Novel

നിലാവിന്റെ തോഴൻ: ഭാഗം 53

[ad_1]

രചന: ജിഫ്‌ന നിസാർ

അതിരാവിലെ അലാറം നിലവിളിച്ചത് കേട്ട് ഉറക്കം ഞെട്ടി കണ്ണ് തുറന്നു കിടക്കുമ്പോൾ  കഴിഞ്ഞു പോയതെല്ലാം ഒരു സ്വപ്നം പോലെ തോന്നി ക്രിസ്റ്റിക്ക്.

ഇത്രയും പെട്ടന്ന് ഇതിനൊരു തീരുമാനമാകുമെന്ന് കരുതിയതെ ഇല്ലായിരുന്നു.

“എനിക്കൊന്ന് കാണാൻ തോന്നുന്നു..”

ഓർമകൾക്കിടയിൽ നിന്നെവിടെ നിന്നോ പരിഭവവുമായി ഫാത്തിമ ഒന്നെത്തി നോക്കി പോയതോടെ പിന്നെ കിടന്നിട്ടൊട്ടും സമാധാനം കിട്ടിയില്ല അവനും.

വല്ലാത്തൊരു ഉത്സാഹത്തോടെ ചാടി എഴുന്നേറ്റു ബാത്റൂമിലേക്ക് നടക്കുമ്പോഴും ഹൃദയം നൂലറ്റം പൊട്ടിയ പട്ടം പോലെ… പിടി തരുന്നേ ഇല്ലായിരുന്നു… അവന്.

തിരികെ മുറിയിലെത്തി വെട്ടിനു കൊണ്ട് പോകാനുള്ള സാമഗ്രികളൊരുക്കി എടുത്തു.

എന്നും എഴുന്നേൽക്കുന്ന ടൈം ആയിട്ടില്ല.

“നാളെ കാണുവോ..?”

ഹൃദയം, പൊട്ടുമാറുച്ചതിൽ മിടിക്കുന്നുണ്ട് അവളുടെയാ ചോദ്യം ഓർക്കുമ്പോഴൊക്കെയും.

താൻ കൊതിയോടെ കാത്തിരുന്നവൾ.. അവളാണെന്നറിഞ്ഞത് മുതൽ ഇപ്പോഴുള്ളതിനേക്കാൾ ആയിരമിരട്ടി കൊതിയോടെ കാത്തിരുന്നവനാണ് താനും.. ഒന്ന് തിരിച്ചറിയാൻ.. എന്റെ എന്നുള്ള തോന്നലോടെ ഒന്ന് മിണ്ടാൻ..

കാണാനുള്ള മോഹത്തിന്റെ തീവ്രത തന്നെയാണ് തമ്മിലുള്ള ബന്ധത്തിന്റെ ആഴം വെളിവാക്കി തരുന്നത്.

ചെറിയൊരു ചിരിയുണ്ടായിരുന്നു… അതോർക്കുമ്പോഴെല്ലാം.

കാണാനും.. അതിലേറെ മിണ്ടാനും.. പിന്നെയാ കണ്ണിൽ തനിക്കായ് മാത്രം വിരിയുന്ന സ്നേഹത്തിലലിയാനും അവനൊരുപാട് കൊതി തോന്നി ആ നിമിഷം.

ഫോണെടുത്തു കൊണ്ട് ഫൈസിയുടെ നമ്പറിൽ ഏന്തോ മെസ്സേജ് ഇട്ട് കൊണ്ടാണ് ക്രിസ്റ്റി മുറിയിൽ നിന്നിറങ്ങിയത്.

താഴെക്കിറങ്ങും മുന്നേ.. കണ്ണുകളെക്കാൾ ആവേശത്തിലാണ് ഹൃദയം ദിൽനയുടെ മുറിയിലേക്ക് ഓടിയത്.

അവളെ ഓർക്കുമ്പോൾ ഇപ്പോഴാ  പഴയ ഭാരമില്ല… ഹൃദയത്തിനും.

നേർത്തൊരു ചിരിയോടെ അവനാ വാതിൽ തുറന്നു കൊണ്ട് അകത്തു കയറി.

ഡിം ലൈറ്റിന്റെ ഇളം നീല വെളിച്ചത്തിൽ സ്വസ്ഥമായിരുന്നു അവളുടെ ഉറക്കം.ഇനി അവളൊന്നിനെയും പേടിക്കുന്നില്ലെന്നത് പോലെ..

കഴുത്തോപ്പം ഒരു ബ്ളാങ്കറ്റ് പുതച്ചിരിക്കുന്നുണ്ട്.

ശാന്തമായി ഉറങ്ങുന്ന അവളെ നോക്കുമ്പോൾ അവനുള്ളവും ശാന്തമായി.
ചുണ്ടിലെ ചിരിയോടെ തന്നെയാണ് അവൻ വാതിൽ ചാരി പുറത്തേക്കിറങ്ങിയതും.

അടുക്കളയിലേക്ക് തിരിയും മുന്നേ വെറുതെ ഡെയ്സിയുടെ മുറിയുടെ നേരെയൊന്ന് നോട്ടം പാളി.

അടഞ്ഞു കിടക്കുന്ന ആ വാതിൽ കാണവേ അവന്റെ ചിരി മാഞ്ഞു പോയിരുന്നു.

തമ്മിലൊന്നും മിണ്ടുന്നില്ലയെങ്കിലും ആ സാന്നിധ്യം തനിക്കൊരു തുണയായിരുന്നു.. തണലായിരുന്നു.

അത് വരെയും തോന്നിയ സന്തോഷമില്ലായിരുന്നു അവൻ അടുക്കളയിലേക്ക് കയറുമ്പോൾ.

കഴുകി കമഴ്ത്തി വെച്ചിരുന്ന പാത്രത്തിൽ വെള്ളമെടുത്ത് ചായക്ക് തിളപ്പിക്കാൻ വെക്കുമ്പോഴും മനസ്സ് ഡെയ്സിയുടെ മുറിയുടെ വാതിലിൽ തട്ടി വിളിക്കുകയായിരുന്നു.

എനിക്കൊന്ന് കണ്ടാൽ മതിയെന്ന നിലവിളിയോടെ.

പതിവുപോലെ തന്നെ രണ്ട് ഗ്ലാസ്‌ ചായ തിളപ്പിച്ച്‌ അതിലൊരു ഗ്ലാസും കയ്യിലെടുത്തു കൊണ്ടവൻ വാതിൽ തുറന്നിട്ട്‌ വർക്ക് ഏരിയയിലേക്കിറങ്ങി.

“അസുഖം വലതുമുണ്ടാവോ..? ഇന്നലത്തെ ദിവസം കണ്ടിട്ടേയില്ലയെന്നാണ് അപ്പോഴും മനസ്സിൽ മുഴുവനും.

വർക്കി അതിനകത്തുണ്ടാവുമ്പോൾ തട്ടി വിളിച്ചു തുറപ്പിക്കാനും വയ്യ.
ഒറ്റക്കുറങ്ങാൻ പേടി തോന്നിയ കുഞ്ഞു നാളിൽ പോലും ഒരിക്കലും അവരുടെ പ്രൈവസിയിലേക്കിടിച്ചു കയറി ചെന്നിട്ടില്ല.അതവരുടെ ലോകമാണ് എന്ന് കുഞ്ഞിലേ മുതൽ ഉള്ളിൽ ഉണ്ടായിരുന്നു. അതിന്നും തെറ്റിച്ചിട്ടില്ല..

വല്ലാത്തൊരു മാനസിക പ്രായസം അവനിൽ നിറയുന്നുണ്ടായിരുന്നു ആ നിമിഷങ്ങളിലൊക്കെയും.

പക്ഷേ.. ചായ കുടിച്ചു തീർത്തു കൊണ്ട് തിരിഞ്ഞതും ഹാലിലേക്കിറങ്ങി വന്നിരുന്ന ഡെയ്സിയേ നോക്കവേ വീണ്ടും അവനുള്ളിലൊരു കൊച്ചു കുട്ടി തുള്ളി ചാടുന്നുണ്ടായിരുന്നു.

അമ്മയെ കാണുമ്പോൾ മാത്രം മക്കളിലുണ്ടാവുന്ന ആ സന്തോഷം.. അത് മുഴുവനുമുണ്ടായിരുന്നു ക്രിസ്റ്റിയുടെ മുഖത്തും ഹൃദയത്തിലും.

അത് വരെയും മൂടി പൊതിഞ്ഞു നിന്നിരുന്ന ആ മന്ദത.. അതെത്ര പെട്ടാന്നാണ് മാഞ്ഞു പോയത്.
വീണ്ടും അവന്റെ ചെയ്തികൾക്കെല്ലാം ഒരു ഉന്മേഷം കൈ വന്നിരുന്നു.
ചൊടികളിൽ അവനറിയാതെ തന്നെ തത്തി കളിക്കുന്ന ആ പുഞ്ചിരിയിലേക്കാണ് ഡെയ്സിയും നോക്കുന്നത്.തപിക്കുന്ന അവരുടെ ഹൃദയതിനല്പം ആശ്വാസം നൽകിയിരുന്നു ചെറുതെങ്കിലും.. ആ ചിരി.

വല്ലപ്പോഴും മാത്രമേ അവനെ അങ്ങനെ ചിരിച്ചു കാണാറുള്ളു.

തലേന്ന് രാത്രി തുള്ളി വിറച്ചു പനിച്ച ക്ഷീണമെല്ലാം അവരാ ചിരിയിൽ മറന്നു പോയിരുന്നു.

ഒട്ടും വയ്യെന്ന് തോന്നിയിട്ടും അന്നെഴുന്നേറ്റ് വന്നത്.. ഒരു ദിവസം മുഴുവനും അവനെ കാണാതിരിക്കാൻ ഇനിയും വയ്യാത്തത് കൊണ്ട് തന്നെയാണ്.ഈ കാഴ്ചയിലാണ് അവൻ തനിക്കു മകനാവുന്നത്. തന്റെ സ്വന്തമാണെന്ന് തോന്നുന്നതും..

ഉള്ളും പുറവുമെല്ലാം ഒരുപോലെ തളരുന്നുണ്ട്.
തകരുന്നുണ്ട്…എന്നിട്ടും അവരുടെ കണ്ണുകൾ ക്രിസ്റ്റിയെ തഴുകി തലോടി..

മുന്നിലുള്ള പ്രശ്നങ്ങൾ..ഓർക്കുമ്പോൾ വീണ്ടും ശ്വാസം മുട്ടുന്നു..

ഇനിയെന്ത് എന്നുള്ള ചോദ്യമൊരു കൊടും വിഷമുള്ള നാഗത്തിനെ ചുറ്റി വരിഞ്ഞു പിടിച്ചിരിക്കുന്നു.

ഉള്ളിലെ ഹൃദയമുരുകിയ ചൂടാണ് ശരീരമൊന്നാകെ പടർന്നു പിടിച്ചതും.

മകളെ പിഴപ്പിച്ചവളെന്ന് മുദ്ര കുത്തിയത് കൊണ്ടായിരിക്കും.. അരുകിൽ കിടന്നു വിറച്ചിട്ടും എന്ത് പറ്റിയെന്നു പോലും ചോദിക്കാൻ മിനക്കെടാതെ വർക്കിച്ചായൻ കേറി കിടന്നുറങ്ങിയത്.

അല്ലെങ്കിലും ആ ഭാഗത്തു നിന്നൊരു സഹകരണവും പ്രതീക്ഷിച്ചു കൊണ്ടല്ല ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്.അയാൾ സ്വർത്ഥതയുടെ പര്യായമാണെന്ന് മനസ്സിലായത്തിൽ പിന്നെ..

ഇനിയാ ആഗ്രഹം ഒട്ടുമില്ല.

ഡെയ്സിക്കുള്ള ചായ ഗ്ലാസ്സിൽ ഒഴിച്ച് കൊണ്ട് ക്രിസ്റ്റി അത് മേശയിലേക്ക് എടുത്തു വെച്ചു..ശേഷം ആ മേശയിൽ തന്നെ ഉണ്ടായിരുന്ന ടോർച്ചും.. ലൈറ്റും ഫോണും എടുത്തു കൊണ്ടവൻ ഡെയ്സിക്ക് നേരെ ഒന്ന് കൂടി നോക്കിയിട്ട് പുറത്തേക്കിറങ്ങി പോയി..

അവൻ പോയതും ഇനിയൊട്ടും വയ്യെന്നത് പോലെ ഡെയ്സി കുഴഞ്ഞു കൊണ്ടാ ചുവരിൽ ചാരി…

                          ❣️❣️❣️

“ഇയ്യെന്താണ്.. ഇന്നിത്രേം നേരത്തെ?”

ആറ് മണിക്ക് മുന്നേ ഒരുങ്ങിയിറങ്ങി വന്നിട്ട് അടുക്കളയിലെ മേശക്കരികിൽ വന്നിരുന്ന ഫൈസിയെ നോക്കി ആയിഷ കണ്ണുരുട്ടി.

“ഇനിക്കൊരിടം വരെയും പോവാനുണ്ട്.. ചായ ആയില്ലേ?”

അവർ പരത്തി എടുത്ത ചപ്പാത്തി നോക്കിയിട്ടാണ് അവനത് ചോദിച്ചത്.

“ഇല്ല.. അയിനിപ്പോ ഞാനറിഞ്ഞോ അനക്കിന്ന് നേരത്തെ പോവണം ന്നുള്ളത്. ഇയ്യ് പറഞ്ഞതും ഇല്ലല്ലോ?”

ആയിഷ ചപ്പാത്തി പരത്തുന്നത് നിർത്തി അവനെ നോക്കി.

“സാരമില്ല.. ഇതിപ്പോ ചുട്ട് തരാം ഞാൻ. കറി ഉള്ളത് ഫ്രിഡ്ജിൽ ഇരിപ്പുണ്ട്. അതെടുത്തു ചൂടാക്കാൻ നോക്ക് നീ. ഒന്നും കഴിക്കാണ്ട് പോയ ഉമ്മാക്കൊരു സമാധാനം ഉണ്ടാവില്ലേടാ “

അതും പറഞ്ഞിട്ട് അവർ ധൃതിയിൽ പരത്തി വെച്ച ചപ്പാത്തിയുമായി അടുപ്പിന്റെ അടുത്തേക്ക് നടന്നു..

“ഹാവുന്റമ്മോ “

നടക്കുന്നതിനിടെ പെട്ടന്ന് നിലവിളി പോലെ അവരത് പറഞ്ഞതും ഫ്രിഡ്ജിൽ നിന്നും കറിയെടുക്കാൻ വേണ്ടി കുനിഞ്ഞ ഫൈസി അവറുടെ നേരെ നോക്കി.

“ന്തേ മ്മാ?”

അവരുടെ നിൽപ്പും വേദനിക്കുന്നത് പോലെ ചുളിവ് വീണ ആ മുഖവും കണ്ടിട്ട് ഫൈസി വെപ്രാളത്തോടെ ചോദിച്ചു.

“ഹൂ.. ഈ മുട്ട് കാല് വേദന തന്നെ ഫൈസ്യേ.. രാവിലെ ഇതിന്നെ കൊറച്ചൊന്നുമല്ല എടങ്ങേറാക്കുന്നത്..”
ആയിഷ ചപ്പാത്തി ചൂടാനുള്ള ചട്ടി വെക്കുന്നതിനിടെ തന്നെ പറഞ്ഞു.

“വയ്യെങ്കിൽ ഇങ്ങക്കാ ഫറയെ വിളിച്ചൂടെ..”

കറിയുമെടുത്തു വന്ന ഫൈസി ചോദിച്ചു.

“ഓള് പാതിരാത്രി വരെയും പഠിക്കാൻ ഇരിപ്പായിരുന്നു. കൊറച്ചു നേരം കൂടി കിടന്നോട്ടെ ന്ന് കരുതിയെട ഞാൻ “

ഒരമ്മയുടെ കരുതൽ..

ഫൈസി ഒരു നിമിഷം അവരെ തന്നെ നോക്കി നിന്നു.

ശേഷം കയിലുള്ള കറി പാത്രം അവിടെ വെച്ചിട്ട് ഷർട്ടിന്റെ കൈകൾ ഒന്ന് കൂടി തൊരുത് കയറ്റി.. ആയിഷ ഉരുളയാക്കി വെച്ച ചപ്പാത്തി നല്ല വൃത്തിയായി പരത്തിയെടുത്തു തുടങ്ങി.

“ഇജ്ജാതവിടെ വെച്ചേക്ക് മോനെ. അനക്കെന്തോ തിരക്കുണ്ടെന്ന് പറഞ്ഞതല്ലേ? അത് ഉമ്മ ചെയ്‌തോളാട.. ഇയ്യ് ഇത് കഴിച്ചിട്ട് പോവാൻ നോക്കിക്കേ “

പിന്നിൽ നിന്നും അവന്റെ ശബ്ദമൊന്നും കേൾക്കാഞ്ഞു തിരിഞ്ഞു നോക്കിയ ആയിഷ, ഫൈസിയെ നോക്കി പറഞ്ഞു.

“കുഴപ്പല്ല മ്മാ.. ഇനിക്ക് ടൈമുണ്ട് “
അത്ര മാത്രം പറഞ്ഞു കൊണ്ടവൻ പിന്നെയും അത് തന്നെ തുടർന്നു..

തിരിഞ്ഞു നിന്ന് കണ്ണ് തുടക്കുമ്പോഴും… ആയിഷയുടെ ചുണ്ടിൽ ചിരിയുണ്ടായിരുന്നുവപ്പോൾ..

മനം നിറഞ്ഞ.. നിറഞ്ഞു കവിഞ്ഞ അമ്മയുടെ സംതൃപ്തിയുടെ ചിരി..

                        ❣️❣️❣️

അവസാനത്തെ മരവും വെട്ടി കഴിഞ്ഞതിന് ശേഷം കിതപ്പൊതുങ്ങും മുന്നേ തന്നെ ക്രിസ്റ്റി ഫോണും എടുത്തു കൊണ്ട് തോട്ടിൻ കരയിലെ വേരിലേക്ക് ചാരി..

“ഇച്ഛാ..”

അവനെന്തെങ്കിലും പറയും മുന്നേ പാത്തുവിന്റെ ആവേശത്തിലുള്ള വിളി കേട്ടിരുന്നു.

“കാത്തിരിപ്പായിരുന്നോ?”
നേർത്തൊരു ചിരിയോടെ ക്രിസ്റ്റി ചോദിച്ചു.

“പിന്നല്ലാതെ..വെളുപ്പിനെ അഞ്ചു മണിക്ക് ഫോണും നോക്കി കുത്തിയിരിക്കാൻ തുടങ്ങിയതാ ഞാൻ.. അറിയോ ഇച്ഛക്ക്?”
പരിഭവം പോലെ അവളുടെ സ്വരം.

“ഞാനിന്ന് വിളിക്കുമെന്ന് നിനക്കറിയാമായിരുന്നോ?”

“മ്മ്…”

പ്രണയം തുടിക്കുന്ന ആ മൂളൽ..

“കാണണ്ടേ…?”

ക്രിസ്റ്റി ചോദിച്ചു..

“വേണം…”

“എങ്കിൽ വാ.. ഞാനും കാത്തിരിപ്പാണ്..”

“വരാം…”
പതിഞ്ഞ ആ സ്വരം.. ഹൃദയത്തിലേക്കാണ് പതിയുന്നത്.

“സൂക്ഷിച്ചു വരണം. എത്ര നേരം വേണമെങ്കിലും ഞാനിവിടെ നിന്നെ കാത്തിരിക്കും. ചുറ്റും നല്ലത് പോയി നോക്കിയിട്ട്.. വളരെ വളരെ ശ്രദ്ധിച്ചു വേണം ഇറങ്ങി വരാൻ. മനസ്സിലാവുന്നുണ്ടോ?”

ക്രിസ്റ്റി ഓർമ്മിപ്പിച്ചു.

“എനിക്കറിയാം ഇച്ഛാ.. ഞാൻ നോക്കി കൊള്ളാം “

“ഞാൻ.. ഞാനങ്ങോട്ട് വരണോ?”

ഇച്ഛയിപ്പോ എവിടാ..? “

പാത്തു തിരിച്ചു ചോദിച്ചു.

“ഞാൻ നമ്മടെ തോട്ടത്തിന്റെ ഏറ്റവും താഴെ വലതു വശത്ത് കുഞ്ഞൊരു തോടുണ്ട്.. എന്റെ ഫേവർ പ്ലെസ്..”

വെള്ളത്തിലേക്ക് ഇറക്കി വെച്ച കാലിൽ മീനുകൾ പൊതിയുന്നത് നോക്കി ക്രിസ്റ്റി പറഞ്ഞു.

“ഞാൻ… ഞാനങ്ങോട്ട് വരട്ടെ…?”

“ചോദിക്കാനുണ്ടോ പാത്തോ… ഇങ്ങോട്ടിറങ്ങി വാ പെണ്ണേ..ഇച്ഛയിവിടെ കാത്തിരിക്കുന്നത് നിനക്ക് വേണ്ടിയല്ലേ… നിന്നെ.. നിന്നെമാത്രമല്ലേ..?.”ഹൃദയത്തിലൊന്നാകെ തുടിക്കുന്ന പ്രണയം മുഴുവനുമുണ്ടായിരുന്നു അത് പറയുമ്പോൾ അവന്റെ വാക്കുകളിലും മുഖത്തും…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button