Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 52

[ad_1]

രചന: ശിവ എസ് നായർ

നിർമലയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വന്നു. മുങ്ങി മരണമാണ് നടന്നിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. ശ്വാസകോശത്തിൽ നിന്നും വയറ്റിൽ നിന്നും കുളത്തിലെ വെള്ളം കണ്ടെത്തിയിട്ടുണ്ട്. മരിക്കുമ്പോൾ നിർമല രണ്ട് മാസം ഗർഭിണിയായിരുന്നു. കൊലപാതകം അല്ലെന്ന് വ്യക്തമാണെങ്കിലും അവൾ എന്തിന് ആത്മഹത്യ ചെയ്തുവെന്നത് മാത്രം ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചു. 

പോലീസിന്റെ ചോദ്യം ചെയ്യലിനോട് സൂര്യൻ സഹകരിക്കാത്തതിനാൽ അവൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ആർക്കും വ്യക്തമല്ല. അതുകൊണ്ട് തന്നെ പലരും ഓരോന്നും ഊഹിച്ചുണ്ടാക്കി. നിർമലയുടെ വീട്ടുകാരുടെ പരാതിയിന്മേൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി സൂര്യനെ ജയിലിൽ ഇടാനാണ് തീരുമാനമായത്. സൂര്യനും എന്ത് ശിക്ഷയും ഏറ്റ് വാങ്ങാൻ തയ്യാറായി നിൽക്കുകയാണ്. 

തറവാട്ടിൽ നിന്ന് സൂര്യൻ ഇറങ്ങി പോയ അതേ രാത്രിയാണ് നിർമലയുടെ മരണം സംഭവിച്ചിരിക്കുന്നത്. അന്ന് രാത്രിയും പിറ്റേന്നും സൂര്യനും മിസ്സിംഗ്‌ ആയിരുന്നു. നിർമലയെ അതിവിദഗ്ധമായി കൊലപ്പെടുത്തിയിട്ട് സൂര്യനത് ആത്മഹത്യ ആണെന്ന് വരുത്തി തീർത്തത് ആയിരിക്കാമെന്നും നിർമലയുടെ ബന്ധുക്കൾ ആരോപിച്ചു. കുറേ നാൾ ജയിലിൽ കിടന്ന് മറ്റ് തടവ് പുള്ളികളോടൊപ്പം ജീവിച്ചവന് ഇതിനല്ല ഇതിനപ്പുറം ചെയ്യാനുള്ള കഴിവ് കാണുമെന്നായിരുന്നു അവർ പറയുന്ന ന്യായീകരണം. 

നിർമല ജീവിച്ചിരുന്നപ്പോൾ എങ്ങനെയും ആരുടെയെങ്കിലും തലയിൽ കെട്ടിവച്ചു ഭാരം ഒഴിവാക്കാൻ ശ്രമിച്ച ബന്ധുക്കളാണ് ഇപ്പൊ അവള് മരിച്ചപ്പോ ഇല്ലാത്ത ആരോപണവുമായി ഇറങ്ങിയിരിക്കുന്നത്. നിർമലയുടെ അച്ഛൻ  കേസിനും വഴക്കിനുമൊന്നും പോകണ്ടെന്നും ഇക്കാര്യത്തിൽ സൂര്യൻ നിരപരാധിയായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞിട്ടും നിർമലയുടെ അമ്മയും സഹോദരങ്ങളും അതിൽ നിന്നും പിന്മാറാതെ പോലീസിൽ പരാതി കൊടുക്കുകയായിരുന്നു. 

തനിക്ക് ചുറ്റും നടക്കുന്നതൊക്കെ സൂര്യനും അറിയുന്നുണ്ടായിരുന്നു. പക്ഷെ അതിലൊന്നും അവന് സങ്കടമുണ്ടായിരുന്നില്ല.

🍁🍁🍁🍁🍁

ദിവസങ്ങൾ മാറ്റമില്ലാതെ കടന്നു പോയികൊണ്ടിരുന്നു. സൂര്യനിപ്പോൾ റിമാൻഡിൽ കഴിയുകയാണ്. അവനെ ജയിലിൽ നിന്നും പുറത്തിറക്കാനുള്ള ശ്രമങ്ങൾ അപ്പോഴും പരമു പിള്ള ഉപേക്ഷിച്ചിരുന്നില്ല. 

മറ്റ് വഴികളെല്ലാം അടഞ്ഞപ്പോഴാണ് പരമു പിള്ള അഭിഷേകിനെ കുറിച്ചോർത്തത്. ആദ്യമേ തന്നെ അവനെ വിളിച്ചു കാര്യങ്ങൾ അറിയിക്കേണ്ടതായിരുന്നുവെന്ന് അയാൾ നിരാശയോടെ ഓർത്തു. സമയം ഇപ്പോഴും വൈകിയിട്ടില്ലാത്തതിനാൽ അഭിഷേക് വിചാരിച്ചാൽ സൂര്യനെ രക്ഷിക്കാൻ കഴിയുമെന്ന് അയാൾക്ക് തോന്നി. പിന്നെ സമയമൊട്ടും പാഴാക്കാതെ പരമു പിള്ള അവനെ വിളിച്ച് നാട്ടിലെ സ്ഥിതിഗതികൾ അറിയിച്ചു. നിർമലയുടെ മരണവാർത്ത ഒരു ഞെട്ടലോടെയാണ് അഭിഷേകും കേട്ടത്. അമ്മയുടെ അസുഖം ഭേദമായി തുടങ്ങിയിരുന്നതിനാൽ ലീവ് ക്യാൻസൽ ചെയ്ത് അഭിഷേക് ഡ്യൂട്ടിയിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചു. ഈ സമയത്ത് താൻ സൂര്യനൊപ്പം ഉണ്ടാവേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് അവനറിയാം. 

അഭിഷേക് വരുന്നുണ്ടെന്ന് കേട്ടപ്പോൾ പരമു പിള്ളയ്ക്കും പകുതി സമാധാനമായി. സൂര്യനെ പുറത്ത് കൊണ്ട് വരാൻ അവനു മാത്രമേ ഇനി സാധിക്കുള്ളു എന്നയാൾ വിശ്വസിച്ചു. അവൻ പറഞ്ഞാൽ സൂര്യൻ അനുസരിക്കുമെന്നും അയാൾക്ക് തോന്നി.

🍁🍁🍁🍁🍁🍁🍁

“എന്താടാ സൂര്യാ ഇതൊക്കെ… ഇത്രയൊക്കെ നടന്നിട്ടും എന്നെയൊന്ന് വിളിച്ചറിയിക്കാൻ നിനക്ക് തോന്നിയില്ലല്ലോ.” അഭിഷേക് കുറ്റപ്പെടുത്താലോടെ സൂര്യനോട് പറഞ്ഞു.

“പിള്ള മാമൻ നിന്നെ വിളിച്ചു കാണുമല്ലേ. നിന്റെ കാര്യം ഞാൻ മനഃപൂർവം ഓർമിപ്പിക്കാതിരുന്നതാ മാമനെ.”

“എന്തിന് വേണ്ടി? ചെയ്യാത്ത കുറ്റത്തിന് നീയെന്തിനാ സൂര്യാ ശിക്ഷ അനുഭവിക്കാൻ നിന്ന് കൊടുക്കുന്നത്. നിർമല ഇങ്ങനെ ചെയ്യുമെന്ന് നമ്മളാരും പ്രതീക്ഷിച്ചതല്ലല്ലോ. അവൾക്ക് അത്രേ വിധിയുള്ളു എന്ന് കരുതി സമാധാനിക്കാൻ ശ്രമിക്കുന്നതിന് പകരം നീ എന്താ ചെയ്യുന്നത്?”

“ഞാനൊന്ന് അവളെ വിശ്വസിച്ചിരുന്നെങ്കിൽ… അവളെ കേൾക്കാൻ തയ്യാറായിരുന്നെങ്കിൽ… ഒന്ന് ചേർത്ത് പിടിച്ചു കൂടെയുണ്ടാകുമെന്ന് പറഞ്ഞു അശ്വസിപ്പിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാകുമായിരുന്നില്ലെടാ. അതാലോചിക്കുമ്പോ കുറ്റബോധം കൊണ്ട് എന്റെ നെഞ്ച് നീറുവാടാ… ഞങ്ങളൊന്ന് ജീവിച്ചു തുടങ്ങും മുൻപേ അവളങ്ങു പോയി… ഇനി ആർക്ക് വേണ്ടിയാ അഭി ഞാൻ ജീവിക്കേണ്ടത്. മടുത്തു എനിക്ക്… അവൾക്കൊപ്പം അങ്ങ് പോയാലോന്നാ ഞാൻ ചിന്തിക്കുന്നത്.”

“സൂര്യാ… നീയിങ്ങനെ വിഡ്ഢിത്തമൊന്നും പറയരുത്… നീ കാരണമാണ് നിർമല ആത്മഹത്യ ചെയ്തതെന്ന് അവള് നിന്നോട് പറഞ്ഞോ? ഇല്ലല്ലോ… അവള് കാരണം നിന്റെ ജീവിതം കൂടി നശിച്ചല്ലോ എന്നൊക്കെ ചിന്തിച്ച് അതിന്റെ കുറ്റബോധം കൊണ്ടാവാം അവളങ്ങനെ ചെയ്തത്. നിനക്ക് നടന്നതൊക്കെ പോലീസിനോട് തുറന്ന് പറഞ്ഞൂടെ. നിന്റെ നിരപരാധിത്വം എല്ലാരും അറിയട്ടെ… അല്ലാതെ എല്ലാ കുറ്റവും സ്വയം ഏറ്റെടുത്തു ജയിലിൽ കിടക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല സൂര്യാ.”

“ഇല്ല അഭി… പോലീസുകാർ തലങ്ങും വിലങ്ങും മാറി മാറി തല്ലിയിട്ടും ഞാനൊന്നും പറയാതിരുന്നത് നിർമലയ്ക്ക് മരണത്തിന് ശേഷമായാലും ഒരു ചീത്തപ്പേര് ഉണ്ടാവരുതെന്ന് കരുതിയാ. അവളെ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ടെടാ ഞാൻ. എല്ലാം എല്ലാരും അറിഞ്ഞ് കഴിഞ്ഞാൽ ഒരുപക്ഷെ എന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമായിരിക്കും. പക്ഷെ എന്റെ നിർമല എല്ലാരുടേം മുന്നിൽ ചീത്ത പെണ്ണായി മാറും. ആളുകൾ അവർക്ക് തോന്നിയത് പോലെ അവളെ പറ്റി മോശം പറഞ്ഞു നടക്കും. അതെനിക്ക് സഹിക്കാൻ കഴിയില്ല.”

“ചെയ്യാത്ത തെറ്റിന് നിന്നെ ജയിലിലടയ്ക്കാൻ ഞാൻ സമ്മതിക്കില്ല സൂര്യാ. എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്.”

“വേണ്ട അഭി… നിർമലയുടെ പേരിനൊരു കളങ്കം വരുത്തി വച്ചിട്ട് എന്നെ നീ രക്ഷിക്കാൻ ശ്രമിക്കണ്ട. ജീവിച്ചിരുന്നപ്പോഴേ അവൾക്കൊരു സ്വസ്ഥത കിട്ടിയിട്ടില്ല. മരണശേഷമെങ്കിലും അവൾക്കിത്തിരി സമാധാനം കിട്ടിക്കോട്ടേ.” സൂര്യനവനോട് കേണപേക്ഷിച്ചു.

“നീയിങ്ങനെ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുമ്പോൾ അത് കണ്ടു നിർമലയുടെ ആത്മാവ് സതോഷിക്കുന്നുണ്ടെന്നാണോ നീ കരുതുന്നത്.പിന്നെ നീ വിഷമിക്കുന്നത് പോലൊന്നും ഉണ്ടാവില്ല. നിർമലയ്ക്കൊരു പേരുദോഷം വരാത്ത രീതിയിൽ കാര്യങ്ങൾ ഞാൻ ശരിയാക്കിക്കോളാം സൂര്യാ. സി ഐ ഷാനവാസ്‌ നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തോട് ആദ്യമേ തന്നെ നിനക്കെല്ലാം പറയാമായിരുന്നു. എങ്കിലിങ്ങനെ കുറ്റവാളിയെ പോലെ ഇവിടെ കിടന്ന് അടി കൊള്ളേണ്ടി വരില്ലായിരുന്നു. ഞാൻ അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കോളാം. നിർമലയുടെ അച്ഛനെ കൊണ്ട് കേസ് പിൻവലിപ്പിക്കുകയും ചെയ്താൽ പിന്നെ നിനക്ക് എളുപ്പത്തിൽ പുറത്ത് വരാം.”

“അതൊന്നും ഞാനിപ്പോ ആഗ്രഹിക്കുന്നില്ല അഭി… ഞാൻ ആഗ്രഹിച്ചതൊന്നും ഇതുവരെ നടന്നിട്ടില്ല… എന്റെ നിർമല ഇല്ലാതെ ഞാൻ ജീവിക്കുന്നതിൽ എന്ത് അർത്ഥമാ ഉള്ളത്.”

“സൂര്യാ… നീയൊന്ന് സമാധാനപ്പെട്… ഓരോന്ന് ചിന്തിച്ചു കൂട്ടി സ്വയം നശിക്കരുത് നീ.” സൂര്യനെ തന്നാലാവും വിധം ആശ്വസിപ്പിച്ച ശേഷം അഭിഷേക് നേരെ പോയത് സി ഐ ഷാനവാസിനെ കാണാനായിരുന്നു.

സൂര്യന്റെ ജീവിതത്തിൽ ഇതുവരെ നടന്നതൊക്കെ അഭിഷേക് സി ഐ ഷാനവാസിനോട് തുറന്നുപറഞ്ഞു.

“അഭിഷേകിനെ എനിക്ക് വിശ്വാസമാണ്. ഇക്കാര്യങ്ങളൊക്കെ അയാൾ തന്നെ ആദ്യമേ പറഞ്ഞിരുന്നെങ്കിൽ അയാളെ ഇങ്ങനെ ജയിലിൽ പിടിച്ചിടില്ലായിരുന്നു. പക്ഷെ സൂര്യനെ ഇങ്ങോട്ട് കൊണ്ട് വന്നപ്പോൾ തൊട്ട് ഈ സമയം വരെ അയാൾ ഞങ്ങളുടെ ചോദ്യങ്ങളോട് സഹകരിക്കാതിരുന്നപ്പോൾ ഭാര്യയുടെ മരണത്തിൽ സൂര്യന് കാര്യമായ പങ്കുണ്ടാകുമെന്ന് ഞാൻ വിചാരിച്ചു. അതുകൊണ്ടാവും അയാളൊന്നും പറയാതിരിക്കുന്നതെന്ന് കരുതി.”

“നിർമലയ്ക്കൊരു പേരുദോഷം വരരുതെന്ന് കരുതിയാ സർ സൂര്യൻ ആരോടും ഒന്നും പറയാതിരിക്കുന്നത്.”

“അതെനിക്ക് മനസ്സിലാവും അഭിഷേക്. പക്ഷെ നിർമലയുടെ വീട്ടുകാർ സൂര്യന് നേർക്ക് പരാതി തന്നിട്ടുള്ളത് കൊണ്ട് നമുക്ക് കേസ് എടുക്കാതിരിക്കാനാവില്ല. സൂര്യനും ജയിലിൽ കഴിഞ്ഞോളാമെന്ന മനസ്ഥിതിയിൽ ഉള്ളിടത്തോളം കോടതിയിൽ കേസ് വിളിക്കുമ്പോൾ സൂര്യന് ശിക്ഷ ഉറപ്പാണ്.” എല്ലാം കേട്ടതിനു ശേഷം ഷാനവാസ്‌ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കി.

“നിർമലയുടെ അച്ഛനെ കണ്ട് സംസാരിക്കാൻ ഞാൻ പോകുന്നുണ്ട് സർ. സൂര്യനെതിരെ പരാതിയില്ല എന്ന് അവളുടെ അച്ഛൻ ഇവിടെ വന്ന് എഴുതി തന്നുകൊള്ളും. അദ്ദേഹത്തിന് കാര്യം പറഞ്ഞാൽ മനസ്സിലാകും.”

“നിരപരാധിയായ ഒരാളെ ജയിലിൽ അടയ്ക്കുന്നതിനോട് എനിക്കും താല്പര്യമില്ല. പിന്നെ ആളുകളുടെ വായടപ്പിക്കാൻ നമുക്ക് പറ്റില്ല. നിർമലയുടെ വീട്ടുകാർ പരാതിയില്ല എന്ന് എഴുതി തന്നാൽ സൂര്യനെ നമുക്ക് വെറുതെ വിടാൻ പറ്റും.”

“താങ്ക്യൂ സർ…” ഷാനവാസിനോട് നന്ദി പറഞ്ഞവൻ എഴുന്നേറ്റു.

🍁🍁🍁🍁🍁🍁🍁🍁

നിർമലയ്ക്ക് മഹേഷുമായി ബന്ധമുണ്ടായിരുന്ന കാര്യമൊക്കെ അവളുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നതിനാൽ അഭിഷേകിന് കാര്യങ്ങൾ കുറച്ച് എളുപ്പത്തിൽ കൈകാര്യം ചെയ്യാനായി. 

സൂര്യൻ തറവാട്ടിൽ ഇല്ലാതിരുന്ന സമയം മഹേഷ്‌ അവളെ തേടി അവിടെ ചെന്നതും ബലാത്‌കരമായി അവളെ കീഴ്പ്പെടുത്തി ഒടുവിൽ നിർമല ഗർഭിണിയായത് ഉൾപ്പെടെ അഭിഷേക് അവളുടെ വീട്ടുകാരോട് പറഞ്ഞു. നിർമല മരിച്ച ദിവസം രാത്രി ഇക്കാര്യം തന്നോട് പറയാനായി സൂര്യൻ വന്നിരുന്നതിനാൽ അവനിക്കാര്യത്തിൽ നിരപരാധി ആണെന്ന് നിഷ്പ്രയാസം തനിക്ക് തെളിയിക്കാൻ കഴിയുമെന്ന് അഭിഷേക് അവരോട് വ്യക്തമാക്കി.

നിർമലയ്ക്കൊരു ചീത്തപ്പേര് ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് സൂര്യൻ മൗനമായി ഇരിക്കുന്നതെന്ന് കേട്ടപ്പോൾ നിർമലയുടെ ബന്ധുക്കൾ ഒന്നയഞ്ഞു.

നിർമലയ്ക്ക് വിവാഹത്തിന് മുൻപ് മറ്റൊരു ബന്ധമുണ്ടെന്ന് ആദ്യരാത്രി തന്നെ നിർമലയിലൂടെ അവനറിഞ്ഞിട്ടും അവളെ ഉപേക്ഷിക്കാതെ ചേർത്ത് പിടിച്ചത് സൂര്യന്റെ വലിയ മനസ്സ് കൊണ്ടാണെന്ന് അവർക്കെല്ലാവർക്കും തോന്നി. തങ്ങളുടെ മകൾക്കൊരു മോശം പേരുണ്ടായാൽ അത് കുടുംബത്തിനെയും രണ്ടാമത്തെ മകളുടെ വിവാഹജീവിതത്തെയും ബാധിക്കുമെന്ന് നിർമലയുടെ ബന്ധുക്കൾ ഭയന്നു. 

നിർമലയുടെ ഭൂതകാലം സൂര്യന് അറിയാവുന്നതിനാൽ അവന് അവളെ വേണ്ടായിരുന്നെങ്കിൽ കൊല്ലാൻ നിൽക്കാതെ വീട്ടിലേക്ക് തിരികെ കൊണ്ട് വിട്ടേനെ എന്ന് അഭിഷേക് ബോധ്യപ്പെടുത്തി കൊടുത്തു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൻ നിരപരാധിയാണെന്ന് നിർമലയുടെ ബന്ധുക്കൾക്ക് തോന്നിതുടങ്ങി. 

എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിക്കാൻ അഭിഷേകിന് കഴിഞ്ഞത് കൊണ്ട് സൂര്യനെതിരെ കൊടുത്ത പരാതി പിൻവലിക്കാൻ അവർ തയ്യാറായി.

🍁🍁🍁🍁🍁

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നിർമലയുടെ മൃതദേഹം അമ്പാട്ട് പറമ്പിൽ തറവാട്ടിലേക്കാണ് കൊണ്ട് വന്നത്. അവളെ തന്റെ മണ്ണിൽ തന്നെ അടക്കം ചെയ്യണമെന്നത് സൂര്യന്റെ ആഗ്രഹമായിരുന്നു. നിർമലയുടെ ബന്ധുക്കൾ അവളുടെ മൃതദേഹം അവരുടെ വീട്ടിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും സൂര്യൻ അതിന് സമ്മതിച്ചിരുന്നില്ല. ഒടുവിൽ അവൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അവർക്ക് ബോധ്യമായതിനാൽ തന്നെ സൂര്യന്റെ ആഗ്രഹം പോലെ നിർമലയെ അമ്പാട്ട് തന്നെ അടക്കം ചെയ്യാൻ അവർ സമ്മതം മൂളി.

തെക്കേ പറമ്പിൽ നിർമലയ്ക്കായി ചിതയൊരുങ്ങി. സൂര്യൻ തന്നെയാണ് അവളുടെ ചിതയ്ക്ക് തീ കൊളുത്തിയത്. 

ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ എരിഞ്ഞടങ്ങുന്നത് വിങ്ങലടക്കി നോക്കി നിൽക്കാനേ സൂര്യന് കഴിഞ്ഞുള്ളൂ. ചിതയിലേക്ക് അഗ്നി ആളിപടരുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അറിയാതെ തന്നെ അവന്റെ കാൽപാദങ്ങൾ ചിതയ്ക്ക് നേരെ നടന്നടുത്തു.

ആളിപ്പടരുന്ന അഗ്നിയിലേക്ക് എടുത്ത് ചാടാൻ തുടങ്ങുന്ന സൂര്യനെ കണ്ടതും അഭിഷേക് അവനെ കടന്ന് പിടിച്ചു. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ അഗ്നി നാളങ്ങൾ സൂര്യനെ വിഴുങ്ങിയേനെ.

“സൂര്യാ… നീയിത് എന്ത് ഭ്രാന്താ കാണിക്കുന്നത്. ഇങ്ങോട്ട് വാടാ..” അവനെ പിടിച്ചു വലിച്ചുകൊണ്ട് അഭിഷേക് തറവാട്ടിലേക്ക് നടന്നു.

“എന്നെ വിട് അഭീ… എന്റെ സങ്കടം പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല. ജീവിക്കാൻ ഒരു പ്രതീക്ഷയായിരുന്നു എനിക്കവള്. ഇനി ഞാൻ ആർക്ക് വേണ്ടിയാ ജീവിക്കേണ്ടത്. നീ തന്നെ പറയ്യ്. സമാധാനം എന്നൊന്ന് ഇനിയെന്റെ ജീവിതത്തിൽ ഉണ്ടാവാൻ പോകുന്നില്ല. ഒരു ഭ്രാന്തനായി ഈ നാട്ടുകാർക്ക് മുൻപിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാ. നീയെന്നെ വിടെടാ.” നിർമലയുടെ മരണം നൽകിയ ഷോക്കിൽ നിന്നും സൂര്യനിത് വരെ പുറത്ത് വന്നിട്ടില്ലെന്ന് അഭിക്ക് മനസ്സിലായി. 

താൻ എന്ത് പറഞ്ഞാലും അവൻ കേൾക്കില്ലെന്ന് അഭിഷേകിനു തോന്നി. 
മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തുകൊണ്ട് അഭി അവനേം കൊണ്ട് നേരെ പോയത് തറവാട്ട് കുളത്തിലേക്കാണ്.

“നിന്നോട് ഞാനെന്ത് പറഞ്ഞിട്ടും കാര്യമില്ല. നിന്റെ മനസ്സിൽ നിറയെ മരിക്കണമെന്ന ചിന്ത മാത്രമാണ് സൂര്യാ. ഇനി ഞാൻ നിന്നെ എതിർക്കുന്നില്ല. മരിച്ചാൽ നിനക്ക് സമാധാനം കിട്ടുമെങ്കിൽ പൊയ്ക്കോ… പോയി മരിക്ക്. നിന്റെ നിർമല ആത്മഹത്യ ചെയ്തത് ഇവിടെയല്ലേ. അതുകൊണ്ട് നീയും അങ്ങനെ തന്നെ ചെയ്തോ. തടയാൻ ഞാൻ വരുന്നില്ല.” സൂര്യനിലെ പിടിവിട്ട് അഭിഷേക് കുളപ്പടവിൽ ചെന്നിരുന്നു.

കുറച്ചുസമയം അഭിയെ തന്നെ നോക്കി നിന്നിട്ട് ഒന്നും മിണ്ടാതെ സൂര്യൻ കുളത്തിലേക്ക് മെല്ലെ ഇറങ്ങി. മരണത്തെ കുറിച്ച് മാത്രമായിരുന്നു അവന്റെ ചിന്ത മുഴുവനും… കണ്ണുകൾ അടച്ച് മനസ്സിൽ നിർമലയെ മാത്രം ആലോചിച്ചുകൊണ്ട് സൂര്യൻ കുളത്തിനടിയിലേക്ക് താഴ്ന്ന് പോകുന്നത് നോക്കി അഭിഷേക് നിസ്സംഗതയോടെ പടവിൽ തന്നെയിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button