നിലാവിന്റെ തോഴൻ: ഭാഗം 57
രചന: ജിഫ്‌ന നിസാർ
വിങ്ങി കരഞ്ഞു തുടങ്ങിയ ദിൽനയുടെ തോളിൽ വീണ്ടും ക്രിസ്റ്റിയുടെ കൈകൾ താളമിട്ടു.
ആശ്വാസം പകർന്നു കൊടുക്കുന്നതിന്റെ നേർത്ത ഈണം പോലെ.
എന്നിട്ടും കുറ്റബോധത്തിന്റെ കണ്ണുനീർ അവളുടെ കവിളിനെ നനച്ചു കൊണ്ടൊഴുകി പടർന്നിരുന്നു.
“കരയല്ലേ..”
ഉള്ളിൽ വേദനയുടെ അലറി വിളിക്കുന്നൊരു കടലൊതുക്കി പിടിച്ചു കൊണ്ടാണ് ക്രിസ്റ്റി അവളോടത് പറഞ്ഞത്.
“ഞാൻ… ഞാൻ കാരണം..”
ദിലുവിന്റെ വാക്കുകൾ മുറിഞ്ഞു.
“നീ കാരണമുണ്ടായ മുറിവല്ലെന്ന് പറയുന്നില്ല. ഇപ്പോഴുള്ളത് നിനക്ക് വേണ്ടി ഉണ്ടായ മുറിവാണ്.പക്ഷേ അതേ മുറിവിന് മരുന്നാവാനും നിനക്കല്ലേ കഴിയുന്നത്?”
ക്രിസ്റ്റി അവളുടെ കുനിഞ്ഞു പോയ മുഖം പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു.
“ചെല്ല്.. ചെന്നിട്ട് അമ്മയെ വിളിക്ക്. ഹോസ്പിറ്റലിൽ പോണോ ന്ന് ചോദിക്ക്. കുടിക്കാൻ വെള്ളമോ കഴിക്കാൻ വേറെ എന്തെങ്കിലുമോ വേണമെന്ന് പോയി ചോദിക്ക് ദിലു.. നമ്മടെ.. നമ്മടെ അമ്മയുടെ പാതി അസുഖം മാറുമെടി. നമ്മളല്ലാതെ അമ്മക്കിനി ആരുമില്ല.”
ഉള്ളിലെ വേദന മുഴുവനും നിറഞ്ഞു നിൽക്കുന്ന അവന്റെ ചിരി.
ദിൽന അവനെ മുറുക്കി കെട്ടിപിടിച്ചു.
“പഴയ… പഴയ ആ ദിലു മോളായിട്ട് ചെല്ല്. ചെന്നിട്ട് സംസാരിക്ക് നീ.”
ക്രിസ്റ്റി വീണ്ടും പറഞ്ഞത് കേട്ടതും ദിലു മുഖം അമർത്തി തുടച്ചു കൊണ്ട് കരച്ചിലൊതുക്കി ചിരിയോടെ തലയാട്ടി.
തിരികെ ഹാളിലെത്തി ഡെയ്സിയുടെ മുറിയിലേക്ക് കയറും മുന്നേ ദിൽന വീണ്ടും ക്രിസ്റ്റിയുടെ നേരെ നോക്കി.
കയറി പോ “
എന്നർത്ഥത്തിൽ അവനൊന്ന് മുഖം ചലിപ്പിച്ചതും മെല്ലെ വാതിൽ തുറന്നു കൊണ്ട് അവൾ അകത്തേക്ക് കയറി.
കൈകൾ കൊണ്ട് വേദന അകറ്റാനെന്നത് പോലെ മുഖം അമർത്തി തുടച്ചു കൊണ്ട് അവിടെ തന്നെ, ആ വാതിൽക്കലേക്ക് നോക്കി സങ്കടത്തോടെ നിൽക്കുന്നവനെ മറഞ്ഞു നിന്ന് നോക്കുമ്പോൾ… എന്തിനെന്നറിയാതെ മറിയാമ്മച്ചിയും കരയുന്നുണ്ടായിരുന്നു.
ഹൃദയം പിടഞ്ഞു കൊണ്ട് തന്നെ…
❤️❤️❤️
“എങ്ങനെയുണ്ട്.. കൊള്ളാവോ?”
റിഷിൻ ചിരിയോടെ ഗൗരിയെ നോക്കി ചോദിച്ചു.
‘അടിപൊളി… എനിക്കിത് നന്നായി ഇഷ്ടപ്പെട്ടു “
അവൻ കയ്യിലെക്കിട്ട് കൊടുത്ത റിങ് തലോടി കൊണ്ട് പറയുമ്പോൾ ആ മോതിരം പോലെ തിളങ്ങുന്നുണ്ടായിരുന്നു അവളുടെ മുഖവും.
അവൾക്ക് അതെത്ര നോക്കിയിട്ടും മതിയാവുന്നുണ്ടായിരുന്നില്ല.
അന്നവളുടെ പിറന്നാൾ ആണെന്ന് എന്തോ പറയുന്ന കൂട്ടത്തിൽ റിഷിനോട് പറഞ്ഞു പോയതായിരുന്നു.
“എന്നിട്ടെന്തേ സെലിബ്രെറ്റ് ചെയ്യുന്നില്ലേ?”എന്നാ അവന്റെ ചോദ്യത്തിന് സങ്കടം പൊതിഞ്ഞു പിടിച്ചൊരു ചിരിയാണ് പകരം കിട്ടിയത്.
ആഗ്രഹിക്കുന്നുണ്ടങ്കിലും അവൾക്ക് അതിന് പറ്റിയൊരു സിറ്റുവേഷനല്ലെന്ന് അതോടെ റിഷിന് മനസ്സിലായി.
ഒരവസരം കാത്തിരുന്ന അവനത് വിട്ട് കളഞ്ഞതുമില്ല.
“സാരമില്ല.. ഞാൻ എന്റെ സ്വന്തമാക്കിയതിനു ശേഷം നിന്റെ ജീവിതത്തിൽ വരുന്ന എല്ലാം നിനക്ക് ആഘോഷമാവും. നമ്മൾ ആഘോഷിക്കും. ഈ വാക്കുകൾ.. ഇതെന്റെ പെണ്ണിന് ഞാൻ തരുന്ന പിറന്നാൾ സമ്മാനമായിക്കോട്ടെ “
അതും പറഞ്ഞവൻ ചേർത്ത് പിടിക്കുമ്പോൾ അവളുടെ നിറഞ്ഞ കണ്ണുകളിൽ അവനോടുള്ള അടങ്ങാത്ത പ്രണയത്തിലേക്ക് കൗശലത്തോടെയാണ് റിഷിൻ നോക്കിയിരുന്നത്.
അന്ന് വൈകുന്നേരം അവളെ കാണാൻ പോകുമ്പോൾ.. സർപ്രൈസ് പോലെ ഒരു സ്വർണമോതിരം കൂടി വാങ്ങി സമ്മാനിക്കുമ്പോൾ… ജീവിതത്തിലാദ്യം സ്വർണമണിയുന്നവളുടെ ഉള്ളം നിറഞ്ഞത് അവനോടുള്ള വിശ്വാസം കൊണ്ടായിരുന്നു..
ഗൗരിയെ നോക്കി റിഷിൻ ചിരിയൊതുക്കി.
അവളപ്പോഴും ആ മോതിരത്തിന്റെ ഭംഗിയിൽ ലയിച്ചു ചേർന്നിരിക്കുകയാണ്.
ചുറ്റുമൊന്നു നോക്കിയിട്ട് റിഷിനവളെ വലിച്ചടുപ്പിച്ചു.
പെട്ടന്നുള്ള അവന്റെയാ പെരുമാറ്റത്തിൽ അവളൊന്നു പകച്ചുപോയി.
പക്ഷേ പ്രേമം പൂത്തുലഞ്ഞു നിൽക്കുന്ന അവന്റെ മിഴികളിലേക്ക് നോട്ടം കൊരുത്തതും അവളാകെ നാണിച്ചു പോയിരുന്നു.
അവളിലെ കാമുകി തരളിതയായി പോയിരുന്നു.
റിഷിന്റെ കൈകൾ അവളുടെ കവിളിൽ മുറുകുന്നതിന് അവളെതിർപ്പ് പറയുന്നുണ്ടെങ്കിലും പഴയൊരു വീര്യമുണ്ടായിരുന്നില്ല അതിനെന്ന് റിഷിൻ മനസ്സിലാക്കി.
മുന്നേ കൈകൾ പോലും കോർത്തു പിടിക്കാൻ സമ്മതിച്ചു കൊടുക്കാത്തവളിലേക്ക് അവൻ ആർത്തിയോടെ മുഖം താഴ്ത്തി വരുന്നത് കണ്ടിട്ടും… ഗൗരി പിടഞ്ഞു മാറിയില്ല.
അവനെ തള്ളി മാറ്റിയതുമില്ല.
❣️❣️❣️
ഫൈസ്യേ… “
വിളിയോടെ ആയിഷ മുറിയിലേക്ക് കടന്ന് ചെല്ലുമ്പോൾ അവൻ കെട്ടിപിടിച്ചു കിടന്ന തലയിണയിൽ മുഖമൊന്നു വെച്ചുരുട്ടി.
‘ന്തേ ടാ കിടക്കണ്? “
ആയിഷ നേരെ വന്നിട്ട് അവന്റെ നെറ്റിയിൽ തൊട്ട് നോക്കി.
“പനിയൊന്നുമില്ലല്ലോ. രാവിലെ മുതൽ തെണ്ടി നടക്കല്ലേ. പിന്നെങ്ങനെ വയ്യാണ്ടാവും. പറഞ്ഞ കേൾക്കില്ലല്ലോ.?
നടുവിന് കൈ കൊടുത്തു നിന്ന് കൊണ്ട് ആയിഷ അവനെ നോക്കി പറഞ്ഞു.
“ഇങ്ങളൊന്ന് ഇവിടെ ഇരിക്കീം മ്മാ “
അതും പറഞ്ഞു കൊണ്ടവൻ ആ കൈ പിടിച്ചു വലിച്ചിട്ട് കിടക്കയിലേക്കിരുത്തി.
അവരതിൽ ഇരുന്ന നിമിഷം തന്നെ ഫൈസി ആ മടിയിലേക്ക് തലയെടുത്തു വെച്ചിട്ട് കിടന്നു.
“ഇങ്ങളൊന്ന് തടവി തന്നെ മ്മാ. എനിക്കൊന്നുറങ്ങാനാ..”
അവനവരുടെ കൈകൾ എടുത്തിട്ട് സ്വന്തം തലയിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു.
“ന്തേ മോനെ. ന്തേലും സങ്കടം ണ്ടൊ ടാ?”
അവന്റെ സമൃദ്ധമായ മുടിയിഴകൾക്കിടയിലേക്ക് കൈ വെച്ചിട്ട് ആയിഷ ആകുലതയോടെ വീണ്ടും ചോദിച്ചു.
“മ്മ്ഹ്ഹ്.. ഒന്നുല്ല.. എനിക്കുറക്കം വന്നിട്ടാ “
തൊണ്ട കുഴിയോളം എത്തിയൊരു കരച്ചിൽ വിഴുങ്ങി കളഞ്ഞിട്ടാണ് ഫൈസി അങ്ങനെ പറഞ്ഞത്.
കുഞ്ഞിലേ മുതലുള്ള അവന്റെ ശീലമാണ്.. ഇച്ചിരി സങ്കടം വന്നാൽ പെട്ടന്ന് പോയി കിടന്നുറങ്ങി കളയുകയുകയെന്നത്.
ഉറങ്ങി എണീക്കുമ്പോൾ പൂർണമായും വിട്ടേഴിഞ്ഞു പോവില്ലങ്കിലും… ഒരല്പം ആശ്വാസം കിട്ടും.
ആ പ്രശ്നത്തിനെതിരെ ഒരു പ്രതിവിധി കണ്ടെത്താനുള്ള ധൈര്യവും കിട്ടും.
മുതിർന്നിട്ടും അവന്റെയാ സ്വഭാവത്തിന് യാതൊരു മാറ്റവുമായിട്ടില്ല എന്നറിയാവുന്നത് കൊണ്ടാണ് അവന്റുമ്മാക്ക് വേവലാതിയും.
ഉമ്മാന്റെ കൈ വിരലുകൾ തലയിൽ മാന്ത്രികത കാണിക്കുന്നത് കൊണ്ടാവാം.. ഫൈസിയുടെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ട്.
എന്നിട്ടും ഉള്ള് മുഴുവൻ അവളാണ്.കരഞ്ഞു കലങ്ങിയ കണ്ണോടെ ജീവിതത്തിൽ ആകെയുള്ള പ്രതീക്ഷ.. അത് നഷ്ടപ്പെട്ടു പോകുമോ എന്നാ ഭയത്തോടെ മരവിച്ചിരിക്കുന്നവളുടെ അതേ നോവ്… അളവൊട്ടും കുറയാതെ അവനെയും നോവിക്കുന്നുണ്ട്.
ഉറക്കത്തെ പോലും തട്ടി മാറ്റി വാശി പോലെ അതവന്റെ ഹൃദയം പിടിച്ചു ഞെരിച്ചു.
ഉമ്മയുടെ മടിയിലേക്കാ ഹൃദയം ഉരുകിയ നീർതുള്ളികൾ പതിയും മുന്നേ ഫൈസി തുടച്ചു കളഞ്ഞു.. വീണ്ടും കണ്ണടച്ചു കിടന്നു.
ക്രിസ്റ്റി തിരികെ ഹോസ്പിറ്റലിൽ പോകാനാവുമ്പോൾ വിളിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഇടം കയ്യിൽ അവന്റെ ഫോണും ഉണ്ടായിരുന്നു.. ഉറക്കിലേക്ക് വീഴുമ്പോഴും..
❣️❣️❣️
ദിലുവിന്റെ തണുത്ത കൈകൾ ഡെയ്സിയുടെ പനിചൂടുള്ള കാലിൽ മുറുകി.
ഞെട്ടി കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു കൊണ്ടവർ നോക്കുമ്പോൾ… നിറഞ്ഞ കണ്ണോടെ കാൽ കീഴിൽ തന്നെ നോക്കിയിരിക്കുന്ന ദിലുവിനെ കണ്ടതും കഴിയുന്നത് പോലെ ധൃതിയിൽ തട്ടി പിടഞ്ഞു കൊണ്ട് എഴുന്നേറ്റിരുന്നു.
“സോറി… സോറി അമ്മേ “
കരഞ്ഞു കൊണ്ട് പറയുന്ന മകളെ കാണെ… ആ അമ്മ മനം പൊടിഞ്ഞു പോയിരുന്നു.
“എന്റെ മോളെ…”
വയ്യാഞ്ഞിട്ടും അവളെ വാരി നെഞ്ചോടു ചേർക്കുമ്പോൾ അവരും കരയുകയായിരുന്നു.
“എന്നോട് ക്ഷമിക്കമ്മേ… ഞാൻ.. എനിക്ക്…”
ദിലുവിന് അവരോട് പറയാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു.
അല്ലെങ്കിലും സ്വന്തം നെഞ്ചിൽ അവളെ ചേർത്ത് നിർത്തി ആ സങ്കടങ്ങളെ ഒന്ന് തലോടി തീർക്കാൻ കൊതിച്ച ഡെയ്സിയുടെ മനസ്സിന് അവളെ കേൾക്കുകയെ.. വേണ്ടായിരുന്നുവപ്പോൾ.
കൊതി തീരാതെ… അവളെ വീണ്ടും വീണ്ടും സ്വന്തം നെഞ്ചിലേക്ക് അണച്ചു പിടിച്ചു നിൽക്കുമ്പോൾ.. പനി ചൂടിനെ തോൽപ്പിക്കാൻ പ്രാപ്‌തിയുള്ളത് പോലെ അവരിലെ അമ്മ നിറഞ്ഞു തുളുമ്പി പോയിരുന്നു ആ നിമിഷം.
❣️❣️❣️
മുറിയിലെത്തിയിട്ടും ക്രിസ്റ്റിക്ക് അൽപ്പം പോലും സമാധാനമില്ലായിരുന്നു.
അമ്മയെ ഓർത്തു കൊണ്ടവന്റെ കണ്ണും മനസ്സും നീറി.
മൂന്നു മക്കളും ഭർത്താവും ഉണ്ടായിട്ടും ആരുമില്ലാത്തത് പോലെ..
ഒരുകണക്കിന് തന്നെ പോലെ അമ്മയും ഒറ്റക്കായിരുന്നുവോ?
കാരണമില്ലാതെ താൻ അമ്മയെ അകറ്റി നിർത്തിയപ്പോൾ.. തനിക്കു വേണ്ടി.. തന്നോടുള്ള ദേഷ്യം കൊണ്ട് അവരെല്ലാം കൂടി അമ്മയെയും അകറ്റി നിർത്തി.
എന്നിട്ടും….
ഓർക്കുമ്പോൾ ഉമിതീയിൽ അകപ്പെട്ടത് പോലെ അവനും നീറുന്നുണ്ടായിരുന്നു.
അവിടിരിക്കാൻ ഒട്ടും വയ്യെന്ന് തോന്നിയപ്പോൾ ക്രിസ്റ്റി വീണ്ടും താഴേക്കിറങ്ങി ചെന്നു.
മറിയാമ്മച്ചി ഹോസ്പിറ്റലിൽ കൊണ്ട് പോകാനുള്ള ഭക്ഷണമൊരുക്കുന്നുണ്ടാവും.ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഭക്ഷണം വേണമെന്ന് പറഞ്ഞിട്ട് പോരുമ്പോൾ കനപ്പിച്ചൊരു നോട്ടമാണ് പകരം കിട്ടിയത്.
എങ്കിലും അതവർ ചെയ്യുമെന്നുറപ്പാണ്.
ഹാളിലേക്കിറങ്ങുമ്പോഴും അവന്റെ കണ്ണുകൾ ഡെയ്സിയുടെ മുറിയുടെ നേരെയാണ്.
അവിടെന്തായി കാണുമെന്നറിയാനുള്ള ആഗ്രഹം അവനിൽ വളരെ വലുതായിരുന്നു ആ നിമിഷം.
എന്നിട്ടും ആ മുറി വർക്കിയുടെ സ്വകാര്യതയായത് കൊണ്ടാണ് അവനങ്ങോട്ട് കയറാതെ പിടിച്ചു നിന്നത്.
ഇനി മറിയാമ്മച്ചി തന്നെ ശരണം..
ഒന്നാഞ്ഞു പിടിച്ചു സോപ്പിട്ടു പറഞ്ഞു നോക്കിയാ ചിലപ്പോൾ വീണു പോകും.
എന്നാലും ആ സാധനനത്തെ മെരുക്കിയെടുക്കുകയെന്നത് എവറസ്റ്റ് കീഴടക്കുന്നത് പോലെ പ്രയാസമാണ്.
ഒന്നാമതേ… ദിൽന തന്നോട് വന്നു ചേർന്നു നിന്നത് ഒട്ടും പിടിച്ചിട്ടില്ല.
ചെകുത്താന്റെ സന്തതിയെന്നാണ് അവളെ പറയുന്നത് പോലും.
അങ്ങനെയുള്ളവൾക്ക് വന്ന മാറ്റം അത്ര പെട്ടന്നൊന്നും മറിയാമ്മച്ചി അംഗീകരിച്ചു തരില്ലെന്ന് ആദ്യം തന്നെ ഉറപ്പുണ്ടായിരുന്നു.
പക്ഷേ അത് തന്നോടുള്ള സ്നേഹമാണ്.. കരുതലാണ്.
മറിയാമ്മച്ചിയെ തിരഞ്ഞു ക്രിസ്റ്റി അടുക്കളയിലേക്കിറങ്ങും മുന്നേ വലിയൊരു ശബ്ദത്തോടെ പുറത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു.
ഡോറുകൾ തുറന്നടയുന്നതെല്ലാം വളരെ വലിയ ശബ്ദത്തിലായത് കൊണ്ട് തന്നെ വന്നതാരാണെന്ന് ക്രിസ്റ്റിക്ക് ഒരു ഏകദേശധാരണയുണ്ടായിരുന്നു.
അവന്റെ ചുണ്ടിലൂടെ ഒരു ചിരി മിന്നി മാഞ്ഞു.
അടുക്കളയിലേക്കിറങ്ങാതെ അവൻ തിരികെ ഹാളിലേക്ക് തന്നെ ചെന്നു.
“എവിടെ.. വിളിക്കാവനെ.. അവനെയിന്ന് ഞാൻ ശെരിയാക്കും. “
സൂസന്റെ അലർച്ചയാണ് ആദ്യം കേട്ടത്.
‘നീ ഒന്നടങ്ങു സൂസൻ “
വർക്കി പെങ്ങളെ അനുനായിപ്പിക്കാനുള്ള പെടാപാടിലാണ്.
എങ്കിലും ആ ശബ്ദത്തിലും ദേഷ്യമാണ്.
“ഞാനോ.. ഞാൻ അവനെ രണ്ടു കൊടുക്കാതെ അടങ്ങൂല വർക്കിച്ച. എവിടെ.. വിളിക്കവനെ “
സൂസൻ വീണ്ടും പറയുന്നതിന്റെ ഇടയ്ലേക്കാണ് ക്രിസ്റ്റി നടന്നു ചെന്നത്.
“ഇങ്ങനെ വിളിച്ചു കൂവാൻ.. ഞാൻ രാജ്യം വിട്ട് പോയിട്ടൊന്നുമില്ല.”
വളരെ കൂളായി കൈകൾ നെഞ്ചിൽ കെട്ടി നിവർന്നു നിന്ന് പറയുന്ന ക്രിസ്റ്റിയെ സൂസൻ തുറിച്ചു നോക്കി.
അവനത് നന്നായിട്ട് തന്നെ പുച്ഛിച്ചു തള്ളി.
“നീ.. നീ എന്റെ മോനെ അടിച്ചോ ടാ?”
ദേഷ്യം കൊണ്ട് കത്തുന്ന പരുവത്തിലാണ് സൂസന്റെ നിൽപ്പ്.
“അടിച്ചു… അടിക്കുക മാത്രമല്ല. നന്നായി അടിച്ചൊതുക്കി വിട്ടിട്ടുണ്ട് ഞാൻ. വീട്ടിലുള്ള നിങ്ങളായിരുന്നു മകൻ ചെയ്ത തോന്നിവാസം അറിഞ്ഞപ്പോഴത് ചെയ്യേണ്ടിട്ടിരുന്നത്. നിങ്ങളത് ചെയ്തില്ല. അതിനുള്ള പലിശ സഹിതം.. നിങ്ങൾക്കുള്ളത് കൂടി ചേർത്തിട്ട് ഞാൻ കൊടുത്തു വിട്ടിട്ടുണ്ട്. നേരിട്ട് നിങ്ങളത് കൈ പറ്റി എന്നറിഞ്ഞതിൽ അതിയായ സന്തോഷം..”
കളിയാക്കി കൊണ്ട് ക്രിസ്റ്റി പറഞ്ഞതും സൂസൻ വർക്കിയേ രൂക്ഷമായി നോക്കി.
അതിനിടയിലേക്കാണ്.. ഡെയ്സിയെ ചേർന്ന് നിന്ന് കൊണ്ട് ദിലു മുറിയിൽ നിന്നിറങ്ങി വന്നത്.
കേട്ടത് വിശ്വാസമില്ലാതെ ഡെയ്സി ക്രിസ്റ്റിയെ നോക്കി.
അവന്റെ മുഖത്തുള്ള ചിരി… അത് പതിയെ ഡെയ്സിയുടെ കണ്ണുകളിലെ തിളക്കമായി മാറിയിരുന്നു.
ദിലുവിന്റെ മുഖം പ്രേതത്തേ മുന്നിൽ കണ്ടത് പോലെ വിളറി വെളുത്തു പോയിരുന്നു.
എന്നാൽ അതിനേക്കാൾ ഭയനീയമായിരുന്നു വർക്കിയുടെ അവസ്ഥ.
ഡെയ്സിയുടെ മറവിലേക്ക്.. പതുങ്ങി നിൽക്കുന്ന ദിൽന അയാളുടെ സമനില തെറ്റിക്കുന്നുണ്ടായിരുന്നു.
ഇങ്ങനെയൊരു കൂടിച്ചേരൽ ഇല്ലാതിരിക്കാൻ അയാൾ ചെയ്തു കൂട്ടിയ അനീതികൾ ചില്ലറയൊന്നുമല്ല.
എന്നിട്ടും… എല്ലാം വെള്ളത്തിൽ വരച്ചു ചേർത്ത വര പോലെ.. മാഞ്ഞു.. മറഞ്ഞു..
കാലത്തിന്റെ കാവ്യനീതി പോലെ അമ്മയുടെ നെഞ്ചിന്റെ ചൂടിലേക്ക് സംരക്ഷണത്തിലേക്ക് അവളൊതുങ്ങി ചേർന്നിരിക്കുന്നു.
“നീയും കൂടി അറിഞ്ഞാട്ടാണോ ഒരുമ്പെട്ടവളെ എന്റെ കുഞ്ഞിനെ ഈ സാത്താൻ തല്ലി കൊല്ലാനാക്കിയത്…?”
ക്രിസ്റ്റിയോടുള്ള ദേഷ്യം കൂടി ദിൽനക്ക് മേൽ തീർക്കാണെന്നത് പോലെ സൂസൻ അവൾക്ക് നേരെ പാഞ്ഞു വന്നതും ഡെയ്സി അവളെ പിന്നീലേക്ക് ഒതുക്കി പിടിച്ചു.
“നാത്തൂൻ ആദ്യം ചെന്നിട്ട് സ്വന്തം മോനെ നന്നാക്കി കൊണ്ട് വാ. എന്നിട്ട് മതി എന്റെ മോളുടെ മെക്കിട്ട് കേറുന്നത് “
വലിഞ്ഞു മുറുകിയ മുഖത്തോടെ ദിൽനക്ക് വേണ്ടി ഡെയ്സി പറയുന്നത് കേട്ടതും… ക്രിസ്റ്റി ഹൃദയം നിറഞ്ഞു ചിരിച്ചു.
“ഡീ…”
വർക്കി അതൊരു അവസരമാക്കി ഡെയ്സിക്ക് നേരെ ചെന്നു.
“എന്റെ പെങ്ങൾക്കെതിരെ ശബ്ദമുയർത്താൻ മാത്രം അഹങ്കാരമായോടി നാശം പിടിച്ചവളെ നിനക്ക് “
അത് പറഞ്ഞു കൊണ്ടയാൾ ഡെയ്സിക്ക് നേരെ കൈ ഉയർത്തി.
“എന്റെ അമ്മയേയെങ്ങാനും തൊട്ടാ… ആ കൈ ഞാൻ വെട്ടും. ക്രിസ്റ്റിയാ പറയുന്നത്. വെട്ടുമെന്ന് പറഞ്ഞ വെട്ടിയിരിക്കും.”
പിന്നിൽ നിന്നും ക്രിസ്റ്റിയുടെ ഗൗരവമേറിയ ശബ്ദം.
തല ചെരിച്ചു നോക്കിയ വർക്കി അവന്റെ മുഖത്തെ ഭാവം കൂടി കണ്ടതോടെ അയാൾ അറിയാതെ തന്നെ ആ കൈകൾ താഴ്ന്നു പോയിരുന്നു…
നിറഞ്ഞു തൂവിയ കണ്ണുകൾക്കിടയിൽ ഡെയ്സി അവനെ നോക്കി.
എന്റെ അമ്മ..
ആ വാക്കുകൾ അവർ വീണ്ടും വീണ്ടും കേട്ടിരുന്നു.
ചുണ്ടുകൾ വിതുമ്പി.. എന്നിട്ടും അവർ ചിരിക്കുകയായിരുന്നു.
ക്രിസ്റ്റി നടന്നു ചെന്നിട്ടു അവരുടെ അരികിൽ പോയി നിന്നു.
“ഇത്രേം കാലം.. നിങ്ങളുടെ നേരെ ഞാൻ വരാഞ്ഞത്… എന്റെ.. എന്റെ അമ്മ സന്തോഷത്തോടെയിരിക്കാൻ വേണ്ടിയായിരുന്നു. എന്റമ്മ വേദനിക്കാതിരിക്കാൻ ഞാനെന്റെ വേദനകളെ അടക്കി പിടിച്ചതായിരുന്നു. പക്ഷേ.. എനിക്കിപ്പോ തോന്നുന്നു ഞാൻ.. ഞാനത് ചെയ്തതാണ് ഏറ്റവും വലിയ തെറ്റെന്ന്.”
അവന്റെ കണ്ണിലെ നോവറിഞ്ഞതും ഡെയ്സിയുടെ വിറക്കുന്ന കൈകൾ അവന്റെ കവിളിൽ തൊട്ടു.
“എന്റെ… എന്റെ അമ്മക്കെന്നെ വേണമായിരുന്നു. എന്നെ മാത്രം മതിയായിരുന്നു. എനിക്ക്.. എനിക്കത് മനസ്സിലായില്ല. ഞാനത് മനസിലാക്കിയില്ല. അമ്മയ്ക്ക് എന്നെ വേണമെന്നറിയാതെ അകറ്റി നിർത്തിയവനാണ് ഞാൻ.. ക്ഷമിക്കമ്മേ…”
ആ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് ക്രിസ്റ്റിയത് പറഞ്ഞതും ഡെയ്സി കരഞ്ഞു പോയിരുന്നു.
എത്രയോ നാളുകൾക്ക് ശേഷം… അവരമ്മയും മകനുമായി.
പരസ്പരം തൊട്ടറിഞ്ഞ.. ഉള്ളറിയാവുന്ന അമ്മയും മകനും.
“ഇത് വരെയും ഇത് നിങ്ങളുടെ ഭാര്യയായിരുന്നു. ഇനി.. ഇനി ഇതെന്റെ അമ്മ കൂടിയാണ് “
ക്രിസ്റ്റിയുടെ കരുത്തുള്ള കൈകൾ ഡെയ്സിയേ പൊതിഞ്ഞു പിടിച്ചു.
അവന്റെ ചൂടിൽ.. വാക്കിൽ.. നോക്കിൽ… ഡെയ്സി സ്വയം മറന്ന് പോയിരുന്നു.
പുതു ജീവൻ കിട്ടിയത് പോലൊരു ആശ്വാസം അവരെ തഴുകി.
“അത് നീ മാത്രം തീരുമാനിച്ചാൽ മതിയോട?”
വർക്കിയുടെ പക നിറഞ്ഞ ശബ്ദം.
“ഞാനല്ല. എന്റമ്മ പറയുമെങ്കിൽ ഇനിയത് ക്രിസ്റ്റി ഫിലിപ്പിന്റെ അമ്മയാണ്…”അവന്റെ കൈകൾ ഡെയ്സിയിൽ കൂടുതൽ മുറുകി.
വർക്കിയുടെ കണ്ണുകൾ ഡെയ്സിയുടെ നേരെയായിരുന്നു.
ആ കണ്ണുകളിൽ പുതിയൊരു ഭാവം.അവന്റെ കൈകൾക്കുള്ളിൽ ആ നെഞ്ചിൽ ചേർന്നു തല ഉയർത്തി പിടിച്ചു നിൽക്കുന്നു.
അതിനോളം വലിയൊരു തോൽവി വർക്കിക്കിനി വരാനില്ല.
ഡെയ്സിയോടൊന്നും ചോദിക്കാൻ പിന്നെ വർക്കിക്ക് ധൈര്യമുണ്ടായിരുന്നില്ല.
കാരണം… അയാളേറെ ഭയന്നിരുന്ന സംഭവങ്ങളാണ് കണ്മുന്നിൽ അരങ്ങേറുന്നത്.
അവരമ്മയും മോനും ഒന്നായി എന്നതിന്റെ തെളിവാണ് ഡെയ്സിയുടെ കണ്ണുകളിൽ നിന്നും അയാൾ വായിച്ചെടുത്തത്.
ഇനി അയാൾക്ക് ഭയന്നെ മതിയാവൂ……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…