Novel

നിലാവിന്റെ തോഴൻ: ഭാഗം 56

രചന: ജിഫ്‌ന നിസാർ

“ഞാനൊട്ടും വൈകിയില്ലല്ലോ?”

ധൃതിയിൽ അകത്തേക്കു വന്നു കൊണ്ട് റഷീദിക്ക ചോദിക്കുമ്പോൾ.. റോയ്സ് തല ചെരിച്ചു നോക്കി.
പോലീസ് യൂണിഫോം കണ്ടതോടെ അവന്റെ ഉള്ളിലൂടെ ഒരു മിന്നലൊളി പാഞ്ഞു കയറുന്നുണ്ടായിരുന്നു.

“ഇല്ല..”
ഫൈസിയാണ് മറുപടി കൊടുത്തത്.

“ആളെവിടെ?”

എടുപ്പോടെ തലയുയർത്തി നിന്ന് കൊണ്ട് അയാൾ മുന്നോട്ടു നോക്കി.

റോയ്‌സിന് മുന്നിൽ നിൽക്കുകയായിരുന്ന ക്രിസ്റ്റി ആ ചോദ്യം കേട്ടതും അൽപ്പം സൈഡിലേക്ക് ഒതുങ്ങി കൊടുത്തു.

“അത് ശെരി… ഇവിടിനി എന്റെ ആവിശ്യമില്ലല്ലോടാ മക്കളെ. ആ കോലത്തിൽ ആക്കി തീർത്തിട്ടുണ്ടല്ലോ ഇവനെ “

റോയ്സിന് നേരെ നോക്കി കൊണ്ടാണ് റഷീദ് അങ്ങനെ ചോദിച്ചത്.

ക്രിസ്റ്റി ഒന്നും മിണ്ടാതെ റോയ്‌സിനെ തന്നെ നോക്കി പല്ല് കടിച്ചു.

“പക്ഷേ.. ഇവനെയൊക്കെ ഇങ്ങനെ തന്നെയാണ് ട്രീറ്റ് ചെയ്യേണ്ടത്. എങ്കിലേ ഇനി ഒരു പെണ്ണിനെ കാണുമ്പോൾ ആ തൊലിഞ്ഞ സ്വഭാവം പുറത്ത് ചാടാതിരിക്കൂ “

റഷീദ് പുച്ഛത്തോടെ റോയ്‌സിനെ നോക്കി.

അവൻ തല കുനിച്ചിരിപ്പാണ്.

“ഇങ്ങനെ മുഖം താഴ്ത്തി പിടിച്ചിരിക്കാൻ ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നതൊന്നുമല്ല. ഇങ്ങോട്ട് എണീക്കെടാ”

റോയ്സ് ഒട്ടും പ്രതീക്ഷിക്കാതെ റഷീദിന്റെ ശബ്ദമുയർന്നതും അവൻ ഞെട്ടി കൊണ്ട് അയാളെ നോക്കി.

“എണീക്കെടാ “

റഷീദ് വീണ്ടും പറഞ്ഞതോടെ വളരെ ആയാസപ്പെട്ടു കൊണ്ടാണ് ചുവരിൽ പിടിച്ചു അവനെഴുന്നേറ്റ് നിന്നത്.

എങ്കിലും ചുവരിന്റെ താങ്ങില്ലാതെ ഒറ്റയ്ക്ക് നിൽക്കാനാവുന്നില്ല.

ശ്വാസമെടുക്കുന്നതിന്റെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്.

“പ്രായപൂർത്തിയാവാത്ത പെൺകുട്ടിയേ ബലമായി പീഡിപ്പിച്ചതിനുള്ള ശിക്ഷ എന്തെന്ന് അറിയാവോ മോന്?”

പുച്ഛത്തോടെ റഷീദ് അവന്റെ മുന്നിലേക്ക് കയറി നിന്നു.

റോയ്സ് ഒന്നും മിണ്ടാതെ വീണ്ടും മുഖം കുനിച്ചു.

കയ്യിലുള്ള വടി കൊണ്ട് റഷീദ് അവന്റെ താടിക്ക് ബലമായി തട്ടി.

“എതിരെ ഉള്ളവർ ഇച്ചിരി പണമിറക്കി കളിക്കാൻ കൂടി റെഡിയാണേൽ.. പൊന്നുമോനെ.. ജീവിതത്തിൽ പിന്നെ നിനക്ക് പുറം ലോകം കാണാൻ പ്രയാസമാണ്. നിന്റെ അച്ഛൻ ഇക്കാലം വരെയും ഒരുകൂട്ടി വെച്ച പണം മുഴുവനുമിറക്കി കളിച്ചാലും രക്ഷയുണ്ടാവില്ല. അതറിയാമോ നിനക്ക്?”

ഗൗരവമേറിയ ആ വാക്കുകൾക്ക് മുന്നിൽ ഭയന്ന് വിറച്ചു കൊണ്ടാണ് റോയ്സ് നിൽക്കുന്നത്.
ഇത് വരെയും നടന്നതൊന്നും അവന്റെ തിരക്കഥയിൽ ഊഹിച്ചു പോലും നോക്കാത്ത കാര്യങ്ങളായിരുന്നുവല്ലോ..?

മകൾക്ക് അങ്ങനൊരു പിഴവ് സംഭവിച്ചു എന്നറിയുമ്പോൾ.. അതെങ്ങനെയെങ്കിലും മറച്ചു വെക്കാനേ..വർക്കിയങ്കിൾ ശ്രമിക്കൂ എന്നുറപ്പായിരുന്നു.

റിഷിനെ പിന്നെ ഗൗനിച്ചിട്ട് കൂടിയില്ല.
പിന്നെയുള്ളത് ക്രിസ്റ്റിയാണ്.
അവനെന്തെങ്കിലും പറയുമെന്ന് അറിയാമായിരുന്നു.
പക്ഷേ അതിനെ വർക്കി അങ്കിൾ തന്നെ തടയിടുമെന്നും ഉറപ്പുള്ളത് കൊണ്ട് കൂടുതലൊന്നും ഭയന്നിട്ടില്ല..

റോയ്സിന്റെ കണ്ണുകൾ ഒരുവേള ക്രിസ്റ്റിയുടെ നേരെ തിരിഞ്ഞു.

ദേഷ്യം കൊണ്ട് ചുവന്നു പോയ ആ കണ്ണുകളിൽ അനിയത്തിയോടുള്ള മുഴുവൻ സ്നേഹവും കാണാനാവുന്നുണ്ട്.

അതിനെയാണ് ഭയക്കേണ്ടതും!
അത് തന്നോടുള്ള ദേഷ്യം കൂടിയാണ്.

‘ഇതെന്താണ് എന്നറിയുമോ റോയ്‌സിന്? “

കയ്യിൽ നിവർത്തി പിടിച്ചൊരു പേപ്പറുമായി റഷീദ് വീണ്ടും റോയ്‌സിന് മുന്നിലേക്ക് കയറി നിന്നതോടെ അവൻ ക്രിസ്റ്റിയിൽ നിന്നും കണ്ണുകൾ പിൻവലിച്ചു.

“ചോദ്യം ചോദിച്ചാൽ യെസ് ഓർ നോ.. ഇതിലെതെങ്കിലും  ഉത്തരമെനിക്ക് കിട്ടിയിരിക്കണം “

റോയ്സ് മിണ്ടാതെ നിൽക്കുന്നത് കണ്ടതും വീണ്ടും റഷീദ് ശബ്ദമുയർത്തി.

“എനിക്ക്.. എനിക്കറിയില്ല “

ഉള്ളിലെ വിറയൽ അവന്റെ ശബ്ദത്തിലും ഉണ്ടായിരുന്നു അത് പറയുമ്പോൾ.

“മ്മ്…”

റഷീദ് ഒന്നാമർത്തി മൂളി.

“ദിൽന ചെറിയാൻ ഒപ്പിട്ട് തന്ന പെറ്റിഷൻ.. റോയ്സ് ബലമായി പീഡിപ്പിച്ചു എന്ന് പറഞ്ഞു കൊണ്ട് “

പരിഹാസചിരിയോടെ റഷീദ് റോയ്‌സിനെ നോക്കി.

വിളറി വെളുത്ത അവന്റെ മുഖത്തേക്ക് ക്രിസ്റ്റി തൃപ്തിയോടെ നോക്കി.

‘ഇതൊന്നു ഫയൽ ചെയ്താൽ അവിടെ തീരും നിന്റെ സുഖവാസം. “

റോയ്സ് വീണ്ടും തളർച്ചയോടെ താഴെക്കിരുന്നു.

“ഇപ്പൊ ഞാനിത് ഫയൽ ചെയ്യുന്നില്ല.. ഇനി.. ഇനി അങ്ങോട്ട്‌ ദിൽന ചെറിയാന്റെ നിഴൽ വെട്ടത്തിൽ പോലും നിന്നെ കണ്ടെന്നു ഞാനറിയുന്ന നിമിഷം.. അന്ന് നിന്റെ കൗൺഡൗൺ ആരംഭിച്ചു തുടങ്ങും. അതൊന്നു ഓർമ്മിപ്പിക്കാൻ വന്നതാണ് ഞാൻ.”

വീണ്ടും റഷീദിന്റെ ഗാഭീര്യം നിറഞ്ഞ സ്വരം അവിടമിൽ മുഴങ്ങി.

വിറച്ചും വിയർത്തും റോയ്സ് അതെല്ലാം കേട്ടിരുന്നു.

ദിൽനയേ മോഹിക്കാൻ.. അല്ല.. ദിൽനയുടെ സ്വത്തിനെ മോഹിക്കാൻ തോന്നിയ നിമിഷങ്ങളെ അവനപ്പോഴും കുറ്റബോധത്തോടെ ഓർക്കുന്നുണ്ടായിരുന്നു…

                        ❣️❣️❣️❣️

“എവിടാ മോളെ..”

ഹോസ്പിറ്റലിന്റെ മുന്നിലെക്കെത്തിയിട്ടാണ് ക്രിസ്റ്റി മീരയുടെ ഫോണിലേക്ക് വിളിച്ചത്.

അവന് പിന്നിൽ നിന്നിരുന്ന ഫൈസി ആകാംഷയോടെ അവനെ തന്നെ നോക്കി നിൽക്കുന്നുണ്ട്.

ക്രിസ്റ്റിയുടെ മുഖത്തുള്ളതിനേക്കാൾ ടെൻഷൻ അവനിലാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം.

“വാ… Icu വിന്റെ മുന്നിലുണ്ട് അവൾ “

അത് പറഞ്ഞിട്ട് ക്രിസ്റ്റി ഓടുകയായിരുന്നു.

അവന് പിറകെ ഫൈസിയും.

റഷീദിക്ക മടങ്ങിയതിന് ശേഷം, റോയ്‌സിനെ പൊക്കി കൊണ്ട് വന്നയിടത്തു തന്നെ കിടക്കുന്ന അവന്റെ കാറിനരികിൽ അവനെ എത്തിക്കാനുള്ള യാത്രക്കിടയിലായിരുന്നു ക്രിസ്റ്റിക്ക് മീരയുടെ കോൾ വന്നത്.

അമ്മ ബോധമില്ലാതെ കിടപ്പുണ്ടെന്നും പറഞ്ഞിട്ട് അവൾ കരയുകയായിരിന്നു.

ഉടനെ തന്നെ റോയ്‌സിനെ ആര്യനെ ഏല്പിച്ചിട്ട് ഒരു ഓട്ടോ പിടിച്ചു പോന്നതാണ് രണ്ടാളും.

ശാരിക്ക് ഇടയ്ക്കിടെ ഇങ്ങനെ ഉണ്ടാവാറുണ്ട്.

ഇതെല്ലാം അവരുടെ അസുഖത്തിന്റെ ഭാഗമായിരുന്നു.

ചുവരിൽ ചാരി തളർന്നു നിൽക്കുന്ന മീരയെ കണ്ടതോടെ ക്രിസ്റ്റിയുടെ വേഗം കൂടിയെങ്കിൽ.. ചങ്ക് തുളയുന്ന വേദനയോടെ ഫൈസി നടത്തം മെല്ലെയാക്കി.

ആ തകർന്നുള്ള നിൽപ്പ്.. അതവനെ അത്രമാത്രം വേദനിപ്പിച്ചിരുന്നു.

“ഇച്ഛാ…”
ക്രിസ്റ്റിയെ കണ്ടതും മീരാ അവന്റെ നേരെ കുതിച്ചു..

“അമ്മ..”

അത്രമാത്രം പറഞ്ഞു കൊണ്ടവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി..

“ഒന്നുല്ല.. കരയല്ലേ.. ഇച്ഛയിങ് വന്നില്ലേ.. പോട്ടെ.. സാരമില്ല “

കരയുന്ന അവളെ പുറത്ത് തട്ടി കൊണ്ട് ക്രിസ്റ്റി ആശ്വാസിപ്പിക്കുമ്പോൾ ആ കാഴ്ച കാണാൻ വയ്യെന്നത് പോലെ കലങ്ങി ചുവന്ന കണ്ണുകൾ ഫൈസി അവരിൽ നിന്നും തിരിച്ചു പിടിച്ചു.

“ഡോക്ടർ… ഡോക്ടർ എന്താ മോളെ പറഞ്ഞത്?”

ക്രിസ്റ്റി മീരയെ ഇത്തിരി അകറ്റി പിടിച്ചു കൊണ്ട് ചോദിച്ചു.

“എനിക്കറിയില്ല ഇച്ഛാ. എന്നോടൊന്നും പറഞ്ഞില്ല..”

മീരാ കരയുന്നതിനിടെ പറഞ്ഞു.

ആ മുഖത്തേക്കു നോക്കുമ്പോൾ ഫൈസിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

“ആരാ നിന്റെ കൂടെ വന്നത്..?”

ക്രിസ്റ്റി വീണ്ടും ചോദിച്ചു.

“സുധാകരേട്ടനും ഷീലചേച്ചിയും “

അവരുടെ തൊട്ടരികിലെ താമസകാരാണ് ഓട്ടോ ഡ്രൈവറായ സുധാകരൻ. അയാളുടെ ഭാര്യ ഷീലയും.

“എന്നിട്ട് അവരെവിടെ..”

“സുധാകരേട്ടൻ ആരോ വിളിച്ചിട്ട് പുറത്തേക്ക് പോയി. ഷീല ചേച്ചി നേഴ്‌സുമാർ എന്തോ വാങ്ങിക്കാൻ പറഞ്ഞത് വാങ്ങാനും “

പുറം കൈ കൊണ്ട് കവിൾ തുടച്ചു കൊണ്ട് മീരാ പറഞ്ഞു.

“എന്താ ശെരിക്കും സംഭവിച്ചത്?”

“അമ്മയ്ക്ക് ഇന്നലെ രാത്രി മുതൽ നല്ല പനി ഉണ്ടായിരുന്നു. മരുന്ന് കഴിച്ചിട്ട ഉറങ്ങാൻ കിടന്നത്. രാവിലേം പനി മുഴുവനും വിട്ട് പോവാഞ്ഞത് കൊണ്ട് ഞാൻ സ്കൂളിലും പോയില്ല. കഞ്ഞി വേണമെന്ന് പറഞ്ഞു.. അതുണ്ടാക്കി കൊണ്ട് ഞാൻ ചെന്നപ്പോ..”

വീണ്ടും മീരയുടെ മിഴികൾ നിറഞ്ഞു തൂവി.
ക്രിസ്റ്റിയുടെ പിന്നിലൂടെ അവളുടെ കണ്ണുകൾ ഒരു നിമിഷം ഫൈസിയുടെ നേരെ നീങ്ങി.

പൊട്ടിവന്നൊരു കരച്ചിൽ അവളാ ചുണ്ടുകൾക്കിടയിൽ തടഞ്ഞു പിടിക്കുന്നത് വ്യക്തമായി അവനും കണ്ടിരുന്നു.

“മോള്… മോളിവിടിരിക്ക്.. ഇച്ഛാ പോയിട്ട് ഡോക്ടറെ ഒന്ന് കണ്ടിട്ട് വരാം “

ശാരിയെ മുൻപ് കാണിക്കുന്ന ഹോസ്പിറ്റൽ അത് തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ ആ ഡോക്ടറെ അവനും അറിയാം.

“ഇച്ഛാ..ഞാനും വരട്ടെ.. എനിക്കെന്തോ.. പേടിയാവുന്നു.”

മീരാ ഭയത്തോടെ അവന്റെ കയ്യിൽ പിടിച്ചു.

“ഒന്നുല്ല.. ഇച്ഛാ പോയിട്ട് പെട്ടന്ന് വരാം.”

“ഇവിടിരിക്ക് “

ക്രിസ്റ്റി അവളെ പിടിച്ചൊരു കസേരയിൽ ഇരുത്തി കൊണ്ട് മുന്നോട്ടു നടന്നു.

“വാടാ…”
പോകും വഴി ചുവരിൽ ചാരി നിൽക്കുന്ന ഫൈസിയെ കൂടി വിളിച്ചു.
“ഇയ്യ്… ഇയ്യ് പോയിട്ട് വാ. ഞാനിവിടെ നിൽക്കാം “

മീരയുടെ നേരെ നോക്കി പറയുന്ന ഫൈസിയെ ഒന്ന് കൂടി നോക്കിയിട്ട് ക്രിസ്റ്റി ധൃതിയിൽ നടന്നു പോയി.

കൈകൾ കൊണ്ട് തലയിൽ താങ്ങിയിരിക്കുന്ന മീരാ തൊട്ടരികിലെ കസേരയിൽ അവനിരുന്നത് അറിയുന്നുണ്ടായിരുന്നു.

വിരലുകൾക്കിടയിൽ കൂടി അവളുടെ ഹൃദയമുരുകിയ.. നീർ തുള്ളികളത്രയും ഇറ്റി വീണത് അരികിലിരിക്കുന്നവന്റെ ഹൃദയത്തിലേക്കാണ്.

തീ തുള്ളികളെ പോലെ.. അതവനെ പൊള്ളിച്ചു.

“കരയല്ലേ… ശാരിയാന്റി വരുമ്പോൾ സങ്കടവും “
നന്നേ നേർത്തു പോയ അവൻ സ്വരം.

മീരാ മുഖം പൊതിഞ്ഞു പിടിച്ച കൈകൾ എടുത്തു മാറ്റി.

കണ്ണീർ കൊണ്ട് നനഞ്ഞു കുതിർന്ന ആ മുഖത്തേക്ക് നോക്കാതെ ഫൈസി നോട്ടം തിരിച്ചു.

“ആന്റിക്കൊന്നും വരില്ല.. പടച്ചോൻ.. അത്രേം.. അത്രേം മനസാക്ഷി ഇലാത്തവനൊന്നുമല്ലടോ..”

അത് പറയുമ്പോൾ ആ icu വിന്റെ അകത്തു കിടക്കുന്ന ഒറ്റ ഒരാളിൽ ജീവിതമർപ്പിച്ചവളോടുള്ള പ്രണയം കൊണ്ടവന്റെ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു.

മീരക്ക് അവനെ നോക്കുമ്പോൾ വീണ്ടും കരച്ചിൽ വരുന്നുണ്ടായിരുന്നു.

എങ്കിലും അവന്റെ വാക്കുകൾ അവൾക്ക് ഇത്തിരിയെങ്കിലും തണുപ്പ് നൽകി ആശ്വാസം പകർന്നു കൊടുക്കുന്നുണ്ട്.
“മോളെ…”

ധൃതിയിൽ നടന്നു വന്നിരുന്ന ഷീലയുടെ വിളി കേട്ടതും മീരാ ചാടി എഴുന്നേറ്റു.

“എന്തേച്ചി..?”

വിളറിയ അവരുടെ മുഖത്തേക്ക് നോക്കി മീരാ ചോദിച്ചു.

“രണ്ടു മരുന്ന് കിട്ടി. ഒരെണ്ണം പുറത്തൂന്ന് വാങ്ങിക്കാൻ. അതിന്.. അതിന് നല്ല കാശാവും ന്ന് . എന്റെ കയ്യിൽ..”
ബാക്കി പറയാനുള്ള മടിയിടെ ഷീല മീരയെ നോക്കി.

“ദൈവമേ…”
മീരയുടെ ഹൃദയം പിടഞ്ഞ വിളി.

ഫൈസി അറിയാതെ തന്നെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.
“സുധാകരൻ ചേട്ടനെയാണേൽ വിളിച്ചിട്ട് കിട്ടുന്നുമില്ല മോളെ “
കയ്യിക്കുള്ള പഴയ നോക്കിയ ഫോണിൽ നോക്കി ഷീല വീണ്ടും പറഞ്ഞു.

കഴുത്തിലെ നേർത്ത സ്വർണനൂലിൽ കൈ തടഞ്ഞതും മീരയുടെ കണ്ണൊന്നു പിടച്ചു.

അവളത് വലിച്ചു പൊട്ടിക്കും മുന്നേ.. “ഇങ്ങ് തന്നെ ചേച്ചി ആ ഷീട്ടെന്നും പറഞ്ഞിട്ട് ഫൈസി അത് പിടിച്ചു വാങ്ങിയിരുന്നു.

മീരയെ ഒന്ന് കൂടി നോക്കിയിട്ട് അവൻ വീണ്ടും ധൃതിയിൽ പുറത്തേക്ക് ഓടി..

                          ❣️❣️❣️❣️

“എന്റെ കർത്താവേ.. നിനക്കെന്നതാ എന്റെ ചെക്കനോടിത്രേം വൈരാഗ്യം.. അതിന് മാത്രം എന്നതാ എന്റെ കുഞ്ഞ് ചെയ്ത പാപം “

തികഞ്ഞൊരു ദൈവവിശ്വാസി ആയിരുന്നിട്ട് കൂടി മറിയാമ്മച്ചി മുകളിലേക്ക് നോക്കിയിട്ടങ്ങനെ ചോദിച്ചു പോയത് ക്രിസ്റ്റിയുടെ മുഖത്തെ വേദന അറിഞ്ഞിട്ടായിരുന്നു.

അവനത്ര മാത്രം തകർന്ന് പോയിട്ടുണ്ടെന്ന് അവരോളം വേറെ ആർക്കറിയാം?

വൈകുന്നേരത്തോട് കൂടിയാണ് ക്രിസ്റ്റി തിരികെ വീട്ടിലെത്തിയത്.

ശാരിക്ക് കാര്യമായ പുരോഗതിയൊന്നും ഇല്ലെങ്കിലും ബോധം വീണിട്ടുണ്ട്.

അത് വരെയും മീരയുടെ കൂടെ തന്നെ ആയിരുന്നു അവനും ഫൈസിയും. അവളാകെ തളർന്ന് പോയിട്ടുണ്ട്.

ശാരിയെ റൂമിലേക്ക് മാറ്റിയിട്ടില്ല.

Icu വിൽ തന്നെയാണുള്ളത്.

മീരയുടെ കൂടെ ഷീലയുണ്ട്.

അവർക്കൊരു റൂം എടുത്തു കൊടുത്തിട്ടാണ് ക്രിസ്റ്റിയും ഫൈസിയും തിരികെ പോന്നത്.

രാവിലെ വീട്ടിൽ നിന്നിറങ്ങിയത് കൊണ്ട് തന്നെ മുഷിഞ്ഞു പോയിരുന്നു രണ്ടാളും.

വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയിട്ട്… മീരക്കും ഷീലക്കുമുള്ള ഭക്ഷണവുമെടുത്തിട്ട് പോകാം എന്നുള്ള ഉദ്ദേശത്തിലാണ് ക്രിസ്റ്റി എത്തിയത്.

അവന്റെ വാടിയ മുഖം കണ്ടത്തോടെ മറിയാമ്മച്ചി.. പിടിച്ചിരുത്തി കാര്യം അന്വേഷിച്ചു.

ശാരിയുടെ കാര്യം ക്രിസ്റ്റി പറഞ്ഞിട്ട് അവർക്കറിയാം.

“ആ കൊച്ചിന്…”

മറിയാമ്മച്ചി പാതി പറഞ്ഞു നിർത്തി ക്രിസ്റ്റിയെ നോക്കി.

“ശാരിയാന്റിക്ക് ഒട്ടും വയ്യ മറിയാമ്മച്ചി “

അത് പറയുമ്പോൾ അവന്റെ സ്വരം നേർത്തു പോയിരുന്നു.

“ഇനിയെല്ലാം… ദൈവത്തിന്റെ കയ്യിലാണ് ക്രിസ്റ്റി.. ഞാൻ പറയാതെ തന്നെ നിനക്കറിമാല്ലോ ശാരിയുടെ കണ്ടീഷൻ..?”

ഡോക്ടർ പോളിന്റെ വാക്കുകൾ അവന്റെ ചെവിയിൽ വീണ്ടും വീണ്ടും തീ പോലെ പൊള്ളിച്ചു.ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോകും അതോർക്കുമ്പോഴൊക്കെയും.

കരഞ്ഞു തളർന്നു കിടക്കുന്ന മീരയുടെ മുഖമാണ് ആ നിമിഷം അവനുള്ളിലേക്ക് ആദ്യം തെളിഞ്ഞത്.

വീണ്ടും വീണ്ടും ഹൃദയം മുറിഞ്ഞു പോകുന്ന നോവ്.

“കഴിക്കാൻ എന്തെങ്കിലും തരട്ടെ മോനെ?”

അവന്റെ തലയിലൊന്ന് തടവി ക്രിസ്റ്റി ചോദിച്ചു.

കാന്റീനിൽ പോയി ഒരു ഗ്ലാസ്‌ ചായ കുടിച്ചു എന്നല്ലാതെ അന്നൊന്നും കഴിച്ചിട്ടില്ല. എന്നിട്ടും ഒരൽപ്പം പോലും വിശപ്പുണ്ടായിരുന്നില്ല അവനപ്പോഴും.

“ഇങ്ങനെ വിഷമിക്കാതെടാ. ആ കൊച്ചിന് നീയല്ലേ ധൈര്യം കൊടുക്കേണ്ടത്.? ഒന്നും വരത്തില്ല. കർത്താവ് കാത്തോളും “

അതും പറഞ്ഞു കൊണ്ട് മറിയാമ്മച്ചി എഴുന്നേറ്റു പോയി.. അവനുള്ള ചായ ഉണ്ടാക്കി തുടങ്ങി.

ചിന്തകൾ കടന്നൽ കൂടിളകിയ പോലെ ക്രിസ്റ്റിക് ചുറ്റും വട്ടമിട്ടു പറന്നു നടന്നിരുന്നു.

ഏതോ ഒരു നിമിഷം.. വാതിലിന് മറവിൽ ഒളിഞ്ഞു നോക്കുന്ന ദിൽനയുടെ മിഴികളെ അവൻ തിരഞ്ഞു പിടിച്ചിരുന്നു.

അവൻ നോക്കുന്നത് കണ്ടതും… അവൾ പെട്ടന്ന് പിന്നിലേക്ക് വലിഞ്ഞു.

വീണ്ടും ഇത്തിരി നേരത്തെ ഒളിച്ചു കളിക്ക് ശേഷം അവനെ തന്നെ നോക്കി.

“ഇങ്ങോട്ടിറങ്ങി വാടി കള്ളി “

നേർത്തൊരു ചിരിയോടെ എഴുന്നേറ്റു ചെന്നിട്ടവൻ അവളുടെ കൈ പിടിച്ചു വലിച്ചു അടുത്തേക്ക് നിർത്തി.

കള്ളികളെ പോലെ ദിൽന മുഖം കുനിച്ചു.

അവളെ കണ്ടതും ക്രിസ്റ്റിക്ക് ചോര ഒലിപ്പിച്ചു നിൽക്കുന്ന റോയ്‌സിനെയാണ് ഓർമ വന്നത്.

അതവന്റെ ചുണ്ടിലൊരു ചിരിയായി തെളിഞ്ഞു.

അവന് കിട്ടിയ സമ്മാനം ഇവിടാരും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
അല്ലെങ്കിൽ ഇന്നേരം കൊണ്ട് വർക്കി ഇവിടൊരു സീൻ ക്രിയേറ്റ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

“ചേട്ടായി നിനക്ക് തന്ന വാക്ക് പാലിച്ചിട്ടുണ്ട് കേട്ടോ..ഇനിയൊരു പേടി സ്വപ്നമായിട്ട് പോലും നിന്റെ മനസ്സിൽ റോയ്സ് വേണ്ട ദിലു. നിന്നോട് ചെയ്തതിനുള്ളതെല്ലാം പലിശ സഹിതം അവന് കൊടുത്തിട്ടാണ് ചേട്ടായി നിന്റെ മുന്നിൽ വന്നു നിൽക്കുന്നത്.”

ദിൽനയേ ചേർത്ത് പിടിച്ചു കൊണ്ട് പതിയെ ക്രിസ്റ്റി പറയുമ്പോൾ വിശ്വാസമാവാത്തതു പോലെയുള്ള അവളുടെ നോട്ടം.

“സത്യം.. നിനക്ക് മൂത്തൊരു ചേട്ടൻ കൂടിയുണ്ടെന്ന് അവനെ അറിയിച്ചു കൊടുക്കാൻ പോയതാണ് ഞാൻ. ഇനി നിന്റെ നിഴൽ വെട്ടത്തിൽ പോലും വരാൻ ധൈര്യപ്പെടാത്ത വിധം അവനെ ഞാൻ സൽകരിച്ചു വിട്ടിട്ടുണ്ട്..”

വീണ്ടും ക്രിസ്റ്റി പറയുമ്പോൾ.. അവളുടെ നിറഞ് വരുന്ന കണ്ണുകളിൽ എന്തോ തിളക്കം വന്നിരുന്നു.

ക്രിസ്റ്റിയും സംതൃപ്തിയോടെ അവളെ തന്നെ നോക്കി.

“നിനക്കെന്താടി പെണ്ണെ ഇവിടെ കാര്യം?”

ക്രിസ്റ്റീയോട് ചേർന്ന് ദിലു നിന്നതിന്റെ ഇഷ്ടകേട് മുഴുവനും കൊണ്ടാണ് മറിയാമ്മച്ചിയുടെ ആ ചോദ്യം പിന്നിൽ നിന്നും ഉയർന്നു കേട്ടത്.

ക്രിസ്റ്റി തിരിഞ്ഞു നോക്കി.അവന് പിറകെ ദിൽനയും.

മറിയാമ്മച്ചിയുടെ മട്ടും ഭാവവും കണ്ടിട്ട് അവളാകെ വിരണ്ട് പോയിരുന്നു.

അവൾ ക്രിസ്റ്റിയുടെ മറവിലൊളിച്ചു.

“പേടിക്കേണ്ട ദിലു. ഇത് നമ്മടെ ആളല്ലേ?”

ചിരിയോടെ അവൻ അവളെ പിടിച്ചു ചേർത്ത് നിർത്തി.

“നമ്മടെ ആളോ.. ഞാനെപ്പോഴാടാ ഇവള്ടെ ആളായത്.. ഏഹ്? “

കയ്യിലുള്ള ചായ ഗ്ലാസ്‌ മേശയിൽ ഉറക്കെ വെച്ച് അത് ചോദിച്ചു കൊണ്ട് മറിയാമ്മച്ചി അവന്റെ നേരെ വന്നു.

“ഹാ..നിങ്ങളിങ്ങനെ എന്റെ കൊച്ചിനെ പേടിപ്പിക്കാതെ “

ക്രിസ്റ്റി ദിലുവിനെ വിടാതെ തന്നെ പറഞ്ഞു.

“പേടിയോ… ഇവൾക്കോ…”

പുച്ഛത്തോടെ മറിയാമ്മച്ചി ദിൽനയേ തുറിച്ചു നോക്കി.

“ഇവളാ വർക്കിയുടെ വിത്തല്ലേ? എന്തോ കാര്യസാധ്യത്തിനാടാ എരണം കെട്ടവനെ നിന്റെ കൂടെ പറ്റി പിടിച്ചു നിൽക്കുന്നത്. അത് കഴിഞ്ഞ വീണ്ടും ഇവളുടെയാ പഴയ ചീഞ്ഞ സ്വഭാവം തിരികെയെടുക്കും.നീയൊരു ബോധമില്ലാത്ത പോത്തായത് കൊണ്ട് അത് തിരിച്ചറിയുന്നില്ല.പക്ഷേ എല്ലാരും  ഇവനെ പോലെ പൊട്ടൻമാരല്ല കൊച്ചേ. കേട്ടോ നീ “

അന്ന് വരെയും ക്രിസ്റ്റിക്ക് നേരെ ദിൽന എയ്തു വിട്ട അപമാനത്തിന്റെയും പുച്ഛത്തിന്റെയും പ്രതികാരമായിരുന്നു മറിയാമ്മച്ചിയിൽ അവൻ കണ്ടതൊക്കെയും.
ഒരക്ഷരം മിണ്ടാതെ ക്രിസ്റ്റി കേട്ട് നിന്നു.

മറിയാമ്മച്ചി പിന്നെയും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.

ഇടയ്ക്കിടെ അവനെ തല ഉയർത്തി നോക്കിയ ദിൽനയേ നോക്കി അവൻ കണ്ണടച്ച് കാണിച്ചു.

“ഇവളോറ്റയൊരുത്തി കാരണം മനസ്സിന്റെ നോവ് സഹിക്കാൻ വയ്യാതെ പനി പിടിച്ചു വിറച്ചൊരുത്തി കിടപ്പുണ്ട് ആ മുറിയിൽ. നിന്റെ തള്ള. ഇവളെ ഓർത്തിട്ട് ആധി കയറിയിട്ടാ ആ കൊച്ചിന്… വയ്യാണ്ടായത്. അത്രേം നല്ല സമ്മാനമല്ല്യോ പെറ്റ തള്ളക്കിവൾ കൊടുത്തിട്ടുള്ളത്.കെട്ടിപിടിച്ചു നിൽക്കുമ്പോ അത് മറക്കണ്ട പൊന്നു മോൻ…”

അവസാനവാക്കോണം അത് പറഞ്ഞിട്ട് മറിയാമ്മച്ചി തിരിഞ്ഞ് നടക്കുമ്പോൾ.. ദിൽനയെ ചേർത്ത് പിടിച്ചു നിന്നിരുന്ന ക്രിസ്റ്റി അടി കിട്ടിയത് പോലെ… പുളഞ്ഞു പോയിരുന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button