Novel

പ്രിയമുള്ളവൾ: ഭാഗം 32

[ad_1]

രചന: കാശിനാഥൻ

കാലത്തെ നന്ദ എഴുന്നേറ്റു വരുമ്പോളേക്കും ഭദ്രൻ ഉണർന്ന് കുളി ഒക്കെ കഴിഞ്ഞു ജോലിക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.

“എങ്ങനെ ഉണ്ട് നന്ദേ… വേദന പോയോ “

“ഹ്മ്മ്… കുറവുണ്ട് “

“ആഹ്… മാറിക്കോളും, പിന്നെ ഞാന് ലോഡ് എടുക്കാൻ പോകുവാ, ഇന്ന് ചിലപ്പോൾ വരില്ല കേട്ടോ..”

“അയ്യോ… അത് പറ്റില്ല…..”

അവൻ പറയുന്നത് കേട്ടതും നന്ദ ഉറക്കെ നിലവിളിച്ചു…

“ങ്ങെ….”

” അത് പിന്നെ ഭദ്രേട്ടാ, പോയിട്ട് രാത്രിയിൽ എത്താൻ മേലെ, ഒറ്റയ്ക്കു കിടക്കാൻ…. എനിക്ക് മടിയ “

നെറ്റി ചുളിച്ചു കൊണ്ട് കൊച്ചു കുട്ടികളെ പോലെ ഇരുന്ന് കൊഞ്ചി പറയുകയാണ് നന്ദന..

“ഞാൻ അമ്മുസിനെ വിളിച്ചു പറഞ്ഞോളാം, അവള് വന്നു കിടന്നോളും… അപ്പൊ കുഴപ്പമില്ലലോ…”

ഫോൺ എടുത്തു പോക്കറ്റിൽ ഇട്ട് കൊണ്ട് ബൈക്ക് ന്റെ ചാവി എടുത്തു ഒന്ന് കറക്കി കൂടുതൽ ഒന്നും പറയാതെ കൊണ്ട് അവൻ വെളിയിലേക്ക് ഇറങ്ങി പോയി…

നന്ദയ്ക്ക് അവന്റെ പറച്ചില് കേട്ട് സങ്കടം വന്നു എങ്കിലും അവള് അനങ്ങാതെ ഇരുന്നത് മാത്രം…..

രാവിലെ എഴുന്നേറ്റു ബാത്‌റൂമിൽ പോയപ്പോൾ വലിയ പ്രശ്നം  ഒന്നും അവൾക്ക് ഇല്ലായിരുന്നു… എന്നാല് അല്പം കഴിഞ്ഞു, അടുക്കള വാതിൽക്കൽ കൂടി പിന്നാമ്പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ചെറിയ ഒരു വലിച്ചില് പോലെ തോന്നി… രാധമ്മ വന്നു ചൂട് ഒക്കെ പിടിച്ചു കൊടുത്തു എങ്കിലും വേദന അങ്ങട് വിട്ടു മാറിയില്ല.

തിരുമ്മുകാരന്റെ അടുത്ത് പോയേക്കാം എന്ന് പറഞ്ഞു രാധമ്മ വാശി പിടിച്ചപ്പോൾ ഗത്യന്തരം ഇല്ലാതെ നന്ദ സമ്മതിച്ചു.

ഒരു ചുരിദാർ എടുത്തു ഇട്ട് കൊണ്ട് അമ്മയുടെ ഒപ്പം പോകാനായി ഇറങ്ങിയ നേരത്ത് ആണ് ഭദ്രന്റ കാൾ രാധമ്മയുടെ ഫോണിലേക്ക് എത്തിയത്.

ആഹ് ഹെലോ എടാ…. ഞാൻ വിളിച്ചാരുന്നു, നീ വണ്ടി ഓടിയ്ക്കുവാരുന്നോ മോനേ…. ഇല്ലില്ല കുഴപ്പമില്ല, ഞാനേ വിളിച്ചത്, പെങ്കൊച്ചിന് ഒട്ടും വയ്യ… ഞങ്ങള് ആ ദാമുന്റെ അടുത്ത് പോകുവാ, ഒന്ന് തിരുമ്മിച്ചു വിടാം…. നീ പോടാ ഒന്ന്… കൂടുതൽ ഇങ്ങോട്ട് ഒന്നും പറയണ്ട…. കേട്ടാൽ മതി….. വെച്ചിട്ട് പോയേ ചെക്കാ നീയ്..

അവർ ഫോൺ കട്ട്‌ ചെയ്ത് മേശപ്പുറത്തു വെച്ച ശേഷം നന്ദനയെയും കൂട്ടി ഒരു ഓട്ടോ പിടിച്ചു തിരുമ്മുകാരന്റെ വീട്ടിലേക്ക്പോയി.

ഇടയ്ക്കു ഒക്കെ അമ്മയുടെ ഫോണിലേക്ക് ഭദ്രൻ വിളിച്ചു എങ്കിലും അവര് അതെല്ലാം കട്ട്‌ ആക്കി വിടുന്നത് നന്ദന കാണുന്നുണ്ട്..

ഈശ്വരാ… ഇന്നലെ മുതൽക്കേ ആ തിരുമ്മുകാരന്റെ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ ഏട്ടന് ദേഷ്യം ആണല്ലോ… അതെന്താണ് ആവോ.. ഇനി അയാള് ശരിയല്ലേ… അതോ ഏട്ടനും ആയിട്ട് എന്തെങ്കിലും പ്രശ്നം…..

അവൾക്ക് ആലോചിച്ചിട്ട് ആകെ കൂടി ഒരു വല്ലായ്മ പോലെ..

അമ്മേ….. ഇപ്പൊ ചെറിയ കുറവ് ഉണ്ട്…. നമ്മൾക്ക് തിരിച്ചു പോയാലോ..

ഇടയ്ക്ക് അവളൊന്നു അമ്മയോട് ചോദിച്ചതും അവര് നന്ദനയേ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു.

അമ്മേ…. ഭദ്രേട്ടൻ പറഞ്ഞത്, ഹോസ്പിറ്റലിൽ പോയി കാണിക്കാം എന്നാണ്.. അതാ ഞാൻ പറഞ്ഞെ….

മിണ്ടാതെ കൊച്ചേ… ഇനി ഒരു അഞ്ചു മിനിറ്റ് കൂടി ഒള്ളു അവിടെ എത്താൻ..

അമ്മ വെളിയിലേക്ക് നോക്കി കൊണ്ട് പറഞ്ഞതും പിന്നീട് അവൾ ഒന്നും പറയാതെ ശ്വാസം അടക്കി പിടിച്ചു ഇരുന്നു.

പഴമ വിളിച്ചോതുന്ന ഒരു തറവാട്ടു വീടിന്റെ അടുത്ത് ആണ് ഓട്ടോ ചെന്നു നിന്നത്.

രാധമ്മയുടെ പിന്നാലെ നന്ദനയും വെളിയിലേക്ക് ഇറങ്ങി.

നടു പൊട്ടി പോകും പോലെ ആണ് അവൾക്ക് വേദന തോന്നിയത്.

ദാമുഅച്ഛൻ ഇവിടെ ഇല്ലാലോ… മൂകാംബികയ്ക്ക് പോയതാ…..

ഒരു പെൺകുട്ടി ഇറങ്ങി വന്നു പറഞ്ഞതും അമ്മയുടെ മുഖം വാടി എങ്കിലും നന്ദനയ്ക്ക് വല്ലാത്ത സമാധാനം പോലെ തോന്നി.

അയ്യോ… അത് കഷ്ടം ആയിപോയല്ലോ…. ശോ ഇനി ഇപ്പൊ എന്നാ ചെയ്യും… കൊച്ചിന് ഒട്ടും വയ്യാരുന്നു….

അമ്മ ആണെങ്കിൽ തന്നെ നോക്കി വിഷമത്തോടെ പറഞ്ഞു.

ആരാ വന്നത്…. മോളെ പവി, ആരാടി അത്..

70…75വയസ് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ, ഉമ്മറത്തേക്കിറങ്ങി വന്നു കൊണ്ട്, കൈപ്പത്തി നെറ്റിയിൽ വെച്ച്,  ആരാണെന്ന് അവിടെ ഇറങ്ങി വന്ന പെൺകുട്ടിയോട് ചോദിച്ചു….

അത്.. മുത്തശ്ശി അച്ഛനെ കാണാൻ വന്നതാ…

ആണോ… അവൻ ഇവിടെ ഇല്ല എന്നുള്ളത് പറഞ്ഞില്ലേ അവരോട്.

ഉവ്വ്..ഞാൻ പറഞ്ഞു…

ഹ്മ്മ്…. എന്തു പറ്റിയതാ..

ആ മുത്തശ്ശി ചോദിച്ചതും രാധമ്മ വേഗം അവരുടെ അടുത്തേക്ക് ചെന്നു കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു.

ശോ.. കഷ്ടം ആയല്ലോ…. മോളെ പവി…. ഇത്തിരി തൈലം എടുത്തു ചൂടാക്കിക്കേ.. ഞാനൊന്നു തിരുമ്മാ…..

അയ്യോ.. മുത്തശ്ശി, മുത്തശ്ശിക്ക് വയ്യാത്തത് അല്ലേ….വേണ്ട കേട്ടോ.. അച്ഛൻ അറിഞ്ഞാൽ എന്നെ ചീത്ത വിളിക്കും
..

അവരൊക്കെ എങ്ങനെ അറിയാന കുഞ്ഞേ, നീ വായോ…. ആ കൊച്ചു ഇന്നലെ മുതൽക്കേ വേദന എടുത്തു നിൽക്കുവല്ലേ…

മുത്തശ്ശി പറഞ്ഞതും വേറെ നിവർത്തി ഇല്ലാതെ കൊണ്ട്, ആ പെൺകുട്ടി അകത്തേക്ക് കയറി പോയി.

ഹ്മ്മ്… എണക്ക് തെറ്റി പോയതാ, ശരിയാക്കാം കേട്ടോ….

പറഞ്ഞു കൊണ്ട് ആ മുത്തശ്ശി ഒന്ന് അമർത്തി തിരുമ്മിയതും നന്ദ നിലവിളിച്ചു പോയി..

അയ്യോ
.. ന്റെ അമ്മോ……

ഒന്നുല്ല കുട്ടി.. കഴിഞ്ഞു ന്നേ…. ഇന്നൊരു ദിവസം അനങ്ങാതെ വീട്ടിൽ പോയി ഇരുന്നാൽ മതി, നാളെ കാലത്തെ ആകുമ്പോൾ നീ ഓടി നടക്കും….

ഈ ഭാർഗവിഅമ്മ തിരുമ്മല് തുടങ്ങിയിട്ട് വർഷം പത്തു നാൽപതിയഞ്ച് കഴിഞ്ഞു…

പഴയ കഥകൾ ഓരോന്ന് പറഞ്ഞു കൊണ്ട് അമ്മൂമ്മ അവളുടെ വേദന ഉള്ള ഭാഗം മുഴുവൻ തിരുമ്മി കൊടുത്തു.

ഒന്നൊന്നര മണിക്കൂർ അവിടെ ഇരുന്ന ശേഷം ആണ്, മുത്തശ്ശി അവരെ പറഞ്ഞു അയച്ചത്.

കുറച്ചു പണം അവരുടെ കൈലേക്ക് ചുരുട്ടി കൊടുത്ത ശേഷം രാധമ്മയും നന്ദനയും അവരോട് യാത്ര പറഞ്ഞു തിരികെ പോന്നു.

അന്നേ ദിവസം ഭദ്രൻ അമ്മയുടെ ഫോണിലേക്ക് വിളിച്ചതും ഇല്ലാ..

വൈകുന്നേരം അമ്മുവും മിന്നുവും സ്കൂളിൽ നിന്നും വന്ന ശേഷം അമ്മയോട് ഒപ്പം പുല്ല് പറിക്കാൻ പോയി.

ആ നേരം നോക്കി രാധമ്മയുടെ ഫോൺ എടുത്തിട്ട് നന്ദന ഒന്ന് ഭദ്ട്ടനെ വിളിച്ചു.
.

Hello…….

നാലഞ്ച് ബെല്ലുകൾക്ക് ശേഷം ഭദ്രന്റെ ശബ്ദം അവള്ടെ കാതിൽ പതിഞ്ഞു…

ഭദ്രേട്ടാ…..

എന്താടി…

എവിടെയാ…

അറിഞ്ഞിട്ട് ഇപ്പൊ എന്നാത്തിനാ..

അല്ലാ… ഇന്ന് വരുമോന്നു അറിയാന..

ഇല്ലെന്ന് പറഞ്ഞിട്ട് അല്ലേ പോന്നത്.

ഹ്മ്മ്……..

നീ പോയി തീരുമ്മിച്ചോ..നിന്റെ വേദന ഒക്കെ മാറിയോ.

തിരുമ്മിച്ചു ഭദ്രേട്ടാ.. പക്ഷെ വേദന ഇത്തിരി കുറവുണ്ട്.

നിന്നോട് ഞാൻ എന്നതാ പറഞ്ഞെ,

അത് പിന്നെ ഭദ്രേട്ടാ, അമ്മ പറഞ്ഞപ്പോൾ…

അമ്മ പറയുന്നത് മാത്രം ഇനി നീ ചെയ്യാവൊള്ളൂ…. കേട്ടോടി പുല്ലേ..

പറഞ്ഞു കൊണ്ട് അവൻ ഫോൺ കട്ട്‌ ചെയ്തു.

ശോ… ഈ ഏട്ടന് ഇത് എന്താ പറ്റിയേ, ഇത്രമാത്രം ദേഷ്യം കാണിക്കാൻ…

ഒന്നും മനസിലാകുന്നില്ലല്ലോ എന്നോർത്തു കൊണ്ട് നന്ദന അതെ ഇരുപ്പ് തുടർന്ന്……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button