Novel

നിലാവിന്റെ തോഴൻ: ഭാഗം 54

[ad_1]

രചന: ജിഫ്‌ന നിസാർ

വീട്ടിൽ നിന്നിറങ്ങി റബ്ബർ തോട്ടത്തിലേക്ക് കയറിയിട്ടും പാത്തുവിന്റെ വിറയലൊതുങ്ങിയില്ല.. ഹൃദയമിടിപ്പ് നേരെയായില്ല.

അറക്കലിൽ ആർക്കും നേരം വെളുത്തിട്ടില്ല. സഫിയാത്തയും മഞ്ജു ചേച്ചിയും വരാനുള്ള ടൈം ആകുന്നുള്ളു.

അടുക്കള വാതിൽ ചേർത്ത് ചാരി ഇറങ്ങുമ്പോഴും.. പിന്നിലാരോ തുറിച്ചു നോക്കുന്നത് പോലെയൊരു ഫീൽ.
ഒരായിരം വട്ടം പിന്നിലേക്ക് നോക്കി കാണും ഇന്നേരം വരെയും.

അരണ്ട വെളിച്ചമാണുള്ളത്.
കയ്യിലെ മൊബൈൽ ഫോണിൽ ഫ്ലാഷ് തെളിയിക്കാം. പക്ഷേ അത് കണ്ടിട്ടാരെങ്കിലും വന്നാൽ….

അത് കൊണ്ട് തന്നെ തപ്പി തടഞ്ഞു ഇച്ചിരി ബുദ്ധിമുട്ടിയാണ് നടക്കുന്നതെങ്കിലും വെളിച്ചം ഉപേക്ഷിച്ചു.

പിടിക്കപ്പെടാനുള്ള ഒരു അവസരം പോലും കൊടുക്കരുത്.

പിന്നിലേക്ക് നോക്കി നടക്കുന്നതിനിടെ പാത്തുവിന്റെ ചിന്തകളിൽ മുഴുവനും അതായിരുന്നു.

തമ്മിലൊന്നു കാണാൻ കടലോളം ആശയുണ്ടായിട്ടും അടക്കി പിടിച്ചു നടക്കുന്നത് അതോർത്തു കൊണ്ടാണ്. ഇനിയൊരു നഷ്ടപെടലിനെ കൂടി അതിജീവിക്കാൻ ആവില്ലെന്നത് ഉറപ്പാണ്.
താൻ ഷാഹിദിന്റെ കൈ പിടിയിലാണ് എന്നതാണ് ഇച്ഛന്റെ ഭയമെങ്കിൽ.. തനിക്ക് ഇച്ഛയേ ഓർത്താണ് ഭയം.

തന്നെ കൊണ്ട് ജീവനോടെ എന്തോ നേടാനുള്ളവൻ എന്തായാലും തന്റെ ജീവനൊടുക്കില്ല. പക്ഷേ.. പക്ഷേ തന്റെ ജീവനിപ്പൊ ക്രിസ്റ്റി ഫിലിപ്പെന്ന ആ ഒരുവനിലാണെന്ന് ഷാഹിദ് അറിയുന്ന നിമിഷം..

അതാണവളെ ഏറെ ഭയപ്പെടുത്തിയത്.

തമ്മോളൊരുമിക്കുന്ന നാളുകൾ ഉണ്ടാവുമോ എന്ന് പോലുമറിയാതെ കാത്തിരുന്നവൻ.. ഇനിയൊരു മടങ്ങി പോക്ക് അസാധ്യമെന്നത് പോലെ ഹൃദയം കൊണ്ട് പിടിച്ചു കെട്ടിയിരിക്കുന്നു.

അവന്റെ ഓർമയിൽ തന്നെ അവളൊന്നാകെ കുളിർന്നു പോയിരുന്നു.

കുത്തനെയുള്ള ആ ഇറക്കം വളരെ സൂക്ഷിച്ചു കൊണ്ടാണ് അവൾ ഇറങ്ങുന്നത്.

എങ്ങാനും വീണു പോയാൽ…അതോർക്കുമ്പോൾ ഉള്ളം കാലിനൊരു പുളിപ്പ്.

ഈ വലിയൊരു കുന്നണല്ലോ തലയിലുള്ള ആ ടോർച്ചിന്റെ ഇച്ചിരി വെട്ടത്തിൽ അവനൊന്നും കയറി ഇറങ്ങുന്നതെന്നോർക്കേ അവൾക്കുള്ളം വേദനിക്കാൻ തുടങ്ങിയിരുന്നു.

എന്തൊക്കെയോ പ്രശ്നങ്ങൾക്കിടയിൽ ഒറ്റയ്ക്ക് പൊരുതുവാണെന്ന് തോന്നുന്നു.

കൂടുതലൊന്നും ചോദിക്കാനോ പറയാനോ അവസരം കിട്ടിയിട്ടില്ല.

ഷാഹിദിനെ ഭയന്നിട്ട് ഏറെ നേരം അവനൊപ്പം നിൽക്കാനും ആവുന്നില്ല.

ഫോൺ വിളിക്കാൻ കൂടി ഭയമാണ്. അത് പോലും കേട്ടിട്ട് അതിനറ്റം പിടിച്ചു തന്റെ പ്രണയത്തിനടുത്തേക്ക് ഷാഹിദ് എത്തരുത് എന്നാ വാശി.

കയ്യിലുള്ള ഫോൺ ബെല്ലടിച്ചതും.. പാത്തു ധൃതിയിൽ ചുറ്റും നോക്കിയിട്ട് അതെടുത്തു.

“പുറത്ത് ചാടിയില്ലേ പാത്തോ?”

ക്രിസ്റ്റിയുടെ പതിഞ്ഞ ചിരി കേൾക്കുന്നുണ്ട്.

“പിന്നല്ലാതെ. ഞാനിവിടെ ഈ ഇറക്കം ഇറങ്ങി തുടങ്ങി ഇച്ഛാ “

അവനിവിടെ അരികിലെവിടെയോ ഉണ്ടെന്നുള്ള ചിന്തയിൽ അവളിൽ സന്തോഷം നിറഞ്ഞു.

അതാ വാക്കുകളിലും നിറഞ്ഞു നിന്നിരുന്നു.

“നോക്കിയിട്ട് ഇറങ്ങണേ.. നിറയെ വേരുണ്ടാവും. തടഞ്ഞു വീണാൽ പണിയാകുവേ “

ക്രിസ്റ്റി ഓർമ്മിപ്പിച്ചു.

“ആഹ്.. ഞാൻ ശ്രദ്ധിക്കുന്നുണ്ട് “

“ഞാനങ്ങോട്ട് വരണോ?”

“വേണ്ട.. ഞാനിതേ.. താഴെയെത്തി..”

അവൻ വെട്ട് കഴിഞ്ഞു ക്ഷീണിച്ചു കാണുമെന്നു അറിയാവുന്നത് കൊണ്ട് പാത്തു പറഞ്ഞു.റബ്ബർ മതങ്ങളിലെ കെട്ടി വെച്ച ചിരട്ടകളിലേക്ക് പാലിറ്റി വീഴുന്നത് അവളും കണ്ടിരുന്നു.

“ഓകെ.. എങ്കിൽ നേരെ വലതു വശത്തേക്കൊരു നടപ്പ് വഴി കാണുന്നില്ലേ. അതിലെ വാ. ചെറിയൊരു ഇറക്കമുണ്ട്.. സൂക്ഷിച്ചു വാ “

ഇരിക്കുന്നിടത്തു നിന്നും ക്രിസ്റ്റി എഴുന്നേറ്റു.

ഫോൺ കട്ട് ചെയ്തു കൊണ്ടവൻ പോക്കറ്റിലേക്ക് വെച്ചിട്ട് തോട്ടിലേക്കിറങ്ങി വരുന്ന വഴിയിലേക്ക് കണ്ണും നട്ടു നിന്നു.

നിമിഷങ്ങൾക്ക് പോലും വല്ലാത്ത ധൈർഘ്യമുള്ളത് പോലെ!

ഏതു നിമിഷവും അവളരികിൽ എത്തുമെന്ന് ഹൃദയം dj കളിച്ചു കൊണ്ട് തന്നെ അറിയിക്കുന്നുണ്ട്.
കൈകൾ കൂട്ടി തിരുമ്പി അവൻ ആർത്തിയോടെ നോക്കി നിൽക്കുന്നതിനിടയിൽ… പാത്തു ഇടം വലം നോക്കി കൊണ്ട് ആ ഇറക്കമിറങ്ങി വരുന്നത് കാണെ ഒരു നിമിഷം ഹൃദയം നിലച്ചു പോയി.

വീർപ്പു മുട്ടലോടെ തന്നെ നോക്കി നിൽക്കുന്നവനെ കാണെ..പാത്തുവിന്റെയും കാലുകൾ വേഗത കുറച്ചിരുന്നു.

ഹൃദയമാകെയൊരു നിർവൃതി പൊതിയുന്നു.

കണ്ണിൽ നോക്കി തനിക്കരികിൽ നിൽക്കുന്നവൾക്ക് നേരെ നിറഞ്ഞ ചിരിയോടെ ക്രിസ്റ്റി വലതു കൈ നീട്ടി പിടിച്ചു.

ഇളം ചൂടുള്ള അവന്റെ കൈകളിലേക്ക് തണുത്ത തന്റെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് പാത്തു അവനരികിലേക്കിറങ്ങി.

ഉള്ളിലെ പിടച്ചിൽ കൊണ്ടായിരിക്കാം.. ശ്വാസം മുട്ടുന്നുണ്ട് രണ്ടു പേർക്കും.

“ആരും കണ്ടില്ലല്ലോ.. വന്നത്?”

കണ്ണിലേക്കു തന്നെ നോക്കി ക്രിസ്റ്റി ആദ്യം ചോദിച്ചത് അതാണ്.

“മ്മ്ഹ്ഹ്…”

ആ നോട്ടം നേരിടാൻ വയ്യാതെ പാത്തു തല കുനിച്ചു.
“ഇവിടിരിക്ക്..”

തടിച്ച വേരുകളൊന്നിലേക്ക് അവളെ പിടിച്ചിരുത്തി കൊണ്ട് ക്രിസ്റ്റിയും അവളുടെ അരികിലേക്കിരുന്നു.

അവനവളെ തന്നെ സൂക്ഷിച്ചു നോക്കുകയാണ്.

ഇമ വെട്ടാതെ അവളെ ഹൃദയത്തിലെകാവാഹിക്കും പോലെ.

ഇടയ്ക്കിടെ കള്ളിയെ പോലെയുള്ള പാത്തുവിന്റെ നോട്ടവും.. തന്റെ നോട്ടമിടയുമ്പോൾ ഉദയ സൂര്യനെ അനുകരിക്കുന്നത് പോലെയുള്ള അവളുടെ ചുവക്കുന്ന കവിളുകളും അവൻ കൗതുകത്തോടെ.. പ്രണയത്തോടെ നോക്കിയിരുന്നു.

“കാണാൻ കൊതി തോന്നുന്നു എന്ന് പറഞ്ഞു വന്നതല്ലേ പാത്തോ നീ?”

തനിക്കു നേരെ നോക്കാൻ മടിച്ചിരിക്കുന്നവളെ നോക്കി നേർത്തൊരു ചിരിയോടെ ക്രിസ്റ്റി ചോദിച്ചു.

“മ്മ് “

തല ഉയർത്തി നോക്കാതെ തന്നെ അവളൊന്നു മൂളി.

“എന്നിട്ടിങ്ങനെ മുഖം കുനിച്ചിരുന്നാ എങ്ങനാ എന്നെ കാണുന്നെ…?”

ചിരി കലർന്ന അവന്റെ ചോദ്യം..

“ഒന്നെന്നെ നോക്കെന്റെ പാത്തോ നീ. നിനക്കെന്നേ കാണേണ്ടയെങ്കിലും എനിക്കുള്ളം നിറച്ചും കാണണം “
അവൻ വീണ്ടും ആവിശ്യപ്പെട്ടതോടെ അവന് നേരെ ആ മിഴികളുയർന്നു.

തനിക്ക് വേണ്ടിയൊരു പ്രണയത്തിന്റെ കടലൊതുക്കി പിടിച്ച ആ മിഴിയാഴങ്ങളിലേക്ക് ക്രിസ്ടിയും സ്വയം മറന്ന് കൊണ്ട് നോക്കിയിരുന്നു പോയി.

“ഇന്നത്തെ ജോലി… തീർന്നോ?”
ഇച്ചിരി നേരം കഴിഞ്ഞു പാത്തു ചോദിച്ചു.

“വെട്ടിയിട്ട് കഴിഞ്ഞു. ഇനി പാലെടുത്തു ഷീറ്റ് ആക്കാനുണ്ട് “

ക്രിസ്റ്റി കാലുകൾ വെള്ളത്തിലേക്കിറക്കി വെച്ച് കൊണ്ട് വേരിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.

“അതിനി എപ്പഴാ?”
താടിക്ക് കൈ കൊടുത്തു അവന് നേരെ തിരിഞ്ഞിരുന്നു കൊണ്ട് പാത്തു വീണ്ടും ചോദിച്ചു.

തുടക്കത്തിൽ ഉണ്ടായിരുന്ന ആ ഒരു… ഒരു… തടസ്സം അവർക്കിടയിൽ നിന്നും ഓടി ഒളിച്ചിരുന്നു അന്നേരം കൊണ്ട്.

“വെട്ട് കഴിഞ്ഞു പാലെല്ലാം.. റബ്ബർ മരത്തിനു കീഴെ കെട്ടിയിട്ട ചിരട്ട കണ്ടില്ലേ നീ.. അതിലേക്ക് ഒഴുകി എത്താനുള്ള ടൈം കൊടുക്കണം.”

ക്രിസ്റ്റി അവൾക്ക് മനസ്സിലാവുന്നത് പോലെ പറഞ്ഞു കൊടുത്തു.

“ഇതൊക്കെ ചെയ്യാൻ ആരെയെങ്കിലും ഏല്പിച്ചൂടെ ഇച്ഛാ. എല്ലാം കൂടി ബുദ്ധിമുട്ടല്ലേ.?”

പാത്തു അവനെ ജിക്ഞ്ഞസയോടെ നോക്കി.

“അത് ശെരി.. അപ്പൊ എന്റെ കഞ്ഞി കുടി മുട്ടിക്കാണ് മോൾടെ പ്ലാൻ. അല്ലേ?”
അവൻ കണ്ണുരുട്ടി.

“അതെന്താ അങ്ങനെ പറഞ്ഞത്? ഇതെല്ലാം ഇച്ഛയുടേതല്ലേ..? ഒരു ജോലികാരനെ വെച്ച് അയാൾക്കുള്ള ശമ്പളം കൊടുത്താ ഇച്ഛക്ക് ഈ ഭാരം കുറയല്ലേ..? കോളേജിൽ നന്നായി ശ്രദ്ധിക്കാൻ പറ്റില്ലേ?”

തീരാത്ത സംശയങ്ങളോടെ പാത്തു അവനെ നോക്കി കണ്ണ് ചുരുക്കി.

“അതൊന്നും ഒറ്റ വാക്കിൽ ഉത്തരം പറയാവുന്ന കാര്യങ്ങളല്ലെന്റെ പാത്തോ “

“എങ്കിൽ കൊറേ വാക്കിൽ പറ.. ഞാൻ കേൾക്കാലോ “

പാത്തു വിടാനുള്ള ഭാവമില്ലായിരുന്നു.

“ആഹാ.. പഴയ കുറുമ്പുകാരി ലഹളക്കൊരുങ്ങുന്നുണ്ടോ?”
ക്രിസ്റ്റി ചിരിയോടെ അവളെ നോക്കി.

“കാണാനും മിണ്ടാനും ഏറെ കൊതിച്ചു വന്നവരല്ലേ നമ്മൾ. അതൊരു ഗദന ഗദ കേട്ട് വെറുതെ സങ്കടപ്പെടണോ പെണ്ണേ?”
കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടവൻ അവളെ നോക്കി.

“പറയാം.. നിനക്കറിയേണ്ടതെല്ലാം ഞാൻ പറഞ്ഞു തരാം ഇപ്പോഴല്ല. പിന്നെയൊരിക്കൽ സൗകര്യപൂർവ്വം. നീ അറിയേണ്ട കഥ തന്നെയാണ്.ഒന്നറിയുക.. ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ കിടന്നു തുഴഞ്ഞു കൊണ്ടിരിക്കുന്നവനാണ് നിന്റെ ഇച്ഛാ.. പക്ഷേ ഒരിക്കലും തോറ്റു പോവില്ലെന്നുള്ള വാശിയുണ്ട് “
ക്രിസ്റ്റി ചിരിയോടെ അവളെ നോക്കി.

“ഇങ്ങള് തോൽക്കൂല ഇച്ഛാ “

അവൻ പറഞ്ഞത് തന്നെ ഉറപ്പിച് വീണ്ടും പറഞ്ഞിട്ട് പാത്തു അവനെ നോക്കി.

“കാരണം.. മറ്റുള്ളവരുടെ നോവിനെ തൊട്ടറിയാനുള്ള ഒരു മനസ്സുണ്ട്.. ദൈവത്തെ പോലെ.. ഇങ്ങക്ക് “
വീണ്ടും പാത്തുവിന്റെ കണ്ണിൽ അവനോടുള്ള പ്രണയമാളി.

ക്രിസ്റ്റി അതിൽ ലയിച്ചത് പോലെ അവളെ തന്നെ നോക്കിയിരുന്നു.

സൂര്യൻ ഉദിച്ചു തുടങ്ങിയിരിക്കുന്നു.

തമ്മിലലിഞ്ഞിരിക്കുന്നത് കൊണ്ട് സമയത്തെ കുറിച്ച് രണ്ടാള്ക്കും വല്ല്യ ധാരണയുണ്ടായിരുന്നില്ല.ഇതിനിടെ പാത്തു എഴുന്നേറ്റു വെള്ളത്തിലിറങ്ങി.

തെളിഞ്ഞ വെള്ളത്തിൽ നല്ല കുളിര്യണ്ടായിരുന്നു.

മുഖം കഴുകേണ്ട.. മലയിൽ നിന്നിറങ്ങി വരുന്ന വെള്ളമാണ്. ചിലപ്പോൾ നിനക്ക് ജലദോഷം വരും.. “
ക്രിസ്റ്റി ഓർമ്മിപ്പിച്ചു.

തിരിച്ചു പോവണ്ടേ… “

വെള്ളത്തിലറങ്ങി നിൽക്കുന്നവളോട് ഇത്തിരി നേരം കഴിഞ്ഞതും ക്രിസ്റ്റി ചോദിച്ചു.

“എനിക്കങ്ങോട്ട് പോണത് ഓർക്കാൻ കൂടി വയ്യ ഇച്ചേ.. ഒരുമാതിരി അവാർഡ് സിനിമ പോലെ. ഒറ്റയൊന്നും ഇന്നോട് മിണ്ടൂല..”
പാത്തു ചുണ്ട് വീർപ്പിച്ചു കൊണ്ട് അവനെ നോക്കി.

“എങ്കിൽ എന്റെ കൂടെ പോരുന്നോ?”
കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടവൻ അവളെ നോക്കി.

“പൊന്നാലോ..?”

“പോന്നാ…. ആ ഷാഹിദ് നമ്മടെ തലയെടുക്കും. അത്ര തന്നെ “

അതും പറഞ്ഞു ചിരിച്ചു കൊണ്ട് ക്രിസ്റ്റി എഴുന്നേറ്റു.

“അപ്പൊ.. അപ്പൊ നമ്മളെങ്ങനെ “

അത് വരെയും ചിരിച്ചു നിന്നവളുടെ മുഖം വാടി.

“അഹ്.. ഇനി അതോർത്തു വെറുതെ ടെൻഷനാവേണ്ട പാത്തോ നീ.ഞാനൊരു തമാശ പറഞ്ഞതല്ലേ..?അറക്കൽ ഷാഹിദല്ല.. ഓന്റെ ബാപ്പ വന്നാലും നീ എന്റെ പെണ്ണാ.. ക്രിസ്റ്റി മിന്നു കെട്ടി സ്വന്തമാക്കാൻ കാത്തിരിക്കുന്ന എന്റെ സ്വന്തം..അത് പോരെ.”

ക്രിസ്റ്റി അത് പറഞ്ഞതും വീണ്ടും ആ മുഖം തെളിഞ്ഞു.

“അത് മതി..”

അവളും അവനെ നോക്കി ചിരിച്ചു.

“പക്ഷേ ക്ഷമയോടെ കാത്തിരിക്കണം. ഇച്ഛക്ക് ഇത്തിരി സാവകാശം വേണം. നിന്നെയെന്റെ കൂടെ കൂട്ടാൻ. അത് വരെയും ഉള്ളിലുള്ള ഇഷ്ടത്തെയും ആഗ്രഹത്തെയും അടക്കി പിടിക്കണം.കാണാനും മിണ്ടാനുമൊക്കെ നിറയെ കൊതിയുണ്ടാവും. എനിക്കറിയാം. പ്രണയത്തിന്റെ മാജിക് ആണത്രേ അത്. നമ്മളേത്ര ശ്രദ്ധിച്ചാലും നമ്മടെ കണ്ണുകളും ഭാവങ്ങളും ഒറ്റുകാരാവുന്ന മാജിക്. ഇത് പോലുള്ള വീണു കിട്ടുന്ന ഇടവേളകളിൽ നമ്മൾ തമ്മിൽ കണ്ടിരിക്കും.. ഒക്കെയല്ലേ?”

വെള്ളത്തിൽ നിൽക്കുന്ന അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

തലയാട്ടി സമ്മതിച്ചു കൊണ്ടവൾ അവന്റെ കൈ പിടിച്ചിട്ട് വെള്ളത്തിൽ നിന്നും കരയിലേക്ക് കയറി.

“പോയിക്കോയിനി.. ഇച്ഛാ വിളിക്കാം..”

മുടിയിൽ നിന്നൂർന്നു വീണ അവളുടെ തട്ടം തലയിലേക്ക് പിടിച്ചിട്ട് കൊടുത്തു കൊണ്ട് ക്രിസ്റ്റി പതിയെ പറഞ്ഞു.

തിരിച്ചു പോവാനൊട്ടും ആഗ്രഹമില്ലെന്ന് അവളുടെ കണ്ണുകൾ നിലവിളിക്കുന്നുണ്ട്.

അവന്റെ കയ്യിലുള്ള അവളുടെ ഫോൺ അവൾക്ക് നേരെ നീട്ടി ക്രിസ്ടിയും അവൾക്കൊപ്പം മുകളിലേക്ക് കയറി.

“ഞാൻ പോയിക്കൊള്ളാം. ഇച്ഛക്ക് ഇനിം ജോലി ഉള്ളതല്ലേ? അത് കഴിഞ്ഞു വേണ്ടേ കോളേജിൽ പോവാനും “
തനിക്കൊപ്പം മുകളിലേക്ക് നടക്കാനൊരുങ്ങുന്നവനെ തടഞ്ഞു കൊണ്ട് പാത്തു പറഞ്ഞു.

“സൂക്ഷിച്ചു പോ..”

അവളെ നോക്കി ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.

ഒരിക്കൽ കൂടി… കണ്ണിലേക്കു നോക്കി നിന്നിട്ട് പാത്തു പതിയെ തിരിഞ്ഞു നടന്നു.
മുകളിലെത്തി മറയുവോളം അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു..

                          ❣️❣️

തിരക്കിട്ട് ഒരുങ്ങി ക്രിസ്റ്റി റൂമിൽ നിന്ന് പുറത്ത് വരുന്നത് നോക്കി അവളുടെ മുറിയുടെ വാതിൽക്കൽ ദിൽന നിൽപ്പുണ്ടായിരുന്നു.

വല്ലാത്ത ധൃതിയിലാണ് ക്രിസ്റ്റി.

പതിവിലേറെ വൈകിയിട്ടാണ് പാലെടുക്കലും ഷീറ്റിന് അത് കൂട്ടി വെക്കലുമെല്ലാം തീർന്നത്.

അത് കഴിഞ്ഞു വന്നിട്ടാദ്യം നോക്കിയത് പോകുമ്പോൾ ഫൈസിക്കിട്ട മെസ്സേജിന്റെ  റിപ്ലൈ വന്നിട്ടുണ്ടോ എന്നായിരുന്നു.

അവൻ പ്രതീക്ഷിച്ച മറുപടി തന്നെ ആയിരുന്നത് കൊണ്ട് ആ മുഖം ഒന്നൂടെ തിളങ്ങി.

ചെയ്യുന്ന ജോലികൾക്ക് വീണ്ടും സ്പീഡ് കൂടി. 

എന്തൊക്കെയോ മനസ്സ് കൊണ്ടവൻ പ്ലാൻ ചെയ്യുന്നുണ്ടെന്ന് ആ മുഖം കാണുമ്പോൾ തന്നെ അറിയാമായിരുന്നു.

പത്തു മിനിറ്റ് കൊണ്ട് കുളിയും ഒരുക്കവുമെല്ലാം കഴിഞ്ഞു.

വാച് കെട്ടി ധൃതിയിൽ നടക്കുന്നതിനിടെ മുഖം ഉയർത്തി നോക്കിയത് ദിൽനയുടെ നേരെയാണ്.

“ആഹാ.. എണീറ്റോ..?”
താഴെക്കിറങ്ങാതെ.. വാച്ചിലേക്ക് ഒന്ന് കൂടി നോക്കി കൊണ്ട് ക്രിസ്റ്റി ചിരിയോടെ അവൾക് നേരെ ചെന്നു.
അപ്പോഴും അവനെ നോക്കാനൊരു പ്രയാസമുണ്ടായിരുന്നു ദിൽനക്ക്.

“ചായ കുടിച്ചായിരുന്നോ?”

പക്ഷേ യാതൊന്നും മനസ്സിലില്ലെന്നത് പോലെ സ്വാഭാവികമായിട്ടാണ് ക്രിസ്റ്റി ചോദിച്ചത്.

“ഇല്ല..”
പതിയെ ആണവൾ പറയുന്നത്.

“പിന്നെന്തേ താഴേക്ക് പോവാഞ്ഞേ..”
ചോദിക്കുന്നതിനൊപ്പം അവൻ അവളുടെ നെറ്റിയിൽ കൈ വെച്ച് നോക്കി.

“പനിയൊക്കെ പോയി മിടുക്കി കുട്ടി ആയല്ലോ “

അവൻ അവളുടെ കവിളിൽ തട്ടി.

“സോറി..”

അവനൊട്ടും പ്രതീക്ഷിക്കാതെ ആ കൈകൾ പിടിച്ചു കൊണ്ടവൾ നിറഞ്ഞ കണ്ണോടെ ദിൽന പറഞ്ഞതും ക്രിസ്റ്റിയുടെ ചിരി മാഞ്ഞു.

“എന്നാത്തിനാ മോളെ.. ഇപ്പൊ ഒരു സോറി.?ചേട്ടായി പറഞ്ഞതല്ലേ.. കഴിഞ്ഞതോന്നും ഓർക്കേണ്ട.. അതെല്ലാം വിട്ട് കളഞ്ഞേക്കെന്ന് “

അവനും അവളെ ചേർത്ത് പിടിച്ചു.

“എനിക്കിപ്പോ എന്തോരും സന്തോഷമാണെന്നോ..? എന്റെ.. എന്റെയാ പഴയ അനിയത്തി കുട്ടിയെ എനിക്ക് തിരി കിട്ടിയത് പോലെ. ചേട്ടായിക്കിപ്പോ ഒറ്റക്കല്ല എന്നൊക്കെ തോന്നുവാ..ഈ സ്നേഹം എന്നും ഉണ്ടായാ മതി.. കാരണമില്ലാതെ ദേഷ്യം കാണിക്കാഞ്ഞ മതി.. നീ ഒറ്റക്കാണെന്ന് തോന്നുന്ന നിമിഷം… ആരില്ലേലും എനിക്കെന്റെ ചേട്ടായി ഉണ്ടാകുമെന്നോർത്താൽ മതി.. അത്രേം മതിയല്ലോ..?”

ക്രിസ്റ്റി ചിരിയോടെ തന്നെ അവളെ നോക്കി.

ദിൽനയ്ക്ക് അവന്റെ പറച്ചിൽ കേട്ടിട്ട് വീണ്ടും കരച്ചിൽ വരുന്നുണ്ടായിരുന്നു.

ഇത്രേം ഒള്ളായിരുന്നോ ഈ മനുഷ്യൻ..?
ഇത്രേം മതിയായിരുന്നുവോ ഈ ഉള്ളം നിറയ്ക്കാൻ?

അറിഞ്ഞില്ലല്ലോ..

അല്ല.. അങ്ങനല്ല.. അറിയാൻ ശ്രമിച്ചില്ലല്ലോ..?

വീണ്ടും അവൾക്കുള്ളം നോവ് കൊണ്ട് നീറി.

“പറഞ്ഞില്ലേ ഞാൻ.. എല്ലാം നിന്റെ കുറുമ്പ് ആയിട്ടേ ഞാൻ എടുത്തിട്ടുള്ളു. എനിക്കിപ്പോ ഈ കുറുമ്പി പെണ്ണിനോട് നിറയെ ഇഷ്ടം മാത്രമേ ഒള്ളു “

അവനൊന്നു കൂടി അവളെ ഇറുക്കി പിടിച്ചു.

ദിൽനയും അവനിലേക്ക് പതുങ്ങി ചേർന്നു.

“ചേട്ടായി അത്യാവശ്യമായിട്ട് ഒരാളെ കാണാൻ പോകുവാ.. അപ്പോയിൻമെന്റ് എടുത്തിട്ട് ഒരുത്തൻ എന്നെ കാത്തിരിപ്പുണ്ട്. ഇപ്പൊ പോയിട്ട് ഞാൻ പെട്ടന്നിങ്ങു വരാം. വരുമ്പോൾ.. നിന്നോട് പറയാൻ.. നീ ഏറെ കൊതിക്കുന്നൊരു കാര്യമുണ്ടാവുമെനിക്ക് . താഴെക്കിറങ്ങി ചായയൊക്കെ കുറിച്ചേച്ചും റെഡിയായിട്ടിരിക്കണം.. ഒക്കെ “

വീണ്ടും വാച്ചിലേക്ക് നോക്കിയിട്ട് അവളോടത് പറഞ്ഞു കൊണ്ടവൻ തിരികെ സ്റ്റെപ്പുകൾ ഓടിയിറങ്ങി.

അപ്പോഴവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും അവനുടനെ വന്നെങ്കിലെന്നു മോഹിച്ചു കൊണ്ടാണ് ദിൽന അവിടെ നിന്നും മുറിയിലേക്ക് കയറി പോയത്.

അവളിലെ പ്രതീക്ഷകളും ആഗ്രഹങ്ങളുമെല്ലാം അവനൊറ്റയൊരാളിലേക്ക് ചുരുങ്ങി പോയത് പോലെ…

ബൈക്ക് സ്റ്റാർട് ചെയ്യുമ്പോഴും പിറകെ വന്നിട്ട് മറിയാമ്മച്ചി ചീത്ത പറയുന്നുണ്ട്.

കഴിക്കാൻ നേരമില്ലെന്ന് പറഞ്ഞതിനുള്ളതാണത് .

“ഞാനിപ്പോ വരും. വരുമ്പോൾ നല്ല കനത്തിൽ എന്തെങ്കിലുമൊക്കെ വേണ്ടി വരും. ഇപ്പോഴുള്ളത് കൂട്ടി കഴിച്ചേക്കാം..”

തിരിഞ്ഞു നോക്കി അത് മാത്രം പറഞ്ഞിട്ട് അവൻ വണ്ടി മുന്നോട്ടെടുത്തു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button