നിലാവിന്റെ തോഴൻ: ഭാഗം 58
രചന: ജിഫ്‌ന നിസാർ
“അമ്മാ…. “
ഉറക്കെ വിളിച്ചു കൊണ്ട് മീരാ ഞെട്ടി ഉണർന്നു.
അവളുടെ നിലവിളി കേട്ടിട്ടാണ് ഷീലയും ഉറക്കം വിട്ടേഴുന്നേറ്റത്.
“എന്താ മീരേ..?”
ഉറക്കച്ചടവോടെ തന്നെ ഷീല മീരയോട് വിളിച്ചു ചോദിച്ചു.
“ഒന്നു.. ഒന്നുല്ല “
വിയർത്തു നനഞ്ഞ മുഖം അമർത്തി തുടച്ചു കൊണ്ട് മീരാ പതിയെ പറഞ്ഞു.
കണ്ട സ്വപ്നം ഒരിക്കൽ കൂടി ഓർക്കുവാനുള്ള ധൈര്യം പോലുമില്ലായിരുന്നു അപ്പോഴവളിൽ.
കാൽ മുട്ടിലേക്ക് മുഖം പൂഴ്ത്തി കിടന്നു കരയുബോൾ അമ്മയെ കാണാൻ അത്രമാത്രം കൊതിക്കുന്നൊരു മനസ്സ് അവൾക്കുള്ളിൽ വീർപ്പു മുട്ടുന്നുണ്ടായിരുന്നു.
അവരെ റൂമിലാക്കി ക്രിസ്റ്റി പോയിട്ടും കണ്ണീർ തോരാതെ ഏറെ നേരമിരുന്നതിന്റെ ഇടയിലെപ്പോഴോ ഒന്നുറങ്ങി പോയതാണ്… ഭയപ്പെടുത്തുന്ന ഒരു സ്വപ്നം കൊണ്ട് ഇല്ലാതെയാത്.ഉറങ്ങുമ്പോൾ വേദന ഒന്നും അറിയണ്ടായിരുന്നു.
ഷീലയും അവളോട് പറയാനിനി ഒരു ആശ്വാസവാക്കില്ലാത്ത വിധം കുഴഞ്ഞു പോയിരുന്നു.
സന്ധ്യയായി തുടങ്ങിയെന്നു മങ്ങിയ വെളിച്ചം അടയാളപ്പെടുത്തിയിരുന്നു.
കൊണ്ട് വന്നതിൽ പിന്നെ അന്നേരം വരെയും ശാരിയെ ഒരു നോക്ക് കാണാൻ കൂടി കഴിയാത്ത മീരയുടെ സങ്കടം വളരെ വലുതായിരുന്നു.
ഡോക്ടർ കാര്യമായൊന്നും പറഞ്ഞിട്ടുമില്ല.
“രാത്രി.. റൂമിലേക്ക് മാറ്റുമെന്ന് മുഖത്തു നോക്കാതെ ക്രിസ്റ്റി പറഞ്ഞതിൽ മാത്രം ആശ്വാസം കണ്ടെത്തിയത് ഓരോ സെക്കന്റും തള്ളി നീക്കുന്നത്.
ഇരുന്നിട്ട് കാല് കഴച്ചപ്പോൾ മീരാ പതിയെ കട്ടിലിൽ നിന്നും താഴെക്കിറങ്ങി.
ബലമില്ലാത്തത് പോലെ ശരീരം ഒന്നാടി കുഴഞ്ഞപ്പോൾ അവൾ ചുവരിൽ പിടിച്ചു.
വാർഡിൽ മതിയെന്ന് പറഞ്ഞിട്ടും ക്രിസ്റ്റി റൂമാണ് എടുത്തത്
ചെറിയ രണ്ട് കട്ടിലും ഇരുമ്പിന്റെ കുഞ്ഞൊരു മേശയുമുണ്ട് അതിനകത്ത്. അതിനിനി വായിൽ കൊള്ളാത്ത വാടകയും കൊടുക്കേണ്ടി വരും.
ഷീല ഉറക്കത്തിലായത് കൊണ്ട് മീരാ അവരെ ഉണർത്താതെ ബാത്റൂമിൽ കയറി മുഖം നന്നായി കഴുകി.
തിരികെ മുറിയിലെത്തിയിട്ടും മനസ്സിലെ എരിച്ചിൽ അടങ്ങുന്നുണ്ടായിരുന്നില്ല.
ഈ വലിയ ലോകത്ത് താനൊറ്റക്കായത് പോലൊരു തോന്നൽ അവളെ ചൂഴ്ന്ന് നിന്നിരുന്നു.
നീണ്ട പതിനേഴു വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും തോന്നാത്ത ആ ചിന്ത ആ നിമിഷം അവളെ വല്ലാതെ നോവിച്ചു.
അങ്ങനൊരു ചിന്തയിലേക്ക് അമ്മ എത്തിച്ചിരുന്നില്ല.
കഴിയുന്നത് പോലെ തനിക്ക് വേണ്ടി എല്ലാം ഒരുക്കി തന്ന് കൊണ്ട് കൂടെ ഉണ്ടായിരുന്നു.
മീരാ വാതിൽ തുറന്നു പുറത്തേക്കിറങ്ങി ഇടവും വലവുമൊന്നു നോക്കി.
നീണ്ടൊരു വരാന്തയിലേ ഇരു സൈഡിലും നമ്പർ അടയാളപെടുത്തിയ മുറികളാണ്.
പല മുറികൾക്ക് മുന്നിലും ഊരിയിട്ട ചെരുപ്പുകൾ മാത്രം അവശേഷിക്കുന്നു.
ഇടയ്ക്കിടെ വലിയ ടൂബ് ലൈറ്റ് കത്തി നിൽക്കുന്നുണ്ട്.
ചുരിദാറിന്റെ ഷാൾ ഒന്നൂടെ നേരെയിട്ട് വാതിൽ ചാരി മീരാ വീണ്ടും icu വിനെ ലക്ഷ്യമാക്കി നടന്നു.
അതിന് മുന്നിൽ നിൽക്കുമ്പോഴാണ് അൽപ്പമെങ്കിലും ആശ്വാസം.
അതിനകത്താണേലും അമ്മ കൂടെയുണ്ടെന്നുള്ള വലിയ ആശ്വാസം.
ആ ഓർമയിൽ തടഞ്ഞത് കൊണ്ടായിരിക്കും…മീരയുടെ കണ്ണ് നിറഞ്ഞു.
എതിരെ വരുന്നവരെല്ലാം അവളുടെ നേരെ നോക്കിയിട്ട് കടന്ന് പോകുമ്പോഴും അതൊന്നും അറിയാതെ അവളെതോ ചിന്തയുടെ ഭാരവുമേന്തി സ്വയം മറന്നു നടക്കുകയായിരുന്നു..
❣️❣️❣️
“നിങ്ങള് നിന്ന് കുടുംബപുരാണം പറയാതെ എന്റെ ചെക്കനെ തല്ലി ചതച്ചതിനുള്ള സമാധാനം പറയെടാ നീ “
പിന്നിൽ നിന്നും വീണ്ടും സൂസന്റെ രോദനം..
ക്രിസ്റ്റി ഡെയ്സിയേ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ അവർക്ക് നേരെ തിരിഞ്ഞു.
“അതിനുള്ള ഉത്തരം ഞാനും പറഞ്ഞു കഴിഞ്ഞതാണല്ലോ.. ഇനിയും എന്തോന്ന് ഇത്രേം പറയാൻ..?”
ക്രിസ്റ്റി പരിഹാസത്തോടെ ചോദിച്ചു.
“വർക്കിച്ഛനൊന്നും പറയാനില്ലേ ഇനി?”
ക്രിസ്റ്റിയേ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന വർക്കിയുടെ നേരെയായി സൂസന്റെ ചോദ്യം.
അയാളൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും ക്രിസ്റ്റിയുടെ ചിരിക്ക് ഭംഗിയേറി.
“എന്നിട്ടെന്തേ.. ഇത് ചോദിക്കാൻ വരുമ്പോൾ നിങ്ങടെ പുന്നാര മോനെ കൂട്ടാണ്ട് വന്നത്.അടി കിട്ടി പഞ്ചറായ അവനല്ലേ ഇത് വന്നിട്ട് ചോദിക്കാനുള്ള ഏറ്റവും കൂടുതൽ അർഹത.എവിടെ അവൻ…?”
ക്രിസ്റ്റി ഡെയ്സിയേ വിട്ട് സൂസന്റെ നേരെ മുന്നിൽ ചെന്നു നിന്നിട്ട് ചോദിച്ചു.
ഒരുനിമിഷം അവന്റെ ചോദ്യം കേട്ടിട്ട് സൂസൻ പരുങ്ങി.
“ഞാൻ അവനെയാണ് പ്രതീക്ഷിച്ചിരുന്നത്.”
അത് മനസിലായതും..ക്രിസ്റ്റി വീണ്ടും ചോദിച്ചു.
“അത്.. അത് പിന്നെ അവന് എഴുന്നേറ്റു നടക്കുവാനൊക്കുവോ.. അക്കോലത്തിൽ ആക്കിയില്ലേ നീ?”
സൂസൻ അവന്റെ നേരെ നോക്കി ചീറി കൊണ്ട് പറഞ്ഞു.
അത് കേട്ടതും ക്രിസ്റ്റി ഉറക്കെ ചിരിച്ചു കൊണ്ട് അവരെ നോക്കി.
പല്ല് കടിച്ചു കൊണ്ട് അവന്റെ നേരെ നോക്കി നിൽക്കുന്നുണ്ട് എന്നല്ലാതെ വർക്കി ഒന്നും പറയുന്നുണ്ടായിരുന്നില്ല.
ഇനി എന്ത് പറഞ്ഞിട്ടാണ് അവനെയൊന്ന് ഒതുക്കി നിർത്തുകയെന്ന് അയാൾക്കറിയില്ല.
അവനെതിരെ ഏറ്റവും എളുപ്പത്തിൽ എപ്പോഴുമെടുത്തു പ്രായോഗിക്കുന്ന ആ ആയുധമാണ് അവന്റെ നെഞ്ചിൽ ചേർന്നു നിന്നിട്ട് തന്നെ തോൽപ്പിച്ചിരിക്കുന്നത്.
ഇനി പുതിയൊരായുധം കണ്ട് പിടിക്കേണ്ടിയിരിക്കുന്നു.
വർക്കിയുടെ മനസ്സ് നാനവഴിക്കും ഓടി അലയുന്നുണ്ട് ഒരു കാരണം തേടി…
സൂസന്റെ നോട്ടവും ക്രിസ്റ്റിക്ക് നേരെയാണ്.
ആത്മവിശ്വാസം നിഴലിക്കുന്ന അവന്റെ കണ്ണിലേക്കു നോക്കുമ്പോൾ.. സൂസന് ഓർമ വന്നത് സ്വന്തം മകന്റെ കണ്ണിലെ ഭയമാണ്.
എന്തൊക്കെ പറഞ്ഞിട്ടും എത്രയൊക്കെ ധൈര്യം കൊടുത്തിട്ടും തനിക്കൊപ്പം ഇവിടേക്ക് വരാൻ അവൻ തയ്യാറായില്ലെന്ന് മാത്രമല്ല… പരമാവധി തന്നെ കൂടി ഇങ്ങോട്ടേക്കു വിടാതിരിക്കാനാണ് അവൻ ശ്രമിച്ചതും.
“വർക്കി അങ്കിളുമായി നമ്മൾക്കിനി ഒരു ബന്ധവും വേണ്ട. അത് നമ്മുടെ ആരോഗ്യത്തിനത്ര നല്ലതല്ലെന്ന് വേദന കടിച്ചമർത്തി പറയുന്നവനെ സൂസൻ ഓർത്തു പോയി.
ഒരുപാട് നിർബന്ധിച്ചു ചോദിച്ചിട്ടാണ് അവൻ ക്രിസ്റ്റിയുടെ പേര് പറഞ്ഞത് തന്നെ.
അത് കേട്ടതും ഉറഞ്ഞു തുള്ളിയ തനിക്ക് നേരെ അവൻ ദയനീയമായി കേഴുകയായിരുന്നു.. ഇനി ഇങ്ങോട്ട് വന്നിട്ട് പ്രശ്നമുണ്ടാക്കരുത് എന്നും പറഞ്ഞിട്ട്.
ഒടുക്കം അവനുറക്കമായെന്ന് കണ്ടതും തോമാച്ഛനെ അവന് കൂട്ടിരുത്തി വർക്കിയേ വിളിച്ചു വരുത്തി ആ കൂടെ ഇറങ്ങി പോരുകയായിരുന്നു.
“നീ ഒന്ന് സമാധാനിക്.. അവനെ ഒതുക്കാനുള്ള വഴിയൊക്കെ എനിക്കറിയാം “എന്ന് ഇങ്ങെത്തുവോളം വീമ്പ് പറഞ്ഞവനാണ് അവന്റെ മുന്നിൽ നനഞ്ഞ കോഴിയെ പോലെ നിൽക്കുന്നത്.
ആ നിമിഷം സൂസന് വർക്കിയോടാണ് ദേഷ്യം വന്നത് മുഴുവനും.
“നിങ്ങൾ എത്രയൊക്കെ വിളിച്ചാലും പുന്നാര മോനിനി ഇങ്ങോട്ട് വരില്ല.. ഇങ്ങോട്ടേക്കു എന്നൊന്നുമില്ല.. എന്റെ പെങ്ങളുടെ പരിസരത്ത് പോലും അവനിനി വരില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് “
ചിരിയോടെ ക്രിസ്റ്റി അത് കൂടി പറഞ്ഞതോടെ സൂസൻ വെട്ടിലായത് പോലെ തറഞ്ഞു നിന്നു.
“ഇനി എന്തെങ്കിലും പറയാനുണ്ടേൽ പെട്ടന്ന് ആയിക്കോട്ടെ. എനിക്ക് ടൈമില്ല. ഒരിടം വരെയും പോവാനുണ്ട്. പിന്നെ ഇതിന്റെ ബാക്കി വന്നു പറയാൻ നിങ്ങളെ ഈ പരിസരത്ത് കാണരുത്. അത് കരുതിയിട്ടാണ് ഞാൻ വീണ്ടും പറയുന്നത്.”
ക്രിസ്റ്റി ഓർമ്മിപ്പിച്ചു.
“അത് നീ പറഞ്ഞത് കൊണ്ടായില്ല ചെക്കാ… ഇവിടൊരുത്തി ഉണ്ടല്ലോ. എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഇപ്പൊ പൂച്ചയെ പോലെ മിണ്ടാണ്ട് നിന്നത് കൊണ്ടായില്ലല്ലോ. എന്റെ മോന്റെ ചൂട് പറ്റി കിടക്കാൻ പോയിട്ട്.. ഇപ്പൊ അവനെ തല്ലി കൊല്ലാനാക്കിയിട്ടും അവൾക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ അതെവിടുത്തെ ന്യായമാണ്.”
സൂസൻ ഡെയ്സിയുടെ അരികിൽ നിൽക്കുന്ന ദിൽനയുടെ നേരെ നോക്കി വിരൽ ചൂണ്ടി പറഞ്ഞു.
അവൾ കൂടുതൽ ഡെയ്സിയുടെ പിന്നിലേക്ക് മാറിയത് അസ്വസ്ഥതയോടെയാണ് വർക്കി കണ്ടത്.
അയാളൊന്നും മിണ്ടാതെ നിൽപ്പാണ്.
ഇവിടെയിപ്പോ അതാണ് കൂടുതൽ സേഫ് എന്ന് മനസ്സിലായത് പോലെ.
സൂക്ഷിച്ചു വേണം ഈ കൂട്ട്കെട്ട് തകർക്കാൻ.
ഇവരോരുമിച്ചാൽ ഏറ്റവും ആദ്യം പുറത്താവുന്നത്.. അല്ല ചവിട്ടി പുറത്താക്കുന്നത് തന്നെ ആയിരിക്കുമെന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു.
അത് തന്നെയാണ് കൊല്ലാനുള്ള കലി ഉണ്ടായിട്ടും കഷ്ടപ്പെട്ടിട്ടാണേലും മൗനം കൂട്ട് പിടിച്ചു നിൽക്കുന്നതും.
“വാ തുറന്നങ്ങോട്ട് പറയെടി.. നിനക്കെന്റെ ചെക്കന്റെ കൂടെ കിടക്കാൻ യാതൊരു മടിയുമില്ലായിരുന്നല്ലോ.?അവൻ വിളിച്ച ഉടനെ കൂടെ പോയത് അത് കൊണ്ടല്ലേ. അപ്പൊ നീ തന്നെ പറയങ്ങോട്ട്.. ഇവനോട്.. നിനക്കെന്റെ മോന്റെ കൂടെ ജീവിച്ചാൽ മതിയെന്ന് “
സൂസൻ ദിൽനയുടെ അരികിലേക്ക് ചെന്നിട്ടാണ് പറയുന്നത്.
കണ്ണുകൾ നിറച്ചു കൊണ്ടവൾ ചൂളി ചുരുങ്ങിയാണ് നിൽക്കുന്നത്.
അവളെ പിടിച്ചു വലിച്ചിടാൻ സൂസൻ കൈ ഉയർത്തി.. പക്ഷേ അതിന് മുന്നേ ക്രിസ്റ്റി അവർക്ക് മുന്നിലേക്ക് കയറി നിന്നിരുന്നു.
“എന്റെ വയസിനു മൂത്തതാണല്ലോ എന്നോർത്ത് കൊണ്ടാണ് ഇത് വരെയും നിങ്ങൾക്ക് നേരെ എന്റെ കൈ ഉയരാഞ്ഞത്. ഇനി.. ഇനി ഇമ്മാതിരി വർത്താനം പറഞ്ഞ.. കർത്താവാണെ … പോകുമ്പോൾ പല്ല് പൊറുക്കിഎടുത്തു പോകേണ്ടി വരും.. നൂറു തരം “
കത്തുന്ന അവന്റെ കണ്ണിലേക്കു നോക്കിയതും സൂസൻ അറിയാതെ തന്നെ ഒരടി പിന്നിലേക്ക് വെച്ചു.
“ഇങ്ങ് വാ… “
ക്രിസ്റ്റി കൈ നീട്ടി ദിൽനയേ വലിച്ചടുപ്പിച്ചു.
“നാക്കിനെല്ലില്ലാത്ത ഇവരുടെ വർത്താനം കേട്ടിട്ടാണോ നീ കണ്ണ് നിറച്ചു നിൽക്കുന്നത്. അയ്യേ.. മോശം “
ക്രിസ്റ്റി അവളുടെ കണ്ണുനീർ തുടച്ചു കളഞ്ഞു കൊണ്ടാണ് അത് പറഞ്ഞത്.
ആ വാക്കുകളും അവന്റെ പ്രവർത്തിയും വർക്കിയുടെ നെഞ്ചിലാണ് തറച്ചു കയറിയത്.
അവനെ പരിഹസിക്കാണും പുച്ഛിക്കാനും മാത്രം മിടുക്ക് കാണിച്ചവൾ ഇന്നവന്റെ കൈ പിടിയിൽ ഒതുങ്ങി നിൽക്കുന്നു.
അതയാളുടെ പല്ലുകൾ ഞെരിയിച്ചു.
“നീയാണ്.. ഇവിടെ ഉത്തരം പറയേണ്ടത്. നിന്റെ ജീവിതമാണ്. നീ തന്നെയാണ് തീരുമാനം പറയേണ്ടതും. ധൈര്യമായിട്ട് പറ.. നിന്റെ മനസ്സിലുള്ളത്.”
ക്രിസ്റ്റി ദിലുവിന്റെ തോളിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.
അവൾ അവനെ തന്നെ നോക്കി.
“പേടിക്കേണ്ട.. ആരും നിന്നെ ഒന്നും ചെയ്യില്ല. ചേട്ടായി നോക്കി കൊള്ളാം…”
നേർത്തൊരു ചിരിയോടെ ക്രിസ്റ്റി കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് പറഞ്ഞു.
“ദിൽന നിങ്ങടെ മകളല്ലേ വർക്കിച്ച.. അവളുടെ കാര്യം എന്തിനാ…”
സൂസൻ ദേഷ്യത്തോടെ വർക്കിയോട് വിളിച്ചു പറയുന്നതിനിടെ തന്നെ ചൂണ്ടു വിരൽ ചുണ്ടോട് ചേർത്തിട്ട് ക്രിസ്റ്റി മിണ്ടരുതെന്ന് ആഗ്യം കാണിച്ചു.
“ഇക്കാര്യത്തിൽ ഇവിടെ അച്ഛനും മോളുമൊന്നൊന്നും ഇല്ല. നിങ്ങടെ പുന്നാര മോൻ ഇവളെ വളച്ചൊടിച്ചു കൂടെ കൂട്ടാൻ ഈ നാറിയ കളിയൊക്കെ കളിച്ചത് ഇവളോടുള്ള മുടിഞ്ഞ സ്നേഹം കൊണ്ടൊന്നുമല്ലെന്ന് എന്നേക്കാൾ നന്നായിട്ട് നിങ്ങൾക്ക് തന്നെ അറിയാമെന്നിരിക്കെ കൂടുതൽ പ്രഹസനം ഇങ്ങോട്ട് വേണ്ട.മനസ്സിലായോ?”
ക്രിസ്റ്റി ചോദിച്ചു.
സൂസന്റെ മുഖം വിളറി വെളുത്തു പോയിരുന്നു.
അവരുടെ കണ്ണുകൾ ഭയത്തോടെ വർക്കിയുടെ നേരെ തെന്നി മാറി.
“നീ പറ.. നിനക്കിനി റോയ്‌സിനെ വേണോ.. നിന്റെ ജീവിതം അവനോടൊപ്പം ഷെയർ ചെയ്യാൻ നീ ആഗ്രഹിക്കുന്നുണ്ടോ?”
ദിൽനയേ അൽപ്പം കൂടി മുന്നിലേക്ക് വലിച്ചു നീക്കിയിട്ടാണ് ക്രിസ്റ്റി ചോദിച്ചത്.
“ഇല്ല… എനിക്കവനെ കാണുന്നത് പോലും അറപ്പാണ് “
സൂസന്റെ നേരെ നോക്കി ഒട്ടും പതർച്ചയില്ലാതെ ദിൽന പറഞ്ഞു.
“ദേ ഇവന്റെ വാക്ക് കെട്ട് തുള്ളാൻ നിക്കല്ലേ കൊച്ചേ.. കാൽകാശിനു വകയില്ലാത്തവനാ.. ഇവനങ്ങനെ ഒപ്പം ആളെ കൂട്ടാൻ പലതും പറയും.. “
സൂസൻ ദിൽനയേ നോക്കി ചുണ്ട് കോട്ടി.
“അതിന് ഇത് നിങ്ങളുടെ മകൻ റോയ്സ് അല്ല. എന്റെ ചേട്ടായിയാണ്. ഈ സ്നേഹം ഞാൻ മനസ്സിലാക്കാൻ വൈകി പോയി…”
നിറഞ്ഞ കണ്ണോടെ ദിൽന ക്രിസ്റ്റിയെ കയ്യിൽ പിടിച്ചു വലിച്ചിട്ട് അവളുടെ അരികിലേക്ക് നിർത്തി.
ഡെയ്സിയുടെ കണ്ണുകൾ പരിഹാസത്തോടെ വർക്കിയുടെ നേരെ തിരിഞ്ഞു.
“അത് പോലെ തന്നെ നിങ്ങളുടെ മകന് എന്നോട് ഉണ്ടെന്ന് പറഞ്ഞിരുന്ന സ്നേഹത്തിലെ ചതിയും ഞാൻ മനസ്സിലാക്കാൻ വൈകി..എന്റെ ഏറ്റവും വലിയൊരു തെറ്റ് അത് തന്നെ ആയിരുന്നു.”
ദിൽന ക്രിസ്റ്റിയുടെ കയ്യിൽ ചുറ്റി പിടിച്ചു നിന്നിട്ടാണ് അത് പറഞ്ഞത്.
“ഇനി ഈ പേരും പറഞ്ഞിട്ട് നിങ്ങളോ നിങ്ങളുടെ വൃത്തിക്കെട്ട മകനോ എനിക്ക് മുന്നിലേക്ക് വരണമെന്നില്ല. നിങ്ങൾക്കറിയാവുന്ന ദിൽന മരിച്ചു. ഈ നിൽക്കുന്നത് തികച്ചും പുതിയ ഒരാളാണ്..എനിക്കിനി നിങ്ങളെ അറിയില്ല. അത് പോലെ തന്നെ ആവട്ടെ നിങ്ങള്ക്ക് ഞാനും”
ദിൽന ഉറപ്പോടെ പറയുമ്പോൾ കണ്ണുകൾ അടച്ചു പിടിച്ചു നിൽക്കുന്ന വർക്കിയേ ക്രിസ്റ്റിയൊന്ന് തിരിഞ്ഞ് നോക്കി.
അവന്റെയാ നോട്ടം താങ്ങാൻ വയ്യെന്നത് തോന്നിയിട്ടാണ് അയാളാ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചതെന്ന് ഡെയ്സിക്ക് മനസ്സിലായി.
സൂസന്റെയും മുഖം ഇഞ്ചി കടിച്ചത് പോലാണ്.
അത്രയും ഉറപ്പോടെ ദിൽന പറയുമെന്ന് അവരാരും സ്വപ്നത്തിൽ പോലും കരുതിയില്ല.
ഡെയ്സി പോലും അമ്പരന്ന് പോയിരുന്നു.
ക്രിസ്റ്റിയുടെ നേരെ നോക്കി അവൾ ചിരിച്ചു കൊണ്ട് പുരികം പൊക്കി.
അവനും ഒന്ന് കണ്ണടച്ച് കാണിച്ചു.
“അപ്പൊ ആ കാര്യത്തിലൊരു തീരുമാനമായ സ്ഥിതിക്ക്.. ഇനി വന്ന വഴി വിടുകയല്ലേ.. നല്ലത് “
ക്രിസ്റ്റി പുച്ഛത്തോടെ സൂസനെ നോക്കി.
വർക്കിയേ ഒന്ന് തുറിച്ചു നോക്കി എന്നല്ലാതെ സൂസന് പിന്നൊന്നും പറയനുണ്ടായില്ല.
ക്രിസ്റ്റീയോടുള്ള ദേഷ്യം അവരുടെ പല്ലുകൾക്കിടയിൽ ഒതുക്കി കളഞ്ഞു.
“ഒന്ന് കൂടി കേട്ടിട്ട് പോ…”
തിരിഞ്ഞു നടക്കാൻ തുടങ്ങിയ സൂസന് മുന്നിലേക്ക് ക്രിസ്റ്റി കയറി നിന്നു.
“ദിൽന പറഞ്ഞത് പോലെ.. ഇത് ഇവിടം കൊണ്ട് തീരുകയാണ്. ഇനിയിതും പറഞ്ഞിട്ട് ഇങ്ങോട്ട് വന്നാൽ ഈ കോലത്തിൽ തിരികെ പോവില്ല. കുന്നേൽ ബംഗ്ലാവിന്റെ ഗേറ്റ് കടക്കുമ്പോൾ അതോർത്തു വേണം മുന്നോട്ടു നടക്കാൻ.ദിലു പറഞ്ഞത് പോലെ.. നിങ്ങളുടെ മുന്നിലുള്ള ഞാനും പുതിയതാണ്. ഇനി ഇവരുടെ കാര്യത്തിൽ തീരുമാനം ക്രിസ്റ്റീയുടേതാണ്…”
കടുപ്പത്തിൽ അത് പറഞ്ഞിട്ട് ക്രിസ്റ്റി സൂസൻ നോക്കി.
അവനെയൊന്ന് നോക്കിയിട്ട് സൂസൻ ഇറങ്ങി പോയതും ക്രിസ്റ്റി വർക്കിയുടെ നേരെ ചെന്നു.
അവനെ നോക്കാതെ മറ്റെങ്ങോ നോക്കി നിൽക്കുന്ന അയാളെ അവൻ ഒരു നിമിഷം നോക്കി നിന്നു.
“പെങ്ങളോട് പറഞ്ഞതെ… എനിക്ക് ആങ്ങളയോടും പറയാനൊള്ളൂ. ഇതിവിടെ തീർന്നു. തീർത്തേക്കണം. ഇനി ഇതിന്റെ പേരിൽ ഇവിടെ ആരെങ്കിലും വേദനിച്ചു എന്ന് ഞാനറിഞ്ഞ… നിങ്ങളിത് വരെയും കണ്ട ആളായിരിക്കില്ല ഞാൻ. അത് മറക്കരുത്.”
അവനെ രൂക്ഷമായി നോക്കി നിന്നു എന്നല്ലാതെ അപ്പോഴും വർക്കി ഒന്നും മിണ്ടിയില്ല.
ഡെയ്സിക്കതിൽ അത്ഭുതമൊന്നും തോന്നിയില്ല.
അയാൾ കക്കാനും നിക്കാനും പഠിച്ച കള്ളാനാണെന്ന് വളരെ മുന്നേ തന്നെ അവരറിഞ്ഞു കഴിഞ്ഞതാണല്ലോ..
“ഇവർ നിങ്ങളിൽ നിന്നല്ല.. തെറ്റിൽ നിന്നും രക്ഷപെട്ടു എന്ന് കരുതി ആശ്വാസിക്കുക.. അതിന് കഴിയില്ലെങ്കിൽ.. ഇവരുടെ വഴിയിൽ തടസ്സങ്ങൾ സൃഷ്ടിച്ചു വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കുക.. അപ്പോഴും നിങ്ങൾ നന്നായി കാണും എന്നുള്ള അത്യാഗ്രഹമൊന്നും എനിക്കില്ല. കാരണം നടക്കാത്ത മോഹങ്ങളെ ക്രിസ്റ്റി ഫിലിപ്പ് വളമിട്ട് വളർത്താറില്ല…”
കണ്ണിമ വെട്ടാതെ തന്നെ നോക്കി നിൽക്കുന്ന വർക്കിയോട് അത് കൂടി പറഞ്ഞിട്ട് ക്രിസ്റ്റി ഡെയ്സിയുടെയും ദിൽനയുടെയും നേരെ തിരിഞ്ഞു.
ആ രണ്ടു മനസ്സുകളിലെയും ആശ്വാസം ആ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു.
“എനിക്ക്.. എനിക്കൊരിടം വരെയും പോവാനുണ്ട്. അത് കഴിഞ്ഞിട്ട് നമ്മൾക്കൊന്ന് ഹോസ്പിറ്റലിൽ പോകാം. ഒരുങ്ങി നിൽക്കണേ.. രണ്ടാളും..”
അത് പറയുമ്പോൾ അവന്റെ സ്വരം അറിയാതെ തന്നെ മൃദുവായി പോയിരുന്നു.
ചിരിയോടെ ഡെയ്സി അവന്റെ കവിളിൽ തൊട്ടു കൊണ്ട് തലയാട്ടി.
അവർക്കപ്പോൾ ഒരു വയ്യായ്കയും ഇല്ലായിരുന്നു..
ധൃതിയിൽ തിരിഞ്ഞു നടന്നവൻ വാതിൽക്കൽ അവനെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന മറിയാമ്മച്ചിയെ കണ്ടതും അവിടെ നിന്ന് പോയി.
മറിയാമ്മച്ചി അവനെ തലയാട്ടി അടുത്തേക്ക് വിളിച്ചു.
അരികിലേക്ക് എത്തിയ അവനെ ചേർത്ത് പിടിച്ചു കൊണ്ട് ആ നെറ്റിയിൽ ചുണ്ട് ചേർക്കുമ്പോൾ അവരുടെ ഉള്ളിലെ മുഴുവൻ സ്നേഹത്തിന്റെയും കനമുണ്ടായിരുന്നു ആ ചുംബനത്തിന്.
കണ്ണുകൾ അടച്ചു പിടിച്ചു ഹൃദയം കൊണ്ടാണ് ക്രിസ്റ്റി അത് സ്വീകരിച്ചതും………കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…