Novel

നിലാവിന്റെ തോഴൻ: ഭാഗം 9

[ad_1]

രചന: ജിഫ്‌ന നിസാർ

“മമ്മക്കെന്നാ കൊങ്കണ്ണ് ഉണ്ടോ?”

ഉച്ച തിരിഞ്ഞത് മുതൽ ഇടയ്ക്കിടെ സിറ്റൗട്ടിൽ ഇറങ്ങി നിന്നിട്ട് ഗേറ്റിലേക്ക് നോക്കുന്ന ഡെയ്സിയെ നോക്കി റിഷി അൽപ്പം കടുപ്പത്തിൽ തന്നെ ചോദിച്ചു.അവനും വ്യക്തമായി അറിയാമായിരുന്നു.. ഡെയ്സി തേടുന്നത് ക്രിസ്റ്റിയെ ആണെന്നുള്ളത്.

പിറന്നാൾ ആഘോഷങ്ങളുടെ അവസാന മിനുക്ക് പണികളും തീർന്നിരിക്കുന്നു.

വൈകിട്ട് നാലോട് കൂടിയാണ് അതിഥികളെ ക്ഷണിച്ചിരിക്കുന്നത്.

പൊങ്ങച്ചം കാണിക്കാനുള്ള ഒരവസരവും മിസ്സാക്കില്ലെന്നുറപ്പുള്ളത് പോലെ… അങ്ങേയറ്റം ആഡംബരമാണ് ഒരുക്കങ്ങൾ ഓരോന്നും.

വിഭവങ്ങൾ എണ്ണിയാലൊടുങ്ങില്ല.

വീടും പരിസരവും ആ നട്ടുച്ച നേരത്തും അലങ്കാര ബൾബുകളുടെ പ്രകാശത്തിലാണ്.

വർക്കിയുടെ കുടുംബത്തിലെ ഏറെക്കുറെ എല്ലാം എത്തും. ഓസ്സിന് ആസിഡ് കിട്ടിയാലും കണ്ണുമടച്ചു മോന്തുന്ന ടൈപ്പ് ആണ്. പിന്നെ അയാളുടെ കുറേ ഫ്രണ്ട്സും അവരുടെ ഫാമിലിയും 

ഇതിനൊക്കെ പുറമെ.. റിഷിയുടെ സുഹൃത്തുക്കളെ ഒന്ന് പോലും വിടാതെ വിളിച്ചു കാണും.

ദിലുവിന്റെ കാര്യം പിന്നെ പറയണ്ട. ഒരാഴ്ചയായി ഇതിന് വേണ്ടുന്ന ഓരോന്നിനും ചില്ലറയൊന്നുമല്ല പെണ്ണ് പൊടിച്ചു കളഞ്ഞിട്ടുള്ളത്.

ഡെയ്സി അവനെയൊന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
വീണ്ടും ആ കണ്ണുകൾ ഗേറ്റിലേക്ക് തന്നെ നീണ്ടു.

“ദേ മമ്മാ.. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ. എന്താ ചോദിക്കുന്നതിനു ഉത്തരം പറഞ്ഞാല്?”

റിഷി ചുറ്റും ഒന്ന് നോക്കി കൊണ്ട് പല്ല് കടിച്ചു.

“മറുപടി അർഹിക്കുന്ന ചോദ്യം ചോദിക്കാൻ പഠിച്ചു വാ നീ ആദ്യം “
അന്നേരമായിട്ടും ക്രിസ്റ്റിയെ കാണാത്തതിന്റെ സങ്കടവും ദേഷ്യവും മുഴുവനുമുണ്ടായിരുന്നു അവരത് പറയുമ്പോൾ.

“അതിന് മമ്മയെന്തിന് കലിപ്പിടുന്നത് “
റിഷി കണ്ണ് ചുരുക്കി കൊണ്ട് ചോദിച്ചു.

“ദേ.. റിഷി.. നീ നിന്റെ പാട് നോക്കി പോയെ “

ഡെയ്സി പിന്തിരിഞ്ഞു നടന്നു കൊണ്ട് പറഞ്ഞു.

“ഞാൻ പോയിക്കൊള്ളാം. അതിന് മുന്നേ എനിക്ക് മമ്മയോട് ഇച്ചിരി കാര്യം പറയാനുണ്ട് “

റിഷി വീണ്ടും അവർക്ക് മുന്നിലേക്ക് കയറി നിന്നു.

എങ്കിൽ വേഗം പറഞ്ഞിട്ട് പോ എന്നൊരു ഭാവത്തിൽ ഡെയ്സി അവനെ നോക്കി.

“ഇന്നെങ്കിലും ഈ മുഖത്തു ഇച്ചിരി പ്ലസന്റ് ആയിട്ടിരിക്ക്. എന്റേം ദിലുന്റേം ഫ്രൻസ് മുഴുവനും വരും “
റിഷി ഡെയ്സിയെ നോക്കി.

“അത് മാത്രം മതിയോ?”
ഡെയ്സി അവനെ തന്നെ നോക്കി.

“പിന്നെ നല്ലൊരു ഡ്രസ്സ്‌ എടുത്തുടുക്ക്. ഇതൊരുമാതിരി…”

അലസമായി ചുറ്റിയ അവരുടെ സാരിയിലേക്ക് നോക്കി റിഷി മുഖം ചുളിച്ചു.

“മക്കളോരു കാര്യം ചെയ്തേക്ക്. പപ്പയോടു പറഞ്ഞിട്ട് സ്റ്റാറ്റസിനു പറ്റിയ ഒരു മമ്മയെ കൂടി റെന്റിന് കൊണ്ട് വരാൻ പറഞ്ഞേക്ക്. അപ്പോൾ പിന്നെ ഇമ്മാതിരി പ്രശ്നങ്ങളൊന്നുമില്ലല്ലോ “

അവനെയൊന്ന് കൂടി കൂർപ്പിച്ചു നോക്കി കൊണ്ട് ഡെയ്സി തിരിഞ്ഞു നടന്നു.

റിഷി അവർ പോയ വഴിയേ നോക്കി പല്ല് കടിച്ചു.

വീട് നിറയെ ആളുകളായി പോയി. ഇല്ലേൽ… അവന്റെ മുഷ്ടി ചുരുണ്ടു.

                         ❣️❣️❣️

ഇത് പായ്ക്ക് ചെയ്തേക്കൂ “

നിറയെ വെള്ളിമണികൾ നിറഞ്ഞൊരു കൊലുസ് എടുത്തു നീട്ടി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

ദിലുവിന്റെ വെളുത്തു നീണ്ട കാലുകളിൽ അതങ്ങനെ പറ്റി കൂടി കിടക്കുന്നതോർക്കേ അവന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു.

ചാടി തുള്ളി നടക്കുന്ന പെൺകുട്ടികൾക്ക് അവരെ പോലെ ചിരിച്ചു മറിയുന്ന വെള്ളി കൊലുസ്സുകൾ ഒരു അലങ്കാരമാണെന്ന് അവനെപ്പോഴും തോന്നാറുണ്ട്.

“സർ “

പായ്ക്ക് ചെയ്ത പൊതിയോടൊപ്പം അതിന്റെ ബില്ല് കൂടിയുണ്ടായിരുന്നു.

അതും അടച്ചിട്ട് അവൻ ധൃതിയിൽ പുറത്തേക്ക് നടന്നു.

സമയം അഞ്ചു മണിയായി തുടങ്ങിയിരിക്കുന്നു.

വരില്ലെയെന്നൊരു ആധിയോടെ പുറത്തേക്ക് നീളുന്ന രണ്ടു മിഴികൾ ശ്വാസം മുട്ടിച്ചപ്പോൾ വീണ്ടും മടങ്ങാതെ അവിടെ തന്നെ കിടക്കാൻ അവന് വയ്യായിരുന്നു.

പിറന്നാളല്ലേ.. ഗിഫ്റ്റൊന്നും വാങ്ങിക്കാതെ വെറും കയ്യോടെ കയറി ചെല്ലാൻ അവന് തോന്നിയില്ല.കഴിഞ്ഞു പോയൊരു പിറന്നാളിന്റെ കറുത്ത ഓർമകൾ അസ്വസ്ഥതയുടെ കരിവണ്ടികളെ പോലെ അവന് ചുറ്റും മൂളി പറന്നു.
അന്നത്തെ അപമാനം ഏറ്റു വാങ്ങേണ്ടി വന്നത് അനിയത്തി കുട്ടിയുടെ പിറന്നാൾ ആയിട്ടും ഒരു മിടായി പോലും വാങ്ങി കയ്യിൽ കരുതാതെ ചെന്ന ചേട്ടന്റെ സ്നേഹകുറവിനെ പറ്റിയായിരുന്നു.

ഇപ്രാവശ്യം അത് ആവർത്തിക്കരുത് എന്നൊരു നിർബന്ധമുള്ളത്, പൊറുക്കിയെ പേടിച്ചിട്ടോ… അയാൾക്കെതിരെ പറയാൻ അറിയാഞ്ഞിട്ടോ അല്ല.
തനിക് വേണ്ടി ഒരക്ഷരം മിണ്ടാനാവാതെ നോവിന്റെ ചുഴിയിൽ ശ്വാസം കിട്ടാതെ പിടയുന്നൊരു മനസ്സിന്റെ വേദനകളെ അവനൊരിക്കലും വില കുറച്ച് കാണാനാകാത്തത് കൊണ്ട് മാത്രമാണ്.
താൻ കാരണം അവരുടെ ജീവിതം തകരരുത് എന്ന് കരുതിയിട്ടാണ്… പലപ്പോഴും പറയാൻ നിറയെ ഉണ്ടായിട്ടും അയാളോടത് പറയാൻ അർഹിക്കുന്നവനായിട്ടും പരിധി വിട്ടൊന്നും പറയാത്തതും.

തന്റെതായിട്ടും ആ വിട്ടിൽ തന്നെ ആവിശ്യമില്ലന്നറിഞ്ഞിട്ടും തന്നെ ഇത്തിരി നേരം വൈകി കാണാതിരുന്നാൽ പിന്നെ കാണുമ്പോൾ ശ്വാസം കിട്ടിയത് പോലൊരു പ്രകാശം പരക്കുന്ന സ്വന്തം അമ്മയുടെ മുഖമോർത്തു കൊണ്ടാണ് എല്ലാം സഹിച്ചും പിടിച്ചു നിൽക്കുന്നത്.

പൊറുക്കി വേണ്ടതും വേണ്ടാത്തതുമായി നിരവധി ഗിഫ്റ്റ് വാങ്ങി കൂട്ടി കാണും.

അവന് മുടക്കൊന്നുമില്ലല്ലോ.?

കളഞ്ഞു കിട്ടിയത് പോലെ കയ്യിൽ കിട്ടിയ ഒരു സാമ്രാജ്യത്തിലെ ഒരേയൊരു രാജാവായി വലസുകയല്ലേ..?

രാജാവിന് പ്രൗഡിയൊട്ടും കുറയാൻ പാടില്ലല്ലോ?

ക്രിസ്റ്റിയുടെ പല്ലുകൾ ഞെരിഞ്ഞു.

കൂടുതൽ ആലോചിച്ചു നിന്നാൽ തനിക്കാ ഫങ്ക്ഷന് പങ്കെടുക്കാൻ തോന്നില്ലെന്ന് മനസ്സിലായതും തലയൊന്ന് കുടഞ്ഞു കൊണ്ടവൻ ആ പൊതി ജീൻസിന്റെ പോക്കറ്റിലേക്കിട്ട് കൊണ്ട് ബുള്ളറ്റിലേക്ക് കയറി.

അനിയത്തിയുടെ പിറന്നാൾ ആഘോഷമാണെന്നല്ല.. ഇഷ്ടമില്ലാത്ത ഒരിടത്തേക്ക് കയറിൽ കെട്ടി വലിച്ചു കൊണ്ട് പോകുന്നൊരു ഫീലാണ് ക്രിസ്റ്റിക്ക് തോന്നിയത്.

ഒട്ടും തിരക്കില്ലാതെ വളരെ പതിയെ ആണവൻ ഡ്രൈവ് ചെയ്തതും.

എന്നിട്ടും മതിലുകൾ പോലും അലങ്കാരപണികൾ കൊണ്ട് മിന്നുന്ന വീട്ടിലേക്ക് വളരെ എളുപ്പത്തിൽ എത്തിയെന്നു തോന്നി ക്രിസ്റ്റിക്ക്.

കുഞ്ഞു കുഞ്ഞു കൂട്ടങ്ങളായി നിൽക്കുന്ന കുറെയേറെ ആളുകൾക്ക് നടുവിലൂടെയാണ് അവൻ വണ്ടി ഓടിച്ചു കയറ്റിയത്.

തുറിച്ചു നോക്കലുകളെയും അടക്കി പറച്ചിലുകളെയും അവൻ തിരിഞ്ഞു പോലും നോക്കിയില്ല.

അതെല്ലാം ഇന്നിവിടെ നടക്കുമെന്ന നന്നായി അറിയാമല്ലോ.!

ബുള്ളറ്റിൽ നിന്നും താഴെയിറങ്ങി തലയെടുപ്പോടെ നടക്കുന്ന അവനെ കൂട്ടത്തിലുള്ള പെൺകുട്ടികൾ ആരാധനയോടെ നോക്കിയപ്പോൾ… ആൺകുട്ടികൾക്ക് ആ നോട്ടം അസൂയയുടെതായിരുന്നു.

ക്രിസ്റ്റി പക്ഷേ ആരെയും നോക്കാതെ നേരെ ഹാളിലേക്ക് ചെന്നു.

ആധിയോടെ ധൃതിയിൽ നടന്നു വന്നിരുന്ന ഡെയ്സിക്ക് മുന്നിലേക്കാണ് അവൻ കയറി ചെന്നത്.

ഒറ്റ കാഴ്ച കൊണ്ട് തന്നെ അവരുടെ മുഖം പൂനിലാവ് പോലെ തെളിഞ്ഞു.
ക്രിസ്റ്റി ഒന്ന് നോക്കി എന്നല്ലാതെ ഭാവഭേദമൊന്നുമില്ലാതെ മുകളിലേക്ക് പടി കയറി തുടങ്ങി.

മുകളിലെ ദിലുവിന്റെയും റിഷിയുടെയും മുറികളുള്ള വലതു ഭാഗത്തു നിറയെ ആളുകളുണ്ട്. കണ്ടിട്ട് അവരുടെ കൂട്ടുകാരാണെന്ന് തോന്നുന്നു.പൊട്ടിച്ചിരിച്ചും ഉറക്കെ സംസാരിച്ചും അവിടമാകെ ബഹളമാണ്.

പക്ഷേ ക്രിസ്റ്റിയുടെ മുറിയുള്ള വലതു വശത്തു അങ്ങേയറ്റം ശാന്തതയാണ്.

കുടുംബത്തിലെ പുകഞ്ഞ കൊള്ളിയുടെ ഗുണങ്ങൾ റിഷിയും ദിലുവും കൂട്ടുകാരെ പറഞ്ഞു കേൾപ്പിച്ചു കാണും.ഒറ്റയൊന്നും അങ്ങോട്ട് എത്തി നോക്കാൻ കൂടി ധൈര്യപെട്ടു കാണില്ല.

ക്രിസ്റ്റി ചുണ്ടിലൊരു പുച്ഛമുണ്ടായിരുന്നു അതോർക്കുമ്പോൾ.

സ്റ്റെപ്പ് കയറി ഇടതു വശത്തെക്കൊന്നു പാളി നോക്ക് ക്രിസ്റ്റി വേഗം സ്വന്തം മുറിയിലേക്ക് കയറി.

“കാര്യം കലിപ്പാനാണേലും നിന്റെ ചേട്ടൻ പൊളിയാണല്ലോ റിഷി “

ക്രിസ്റ്റി പോയ വഴിയേ നോക്കി റിഷിനോട് അവന്റെ കൂട്ടുകാരിയിൽ ഒരുവൾ കണ്ണിറുക്കി പറഞ്ഞത് കേട്ടത്തോടെ അത് വരെയും അവനിൽ പ്രകടമായി തന്നെ നിന്നിരുന്ന ആ തിളക്കം മാഞ്ഞു പോയിരുന്നു.

കടപ്പല്ലുകൾ ക്രിസ്റ്റീയോടുള്ള അസൂയ കൊണ്ടാണ് ഞെരിഞ്ഞു തീർന്നതും.

                          ❣️❣️❣️

കുളിയൊന്ന് കഴിഞ്ഞു ഒരു ബനിയനും പാന്റും ധരിച്ചിട്ട്… മുടിയിഴകൾ അലസമായി ഒന്ന് കോതിയൊതുക്കി.

നേർത്തൊരു ചിരിയോടെ കൊല്സിന്റെ പൊതിയും കയ്യിലെടുത്തു കൊണ്ട് ക്രിസ്റ്റി വാതിൽ തുറന്നിറങ്ങി.

ആർപ്പ് വിളികളും ചിരിയും പാട്ടും അവന്റെയും ചുണ്ടിൽ ചെറിയൊരു ചിരി തെളിയിച്ചു.

ഹാളിലെ വലിയ മേശയിൽ മൂന്നോ നാലോ ലെയറുള്ള വലിയൊരു കേക്ക് കട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ് ദിലു.

ബേബി പിങ്ക് നിറത്തിലൊരു ഗൗൺ.. ഉയർത്തി കെട്ടി വെച്ച മുടി… ഒഴിഞ്ഞു കിടക്കുന്ന കഴുത്തിൽ അവൾക്കൊരു മാലകൂടി ഇടാമായിരുന്നു എന്നാണ് ഒറ്റ നോട്ടത്തിൽ ക്രിസ്റ്റിക്ക് തോന്നിയത്.

കൊഞ്ചി ചിരിക്കുന്നൊരു പാവകുട്ടിയെ പോലെയുണ്ടവൾ.
അവളെ നോക്കുമ്പോൾ അവന്റെ അവന്റെ കണ്ണിലൊരു കുറുമ്പുകാരി കുഞ്ഞി പെണ്ണ് ഓടി തുള്ളി നടന്നു.

അറിവാകും മുന്നേ.. അല്ല.. പൊറുക്കിയുടെ വൃത്തികെട്ട മനസ്സ് അവളെയും മാറ്റി മറിക്കും മുന്നേ അവൾക്കീ ചേട്ടനെ വല്ല്യ കാര്യമായിരുന്നു.
പൊറുക്കിയുടെ വാക്കുകളിൽ ദേഷ്യമുള്ളത് കൊണ്ട് അവളോടും റിഷിയോടും കൃത്യമായൊരു അകലം കാണിച്ച തന്നെ.. പലപ്പോഴും ഒറ്റ ചിരി കൊണ്ടവൾ മയക്കി കളഞ്ഞിരിഞ്ഞുവെന്ന് ക്രിസ്റ്റി ഓർത്തു.

കുഞ്ഞി കാലിൽ നിറയെ മണികൾ നിറഞ്ഞൊരു കൊലുസ്സിന്റെ കിലുക്കത്തോടെ അവളോടി കളിക്കുന്നത് കാണാൻ ഒളിഞ്ഞു നോക്കിയൊരു ക്രിസ്റ്റി അവനുള്ളിൽ തല നീട്ടി നോക്കി ചിരിച്ചു.

കയ്യിലെ പൊതിയിൽ ക്രിസ്റ്റിയുടെ വിരലുകൾ വാത്സല്യത്തോടെ തഴുകി.

ബർത്ഡേ വിഷസ് കൊണ്ടുള്ള ആർപ്പ് വിളിക്കിടെ… ദിലു ആ കേക്ക് കട്ട് ചെയ്യുന്നതും അരികിൽ നിൽക്കുന്നവരുടെ വായിലേക്ക് ചിരിയോടെ വച്ചു നീട്ടീന്നതും നോക്കി… ക്രിസ്റ്റിയാ സ്റ്റെയറിൽ തന്നെ കൈ കെട്ടി നിന്നു.
അവന്റെ ചുണ്ടിലും നിറഞ്ഞ ചിരിയാണ്.

ആരും അവനെന്നൊരാളെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ലെങ്കിലും.. ഉള്ളിലെ സങ്കടം അപ്പാടെ മുഖത്തേക്ക് പടർത്തി അവന്റെ ചിരിയിലേക്ക് നോക്കി നിൽക്കുന്ന ഡെയ്സിയെ കണ്ടിട്ട് ആ വേദനയിൽ പിടയാൻ വയ്യെന്നത് പോലെ ക്രിസ്റ്റി മനഃപൂർവം അവരെ നോക്കിയതേ ഇല്ലായിരുന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button