നിലാവിന്റെ തോഴൻ: ഭാഗം 51

[ad_1]
രചന: ജിഫ്‌ന നിസാർ
മുറിയിലിരുന്നിട്ട് യാതൊരു സമാധാനവുമില്ലാഞ്ഞിട്ടാണ് ക്രിസ്റ്റി പുറത്തേക്കിറങ്ങിയത്.
ഹൃദയം മുറിഞ്ഞു പോകുന്നൊരു നൊമ്പരം പേറി നിൽക്കുന്നത് പോലെ, കുന്നേൽ ബംഗ്ലാവിൽ അന്നുയർന്നു നിന്നതൊരു തേങ്ങലാണ്..ദുഃഖത്തിന്റെ കരച്ചിലാണ്.
അത്രമേൽ അസഹിഷ്ണുത നിറഞ്ഞ.. ശ്വാസം മുട്ടിക്കുന്ന മൗനം.
എല്ലാവരും സ്വന്തം മുറിയിലൊതുങ്ങി പോയത് പോലെ.
തന്നെ കൂടെ കൂട്ടിയില്ലെങ്കിൽ കൂടിയും ഇവിടെല്ലാവർക്കും പറയാൻ നിറയെ വിശേഷങ്ങളുണ്ടായിരുന്നു.
അവർ പരസ്പരം കളി പറഞ്ഞിരുന്നു
കളിയാക്കി ചിരിക്കാനും അവർക്കറിയാമായിരിന്നു.
ഒറ്റ ദിവസം കൊണ്ടാ തളമെവിടെയോ പിഴച്ചു പോയത് പോലെ.
ബാൽകണിയിലേക്കുള്ള വാതിൽ തുറന്നിട്ട് ക്രിസ്റ്റി അങ്ങോട്ട് നടന്നു.സഹിക്കാൻ കഴിയാത്ത മനപ്രയാസങ്ങളില്ലെല്ലാം ആ ഇരിപ്പിടമവനെ സ്വീകരിച്ചിരുന്നു..ചേർത്തിരുത്തിയിരുന്നു..
ഫൈസി പറഞ്ഞത് പോലെ… അവരുടെ കുടുംബത്തിൽ നിന്നെ ചേർത്തില്ലങ്കിലും അവരിൽ ആർക്കെന്ത് പറ്റിയാലും ഏറ്റവും ആദ്യം നോവുന്നത് നിനക്കാണല്ലോ “
ദിൽനയുടെ അവസ്ഥയെ കുറിച്ചും വർക്കി അവളോട് കാണിക്കുന്ന നിലപാടിനെ കുറിച്ചും ഇന്ന് കോളേജിൽ വെച്ച് ഫൈസിയോടും ആര്യനോടും പറഞ്ഞിരുന്നു.
“ഒന്നല്ലങ്കിൽ അതവരുടെ കുടുംബം.. പൊറുക്കി പറയുന്നത് പോലെ നിനക്കവിടെ യാതൊരു റോളുമില്ല. അവരായി അവരുടെ പാടായി എന്ന് കരുതിയിട്ട് വിട്ടേക്കണം. ഇനി അതുമല്ലങ്കിൽ അവൾ നിന്റെ അനിയത്തിയാണെന്ന് നിനക്ക് ഉത്തമബോധ്യമുണ്ടെങ്കിൽ ആരെന്തു പറഞ്ഞാലും അവളെ നീ സംരക്ഷിച്ചു പിടിക്കുമെന്നും നീ അവൾക്കൊപ്പം ഉണ്ടാവുമെന്നും നീ ഉറപ്പിക്കണം. വെറുതെ വേദനിച്ചു നടക്കുന്നതിലും എളുപ്പമാണ്.. ഈ രണ്ടു വഴികളിൽ ഏതെങ്കിലുമൊന്നു നീ മുറുകെ പിടിച്ചിട്ട് അതിനായ് നിലപാടെടുക്കുന്നത് “
എല്ലാം പറഞ്ഞു തീർന്നതിനവസാനം ഫൈസി പറഞ്ഞതാണ്.
അവനാ പറഞ്ഞത് അക്ഷരപ്രതി ശെരിയാണ്.
വർക്കിയൊഴിച്ചു, അവർക്കാർക്കൊരു പ്രശ്നം വന്നാലും അവരെക്കാൾ ആദ്യം നോവുന്നത് തനിക്കാണ്.
ഓരോ വേദനനകൾ ശ്വാസം മുട്ടിക്കുമ്പോഴും എന്ത് മാത്രം കൊതിച്ചിട്ടുണ്ട്, തന്നോടവർ കാണിക്കുന്ന അതേ അകൽച്ച തനിക്കും തോന്നിയിരുന്നുവെങ്കിലെന്ന് .
ഇന്നും അതൊരു ആഗ്രഹം മാത്രമായി തന്നെ നിൽക്കുന്നു.നടക്കാത്തൊരാഗ്രഹം!
ഒരു നെടുവീർപ്പോടെ ക്രിസ്റ്റി വീണ്ടും പുറത്തെ ഇരുട്ടിലേക്ക് നോക്കി അതേ നിൽപ്പ് തുടർന്നു.
പ്രകൃതിക്ക് പോലും പിണക്കമാണോ?
ഒരില പോലും അനങ്ങുന്നില്ല.
ഒരൊറ്റ നക്ഷത്രം പോലും തിളങ്ങുന്നില്ല.
മൂടി കെട്ടിയ ഒരു രാത്രി.അവനെ പോലെ…
ദിൽനയൊന്ന് തന്റെ കൂടെ നിന്ന് തന്നിരുന്നുവെങ്കിൽ..
അവനതിയായി മോഹിച്ചു.
പിന്നെന്ത് വേണമെന്ന് തനിക്കറിയാം.
വിജയലഹരിയോടെ ഇന്നലെ ഇവിടെ നിന്നിറങ്ങി പോയ റോയ്സിനെയും അവന്റെ പ്രിയപ്പെട്ട അമ്മയെയും ഓർക്കുമ്പോഴൊക്കെയും ക്രിസ്റ്റിയുടെ പല്ലുകൾ ഞെരിഞ്ജമർന്നു.
ഫൈസി അവന്റെ കമ്മീഷർ അങ്കിളിനെ വിളിച്ചിട്ട് കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
ഒഴിവ് പോലൊരു ദിവസം അവനെ പോയി കാണാം എന്ന് വാക്ക് കൊടുത്തിട്ടുമുണ്ട്.
റിട്ടേൺ പരാതി ആയിട്ടല്ലാതെ… ദിൽന പ്രായപൂർത്തിയായിട്ടില്ലെന്നുള്ള ആ ഒറ്റ കാരണം മറയാക്കി അവനെയൊന്ന് വിരട്ടി നിർത്തേണ്ടത് അത്യാവശ്യമാണ്.
അതിന് മുന്നേ.. അവൾക്കാകെയുള്ളത് വാഴപിണ്ടി പോലൊരു ഏട്ടൻ മാത്രമല്ലെന്ന് കൂടി അവനെ അറിയിച്ചു കൊടുക്കേണ്ടതുണ്ട്.
ഓർത്തു കൊണ്ടിരിക്കുന്നതിനിടെ തന്നെ ക്രിസ്റ്റിയുടെ ഫോൺ ബെല്ലടിച്ചു.
പാത്തു കോളിങ്…
ആ ഒരൊറ്റ പേരിലേക്ക് നോക്കിയതും അവനുള്ളമൊരു മഞ്ഞിന്റെ പേമാരി പെയ്തിറങ്ങിയിരുന്നു.
അത് വരെയും ചൂഴ്ന്ന് നിന്നിരുന്ന ആധികളെയെല്ലാം ഒറ്റ നിമിഷം കൊണ്ട് പൊതിഞ്ഞു പിടിച്ചുരുക്കി കളയുന്നൊരു മഞ്ഞു കാലം.
“ഇച്ഛാ…”
കാതിലൊരു കുളിർ മഴ പോലെയുള്ള അവളുടെ സ്വരം.
ക്രിസ്റ്റിയപ്പോൾ വെറുതെയൊന്ന് മൂളിയത് പോലും ആർദ്രമായി പോയിരുന്നു.
“ഉറങ്ങിയോ?”
ശബ്ദത്തിലെ മാറ്റം അറിഞ്ഞത് കൊണ്ടായിരിക്കും അവളെങ്ങനെ ചോദിച്ചതെന്ന് അവനും തോന്നി.
“ഇല്ല. കിടന്നിട്ടും ഉറക്കം വരാത്തത് കൊണ്ട് ഞാനിറങ്ങി പുറത്തേക്ക് വന്നതാ “
ക്രിസ്റ്റി ഊഞ്ഞാലിലേക്ക് കിടന്നു കൊണ്ട് പറഞ്ഞു.
“മ്മ്..”
“നീയെന്തേ ഇത്രേം നേരമായിട്ടും ഉറങ്ങാതെ?”
ചെരിഞ്ഞു കിടന്നു കണ്ണടച്ച് കൊണ്ടവൻ ആ ഫോണിൽ ലയിച്ചു കൊണ്ട് ചോദിച്ചു.
“എനിക്കുറക്കം വരുന്നില്ല “
“അതെന്തേ..?”
“എനിക്കറിയില്ല “
അങ്ങേയറ്റം നേർത്ത അവളുടെ സ്വരം.
അത് പറയുമ്പോഴുള്ള ആ മുഖം ഓർത്തതും ക്രിസ്റ്റിക്ക് ചിരി വന്നിരുന്നു.
“അറക്കൽ തറവാടിനു അത്ര വലിയ മതിലൊന്നുമില്ല. ഇച്ഛായങ്ങോട്ട് വരാം. നിന്നെ ഉറക്കിയിട്ട് തിരികെ പോരാം. എന്ത് പറയുന്നു ഫാത്തിമ സലീം?”
അവന്റെ സ്വരത്തിലെ കുസൃതി അറിഞ്ഞത് കൊണ്ടായിരിക്കും അവളുടെ പതിഞ്ഞ ചിരി കേൾക്കുന്നുണ്ട്.
“ഇങ്ങ് വാ.. ഞാനിവിടെ കാത്തിരിക്കാം “
അതെ കുസൃതിയപ്പോൾ അവളിലുമുണ്ടായിരുന്നു.
“ഞാനങ്ങു വരുവേ..”
അവൻ ചിരിയോടെ പറഞ്ഞു.
“വരില്ലെന്ന് നിക്ക് നല്ലത് പോലെ അറിയാം ഇച്ഛാ.”
“അതെന്താ.. എനിക്കത്ര ധൈര്യമില്ലന്നാണോ? “
“അതൊന്നുമല്ല “
“പിന്നെന്താ.. പറ പാത്തോ..”
“രാത്രിയുടെ മറവിൽ ഒരു പെൺകുട്ടിയുടെ മുറിയിലേക്ക് ഒളിച്ചു കയറാൻ മാത്രം ആഭാസനല്ല എന്റെ ഇച്ഛയെന്ന് എനിക്കറിയാം “
അവളുടെയാ വാക്കുകൾ.. നേർത്തൊരു കുളിർ മഴനൂൽ പോലെ തന്നെ തഴുകി തലോടി കടന്ന് പോവുന്നത് ക്രിസ്റ്റിയറിഞ്ഞു..
“ഇന്നെന്തേ നീ വരാഞ്ഞത്? ഞാൻ പ്രതീക്ഷിച്ചിരുന്നു രാവിലെ “
അൽപ്പനേരത്തെ മൗനത്തിന് ശേഷമാണ് ക്രിസ്റ്റി ആ ചോദ്യം അവളോട് ചോദിച്ചത്.
“ഇച്ഛാ തന്നെയല്ലേ പറഞ്ഞത്, വളരെ സൂക്ഷിക്കണം ന്ന്.?”
പരിഭവം പോലെ അവളുടെ വാക്കുകൾ കേട്ടവൻ ചിരിച്ചു.
“ഇന്നലെ ഞാൻ നേരെ വന്നു ചാടിയത് ഷാഹിദിക്കാന്റെ മുന്നിലാ “
പാത്തു പറഞ്ഞു കേട്ടതും ക്രിസ്റ്റിയുടെ ചിരി മാഞ്ഞു.
ഹൃദയം ഒന്ന് പിടച്ചത് മനഃപൂർവം അവൻ കണ്ടില്ലെന്ന് നടിച്ചു.
“എന്നിട്ടോ? അവൻ.. അവനെന്തെങ്കിലും…?”
“എവിടെ പോയതാ ന്ന് ചോദിച്ചു. നടക്കാൻ പോയതാ ന്ന് ഞാനും പറഞ്ഞു “
“അവന്.. അവനെന്തെങ്കിലും സംശയങ്ങളുണ്ടോ? അങ്ങനെ തോന്നിയോ നിനക്ക്?”
“അങ്ങനൊന്നും തോന്നിയില്ല. ചിരിച്ചു കൊണ്ടാണ് ചോദിച്ചതെല്ലാം.”
പാത്തു പറഞ്ഞ മറുപടി കേട്ടിട്ടും ക്രിസ്റ്റിയുടെ നെഞ്ചിലെ പിടച്ചിൽ ഒതുങ്ങിയില്ല.
“ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവൻ…”
ഫൈസിയുടെ വാക്കുകളാണ് ഓർമ വന്നത്.
പിന്നെയെത്ര ശ്രമിച്ചിട്ടും അവനാ ഫോൺ വിളികളിലെ രസം ആസ്വദിക്കാനായില്ല.
“എനിക്ക്… എനിക്ക് കാണാൻ തോന്നുന്നുണ്ട് കേട്ടോ “
ഒടുവിൽ പാത്തുവത് പറഞ്ഞതും അവൻ എഴുന്നേറ്റു.
“കാണാം.. എനിക്കും നിന്നെ കാണണമെന്നുണ്ട്. പക്ഷേ.. നമ്മൾ നല്ലത് പോലെ സൂക്ഷിച്ചു മുന്നോട്ടു പോണം. എന്നെ കുറിച്ചോർത്തല്ല എന്റെ ഭയം. നീ.. നീ ഉള്ളത് അവന്റെ കൈ പിടിയിലാണ്. അതാണ് നമ്മൾ മറക്കാൻ പാടില്ലാത്തതും “
അവൻ വീണ്ടും അവളെ ഓർമിപ്പിച്ചു.
“അപ്പൊ.. നാളെ ഞാൻ വരേണ്ടന്നാണോ പറയുന്നത്?”
“അങ്ങനല്ല പാത്തോ.. ഞാൻ.. വിളിക്കാം നിന്നെ.. നാളെ. അപ്പൊ പറയാം. ഇപ്പൊ നല്ല കുട്ടിയായിട്ട് കിടന്നുറങ്ങിക്കോ..”
അവളെ ആശ്വാസിപ്പിക്കുന്നത് പോലെ ക്രിസ്റ്റി പറഞ്ഞു.
ഫോൺ കട്ട് ചെയ്തു കഴിഞ്ഞും പിന്നെയും ഏറെ നേരം അവനവിടെ തന്നെയിരുന്നു.
“എടാ.. ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. അത് നമ്മൾ കണ്ടെത്തും വരെയുള്ള ടെൻഷനെ ഉണ്ടാവൂ… നീ ധൈര്യമായിട്ടിരിക്ക് “
അരികിലില്ലാഞ്ഞിട്ടും ഹൃദയം പിടഞ്ഞ ആ നിമിഷം ഫൈസിയുടെ വാക്കുകളാണ് അവനുള്ളിൽ നിറഞ്ഞത്.
എല്ലാം ശെരിയാകും എന്നുള്ള ശുഭപ്തി വിശ്വാസത്തെക്കാളും പലപ്പോഴും ധൈര്യം നൽകുന്നത്… വരുന്നിടത്തു വെച്ച് കാണാം എന്നുള്ള മനസ്സിന്റെ ഉറപ്പാണ്.
അതേ മനസ്സോടെ തന്നെയാണ് ക്രിസ്റ്റി അവിടെ നിന്നും എഴുന്നേറ്റതും.
വാതിലടച്ചു കുറ്റിയിട്ട് അവൻ നേരെ മുറിയിലേക്ക് നടന്നു.
പക്ഷേ അതിനകത്തേക്ക് കയറാതെ.. ഏതോ ഉൾപ്രേരണ പോലെ ദിൽനയുടെ റൂമിന്റെ നേരെയാണ് അവൻ നടന്നത്.
ചേർത്തടച്ച വാതിൽ അവനൊന്നു വെറുതെ തള്ളി നോക്കി.
അകത്തു നിന്നും കുറ്റിയിട്ട് കാണും..
തിരിഞ്ഞു നടക്കാൻ തുടങ്ങിയിട്ട്.. വീണ്ടും പിന്നിലേക്ക് തന്നെ ചെന്നിട്ട് അവനാ ഹാൻഡിൽ പിടിച്ചു തിരിച്ചതും അവനു മുന്നിൽ ആ വാതിൽ തുറന്നു.
പക്ഷേ കണ്മുന്നിലെ കാഴ്ചയിൽ അവനൊരു നിമിഷം പകച്ചുപോയി.
റൂമിൽ തന്നെയുള്ള ഒരു കസേരയിൽ കയറി നിന്നിട്ട് ഫാനിൽ കൊരുത്തിട്ടാ കുരുക്കിലേക്ക് തലയിടുന്ന ദിൽന..
“ഡീ…”
ഒറ്റ കുതിപ്പിന് ക്രിസ്റ്റിയവളെ കസേരയിൽ നിന്നും വലിച്ചു താഴെയിട്ടു.
പെട്ടന്നുള്ള അവന്റെയാ പ്രവർത്തിയിൽ അവളൊന്നു പതറി പോയി.
കണ്മുന്നിൽ നിൽക്കുന്ന ക്രിസ്റ്റിയെ തുറിച്ചു നോക്കി ഒരു നിമിഷം നിന്നതിനു ശേഷം അവനെ തള്ളി മാറ്റി കൊണ്ടവൾ വീണ്ടും ആ കസേരയിലേക്ക് തന്നെ വലിഞ്ഞു കയറി.
കല്ലു പോലെയുള്ള അവളുടെ മുഖത്തായിരുന്നു ക്രിസ്റ്റിയുടെ കണ്ണുകൾ.
“ഇങ്ങോട്ടിറങ്ങെടി…”
അതിന് മുകളിൽ കയറി നിന്നവളോട് താഴേക്ക് കൈ ചൂണ്ടി കൊണ്ടവൻ ഗൗരവത്തിൽ പറഞ്ഞതും അവൾ വീണ്ടും അവനെ തുറിച്ചു നോക്കി.
“പോ.. പോയിക്കോ.. എനിക്ക്.. എനിക്ക് മരിക്കണം “
അവൻ കേൾക്കാൻ എന്നത് പോലെ അവൾ പിറുപിറുത്തു.
കണ്ണീർ പുരണ്ട മുഖം.. അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടിയിഴകൾ..
ക്രിസ്റ്റി അവളെ നോക്കിയപ്പോഴെല്ലാം ഹൃദയം വേദനിച്ചു.
വേണ്ടായിരുന്നു മോളെ.. എനിക്കിങ്ങനെ കാണണ്ടായിരുന്നു നിന്നെ…
എന്നെ കുത്തി പറയാണെങ്കിലും പ്രസരിപ്പുള്ള.. സന്തോഷമുള്ള നിന്നെയെനിക്ക് മിസ് ചെയ്യുന്നെടി…
അവനുള്ളം അവളെ നോക്കി പറയുന്നുണ്ടായിരുന്നു.
“ആയിക്കോ.. പക്ഷേ മരിക്കാൻ മാത്രം നീയെന്താ കുറ്റം ചെയ്തത്?”
കൈകൾ നെഞ്ചിൽ കെട്ടി ശാന്തമായി അവനത് ചോദിച്ചതും ദിൽനയുടെ മുഖം അത്യധികം സങ്കടം കൊണ്ട് കോടി പോയിരുന്നു.
“എല്ലാരും… എല്ലാരും കൂടി എന്നെ അവന് കൊല്ലാൻ കൊടുക്കും.. എനിക്കവനെ… എനിക്കവനെ പേടിയാ. അവനെന്നെ… എന്നെ കൊല്ലും. എനിക്കുറപ്പുണ്ട്.. കൊല്ലും. ആരും… ആരുമില്ല എന്നെയൊന്നു കേൾക്കാൻ.. ആരുമില്ല എനിക്ക്…”
പറഞ്ഞു തീർന്നതും ദിൽന ആ കസേരയിൽ നിന്ന് കൊണ്ട് പൊട്ടി കരഞ്ഞു പോയിരുന്നു.
അവളുടെ ഉലച്ചിൽ കൊണ്ട് കസേരയും ഇളകുന്നുണ്ട്.
“ബാ.. ഇറങ് “
അലിവോടെ… ക്രിസ്റ്റി നീട്ടിയ കൈയ്യിലേക്കും അവന്റെ മുഖത്തേക്കും ദിൽന മാറി മാറി നോക്കി.
“വേണ്ട.. ഞാൻ.. ഞാനില്ല.. എല്ലാരും കൂടി എന്നെ.. എനിക്ക്.. എനിക്ക് മരിക്കണം.. എനിക്ക് അവനെ പേടിയാ. അവനെന്നെ കൊല്ലും “
ദിൽന നിഷേധർത്ഥത്തിൽ തലയാട്ടി കാണിച്ചു.
“ആരും ഒന്നും ചെയ്യില്ല.. ചേട്ടായിയുണ്ടാവും നിന്റെ കൂടെ.. വാ…”
നേർത്തൊരു ചിരിയോടെ ക്രിസ്റ്റി വീണ്ടും അവൾക്ക് നേരെ കൈ നീട്ടി.
ദിൽന വിശ്വാസം വരാത്ത പോലെ അവനെ നോക്കി.
വേദനിപ്പിച്ചിട്ടേ ഒള്ളു..
പരിഹസിച്ചിട്ടേ ഒള്ളു.. അവഗണിച്ചിട്ടേ ഒള്ളു..
എന്നിട്ടും കൂടെയുണ്ടാവുമെന്ന്…
കൂട്ടിനുണ്ടാവുമെന്ന്..
അവൾക്ക് വീണ്ടും വീണ്ടും കരച്ചിൽ വന്നു.
“ഈ ലോകത്തിലെ ആരും നിന്റെ കൂടെയില്ലെങ്കിലും ചേട്ടായിയുണ്ടാവും ദിലു.. നമ്മടെ… നമ്മടെ അമ്മയുമുണ്ടാവും.. അത് മതിയാവില്ലേ..വാ “
വീണ്ടും ഉള്ളം കുളിർക്കുന്നൊരു ചിരിയോടെ അവനത് പറഞ്ഞതും അറിയാതെ തന്നെ ക്രിസ്റ്റി നീട്ടി പിടിച്ച കൈയ്യിലേക്ക് ദിൽനയുടെ കൈകൾ ചേർന്നിരുന്നു……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]