Novel

നിലാവിന്റെ തോഴൻ: ഭാഗം 7

[ad_1]

രചന: ജിഫ്‌ന നിസാർ

സ്വന്തം മുഖത്തെ സങ്കടം വർക്കിയുടെ മുന്നിൽ കാണിക്കാതിരിക്കാൻ ഡെയ്സി വേഗം തിരിഞ്ഞു നിന്നു.

എന്നാൽ അതെല്ലാം മുൻകൂട്ടി അറിഞ്ഞത് പോലൊരു പുച്ഛമുണ്ടായിരുന്നു അയാളുടെ മുഖം നിറയെ.

എപ്പോഴത്തെയും പോലെ അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് ഡെയ്സി കിടക്കവിരി കുടഞ്ഞിട്ട് കൊണ്ട് മുറിയിലെ ജോലികളുമായി കൂടി.

“എന്തോ പറഞ്ഞെടി.. നിന്റെ സീമന്ത പുത്രൻ?”

മുഖത്തെ പുച്ഛമപ്പോൾ അപ്പാടെ വാക്കുകളിലേക്ക് പകർത്തിയിട്ടുണ്ടയാൾ.

ഡെയ്സി ഒരക്ഷരം മിണ്ടുകയോ അയാൾക്ക് നേരെ തിരിയുകയോ ചെയ്തില്ല.

“അല്ലാ.. എത്രയൊക്കെ ആട്ടി ഓടിച്ചാലും വാലാട്ടി പട്ടികളെ പോലെ ഇവിടെ തന്നെ പറ്റി കൂടുന്നതാണല്ലോ അവന്റെ ശീലം.. അത് ഇപ്രാവശ്യവും തുടരും. അല്ലേ?”

വർക്കി കളിയാക്കി ചിരിച്ചു കൊണ്ട് ഡെയ്സിയുടെ മുന്നിൽ വന്നു നിന്ന് കൊണ്ട് പറഞ്ഞു.

ക്ഷമയുടെയും സഹനത്തിന്റെയും അനവധി അവസരങ്ങളിൽ ചെയ്യുന്നത് പോലെ… ഡെയ്സി കണ്ണുകൾ അയാൾക്ക് നേരെ ഉയർത്തി നോക്കിയത് പോലുമില്ല.

ഉള്ളിലെ സംഘർഷവും സങ്കടവും കയ്യിലുള്ള പുതപ്പിൽ അമർത്തി പിടിച്ചു കൊണ്ട് മാത്രം തീർത്തു.

“നാണം എന്നൊരു സാധനമുണ്ടോടി ആ എരപ്പാളിക്ക്? ഇറങ്ങി പോകാൻ മുഖത്തു നോക്കി പറഞ്ഞാ ഞാൻ.ഇറങ്ങി പോകുന്നതല്ലേ ഒരു മനുഷ്യന്റെ ഏറ്റവും വലിയ അന്തസ്സ്?”
വർക്കി വീണ്ടും ചുണ്ട് കോട്ടി.

ഇപ്രാവശ്യം ഡെയ്സി തലയുയർത്തി അയാളെ നോക്കി.

“അതേ.. അത് തന്നെയാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ അന്തസ്സ്.”

ഇപ്രാവശ്യം ഡെയ്സിയൊന്നു ചിരിച്ചു.

“കെട്ട് കഴിഞ്ഞ പിറ്റേ വർഷം തൊട്ട്… നിങ്ങൾക്ക് എന്റെ മോനോടുള്ള മനോഭാവം വ്യക്തമായി മനസ്സിലായത് മുതൽ ഇന്ന് വരെയും എനിക്ക് നിങ്ങളോടും പറയാനുള്ളത് അത് തന്നെയാണ്. ഇറങ്ങി പോയികൂടെ . ഇത്… ഇതെന്റെ മോന്റെ അപ്പാ കഷ്ടപെട്ട് ഉണ്ടാക്കിയതല്ലേ?  അതിൽ നിന്നും കയ്യിട്ട് വാരി ദൂർത്തടിച്ചും പൊങ്ങച്ചം കാണിച്ചും അന്ധസ്സില്ലാതെ ജീവിക്കുന്നത് നിർത്തി… ഒന്നിറങ്ങി പോയികൂടെ.. എന്റെ… എന്റെ മോനൊന്നു ചിരിച്ചു കാണണം എനിക്ക് “

കടുപ്പത്തിൽ പറഞ്ഞു തുടങ്ങിയ ഡെയ്സി ഒടുവിൽ ഒരു സങ്കടകടലിലേക്ക് എടുത്തെറിഞ്ഞത് പോലെ പിടഞ്ഞു.

വർക്കിയുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.

ബലമായി ഡെയ്സിയെ അയാൾ ചുവരിലേക്ക് ചേർത്തമർത്തി.അറുപതു വയസ്സൊളമുണ്ടായിട്ടും അയാൾക്ക് നല്ല കരുത്താണ്.
കാരിരുമ്പിന്റെ ഉറപ്പോടെയുള്ള ആ കൈകളിൽ ഡെയ്സി അമർന്നു നിന്നു.

അത് പ്രതീക്ഷിച്ചിരുന്നത് പോലെ അവരൊന്നു കുതറിയത് പോലുമില്ലാതെ കണ്ണുകൾ ഇറുകെ അടച്ചു.

“ഞാനല്ല… ഇറങ്ങി പോകേണ്ടത് അവനാണ്. നിന്റെയാ വൃത്തിക്കെട്ട… നാണമില്ലാത്ത മകൻ.”

ഡെയ്സിയുടെ കാതോട് ചേർന്ന് നിന്നിട്ട് വർക്കി മുരളും പോലെ പറഞ്ഞു.

“ഒരുപാട് കൊതിച്ചു നേടിയതാണെടി വർക്കി നിന്നെയും പിന്നെയീ സ്വത്തിനെയും. അതങ്ങനെ വിട്ട് കൊടുക്കാൻ ഞാൻ വെറുമൊരു പോഴനല്ല. മനസിലായോ?”

ഡെയ്സിയെ പിടിച്ചു തള്ളി കൊണ്ട് വർക്കി വീണ്ടും പറഞ്ഞു.

“എന്റെ മകന്റെയാണ് ഈ കാണുന്നതെല്ലാം. അവനെ ചതിച്ചു നേടിയതെല്ലാം എന്റെ മകൻ ഒരിക്കൽ തിരികെ പിടിക്കും. നോക്കിക്കോ “

കഴുത്തിൽ തടവി കൊണ്ട് ഡെയ്സി പറയുമ്പോൾ വർക്കിയുടെ കൈകൾ അവരുടെ കവിളിൽ പതിഞ്ഞു പോയിരുന്നു.

ഒരിറ്റ് കണ്ണീർ പോലും പൊഴിക്കാതെ അവരതും നേരിട്ടു.

“അവൻ ഒലത്തും. അതിനുള്ള പവർ വരുവോളം നിന്റെ പുന്നാര മോൻ ജീവിച്ചിരുന്നിട്ട് വേണ്ടേ? ഈ വർക്കിയുടെ ഔദാര്യമാണ് നിന്റെയും നിന്റെ മകന്റെയും ജീവിതവും ജീവനും. അത് മറക്കാതിരുന്നാൽ അമ്മയ്ക്കും മോനും കുറച്ചു കാലം കൂടി ജീവിക്കാം. അറിയാലോ നിനക്കെന്നെ..”

വർക്കി ദേഷ്യം കൊണ്ട് വിറക്കുന്ന വിരൽ ഡെയ്സിക്ക് നേരെ ചൂണ്ടി.
“അറിയാം.. ശെരിക്കും അറിയാം. അല്ലെങ്കിലും എന്നോളം അത് വേറെ ആർക്കാണ് അറിയാവുന്നത്. എന്റെ മകനെ പോലും അറിയിക്കാതെ ഞാൻ കൊണ്ട് നടക്കുന്ന നിങ്ങളുടെ വൃത്തിക്കെട്ട മുഖം.. ഒരിക്കൽ ലോകത്തിന് മുന്നിൽ തന്നെ പൊഴിഞ്ഞു വീഴും. കർത്താവ് എനിക്കത് കാണിച്ചു തരും “

ഡെയ്സി വാശി പോലെ പറഞ്ഞു.

വർക്കിയുടെ മുഖത്തൊരു വല്ലാത്ത ചിരി ഉണ്ടായിരുന്നു അവരത് പറഞ്ഞു കേൾക്കുമ്പോൾ.

“പിന്നെ… കർത്താവിനു വേറെ പണിയൊന്നുമില്ലല്ലോ.. ഒന്ന് പോടീ തമാശ പറയാതെ “

അയാൾ ചുണ്ട് കോട്ടി കൊണ്ട് അവരെ വീണ്ടും പിടിച്ചു തള്ളി. അതെല്ലാം അയാളിൽ നിന്നും പ്രതീക്ഷിക്കുന്നത് പോലായിരുന്നു ഡെയ്സിയുടെ ഭാവങ്ങൾ.

“നീയും.. നിന്റെ മോനും ഒരു ചുക്കും ചെയ്യില്ല. ഇത്രേം എത്താനാവുമെങ്കിൽ വർക്കിയേ തളക്കാൻ ഇനിയും നീയൊന്നും പോരാ “

അത് പറയുന്ന വർക്കിയുടെ മുഖത്തേക്ക് ഡെയ്സി തുറിച്ചു നോക്കി.

“നിങ്ങളുടെയല്ല.. എന്റെ… എന്റെ ഔദാര്യമാണ് വർക്കി ചെറിയാനെന്ന നിങ്ങളുടെ മാന്യതയുടെ മുഖമൂടി. വലിച്ചു പറിച്ചെറിയാൻ എനിക്കറിയാൻ പാടില്ലാഞ്ഞിട്ടല്ലെന്നു ഒരുപാട് പ്രാവശ്യം ഞാൻ പറഞ്ഞതല്ലേ? “

തെല്ലും കൂസലില്ലാത്ത ഡെയ്സിയുടെ മറ്റൊരു മുഖം.

ക്രിസ്റ്റിയുടെ മുന്നിലുള്ള ദയനീയ ഭാവമായിരുന്നില്ല അപ്പോഴവർക്ക്.
എന്തും നേരിടാനുള്ള ചങ്കുറപ്പ് എടുത്തു കാണിക്കുന്ന ആത്മവിശ്വാസം നിറഞ്ഞ മുഖം.

“നിങ്ങളെ അറിഞ്ഞപ്പോൾ..ചെകുത്താന്റെ മനസ്സും ക്രൂരതകളും അറിഞ്ഞപ്പോഴേക്കും ഞാനെറെ വൈകി പോയിരുന്നു.അത് കൊണ്ടാണ്… അത് കൊണ്ട് മാത്രമാണ് നിങ്ങൾക്കിവിടെ ഇപ്പോഴും സ്ഥാനം “

ഡെയ്സി വർക്കിയുടെ നേരെ നോക്കി.

“വെറുതെയല്ല.. ഇത്രെയൊക്കെ നീ മകന് വേണ്ടി വക്കാലത്തു പറഞ്ഞു നടന്നിട്ടും അവൻ പട്ടിയെ പോലെ അകറ്റി നിർത്തുന്നത്. നീ എത്രയൊക്കെ വായിട്ടലച്ചാലും കമാന്നൊരാക്ഷരം പൊന്നുമോൻ പറയാത്തതും “
ഏറ്റവും അവസാനതെ അടവെന്നത് പോലെ വർക്കിയത് പറഞ്ഞത് എപ്പോഴത്തെയും പോലെ ഡെയ്സിയെ തളർത്തി കളയാം എന്നൊരു ഉദ്ദേശത്തോടെ തന്നെയായിരുന്നു.

വർക്കി പ്രതീക്ഷിച്ചത് പോലെ തന്നെ.. ഡെയ്സിയുടെ മുഖം വാടി.

ഗൂഡമായൊരു ചിരിയോടെ അയളത് നോക്കി നിന്നു.

“നിങ്ങളെ എന്റെ ജീവിതത്തിലേക്ക് വലിച്ചു ചേർത്തുവെന്നൊരു തെറ്റ് ഞാനെന്റെ മോനോട് ചെയ്തിട്ടുണ്ട്. അന്നവന്റെ മനസ്സ് നോവുന്നത് കാണാതെ പോയൊരു അമ്മയാണ് ഞാൻ. നൊന്തു പ്രസവിച്ച ഒരമ്മയും മക്കളെ മനസ്സിലാക്കാതെ പോകരുത് എന്നൊരു വളരെ വലിയ തെറ്റ് ചെയ്തു പോയി.അതിനെന്റെ കുഞ്ഞ് തരുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ ഒരുക്കമാണ് “

ഉറപ്പോടെ തന്നെ ഡെയ്സി പറഞ്ഞു.

വർക്കി ചുണ്ട് കോട്ടി.
“എന്നിട്ടെന്തേ നീ ആ തെറ്റ് തിരുത്താഞ്ഞത്. കാലം ഒരുപാട് ആയില്ലേ എന്റെ കൂടെ കൂടിയിട്ട് “
വർക്കി അവരെ കളിയാക്കി.

“ചെയ്യുമായിരുന്നു. എന്റെ മകനോട് നിങ്ങൾ കാണിക്കുന്ന അവഗണന മനസ്സിലായ അന്ന് തന്നെ ചെയ്യുമായിരുന്നു. പക്ഷേ.. പക്ഷേ.. അപ്പോഴേക്കും നിങ്ങളുടെ രണ്ടു കുഞ്ഞുങ്ങൾക്ക് കൂടി ഞാൻ അമ്മയായിരുന്നു. എന്റെ ഒരു മോന് ഞാൻ അമ്മയാവുമ്പോൾ.. മറ്റു രണ്ടു കുഞ്ഞുങ്ങൾക്ക് അച്ഛനെ നിഷേധിക്കാൻ വയ്യാത്തൊരു ഗതികേട്… അതാണ് ഇന്നും ഞാൻ “

ഡെയ്സിയുടെ മുഖം വലിഞ്ഞു മുറുകി.

“അതൊന്നുമല്ലടി. ആണുങ്ങളുടെ ചൂടും ചൂരും കിട്ടാതെ.. നിനക്കുറക്കാം വരില്ല. അത് തന്നെ. അല്ലെങ്കിൽ കെട്ട്യോൻ ചത്തിട്ടു പിറ്റേ വർഷം തന്നെ എന്റെ മണവാട്ടിയാവുമായിരുന്നോ നീ?”
വർക്കി അവരിലെ സ്ത്രീയെ പരമാവധി മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.

“അതും എന്റെ തെറ്റാണ്. തനിക്ക് വേണ്ടാത്തത് വേണ്ടന്ന് പറയാൻ ആരെയും പേടിക്കരുത്. എനിക്കതിനു കഴിഞ്ഞില്ല. നിങ്ങളെ എന്റെ മേലേക്ക് അടിച്ചേൽപ്പിച്ചവരാരും എന്റെ കണ്ണീർ കണ്ടില്ല. എന്റെ കുഞ്ഞിന്റെ പൊള്ളുന്ന മനസ്സ് കണ്ടില്ല. എല്ലാവരും അവരവരുടെ കാര്യം മാത്രം ചിന്തിച്ചു. നഷ്ടം… എനിക്കും എന്റെ മോനും മാത്രം “
ഡെയ്സി വീറോടെ പറഞ്ഞു.

“രണ്ടാമത് ഒരാളെ ജീവിതത്തിലേക്ക് ചേർക്കും മുന്നേ ഓരോരുത്തരും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ചുറ്റും ഉള്ളവരുടെ വാക്കുകളെയല്ല സ്വീകരിക്കേണ്ടത്. മനസ്സിടിഞ്ഞു നിൽക്കുന്ന സ്വന്തം മക്കളിലേക്ക് നഷ്ടപെട്ടതിന്റെ നഷ്ടം നികത്താനെന്നത് പോലെ ഒരാളെ ചേർത്ത് വെക്കാൻ പാകത്തിന് അവരുടെ മനസ്സിലെ മുറിവ് ഉണങ്ങിയോ എന്ന്. ഇന്നെനിക്ക് മനസ്സിലാവും.. എന്റെ കുഞ്ഞിന്റെ സങ്കടം “
ഡെയ്സി വേദനയോടെ പറഞ്ഞു.

“എന്ത് പറഞ്ഞാലും അവളുടെ ഒരു മോൻ.. മോൻ. കേട്ട് കേട്ട് മടുത്തു ഞാൻ. എന്റെ രണ്ടു കുഞ്ഞുങ്ങളെ കൂടി സ്നേഹിക്കാൻ പഠിക്കെടി നീ “
വർക്കി വീണ്ടും ദേഷ്യപെട്ടു.

“സ്നേഹിക്കാനും വേണം അർഹത. നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും അതില്ല. പക്ഷേ എന്റെ മോനും അവന്റെ അപ്പനും എന്നെ സ്നേഹിച്ചിട്ടേ ഒള്ളു. ഒരിക്കലും വേദനിപ്പിച്ചു രസിച്ചിട്ടില്ല “

നിറഞ്ഞ കണ്ണോടെ ഡെയ്സി തിരിഞ്ഞു.

“ഒന്നവിടെ നിന്നേ “
വാതിൽ തുറന്നിറങ്ങി പോകും മുന്നേ.. വർക്കി ഡെയ്സിയുടെ മുന്നിലേക്ക് കയറി നിന്നു.

“ഇതും മനസ്സിൽ വെച്ച് ഇന്നിവിടെ വിളിച്ചു കൂട്ടിയവർക്ക് മുന്നിൽ മുഖം വീർപ്പിച്ചു നടന്ന.. അറിയാലോ നിനക്കെന്നെ..”
ഭീക്ഷണി പോലെ വർക്കി വിരൽ ചൂണ്ടി.

“അത് തന്നെ എനിക്കും പറയാനുള്ളത്. എന്റെ മോനെ അപമാനിക്കാൻ നിങ്ങൾ പപ്പയും മക്കളും ശ്രമിച്ച… ഞാൻ അവന്റെമാത്രം അമ്മയാവും.പറഞ്ഞില്ലെന്നു വേണ്ട “
അതേ ഭീക്ഷണിയുടെ ചുവയോടെ തന്നെ ഡെയ്സി പറഞ്ഞു നിർത്തി.

തിരിഞ്ഞു നടക്കുമ്പോഴും അവർക്ക് അറിയാമായിരുന്നു… വർക്കിയും മക്കളും ക്രിസ്റ്റിയെ ചൊറിയാതെ ആ പരിപാടി അവസാനിപ്പിച്ചു പോകില്ലെന്ന്..

ഇന്നീ പറഞ്ഞതിന് കൂടിയുള്ള അപമാനം അവനേറ്റു വാങ്ങേണ്ടി വരും. അത് കൊണ്ടാണ് നെഞ്ച് നീറിയാലും വെന്തു പിടഞ്ഞാലും എല്ലാത്തിനും നേരെ കണ്ണും മനസ്സും അടച്ചു വെക്കുന്നതും..

                              ❣️❣️❣️

അലക്കി പിഴിഞ്ഞെടുത്ത ഡ്രസ്സ്‌ മുറ്റത്തു വലിച്ചു കെട്ടിയ അയലിൽ വിരിച്ചിട്ട് കൊണ്ട് ഫാത്തിമ കയ്യിലുള്ള തോർത്ത്‌ കൊണ്ട് മുടി ഒന്നൂടെ തുടച്ചു കൊണ്ട് മുടി അതിൽ പൊതിഞ്ഞു കെട്ടി.

വിശപ്പ് അതിന്റെ ഏറ്റവും ഉന്നതങ്ങളിൽ എത്തിയിരിക്കുന്നു.

കൈക്കും കാലിലും തളർച്ച ബാധിച്ചു തുടങ്ങിയിരിക്കുന്നു.

അടുക്കളയിലെ ബഹളങ്ങൾ ഒതുങ്ങിയോ ആവോ?

ചുരിദാറിന്റെ ഷാൾ കഴുത്തിലൂടെ ചുറ്റി ഇട്ട് വരുന്നവളെ കാത്ത് അടുക്കള വാതിൽ ചാരി നിൽക്കുണ്ടായിരുന്നു അമീൻ.
വളരെ… അടുത്തെത്തിയിട്ടാണ് ഫാത്തിമ അവനെ കണ്ടതും…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button