസവിച്ചു എന്നൊരൊറ്റ കുറ്റത്തിന് അമ്മ തന്നെയാകും.

വിറയലൊടുങ്ങാതെ.. ഡെയ്സി മകളെ നോക്കി.

അവളപ്പോഴും കണ്ണ് തുറക്കാൻ കൂടി ആവതില്ലാത്തത് പോലെ തളർന്നു കിടപ്പാണ്.

വിറയലോടെ ഡെയ്സി കട്ടിലിൽ പിടി മുറുക്കി.

“അങ്കിൾ എന്നോട് ക്ഷമിക്കണം. പറ്റി പോയതാ. ദിൽന ധൈര്യം തന്നപ്പോ ഞാൻ…”
വർക്കിക്ക് മുന്നിൽ വന്നു നിന്നിട്ട് റോയ്സ് മുഖം കുനിച്ചു.

“ചെയ്തു പോയ തെറ്റിന് പകരമായി ഞാനവളെ സ്വീകരിച്ചോളാം . അല്ലാതെ.. അല്ലാതെ ഞാനിപ്പോ എന്താ ചെയ്യുക. പറ്റി പോയി “
റോയ്സ് വീണ്ടും മുഖം കുനിച്ചപ്പോൾ ആശ്വാസിപ്പിക്കുന്നത് പോലെ.. വർക്കി അവന്റെ തോളിൽ തട്ടി.

ശേഷം വേറൊരു ഹോസ്പിറ്റലിൽ കൊണ്ട് പോകുകയാണെന്ന് പറഞ്ഞു കൊണ്ടയാൾ നിർബന്ധിച്ചു ഡിസ്ചാർജ് എഴുതി വാങ്ങിച്ചു.

അവൾക്കൊട്ടും വായ്യെ‌ന്ന് പറഞ്ഞ ഡെയ്സിയെ അവർക്ക് മുന്നിലിട്ട് അടിച്ചു കൊണ്ടയാൾ ദേഷ്യം തീർത്തു.

അവശയായ ദിൽനയെ ഡെയ്സി താങ്ങി കാറിൽ എത്തിച്ചു.

വീട്ടിൽ എത്തിയ ഉടനെ തന്നെ റിഷിനെ വിളിച്ചിട്ട് വർക്കി തന്നെ മകൾ കാരണം ഒരു ചെറുക്കന്റെ ജീവിതം പോയെന്ന് പറഞ്ഞിട്ട് .. അവളെ അവൻ സ്വീകരിക്കാം എന്ന് പറഞ്ഞതിന്റെ നന്ദി കാണിച്ചു.

പക്ഷേ അന്നാദ്യമായി ആൾക്കൂട്ടത്തിൽ നിന്നും ഡെയ്സി അയാൾക്ക് നേരെ.. മകൾക്ക് വേണ്ടി ശബ്ദമുയർത്തി.

അതാണയാളെ വിളറി പിടിപ്പിച്ചതും.

“ഇവിടെന്താ ആർക്കും ചെവി കേൾക്കില്ലേ?”
ഇപ്രാവശ്യം അവന്റെ സ്വരം അൽപ്പം കൂടി ഉയർത്തി.

“ഇതൊക്കെ ചോദിക്കാൻ നീ ആരാടാ?”
സൂസൻ ഒരാക്കി ചിരിയോടെ എഴുന്നേറ്റു വന്നിട്ട് അവന് മുന്നിൽ നിന്നു.

“എന്നെ കാണുന്നത് മുതൽ നിങ്ങൾ ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. അപ്പോഴെല്ലാം ഞാൻ മറുപടിയും തരുന്നുണ്ട്. എന്നിട്ടും നിങ്ങൾക്കത് പിടികിട്ടിയില്ലയെങ്കിൽ മന്ദബുദ്ധിയാണെന്ന് ഇനിയെങ്കിലും സ്വയം മനസ്സിലാക്കി കൂടെ?”

ക്രിസ്റ്റി സൂസന്റെ നേരെ നോക്കി പറഞ്ഞു.

“എന്റെ പെങ്ങളോട് കാണിക്കുന്ന ഉശിര് നീ പോയി നിന്റെ തള്ളയോട് കാണിക്കെടാ.. സ്വന്തം മകളെ കൂടി വഴി പിഴപ്പിച്ചു നിൽക്കുവാ.. നാശം “

വർക്കി ക്രിസ്റ്റിക്ക് നേരെ ചാടി.
“എന്റെ അറിവിൽ.. നിങ്ങളുടെ മകളെ വഴി പിഴപ്പിച്ചത്.. ദേ അവനാണ് “
ക്രിസ്റ്റിയുടെ വിരൽ റോയ്‌സിന് നേരെ നീണ്ടു.

“ആണെങ്കിൽ നന്നായി പോയി.. ആണുങ്ങളെ വഴി പിഴപ്പിക്കാൻ നടക്കുന്നൊരു തള്ളയും മോളും “
സൂസൻ പറഞ്ഞു തീർക്കും മുന്നേ ക്രിസ്റ്റി റോയ്‌സിനെ വലിച്ചു പൊക്കി മുഖം നോക്കി അടിച്ചിരുന്നു.

“നിനക്കുള്ളത് നല്ല വെടിപ്പായി ഞാൻ എടുത്തു വെച്ചിട്ടുണ്ട്. ഇത് വെറും സാമ്പിൾ..സമയം പോലെ കിട്ടും. കിട്ടിയിരിക്കും “

അവന്റെ കവിളിൽ മാറി മാറി അടിച്ചിട്ട് ആ കോളറിൽ പിടിച്ചുലച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“ഇത് നിന്റെ തള്ളക്കുള്ള മറുപടിയാണ്.. മരുന്നാണ് “

ക്രിസ്റ്റി ഓർമ്മിപ്പിച്ചു.

അവൻ റോയ്‌സിനെ ഒരു സൈഡിലേക്ക് തള്ളി.

“മകളെ പിഴപ്പിച്ചു വിട്ടവൻ കണ്മുന്നിൽ ഉണ്ടായിട്ടും.. അങ്ങനെ ചെയ്തെന്ന് അവൻ തന്നെ സമ്മതിച്ചു തന്നിട്ടും എന്നതാ അവനുള്ള ശിക്ഷ?”

വർക്കിയുടെ നേരെ സൂക്ഷിച്ചു നോക്കി കൊണ്ട് ക്രിസ്റ്റി ചോദിച്ചു.

“ഇതെന്റെ കുടുംബം. അവിടേക്ക് നിന്നെ ആരാടാ ക്ഷണിച്ചത്..?”
എപ്പോഴത്തെയും പോലെ വർക്കി പരിഹാസത്തോടെ ക്രിസ്റ്റിയെ നോക്കി.

അവനൊരു നിമിഷം ഒന്നും മിണ്ടിയില്ല.

പിന്നെയൊരു കുതിപ്പിന് റിഷിനെ വലിച്ചു മുന്നിലേക്കിട്ട് യാതൊരു ദാക്ഷണ്യവുമില്ലാതെ അവനെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി.

എന്തിനാണ് അവനെ തല്ലുന്നതെന്നു അവർക്കാർക്കും മനസിലായില്ല.

അടി ഒന്ന് പോലും വിടാതെ കൊള്ളുന്ന റിഷിന് പോലും മനസിലായില്ല അവനാ വാങ്ങിച്ചു കൂട്ടുന്നത് എന്തിനാണെന്ന്.

“അവൾ നിന്റെ ആരാടാ?”

ചുണ്ട് പൊട്ടിയ ചോര ഒഴുകി പടർന്ന റിഷിന്റെ മുഖം വലിച്ചാടുപ്പിച്ചു കൊണ്ട് മുളർച്ച പോലെ ക്രിസ്റ്റി ചോദിച്ചു.

“പറയെടാ.ദിൽന നിന്റെ ആരാ ? “

മിണ്ടാതെ നിൽക്കുന്ന റിഷിനൊപ്പം അവിടെ ഉണ്ടായിരുന്നവരെല്ലാം ഞെട്ടി പോയിരുന്നു അവന്റെയാ ശബ്ദം കേട്ടപ്പോൾ.

കുന്നേൽ ബംഗ്ലാവിന്റെ ചുവരിൽ തട്ടി അതങ്ങനെ പ്രതിധ്വനിച്ചു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!