Novel

നിലാവിന്റെ തോഴൻ: ഭാഗം 50

[ad_1]

രചന: ജിഫ്‌ന നിസാർ

‘എന്റെ.. എന്റെ അനിയത്തി “
കിതപ്പോടെയാണ് റിഷിനാ ഉത്തരം പറഞ്ഞത്.

“എന്തോ.. കേട്ടില്ല. ഒന്നൂടെ പറഞ്ഞേ..നീ”
അവനെ കളിയാക്കി കൊണ്ട് ക്രിസ്റ്റി അവനരികിലേക്ക് ചെവി വട്ടം പിടിച്ചു കൊണ്ട് വീണ്ടും ചോദിച്ചു.

അനിയത്തി.. “ആ പരിഹാസം മനസ്സിലായിട്ടും വീണ്ടും അടി കിട്ടുമോ എന്നാ ഭയമുള്ളത് കൊണ്ട് റിഷിൻ വീണ്ടും പറഞ്ഞു.

“അനിയത്തി. നാണം ഉണ്ടോടോ നിനക്കത് പറയാൻ?”
ക്രിസ്റ്റി അവനെ പിടിച്ചുലച്ചു കൊണ്ട് പിന്നിലേക്ക് തള്ളി.

പിന്നിലെ കസേരയിൽ ചെന്നലച്ചു കൊണ്ട് റിഷിൻ അവനെ നോക്കി.

“അല്ലേൽ തന്നെ നിന്നോടാണോ ഇത് വല്ലതും പറയേണ്ടത്? ദിൽന സ്വന്തം മകളായിട്ട് കൂടി ഒരു അറവു മാടിനോട് കാണിക്കുന്ന ദയപോലും അവളോട് കാണിക്കാത്ത ഒരു തന്തയുടെ സൽ പുത്രനല്ലേ നീ? ഇത്രേം ബുദ്ധി പ്രതീക്ഷിച്ചാ മതി നിനക്ക് “

ക്രിസ്റ്റി അവനെ നോക്കി ചുണ്ട് കോട്ടി.

“നീ പറഞ്ഞു പറഞ്ഞു എങ്ങോട്ടാടാ കേറി പോകുന്നത്. വല്ല്യ ഷോ കാണിക്കണം എന്നില്ല. ഇത് നിന്റെ കുടുംബകാര്യമല്ലെന്ന് വർക്കിച്ചൻ പറഞ്ഞില്ലേ?”

സൂസൻ അവനെ പരിഹസിച്ചു.

“ആഹ്.. അതോർമ്മിച്ചത് കൊണ്ട് തന്നാ നിങ്ങളുടെ ഈ @#%@&മോൻ ഇവിടിങ്ങനെ രണ്ട് കാലിൽ എഴുന്നേറ്റു നിൽക്കുന്നതും നിങ്ങളെന്റെ മുന്നിൽ ഞെളിഞ്ഞു നിന്നിങ്ങനെ കുരക്കുന്നതും “
ക്രിസ്റ്റി പറയുന്നത് കേട്ടതും സൂസന്റെ മുഖത്തുള്ള ചിരി ഇളിയായ് മാറിയിരുന്നു.

“ദേ ആ ഇരിക്കുന്നവള്… ചോദ്യം ചെയ്യാപെടാനില്ലാത്ത വിധം ക്രിസ്റ്റിയുടെ പെങ്ങളായിരുന്നുവെങ്കിൽ.. അത്രേം തകർന്ന് കൊണ്ടവൾ ഇരിക്കേണ്ടി വരില്ലായിരുന്നു.അടിച്ചു നിങ്ങടെ മോന്റെ … എല്ലും പല്ലും പൊടിച്ചേനെ ഞാൻ “

ദിൽനയെ ചൂണ്ടി ക്രിസ്റ്റി പറയുമ്പോൾ ആ അവസ്ഥയിലായിട്ട് കൂടി വിതുമ്പി കരഞ്ഞു പോയിരുന്നു അവൾ.

“തെറ്റ് ചെയ്തിരിക്കാം. പക്ഷേ രണ്ട് പേര് ചെയ്തു പോയ തെറ്റിൽ ഒരാളെ മാത്രം ശിക്ഷ കൊടുത്തും മറ്റൊരാൾക്ക് ഹീറോ പരിവേഷം കൊടുക്കുന്നതും കുടുംബത്തിൽ പിറന്നവർ ചെയ്യാറില്ല. സ്വന്തം കുടുംബം കുടുംബം ന്ന് മിനിറ്റിനു മിനിറ്റിനു വിളിച്ചു പറഞ്ഞത് കൊണ്ടായില്ല. അത് പ്രവർത്തിയിലാണ് വേണ്ടത്.”
ക്രിസ്റ്റിയുടെ കടുപ്പമേറിയ സ്വരം.

അതിലെല്ലാം അവൻ തന്നെ പരിഹാസിക്കുന്നതറിഞ്ഞ വർക്കിയുടെ പല്ലുകൾ ഞെരിഞ്ഞു.

അവന് മുന്നിൽ ഒരു പുൽകൊടിയോളം ചെറുതായി പോയെന്ന ഓർമ അയാൾക്ക് വീണ്ടും വീണ്ടും ദിൽനയോടുള്ള കലിപ്പായി മാറുകയായിരുന്നു.

“മതിയെടാ നിന്ന് പറഞ്ഞത്. നിനക്കിപ്പോ സന്തോഷമായില്ലേ.?പക്ഷേ അതികക്കാലം ആ സന്തോഷമുണ്ടാവും എന്ന് കരുതരുത് നീ.എല്ലാം.. എല്ലാം നശിപ്പിക്കും ഞാൻ “
അയാളപ്പോഴും അവനെ വെല്ലുവിളിക്കുന്ന തിരക്കിലാണ്.

ക്രിസ്റ്റി പുച്ഛത്തോടെ അയാളെ ഒന്ന് നോക്കി.

“അത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഇപ്പൊ പെങ്ങളോടുള്ള ഈ സ്നേഹമുണ്ടല്ലോ.. അതിന്റെ അർഥം അറിയുമ്പോ ഈ സന്തോഷം കാണില്ല. കരുതിയിരുന്നോ “

സൂസനെയും റോയ്സിനെയും നോക്കിയൊന്ന് ചിരിച്ചിട്ട് ക്രിസ്റ്റി വർക്കിയോട് പറഞ്ഞു.

“അതെന്റെ കാര്യം. അതിലാരും നിന്റെ അഭിപ്രായം ചോദിച്ചിട്ടില്ല. തീരുമാനമെടുക്കാൻ ഞാനും എന്റെ മോനും തന്നെ ധാരാളം “
വീണ്ടും വർക്കിയത് തന്നെ ആവർത്തിച്ചു പറഞ്ഞതും പിന്നെയൊന്നും പറയാതെ ക്രിസ്റ്റി തിരിഞ്ഞു നടന്നു.

സ്റ്റയർ കയറും മുന്നേ ഡെയ്സിക്ക് മുന്നിലായ് അവൻ വീണ്ടും നിന്നു.

“ചുമ്മാ കരഞ്ഞത് കൊണ്ടോ… ഭയന്ന് വിറച്ചത് കൊണ്ടോ സ്വന്തം കാര്യങ്ങളൊന്നും തന്നെ മര്യാദക്ക് നടക്കില്ലെന്നു ഇത്രേം കാലത്തെ ജീവിതം കൊണ്ട് പഠിച്ചു കാണുമെന്നു കരുതുന്നു. സ്വന്തം മകളാണ് അപ്പുറമുള്ളത്. അവളുടെ ജീവിതവും ജീവനുമാണ് ഇവിടെ വില പേശി കച്ചവടം ചെയ്യുന്നത്.”

ക്രിസ്റ്റി ഒന്ന് നിർത്തി.

ഡെയ്സി ശ്വാസം പിടിച്ചു കൊണ്ട് അവനെ നോക്കി.
അവനപ്പോഴും അവരെ നോക്കിയില്ല.

“ഒരമ്മക്ക് മക്കളുടെ മനസ്സറിയാൻ കഴിഞ്ഞില്ലെങ്കിൽ.. ആ മനസ്സിലെ വേദനയറിയാൻ കഴിഞ്ഞില്ലങ്കിൽ പിന്നെയാ വാക്കിനു പോലും ഒരു അർഥമില്ല..ഉണ്ടാവില്ല.”

അവന്റെ വാക്കുകൾ ഡെയ്സിയെ പൊള്ളിച്ചു കൊണ്ടാണ് കടന്ന് പോയത്.

“ദിൽനയുടെ അമ്മയാവുക എന്നതാണിപ്പോ ചെയ്യേണ്ടത്. അവൾക്കിപ്പോ ഏറ്റവും അത്യാവശ്യം ഒരമ്മയെയാണ്. ഭർത്താവിനെയല്ല.അവൾക്കൊപ്പം നിൽക്കുക. ബാക്കിയെല്ലാം.. എല്ലാം താനേ ശെരിയാവും.. ഇല്ലെങ്കിൽ….”

അത് പറഞ്ഞു, റോയ്‌സിനെ വീണ്ടും രൂക്ഷമായൊന്ന് നോക്കി കൊണ്ടവൻ മുകളിലേക്ക് കയറി പോയിട്ടും അവന്റെ വാക്കുകൾ അവിടം വീണ്ടും വീണ്ടും മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.

                             ❣️❣️❣️

ശ്മശാന മൂകതയിൽ ആ ദിവസം കടന്നു പോയി.
ഒട്ടും ഉറക്കിമില്ലാത്തൊരു രാത്രി മുഴുവനും.. ക്രിസ്റ്റി ഓർത്തത്  ദിൽനയെ കുറിച്ച് തന്നെയാണ്.

വർക്കിയും റിഷിനും കൂടി അവളെ റോയ്സിന്റെ തലയിലെടുത്തു വെക്കുമെന്ന് അവനേറെകുറേ ഉറപ്പിച്ചതാണ്.

അതിനിനി അവരായിട്ടൊരു മാറ്റവും വരുത്തുകയില്ല.

“ഇതെന്റെ കുടുംബം.. ദാർഷ്ട്യം കലർന്നൊരു,’കടക്ക് പുറത്ത് ‘എന്നൊരു ആജ്ഞയെ തനിക്കും നേരിടാനുണ്ടാവും..

എല്ലാം കൂടി ഓർത്തിട്ട് അവനൊരു സമാധാനവുമില്ലായിരുന്നു.

പതിവിലേറെ നേരത്തെ തന്നെ അവനെഴുന്നേറ്റ്… മുറിക്ക് പുറത്തെക്കിറങ്ങി.

പോകും വഴി ദിൽനയുടെ മുറിയുടെ നേരെ വെറുതെയൊന്ന് നോക്കി.

ചേർത്തടച്ച വാതിലിനപ്പുറം അവളുടെ കരച്ചിൽ കേൾക്കുന്നത് പോലൊരു അസ്വസ്ഥത അവനെ പൊതിഞ്ഞു.

അടുക്കളയിൽ കയറി ചായയുണ്ടാക്കി കുടിച്ചിട്ടും അന്ന് ഡെയ്സി എഴുന്നേറ്റു വരുന്നത് കണ്ടില്ല.

നാലോ അഞ്ചോ പ്രാവശ്യം ഇതിനോടകം തന്നെ അവൻ ഹാളിലേക്ക് പോയി നോക്കിയിരുന്നു.

ഏറെ മനപ്രയാസത്തോടെയാണ് അന്ന് ജോലിക്കിറങ്ങിയത്.

എല്ലാത്തിലും ഒരു മടുപ്പ് കയ്യടക്കി പിടിച്ചത് പോലെ.

കുന്ന് കയറി മുകളിൽ എത്തിയത് മുതൽ… വളരെ പെട്ടന്ന് തന്നെ ഹൃദയം കീഴടക്കി കൊണ്ടൊരു ചിരിയോടെ ഫാത്തിമ ഉള്ളിലേക്കോടിയെത്തി.

അവളന്നും വരുമെന്ന് ഉള്ളിലാരോയിരുന്നു കൊതിപ്പിച്ചിട്ടും അന്നവളെ അവിടെങ്ങും കണ്ടില്ല..
അതവന്റെ ഹൃദയഭാരം കൂട്ടി…മനസിലെ അസ്വസ്ത്ഥത ഏറി.

കനം തൂങ്ങിയ മനസ്സോടെ തന്നെ അന്നത്തെ ജോലി തീർത്തു കൊണ്ടവൻ വീട്ടിലെത്തി…

കുളിച്ചു മാറ്റി അതേ മ്ലാനതയോടെ കഴിക്കാൻ വന്നിരുന്നവനോട് മറിയാമ്മച്ചിയാണ് തലേന്ന് അവൻ കയറി പോയതിന് ശേഷമുള്ള കാര്യങ്ങൾ മുഴുവനും പറഞ്ഞു കൊടുത്തത്.

റോയ്സും ദിൽനയും തമ്മിലുള്ള എൻഗേജ്‌മെന്റ് എത്രയും പെട്ടന്ന് നടത്താനാണ് വർക്കിയുടെ തീരുമാനം എന്നറിഞ്ഞതും അവനുള്ളം വീണ്ടും മുറിഞ്ഞു.

ദിൽനയുടെ ദയനീയ രൂപം കണ്ണിൽ തെളിഞ്ഞു.

“അവനുണ്ടല്ലോ… ആ വർക്കി.അവനൊരു മനുഷ്യനല്ല കുഞ്ഞേ..”

ആശ്വാസിപ്പിക്കാൻപറ്റിയ വാക്കുകൾ…കയ്യിലൊന്നും തന്നെ ഇല്ലാഞ്ഞിട്ടാവും മറിയാമ്മച്ചി അവനോടങ്ങനെ പറഞ്ഞതും..

                          ❣️❣️❣️

“ക്രിസ്റ്റി ഫിലിപ്പ്.. കുന്നേൽ ബംഗാളിൽ ഒരു വേലകാരനെ പോലെയുള്ള യുവരാജാവ്. അവന്റെ അപ്പൻ ഫിലിപ്പ് മരിച്ചതിനു ശേഷം അമ്മ വേറെ വിവാഹം കഴിച്ചു. ഇട്ട് മൂടാനുള്ള സ്വത്തുണ്ട്.മിടുക്കനായ വർക്കി കുന്നേൽ ബംഗാവ് അടക്കമാണ് വിലക്കെടുത്തത്. അവനിപ്പോഴും എന്നെങ്കിലും അപ്പന്റെ സ്വത്തുക്കൾ തിരിച്ചു കിട്ടുമെന്ന് ദിവാസ്വപ്നവും കണ്ടിട്ട് കടിച്ചു തൂങ്ങി കിടക്കുന്നു..”

മുന്നിൽ വന്നു നിന്ന് പറയുന്നവനെ നോക്കി ഷാഹിദ് കൈ വിരൽ ഉയർത്തി കാണിച്ചു.

മനോഹരമായൊരു ചിരിയോടെ ഷാഹിദ് എഴുന്നേറ്റു..

“ഇവിടെയുള്ള അറക്കൽ രാജകുമാരി ഇറങ്ങി പോകുന്നത് ഈ കുന്നേൽ ബംഗ്ലാവിലെ യുവരാജാവിനെ കാണാനാണ്..”

അത് പറഞ്ഞു കൊണ്ടവൻ വീണ്ടും ചിരിച്ചു.

“ആരും.. ആർക്കും അറിയാത്തൊരു പ്രണയകഥ ആദ്യം കേൾക്കുന്നതും അറിയുന്നതും ഈ ഷാഹിദ്…”സ്വന്തം നെഞ്ചിൽ കുത്തി കൊണ്ടവൻ പറഞ്ഞു.

“ഗുഡ്.. വെരി ഗുഡ്… അവരങ്ങനെ എല്ലാവരേം പറ്റിച്ചു എന്നൊരു അഹങ്കാരത്തോടെ പ്രണയിക്കട്ടെ. സന്തോഷിക്കട്ടെ.ഒടുവിൽ തമ്മിൽ ചേരാതെ വയ്യെന്ന് തോന്നുന്ന ആ നിമിഷം… ആ നിമിഷമാണ് ഇനിയെന്റെ ലക്ഷ്യം.. അവിടെയാണ് എന്റെ എൻഡ്രി..ഷാഹിദ് അറക്കലിന്റെ മാസ് എൻട്രി..”

അതും പറഞ്ഞു കൊണ്ടവൻ ഉറക്കെ പൊട്ടിച്ചിരിച്ചു..

“ഈ ഷാഹിദിനെ പറ്റിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ടവർ ജീവിക്കണം. എനിക്കത് കാണുകയും വേണം..തൊട്ടാൽ അവനേറ്റവും നോവുന്ന പ്രിയപ്പെട്ടവരുടെ ലിസ്റ്റ്… എനിക്കെത്രയും പെട്ടന്ന് തന്നെ കിട്ടിയിരിക്കണം “

ഉത്തരവ് പോലെ അത് പറയുന്നവന്റെ കണ്ണുകൾ വന്യമായി തിളങ്ങി..

                              ❣️❣️

“പ്ലീസ് ചേട്ടാ.. പപ്പയോടൊന്ന് പറയുവോ.. എനിക്ക്… എനിക്കവനെ കാണുന്നത് തന്നെ പേടിയാണ് “

കാൽ കീഴിൽ കൈ കൂപ്പിയിരിക്കുന്ന ദിൽനയുടെ നേരെ റിഷിൻ തുറിച്ചു നോക്കി.
രണ്ടു ദിവസം കൊണ്ടവൾ ഒരുപാട് മാറിപോയെന്ന് തോന്നി… അവനാ നിമിഷം.

രൂപത്തിലും സ്വഭാവത്തിലും.

“എനിക്കെന്നും വയ്യ. ഇമ്മാതിരി വള്ളികെട്ട് നീ തന്നെയല്ലേ തോളിൽ എടുത്തിട്ടത്?പേടിയായിട്ടാണോ ടീ നീ അവനേം വിളിച്ചോണ്ട്… എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് നീ “
അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു കൊണ്ടവൻ അവളെ നോക്കി പല്ല് കടിച്ചു.

നന്നായി വേദനിച്ചെങ്കിലും അതിനേക്കാൾ വേദന ഉള്ളിലുള്ളത് കൊണ്ടാവാം ദിൽന അവനോടൊന്നും അതിനെ കുറിച്ച് പറഞ്ഞില്ല.
മേല് നൊന്താൽ ചീറ്റപുലിയെ പോലെ നോവിച്ചയാളുടെ നേരെ പാഞ്ഞു കയറുന്നവളായിരുന്നു അവളും..

കരഞ്ഞു കുഴിഞ്ഞു പോയ അവളുടെ നിർജീവമായ കണ്ണുകളിൽ നിറഞ്ഞു നിന്നതത്രയും യാചനയായിരുന്നു.

സ്വന്തം ചേട്ടനെന്ന് അഹങ്കാരത്തോടെ പറഞ്ഞവന്റെ മുഖത്ത് കാണുന്നത് വെറുപ്പാണ്. ദേഷ്യമാണ്.അതാണവളെ കൂടുതൽ നോവിച്ചതും.

ദിലുവെന്നു വിളിച്ചു നിഴൽ പോലെ ഉണ്ടായിരുന്നവൻ ശെരിക്കും താങ്ങും തണലുമാവേണ്ട ഒരു സിറ്റുവേഷൻ ജീവിതത്തിൽ വന്നപ്പോൾ… അലിവിന്റെ ഒരു നോട്ടം കൂടി തനിക് നേരെ നീളുന്നില്ല എന്നതവളുടെ ഭയത്തെ അധികരിപ്പിച്ചു.

പപ്പാ റോയ്‌സിന് വാക്ക് കൊടുത്തത് മുതൽ തീയിൽ അകപ്പെട്ടത് പോലെ ഓരോ നിമിഷവും പൊള്ളി അടർന്നു കൊണ്ടാണ് തള്ളി നീക്കുന്നത്.

റോയ്സിന്റെ നേരെ നോക്കാൻ കൂടി അവൾക്ക് ഭയമാണ്..

അവനൊപ്പമാണ് ഒരു ജീവിതം മുഴുവനും ജീവിച്ചു തീർക്കണമെന്ന എഗ്രിമെന്റിൽ അവളെ കുരുക്കിയിടാൻ പോകുന്നത്.

ആ ഓർമ തന്നെ ശ്വാസം മുട്ടിക്കുന്നുണ്ട്.
പപ്പയോട് നേരിട്ട് പറയാൻ വയ്യ.

അത് വരെയും പപ്പാ എന്നോർക്കുമ്പോൾ ഒരു അഭിമാനമായിരുന്നു. അഹങ്കാരമായിരുന്നു.

എത്ര പെട്ടന്നാണ് അത് ഭയമായി മാറിയത്.

ഒടുവിൽ കൈ വിടില്ലെന്നുറപ്പിച്ചു കൊണ്ടാണ് ദിൽന റിഷിക്ക് മുന്നിൽ എത്തിയത്.

അവൻ പക്ഷേ അവളെയൊന്ന് നോക്കാൻ കൂടി തയ്യാറായില്ല.

സങ്കടവും ഭയവും അവളെ വീണ്ടും തളർത്തി.

“അവനായത് കൊണ്ട് നിന്നെ ഏറ്റെടുക്കാൻ മനസ്സ് കാണിക്കുന്നു. തെറ്റ് നിന്റെ അടുത്താണെന്നറിഞ്ഞിട്ട് കൂടി. എന്നിട്ടവള് നിന്ന് പറയുവാ.. ഇത് പറഞ്ഞ് കൊണ്ട് മേലാൽ നീ ഇങ്ങോട്ട് വരണമെന്നില്ല. എനിക്ക് നിന്നെ കാണണമെന്നുമില്ല.ഞാനും പപ്പയുടെ കൂടെയാണ് “

“നീ അനിയത്തി ആണെന്ന് എനിക്കോർമ്മയില്ലാഞ്ഞിട്ടല്ല. എന്നേം പപ്പയേം ഇങ്ങനൊരു സാഹസം കാണിക്കുമ്പോൾ നീ എന്തെ ഓർക്കാഞ്ഞത്. അപ്പൊ പിന്നെ ഇത്രേം സഹകരണം ഞങ്ങളിൽ നിന്ന് നീയും പ്രതീക്ഷിച്ചാ മതി “

അറുത്തു മുറിച്ചത് പോലെ റിഷിൻ അത് കൂടി പറഞ്ഞതോടെ അവസാനപ്രതീക്ഷിയും അസ്തമിച്ചത് പോലെ ദിൽന ഒരു നിമിഷം അനങ്ങാതെ നിന്നു പോയി.

ശേഷം കണ്ണീർ പുരണ്ട കവിളുകൾ അമർത്തി തുടച്ചു കൊണ്ടവൾ റിഷിന്റെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.

കടുപ്പിച്ചു പിടിച്ച ആ മുഖം… എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ വലിഞ്ഞു മുറുകി നിന്നിരുന്നു.
നിർജീവമായ കണ്ണുകളിൽ വല്ലാത്തൊരു ഭാവം തിളയ്ക്കുന്നുണ്ടായിരുന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button