Novel

നിലാവിന്റെ തോഴൻ: ഭാഗം 61

രചന: ജിഫ്‌ന നിസാർ

“എന്നിട്ട് പപ്പയവനെ വെറുതെ വിട്ടോ.. ഛെ..”

റിഷിൻ കലിയോടെ വർക്കിയുടെ നേരെ നോക്കി.

“അല്ലാതെ പിന്നെ.. കടിച്ചു കുടയാൻ നിൽക്കുന്നവന്റെ നേരെയങ്ങു ചെന്നു കയറി കൊടുക്കാൻ എനിക്ക് ഭ്രാന്ത് ഒന്നുമില്ല “

വർക്കി അവനെ നോക്കി ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.

ക്രിസ്റ്റിയെ തളക്കാനുള്ള വഴിയാണയാൾ അന്നേരം വരെയും വെരുകിനെ പോലെ നടന്നു കൊണ്ട് ആലോചിച്ചു കൂട്ടിയതത്രയും.

പക്ഷേ ഒന്നുമങ്ങോട്ട് പൂർണ്ണതയിലെത്തുന്നുണ്ടായിരുന്നില്ല.

ക്രിസ്റ്റിയാണ് മറുവശം..

എന്തെങ്കിലും ചെയ്യണമെന്നവൻ മനസ്സിലുറപ്പിച്ചിട്ടുണ്ടങ്കിൽ.. ജീവനുണ്ടേൽ അത് ചെയ്തിരിക്കും എന്ന് വർക്കിക്ക് നല്ലത് പോലെ അറിയാമായിരുന്നു.

അവനെ ഭയക്കേണ്ടത് തനിക്ക് ആവിശ്യമാണ്.

ഡെയ്സി കൂടി അവനൊപ്പം ചേർന്നത്തോടെ ഇപ്പോഴാ ആവിശ്യം അത്യാവശ്യമായി മാറിയിരിക്കുന്നു.

“ഛെ മോശമായിപോയി പപ്പാ.. നമ്മളിനി എന്തോ ചെയ്യും?”

വിമ്മിഷ്ടത്തോടെ റിഷിൻ വീണ്ടും ചോദിച്ചു.

റിഷിനെ അയാൾ വിളിച്ചു വരുത്തിയതാണ്.
ദിൽന മറുകണ്ടം ചാടിയത്തോടെ ഇനി തനിക്കുള്ള കൂട്ട് അവൻ മാത്രമാണെന്ന് വർക്കിക്ക് അറിയാം.

“എന്തെങ്കിലും ചെയ്യണം. അങ്ങനിപ്പോ അവൻ മാത്രം മിടുക്കനായ പറ്റില്ലല്ലോ. ഇത്രേം കാലം സ്വന്തം പോലെ കൊണ്ട് നടന്നതൊക്കെ പെട്ടന്ന് വിട്ട് കൊടുക്കാൻ.. അതിന് വർക്കി മരിക്കണം..”

അയാളുടെ പല്ലുകൾ പകയോടെ ഞെരിഞ്ഞു.

“എന്നാലും അവനോടത്രേം വെറുപ്പുണ്ടായിട്ടും ദിലുവെങ്ങനെ അവന്റെ ടീമിലെത്തി എന്നതാ എനിക്കിപ്പോഴും മനസ്സിലാവാത്തത്. അവനെ അരച്ച് കൊടുത്താൽ കുടിക്കാൻ മാത്രം കലിപ്പുണ്ടായിരുന്നതാ അവൾക്ക് “
റിഷിന് അതോർത്തിട്ടായിരുന്നു ഏറെ സഹിക്കാൻ വയ്യാഞ്ഞത്.

“ആ നശിച്ചവളുടെ കാര്യം മിണ്ടരുത് നീ “

ദിൽനയോടുള്ള ദേഷ്യം വർക്കി ചൂണ്ടിയാ വിരൽ തുമ്പിലിരുന്നു വിറച്ചു.

“അവളോറ്റയൊരുത്തിയാ ഇതിത്രേം വഷളാക്കിയത് “

അപ്പോഴും സ്വന്തം തെറ്റുകളെയോ പ്രവർത്തികളെയോ വർക്കി പ്രതിക്കൂട്ടിലേക്ക് ചേർത്തില്ല.

“അവളെ ഞാനൊന്ന് കാണുന്നുണ്ട്..”

റിഷിനും പല്ല് കടിച്ചു.

“അവളെ പോയി കണ്ടിട്ട് നീയിനി എന്നാ ചെയ്യാനാ. കാണേണ്ട പോലൊക്കെ അവൻ കണ്ടിട്ടുണ്ട്. ആ ക്രിസ്റ്റി ഫിലിപ്പ്… അവനുണ്ടല്ലോ,  അവൻ മിടുക്കനാ. നിന്നെ പോലെ ഒരു…”

ഉള്ളിലെ ദേഷ്യം മുഴുവനും വർക്കി റിഷിന് മുന്നിലേക്ക് അഴിച്ചു വിടുകയായിരുന്നു.

അപ്പോഴേക്കെയും ക്രിസ്റ്റീയോടുള്ള ദേഷ്യം റിഷിന്റെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞു.

“കുന്തം വിഴുങ്ങിയ പോലെ നിൽകാതെ ഇറങ്ങി പോടാ “

വാതിലിന് നേരെ കൈ ചൂണ്ടി വർക്കി അവനോട് ശബ്ദം കുറച്ചു കൊണ്ടലറി.

വൈകുന്നേരം പോയിട്ട് സൂസനെ ഒന്ന് കൂടി കാണണം. വർഗീസ് ചേട്ടനെയും അവൻ വിളിച്ചിട്ട് എല്ലാം പറഞ്ഞു വെന്ന് തോന്നുന്നു. ചേട്ടൻ വിളിച്ചത് വർക്കി മനഃപൂർവം എടുത്തിട്ടില്ല.

എല്ലാവരേം പോലെയല്ല സൂസൻ.
സ്വന്തം കൂടപ്പിറപ്പ് അല്ല അവൾ.എന്നിട്ടും അവളേറെ പ്രിയപ്പെട്ടവളാണ്.

അപ്പന്റെ വകയിലുള്ള ആരുടെയോ മകളായിരുന്നു. കുഞ്ഞിലേ എല്ലാവരും ഒരു വെള്ളപൊക്കത്തിൽ നഷ്ടപെട്ട സൂസനെ അപ്പച്ചൻ കൂടെ കൂടിയുകയായിരുന്നു.
വർക്കിയുടെയും വർഗീസിന്റെയും അനിയത്തിയായിട്ട് തന്നെ സൂസൻ വളർന്നു.
കാലം ഏതു സത്യവും ഒരിക്കൽ വെളിപ്പെടുത്തണം എന്നാ നിയമം കൊണ്ടായിരിക്കും.. വളരെ വൈകി സൂസൻ കൂടപ്പിറപ്പല്ലെന്ന് തിരിച്ചറിഞ്ഞിട്ടും… അവളെ മാറ്റി നിർത്താൻ തോന്നിയില്ല.

അവളുടെ മകന് വേണ്ടി ദിൽനയെ ചോദിച്ചപ്പോഴും തടയാഞ്ഞത്..ഇത് കൊണ്ടായിരുന്നു.

സഹോദരങ്ങളുടെ മക്കൾ തമ്മില്ലല്ലേ ചേരാൻ പാടില്ലാത്തത്.?

സൂസൻ തനിക്ക് നേരെ പെങ്ങളല്ലല്ലോ..?

അവരെ പോയെന്നു കണ്ടിട്ട് പിണക്കം മാറ്റണം.

മനസ്സ് കൊണ്ട് വർക്കി തീരുമാനമെടുത്തിരുന്നു.

“അവനറിയില്ല.. വർക്കി എന്താണെന്നും ആരാണെന്നും അവനിപ്പോഴും അറിയില്ല. അറിയിച്ചു കൊടുക്കും ഞാൻ…”

വാതിൽ തുറന്നു പുറത്തേക്കിറങ്ങും മുന്നേ വർക്കി വിളിച്ചു പറയുന്നത് റിഷിൻ ശെരിക്കും കേട്ടിരുന്നു.

വർക്കി ആരെന്നും എന്തെന്നും അറിഞ്ഞു കഴിഞ്ഞ ഒരുവൾ… സ്വന്തം മകളെ ഈ നെറികെട്ട ലോകത്ത് തനിച്ചു വിട്ടെന്ന ആധിയോടെ മരണം കൊണ്ട് പോലും മോക്ഷം കിട്ടാതെ.. ഒരായുസ്സിൽ ഒരു മനുഷ്യൻ അനുഭവിച്ചു തീർക്കാവുന്ന യാഥനകളെല്ലാം അതിന്റെ ഏറ്റവും പൂർണ്ണതയിൽ അനുഭവിച്ചു തീർത്തിട്ട്.. ഒടുവിൽ ഓടി തളർന്നു വീണ പോരാളിയെ പോലെ… തണുത്തു മരവിച്ചു യാത്രക്കൊരുങ്ങി നിൽക്കുന്നതൊന്നുമാറിയാതെ.. അയാളവിടെ പുതിയ തന്ത്രം മെനയുന്ന തിരക്കിലായിരുന്നു.

                                ❣️❣️

ഉള്ളിലെ സങ്കടം ശരീരത്തെ മൊത്തം തളർത്തുണ്ടെങ്കിലും തനിക്കിവിടെ തളർന്നിരിക്കാൻ കഴിയില്ലെന്ന് ഉത്തമബോധ്യമുള്ളത് കൊണ്ടായിരുന്നു.. ക്രിസ്റ്റി ശാരിയുടെ ചടങ്ങുകൾക്കായി ഓടി നടന്നത്.

ആ നാട് മുഴുവനും അവനൊപ്പമുണ്ടായിരുന്നു.
ഒന്നിനും ഒരു കുറവും വരുത്താതെ അതെല്ലാമവർ ഭംഗിയായി ചെയ്തു തീർക്കുമ്പോഴും ഒന്ന് കരയുക കൂടി ചെയ്യാതെ ശാരിയുടെ മുഖത്തെക്കുറ്റു നോക്കിയിരിക്കുന്ന മീരയായിരുന്നു അവന്റെ വേദന മുഴുവനും.

അവളെ നോക്കുമ്പോഴൊക്കെയും ഹൃദയത്തിലെ മുറിവിൽ നിന്നും രക്തം കിനിഞ്ഞിറങ്ങും.

അവളൊന്നുറക്കെ കരഞ്ഞിരുന്നുവെങ്കിൽ.. അവനൊപ്പം കണ്ടു നിന്നവരെല്ലാം മോഹിച്ചു.സങ്കടം ഉള്ളിലൊതുക്കിയുള്ള ആ ഇരിപ്പാണ് സഹിക്കാൻ വയ്യാത്തത്.

അവനോളം അവൾക്കായ് വേദന സഹിച്ചു കൊണ്ടായിരുന്നു ഫൈസിയും നടക്കുന്നത്. ക്രിസ്റ്റിക്കൊപ്പം എല്ലാത്തിനും അവനും ഉണ്ടായിരുന്നു.

ആ ഇരുപ്പ് കാണുമ്പോഴൊക്കെയും ഇടനെഞ്ചിലാരോ കത്തി കുത്തിയിറക്കും പോലെ അവൻ പിടയുന്നുണ്ടായിരുന്നു.

ഈ ലോകത്ത് ഒറ്റപ്പെട്ടത് പോലെ… ആ പെണ്ണിന്റെ കണ്ണിലുള്ള നോവ്.. അവനെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്.
അവളെ നോക്കുമ്പോഴൊക്കെയും നിറയുന്ന കണ്ണുകൾ ആരും കാണാതെ അവൻ തോളു കൊണ്ട് തുടച്ചു.

നിശ്ചലയായി കിടക്കുന്ന ആ അമ്മയെ യാത്രയാക്കും മുന്നേ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിക്കണമെന്നും ഈ ലോകത്ത് ഫൈസൽ മുഹമ്മദ്‌ ജീവനോടെയുണ്ടാവുമ്പോൾ അമ്മയുടെ മോളോരിക്കലും ഒറ്റക്കാവില്ലെന്നും… അവളെ ഞാനത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും ഉറക്കെ വിളിച്ച് പറയാൻ അവന്റെ ഉള്ളം തുടിച്ചു.

അത് തന്നെ ആയിരുന്നു ആഗ്രഹിച്ചിരുന്നതും.

തന്റെ പഠനം ഈ വർഷത്തോടെ തീരും.

പിന്നെയൊരു ജോലി.. അത് തനിക്കൊരു പ്രശ്നമേ അല്ല.

ഇന്നോളം വരെയും മനസ്സിലടക്കി പിടിച്ച ആ ഇഷ്ടം.. അതവളോട് തുറന്നു പറയുന്ന നാളിനെ എത്ര രാത്രികളിൽ സ്വപ്നം കണ്ടിട്ടുണ്ട്.

തുറന്നു പറയാത്ത ഉള്ളിലെ പ്രണയം.. അതിങ്ങനെ നാൾക്ക് നാൾ വളർന്നതും ശ്വാസം മുട്ടിക്കുന്നതും, ആ പ്രണയത്തിന്റെ അവകാശിയോട് പങ്ക് വെക്കുന്നതോർത്തു എത്രയെത്ര രാത്രികളിൽ ഉറക്കമില്ലാതെയായിട്ടുണ്ട്.

ആ ആഗ്രഹങ്ങളൊക്കെയും കൂടിയാണ് ഇന്നാ നിശ്ചലമായി.. വെള്ളപുതച്ചു കിടക്കുന്നത്.
സഹിക്കാൻ വയ്യാത്ത ഒരു നോവ് കൊണ്ടവൻ പിടഞ്ഞു.

ചുവരിൽ ചാരി ശാരിയെ നോക്കിയിരിപ്പാണ് മീരാ.

ഇനിയൊരു അവസരമില്ലെന്നത് പോലെ അവളുടെ കണ്ണുകൾ ആർത്തിയോടെ അമ്മയുടെ മുഖം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.. അപ്പോഴും.

അവസാനനിമിഷങ്ങളിൽ അമ്മ പറഞ്ഞ ഓരോ വാക്കുകളും അവൾക്കുള്ളിൽ കനൽ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു.

ചുറ്റും നടക്കുന്നതൊന്നും അവൾ കാണുന്നുണ്ടായിരുന്നില്ല..

ചുറ്റും ഉള്ളവരെയാരെയും അവൾ കാണുന്നുണ്മുണ്ടായിരുന്നില്ല.

എല്ലാത്തിനും ഓടി നടക്കുന്ന ക്രിസ്റ്റി ഇടയ്ക്കിടെ വന്നു നോക്കും.

കണ്ണിമ പോലും വെട്ടാതെയുള്ള ആ ഇരിപ്പ് കാണുമ്പോൾ വീണ്ടും അവന്റെ ചങ്ക് കലങ്ങും.

വന്നത് പോലെ തന്നെ പുറത്തേക്കിറങ്ങി പോകും.

മറിയാമ്മച്ചിയെ അവൻ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു.. ശാരി ഇനിയില്ല എന്നുള്ളത്.

മീരായുടെ കാര്യം പറഞ്ഞിട്ട് തന്നെയായിരുന്നു അവരുടെയും വേദന മുഴുവനും.

അന്നവിടെ കൂടിയവർ മുഴുവനും വേദനിച്ചത് അവളെ കുറിച്ചോർത്തു തന്നെയായിരുന്നു.

                           ❣️❣️❣️

“ഉമ്മാക്ക് എങ്ങനുണ്ട് ഷാനിക്ക?”
ഷോപ്പിലേക്ക് കയറി വരുന്നതിനിടെ ആരോ ചോദിക്കുന്നത് കേട്ടാണ് ഷാനവാസ് തിരിഞ്ഞു നോക്കിയത്.

പ്രമോദാണ്.

റാക്കിലേക്ക് എന്തോ അടുക്കി വെക്കുകയാണ്.

ഒരു സ്റ്റൂളിന്റെ മുകളിൽ കയറി നിൽപ്പാണ് അവൻ.
അവനരികിൽ തന്നെ താഴെ ഉള്ളതെല്ലാം എടുത്തു കൊടുത്ത് കൊണ്ട് ലില്ലിയും നിൽപ്പുണ്ട്.

“കുറവെന്ന് പറയാനൊന്നും ആയിട്ടില്ല പ്രമോദെ..”

ചെറിയൊരു ചിരിയോടെ ഷാനവാസ് പറഞ്ഞു.

“ഉമ്മാക്ക് ഒറ്റയ്ക്ക് മടുത്തിട്ടാവും ഷാനിക്കാ. ആ വലിയൊരു വീട്ടിൽ ഒറ്റക്കല്ലേ.. നിങ്ങള് ഇങ്ങോട്ട് പോന്ന പിന്നെ. ജോലിക്കാരുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. നമ്മുടേതെന്ന് കരുതി അടുപ്പമുളവരോട് പറയുന്നത് പോലൊക്കെ അവരോട് പറയാനൊക്കുവോ.. പാവം.”

പ്രമോദ് വീണ്ടും ജോലി തുടടുന്നതിനിടെ തന്നെ പറഞ്ഞു.

പ്രമോദ് പറഞ്ഞത് ചിരിച്ചു കൊണ്ട് സ്വീകരിച്ചുവെങ്കിലും.. ഒരുവേള അയാളുടെ കണ്ണുകൾ ലില്ലിയിൽ ഉടക്കി പോയിരുന്നു.

ചുരുളൻ മുടിയിഴകൾ വീണു കിടക്കുന്ന നെറ്റി തടം.. എപ്പോഴും ചെറിയൊരു മന്ദഹാസം ഒളിപ്പിച്ചു പിടിച്ച ചുണ്ടുകൾ..

ഒറ്റ കളറുള്ളൊരു ചുരിദാറാണ് വേഷം.

നടക്കുമ്പോൾ ഞൊണ്ടൽ ഉള്ളത് കൊണ്ടായിരിക്കും.. ഒരു വള്ളി ചെരുപ്പാണ് കാലിൽ.

ഒറ്റ നിമിഷം കൊണ്ട് അയാളുടെ കണ്ണുകൾ ലില്ലിയിൽ പതിഞ്ഞു.

ഇടനെഞ്ചിൽ ഊറി കൂടിയ വെപ്രാളം… അന്നോളം അയാൾക്ക് പരിചിതമല്ലാത്തൊരു ഭാവമായിരുന്നു.
പിന്നൊന്നും പറയാൻ നിൽക്കാതെ അവരിൽ നിന്നും തിരിഞ്ഞു നടക്കുമ്പോൾ അയാളുടെ ഹൃദയതാളം വല്ലാതെ കൂടിയിരുന്നു.

ഓഫിസ് മുറിയിലേക്ക് കയറുമ്പോൾ.. സ്വയമറിയാതെ അയാൾ ഒരിക്കൽ കൂടി അവരെ തിരിഞ്ഞു നോക്കി..

                              ❣️❣️

“മോനെ…. അമ്മ.. അമ്മയാണെടാ “

ഫോണിൽ കൂടി ഒഴുകിയെത്തിയ ആ സ്വരം.

തളർന്നു തൂങ്ങിയ ആ അവസ്ഥയിലും അവനൊരു ഉണർവ് പോലെ തോന്നി.

അങ്ങോട്ടും ഇങ്ങോട്ടും വിളിയോ പറച്ചിലോ ഇല്ലാഞ്ഞിട്ടും ആ നമ്പർ ഫോണിൽ സേവ് ചെയ്യുമ്പോൾ… ഒരു ധൈര്യമായിരുന്നു.

“ആഹ്.. പറയമ്മേ..”

അരികിലിരുന്ന ഫൈസിയുടെ തോളിലേക്ക് ചാഞ്ഞു കൊണ്ടവൻ പറഞ്ഞു.

ശാരിയുടെ ചടങ്ങുകളെല്ലാം തീർന്നിട്ടുള്ള ഇരിപ്പാണ്.

അത് വരെയും ഒരിറ്റ് കണ്ണുനീർ പോലും പൊഴിക്കാതെ അമ്മക്കരികിൽ തന്നെ ഇരുന്നവൾ അമ്മയെ യാത്രയാക്കുമ്പോഴെങ്കിലും പൊട്ടി പിളരുമെന്ന് കരുതിയവരെ അത്ഭുതപ്പെടുത്തി കൊണ്ട്… ശാരിയുടെ നെറ്റിയിൽ അമർത്തിയൊരു ഉമ്മ കൊടുത്തു കൊണ്ട് യാത്രയാക്കി.

ആ കാഴ്ച കണ്ടിട്ടാണ് അവിടെ കൂടിയാവരെല്ലാം കരഞ്ഞു പോയതും.

ഫൈസി കരച്ചിലൊതുക്കാൻ ഒട്ടും വയ്യെന്ന് തോന്നിയത് കൊണ്ടാണ് തിരിഞ്ഞ് നടന്നത്.

എത്രയൊക്കെ തടഞ്ഞിട്ടും… മോനെ എന്ന് സ്നേഹത്തോടെ വിളിക്കാൻ.. മകളെ ഓർത്തു വേവലാതിയോടെ അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു സങ്കടം പറയാൻ ശാരിയാന്റി ഇനി ഇല്ലെന്ന് ഓർക്കേ… ക്രിസ്റ്റിയുടെ കണ്ണുകളും നിറഞ്ഞൊലിച്ചു.

ഒരു നാട് മൊത്തം… ആരോരുമില്ലാ യെന്ന് സങ്കടപ്പെട്ടിരുന്ന ശാരിക്ക് വേണ്ടി സ്നേഹത്തോടെ യാത്ര പറയുമ്പോൾ.. മീരാ മാത്രം അപ്പോഴും ഉലയാതെ നിന്നു.

“മോനെ…”
വീണ്ടും ഡെയ്സി വിളിച്ചപ്പോഴാണ് ക്രിസ്റ്റി ഞെട്ടിയത്.

“ആഹ്.. കേൾക്കുന്നുണ്ട്. പറയമ്മേ “
തോളു കൊണ്ട് മുഖം വീണ്ടും തുടച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“എനിക്ക്.. എനിക്കൊന്നങ്ങോട്ട് വരണന്നുണ്ടായിരുന്നു..”

പതറി കൊണ്ട് അവരത് പറഞ്ഞതും.. ക്രിസ്റ്റിയുടെ നെഞ്ചോന്നാളി.

“കർത്താവെ… അമ്മയെങ്ങനെ..

“എന്താടാ?”
അവന്റെ ഞെട്ടൽ അറിഞ്ഞത് പോലെ ഫൈസി ചോദിച്ചു.

“അമ്മയാണ്…”
ക്രിസ്റ്റി ശബ്ദം കുറച്ചു കൊണ്ട് അവനോട് പറയുമ്പോൾ.. ഫൈസിയുടെ നെറ്റി ചുളിഞ്ഞു പോയിരുന്നു.

വീട്ടിൽ നടന്ന സംഭവങ്ങളൊന്നും തന്നെ ക്രിസ്റ്റി അവനോട് പറഞ്ഞിട്ടില്ലായിരുന്നു.

അത് കൊണ്ട് പെട്ടന്ന് അമ്മയാണ് വിളിക്കുന്നത് എന്ന് പറയുമ്പോൾ അവന്റെ ഞെട്ടൽ സ്വാഭാവികമാവും.

“ഞാൻ… ഞാനിവിടെ..”

അവരോട് എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ക്രിസ്റ്റി വലഞ്ഞു.

സത്യം അറിയുമ്പോൾ അമ്മയെത്ര വേദനിക്കും എന്നതാണ് അവനോര്ത്തത്.

“ശാരിയെ എനിക്കറിയാം. ഇപ്പൊ മറിയാമ്മച്ചി പറഞ്ഞിട്ടാണ്.. അവൾ.. പോയത്… ഞാൻ അറിഞ്ഞത്.എനിക്കൊന്ന് കാണാൻ.. ആ മോളെ..”

ഡെയ്സി പറഞ്ഞതും ക്രിസ്റ്റിയുടെ ശ്വാസം നിലച്ചത് പോലെയായി.

“ശാരിയെ എനിക്കറിയാം..”
ആ വാക്കുകൾ അവൻ വീണ്ടും വീണ്ടും കേട്ടു.

ആരറിയരുതെന്ന് ഇത്രേം കാലം കരുതിയോ.. ആ ആള് തന്നെ പറയുന്നു.

എങ്ങനെ… എങ്ങനെ അറിയാമായിരിക്കും.?

“ഞാൻ.. എന്നെ ഒന്ന് കൊണ്ട് പോകുമോ?”

തിരിച്ചങ്ങോട്ട് ചോദിക്കാൻ അനേകം ചോദ്യങ്ങൾ ഉണ്ടായിട്ടും.. ആ അപേക്ഷയിൽ അവന്റെ ചോദ്യങ്ങളെല്ലാം നിലച്ചു പോയിരുന്നു.

“ഞാൻ.. ഞാൻ വരാം. റെഡിയായി നിൽക്കൂ “

പിന്നെയൊരു വാക്കിനിടം കൊടുക്കാതെ അവൻ പെട്ടന്ന് പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു.
“ഇതൊക്കെ എപ്പോ..”
ഫോൺ വെച്ച ഉടനെ ഫൈസി അവനെ നോക്കി ചോദിച്ചു.

“പറയാൻ ഒരുപാടുണ്ട്.. ഹോസ്പിറ്റലിൽ എത്തിയിട്ട് നിന്നോട് സ്വസ്ഥമായി പറയാം എന്ന് കരുതിയതാണ്. അതിപ്പോ ഇങ്ങനെയുമായി “

ക്രിസ്റ്റി അവനെ നോക്കി പറഞ്ഞു.

“അമ്മയ്ക്ക് എല്ലാം.. എല്ലാം അറിയാമെന്ന് . ഇങ്ങോട്ട് വരണമെന്ന്..”

അവനരികിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“ആ കീ ഇങ്ങ് താ . ഞാൻ പോയി കൊണ്ട് വരാം അമ്മയെ . നീ.. നീ ഇവിടെ ഉണ്ടാവണം. മീരക്ക്.. മീരക്ക് അതൊരു ആശ്വാസമാവും “

ഫൈസി എഴുന്നേറ്റു കൊണ്ട് ക്രിസ്റ്റിക്ക് നേരെ കൈ നീട്ടി.

പിന്നൊന്നും പറയാതെ ക്രിസ്റ്റി കീ അവന്റെ കയ്യിൽ കൊടുത്തു.

“നീ.. നീ ഒന്ന് പോയി നോക്കെടാ അകത്തേക്ക്.അവളൊന്നും കുടിച്ചു കാണില്ല. ഇത്രേം നേരമായില്ലേ. നീ പറഞ്ഞ… അവള് കേൾക്കും.. നിന്നെ അവൾക്ക് അത്രേം…”

ബാക്കി പറയും മുന്നേ ഫൈസി തിരിഞ്ഞു നടന്നത് നിറഞ്ഞ കണ്ണുകൾ ക്രിസ്റ്റി കാണാതിരിക്കാൻ വേണ്ടിയായിരുന്നു.

                           ❣️❣️

“ഇച്ഛ ഇനിയും പോയില്ലേ? “

ക്രിസ്റ്റി മുറിയിലേക്ക് ചെല്ലുന്നത് കണ്ടതേ മീരാ ചോദിച്ചു.
ഷീല ചേച്ചിയോടൊപ്പം രണ്ടു മൂന്ന് സ്ത്രീകൾ കൂടിയുണ്ട് അവളുടെ കൂടെ.

അവൻ ചെല്ലുന്നത് കണ്ടതും ഷീലചേച്ചി ദയനീയമായി അവനെയൊന്ന് നോക്കി.
അവൾക്കായ് എടുത്ത കഞ്ഞിയപ്പോഴും അവരുടെ കയ്യിലുണ്ട്.

“ഇച്ഛയങ്ങനെ ഉപേക്ഷിച്ചു പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ മോളെ?”

അത്യാധികം വേദനയോടെ ക്രിസ്റ്റി അവളുടെ അരികിലേക്കിരുന്നു കൊണ്ട് പറഞ്ഞു.

മീരാ ഒന്നും പറയാതെ അവനെ നോക്കിയിരുന്നു.

“ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല മോനെ “

ആ ഇരുപ്പ് നോക്കി.. ഷീല കണ്ണ്നീർ തുടച്ചു കൊണ്ട് ക്രിസ്റ്റീയോട് പറഞ്ഞു.

“ഇങ്ങ് തന്നേക്ക് ഷീലേച്ചി.. ഞാൻ കൊടുത്തു കൊള്ളാം “
ക്രിസ്റ്റി അവരുടെ കയ്യിലെ കഞ്ഞി പാത്രത്തിന് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു.

“എനിക്ക്.. എനിക്ക് വേണ്ടാഞ്ഞിട്ടാ ഇച്ഛാ “

മീരാ അതേയിരുപ്പിൽ തന്നെ പറഞ്ഞു.

“എനിക്കറിയാം മോളെ. പക്ഷേ ഇച്ഛക്ക് വേണ്ടി. കൂടുതലൊന്നും വേണ്ട.. മൂന്നോ നാലോ സ്പൂൺ മാത്രം.. വാ തുറക്ക് “

അവൾക്ക് നേരെ തിരിഞ്ഞിരുന്നു കൊണ്ട് ക്രിസ്റ്റി പറയുമ്പോൾ മീരാ ഒരു നിമിഷം അവനെ നോക്കിയിരുന്നു.
“അവസാനമായിട്ടും അമ്മയെന്നോട് പറഞ്ഞത്.. ഇച്ഛയേ ബുദ്ധിമുട്ടിക്കരുത് എന്നാ. എനിക്കത് പാലിക്കണം..”

അത് പറഞ്ഞു കൊണ്ടവൾ വാ തുറന്ന് കാണിച്ചു.

തൊണ്ടയിൽ തടഞ്ഞൊരു കരച്ചിൽ അമർത്തി പിടിച്ചു കൊണ്ടാണ് ക്രിസ്റ്റി അവൾക്ക് മുന്നിലിരുന്നത്.

അവരെ രണ്ടു പേരെയും തനിച്ചു വിട്ടിട്ട് മുറിയിലുള്ളവർ പുറത്തേക്ക് നടന്നു.

“ഞാനെന്താ കരായാത്തത് എന്നല്ലേ…. ഇച്ഛാ ഓർക്കുന്നത്?”
കഞ്ഞി കുടിക്കുന്നതിനിടെ തന്നെ മീരാ അവനെ നോക്കി.

ക്രിസ്റ്റി അവൾക്കുള്ള ഉത്തരമൊന്നും കൊടുത്തിട്ടില്ല.

“കരഞ്ഞാൽ തോറ്റു ന്നാ. അമ്മ പറയും.. ആർക്ക് മുന്നിലും തോറ്റു കൊടുക്കരുത് എന്ന്.”

കല്ലിച്ച അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിട്ട് ക്രിസ്റ്റി വീണ്ടും കഞ്ഞി അവൾക്ക് നീട്ടി.

“എന്തോരും കഷ്ടപ്പാട് സഹിച്ചിട്ടും എന്റമ്മ എനിക്ക് മുന്നിൽ കരഞ്ഞിട്ടില്ല ഇച്ചേ..”

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി.

“എവിടേം പോയിട്ടില്ല. ഇവിടുണ്ട്. എന്റെ നെഞ്ചിൽ. എന്നെയിട്ടിട്ട് എവിടേം പോവാൻ അമ്മയ്ക്ക് കഴിയില്ല. അമ്മയുടെ ഏറ്റവും വലിയ പേടിയും അത് തന്നെ അല്ലായിരുന്നോ.. എവിടേം പോവില്ല.. പോവില്ല ഇച്ചേ..”
സ്വന്തം നെഞ്ചിൽ തൊട്ട് കാണിച്ചിട്ട് മീരാ ക്രിസ്റ്റിയെ നോക്കി.

“മതി പറഞ്ഞത്. ഇനി ഇത്തിരി വെള്ളം കുടിച്ചിട്ട് നീ ഒന്ന് ഉറങ്ങു മോളെ..”

സഹിക്കാൻ വയ്യാത്ത വേദനയോടെ ക്രിസ്റ്റി പറഞ്ഞു.

“എനിക്ക്… എനിക്കുറങ്ങാൻ വയ്യ ഇചേ..കണ്ണടക്കുമ്പോ..”

ദയനീയമായി മീരാ അവന്റെ കയ്യിൽ പിടിച്ചു.

“ഒന്നുല്ല. ഇച്ഛാ ഉണ്ടിവിടെ… നീ ഉണരുവോളം ഞാൻ കാവലിരുന്നോളാം . എന്റെ ചങ്കിൽ ജീവനുണ്ടെങ്കിൽ നീ എങ്ങനെ ഒറ്റക്കാവും മോളെ.. ഇത്തിരിയോളം പോന്ന പ്രായം മുതൽ ഇച്ഛാ നിന്റെ കൂടെയല്ലേ. ഇനിം ഉണ്ടാവും. നിന്റെ കൂടെ തന്നെ.”

അവൻ അവളുടെ അരികിലേക്ക് നീങ്ങിയിരുന്നിട്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു.

“നീ പറഞ്ഞ പോലെ.. അമ്മ എവിടേം പോയിട്ടില്ല. ഇവിടുണ്ട്. എന്റേം നിന്റെം നെഞ്ചിൽ. ആ അമ്മയ്ക്ക് ഞാൻ കൊടുത്ത  വാക്കാണ്. അതെനിക്കും പാലിക്കണം.”

മീരാ അവന്റെ തോളിലേക്ക് തല ചായ്ച്ചു.

“ഒന്നും ഓർക്കേണ്ട.. സങ്കടണ്ടാവും. ഇച്ഛക്ക് അറിയാം. പക്ഷേ ശാരിയാന്റി അനുഭവിച്ചതിന്റെ പാതി പോലും ഞാനും നീയും അനുഭവിച്ചു തീർത്തിട്ടില്ല. പൊരുതി ജയിച്ചൊരു അമ്മയുടെ മകളാണ് നീ. ആ അമ്മയ്ക്ക് വേണ്ടി എന്റെ മോള് തോൽക്കാൻ പാടില്ല. ഞാനതിനു സമ്മതിച്ചു തരില്ല..”

ഇടറി കൊണ്ട് പറയുന്നവനെ മീരയൊന്ന് തല ഉയർത്തി നോക്കി.

പെടുന്നനെ നീർ പൊടിഞ്ഞ അവളുടെ കണ്ണിലേക്കു എത്ര പെട്ടാന്നാണ് ഒരു കടലിരമ്പി എത്തിയത്…

ആ സങ്കടപെയ്ത്തു തീരുവോളം ക്രിസ്റ്റി അവളെ നെഞ്ചിൽ അടക്കി പിടിച്ചിരുന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button