Novel

നിലാവിന്റെ തോഴൻ: ഭാഗം 59

രചന: ജിഫ്‌ന നിസാർ

പ്രതീക്ഷിച്ചത് പോലൊരു എതിർപ്പ് ഗൗരിയിൽ ഇല്ലെന്ന് തോന്നിയതും റിഷിന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ നിന്നും കഴുത്തിലേക്കൂർന്നിറങ്ങി.

ആ നിമിഷം തന്നെയാണ് പിടഞ്ഞു കൊണ്ടവൾ അവനെ തള്ളി മാറ്റിയതും.

“എന്താ ഈ ചെയ്യുന്നേ…?”

കിതപ്പൊതുങ്ങാതെ അവളുടെ സ്വരം പലയിടത്തും മുറിഞ്ഞു പോയിരുന്നു.

വിയർപ്പു തുള്ളികൾ പറ്റി പിടിച്ചു നിൽക്കുന്ന അവളുടെ മുഖത്തേക്ക് റിഷിൻ വീണ്ടും കൊതിയോടെയാണ് നോക്കുന്നത് എന്നറിഞ്ഞതും അവൾ അവനിൽ നിന്നും നീങ്ങി നിന്നിരുന്നു.

“പ്ലീസ്.. ഗൗരി… വാ “

അവൾക്ക് നേരെ കൈ നീട്ടി കൊണ്ടവൻ വീണ്ടും വിളിച്ചു.

“എനിക്കിതൊന്നും ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ റിഷിയേട്ട…”

കണ്ണുരുട്ടി കൊണ്ടവൾ ചോദിക്കുമ്പോൾ പുച്ഛത്താൽ കോടി പോയ ചുണ്ടുകൾ അവൾ കാണരുതെന്ന് കരുതിയിട്ടാണ് റിഷിൻ തിരിഞ്ഞു നിന്നത്.

‘കല്യാണത്തിന് മുന്നേ എന്റെ വിരൽ തുമ്പിൽ പോലും പിടിക്കുന്നത് എനിക്കിഷ്ടമല്ലെ’ന്ന് കടുപ്പത്തിൽ പറഞ്ഞവളാണ് ഒരു സ്വർണമോതിരത്തിന്റെ തിളക്കത്തിൽ മഞ്ഞളിച്ചു ശ്വാസമെടുക്കാനുള്ള പിടച്ചിലാവും വരെയും തന്റെ ചുംബനത്തിൽ ലയിച്ചു നിന്നതെന്നോർക്കുമ്പോൾ പുച്ഛമല്ലാതെ.. അത് അവനോടുള്ള  വിശ്വാസമാണ് സ്നേഹമാണെന്നൊന്നും തോന്നാൻ മാത്രം ഹൃദയവിശാലത അവനുമില്ലായിരുന്നു.

അവളിലേക്കുള്ള ദൂരം ഇത്തിരി കൂടി കുറഞ്ഞതിന്റെ അഹന്തയായിരുന്നു ആ മുഖം മുഴുവനും.

“പിണങ്ങല്ലേ റിഷിയേട്ട.. എന്നായാലും ഞാൻ സ്വന്തമാവാനുള്ളതല്ലേ.?അത് വരെയും ഇതൊന്നും വേണ്ടന്ന് പറഞ്ഞത് നമ്മുടെ നന്മക്ക് വേണ്ടിയല്ലേ.. പ്ലീസ്..”

അവനുള്ളിൽ അവളിലെ പെണ്ണിനെ കൊത്തി പറിച്ചിട്ട് അവളുടെ കണ്ണെത്താത്തിടത്തിലേക്ക് പറന്നു പോകാനൊരുങ്ങുന്ന ആ കഴുകൻ മനസ്സിനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലയെന്നത് കൊണ്ട് തന്നെ ഇച്ഛാഭംഗത്തോടെ പിണക്കം നടിച്ചു നിൽക്കുന്ന റിഷിന്റെ കൈകളിൽ തൂങ്ങി അവന്റെ പിണക്കം തീർക്കാനുള്ള തത്രപാടിലായിരുന്നു ഗൗരിയപ്പോഴും…

                            ❣️❣️❣️

മൂന്നാമതും ബെല്ലടിച്ചു നിശബ്‍ദമാകുന്ന ഫോണിലേക്ക് നോക്കുമ്പോഴൊക്കെയും പാത്തുവിന്റെ ഹൃദയം കനമേറി തുടങ്ങി.

“ഇനിക്കിവിടെ മിണ്ടാനും പറയാനും ആരൂല്ലന്ന് ശെരിക്കും അറിയാവുന്നതല്ലേ..?”
ഉള്ളിലെ സങ്കടം പതിയെ പരിഭവമാവുന്നുണ്ട്.

കുറച്ചു നേരമായി ക്രിസ്റ്റിയെ വിളിക്കാൻ തുടങ്ങിയിട്ട്.
പക്ഷേ ബെല്ലടിച്ചു നിൽക്കുന്നുവെന്നതല്ലാതെ അതിനപ്പുറം കേൾക്കാൻ അവളേറെ കൊതിയോടെ കാത്തിരിക്കുന്ന അവന്റെ സ്വരം മാത്രം ഒഴുകിയെത്തുന്നില്ല.

അതിന്റെയാണ് സങ്കടം മുഴുവനും.

കേൾക്കാനല്ല. ഉള്ളം തുടി കൊട്ടുന്നത് മുഴുവനും ആ മുഖമൊന്ന് കാണാനാണ്.

ആ കണ്ണിലെ സ്നേഹത്തിൽ അലിഞ്ഞു ചേരാനാണ്.

നിറയെ നിറയെ അവനോട് എന്തൊക്കെയോ പറയാനാണ്.

ഉള്ളം നിറച്ചു കൊണ്ട് അവൻ പറയുന്നത് ആ തോളിൽ ചാരി കേട്ടിരിക്കാനാണ്..

ഇതൊന്നും തത്കാലം നടക്കില്ലെന്നുള്ളത് അവളിലെ തരളിതയായ കാമുകി സ്വയം മനസ്സിലാക്കിയത് കൊണ്ടാണ് ആ ആഗ്രഹങ്ങളെല്ലാം ഒരൊറ്റ വിളിയിലൊതുക്കിയത്.

അതവൻ എടുത്തതുമില്ല.

“പോവാൻ ഒരുങ്ങിയേച്ചും വാ. ഞാൻ കൊണ്ട് പോവാനുള്ളത് എടുത്തു വെച്ചിട്ടുണ്ട് “

മറിയാമ്മച്ചി സ്നേഹം വലയത്തിൽ നിന്നും ക്രിസ്റ്റിയെ മോചിപ്പിച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു.

ഒന്ന് കൂടി അവരെ നെഞ്ചിൽ ചേർത്ത് പിടിച്ചിട്ടാണ് ക്രിസ്റ്റി ആ പിടി വിട്ട് മുകളിലേക്ക് കയറി പോയതും.

ഉള്ളിലെ സന്തോഷത്തിന്റെ ആധിക്യം കൊണ്ടായിരിക്കും.. അവനപ്പോൾ വീർപ്പുമുട്ടുന്നുണ്ടായിരുന്നു.

ആർത്തലച്ചു പെയ്യാനൊരുങ്ങുന്ന ഒരു പെരുമഴ അവന്റെ ഇടനെഞ്ചിൽ ഇരമ്പുന്നുണ്ടായിരുന്നുവപ്പോൾ.

മുകളിലേക്കുള്ള പടികൾ കയറുമ്പോൾ ഒരിക്കൽ കൂടി അവനൊന്നു തിരിഞ്ഞു നോക്കി.

അവൻ പോകുന്നത് നോക്കി ഡെയ്സിയും ദിലുവും അവിടെ തന്നെ ഉണ്ടായിരുന്നു.

എന്ത് കൊണ്ടോ ക്രിസ്റ്റിക്ക് കണ്ണ് നിറഞ്ഞു.

മുറിയിലേക്കെത്തി കിടക്കയിലെക്കിരുന്നു കൊണ്ടവൻ കഴിഞ്ഞു പോയ കാലത്തിനെ വെറുതെ ഒന്നോർത്തു നോക്കി.

ഓരോ അവഗണനകളും നെഞ്ച് പൊള്ളിക്കുമ്പോഴും.. വെറുതെ മോഹിച്ചിരുന്നു… എന്നെങ്കിലും ഇവരെല്ലാം സ്നേഹത്തോടെ തന്നിലേക്കൊന്ന് നോക്കുന്ന ആ നല്ല ദിവസത്തിനെ…

ചേർത്ത് പിടിച്ചു കൊണ്ട് എന്റെ എന്ന അഹങ്കാരത്തോടെ നിൽക്കുന്ന ക്രിസ്റ്റിയെ അവനെത്ര കിനാവ് കണ്ടിട്ടുണ്ട്..

ഇതിങ്ങനെ ചേർത്ത് വിളക്കാനാവും കാലം കാത്തിരുന്നത്.

പലപ്പോഴും ആശ്വാസവാക്കുകൾക്കൊന്നും ആഗ്രഹങ്ങളെ തടഞ്ഞു നിർത്താനായിട്ടില്ലായിരുന്നു.

അതങ്ങനെ ഹൃദയം മുഴുവനും പതഞ്ഞു പൊങ്ങി.. കിട്ടില്ലന്നറിയുമ്പോ ഒരുപാടവനെ നോവിച്ചിട്ടുണ്ട്.

ലോകത്തുള്ളവരെല്ലാം… അവരാഗ്രഹിക്കുന്ന പോലെ സ്നേഹിക്കപ്പെട്ടാൽ.. പരിഗണിക്കപ്പെട്ടാൽ ജീവിതമെത്ര മനോഹരമായി പോവുമായിരുന്നു..

ലോകമെത്ര സുന്ദരമായി തീരുമായിരുന്നു..

ഒറ്റപെട്ടുവെന്ന് കരുതി സ്വയം നമ്മളിലേക്ക് ചുരുങ്ങി പോകുമ്പോഴും ചുറ്റിലുമുള്ള ആരെങ്കിലുമൊന്നു നമ്മളെ കണ്ടെത്തിയെങ്കിൽ.. മനസ്സിലാക്കിയെങ്കിൽ.. എന്നത് തന്നെയായിരിക്കും എല്ലാവരുടെയും ഏറ്റവും വലിയ മോഹം.

എന്റെ അമ്മ… 

ആ ഓർമ തന്നെ അവനുള്ളം ആർദ്രമായി പോയിരുന്നു.

ഇന്നാ കണ്ണിൽ തന്നോടുള്ള സ്നേഹത്തിന്റെ ഒരായിരം കടൽ ഒന്നിച്ചലറി വിളിക്കുന്നത് നേരിട്ട് അനുഭവിച്ചതാണ് 

മാറ്റി നിർത്തിയതല്ലല്ലോ…?

മാറി കൊടുക്കുകയായിരുന്നില്ലേ?

അമ്മയ്ക്ക് നഷ്ടപ്പെട്ട ജീവിതം താൻ കാരണം ഇല്ലാതെയാവരുതെന്ന് കരുതിയിട്ട്…

ചില ബന്ധങ്ങലല്ലെങ്കിലും അങ്ങനെയാണ്.. അവയ്ക്ക് പകരമാവാൻ ഭൂമിയിൽ ഒന്നിനും കഴിയാറില്ല.

ക്രിസ്റ്റിക്ക് അമ്മയെ പോലെ..

മേശയിൽ ചാർജിലിട്ട ഫോൺ ബെല്ലടിക്കുന്നത് കേട്ടിട്ടാണ് ക്രിസ്റ്റി ഓർമകളിൽ നിന്നും ഞെട്ടിയത്.

ഹോസ്പിറ്റലിലെ കാര്യം ഓർത്തതും അവന്റെ നെഞ്ചോന്നാളി.

അറിയാതെ തന്നെ കണ്ണുകൾ ചുവരിലെ ക്ലോക്കിലേക്ക് ചെന്നു നിന്നു.

കർത്താവെ… കാത്തിരുന്നു മുഷിഞ്ഞത് കൊണ്ടിനി ഫൈസി ആയിരിക്കുമോ..?

അനേകം ചിന്തകൾ ഒരൊറ്റ നിമിഷം കൊണ്ടവനിൽ വന്നിറങ്ങി പോയി.

പക്ഷേ പാത്തുവിന്റെ പേര് കണ്ടത്തോടെ അത് വരെയും ചൂഴ്ന്ന് നിന്നിരുന്ന സംഘർഷമെല്ലാം ആവിയായി പോയത് പോലെ.

“ഹലോ….”

കുഞ്ഞൊരു ചിരിയോടെ ഈണത്തിൽ ഹലോ പറഞ്ഞിട്ടും മറുവശം കനത്ത നിശബ്‍ദത.

ഒറ്റ സെക്കന്റ് കൊണ്ട് അവന്റെ ചിരി മാഞ്ഞു.

പകരം ഹൃദയം അതിവേഗം മിടിച്ചു.ഇവൾക്കുമിനി എന്തെങ്കിലും പ്രശ്നമുണ്ടോ?

“പാത്തു… ഡീ “

ആകുലതയോടെ വീണ്ടും വിളിക്കുമ്പോൾ.. നേർത്തൊരു മൂളൽ കേട്ടത്തോടെ അവന്റെ ശ്വാസം തിരിച്ചു കിട്ടിയത് പോലെയായി.

“പാത്തൂ…”
വീണ്ടും വിളിച്ചു നോക്കി.

“ഞാൻ.. ഞാനെത്ര വിളിച്ചു ഇച്ഛാ.. എവിടെ ആയിരുന്നു?”

അത് ശരി.. 
അതിന്റെ പരിഭവം കൊണ്ടാണ് പെണ്ണ് മിണ്ടാതെ നിന്ന് മനുഷ്യനെ തീ തീറ്റിച്ചത്..

“ഇച്ഛാ.. കേൾക്കുന്നില്ലേ..?”

മിണ്ടാതെ നിൽക്കുന്നത് കൊണ്ടാവാം.. പരിഭവം മാഞ്ഞ സ്വരമാണ്.

“ഞാൻ താഴെ ആയിരുന്നു പാത്തോ.. “

“താഴെ പോകുമ്പോ ന്താ ഫോൺ കൊണ്ട് പോയാല്…?”

“ഫോൺ ചാർജിലിട്ടിരിക്കുകയായിരുന്നു “

പരിഭവങ്ങളെല്ലാം ആർദ്രത നിറഞ്ഞ ഉത്തരങ്ങൾ കൊണ്ട് ക്രിസ്റ്റി കീഴടക്കി.

“ഒത്തിരി വിളിച്ചോ എന്നെ…?”
ചാർജ് ചെയ്യാനിട്ട ഫോൺ അതിൽ നിന്നും ഊരി മാറ്റി.. അതെടുത്തു കൊണ്ടവൻ മറ്റെല്ലാം മറന്ന് കിടക്കയിലേക്ക് വീണു.

“മ്മ്…”

പാത്തുവിന്റെ നേർത്ത മൂളൽ തൊട്ടരികിൽ നിന്നും കേൾക്കുന്നത് പോലെ.

“എന്തിനാ.. ഇപ്പൊ ഇത്രേം അത്യാവശ്യമായി എന്നെ വിളിച്ചത്?”

കണ്ണുകൾ അടച്ചിട്ട് ക്രിസ്റ്റി വീണ്ടും ചോദിച്ചു.

“എനിക്കെന്താ… ഇച്ഛയെ വിളിച്ചൂടെ?”

പെണ്ണിന്റെ ചുണ്ട് ദേഷ്യം കൊണ്ട് കൂർത്തു കാണും..

ചിരിയോടെ ക്രിസ്റ്റി ഓർത്തു.

“പിന്നല്ലാതെ.. എന്റെ പാത്തൂന് എപ്പോ വേണേലും ഇച്ഛയെ വിളിക്കാലോ.. നിന്റെ… നിന്റെ സ്വന്തമല്ലേ ഞാൻ…”

തൊട്ടരികിലെ തലയിണ തപ്പി എടുത്തു കൊണ്ട് ക്രിസ്റ്റി നെഞ്ചോടു ചേർത്ത് കൊണ്ടാണത് ചോദിച്ചത്.

“എനിക്ക്….”

പാത്തു എന്തോ പറയാൻ വന്നത് പാതിയിൽ നിർത്തി.

“അഹ്.. പറയ്‌.. നിനക്ക്..?”

“എനിക്ക്.. എനിക്കിച്ഛയെ കാണാൻ തോന്നുന്നു “
ഒരു നിമിഷം ക്രിസ്റ്റി ഒന്നും മിണ്ടാതെയിരുന്നു.
എന്നിട്ടവൻ ആ കോൾ കട്ട് ചെയ്തിട്ട് വീഡിയോ കോളിലിട്ടു.

അവനെന്താണ് കട്ട് ചെയ്തു കളഞ്ഞതെന്നോർത്തു നിൽക്കുന്നതിനിടെ തന്നെയാണ് പാത്തുവിന്റെ ഫോണിലേക്ക് അവന്റെ വീഡിയോ കോൾ ചെന്നതും.

അവനെ കാണാൻ ആഗ്രഹം പറഞ്ഞവൾ.. ഒരു നിമിഷം അറച്ചു നിന്നിട്ടാണ് ആ കോൾ എടുത്തത്.

സ്ക്രീൻ നിറയെ ചിരിച്ചു കൊണ്ട് ക്രിസ്റ്റിയെ കണ്ടതും അവളുടെ മുഖം വിടർന്നു.

“പാത്തോ…”

അവൻ നീട്ടി വിളിച്ചപ്പോൾ അവളൊന്നു മൂളി.

“ഞാൻ നിന്നെ കാണാനല്ലേ  പാത്തോ വിളിച്ചത്…?”

“മ്മ്മ്..”

“എങ്കിലാ ഫ്രണ്ട് ക്യാമറ ഓൻ ചെയ്യെടി..ഞാനും കാണട്ടെ..”

ചിരിച്ചു കൊണ്ടവൻ പറയുന്നത് കേട്ടിട്ടും ഒരു നിമിഷം കൂടി കഴിഞ്ഞിട്ടാണ് പാത്തു അവളുടെ മുഖത്തിന് നേരെ ക്യാമറ തിരിച്ചത്.

“നേരെ നോക്ക് പെണ്ണേ…”

അവനെ നോക്കാതെ മുഖം കുനിഞ്ഞിരിപ്പാണ്.

“ഇതിനാണോ നീ എന്നെ കാണാൻ കൊതിയെന്ന് പറഞ്ഞത്.. ഏഹ്..?”

അവളുടെ വെപ്രാളം കണ്ടിട്ടാണ് ക്രിസ്റ്റി അത് ചോദിച്ചത്.

“അതോ… കാണാൻ വേണ്ടി ഞാനിനി അറക്കൽ തറവാടിന്റെ മതില് ചാടി വരണോ.. അതാണോ.. അങ്ങനെയാണോ നീ ഉദ്ദേശിച്ചത്…?”

“യ്യോ.. അതൊന്നും വേണ്ട. ആ ചെയ്ത്താനുണ്ട് ഇവിടെ “

ക്രിസ്റ്റി പറഞ്ഞത് കേട്ടതും പാത്തു അറിയാതെ തന്നെ അവന്റെ നേരെ നോക്കി പറഞ്ഞു.

കണ്ണുകൾ ഒരു നിമിഷം തമ്മിലിടഞ്ഞു.തമ്മിലേതോ അദൃശ്യനൂലിനറ്റം കൊണ്ട് കൂട്ടി കെട്ടിയത് പോലെ അവരാ നോട്ടത്തിൽ സ്വയം മറന്നിരുന്നു.

“വരണോ….?”

അവളിലെ നോട്ടം മാറ്റാതെ തന്നെ ക്രിസ്റ്റി ചോദിച്ചു.

പാത്തു വേണ്ടന്ന് തലയാട്ടി കാണിച്ചു.

“ഷാഹിദിനെ പേടിച്ചിട്ടാണോ?”

“മ്മ്..”

“അവനല്ല.. അവന്റെപ്പൻ അവിടുണ്ടേലും നീ കാണണം എന്ന് പറഞ്ഞു വിളിച്ചാൽ ഇച്ഛാ വന്നിരിക്കും.വന്നിട്ടെന്റെ പെണ്ണിനെ കാണുകയും ചെയ്യും. സംശയമുണ്ടോ നിനക്ക്?.”

പുരികം പൊക്കി വെല്ലുവിളി പോലെ അവന്റെ ചോദ്യം.

“മ്മ്ഹ്ഹ്..”

തട്ടം നേരെ പിടിച്ചിട്ട് കൊണ്ട് പാത്തു ഇല്ലെന്ന് തലയാട്ടി.

വീണ്ടും ഹൃദയത്തിനാഴങ്ങളിലെക്കെന്നത് പോലെ നോട്ടങ്ങളിടഞ്ഞു.

തമ്മിലകന്നു മാറാൻ കഴിയാത്ത ഏതോ ഇന്ദ്രജാലക്കാരനെ പോലെ… ഓരോ നോട്ടം കൊണ്ടും തമ്മിലുള്ള പ്രണയത്തിന്റെ ആഴമറിഞ്ഞു..

ചുറ്റുമുള്ളതിനെയെല്ലാം മറന്നിട്ട്… അവരൊറ്റ ലോകത്തിലേക്ക് ചുരുങ്ങി പോയിരുന്നു.

പ്രണയത്തിന്റെ മാത്രം ലോകം..

                            ❣️❣️❣️

മുന്നിലുള്ളതൊന്നും മീരാ അറിയുന്നില്ല.

ലോകത്തിലെ സകല ദൈവങ്ങളോടും അവൾക്ക് പറയാനപ്പോൾ ഒരേ ഒരാവിശ്യം മാത്രം.

ചുവരിൽ ചാരി കണ്ണടച്ച് കൈ കൂപ്പി അവളേറെ നേരമായി ആ നിൽപ്പ് തുടങ്ങിയിട്ട്.

പോകുന്നവരും വരുന്നവരുമെല്ലാം അവളെയൊന്ന് നോക്കിയിട്ടാണ് ആ വഴി നടന്നു നീങ്ങുന്നത്.

പിന്നെയും ഏറെ നേരം കഴിഞ്ഞാണ് ആ വാതിലൊന്ന് തുറന്നിട്ട്‌ ഒരു നേഴ്സ് പുറത്തേക്കിറങ്ങി വന്നത്.

ഇരുവശത്തേക്കും ഒന്ന് നോക്കുന്നതിനിടെയാണ് അവരുടെ കണ്ണുകൾ മീരയിൽ പതിഞ്ഞത്.

“കുട്ടിയല്ലേ.. ശാരിയുടെ കൂടെയുള്ളത്?”

അപ്പോഴും കണ്ണടച്ച് നിൽക്കുന്നവളുടെ അരികിൽ ചെന്നു നിന്നിട്ട് ചോദിച്ചു.

മീരാ ഞെട്ടി കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു.

“ആഹ്..”

അവളാർത്തിയോടെ icu വിന്റെ നേരെയൊന്ന് നോക്കി.

“എന്റെ.. എന്റെ അമ്മയാണ്..”
അതിന് നേരെ വിരൽ ചൂണ്ടി പറയുമ്പോൾ അവളുടെ നിറഞ്ഞ കണ്ണിലേക്കാണ് നേഴ്സ് നോക്കുന്നത്.

“കരയേണ്ട.തന്റെ അമ്മയ്ക്ക് ബോധം തെളിഞ്ഞു.തന്നെ കാണണമെന്ന് പറയുന്നുണ്ട്.ഇയാളല്ലേ മീരാ..?”
നേഴ്സ് പറഞ്ഞതും കരച്ചിലിനിടെ തന്നെ മീരാ ചിരിയോടെ തലയാട്ടി.

നെഞ്ചിൽ നിന്നൊരു ഭാരം ഒഴിഞ്ഞത് പോലെ അവൾ ശ്വാസമെടുത്തു.

“വാ..”

അത് പറഞ്ഞിട്ട് മീരക്കായ് ആ വാതിൽ തുറന്നു കൊടുത്തു കൊണ്ടവരും അകത്തേക്ക് കയറി……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button