Novel

നിലാവിന്റെ തോഴൻ: ഭാഗം 60

രചന: ജിഫ്‌ന നിസാർ

“ഹാ.. ഞാനിറങ്ങിയെടാ…”

ഫോണും ചെവിയിൽ വെച്ച് കൊണ്ടാണ് ക്രിസ്റ്റി സ്റ്റെപ്പുകൾ ഓടിയിറങ്ങിയത്.

ഫൈസിയാണ് വിളിക്കുന്നത്.
വരാമെന്നു പറഞ്ഞതിലേറെ സമയം കാത്ത് നിന്നിട്ടും കാണാഞ്ഞത് കൊണ്ടാണ് വിളിക്കുന്നത്.

പാത്തു വിളിക്കുന്നതിനിടയിലേക്ക് ഫൈസിയുടെ കോൾ കയറി വന്നപ്പോഴായിരുന്നു സ്വബോധത്തിലേക്കിറങ്ങി വന്നത്.

പിന്നെയൊരു ഓട്ടമായിരുന്നു.

എനിക്കൊരിടം വരെയും അത്യാവശ്യമായി പോകാനുണ്ടെന്ന് പാത്തുവിനോട് പറഞ്ഞു.
എവിടെ.. എന്തിന് എന്തൊക്കെ അവളുടെ വക ചോദ്യങ്ങളുണ്ടായിരുന്നു.

ഒറ്റവാക്കിൽ ഉത്തരമൊതുങ്ങില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ പോയി വന്നിട്ടെല്ലാം വിശദമായി പറഞ്ഞു തന്നോളാം എന്ന് വാക്ക് കൊടുത്തിട്ടാണ് ഫോൺ കട്ട് ചെയ്തു പോയത്.

ഫൈസി വിളിച്ചത് എടുത്തില്ല.

പക്ഷേ അവൻ വീണ്ടും വിളിക്കുമെന്ന് അറിയാമായിരുന്നു.
അടുത്ത വിളിക്ക് മുന്നേ ഒരുക്കങ്ങൾ പൂർത്തിയാക്കി ഇറങ്ങണമെന്നുള്ളത് കൊണ്ട് ഓടി പിടഞ്ഞൊരു കുളിയും പാസാക്കി അവനൊരുങ്ങിയിറങ്ങി.

“നീ റെഡിയായോ?”

ഷർട്ടിന്റെ കൈ മടക്കാൻ വേണ്ടി ഫോൺ തോളിനിടയിൽ വെച്ചിട്ട് ക്രിസ്റ്റി ചോദിച്ചു.

“ശരി.. ഞാനിതാ ഇറങ്ങി. നീ വെച്ചേക്ക്..”

അതും പറഞ്ഞു കൊണ്ടവൻ ഫോൺ പാന്റിന്റെ പോക്കറ്റിൽ തിരുകി ധൃതിയിൽ അടുക്കളയിലേക്ക് ചെന്നു.

കൊണ്ട് പോകാനുള്ളതെല്ലാം മറിയാമ്മച്ചി ഒരു കവറിലാക്കി മേശയിലേക്ക് എടുത്തു വെച്ചിട്ടുണ്ട്.

അവിടെ തന്നെ ഡെയ്സിയും ദിലുവും ഇരിപ്പുണ്ട്.

മറിയാമ്മച്ചി കൊടുത്ത കഞ്ഞി കുടിക്കുകയാണ് ഡെയ്സി.അവരുടെ തോളിൽ ചാരി ദിലുവും.

അവനെ കണ്ടതും നനുത്തൊരു മന്ദഹാസത്തോടെ ചിരിച്ചു.

ഒട്ടും പിശുക്കാതെ ഉള്ളിലുള്ള സ്നേഹമെല്ലാം ചിരിയിലേക്ക് പകർത്തി അവനും നിറഞ്ഞ ചിരിയോടെ അവരെ നോക്കി. 

“ആരാ മോനെ.. ഹോസ്പിറ്റലിൽ?”

പതിഞ്ഞ ആ ചോദ്യത്തിനു മുന്നിൽ ക്രിസ്റ്റി ഒന്ന് പകച്ചുപോയി.

കർത്താവെ.. എന്നാ പറയും.?

എന്ത് പറഞ്ഞിട്ടാണ് ശാരിയാന്റിയെയും മകളെയും അമ്മയ്ക്ക് മുന്നിലേക്ക് പരിചയപ്പെടുത്തേണ്ടത്?

“അല്ല.. മറിയാമ്മച്ചി പറഞ്ഞു.. മോന് വേണ്ടപ്പെട്ട ആരോ.. അതാണ്‌ ഞാൻ “

അവനുത്തരം പറയാൻ വൈകുന്നത് ചോദ്യം ചോദിച്ചത്തിലുള്ള ഇഷ്ടക്കേട് കൊണ്ടായിരിക്കുമോ എന്നൊരു വേവലാതിയോടെ ഡെയ്സി ക്രിസ്റ്റിയെ നോക്കി.

“അത്. ഞാൻ വന്നിട്ട് പറയാം “

ഉള്ളിലെ പതർച്ച അവന്റെ വാക്കിലും ഉണ്ടായിരുന്നു.

“ഞാൻ പോയിട്ട് പെട്ടന്ന് വരാം. ഹോസ്പിറ്റലിൽ പോകാൻ റെഡിയായി നിൽക്കണേ “

അത് പറഞ്ഞു കൊണ്ടവൻ മറിയാമ്മച്ചി വെച്ച കവറെടുത്തു.

“എനിക്കിപ്പോ ഒന്നുല്ല ക്രിസ്റ്റി.. എല്ലാം.. എല്ലാം ശെരിയായി “

തോളിലേക്ക് ചാഞ്ഞിരിക്കുന്ന ദിലുവിനെ ചേർത്ത് പിടിച്ചിട്ട് ക്രിസ്റ്റിയെ നോക്കി അത് പറയുമ്പോൾ അത് വരെയും അവരിൽ കാണാത്തൊരു ശാന്തതയുണ്ടായിരുന്നു ആ മുഖം നിറയെ.

“പനി ഉണ്ടായിരുന്നില്ലേ… അതിനാ ഡോക്ടറെ കാണാൻ പോവുന്നത്. ഡോക്ടർ പറയട്ടെ ഇപ്പൊ ഓക്കേ ആണെന്ന് “

ചിരിയോടെ തന്നെയാണ് ക്രിസ്റ്റി അത് പറഞ്ഞത്.

വർഷങ്ങളോളം സംസാരികാതിരുന്നതിന്റെ ഒരു… ഒരു വിമ്മിഷ്ടം രണ്ടു പേരിലും ഒരുപോലെ ഉണ്ടായിരുന്നു.

“മറിയാമ്മച്ചി ഞാൻ പോകുവാണേ “

ക്രിസ്റ്റി അൽപ്പം ഉറക്കെ തന്നെ വിളിച്ചു പറഞ്ഞു.

“ഞാനോർത്തു.. അമ്മയും മോനും ഒന്നായ സ്ഥിതിക്ക് എന്നെയിനി വേണ്ടായിരിക്കുമെന്ന് “

ആ വിളിക്ക് കാതോർത്ത് നിൽക്കുകയായിരുന്നു എന്നത് പോലെയാണ് മറിയാമ്മച്ചി പറഞ്ഞത്.

“അല്ലേലും അത് ശെരിയാണല്ലോ..?ഇനി എനിക്കെന്നാത്തിനാ നിങ്ങളെ പോലൊരു വയസ്സിയെ കൂട്ട്. എനിക്കെന്റെ അമ്മയുണ്ടല്ലോ? അല്ലേ അമ്മേ…?”

അവനാ പറഞ്ഞത് മറിയാമ്മച്ചിക്ക് വേദനിക്കുമോ എന്നാശങ്കയോടെയിരിക്കുന്ന ഡെയ്സിയേ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചിട്ട് ക്രിസ്റ്റി പറഞ്ഞു.

ക്രിസ്റ്റിയെ അവരെത്ര നന്നായിട്ടാണ് പരിപാലിച്ചിരുന്നതെന്ന് ഡെയ്സി കണ്ടറിഞ്ഞതാണ്.

അവന് നോവുമ്പോൾ സ്വയം പിടഞ്ഞും അവൻ ചിരിക്കുമ്പോൾ ഹൃദയം നിറച്ചും അവനൊപ്പം നിന്നവരാണ്.

അവന് വേണ്ടി ഇവിടുള്ളവരോടെല്ലാം വഴക്കിട്ടതാണ്. എല്ലാവരെയും വെറുപ്പിച്ചും വിറപ്പിച്ചുമുള്ള അവരുടെ പ്രവർത്തികളെല്ലാം അവന് വേണ്ടിയായിരുന്നു.

പക്ഷേ അവനങ്ങനെ പറഞ്ഞിട്ടും മറിയാമ്മച്ചിക്ക് യാതൊരു മാറ്റവുമില്ല.

അല്ലെങ്കിലും… ഹൃദയം കൊണ്ടാണ് അവരുടെ ബന്ധമുണ്ടാക്കിയത്.

കേവലം കുറച്ചു വാക്കുകൾ കൊണ്ടത് എങ്ങനെയാണ് ഇല്ലാതെയാവുന്നത്.ഇല്ലാതെയാവില്ല..അതൊരിക്കലും..

“നിന്ന് കൊണിയാതെ പോവാൻ നോക്കെടാ. നേരം ഒരുപാടായി “

അവൻ പറഞ്ഞതൊന്നും സ്പർശിച്ചിട്ട് കൂടിയില്ലെന്നത് പോലെ മറിയാമ്മച്ചി പറഞ്ഞതും ക്രിസ്റ്റി ചിരിയോടെ തിരിഞ്ഞു നടന്നു.

                               ❣️❣️❣️

നഴ്സിനൊപ്പം നടന്നു ചെല്ലുന്ന മീരയെ കണ്ടതും ശാരിയുടെ തളർന്ന കണ്ണുകൾ നിറഞ്ഞു.

“അമ്മേ…”

കണ്ണ് തുറന്ന് കിടക്കുന്ന ശാരിയെ കണ്ടതും മീരാ ആർത്തിയോടെ വിളിച്ചു കൊണ്ട് അവരുടെ അരികിലേക്ക് ചെന്നു.

“കരയല്ലേ.. അമ്മക്കൊന്നൂല്ലാ..”

സ്വന്തം കണ്ണുകളും നിറഞ്ഞൊലിക്കുന്നത് മറന്നെന്നത് പോലെ.. ശാരിയപ്പോഴും മകളുടെ കവിളിൽ തൊട്ട് ആശ്വാസിപ്പിച്ചു.

മീരാ അവരുടെ കൈകൾ കൈകൾ ചുണ്ടോട് ചേർത്തു.

“നന്നായി പഠിക്കണം. ക്രിസ്റ്റിയെ ബുദ്ധിമുട്ടിക്കരുത്. സ്വന്തമായിട്ടൊരു കുഞ്ഞു ജോലിയെങ്കിലും നേടണം. കേട്ടോ “

ശാരി വീണ്ടും അവളെ തലോടി.

അവരുടെ ഓരോ വാക്കുകളും മീരയുടെ ഉള്ളിൽ ഒരു പ്രകമ്പനം നടത്തുന്നുണ്ടായിരുന്നു.

“ഇങ്ങനൊന്നും പറയല്ലേ അമ്മേ… എനിക്ക്.. എനിക്ക് പേടിയാവുന്നു “

മീരാ അവരുടെ അരികിലേക്കിരുന്നു കൊണ്ട് വിതുമ്പി.

“ഭയപ്പെടരുത്. പിന്നെ അതിനെ നേരമുണ്ടാവൂ. തല ഉയർത്തി പിടിച്ചു തന്നെ ജീവിക്കണം എന്റെ മോള്.. അതിന് വേണ്ടിയാണ്.. എന്നെ കൊല്ലാനായി പിറകെ കൂടിയ രോഗത്തേ പോലും ഇത്രേം കാലം അമ്മ തോൽപ്പിക്കാൻ ശ്രമിച്ചത്.നിനക്ക് വേണ്ടിയാണ് അമ്മ ജീവിച്ചതും.”

വല്ലാത്ത അവശതയുണ്ട് ശാരിക്ക്.

വാക്കുകൾ പലതും പലയിടത്തും കിതപ്പിൽ മുങ്ങി പോകുന്നുണ്ട്.

മീരയുടെ കണ്ണുകൾ നിറഞ്ഞൊലിച്ചു.

ഉള്ളിലെ ഭയം കാരണം അവൾ വിറക്കുന്നുണ്ട്.
എന്നിട്ടും ഏക ആശ്രയം പോലെ… ശാരിയുടെ മെല്ലിച്ച കൈകളിൽ അവൾ പിടി മുറുക്കി.

“അമ്മയുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ മോൾക്ക് മുന്നിൽ തുറന്നു വെച്ചത്… എന്റെ ഗതി നിനക്കില്ലാതിരിക്കാൻ കൂടിയാണ്. ആരെങ്കിലും ഇച്ചിരി സ്നേഹം കാണിച്ചാൽ കണ്ണുമടച്ചു വിശ്വാസിക്കരുതെന്ന് ഓരോ ശ്വാസത്തിലും നിന്നെ ഓർമ്മിപ്പിച്ചത് ഈ ലോകത്തിന്റെ നെറികെട്ട ഒരു വശം കൂടി അമ്മയൊറ്റക്ക് നേരിട്ട ദുരനുഭവം ഓർത്തിട്ടാണ് “

ശാരിക്ക് പറഞ്ഞിട്ടും മതിയാവുന്നില്ലായിരുന്നു.

സംസാരിക്കാൻ വല്ലാത്തൊരു ആർത്തിപോലെ.

ശ്വാസമെടുക്കാൻ പോലും നല്ലത് പോലെ ബുദ്ധിമുട്ടിയിട്ടും അവരുടെ വാക്കുകൾ ദൃഡമായിരുന്നു.

“അതികം സ്ട്രയിൻ ചെയ്യരുത്. നിങ്ങളിപ്പോഴും ശെരിക്കും ഓക്കേ ആയിട്ടില്ലേന്ന് നേഴ്സ് വന്നു പറഞ്ഞത് ശാരി കേട്ടില്ലെന്ന് നടിച്ചു.

“മിണ്ടല്ലേ അമ്മേ.. അമ്മക്കിനിയും വയ്യാതെയാവും. ഇവിടുന്ന് നമ്മടെ വീട്ടിലെത്തട്ടെ… എന്നിട്ട് ഇഷ്ടം പോലെ പറയാമല്ലോ “
കഴിവിന്റെ പരമാവധി മീരയും അവരെ നിരുത്സാഹപ്പെടുത്തിയിട്ടും ശാരി ചിരിയോടെ അതെല്ലാം നേരിട്ടു.

“മോൾക്കൊപ്പം ആരാ ഉള്ളത്?”

ശാരി വീണ്ടും ചോദിച്ചു.

“ഷീല ചേച്ചി.. സുധാകരേട്ടനും ഉണ്ടായിരുന്നു.”

പുറം കൈ കൊണ്ട് കണ്ണ് തുടച്ചിട്ട് മീരാ പറഞ്ഞു.

“ക്രിസ്റ്റി…”

“ഇച്ഛാ ഉണ്ടായിരുന്നു. റൂം എടുത്തു തന്നതൊക്കെ ഇച്ഛാ തന്നെയാണ്. വീട്ടിലൊന്ന് പോയിട്ട് വരാമെന്നു പറഞ്ഞിട്ട് പോയതാ. ഇപ്പൊ വരുമായിരിക്കും “

മീരാ ശാരിയുടെ നെറ്റിയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.

“അവനൊരുപാട് പ്രാരാപ്‌തങ്ങളുള്ളവനാ. അമ്മടെ മോള് കൂടി അവനൊരു ഭാരമാവരുത്. അറിയാമല്ലോ.. അവന്റെ ഔദാര്യമാണ് നമ്മുടെ ഇത്രേം കാലത്തെ ജീവിതം. അമ്മ ഇല്ലാതായാലും അതൊന്നും നീ മറക്കരുത്. ഒന്നിനും വേണ്ടി അവനെ വേദനിപ്പിക്കരുത്…”

ശാരിയുടെ നെഞ്ച് ശക്തമായി ഉയർന്നു താണ് കൊണ്ടിരുന്നു.

ശ്വാസമെടുക്കാൻ നല്ലത് പോലെ ബുദ്ധിമുട്ടുന്നുണ്ടെന്ന് തോന്നിയതും മീരാ കരഞ്ഞു കൊണ്ട് അവരുടെ നെഞ്ച് തടവി കൊടുത്തു.

“ജീവിതത്തിലൊരിക്കലും വർക്കി ചെറിയാൻ എന്നാ നിന്റെ അച്ഛനോട് നീ ക്ഷമിക്കരുത്. അയാളുടെ ചിലവിൽ ജീവിക്കേണ്ടി വന്നാൽ… അതിനേക്കാൾ ഭേദം മരണമാണെന്ന് കരുതിയേക്കണം..അമ്മക്കതാണ് ഇഷ്ടം.”

നിറഞ്ഞ ശാരിയുടെ കണ്ണുകളിൽ അത് പറയുമ്പോൾ തീ ആളുന്നുണ്ടെന്ന് തോന്നി മീരക്ക്.

“പ്ലീസ് അമ്മേ.. ഒന്ന് മിണ്ടാതെ കിടക്ക്.. അമ്മയ്ക്ക്..ഒട്ടും വയ്യ “

കരച്ചിലിനിടെ മീര പറഞ്ഞു കൊണ്ടിരുന്നു.

“അയാളെ പോലുള്ള ചെകുത്താന്മാർ ലോകത്ത് ഇനിയും ഉണ്ടാവും.. സൂക്ഷിക്കണം “

ശാരിയുടെ കൈകൾ മീരയുടെ വിരലിൽ വല്ലാതെ മുറുകിയിട്ടുണ്ടായിരുന്നു അത് പറയുമ്പോൾ.

“അമ്മേ…”

ശാരിയുടെ കണ്ണുകൾ മുകളിലേക്ക് മറിയുന്നതും ശ്വാസമിടിപ്പ് വല്ലാതെ ഉയരുന്നതും ചുറ്റും പല യന്ത്രങ്ങളുടെ ശബ്ദവും കൂടി ആയതോടെ മീരാ വല്ലാതെ ഭയന്നു പോയിരുന്നു.

“അമ്മേ…”

അവളുടെ നിലവിളി അവിടെ ഉയർന്നു.

പക്ഷേ അത് കേൾക്കാനിനി അമ്മയില്ലെന്ന്.. നിശ്ചലമായ ആ കണ്ണുകളിൽ കൂടി മീരാ മനസ്സിലാക്കി.

ഒന്നുറക്കെ കരയാൻ കൂടി കഴിയാതെ… അവൾ ആ ഇളം ചൂടുള്ള കൈകൾ മുറുകെ പിടിച്ചിട്ട് ശാരിയുടെ മുഖത്തേക്ക് തുറിച്ചു നോക്കി നിന്ന് പോയി.

ആരൊക്കെയോ ഓടി അടുക്കുന്നതും.. അവളെ അവിടെ നിന്നും മാറ്റുന്നതുമൊന്നും അവളറിയുന്നുണ്ടായിരുന്നില്ല.

നിശ്ചലമായ അമ്മയുടെ ഹൃദയതാളത്തിനൊപ്പം അവളുടെ ലോകം കൂടി നിലച്ചു പോയിരുന്നു അവിടം മുതൽ.

                              ❣️❣️❣️

കേട്ടത് വിശ്വാസമാവാത്ത പോലെ ക്രിസ്റ്റി ഡോക്ടറെ ഒന്ന് തുറിച്ചു നോക്കി.

“ശാരിയുടെ ഇപ്പോഴുള്ള കണ്ടീഷൻ ഞാൻ ക്രിസ്റ്റീയോട് ഓർമ്മിപ്പിച്ചു തന്നതല്ലേ. അവരുടെ കേസിൽ ഇത്രേം കാലം ഇത് പോലെ മരണത്തിന് പിടി കൊടുക്കാതെ പിടിച്ചു നിന്നു എന്ന് പറയുന്നത് തന്നെ അത്ഭുതമാണ്. അത്രേ വീക്കായിരുന്നു. ഞാൻ പറയാതെ തന്നെ തനിക്കറിയാമല്ലോ. ശാരിയുടെ മനസ്സിന്റെ ബലം… അതായിരുന്നു അവരുടെ ഏറ്റവും വലിയൊരു മെഡിസിൻ.സൊ….നമ്മൾ അംഗീകരിച്ചേ മതിയാവൂ… “

ഇനിയൊന്നും പറയാനില്ലെന്നത് പോലെ ഡോക്ടർ ക്രിസ്റ്റിയുടെ ചുമലിൽ ഒന്ന് തട്ടിയിട്ട് നടന്നു പോയി.

തളർച്ചയോടെ അവൻ ചുവരിൽ ചാരി.
കയ്യിലുള്ള ഭക്ഷണമടങ്ങിയ കവർ താഴെ വീണിരുന്നു.

കൂടെയുള്ള ഫൈസിയുടെയും അവസ്ഥ ഏതാണ്ട് ഇത് പോലെ തന്നെയാണ്.
ഡോക്ടർ പറഞ്ഞത് പോലെ.. ദൈവത്തിന്റെ ബോണസ് തന്നെയായിരുന്നു, ശാരിയുടെ ഇത് വരെയുമുള്ള ആയുസ്സ്.

പക്ഷേ ആ സത്യം അംഗീകരിക്കാൻ മനസ്സോരുക്കമല്ലായിരുന്നു.

ഒരു നിമിഷത്തേ പകപ്പിന് ശേഷമാണ് ക്രിസ്റ്റിക്ക് മീരയെ ഓർമ വന്നത്.
കർത്താവെ.. എന്റെ കൊച്ചിതെങ്ങനെ സഹിക്കും..?

ആ അമ്മയ്ക്ക് മോളും മോൾക്കമ്മയുമായിരുന്നു ലോകമെന്ന് അവനോളം ആർക്കും അറിയില്ലായിരുന്നു.

തൊട്ടരികിൽ നിൽക്കുന്നവന്റെ ഹൃദയതുടിപ്പും അപ്പോൾ പ്രിയപ്പെട്ടവളെ ഓർത്തു വേദനികുന്നുണ്ടായിരുന്നു.

ചുറ്റും വിഹ്വലതയോടെ അവൻ തേടിയതും അവളെയാണ്………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button