പ്രിയമുള്ളവൾ: ഭാഗം 16
[ad_1]
രചന: കാശിനാഥൻ
പരസ്പരം മാല ഇട്ടപ്പോളും,മണ്ഡപത്തിൽ വലം വെച്ചപ്പോളും,സിന്ദൂരം എടുത്തു സീമന്തം ചുവപ്പിച്ചപോഴും ഒന്നും ഒരിക്കൽ പോലും ഭദ്രൻ അവളുടെ മുഖത്തേക്ക് നോക്കിയത് പോലും ഇല്ല..തിരിച്ചു നന്ദനയും
അമ്മയുടെ കാലിൽ തൊട്ടു അനുഗ്രഹം മേടിക്കുമ്പോൾ ആദ്യമായി ഭദ്രന്റെ കൈകൾ വിറ കൊണ്ട്…നെഞ്ചിടിപ്പിന് വേഗം ഏറി.
ഇരുവരുടെയും നെറുകയിൽ തൊട്ടു അനുഗ്രഹിച്ചു കൊണ്ട് അവർ പിന്നോട്ട് മാറി..
പിന്നീട് ആരുടെയൊക്കെയോ കാലു തൊട്ട് വണങ്ങി ഇരുവരും ചേർന്ന്..
ആ സമയത്ത് ഒക്കെയും ഭദ്രൻ ആരെയും നോക്കാതെ കൊണ്ട് അങ്ങനെ നിന്നു..
ചേച്ചി…..
പിന്നിൽ നിന്നു ഒരു പെൺകുട്ടി വിളിച്ചപ്പോൾ നന്ദന തിരിഞ്ഞു നോക്കി.
തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന രണ്ട് പെൺകുട്ടികൾ…
ഒറ്റ നോട്ടത്തിൽ ഇല്ലെങ്കിലും എവിടെ ഒക്കെയോ ഭദ്രന്റെ മുഖഛായ പോലെ…
അനുജത്തിമാര് ആവും എന്ന് അവൾ ഓർത്തു..
“ചേച്ചി അറിയുമോ ഞങ്ങളെ… എന്റെ പേര് മീനാക്ഷി,മിന്നു,എന്ന് വിളിക്കും, ഇത് എന്റെ ചേച്ചി ആവണി. അമ്മു എന്നാ വിളിക്കുന്നത്..ഞങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ…
തന്റെ കൈ തണ്ടയിൽ പിടിച്ചു പറയുന്നവളുടെ മുഖത്തേക്ക് നോക്കി ചെറുതായി ചിരിച്ചു കൊണ്ട് തല കുലുക്കി കാണിച്ചു അവള്….
“മോള് പഠിക്കുവാണോ….”
“ഹ്മ്മ്… ഞാൻ പ്ലസ് ടു വിലും ചേച്ചി ഡിഗ്രി സെക്കന്റ് ഇയറും “
ആ സമയത്ത് ഭദ്രൻ ആണെങ്കിൽ ആരെയോ ഫോൺ വിളിക്കുകയായിരുന്നു.
ഫോൺ വെച്ച ശേഷം തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്റെ സഹോദരിമാര്…. നന്ദന യെ ചുറ്റി പറ്റി നിൽക്കുകയാണ്…
വല്യേട്ടാ…. ഇത്രയും വലിയൊരു രഹസ്യമൊക്ക ഒളിപ്പിച്ചു വെച്ചാണോ നടന്നത്, കൊച്ച്ഗള്ളൻ…. “
അമ്മു വന്നു അവന്റെ വയറ്റിൽ ഒരു ഇടി വെച്ച് കൊടുത്തു.
“മ്മ്… അതേയതേ, പ്രേമം എന്ന് കേൾക്കുമ്പോൾ എന്തൊരു വെറുപ്പും ദേഷ്യോം ആയിരുന്നു, എന്ന് ഒടുക്കം നോക്കിക്കേ… മിണ്ടാപൂച്ച കലം ഉടച്ചു കളഞ്ഞു ല്ലേ…..”
അനുജത്തിമാരുടെ കളിയാക്കൽ കേട്ട് കൊണ്ട് അവൻ അവരെ തുറിച്ചു നോക്കി.
ശോ… ഇങ്ങനെ ദേഷ്യപ്പെട്ടു നോക്കല്ലേ വല്യേട്ടാ… ഞങ്ങളു പേടിച്ചു പോകും കേട്ടോ…..എന്തായാലും ചേച്ചിയെ ഞങ്ങൾക്ക് ഇഷ്ടം ആയി കേട്ടോ.. ഏട്ടന്റെ സെലക്ഷൻ സൂപ്പർ ആണ്
അമ്മു അവനെ കളിയാക്കി കൊണ്ട് നന്ദനയോട് ചേർന്നു നിന്നു…
എടാ ഭദ്രാ,രജിസ്റ്ററിൽ ഒപ്പ് വെയ്ക്കാൻ മാധവൻ ചേട്ടൻ വിളിക്കുന്നുണ്ട് കേട്ടോ… ബീന ചേച്ചി വന്നു ഭദ്രനോട് പറഞ്ഞു.
“ആഹ്…”
ഒന്നു മൂളിയ ശേഷം അവൻ നടന്നു.. പിന്നാലെ നന്ദനയും.
അങ്ങനെ ഔദ്യോഗികമായി കൂടി നന്ദേച്ചി ഏട്ടന്റെ ഭാര്യ ആയി ട്ടോ..
അമ്മു അടക്കി പറഞ്ഞു കൊണ്ട് ചിരിച്ചു.
ഗീതമ്മ ആണെങ്കിൽ ആ സമയത്തു കുടുംബക്കാരെ ഒക്കെ കല്യാണ കാര്യം പറഞ്ഞു മനസിലാക്കുകയായിരുന്നു..
എല്ലാവരിലും ഞെട്ടൽ ആയിരുന്നു.
കാരണം ഭദ്രന്റെ സ്വഭാവം അറിയാവുന്നവർ ആരും ഇവൻ ഇങ്ങനെ ഒരു പ്രണയം ഉണ്ടെന്നു വിശ്വസിക്കുക ഇല്ലായിരുന്നു….ഒരു പെണ്ണിന്റയും മുഖത്ത് അനാവശ്യമായി ഒന്നു നോക്കുക പോലും ചെയ്യാത്തവൻ ആണ് ഭദ്രൻ…തന്റെ അനുജത്തിമാരുടെ മുന്നിൽ ഭയങ്കര സ്ട്രിക്ട് ആയിരുന്നു അവൻ.. യാതൊരു ചീത്ത പേര് പോലും ഒരു കാരണവശാലും കേൾപ്പിക്കരുത് എന്ന് അവൻ അവരെ എപ്പോളും ഓർമ്മിപ്പിക്കും… അത് ഇന്നോളം ആ സഹോദരിമാർ അനുസരിച്ചേ ഒള്ളു താനും..
അമ്പലത്തിന്റെ അടുത്തുള്ള ഹോട്ടലിൽ 50 പേർക്ക് ഉള്ള സദ്യ പറഞ്ഞിട്ടുണ്ടായിരുന്നു ജോസച്ചായൻ.
വിവാഹം കഴിഞ്ഞു എല്ലാവരും അവിടെ പോയി ഭക്ഷണം ഒക്കെ കഴിച്ചു.
അച്ചായന്റെ കാറിൽ ആയിരുന്നു ഭദ്രനും നന്ദന യും കയറിയത്.
“മക്കളെ… എന്തായാലും നടന്നത് നടന്നു, ഇതൊക്കെ ആവും മുകളിൽ ഇരിക്കുന്നവന്റെ തീരുമാനം.. അങ്ങനെ കരുതിയാൽ മതി, എല്ലാം മറന്നു കൊണ്ട് രണ്ടാളും പുതിയൊരു ജീവിതം തുടങ്ങണം എന്നേ അച്ചായന് പറയാൻ ഒള്ളു കേട്ടോ…”
വീട്ടിലേക്ക് ഉള്ള പാതി വഴിയിൽ എത്തിയപ്പോൾ ജോസച്ചായൻ ഇരുവരോടും ആയി പറഞ്ഞു.
അത് കേട്ടതും
തന്റെ വലതു കൈയുടെ മുഷ്ടി ചുരുട്ടുന്ന ഭദ്രനെ കണ്ടപ്പോൾ നന്ദനക്ക് മനസിലായി അവന്റ ഉള്ളിൽ തന്നോട് എത്ര മാത്രം ദേഷ്യം ഉണ്ടെന്ന് ഉള്ളത്..
ചെമ്പരത്തി ചെടികളും ഇടയിൽ കൊന്നമരവും കൊണ്ട് വേലി തീർത്ത ഒരു വീടിന്റെ മുൻ വശത്തെ ചെമ്മൺ പാതയിൽ വന്നു വണ്ടി നിന്നു..
കുറച്ചു ആളുകൾ ഒക്കെ അവിടെയും ഇവിടെയും ആയി നിൽക്കുന്നത് കണ്ടപ്പോൾ നന്ദന ക്ക് തോന്നി ഇതാവും വീട് എന്ന്.
ഭദ്രൻ ആയിരുന്നു ആദ്യം ഡോർ തുറന്നു ഇറങ്ങിയത്.
ആഹ്.. ഇതെന്ന പോക്കാടാ പോകുന്നെ, ഈ കൊച്ചിനെ കൂടെ വിളിയ്ക്കന്നെ..
വണ്ടി ഓഫ് ചെയ്തു കൊണ്ട് ജോസച്ചായൻ പറഞ്ഞു എങ്കിലും കനപ്പിച്ചു ഒരു നോട്ടം ആയിരുന്നു പകരം അവൻ കൊടുത്ത മറുപടി..
“മോളെ.. ഇറങ്ങു, ഇതാ വീട് കേട്ടോ…”
പിന്നിലേക്ക് നോക്കി കൊണ്ട് അയാൾ പറഞ്ഞു…
ഒന്നു തല കുലുക്കി കൊണ്ട് അവളും ഡോർ തുറന്നു മിടിക്കുന്ന ഹൃദയത്തോടെ ഇറങ്ങി.
ആ സമയത്തു മിന്നുവും അമ്മുവും ഓടി അവൾക്ക് അരികിൽ എത്തി…
ചേച്ചി… ഇതാണ് കേട്ടോ വീട്..
മിന്നു ചൂണ്ടിയ ഭാഗത്തേക്ക് അവൾ ഒന്നു പാളി നോക്കി.
ഓടിട്ട ഒരു കൊച്ചു വീട്…അധികം വലുപ്പം ഇല്ലാത്ത ഒരു ചെറിയ മുറ്റം, പല തരത്തിൽ ഉള്ള കുറച്ചു ചെടികൾ നിൽപ്പുണ്ട്.. കുറച്ചു മാറി ഒരു കിണറുo….അത്ര മാത്രം അവൾക്ക് ശ്രദ്ധിക്കാൻ പറ്റിയുള്ളു.
“വാ ചേച്ചി…..നമ്മൾക്ക് കുറച്ചു കഴിയുമ്പോൾ എല്ലാം ഡീറ്റൈൽ ആയിട്ട് കാണാം കേട്ടോ …”
അമ്മുവും മിന്നുവും കൂടി അവളെ കൂട്ടി കൊണ്ട് വന്നു..
ഇരുവരുടെയും കാലുകൾ ആരൊക്കെയോ വന്നു കിണ്ടിയിൽ വെള്ളം പകർന്നു കഴുകി തുടച്ചു.
ആ സമയത്ത് ഗീതമ്മ അഞ്ചു തിരിയിട്ടു കത്തിച്ച നിലവിളക്കുമായി ഉമ്മറത്തേയ്ക്ക് ഇറങ്ങി വന്നിരിന്നു.
ആരൊക്കെയോ നിർദേശം കൊടുത്തപ്പോൾ,നന്ദന അത് കൈകളിൽ ഏറ്റു വാങ്ങി.
നന്നായി പ്രാർത്ഥിച്ചു കൊണ്ട് ഐശ്വര്യം ആയിട്ട് വലതു കാൽ വെച്ച് കേറി വാ മോളെ. …
ഓമന വല്യമ്മ പറഞ്ഞു.
എന്റെ മഹാദേവാ….നീ തന്നെ ഈ ഉള്ളവൾക്ക് തുണ
അത്രമാത്രം മനസ്സിൽ ഉരുവിട്ടു കൊണ്ട് അവൾ അകത്തേക്ക് കയറി.
ദെ… ആ കാണുന്ന മേശയുടെ തട്ടിൽ വെച്ചോളൂ കേട്ടോ ചേച്ചിയേ…
മിന്നു പറഞ്ഞതും നന്ദന അത് അവിടെ കൊണ്ട് പോയി വെച്ച്..
കുറച്ചു ദൈവങ്ങളുടെ ഫോട്ടോ ഒക്കെ ഇരിപ്പുണ്ട് അവിടെ… അതാകും പതിവായി അവര് വിളക്ക് വെയ്ക്കുന്ന സ്ഥലം എന്ന് അവൾ ഓർത്തു.
“അച്ഛനോട് പ്രാർത്ഥിക്ക് മക്കളെ…..ഭദ്രാ വന്നേ മോനേ .”
ചുവരിൽ തറച്ചു വെച്ചിരിക്കുന്ന മുല്ലപ്പൂ മാല ഇട്ട ഫോട്ടോയുടെ മുന്നിൽ വന്നു നിന്നു ഭദ്രനും നന്ദന യും പ്രാർത്ഥിച്ചു.
ആ സമയത്ത് പിന്നിൽ നിന്നും ഗീതമ്മയുടെ തേങ്ങൽ ഉയർന്നു വന്നു.
നല്ലോരു ദിവസം ആയി ക്കൊണ്ട് കരയുവാണോടി നീയ്…..എന്നതായാലും സംഭവിയ്ക്കാൻ ഉള്ളത് ഒക്കെ സംഭവിച്ചു കഴിഞ്ഞു….ഇനി ബാക്കി ഒക്കെ വരുന്നിടത്തു വെച്ച് കാണാം…
ആരോ ഒരു സ്ത്രീ വന്നു അമ്മയുടെ തോളിൽ തട്ടി.
കരഞ്ഞു കലങ്ങിയ മിഴികളോട് കൂടി ഗീതമ്മ മകനെ നോക്കി.
നെഞ്ചിൽ ആരോ മുള്ളു കൊണ്ട് തറച്ചത് പോലെ ഒരു നൊമ്പരം വന്നു പുൽകും പോലെ അവനു തോന്നി…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]